Click to Download Ihyaussunna Application Form
 

 

കഫന്‍ ചെയ്യല്‍

ഫന്‍ ചെയ്യല്‍ മയ്യിത്ത് സംസ്കരണത്തിന്റെ  മുഖ്യ ഘടകങ്ങളിലൊന്നാണ്. ജീവിതകാലത്തു ധരിക്കല്‍ അനുവദനീയമായ വസ്ത്രം കൊണ്ടുമാത്രമേ കഫന്‍ ചെയ്യാന്‍ പാടുള്ളൂ. അതായതു പുരുഷന്റെ ജനാസ പട്ടുകൊണ്ടോ കുങ്കുമച്ചായം പൂശിയ തുണികൊണ്ടോ പൊതിയല്‍ ഹറാമാണ്. സ്ത്രീയെ കഫന്‍ ചെയ്യാന്‍ പട്ട് ഉപോഗിക്കാമെങ്കിലും കറാഹത്താണ്. കഫന്‍തുണി വലുപ്പമുള്ളതും വൃത്തിയുള്ളതുമായിരിക്കണം. എന്നാല്‍ വിലപിടിപ്പുള്ളതാകണമെന്നില്ല. വെള്ളയാകലും സുന്നത്തുണ്ട്. അബൂദാവൂദും(റ) തുര്‍മുദി(റ)യും നിവേദനം ചെയ്ത ഹദീസില്‍ കഫന്‍പുടവയും സാധാരണ ധരിക്കുന്ന വസ്ത്രവും വെളുത്തതായിരിക്കട്ടെ എന്നു നബി(സ്വ) പറഞ്ഞതായിക്കാണാം. സ്വിദ്ദീഖ് (റ) രോഗശയ്യയിലായിരിക്കെ ഉപയോഗിച്ച വസ്ത്രം കഴുകിയെടുത്ത് കഫന്‍പുടവയാക്കാന്‍ പുത്രി ആഇശാ(റ)യോടു പറഞ്ഞു. അതു പഴകിയതല്ലേ എന്നു ആഇശാ(റ) ചോദിച്ചപ്പോള്‍, പുതിയ വസ്ത്രം ജീവിച്ചിരിക്കുന്നവര്‍ക്കാണ് ചേരുകയെന്നും ജഡം ഉള്‍ക്കൊള്ളാന്‍ പഴയ വസ്ത്രം മതിയെന്നും സ്വിദ്ദീഖ്(റ) മറുപടി നല്‍കി. ബുഖാരി(റ) ഈ സംഭവം നിവേദനം ചെയ്തിട്ടുണ്ട്. പോളിസ്റ്ററോ മറ്റു കൃത്രിമ നാരുപയോഗിച്ചുള്ള തുണികളോ ഉത്തമമല്ല. യമനില്‍ നിര്‍മ്മിച്ച മൂന്നു പരുത്തിത്തുണി കൊണ്ടാണു നബി (സ്വ)യെ കഫന്‍ ചെയ്തതെന്നും അതില്‍ നീളക്കുപ്പായമോ തലപ്പാവോ ഉണ്ടായിരുന്നില്ലെന്നും ആഇശാ(റ) പറഞ്ഞതായി കാണാം. നബി(സ്വ)യെ കുളിപ്പിക്കുമ്പോള്‍ ഉപയോഗിച്ചിരുന്ന നീളക്കുപ്പായം പിന്നീട് നീക്കം ചെയ്തതായി നവവി(റ)ന്റെ നിവേദനത്തിലുണ്ട്.

