അലംഘനീയമായ വിധി

നനമാണു മരണത്തിനു നിദാനം. ജനനം സംഭവിച്ചോ, മരണവും ഉറപ്പ്. മരണത്തിനു വലുപ്പച്ചെറുപ്പമോ ഉച്ചനീചത്വമോ ഇല്ല. ആദിമ നുഷ്യന്‍ മുതല്‍ അന്തിമ മനുഷ്യന്‍ വരെ അലംഘനീയമായ ഈ വിധിക്കു വിധേയനാണ്. ഒരു ശരീരവും മരണം രുചിക്കാതിരിക്കില്ലെന്നു വിശുദ്ധ ഖുര്‍ആന്‍ പറയുന്നു (3:185, 23:15, 21:34,35). പടുത്തുയര്‍ത്തപ്പെട്ട കോട്ടക്കകത്താ ണെങ്കിലും മരണം നിങ്ങളെ പിടികൂടുകതന്നെ ചെയ്യുമെന്നാണ് ഖുര്‍ആന്റെ മറ്റൊരു പ്രഖ്യാപനം. മരണത്തിനു സ്ഥലകാല നി ര്‍ണയമില്ല. താന്‍ എവിടെവെച്ചു മരിക്കുമെന്ന് ഒരാള്‍ക്കും അറിയില്ലെന്നും അവധി എത്തിയാല്‍ ഒരു നിമിഷം പോലും മുന്തിക്കുകയോ പിന്തിക്കുകയോ ചെയ്യുകയില്ലെന്നും വിശുദ്ധ ഖുര്‍ആന്‍ സാക്ഷ്യപ്പെടുത്തുന്നു (63:11).

ഭൌതിക ജീവിതത്തെ ഒരു സഞ്ചാരിയോടുപമിച്ചതായി കാണാം. യാത്രാക്ഷീണം തീര്‍ക്കാന്‍ സഞ്ചാരികള്‍ക്കുവേണ്ടി ഒരുക്കിയ സത്രമാണു ഭൂമി. മനുഷ്യന്റെ ആത്യന്തിക ലക്ഷ്യം പാരത്രികമാണ്. അങ്ങോട്ടുള്ള യാത്രയില്‍ ഒരു ഇടത്താവളം. ഒന്നു ക്ഷീണം തീര്‍ക്കാന്‍, ഒരു രാത്രി അന്തിയുറങ്ങാന്‍. ക്ഷീണം മാറിയാല്‍, പ്രഭാതമായാല്‍ യാത്ര തുടരണം. വഴിയമ്പലങ്ങളില്‍ വന്നു തങ്ങുന്നവരെല്ലാം സ്ഥിരതാമസക്കാരായാലുള്ള അവസ്ഥ ആലോചിച്ചു നോക്കുക. നഗരത്തിലെ താല്‍ക്കാലിക പാര്‍പ്പിടങ്ങള്‍ þ-ലോഡ്ജു മുറികള്‍þ- വാടകത്താമസക്കാര്‍ സ്ഥിരവാസത്തിനെടുത്താല്‍ എങ്ങനെയിരിക്കും? ഇന്നു മുറിയെടുത്തവര്‍ നാളെ ഒഴിഞ്ഞുകൊടുക്കുന്നു. പുതിയ പാര്‍പ്പുകാര്‍ വരുന്നു, പോകുന്നു. ഇതാണ് ജീവിതവും മരണവും. ശാശ്വത ഭവനം പാരത്രികം മാത്രം. വിരുന്നു വരുന്നവര്‍ ഒരു കാരണവശാലും വീട്ടുടമയാവുകയില്ല. ഭൂമിയിലേക്കു വിരുന്നു വന്നതാണു മനുഷ്യന്‍. അതിഥിയുടെ അവസരം നശ്വരമാണ്. ഭൂമിയില്‍ നീ സഞ്ചാരിയോ വിരുന്നുകാരനോ മാത്രമാണ്. നിന്റെ ശരീരത്തെ പരേതാത്മാക്കളുടെ കൂട്ടത്തില്‍ എ ണ്ണിക്കോ എന്നാണ് ഒരു ഹദീസിന്റെ താത്പര്യം.

