Click to Download Ihyaussunna Application Form
 

 

ഇജ്തിഹാദും തഖ്ലീദും

ഇനിയൊരു ഗവേഷണം(ഇജ്തിഹാദ്) ആവശ്യല്ലാത്തവിധം നബി(സ്വ) പറഞ്ഞും പഠിപ്പിച്ചും തന്ന കാര്യങ്ങള്‍ അത്രയും സുവ്യക്തമായ നിലയില്‍ ഹിജ്റ ഒന്നും രണ്ടും നൂറ്റാണ്ടുകളില്‍ ജീ വിച്ച ഇമാമുകള്‍ സമൂഹത്തിന് ക്രോഡീകരിച്ചു തന്നിട്ടുണ്ട്. ഇതനുസരിച്ച് ഐക്യത്തോടെ ജീവിക്കലാണ് മുസ്ലിം ധര്‍മ്മം. സമകാലിക പ്രശ്നങ്ങള്‍ക്ക് സമകാലിക പണ്ഢിത സംഘടന നല്‍കുന്ന ഫത്വ മദ്ഹബ് അംഗീകരിച്ചുകൊണ്ടുതന്നെയായിരിക്കും. എല്ലാ ഓരോ പണ്ഢിതരും ഓരോ മദ്ഹബ് എന്ന സ്വതന്ത്ര ചിന്താവാദം അംഗീകരിച്ചാല്‍ മുസ്ലിം ഉമ്മത്തില്‍ പിന്നെ ഐക്യം അസാദ്ധ്യമാണെന്ന് സാമാന്യബുദ്ധിയുള്ള ആരും സമ്മതിക്കും.

എന്നാല്‍ ഇജ്തിഹാദും തഖ്ലീദും ഏറെ വാഗ്വാദങ്ങള്‍ക്ക് വഴി തെളിയിച്ച വിഷയമാണ്. തഖ് ലീദ് നിഷിദ്ധം മാത്രമല്ല ചിലപ്പോള്‍ അത് വീരാരാധനയായ ശിര്‍ക്കിലേക്ക് എത്തിക്കുമെന്നുപോ ലും ഗാൈറുമുഖല്ലിദുകള്‍ ആശങ്കിക്കുന്നു. ഇജ്തിഹാദ് തഖ്ലീദ് സംബന്ധമായ വിശദ പഠനം ‘മദ്ഹബ്’ എന്ന ഭാഗത്ത് ചേര്‍ത്തിട്ടുണ്ട്.

ഈ വാദത്തിന്റെ ഒരു സാമ്പിളാണ് ഖത്വ്ര്‍ ശരീഅത്ത് കോര്‍ട്ടിലെ ഖാസിയായിരുന്ന ശൈഖ് അഹ്മദ്ബ്നു ഹജറിന്റെ വാക്കുകളില്‍ ഒരു മാസികയില്‍ പ്രത്യക്ഷപ്പെട്ടത്. അദ്ദേഹം പറയുന്നു: “നവംനവങ്ങളായ നൂറു നൂറു പ്രശ്നങ്ങളെയും തികച്ചും ആധുനികമായ ഇടപാടുകളെയും ന്യായവും യുക്തവുമായി വ്യാഖ്യാനിക്കാനും പരിഹാരം നിര്‍ദ്ദേശിക്കാനും കെല്‍പ്പുള്ള ദീനാ ണ് ഇസ്ലാമെന്ന് ലോകത്തിന് ബോദ്ധ്യപ്പെടുത്തുവാന്‍ ശരിയായ മുജ്തഹിദുകള്‍ക്കേ സാധിക്കുകയുള്ളു. ഈ ദൌത്യം നിറവേറ്റുവാന്‍ നിലവിലുള്ള മദ്ഹബ് ഗ്രന്ഥങ്ങള്‍ മാത്രം മതിയാകുമെന്ന വാദം പല കാരണങ്ങളാലും സ്വീകാര്യമല്ല.

ഒന്നാമതായി, അത് തികഞ്ഞ തഖ്ലീദിലേക്കുള്ള പ്രബോധനമാണ്. തഖ്ലീദാകട്ടെ അന്ധതയിലേക്കും വിവരക്കേടിലേക്കുമാണ് ക്ഷണിക്കുന്നത്. നയിക്കപ്പെടുന്ന ഒരു മൃഗവും അന്ധമായ മുഖല്ലിദും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. രണ്ടാമതായി, ഖുര്‍ആന്‍, ഹദീസ്, ശരിയായ ഫിഖ്ഹ് എന്നിവ മുഖേന ലഭിക്കുന്ന ശറഈ വിജ്ഞാനങ്ങളെ വകവരുത്താനുള്ള പ്രബോധനമാണത്. മൂന്നാമതായി, ആ വാദം മടിയും മരവിപ്പും ക്ഷണിച്ചുവരുത്തുന്നു. തല്‍ഫലമായി പണ്ഢിതന്മാര്‍ ദീനി വിജ്ഞാന രംഗത്ത് നിഷ്ക്രിയരാകുന്നു. പ്രശ്ന പരിഹാരത്തിനായി തനി അനിസ്ലാമികമായ നിയമങ്ങളെയും വിധികളെയും ഇറക്കുമതി ചെയ്യുന്ന ദുരവസ്ഥ സംജാതമാകുകയും ചെയ്യുന്നു. ഞങ്ങള്‍ക്ക് പൂര്‍വ്വീകരുടെ കിതാബുകള്‍ തന്നെ ധാരാളമാണെന്ന് വാദിക്കുന്ന അനുകര്‍ത്താക്കള്‍ ഖുര്‍ആനും ഹദീസുമൊക്കെ വായിക്കുന്നത് വെറും പുണ്യകര്‍മ്മമെന്ന നിലക്കാണ്. അവരുടെ പ്രശ്നങ്ങള്‍ക്കെല്ലാം തീര്‍പ്പ് കല്പിക്കുന്നത് യഥാര്‍ഥത്തില്‍ തനി ‘കാഫിറ’ായ നിയമ വ്യവസ്ഥകളെത്രെ!

