Click to Download Ihyaussunna Application Form
 

 

മയ്യിത്തിനെ അനുഗമിക്കല്‍

മുസ്ലിംകള്‍ പരസ്പരം പാലിക്കേണ്ട ആറു മര്യാദകളില്‍ ഒന്നാണല്ലോ മയ്യിത്തിനെ അനുഗമിക്കല്‍. മയ്യിത്ത് സംസ്കരണ ചടങ്ങിന്റെ പ്രധാനഭാഗങ്ങളിലൊന്നായ അനുഗമനത്തിനു ചില ചിട്ടകളൊക്കെയുണ്ട്. മരിച്ചതു സ്ത്രീയാണെങ്കില്‍ പോലും ജനാസ ചുമക്കേണ്ടതും അതിനെ അനുഗമിക്കേണ്ടതും പുരുഷന്റെ ബാധ്യതയാണ്. ജനാസയെ അനുഗമിക്കരുതെന്ന് നബി(സ്വ) ഞങ്ങളോട് നിര്‍ദ്ദേശിച്ചിരുന്നെന്ന് ഉമ്മു അഥിയ്യ(റ) പറയുന്നു (ബുഖാരി).

ജനാസയെ അനുഗമിക്കലും ചുമക്കലും സുന്നത്താണ്. സഅ്ദ്(റ)നെ ചുമന്ന കൂട്ടത്തില്‍ നബി(സ്വ) ഉണ്ടായിരുന്നു.

വിശ്വാസത്തോടും പ്രതിഫലേച്ഛയോടും കൂടി ഒരാള്‍ ജനാസയെ അനുഗമിക്കുകയും നിസ്കാരം കഴിഞ്ഞു മറമാടുന്നതുവരെ മയ്യിത്തിന്റെ കൂടെത്തന്നെ അവനുണ്ടാവുകയും ചെയ്താല്‍ ഉഹ്ദ് പര്‍വ്വതത്തോളമുള്ള പ്രതിഫലത്തിന്റെ രണ്ടു കൂമ്പാരവുമായിട്ടാണവന്‍ മടങ്ങുക. ഇനി നിസ്കാരം കഴിഞ്ഞു പിരിഞ്ഞാല്‍ ഒരു കൂമ്പാരം പ്രതിഫലം ഉറപ്പായി. അബൂഹുറൈറ(റ)യില്‍ നിന്നും ഇമാം ബുഖാരി(റ)യും മുസ്ലിമും(റ) നിവേദനം ചെയ്ത ഹദീസിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. മയ്യിത്തിനെ അനുഗമിക്കുന്നത് പാഴ്വേലയായി ആരും കരുതേണ്ട. നബി(സ്വ)യും പ്രമുഖ സ്വഹാബികളെല്ലാവരും ജനാസയെ അനുഗമിച്ചിരുന്നതായി ഹദീസുകളില്‍ കാണാം. മയ്യിത്ത് ചുമക്കാന്‍ സന്നദ്ധരായി മുന്നോട്ടു വരുന്നവരെ കഷ്ടപ്പെടുത്തുന്ന പരിപാടി ചിലയിടങ്ങളില്‍ കാണുന്നുണ്ട്. തടികൊണ്ടുള്ള കനത്ത മയ്യിത്തു കട്ടിലും മയ്യിത്തും കൂടി നല്ല ഭാരം കാണും. വീട്ടില്‍ നിന്നു ഏറെ അകലെയായിരിക്കും ഖബര്‍സ്ഥാന്‍. നാലഞ്ചു പേര്‍ ചുമക്കാന്‍ തയ്യാറായി വന്നാല്‍ മറ്റുള്ളവര്‍ വെറുതെ ചുറ്റിപ്പറ്റി നടക്കുകയേ ചെയ്യൂ. ദൂരമത്രയും വിയര്‍ത്തൊലിച്ച് ക്ഷീണിച്ചവശരായി തുടങ്ങിയവര്‍ തന്നെ ചുമക്കണം. മാറ്റിപ്പിടിക്കാന്‍ ഒരാളും മുന്നോട്ടു വരില്ല. ഇതു വലിയ അപരാധമാണ്. മയ്യിത്തിനെ അനുഗമിക്കുന്ന ഓരോരുത്തര്‍ക്കും മാറിമാറി ചുമക്കാം. ഒരു വിഭാഗം തന്നെ ചുമന്നു കഷ്ടപ്പെട്ടാല്‍ മയ്യിത്തിനോടു ദുര്‍വിചാരം വന്നുപോകാന്‍ ഇടയുണ്ട്. ജനാസ ചുമക്കുന്നതിന്റെ പുണ്യം എല്ലാവര്‍ക്കും പങ്കിടാം. ആര്‍ക്കും ഭാരമാവുകയുമില്ല. വാശി പിടിച്ചു ഒരാള്‍ തന്നെ ചുമക്കാന്‍ ശ്രമിക്കരുത്. പൊതുബാധ്യതയാണെന്ന കാര്യം മറക്കരുത്. മയ്യിത്തുമായുള്ള അ ടുത്ത ബന്ധം കുളിപ്പിക്കുന്ന കാര്യത്തിലും നിസ്കാരത്തിന്റെ കാര്യത്തിലും പറഞ്ഞിട്ടുള്ളതുപോലെ ജനാസ ചുമക്കുന്ന കാര്യത്തില്‍ പറഞ്ഞു കാണുന്നില്ല.