പൊറുക്കപ്പെടാത്ത നജസുള്ള വസ്ത്രം കഫന്‍ ചെയ്യാന്‍ ഉപയോഗിച്ചു കൂടാ. മറ്റു വസ് ത്രങ്ങള്‍ കിട്ടാത്ത സാഹചര്യത്തില്‍ ഈ വസ്ത്രം ഉപയോഗിക്കാം. പക്ഷേ, നിസ്കാരം നിര്‍വഹിച്ചേ കഫന്‍ ചെയ്യാവൂ. കഫന്‍ പുടവയുടെ എണ്ണം സംബന്ധിച്ച മസ്അല അല്‍പം ശ്രദ്ധ ചെലുത്തി മനസ്സിലാക്കേണ്ടതാണ്. കഫന്‍ തുണിയുടെ ചെലവ് ഏതു വിധത്തില്‍ വരുന്നു എന്നതിനെ ആശ്രയിച്ചാണ് എണ്ണം തീരുമാനിക്കുന്നത്. മയ്യിത്തിന്റെ അനന്തരസ്വത്തില്‍ നിന്നാണ് ഇതിനുള്ള ചെലവെങ്കില്‍ ശരീരം മുഴുവന്‍ മറയുന്ന മൂന്നു തുണി നിര്‍ബന്ധമാണ് (ശര്‍വാനി). അനന്തരസ്വത്തിനു തുല്യമായ കടമുണ്ടെങ്കില്‍ ശരീരം മുഴുവന്‍ മറയുന്ന ഒറ്റത്തുണിയേ നിര്‍ബന്ധമുള്ളൂ. രണ്ടും മൂന്നും കഷ്ണം തു ണികൊണ്ട് കഫന്‍ ചെയ്യുന്നത് കടക്കാര്‍ തടയുകയാണെങ്കിലാണ് ഈ വിധി. പൊതു ഖജനാവില്‍(ബൈത്തുല്‍മാല്‍)നിന്നോ മയ്യിത്ത് സംസ്കരണത്തിനായി വഖഫ് ചെയ്ത ധനത്തില്‍ നിന്നോ കഫന്‍ തുണി വാങ്ങുന്ന പക്ഷവും ഒറ്റത്തുണിയേ നിര്‍ബന്ധമുള്ളൂ. മയ്യിത്തിന്റെ ചിലവുകള്‍ വഹിക്കാന്‍ ബാധ്യത ഉള്ളവരോ ഇല്ലാത്തവരോ കഫന്‍ വാങ്ങുകയാണെങ്കില്‍, ഒന്നില്‍ കൂടുതലാകാന്‍ അവര്‍ സന്നദ്ധരല്ലെങ്കില്‍ ഒന്നു കൊണ്ടു മതിയാക്കാം.

പുരുഷന്റെ പൂര്‍ണമായ കഫന്‍ അഞ്ചെണ്ണമാണ്. അതായത് ഒരു തലപ്പാവും നീളക്കുപ്പായവും മൂന്നു തുണിയും. അഞ്ചു വസ്ത്രങ്ങളിലാണ് ഇബ്നു ഉമര്‍(റ)ന്റെ മകനെ കഫന്‍ ചെയ്തതെന്നു ബൈഹഖി പ്രസ്താവിച്ചിട്ടുണ്ട്. അരയുടുപ്പ്, മുഖമക്കന, നീളക്കുപ്പായം, ശരീരം മുഴുവന്‍ മറയുന്ന രണ്ടു തുണി എന്നിവയാണ് സ്ത്രീകള്‍ക്കു സുന്നത്ത്. പെണ്ണുങ്ങള്‍ക്ക് നീളക്കുപ്പായം സുന്നത്താണെങ്കില്‍ പുരുഷന് അനുവദനീയം മാത്രമാണ്. പ്രവാചക പുത്രി ഉമ്മുകുല്‍സൂം(റ)യെ കഫന്‍ ചെയ്തത് അഞ്ചു വസ്ത്രങ്ങളിലായിരുന്നു എന്ന് അബൂദാവൂദ്(റ) റിപ്പോര്‍ട്ട് ചെയ്ത ഹദീസിലുണ്ട്. ഒരു അരയുടുപ്പ്, മുഖമക്കന, നീളക്കുപ്പായം, പൂര്‍ണമായി മൂടുന്ന രണ്ടു തുണി എന്നിവ. കഫന്‍ തുണിയുടെ കാര്യത്തില്‍ മയ്യിത്തിന്റെ വലുപ്പച്ചെറുപ്പം പ്രശ്നമല്ല.