നാലാമതായി, പൂര്‍വീകരുടെ കിതാബുകളില്‍ എക്കാലത്തും ഉത്ഭവിക്കുന്ന മുഴുവന്‍ പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരങ്ങളില്ല. ഉള്ളതില്‍ തന്നെ ചിലത് ഖുര്‍ആന്റെയും സുന്നത്തിന്റെയും അവലംബമില്ലാത്ത കേവലമായ അഭിപ്രായങ്ങളാണ്.

തഖ്ലീദിനെ എതിര്‍ക്കുന്നവരുടെ വാദങ്ങളാണ് മേലുദ്ധരിച്ചവ. മുസ്ലിം ബഹുജനങ്ങള്‍ക്ക് തഖ്ലീദ് മാത്രമെ മാര്‍ഗ്ഗമുള്ളു എന്ന് വാദിക്കുന്ന മദ്ഹബ് പക്ഷക്കാര്‍ ഈ വാദമുഖങ്ങളോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന് നോക്കാം.

തഖ്ലീദ

മറ്റൊരാളില്‍ വിശ്വാസമര്‍പ്പിച്ച് അയാളുടെ അഭിപ്രായം തെളിവ് അന്വേഷിക്കാതെ സ്വീകരിക്കുന്നതിനാണ് തഖ്ലീദ് എന്ന് പറയുന്നത്. ഇമാം ഗസ്സാലി(റ) തന്റെ അല്‍മുസ്വ്തസ്വ്ഫ എന്ന ഗ്രന്ഥത്തില്‍ ഈ അര്‍ഥമാണ് കൊടുത്തിട്ടുള്ളത്. ഇമാം താജുദ്ദീനുസ്സുബുകി(റ)യും ഇമാമുല്‍ ഹറമൈനി(റ)യും ഏതാണ്ട് ഇതേയര്‍ഥം തന്നെയാണ് കൊടുത്തിട്ടുള്ളത്. മുഖല്ലിദ് എന്നാല്‍ തെളിവ് കൂടാതെ അന്യന്റെ വാക്ക് സ്വീകരിക്കുന്നവന്‍ എന്നാണ് ബാബുമഅ്രിഫതുസ്സുഗ് റാിയില്‍ കൊടുത്ത അര്‍ഥം. മതത്തിന്റെ സാങ്കേതിക ഭാഷയില്‍, തെളിവൊന്നും നോക്കാതെ മു ജ്തഹിദായ ഒരു ഇമാമിന്റെ അഭിപ്രായമനുസരിച്ച് മതത്തിലെ വിധിവിലക്കുകള്‍ നടപ്പിലാക്കുക എന്നതാണ് തഖ്ലീദ്.

ഇജ്തിഹാദ്

തഖ്ലീദിന്റെ വിപരീതമാണ് ഇജ്തിഹാദ്. കഠിനദ്ധ്വാനം ചെയ്യുക എന്നതാണ് ഇതിന്റെ പദാര്‍ഥം. മതത്തിന്റെ സാങ്കേതിക ഭാഷയില്‍ ഖുര്‍ആന്‍, ഹദീസ്, ഇജ്മാഅ്, ഖിയാസ് എന്നീ നാല് അടിസ്ഥാന പ്രമാണങ്ങളില്‍ നിന്ന് അഭിപ്രായങ്ങള്‍ സ്വീകരിക്കുക എന്നാണ് ഇജ്തിഹാദിന്റെ അര്‍ ഥം. ഇങ്ങനെ ചെയ്യുന്നയാളെ മുജ്തഹിദ് എന്ന് പറയുന്നു.