ജനാസ ഖബറിടത്തില്‍ എത്തും മുമ്പ് ഇടയ്ക്ക് ഇരിക്കുന്നതും വിശ്രമിക്കുന്നതും കറാഹത്താണ്. ഇങ്ങനെ റസൂല്‍(സ്വ) ചെയ്യുന്നതു ഞങ്ങള്‍ കണ്ടിട്ടില്ലെന്നു അബൂഹുറൈറ (റ) പറയുന്നു (നസാഈ). മറ്റൊരു ഹദീസില്‍, നിങ്ങള്‍ ജനാസയെ അനുഗമിക്കുമ്പോള്‍ അതിനെ ഭൂമിയില്‍ വെക്കുന്നതുവരെ ഇരിക്കരുത് എന്നു പറഞ്ഞതായി കാണാം (ബുഖാരി, മുസ്ലിം).

മയ്യിത്തു കട്ടില്‍ സൌകര്യത്തിനുവേണ്ടിയാണ്. പലകയിലോ മറ്റോ കിടത്തിയും കൊണ്ടുപോകാം. മയ്യിത്തിനെ നിന്ദിക്കും വിധം ചുമക്കരുത്. ചാക്കിലോ കുട്ടയിലോ ആക്കി ചുമക്കുക, ഒരാള്‍ തലച്ചുമടായി എടുക്കുക തുടങ്ങിയവ പാടില്ല.

മയ്യിത്ത് വേഗം കൊണ്ടുപോകണമെന്നാണ് നബി(സ്വ) കല്‍പിച്ചത്. മയ്യിത്ത് പകര്‍ച്ചയാകുമെന്നോ പൊട്ടി ഒലിക്കുമെന്നോ ഭയമുണ്ടെങ്കില്‍ പ്രത്യേകിച്ചും. സജ്ജനങ്ങളാണെങ്കില്‍ അവരെ അല്ലാഹുവിന്റെ കാരുണ്യത്തിലേക്കാണ് കൊണ്ടുപോകുന്നത്. വേഗം കൊണ്ടുപോകാനാണു പരേതാത്മാവ് ആഗ്രഹിക്കുക. പാപികളുടേതാണെങ്കില്‍ ആ ഭാരം എത്രയും വേഗം നിങ്ങളുടെ ചുമലില്‍ നിന്നിറക്കാമല്ലോ, ഇതേക്കുറിച്ച് നബി(സ്വ) പറഞ്ഞതിതാണ്.