നാല് അവകാശങ്ങള്‍

മയ്യിത്തു സംസ്കരണ വസ്ത്രത്തിന്റെ കാര്യത്തില്‍ നാലുതരം അവകാശങ്ങള്‍ നിലനി ല്‍ക്കുന്നതായി ഫുഖഹാക്കള്‍ വിവരിക്കുന്നുണ്ട്. അല്ലാഹുവിന്റെ അവകാശമാണ് ആദ്യത്തേത്. ഇത് പുരുഷന് മുട്ടുപൊക്കിളിനിടയും സ്ത്രീക്ക് മുഖവും മുന്‍കൈയും ഒഴികെ യുള്ള സ്ഥലവും മറക്കാനുള്ള ഒറ്റ വസ്ത്രം þ- ഔറത്ത് മറക്കാനുള്ള þ- തുണി. ഇതു തടയാന്‍ ആര്‍ക്കും അവകാശമില്ല. മയ്യിത്തിന്റെ അവകാശമാണ് രണ്ടാമത്തേത്. ഇതു സ്ത്രീക്കും പുരുഷനും ശരീരം മുഴുവന്‍ മറയുന്ന ഒറ്റവസ്ത്രമാണ്. ഇതു തടയാനും ആര്‍ക്കും അവകാശമില്ല. വസ്വിയ്യത്തിലൂടെ, മരിച്ച ആള്‍ ഇതു വേണ്ടെന്നു വച്ചിട്ടുണ്ടെങ്കില്‍ ഉപേക്ഷിക്കാമെന്നു തുഹ്ഫയിലുണ്ട്. ഇങ്ങനെ വസ്വിയ്യത്ത് ചെയ്യരുതെന്നാണ് പ്ര ബലപക്ഷം. മൂന്നാമത്തേത് കടക്കാരുടെ അവകാശമാണ്. പൂര്‍ണ രൂപമായി വിവരിച്ചിട്ടുള്ള രണ്ടും മൂന്നും തുണി കടക്കാര്‍ക്കു തടയാം þ- കടത്തിനു തുല്യമോ കടത്തിനേക്കാള്‍ കുറവോ ആയ സമ്പാദ്യമേ മയ്യിത്തിനുള്ളൂ എങ്കില്‍. അനന്തരാവകാശികളുടെ ഹഖായി പറഞ്ഞിട്ടുള്ളതാണ് നാലാമത്തേത്. അതായത് മൂന്നില്‍ കൂടുതലായി പറഞ്ഞിട്ടുള്ള വസ്ത്രം. ഇതു വേണ്ടെന്നു വയ്ക്കാന്‍ അനന്തരാവകാശികള്‍ക്കു അവകാശമുണ്ട് (ബിഗ്യ: 93).

പുതിയതിനെക്കാള്‍ ഉത്തമം വെളുത്തതും കഴുകിയതുമായ തുണിയാണ്. തുണിയില്‍ മഞ്ഞയോ കുങ്കുമമോ ചായം മുക്കുന്നത് പുരുഷന് ഹറാമും സ്ത്രീകള്‍ക്കു കറാഹത്തുമാണ്.

ബറകത്ത് ഉദ്ദേശിക്കണം

ഔലിയാക്കളുടേതോ മറ്റു മഹാത്മാക്കളുടേതോ വസ്ത്രം ബറകത്ത് ഉദ്ദേശിച്ചു കഫന്‍ പുടവ ആക്കാന്‍ പറ്റില്ല എന്നു പറയുന്നത് ശരിയല്ല. ഉമ്മു അഥിയ്യ(റ) എന്ന പ്രമുഖ സ്വഹാബീ വനിതയില്‍ നിന്നു ബുഖാരി(റ)യും മുസ്ലിമും(റ) സംയുക്തമായി ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ പ്രവാചകപുത്രി സൈനബ്(റ)യുടെ ജനാസ കുളിപ്പിച്ച സംഭവം പറയുന്നുണ്ട്. നബി(സ്വ) മയ്യിത്ത് കുളിപ്പിക്കാന്‍ കല്‍പിച്ച ശേഷം കുളിപ്പിച്ചു കഴിഞ്ഞാല്‍ വിവരമറിയിക്കണമെന്നു പറഞ്ഞു. അതനുസരിച്ച് ജനാസ കുളിപ്പിക്കല്‍ കഴിഞ്ഞപ്പോള്‍ സ്ത്രീകള്‍ നബി(സ്വ)യെ വിവരം അറിയിച്ചു. അപ്പോള്‍ നബി(സ്വ) ധരിച്ചിരുന്ന ഒരു തുണി കൊടുത്തു. ഈ വസ്ത്രം അവരുടെ കഫന്‍ പുടവയില്‍ ശരീരത്തോട് ചേര്‍ത്ത് വിരിക്കാനും ഉപദേശിച്ചു. കുളിപ്പിച്ച ശേഷം സൈനബ്(റ)യുടെ മുടി ഞങ്ങള്‍ മൂന്നു ഭാഗമാക്കി മെടഞ്ഞിട്ടു എന്നും ഉമ്മു അഥിയ്യ(റ) പറയുന്നു.