അഹ്ലുസ്സുന്നത്തിവല്‍ ജമാഅത്തിന്റെ അഥവാ ഇസ്ലാമിന്റെ വീക്ഷണത്തില്‍ ഇജ്തിഹാദ് വളരെ പ്രധാനപ്പെട്ട ഒരു ഇബാദത്താണ്. അര്‍ഹനായ മുജ്തഹിദ് നടത്തുന്ന ഗവേഷണം ശരിയായ നിഗമനത്തിലെത്തുകയാണെങ്കില്‍ അദ്ദേഹം ഇരട്ടി പ്രതിഫലത്തിനര്‍ഹനാണ്. നിഗമനം ശരിയായില്ലെങ്കില്‍ പോലും പ്രവര്‍ത്തനത്തിന്റെ പുണ്യം മുജ്തഹിദിന് ലഭിക്കും. അര്‍ഹതയില്ലാത്തവര്‍ ഇജ്തിഹാദ് നടത്തുന്നത് കുറ്റകരമാണ്. അയാളുടെ ഇജ്തിഹാദ് ശരിയായാല്‍ പോലും അയാള്‍ കുറ്റമുക്തനല്ല. അര്‍ഹനായ ഒരു സര്‍ജന്‍ ഓപ്പറേഷന്‍ നടത്തുന്നതിനോട് ഇതിനെ ഉപമിക്കാം. അയാളുടെ ഓപ്പറേഷന്‍ വിജയിച്ച് രോഗിക്ക് ഭേദമായാല്‍ അത് വളരെ നല്ല കാര്യമായി അംഗീകരിക്കപ്പെടുന്നു. രോഗി മരിച്ചുപോയാലും നിയമ ദൃഷ്ട്യാ ഓപ്പറേഷന്‍ നടത്തി എന്നതി ന്റെ പേരില്‍ ഡോക്ടര്‍ കുറ്റക്കാരനാകുന്നില്ല. എന്നാല്‍ സര്‍ജനല്ലാത്ത ഒരാള്‍ ഓപ്പറേഷന്‍ നട ത്തി രോഗിക്ക് ഭേദമായാല്‍ പോലും നിയമം അയാളുടെ മേല്‍ കേസെടുക്കും. ഇജ്തിഹാദിന്റെ ഇസ്ലാമിക മാനം വ്യക്തമാക്കാന്‍ ഈ നാടന്‍ ഉദാഹരണം ഉപകരിക്കുമെന്ന് തോന്നുന്നു.

അപ്പോള്‍ ഇജ്തിഹാദ് നടത്തുന്നതിന് യോഗ്യതയുള്ളവരുടെ ഗവേഷണത്തെ ഇസ്ലാം എതിര്‍ ക്കുന്നില്ല. അര്‍ഹരായവരുടെ അഭാവത്തില്‍ ഇജ്തിഹാദിന്റെ കവാടം നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ, ആരും അടക്കാതെ സ്വയം അടഞ്ഞുപോവുകയായിരുന്നു. അതിനാല്‍ ഇജ്തിഹാദിന് തികച്ചും അര്‍ഹരായവര്‍ ക്രോഡീകരിച്ചവ അംഗീകരിച്ചു ജീവിക്കുകയാണിന്ന് ഒരു സത്യവിശ്വാ സിയുടെ കടമ. അങ്ങനെ ക്രോഡീകൃതമായവ ഇന്ന് നാലണ്ണമേ നിലവിലുള്ളൂ. അതിനാല്‍ ഇന്ന് അവയിലൊന്ന് പിന്‍പറ്റിയേ മതിയാവൂ. അതിലാണ് മുസ്ലിം ഉമ്മത്തിന്റെ ഐക്യവും ഭദ്രതയും നിലകൊള്ളുന്നത്. അപ്പോള്‍ നാല് മദ്ഹബുകളും കൂടി ക്രോഡീകരിച്ച് ഒറ്റ മദ്ഹബാക്കിക്കൂടേ എന്ന് വാദിച്ചേക്കാം. റിക്കണ്‍ ഓഫ് റിലീജ്യസ് തോട്ട് ഇന്‍ ഇസ്ലാം എന്ന ഗ്രന്ഥത്തില്‍ അല്ലാമാ ഇഖ്ബാല്‍ ഇങ്ങനെ വാദിച്ചിട്ടുണ്ട്. കര്‍മ്മപരമായ ചില കാര്യങ്ങളില്‍, വ്യത്യസ്ത സാ ഹചര്യങ്ങളില്‍, വ്യത്യസ്ത രൂപത്തില്‍ നബി(സ്വ) പ്രവര്‍ത്തിക്കുകയുണ്ടായിട്ടുണ്ട്. അത് കൊണ്ടാണ് ശാഖാപരം എന്ന് വിശേഷിപ്പിക്കുന്ന കാര്യങ്ങളില്‍ മദ്ഹബുകളില്‍ ഭിന്ന വീക്ഷണങ്ങളുണ്ടായത്. ഇത്തരം ഭിന്ന വീക്ഷണങ്ങള്‍ നിലനില്‍ക്കുന്നത് സമൂഹത്തിന് ഗുണകരമാണ്. അത് പ്രയാസങ്ങളെ ലഘൂകരിക്കാന്‍ സഹായിക്കും. അത് കൊണ്ടാണ് എല്ലാം കൂടി ഒറ്റ മദ്ഹബാക്കാതെ നാലു മദ്ഹബുകളെയും അംഗീകരിച്ചത്. പുതിയ പ്രശ്നങ്ങള്‍ക്ക് മദ്ഹബുകള്‍ അവലംബമാക്കി തന്നെ പരിഹാരം കാണാന്‍ ഒരു പ്രയാസവുമില്ല.