മുമ്പില്‍ നടക്കുക

ജനാസയെ അനുഗമിക്കുന്നവര്‍ അതിന്റെ മുമ്പില്‍ നടക്കുന്നതാണ് ശ്രേഷ്ഠത. തിരിഞ്ഞു നോക്കിയാല്‍ ജനാസ കാണുംവിധം þ- അതേ സമയം ജനാസയുടെ കൂടെപ്പോകുന്ന ആളാണെന്നു മനസ്സിലാകുകയും വേണം. സാലിം(റ)തന്റെ പിതാവില്‍ നിന്നു നിവേദനം ചെയ്തതുപ്രകാരം നബി(സ്വ), സ്വിദ്ദീഖ്(റ), ഉമര്‍(റ) എന്നിവര്‍ ജനാസയുടെ മുമ്പില്‍ നടക്കുന്നതു കണ്ടിട്ടുണ്ടെന്നു നസാഈ തുടങ്ങിയ ഹദീസ് ഗ്രന്ഥങ്ങളില്‍ കാണാം. മയ്യിത്തിന്റെ കൂടെ ഉലുവാന്‍ പുകച്ചുകൊണ്ടു പോകരുത്. തീ കൊണ്ടുപോകാന്‍ പാടില്ലെന്നും ഹദീസിലുണ്ട്. സ്ത്രീകളുടെ ജനാസ കൊണ്ടുപോകുമ്പോള്‍ മഞ്ചത്തിനു മൂടി ഉണ്ടാകല്‍ സുന്നത്താണ്. ഫാതിമാ ബീവി(റ) ഇങ്ങനെ വസ്വിയ്യത്തു ചെയ്യുകയും ഉമര്‍ (റ) അതു നടപ്പാക്കുകയും ചെയ്തതായി ഹദീസില്‍ കാണാം. ജനാസയുടെ കൂടെ നടക്കുന്നവര്‍ നാട്ടുകാര്യങ്ങള്‍ പറഞ്ഞു ശബ്ദമുണ്ടാക്കരുത്. ശബ്ദം താഴ്ത്തി ‘ലാഇലാഹ ഇല്ലല്ലാഹ്’ എന്നു ചൊല്ലണം.

‘നിങ്ങള്‍ മയ്യിത്ത് കൊണ്ടുപൊകുമ്പോള്‍ ലാഇലാഹ ഇല്ലല്ലാഹ് എന്ന ദിക്റ് അധികരിപ്പിക്കുവിന്‍’ എന്നു നബി(സ്വ) പറഞ്ഞതായി അനസ്(റ)വില്‍ നിന്നു ഇബ്നു അസാകിര്‍(റ) നിവേദനം ചെയ്തത് ജാമിഉസ്സഗീര്‍ ഉദ്ധരിക്കുന്നുണ്ട് (1/380). ധാരാളം ഫിഖ്ഹ് ഗ്രന്ഥങ്ങളില്‍ ഇത് ബലപ്പെടുത്തിയതായി കാണാം. ഖുര്‍ആന്‍, ദിക്റ് എന്നിവകൊണ്ടു ശബ്ദം ഉയര്‍ത്തല്‍ കറാഹത്താണ്. പതുക്കെ ദിക്റ് ചൊല്ലിക്കൊണ്ട്, മരണവും പലലോകവും ചിന്തിച്ചു മയ്യിത്തിനെ അനുഗമിക്കണം (തുഹ്ഫ). ജനാസയെ അനുഗമിക്കുന്നവര്‍ ലോകകാര്യങ്ങളും ഫിത്നയും പരദൂഷണവും പറയുന്നതും കേള്‍ക്കുന്നതും ഒഴിവാക്കാന്‍ ദിക്റ് ചൊല്ലുന്നത് ഉപകരിക്കുന്നതുകൊണ്ട് ദിക്റ് ചൊല്ലേണ്ടതാണ് (ബിഗ്യ: 39).