ബുഖാരി-മുസ്ലിമിന്റെ മറ്റൊരു ഹദീസില്‍ ജാബിര്‍(റ) ഒരു സംഭവം വിവരിച്ചതായി കാണാം. അബ്ദുല്ലാഹിബ്നു ഉബ്ബയ്യിയിനെ ഖബറില്‍ വെച്ച ശേഷം നബി(സ്വ) വന്ന് മൃതദേഹം പുറത്തെടുക്കാന്‍ പറഞ്ഞു. ശേഷം പ്രവാചകന്‍ ധരിച്ചിരുന്ന നീളക്കുപ്പായം മയ്യിത്തിന് ധരിപ്പിച്ചു. ബദ്റില്‍ അബ്ബാസ്(റ) തടങ്കലിലായപ്പോള്‍ കുപ്പായം ധരിപ്പിച്ച ആളാണിതെന്ന് അവിടുന്ന് പറയുകയും ചെയ്തു. ഇതും ബറകത്ത് ഉദ്ദേശിച്ചുകൊണ്ടു ള്ള പ്രവൃത്തിയായിരുന്നു.

മറ്റൊരു സംഭവം കാണുക. ഒരിക്കല്‍ ഒരു സ്ത്രീ സ്വയം നെയ്തുണ്ടാക്കിയ വസ്ത്രം നബി(സ്വ)ക്ക് സമ്മാനിച്ചു. അതു ധരിച്ചുകൊണ്ട് റസൂല്‍(സ്വ) പള്ളിയില്‍ വന്നപ്പോള്‍ ഒരു സ്വഹാബി അതു തൊട്ടു നോക്കി ഇതെനിക്കു തരുമോ എന്നു ചോദിച്ചു. റസൂല്‍ (സ്വ) വസ്ത്രം അയാള്‍ക്കു നല്‍കി. സ്വഹാബി ചെയ്തതു മറ്റു ചില അനുചരന്മാര്‍ക്ക് രസിച്ചില്ല. അവര്‍ അദ്ദേഹത്തെ കുറ്റപ്പെടുത്തി. ഇതെനിക്കു ധരിക്കാനല്ലെന്നും എന്റെ ക ഫന്‍ പുടവയായി സൂക്ഷിച്ചു വെക്കാനാണെന്നും പറഞ്ഞപ്പോള്‍ ആരും വിമര്‍ശിച്ചില്ല.

നേരത്തെ മയ്യിത്തിന്റെ തുണി കരുതിവെക്കല്‍ സുന്നത്തില്ല. ഹറാമിന്റെ ധനം കൊണ്ടു വാങ്ങാത്ത തുണിയായിരിക്കണം എന്ന ഉദ്ദേശ്യത്തോടെയും മഹാത്മാക്കളുടെ ബറകത്ത് ഉദ്ദേശിച്ചുള്ളതാണെങ്കിലും മുന്‍കൂട്ടി കരുതിവെക്കല്‍ സുന്നത്തുണ്ട്. ബറകത്ത് ഉദ്ദേശിച്ച് ഒരാള്‍ കരുതിവെച്ച തുണി മാറ്റാന്‍ അയാളുടെ മരണശേഷം ആര്‍ക്കും അധികാരമില്ല.