അല്ലാഹുവിന്റെ ഏകത്വത്തിലും സ്വര്‍ഗ നരകങ്ങളുടെ സൃഷ്ടിപ്പിലും മലകുകളുടെ പ്രവര്‍ത്തനങ്ങളിലും വുളുവിന്റെയും കുളിയുടെയും ശര്‍ത്ത്വുകളിലും ഫര്‍ളുകളിലും ഇനിയെന്തിന് ഗവേഷണം? സ്വര്‍ഗവും നരകവും സ്ഥലങ്ങളല്ലെന്നും ഭാവന മാത്രമാണെന്നും ചില പുതിയ ഗവേഷകര്‍ എഴുതി വിട്ടിട്ടുണ്ട്. അല്ലാഹു ആകാശത്ത് ഇരിക്കുകയാണെന്ന് പറഞ്ഞവരുണ്ട്. ഇമാം മ ഹ്ദി(റ) വരില്ലെന്ന് പറഞ്ഞവരുണ്ട്. ഇതൊക്കെ അര്‍ഹരല്ലാത്തവരുടെ പുതിയ ഗവേഷണങ്ങളുടെ ഫലമത്രെ! ഇത്തരം അരാജകത്വത്തിലേക്ക് സമൂഹത്തെ നയിക്കുകയായിരിക്കും വിശ്വാസ കാര്യങ്ങളിലും ഇബാദത്തിലുമുള്ള പുതിയ ഗവേഷണ ഫലം. ഇത് സമുദായത്തെ നശിപ്പിക്കും.

ഇനി നമുക്ക് തഖ്ലീദിനെ ഖുര്‍ആന്‍ എതിര്‍ത്തുവെന്ന് പറയുന്നവരുടെ വാദം പരിശോ ധിക്കാം. നിനക്കറിവില്ലാത്തതിനെ നീ പിന്‍പറ്റരുത്. കേള്‍വി, കാഴ്ച, ബുദ്ധി എന്നിവയെല്ലാം എങ്ങനെ പ്രയോജനപ്പെടുത്തി എന്നതിനെക്കുറിച്ച് ചോദ്യം ചെയ്യപ്പെടുന്നതാണ് എന്ന സൂക്തവും സൂറത്ത് മുഹമ്മദിലെ ഖുര്‍ആനെപ്പറ്റി അവര്‍ ചിന്തിക്കുന്നില്ലേ? അതോ അവരുടെ ഹൃദയങ്ങളില്‍ പൂട്ടുകളുണ്ടോ? എന്ന ആയത്തും അല്ലാഹുവിങ്കല്‍ ഏറ്റവും നികൃഷ്ടരായ ജീവികള്‍ ചിന്തിക്കാത്ത ബധിരരും, മൂകരുമാണെന്ന് സൂറത്തുല്‍ അന്‍ഫാലിലെ പ്രഖ്യാപനവും തഖ്ലീദിന് എതിരെയുള്ള തെളിവുകളായാണ് മദ്ഹബ് നിഷേധികള്‍ നിരത്താറുള്ളത്.

ഇതുപോലെ തന്റെ ജനതയോട് ഇബ്രാഹീം നബി(അ) ഉന്നയിച്ച ചോദ്യത്തിന് അവര്‍ നല്‍കിയ ഉത്തരവും തഖ്ലീദിനെതിരെ തെളിവായി എടുത്തുകാണിക്കാറുണ്ട്. ഇബ്രാഹീം നബി(അ) ചോദിച്ചു: നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവന്‍ അത് കേള്‍ക്കുമോ? അതല്ല അവര്‍ നിങ്ങള്‍ക്ക് വല്ല ഉപകാരമോ ഉപദ്രവമോ ചെയ്യുമോ? ഈ ചോദ്യത്തിന് ആ  ജനതയുടെ മറുപടി ഇപ്രകാരമായിരുന്നു. ഞങ്ങളുടെ പൂര്‍വ പിതാക്കള്‍ അങ്ങനെ ചെയ്യുന്നതായി ഞങ്ങള്‍ കണ്ടിരിക്കുന്നു. സൂറത്തുശ്ശുഅറാഇലെ ഈ പ്രസ്താവന ചൂണ്ടിക്കാണിക്കുന്നത് കേവലം അനുകരണഭ്രമമല്ലാ തെ ചിന്താശക്തി ഇക്കൂട്ടരെ നയിച്ചിരുന്നില്ല എന്നതാണ്. സൂറത്തുല്‍ ബഖറയില്‍ ചിന്താ ശൂന്യരായ ദുര്‍മാര്‍ഗികളെ ആക്ഷേപിച്ച് അല്ലാഹു സംസാരിച്ചിട്ടുണ്ട്. അല്ലാഹു അവതരിപ്പിച്ചതിനെ പിന്‍പറ്റുക എന്ന് അവരോട് പറയപ്പെട്ടാല്‍ അവര്‍ പറയും: എന്നാല്‍ ഞങ്ങളുടെ പൂര്‍വ പിതാക്കളെ ഏതൊരു വിശ്വാസത്തിലാണോ ഞങ്ങള്‍ കണ്ടത് അതിനെയാണ് ഞങ്ങള്‍ പിന്‍പറ്റുന്നത്. അവരുടെ പൂര്‍വ പിതാക്കളാകട്ടെ ചിന്തിക്കുന്നവരോ സന്‍മാര്‍ഗം ഉള്‍ക്കൊണ്ടവരോ ഒട്ടുമല്ലതാനും. ഏതാണ്ട് ഇതെ ആശയം സൂറത്തു മാഇദയിലും കാണാം.