ജനാസ കൊണ്ടുപോകുന്നതു കാണുമ്പോള്‍ എഴുന്നേറ്റു നില്‍ക്കണം. സുന്നത്താണെന്നാണ് ഇമാം നവവി(റ)ന്റെ പ്രബലാഭിപ്രായം. ഒരു ജനാസ കൊണ്ടുപോകുന്നതു കണ്ടപ്പോള്‍ നബി(സ്വ) എഴുന്നേറ്റു നിന്ന സംഭവം ജാബിറ്ബ്നു അബ്ദില്ല(റ) പറയുന്നുണ്ട്. സ്വഹാബികള്‍ റസൂല്‍(സ്വ)യെ അനുകരിച്ചു നിന്നെങ്കിലും അതൊരു ജൂതന്റെ ജനാസയാണല്ലോ എന്നവര്‍ ഉണര്‍ത്തി. എന്നാല്‍ ‘ജനാസ കൊണ്ടുപോകുന്നതു കണ്ടാല്‍ നിങ്ങള്‍ എഴുന്നേറ്റു നില്‍ക്കുക’ എന്ന് റസൂല്‍(സ്വ) നിര്‍ദ്ദേശിക്കുകയുണ്ടായി. ജൂതനാണെങ്കിലും അതൊരു മനുഷ്യനല്ലേ എന്നു നബി കരീം(സ്വ) പറഞ്ഞതായും നിവേദനത്തിലുണ്ട്.

അനസ് (റ) പറയുന്നു: ജനാസ കൊണ്ടുപോകുന്നതു കാണുമ്പോള്‍

എന്നു പ്രാര്‍ഥിച്ചാല്‍ ഇരുപത് സത്കര്‍മ്മങ്ങള്‍ എഴുതപ്പെടുമെന്നു നബി(സ്വ) അരുള്‍ ചെയ്തതായി ഞാന്‍ കേട്ടു (ശര്‍വാനി: 3/131).

‘നിങ്ങള്‍ ജനാസ കണ്ടാല്‍ അതു നിങ്ങളെ പിന്നിലാക്കുന്നതുവരെ നില്‍ക്കുക’ (ബുഖാരി). ജനാസയുടെ കൂടെ മലകുകള്‍ സഞ്ചരിക്കുമെന്നു ഹദീസില്‍ സൂചനയുണ്ട്. ജൂതന്റെ ജനാസ പരാമര്‍ശിച്ച ഹദീസിന്റെ അഹ്മദ്, ഹാകിം തുടങ്ങിയവരുടെ നിവേദനത്തില്‍ ‘നാം നില്‍ക്കുന്നത് മലകുകള്‍ക്കുവേണ്ടിയും അല്ലാഹുവിന്റെ മഹത്വത്തിനുവേണ്ടിയുമാണെന്നു’ പറയുന്നുണ്ട്.

സൌബാന്‍(റ) പറയുന്നതു കാണുക: ഒരിക്കല്‍ ഞങ്ങള്‍ നബി(സ്വ)യോടൊപ്പം ഒരു ജനാസയെ അനുഗമിച്ചു. ചിലര്‍ വാഹനപ്പുറത്തായിരുന്നു. ഇതുകണ്ട് അവിടുന്ന് അരുളി: “നിങ്ങള്‍ക്കു ലജ്ജയില്ലേ? അല്ലാഹുവിന്റെ മാലാഖമാര്‍ നടന്നു പോകുന്നു. നിങ്ങളാണെങ്കില്‍ വാഹനപ്പുറത്തും.” ജനാസയോടൊപ്പം മലകുകള്‍ സഞ്ചരിക്കുമെന്നാണ് മനസ്സിലാക്കേണ്ടത്. ഇബ്നു ദഹ്ദാഹിന്റെ ജനാസയോടൊപ്പം പോയ നബി(സ്വ) വാഹനപ്പുറത്താണ് തിരിച്ചുപോന്നതെന്ന് ജാബിര്‍(റ) പറഞ്ഞതു കാണാം (തിര്‍മുദി). അതുകൊണ്ട് മയ്യിത്ത് ഖബറടക്കിയ ശേഷം വാഹനത്തില്‍ തിരിച്ചുപോരാം.


RELATED ARTICLE

  • രോഗ സന്ദര്‍ശനം
  • ഖബര്‍ സിയാറത്ത്
  • രോഗിയെ കിടത്തേണ്ട വിധം
  • മയ്യിത്തു നിസ്കാരം
  • ഖബറടക്കല്‍
  • മയ്യിത്തു കുളിപ്പിക്കല്‍
  • മയ്യിത്തു പ്രദര്‍ശനങ്ങള്‍
  • മയ്യിത്തിനെ അനുഗമിക്കല്‍
  • കഫന്‍ ചെയ്യല്‍
  • അനുശോചനം
  • അലംഘനീയമായ വിധി