മരണം അനിവാര്യമാകുന്നതെന്തുകൊണ്ട്? മറുപടി ലളിതം. അതു ജീവിച്ചിരിക്കുന്നവരുടെയും ഇനിയും ജനിക്കാനിരിക്കുന്നവരുടെയും അവകാശമാണ്. വിഭവസമൃദ്ധമായ ഈ ഭൂമി ആരും കുത്തകയാക്കി വെച്ചുകൂടാ. ഭൂവിഭവങ്ങള്‍ പൊതുസ്വത്താണ്. അനന്തകാലം ഒരാള്‍ തന്നെ അതനുഭവിക്കുന്നത് അനീതിയും ചൂഷണവുമാകും. മരണമില്ലെങ്കില്‍ ദുരാഗ്രഹം മനുഷ്യനെ അന്ധനാക്കും. ദുരയ്ക്കും ദുഷ്ടിനും അന്ത്യമില്ലാതാകും. ഞാന്‍ അമരനാണെന്ന ചിന്ത ഉണ്ടാക്കാവുന്ന ആപത്തുകളെ കുറിച്ചു ചിന്തിച്ചു നോക്കുക. ഇഹലോകം പാരത്രിക ലോകത്തേക്കുള്ള കൃഷിയിടമാണെന്നു നബി(സ്വ) അരുളുന്നു. കൃഷിഭൂമിയില്‍ ആരും അന്തിയുറങ്ങുന്നില്ല. കൃഷി ചെയ്തു ണ്ടാക്കുന്ന വിഭവങ്ങള്‍ അനുഭവിക്കാന്‍ മനുഷ്യന്‍ വാസസ്ഥലങ്ങളിലെത്തുന്നു. ഇഹലോകം കൃഷിയിടവും ആരാധനകള്‍ കാര്‍ഷികോല്‍പന്നങ്ങളും പാരത്രികം ഈ ഉല്‍പന്നങ്ങള്‍ അനുഭവിക്കാനുള്ള ശാശ്വത ഭവനവുമാണ്. കൃഷിയിടത്തില്‍ ക്ളേശങ്ങള്‍ മാത്രമേ കാണൂ. അവിടെ ആകെയുള്ള സന്തോഷം ഉല്‍പന്നങ്ങള്‍ പിന്നീട് അനുഭവിക്കാമല്ലോ എന്ന ആശ്വാസചിന്തയാണ്. പകലന്തിയോളം പണിയെടുത്താല്‍ വീട്ടില്‍ സുഭിക്ഷമായി കഴിയാം. ജീവിതവും മരണവും ഇത്തരത്തിലാണു ജ്ഞാനികള്‍ താരതമ്യം ചെയ്യുന്നത്. നിങ്ങള്‍ ധരിച്ചിരിക്കുന്ന ചെരുപ്പിന്റെ വാറിനേക്കാള്‍ മരണം നിങ്ങളോടടുത്തിരിക്കുന്നു എന്നു ഖലീഫാ അബൂബക്കര്‍ സ്വിദ്ദീഖ്(റ) പറയുകയുണ്ടായി.

മരണം അനുഗ്രഹം

ലോകത്ത് കോടിക്കണക്കിനാളുകള്‍ മരിച്ചു കഴിഞ്ഞു. ഇവരൊന്നും മരിച്ചില്ലെങ്കില്‍ ഈ ഭൂമുഖത്ത് സൂചി കുത്താനിടമില്ലാത്ത വിധം മനുഷ്യര്‍ കുമിഞ്ഞുകൂടുമായിരുന്നില്ലേ? മനുഷ്യരെ മേല്‍ക്കുമേല്‍ അട്ടിയായി വെച്ചാല്‍ പോലും ഭൂമിയില്‍ സ്ഥലം മതിയാകാത്ത അവസ്ഥ വരും.