ഇത്തരം ആയത്തുകള്‍ നിരത്തിക്കൊണ്ടാണ് സജ്ജനങ്ങളായ പൂര്‍വീക മുജ്തഹിദുകളുടെ സന്മാര്‍ഗ സരണികളെ പിന്‍തുടരുന്നത് പാപമാണെന്ന് പറയുന്നത്. ആയത്തുകളുടെ പശ്ചാത്തലവും, തഖ്ലീദിന്റെ ഉദ്ദേശ്യവും വിലയിരുത്തുമ്പോള്‍ ഇവരുടെ അഭിപ്രായം തികഞ്ഞ അബദ്ധമാണെന്ന് മനസ്സിലാകും. ദുര്‍മാര്‍ഗികളുടെ പാത പിന്തുടരുന്നതിനെയാണ് ഈ സൂക്തങ്ങളെ ല്ലാം വിലക്കിയിട്ടുള്ളത്. നീ അനുഗ്രഹിച്ചവുരെട മാര്‍ഗത്തില്‍ ഞങ്ങളെ നീ ചേര്‍ത്തുതരേണമേ എന്ന് പ്രാര്‍ഥിക്കുവാന്‍ കല്‍പിക്കുക വഴി സജ്ജനങ്ങളുടെ മാര്‍ഗം പിന്തുടരുന്നതിനെ  പ്രോത്സാഹിപ്പിക്കുകയാണ് ഖുര്‍ആന്‍ ചെയ്തിട്ടുള്ളത്. ഞങ്ങളുടെ പൂര്‍വ പിതാക്കളുടെ മാര്‍ഗമാണ് ഞങ്ങള്‍ തിരഞ്ഞെടുത്തിട്ടുള്ളതെന്ന് പറഞ്ഞ് നബിമാരെ അവഗണിക്കുകയും, എതിര്‍ക്കുകയും ചെയ്ത ജനവിഭാഗത്തെയാണ് ഖുര്‍ആന്‍ എതിര്‍ത്തിട്ടുള്ളത്. ആ എതിര്‍പ്പിനുള്ള കാര ണവും ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. അതായത് അവര്‍ അനുഗമിച്ചിരുന്ന മുന്‍ തലമുറ ദുര്‍ മാര്‍ഗികളായിരുന്നു. അത്കൊണ്ട് തെറ്റായ ചിന്തകളെയും, അതിന്റെ വാക്താക്കളെയും അനുകരിക്കുന്നതിനെയാണ് ഖുര്‍ആന്‍ വിലക്കിയിട്ടുള്ളത്. നബി(സ്വ)യെയും, സജ്ജനങ്ങളെയും അനുകരിക്കുവാന്‍ ഖുര്‍ആന്‍ ആജ്ഞാപിക്കുകയാണ് ചെയ്തിട്ടുള്ളത്. നിലവിലുള്ള നാല് മദ്ഹബുകളും മഹാപണ്ഢിതരും, സജ്ജനങ്ങളും, അനുകരണീയരുമായ മഹാത്മാക്കളുടെതാണ്. അത്കൊണ്ട് അവരുടെ മദ്ഹബുകള്‍ സ്വീകരിക്കുന്നതിനെ എതിര്‍ക്കേണ്ടതില്ല. തഖ്ലീദുകള്‍ അന്ധതയിലേക്ക് നയിക്കുമെന്ന വാദം ഇതോടെ പൊളിയുന്നു. നല്ലവരെ അനുഗമിക്കുമ്പോള്‍ നന്മയിലാണ് എത്തിച്ചേരുക.

ശറഈ വിജ്ഞാനങ്ങളെ വകവരുത്താനുള്ള ശ്രമമാണ് തഖ്ലീദെന്ന വാദവും അസ്ഥാനത്താണ്. അംഗീകൃത മദ്ഹബുകള്‍ പിന്തുടരുക വഴി ശരിയായ കര്‍മ ശാസ്ത്രമാണ് നാം അനുഗമിക്കുന്നത്.

തഖ്ലീദ് കാരണം പണ്ഢിതര്‍ മടിയരായിത്തീരുന്നുവെന്ന അഭിപ്രായവും ശരിയല്ല. സമകാലിക സമൂഹം തന്നെ അതിന് സാക്ഷിയാണ്. മുസ്ലിം പണ്ഢിതന്മാര്‍ എക്കാലത്തും ഏറെ സജീവമാണ്. ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന നവംനവങ്ങളായ വിഷയങ്ങളുടെ വിധി, കര്‍മ ശാ സ്ത്ര ഗ്രന്ഥങ്ങളില്‍ പരതി കണ്ടെത്തുകയെന്ന ‘ബഹ്ഥ്’ (മദ്ഹബ് എന്ന ഭാഗം നോക്കുക) ഇന്നും പണ്ഢിതന്മാര്‍ നടത്തിക്കൊണ്ടിരിക്കുകയും വിധി കണ്ടെത്തുകയും ചെയ്തു വരുന്നു. ഇങ്ങനെ മദ്ഹബുകളുടെ അടിസ്ഥാനത്തില്‍ തീര്‍പ്പ് ലഭിക്കാത്ത ഒരു സമകാലിക പ്രശനവും ഇല്ലെന്ന് തീര്‍ത്ത് പറയാം. മദ്ഹബിലെ മുജ്തഹിദുകളല്ലാത്ത പണ്ഢിതന്മാും അവരുടെ പശ്ചാത്തലത്തിലൊതുങ്ങി നിന്നുകൊണ്ട് ‘ബഹ്ഥ്’ എന്ന ഗവേഷണം നടത്തി എല്ലാ വിഷയങ്ങള്‍ ക്കും പരിഹാരം നിര്‍ദ്ദേശിച്ചുവരുന്നു. അതിനാല്‍ അവര്‍ ഒരിക്കലും നിഷ്ക്രിയരാവാനോ അല സരാവാനോ ഇടവരുന്നില്ല.