കഫന്‍ തുണിയില്‍ ഖുര്‍ആന്‍ എഴുതിവെച്ചാല്‍ നല്ലതല്ലേ എന്നു ചിന്തിക്കുന്നവരുണ്ടാകും. പാടില്ല. ഹറാമാണ്. വെള്ളമോ ഉമിനീരോ കൊണ്ടെഴുതുന്നതിന് വിരോധമില്ല. അതു വേഗം മാഞ്ഞുപോകുമല്ലോ. തുണി കിട്ടാത്ത സ്ഥലത്താണ് മരണം സംഭവിച്ചതെങ്കില്‍ മൃഗത്തിന്റെ തോല്‍, ഇല, ചാക്ക്, പുല്‍പ്പായ തുടങ്ങിയവ കൊണ്ടു കഫന്‍ ചെയ്യാം. ഇതുമില്ലെങ്കില്‍ മണ്ണുകൊണ്ട് പൊതിയാം. പക്ഷേ, തുണിയുള്ളപ്പോള്‍ തോലുകൊണ്ടു കഫന്‍ ചെയ്യല്‍ ഹറാമാണ്. മറമാടുന്നതിനു തൊട്ടുമുമ്പ് തുണി കിട്ടിയാല്‍ മാറ്റി കഫന്‍ ചെയ്യണം. ഇസ്ലാമിനു വേണ്ടിയുള്ള ധര്‍മ്മസമരത്തില്‍ രക്തസാക്ഷിയായവരെ രക്തം പുരണ്ട അതേ വസ്ത്രത്തില്‍ തന്നെ കഫന്‍ ചെയ്യണം. യുദ്ധ അങ്കികളോ തുകല്‍ കാലുറകളോ മറ്റോ ഉണ്ടെങ്കില്‍ നീക്കം ചെയ്യാവുന്നതാണ്.

കഫന്‍ ചെയ്യുന്ന വസ്ത്രം പുക ഏല്‍പിക്കുകയും കര്‍പ്പൂരം തുടങ്ങിയത് അതില്‍ വിതറുകയും സുഗന്ധം പൂശുകയും വേണം.

കഫന്‍ ചെയ്യേണ്ട വിധം

ഉലുവാന്‍ മുതലായവ കൊണ്ടു പുകയേല്‍പ്പിച്ച ശേഷം തുണി മൂന്നും മേല്‍ക്കുമേല്‍ വിരിക്കണം. കൂടുതല്‍ സൌകര്യമുള്ളതും വലിയതും ഏറ്റവും അടിയില്‍ വിരിക്കണം. പിന്നെ വലിപ്പക്രമമനുസരിച്ചും. ഓരോന്നിലും കര്‍പ്പൂരം വിതറുകയോ, സുഗന്ധദ്രവ്യം പൂശുകയോ ചെയ്യണം. മയ്യിത്ത് തുണിയുടെ നടുവില്‍ മലര്‍ത്തി കിടത്തുക. കൈ നിസ്കാരത്തിലെന്നപോലെ നെഞ്ചിന്റെയും പൊക്കിളിന്റെയും ഇടയില്‍ ചേര്‍ത്തു വെക്കണം. നിവര്‍ത്തി താഴ്ത്തിയിടുന്നതിനു വിരോധമില്ല.