മരണമില്ലാത്ത കാലത്തെക്കുറിച്ച് ‘കാലനില്ലാത്ത കാലം’ എന്ന പേരില്‍ കുഞ്ചന്‍ നമ്പ്യാരുടെ ഒരു ഹാസ്യ കവിതയുണ്ട്. നമ്പ്യാര്‍ തമാശയായി പാടിയതാണെങ്കിലും സംഗതി ഗൌരവമുള്ളതാണ്. ഒരായിരം വര്‍ഷത്തിനിപ്പുറും ഒരു ചെറിയ ഗ്രാമത്തില്‍ ഒരാളും മരിച്ചില്ല എന്നു സങ്കല്‍പിക്കുക. എന്താവും സ്ഥിതി? ഇന്നുള്ള ചെറിയ വീടുകള്‍ പതിനഞ്ചിരട്ടിയെങ്കിലും വലുപ്പം വേണ്ടിവരും. അതായത് പതിനഞ്ച് തലമുറയിലെ അംഗങ്ങളെങ്കിലും ജീവിക്കുന്നുണ്ടാവും. ഇപ്പോള്‍ പത്തുപേരുള്ള കുടുംബത്തില്‍ ശരാശരി നൂറ്റമ്പതു പേര്‍! ഓരോ വീട്ടിലും വൃദ്ധന്മാരുടെയും പടുവൃദ്ധന്മാരുടെയും വലിയ പട തന്നെയുണ്ടാകും. എല്ലാവരുടെയും ശരീരപ്രകൃതി ഒന്നുപോലെയായിരിക്കില്ലല്ലോ. ദുര്‍ബലരും രോഗികളുമുണ്ടാകും. ഇവരെ പരിചരിക്കാന്‍ കഴിയാതെ വരും. മരുന്നു വാങ്ങാന്‍ ഔണ്‍സ് കുപ്പിക്കു പകരം വീപ്പകള്‍ തന്നെ വേണ്ടി വരും. ഭക്ഷണക്കാര്യം നോക്കുക. ഓരോ വീട്ടിലും വെച്ചുവിളമ്പാന്‍ ചാക്കുകണക്കിന് അരി വേണ്ടിവരും. ചെറിയ അടുപ്പുകളും വെപ്പുപാത്രങ്ങളും മാറി കൂറ്റന്‍ അടുപ്പുകളും പാത്രങ്ങളും ആവശ്യമാകും. ഇത്രയും ഭീമമായ തോതില്‍ ഭക്ഷണം ഉല്‍പാദിപ്പിക്കാന്‍ ഈ ഭൂമിക്ക് കഴിയുമോ?

അതിരിക്കട്ടെ, ഭൂമിക്ക് ഇത്രയേറെ മനുഷ്യരെ ഉള്‍ക്കൊള്ളാന്‍ കഴിയുമോ? ഒരു വരള്‍ച്ച വന്നെന്നിരിക്കട്ടെ. ഓരോ തുള്ളി ജലം തൊണ്ടയില്‍ ഉറ്റിച്ചുകൊടുക്കാന്‍ തികയുമോ? ഇന്നു കാണുന്ന സ്നേഹബന്ധങ്ങളും സൌഹൃദങ്ങളും കടമകളെക്കുറിച്ചുള്ള ബോധവും നിലനില്‍ക്കുമോ? ഭക്ഷണത്തിനും വെള്ളത്തിനും വസ്ത്രത്തിനും വേണ്ടി പരസ്പരം മത്സരിച്ചു തമ്മിലടിച്ചു എല്ലാ ബ ന്ധങ്ങളും തകരില്ലേ? എന്തു നരകമായിരിക്കും ആ ജീവിതം? മരണമില്ലാത്ത അവസ്ഥയെക്കുറിച്ചു ആലോചിക്കുമ്പോള്‍ ബോധ്യമാകും മരണം അനിവാര്യമാണെന്ന്. മരണം മനുഷ്യരാശിയുടെ സുഗമമായ നിലനില്‍പിന് അത്യന്താപേക്ഷിതമാണെന്ന്.