മദ്ഹബ് സ്വീകരിക്കണമെന്ന് പറയുമ്പോള്‍ ഒരാള്‍ ജീവതകാലം മുഴുവന്‍ ഒരു മദ്ഹബ് തന്നെ പിന്തുടരണമെന്ന് നിര്‍ബ്ബന്ധമില്ല. ഒരു വിഷയത്തില്‍ പൂര്‍ണമായും ഒരു മദ്ഹബിന്റെ വിധി പി ന്തുടരണമെന്നേ നിര്‍ബന്ധമുള്ളു. എന്നാല്‍ എളുപ്പം നോക്കി മദ്ഹബുകള്‍ കൂടെ കൂടെ മാറുന്നത് തെറ്റും, കുറ്റകരവുമാണ്. ഇവിടെ ആളിന്റെ ഉദ്ദേശ്യവും സന്ദര്‍ഭത്തിന്റെ അനിവാര്യതയുമാണ് പരിഗണിക്കപ്പെടേണ്ടത്. ഒരു പ്രദേശത്തുള്ളവരെല്ലാം ഒരു മദ്ഹബ് സ്വീകരിക്കുന്നത് സാ മൂഹ്യ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതിന് ആ പ്രദേശത്തുകാര്‍ക്ക് സൌകര്യപ്രദമായിരിക്കും.

ഇനി യുക്തിപരമായി ചിന്തിച്ചാലും മദ്ഹബ് സ്വീകരല്‍ അനിവാര്യമായി അംഗീകരിക്കേണ്ടിവരും. ഇന്ന് ഖുര്‍ആനും, സുന്നത്തും മനസ്സിലാക്കാന്‍ കഴിയുന്ന ഏതൊരാള്‍ക്കും ഇസ്ലാമിക വിജ്ഞാനീയങ്ങളില്‍ പാണ്ഢിത്യം അവകാശപ്പെടാം. പണ്ഢിതരൊക്കെ ഇജ്തിഹാദിന് അവകാശമുള്ളവരാണെന്ന് അംഗീകരിച്ചാല്‍ ഓരോരുത്തര്‍ക്കും അവരവരുടെ അഭിപ്രായമനുസരിച്ച് പ്രവര്‍ത്തിക്കാം എന്ന് സമ്മതിക്കേണ്ടിവരും. ഉദാഹരണമായി നിസ്കാരം മൂന്ന് സമയങ്ങളിലേ നിര്‍ബ്ന്ധമുള്ളൂ; അതിന് തന്നെ പ്രത്യേക രൂപങ്ങളൊന്നും വേണ്ട; ദൈവ സ്മരണ മാത്രമെ ഉദ്ദേശ്യമുള്ളു എന്നൊക്കെ ഒരു പണ്ഢിതന്‍ വാദിച്ചാല്‍ നാം എന്ത് ചെയ്യും? ഇസ്ലാമിന്റെ ഏറ്റവും വലിയ ആധാരമായ ഖുര്‍ആനെ ഉയര്‍ത്തിപ്പിടിച്ചായിരിക്കും ഇയാള്‍ ഇങ്ങനെ വാദിക്കുന്നത്. സ്വതന്ത്ര ഇജ്തിഹാദിന്റെ വാതില്‍ മലര്‍ക്കെ തുറന്ന് കിടക്കുകയാണെന്ന് പറയുന്നവര്‍ക്ക് ഇയാളെ എതിര്‍ക്കാന്‍ ഒരവകാശവുമില്ല. പക്ഷേ, നാല് മദ്ഹബിന് പുറത്തുള്ളവ ഇന്ന് അംഗീ കരിക്കാന്‍ പാടില്ലന്ന് പറയുന്നവരെ സംബന്ധിച്ചിടത്തോളം ഇത്തരം പുതിയ വാദം കേട്ട മാത്രയില്‍ തന്നെ അനിസ്ലാമികമാണെന്ന് വിധിയെഴുതാന്‍ കഴിയും. അപ്പോള്‍ ഇസ്ലാമിക സമൂഹത്തിന്റെ അഖണ്ഡതക്കും, സമൂഹത്തില്‍ അച്ചടക്ക രാഹിത്യം വളരാതിരിക്കാനും, സാമുദായിക ഐക്യത്തിനും മദ്ഹബ് സ്വീകരിക്കല്‍ അനിവാര്യമാണ്. ഈ വസ്തുത മനസ്സലാക്കിയത് കൊ ണ്ട് തന്നെയായിരിക്കും മുസ്ലിം ലോകത്തെ അനുഗ്രഹീതരും, അഗ്രഗണ്യരുമായ പല പണ്ഢി തന്മാരും പുതിയ മദ്ഹബിന് ശ്രമിക്കാതെ നാലിലൊരു മദ്ഹബ് സ്വീകരിച്ചുകൊണ്ട് ജീവിച്ചുപോന്നത്. ഹദീസിന്റെ ഇമാമുകളായ ബുഖാരി, മുസ്ലിം, തുര്‍മുദി, അബൂദാവൂദ്(റ.ഹും) തുടങ്ങിയവരാരും സ്വതന്ത്രമായ മദ്ഹബുകളുണ്ടാക്കിയില്ല. പണ്ഢിത ശ്രേഷ്ഠരായ ഇമാം മുഹമ്മദ്(റ)വും ഇമാം യൂസുഫ്(റ)വും ഹനഫീ മദ്ഹബ്കാരായിരുന്നു. ഇമാം നവവി(റ), റാഫിഈ(റ), സുബ്കി(റ), ഗസ്സാലി(റ) തുടങ്ങിയ മഹാ പണ്ഢിതരെല്ലാം ശാഫിഈ മദ്ഹബ് പിന്‍ പറ്റിയാണ് ജീവിച്ചത്. ഖുര്‍ആനിലും ഹദീസിലും ഇവരെയൊക്കെ കവച്ചുവെക്കുന്ന പ്രതിഭാശാലികള്‍ ആധുനിക മുസ്ലിം ലോകത്ത് ഇല്ലെന്ന് തന്നെ പറയാം. അതിനാല്‍ അംഗീകൃത മദ്ഹബുകളെ പിന്‍പറ്റേണ്ടത് ഇസ്ലാമിന്റെ നിലനില്‍പിന് അനിവാര്യമാണെന്നതില്‍ സംശയമില്ല. ലോക മുസ് ലിംകളില്‍ ബഹുഭൂരിപക്ഷവും ഈ ആശയം അംഗീകരിച്ചവരാണ്.