ഇനി ചില കാര്യങ്ങള്‍ സുന്നത്തുണ്ട്. ആദ്യമായി മയ്യിത്തിന്റെ തുറക്കപ്പെട്ട ദ്വാരങ്ങളിലെ ല്ലാം സുഗന്ധം പുരട്ടിയ പഞ്ഞിവെക്കുക. അല്‍പം വീതിയില്‍ ചീന്തിയെടുത്ത ഒരു കഷ് ണം തുണികൊണ്ട് മയ്യിത്തിന്റെ ഗുഹ്യഭാഗങ്ങള്‍ മറയും വിധം കെട്ടിക്കൊടുക്കണം. സ്ത്രീയാണെങ്കില്‍ മാറിടം ഉലയാതിരിക്കാന്‍ മറ്റൊരു തുണിക്കഷ്ണം കൊണ്ടു പിന്നിലേക്ക് കെട്ടണം. കൂടാതെ നെറ്റി, മൂക്ക്, മുന്‍കൈകള്‍, കാല്‍മുട്ടുകള്‍, കാല്‍വിരലുകള്‍ തുടങ്ങി സുജൂദിന്റെ അവയവങ്ങളിലും പഞ്ഞിവെക്കണം. ശരീരത്തിലെവിടെയെങ്കിലും മുറിവുണ്ടെങ്കില്‍ അവിടെയും ഇതുപോലെ പഞ്ഞികൊണ്ടു മൂടണം. ശേഷം ഏറ്റവും മു കളിലുള്ള തുണി ഇടതുഭാഗത്തു നിന്ന് മയ്യിത്തിന്റെ മേല്‍ പൊതിയുക. പിന്നെ വലതുഭാഗത്തെ അറ്റം ഇടത്തോട്ടും പൊതിയുക. ഇതുപോലെ രണ്ടാമത്തെ തുണിയും മൂന്നാമത്തെ തുണിയും പൊതിയണം. കാലിന്റെയും തലയുടെയും ഭാഗത്ത് അധികമുള്ള തുണി ആദ്യം ചുരുട്ടിക്കെട്ടണം. പിന്നെ നടുവിലും കെട്ടണം (ജനാസ ഖബറില്‍ വെച്ച ശേഷം ഈ കെട്ടുകള്‍ അഴിച്ചിടും).

മയ്യിത്തിന്റെ അനന്തര സ്വത്തില്‍ നിന്നാണു സംസ്കരണ ചിലവുകള്‍ നടത്തേണ്ടത്. ഭാര്യ മരിച്ചാല്‍ ഈ ചിലവ് ഭര്‍ത്താവ് വഹിക്കണം. ഭര്‍ത്താവ് കഴിവില്ലാത്തവനാണെങ്കില്‍ അവളുടെ സ്വത്തില്‍ നിന്നു തന്നെ എടുക്കാം. മയ്യിത്തിനു സ്വത്തൊന്നുമില്ലെങ്കില്‍ അയാള്‍ക്കു ചിലവു കൊടുക്കല്‍ നിര്‍ബന്ധമായ അടുത്ത ബന്ധുക്കള്‍ ഈ ചിലവു വഹിക്കണം. അവരും ഇല്ലെങ്കില്‍ പൊതുഖജനാവില്‍ നിന്നു വഹിക്കാം. നമ്മുടെ നാ ട്ടില്‍ ഇത്തരം ഇസ്ലാമിക പൊതുഫണ്ട് ഇല്ലാത്തതിനാല്‍ നിര്‍ധനരും അനാഥരുമായ മയ്യിത്തിന്റെ സംസ്കരണച്ചിലവ് നാട്ടിലെ ധനികര്‍ വഹിക്കേണ്ടതാണ്.

ഹജ്ജിനു ഉംറക്കും ഇഹ്റാം കെട്ടിയ നിലയില്‍ മരിച്ചാല്‍ ചുറ്റിത്തുന്നിയ വസ്ത്രവും സുഗന്ധവും ഹറാമാണ്. അതുപോലെ ഇഹ്റാം കെട്ടിയ ശേഷം മരിച്ച പുരുഷന്റെ തലയും സ്ത്രീയുടെ മുഖവും മൂടുന്നതും നിഷിദ്ധമാണ്.


RELATED ARTICLE

  • രോഗ സന്ദര്‍ശനം
  • ഖബര്‍ സിയാറത്ത്
  • രോഗിയെ കിടത്തേണ്ട വിധം
  • മയ്യിത്തു നിസ്കാരം
  • ഖബറടക്കല്‍
  • മയ്യിത്തു കുളിപ്പിക്കല്‍
  • മയ്യിത്തു പ്രദര്‍ശനങ്ങള്‍
  • മയ്യിത്തിനെ അനുഗമിക്കല്‍
  • കഫന്‍ ചെയ്യല്‍
  • അനുശോചനം
  • അലംഘനീയമായ വിധി