നബി(സ്വ)യുടെ സമീപത്തുകൂടെ ഒരു ജനാസ കൊണ്ടുപോയപ്പോള്‍ അവിടുന്നു പറഞ്ഞു: ‘ആ ശ്വാസം നേടിയവന്‍ അല്ലെങ്കില്‍ അവനെതൊട്ട് ആശ്വാസം നേടപ്പെട്ടവന്‍.’ സ്വഹാബികള്‍ ഇ തിന്റെ വിശദീകരണം ചോദിച്ചു. മരിച്ച വ്യക്തി സത്യവിശ്വാസിയും സല്‍കര്‍മ്മിയുമാണെങ്കില്‍ അവന്‍ ലോകത്തെ പ്രയാസങ്ങളില്‍ നിന്നും ദുരിതങ്ങളില്‍ നിന്നും ആശ്വാസം നേടി അല്ലാഹുവിന്റെ അനുഗ്രഹത്തിലേക്കു പോകുന്നു. ദുര്‍മാര്‍ഗിയാണെങ്കില്‍ മരണത്തോടെ അവന്‍ കാരണമായുണ്ടാകുന്ന നാശത്തില്‍ നിന്നു മനുഷ്യരും ജീവജാലങ്ങളും ലോകവും ആശ്വാസം നേടുന്നു എന്നു നബി(സ്വ) വിശദീകരിച്ചു. മരിക്കുന്നത് ആരായാലും അത് അനുഗ്രഹമാണെന്ന് അബൂഖതാദ(റ) യില്‍ നിന്ന് ബുഖാരിയും മുസ്ലിമും സംയുക്തമായി നിവേദനം ചെയ്ത ഈ ഹദീസില്‍ നിന്നു വ്യക്തമാകുന്നു.

മരണസ്മരണ

മരണത്തെ എപ്പോഴും ഓര്‍ത്തുകൊണ്ടിരിക്കല്‍ സുന്നത്താണ്. എല്ലാ ആസ്വാദനങ്ങളെയും മുറിച്ചുകളയുന്ന മരണത്തെ നിങ്ങള്‍ ധാരാളമായി ഓര്‍ക്കുക എന്നു തുര്‍മുദി നിവേദനം ചെയ്ത ഹ ദീസില്‍ കാണാം. മരണത്തെക്കുറിച്ചുള്ള ചിന്ത വരുമ്പോള്‍ സ്വാഭാവികമായും ജീവിതത്തിന്റെ ന ശ്വരത ബോധ്യപ്പെടും. അനിശ്ചിതത്വം നിറഞ്ഞ ഈ ജന്മം അഹങ്കരിക്കാനോ ആഹ്ളാദത്തിലും വി നോദത്തിലും മാത്രം ഒതുക്കി നിര്‍ത്താനോ കഴിയാതെ വരും. മനുഷ്യനിലെ മൃഗീയ ഭാവങ്ങളെ മരണചിന്ത നിരുത്സാഹപ്പെടുത്തും. അടുത്ത ഏതു നിമിഷവും ചലനമറ്റുപോകാനും മണിക്കൂറുകള്‍ക്കകം മണ്ണറയിലേക്കു യാത്രയാകാനും ഇടയുണ്ടെന്ന വിചാരം എല്ലാ അഹങ്കാരങ്ങളെയും അക്രമവാസനകളെയും നശിപ്പിക്കും. നബി(സ്വ) പറയുന്നു: “ആസ്വാദനങ്ങളുടെ അന്തകനായ മരണത്തെ നിങ്ങള്‍ ധാരാളമായി സ്മരിക്കുക” (തുര്‍മുദി).

അബ്ദുല്ലാഹിബ്നു ഉമര്‍(റ) പറയുന്നു: “ഞാന്‍ നബി(സ്വ)യുടെ സദസ്സിലേക്കു കടന്നുചെന്നു. പത്തോളം പേര്‍ സദസ്സിലുണ്ട്. അതിലൊരു അന്‍സ്വാരി നബി(സ്വ)യോടു ചോദിച്ചു. അല്ലാഹുവിന്റെ റസൂലേ, ജനങ്ങളില്‍ ഏറ്റവും മാന്യനും ബുദ്ധിമാനും ആരാണ്? തിരുമേനി(സ്വ) പറഞ്ഞു: ജനങ്ങളില്‍ ഏറ്റവും മരണസ്മരണയും മരണത്തിനു തയ്യാറെടുപ്പും ഉള്ളവന്‍. അത്തരക്കാര്‍ ഇഹലോകത്തു ബഹുമതിയും പരലോകത്തു ശ്രേഷ്ഠതയും കരസ്ഥമാക്കി” (ഇബ്നുമാജ). മരണസ്മരണ മുകല്ലഫായ എല്ലാവരും അധികരിപ്പിക്കണമെന്നും അതു അല്ലാഹുവിന്റെ കല്‍പനകള്‍ അനുസരിക്കുന്നതിനു പ്രേരകമാകുമെന്നും തുഹ്ഫ 3/90 ല്‍ കാണാം.