സലഫീ ചിന്തകളില്‍ ആകൃഷ്ടനായ ഇരുപതാം നൂറ്റാണ്ടിലെ മുസ്ലിം പണ്ഢിതനാണ് സയ്യിദ് അബുല്‍ അഅ്ലാ മൌദൂദി. എന്നാല്‍ മുസ്ലിംകള്‍ നാലിലൊരു മദ്ഹബ് സ്വീകരിക്കണമെന്ന നിര്‍ബന്ധക്കാരനാണ് മൌദൂദി. അദ്ദേഹത്തിന്റെ രിസാലെ ദീനിയ്യാത്ത് എന്ന കൃതിയുടെ ഇംഗ്ളീ ഷ് പരിഭാഷയായ ടുവേഡ് അണ്ടര്‍സ്റ്റാന്‍ഡിംഗ് ഇസ്ലാം എന്ന പുസ്തകത്തിലെ 153 മുതല്‍ 155 വരെയുള്ള പേജുകളില്‍ മദ്ഹബുകളെക്കുറിച്ച് അദ്ദേഹം ഇപ്രകാരം പറയുന്നു: ഖുര്‍ആനിലും ഹദീസിലും അവഗാഹം നേടുകയും സാധാരണക്കാരായ മുസ്ലിംകള്‍ക്ക് അവരുടെ നിത്യജീ വിതം ശരീഅത്തിന് അനുയോജ്യമാം വിധം രൂപപ്പെടുത്തുന്നതിന് സൌകര്യം ചെയ്തുകൊടുക്കുവാന്‍ ജീവിതം ഉഴിഞ്ഞുവെക്കുകയും ചെയ്ത പണ്ഢിതന്മാരോട് മുസ്ലിംകള്‍ എക്കാല വും നന്ദിയുള്ളവരായിരിക്കണം. ഖുര്‍ആനിലോ ഹദീസിലോ തന്നിഷ്ടപ്രകാരം ശരിയും ആധികാരികവുമായ അഭിപ്രായം പറയാനുള്ള സിദ്ധികളൊന്നും ഉള്ളവരല്ല അവരെങ്കിലും അവരുടെ ശ്രമഫലമായി മാത്രമാണ് ലോകത്തെല്ലായിടത്തുമുള്ള മുസ്ലിംകള്‍ക്ക് ശരീഅത്ത് എളുപ്പത്തില്‍ അനുഗമിക്കാന്‍ സാധിക്കുന്നത്.