മരണചിന്ത വ്യക്തി സംസ്കരണത്തിനു ഏറ്റവും ഉചിതമായ മാര്‍ഗമാണെന്നു ആത്മീയജ്ഞാനികള്‍ വിവരിക്കുന്നു. ഐഹിക സുഖസൌകര്യങ്ങള്‍ അനുഭവിച്ച് അഹങ്കാരികളും ധിക്കാരികളുമായി അല്ലാഹുവിന്റെ കല്‍പനകള്‍ മാനിക്കാതെ സ്വൈരജീവിതം നയിക്കുന്ന മനുഷ്യനെ ഒറ്റ നി മിഷംകൊണ്ടു പിടിച്ചു നിര്‍ത്താന്‍ മരണചിന്തക്കു കഴിയും. ദൈനംദിന അനുഭവങ്ങള്‍ തന്നെ ഇതിനു ധാരാളം മതി. എത്ര ആഹ്ളാദകരമായ നിമിഷങ്ങളാണ് ഞൊടിയിടകൊണ്ടു മരണം തകര്‍ ത്തുകളയുന്നത്. വധൂവരന്മാര്‍ ജീവിത സ്വപ്നങ്ങളുടെ സ്വര്‍ണത്തേരിലേറി സങ്കല്‍പങ്ങളുടെ മായികലോകത്തുകൂടെ സഞ്ചരിക്കുമ്പോള്‍ അവരുടെ കാര്‍ അപകടത്തില്‍പെടുന്നു. എല്ലാ സ്വപ് നങ്ങളും തകരുന്നു. പ്രതീക്ഷകളുടെ നൂറുനൂറു കഥകളുമായി ഭാവി കരുപ്പിടിപ്പിക്കാന്‍, അല്ലെങ്കില്‍ നീണ്ട വര്‍ഷങ്ങളിലെ മരുഭൂവാസത്തിനു ശേഷം തീച്ചൂടേറ്റു സമ്പാദിച്ച വസ്തുവകകളുമായി ഉറ്റവരുടെയും ഉടയവരുടെയും അടുത്തേക്ക് പറന്നുവരുമ്പോള്‍ മരണം ആകാശത്തിനു ചു വട്ടില്‍ വന്നു മുട്ടുന്നുþ- ഒരു പൊട്ടിത്തെറി. ഭൂമിയില്‍ വന്നുവീഴുന്നത് വെറും ചാരാവശിഷ്ടങ്ങള്‍! ഒരു ആകാശദുരന്തത്തിന്റെ ബാക്കിപത്രം. ഇത്തരം അനുഭവങ്ങളില്‍ നിന്നു ഗുണപാഠമുള്‍ക്കൊള്ളാനാണു മരണസ്മരണ സുന്നത്താക്കിയിരിക്കുന്നത്.

ആസന്നമരണനായിക്കഴിയുമ്പോള്‍ സല്‍ക്കര്‍മ്മങ്ങളെക്കുറിച്ചു ചിന്തിക്കുന്നത് നിഷ്ഫലമാണെ ന്നു ഖുര്‍ആന്‍ അസന്നിഗ്ധമായി പ്രസ്താവിക്കുന്നു. സൂറത്തുല്‍ മുനാഫിഖൂനയില്‍ മരണനിമിഷങ്ങളിലെ വിഹ്വലചിന്തകളെ ഹൃദയസ്പൃക്കായിത്തന്നെ ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. അല്‍പ സമയം നീട്ടിക്കിട്ടിയാല്‍ ഞാന്‍ നിസ്കരിക്കാം, നോമ്പനുഷ്ഠിക്കാം, ദാനധര്‍മ്മങ്ങള്‍ ചെയ്യാം, സല്‍ക്കര്‍മ്മിയാകാം എന്നിങ്ങനെ മനുഷ്യന്‍ വിലപിക്കും. പക്ഷേ, ഈ വിലാപം അസ്ഥാനത്തും ഫലശൂന്യവുമാണെന്നും ഒരു നിമിഷം പോലും മരണത്തെ പിന്തിരിപ്പിക്കുന്ന പ്രശ്നമില്ലെന്നും ഖുര്‍ആന്‍ തീര്‍ത്തു പറയുന്നു.

മരണചിന്ത മരണത്തിനുവേണ്ടിയുള്ള തയ്യാറെടുപ്പിനു പ്രേരിപ്പിക്കും. ദീര്‍ഘയാത്രക്കൊരുങ്ങുന്ന വ്യക്തി എന്തൊക്കെ മുന്നൊരുക്കങ്ങളാണു ചെയ്യുക. മടക്കയാത്രക്കു തയ്യാറെടുക്കുന്നവര്‍ അതിലേറെ ഒരുങ്ങണം. ലക്ഷ്യസ്ഥാനത്തെത്തുന്നതുവരെയും സ്ഥിരവാസസ്ഥലത്തു കഴിയുന്നതിനുള്ള വിഭവശേഖരണം തന്നെ പ്രധാനം. ദീനാറും ദിര്‍ഹമും പ്രയോജനപ്പെടാത്ത ദിവസം എ ന്നാണ് പാരത്രികലോകത്തെ നബി(സ്വ) വിശേഷിപ്പിക്കുന്നത്. അവിടെ ഫലപ്പെടുക ഇബാദത്തുകളാണ്. ഗള്‍ഫുനാടുകളിലോ മറ്റേതെങ്കിലും വിദേശരാജ്യങ്ങളിലോ ഇന്ത്യന്‍ രൂപയും കൊണ്ടു ചെന്നാല്‍ വെറുതെയാകുമെന്നു പറയേണ്ടതില്ലല്ലോ. സൌദി റിയാലോ യു.എ.ഇ. ദിര്‍ഹമോ ഇവിടെ നാട്ടിന്‍ പുറത്തെ ചായപ്പീടികയില്‍ ചിലവാകുമോ? പരലോകത്ത് ഇവിടത്തെ ഭൌതിക സമ്പാദ്യങ്ങള്‍ എടുക്കാത്ത നാണയങ്ങളാണ്. അവിടെ സത്കര്‍മ്മങ്ങള്‍ മാത്രമേ വിലപ്പോകൂ. വിദേശയാത്ര പോകുന്നവര്‍ വിദേശനാണ്യം കരുതിവെക്കുന്നതുപോലെ പരലോകയാത്രക്കൊരുങ്ങുന്നവര്‍ ഇബാദത്തുകള്‍ പരമാവധി കരുതിവെക്കണം. വഴിച്ചിലവിനും പരലോക ജീവിതത്തിനും അതേ ഉപകാരപ്പെടൂ. ഫര്‍ളും സുന്നത്തുമായി വിധിച്ചിട്ടുള്ള ആരാധനകള്‍ കൃത്യമായും സൂക്ഷ്മമായും ചെയ്യുക. സാമൂഹികമായ കടമകളും ബാധ്യതകളും യഥാവിധി നിറവേറ്റുക. ജനങ്ങളുമായുള്ള ബാധ്യതകളും ഇടപാടുകളും തീര്‍ക്കുക (അതു ദ്രവ്യപരമാണെങ്കില്‍ കൊടുത്തുതന്നെ തീര്‍ക്കണം). താനുമായി ബന്ധപ്പെട്ട ആരെയെങ്കിലും അറിഞ്ഞോ അറിയാതെയോ ബുദ്ധിമുട്ടിച്ചിട്ടുണ്ടെങ്കില്‍, ഏഷണിയും പരദൂഷണവും പറഞ്ഞിട്ടുണ്ടെങ്കില്‍ പൊരുത്തപ്പെടീക്കുക. പണമിടപാടുകള്‍ തീര്‍ക്കുക. മരണം എന്ന വാഹനം ഏതു സമയത്തും വരാം. കയറാനാവശ്യപ്പെടാം. ഒന്നു തിരിഞ്ഞുനോക്കാനോ ഏതെങ്കിലും ഇടപാടുകള്‍ തീര്‍ക്കാനോ സാവകാശം കിട്ടില്ല. മേല്‍പറഞ്ഞ മുന്നൊരുക്കങ്ങള്‍ യാത്രയും ലക്ഷ്യസ്ഥാനവും സുഖകരമാക്കാന്‍ വേണ്ടിയാണ്.