തുടക്കത്തില്‍ നിരവധി പണ്ഢിതന്മാര്‍ ഇക്കാര്യത്തില്‍ ശ്രമം നടത്തിയിരുന്നുവെങ്കിലും ഇന്ന് വെറും നാലു ചിന്താസരണികള്‍ മാത്രമെ അവശേഷിക്കുന്നുള്ളൂ. ഈ മദ്ഹബുകളെല്ലാം നബി ക്ക് ശേഷം രണ്ടുനൂറ്റാണ്ടുകള്‍ക്കുള്ളില്‍ പൂര്‍ത്തീകരിക്കപ്പെട്ടിരുന്നു. സത്യത്തിന് പല മുഖങ്ങളുമുണ്ട് എന്ന സ്വാഭാവിക തത്വത്തിന്റെ അനന്തരഫലമാണ് ഈ നാലു മദ്ഹബുകളില്‍ കാണു ന്ന ഭിന്നതക്കടിസ്ഥാനം. ഒരു സംഭവം വ്യത്യസ്ത വ്യക്തികള്‍ വിലയിരുത്തുമ്പോള്‍ അവരുടെ അറിവിന്റെ വെളിച്ചത്തില്‍ അവര്‍ അതിന് വ്യത്യസ്ത വിശദീകരണങ്ങള്‍ നല്‍കുന്നു. ഈ വ്യ ത്യസ്ത മദ്ഹബുകള്‍ക്ക് ഇന്ന് ലഭിച്ചിട്ടുള്ള അംഗീകാരത്തിന് കാരണം ആ മദ്ഹബുകളുടെ നിര്‍മാതാക്കളുടെ ഉന്നത വ്യക്തിത്വവും അവര്‍ സ്വീകരിച്ച മാര്‍ഗങ്ങളുടെ ആധികാരിക സ്വഭാവ വുമാണ്. അതുകൊണ്ടാണ് വ്യത്യസ്ത മദ്ഹബുകള്‍ സ്വീകരിച്ചവരാണെങ്കിലും എല്ലാ മുസ്ലിംകളും ശരിയും സത്യവുമാണെന്ന് അംഗീകരിക്കുന്നത്. ഫിഖ്ഹിലുള്ള ഈ നാലു മദ്ഹബുകളും സര്‍വാംഗീകൃതമാണെങ്കിലും അവയില്‍ ഒന്നുമാത്രമെ ഒരാള്‍ ജീവിതത്തില്‍ പിന്തുടരാന്‍ പാടുള്ളു. എന്നാല്‍ ജ്ഞാനികള്‍ മാര്‍ഗദര്‍ശനത്തിന് ഖുര്‍ആനും ഹദീസും നേരിട്ട് അവലംബമാക്കണമെന്ന് വിശ്വസിക്കുന്ന അഹ്ലുല്‍ഹദീസ് എന്ന ഒരു വിഭാഗമുണ്ട്. അറിവില്ലാത്തവര്‍ പ്ര ത്യേക വിഷയങ്ങളില്‍ തങ്ങള്‍ക്കിഷ്ടമുള്ളവരെ പിന്തുടരണമെന്നും അവര്‍ വിശ്വസിക്കുന്നു. മൌദൂദിയുടെ ആമുഖത്തോടെ ഖുര്‍ശിദ് അഹ്മദ് വിവര്‍ത്തനം ചെയ്ത് മര്‍ക്കസീമക്തബ്, ജമാഅത്തെ ഇസ്ലാമിഹിന്ദ് ദല്‍ഹി 1961 ല്‍ പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ നിന്നുള്ള ഉദ്ധരണിയാണ് മുകളില്‍ കൊടുത്തത്.

ഇത് പോലെ മുഹമ്മദ് മന്‍സ്വൂര്‍ നുഅ്മാനിയും മദ്ഹബിനനുകൂലമായി എഴുതിയിട്ടുണ്ട്. സൌ ത്ത് ആഫ്രിക്കയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന എവെയ്ക്ക് ടു ദി കാള്‍ ഓഫ് ഇസ്ലാം എന്ന മാസികയുടെ 1977 മെയ് ലക്കത്തില്‍ 16ാം പേജില്‍ മൌദൂദിയന്‍ ചിന്തകനായ നുഅ്മാനി എഴുതുന്നു: ഫിഖ്ഹ് പോലെയുള്ള രണ്ടാമത് പ്രാധാന്യമര്‍ഹിക്കുന്ന കാര്യങ്ങളിലും ഇഷ്ടം പോലെ ഇജ്തിഹാദ് നടത്തുന്ന ഇക്കാലത്ത് സലഫുസ്സ്വാലിഹുകളുടെയും ഹനഫീ, ശാഫിഈ, മാലികി, ഹമ്പലി എന്നീ പ്രശസ്ത ഇമാമുകളുടെയും മാര്‍ഗം പിന്തുടരുകയാണ് ബുദ്ധി എന്നാണ് നമ്മുടെ അഭിപ്രായം.


RELATED ARTICLE

  • വ്യതിയാന ചിന്തകള്‍ വിവിധ ഭാവങ്ങളില്‍
  • പാപ സുരക്ഷിതത്വവും മൌദൂദി വീക്ഷണവും
  • അബുല്‍ അഅ്ലായുടെ സിദ്ധാന്തങ്ങള്‍
  • സുന്നീ സലഫീ വീക്ഷണങ്ങള്‍
  • ജമാഅത്തും സലഫി പണ്ഢിതരും
  • സലഫിസം
  • ഇജ്തിഹാദും തഖ്ലീദും
  • കര്‍മ്മശാസ്ത്ര മദ്ഹബുകള്‍
  • അശ്അരീ മദ്ഹബ്
  • മദ്ഹബുകളുടെ ആവിര്‍ഭാവം
  • സുന്നത്ത് ജമാഅത്ത്
  • മാര്‍ഗദര്‍ശനം ഇസ്ലാം
  • സര്‍വമത സത്യവാദം
  • ആത്മീയരംഗത്തെ വ്യതിയാനങ്ങള്‍
  • ശീഇസവും വ്യതിയാന ചിന്തകളും
  • വ്യതിയാന ചിന്തകളുടെ ആരംഭം
  • ആരാണ് മുസ്ലിം?
  • മനുഷ്യന്റെ ഉല്‍ഭവം