ബാധ്യതകള്‍ തീര്‍ക്കുക

ജനങ്ങളുമായുള്ള ബാധ്യതകള്‍ തീര്‍ക്കാതെ മരിക്കാനിടവന്നാലോ? ഇമാം മുസ്ലിം(റ) നിവേദനം ചെയ്ത ഒരു ഹദീസിലൂടെ ഇതിന്റെ പരിണിതി മനസ്സിലാക്കാവുന്നതേയുള്ളൂ. നബി(സ്വ) ഒരവസരത്തില്‍ സ്വഹാബികളോടു ചോദിച്ചു: “പാപ്പരായവന്‍ ആരാണ് എന്നു നിങ്ങള്‍ക്കറിയാമോ?” സ്വഹാബികള്‍ പറഞ്ഞു: “വെള്ളിയും സ്വര്‍ണവും കയ്യിലില്ലാത്തവന്‍.” റസൂല്‍(സ്വ) തി രുത്തി: “എന്റെ സമുദായത്തില്‍ പാപ്പരായവന്‍ ആരാണെന്നോ – അന്ത്യനാളില്‍ നോമ്പും നിസ് കാരവുമായി ഒരാള്‍ വരും. അവന്‍ പക്ഷേ, അന്യനെ ചീത്ത പറഞ്ഞിട്ടുണ്ടാവും. അപവാദം പറഞ്ഞു നടന്നിട്ടുണ്ടാവും. മറ്റൊരാളുടെ സ്വത്ത് അപഹരിച്ചിട്ടുണ്ടാവും. വേറൊരാളുടെ രക്തമൊഴുക്കിയിരിക്കും. ഒരാളെ പ്രഹരിച്ചിരിക്കും. വേറെയും പലതരം ഇടപാടുകള്‍. ഒടുവില്‍ അവന്റെ സല്‍കര്‍മ്മങ്ങള്‍ പരാതിക്കാര്‍ക്കു വീതം വെച്ചുകൊടുക്കും. എല്ലാ ഇടപാടുകാരുടെയും കടം വീട്ടും മുമ്പ് ഇവന്റെ അമലുകള്‍ തീര്‍ന്നുപോകും. അപ്പോള്‍ അവരുടെ പാപങ്ങള്‍ ഇവന്റെ മേല്‍ ചാര്‍ത്തും. പിന്നീട് ഇവനെ നരകത്തിലേക്കെറിയുകയും ചെയ്യും.”  മുന്‍കൂട്ടിയുള്ള ചെറിയ ശ്രമങ്ങള്‍ കൊണ്ടു ഈ വന്‍ദുരന്തങ്ങള്‍ ഒഴിവാക്കാനാകും. മരണത്തെക്കുറിച്ചുള്ള ഓര്‍മ്മക്കു മാത്രമേ ഫലപ്രദമായി കുറ്റവിചാരം ഉണ്ടാക്കാനാകൂ. കുറ്റവിമോചനത്തിനു പ്രേരിപ്പിക്കാനും ഇതുകൊണ്ടേ കഴിയൂ. മരണ മുഹൂര്‍ത്തത്തിലെ ഭീതിജനകമായ ഒരു സന്ദര്‍ഭം സൂറത്തുല്‍ ഖിയാമയുടെ പത്തു ചെറുസൂക്തങ്ങളിലായി വിശുദ്ധ ഖുര്‍ആന്‍ വിവരിക്കുന്നത് മരണവിചാരം മനുഷ്യരില്‍ എന്നും പച്ചയായി നില്‍ക്കാന്‍ വേണ്ടിയാണ്. വേര്‍പാടിന്റെ നിമിഷങ്ങളാണെന്നറിയുമ്പോള്‍ മനുഷ്യന്‍ കാണിക്കുന്ന വെപ്രാളം. മന്ത്രിക്കാന്‍ ആരുണ്ട് എന്നന്വേഷിക്കുന്നു. മന്ത്രം കൊണ്ട് താന്‍ മോചിതനാകുമെന്ന് അവന്‍ പ്രതീക്ഷിക്കുന്നു. കണങ്കാലുകള്‍ കൂടിപ്പിണയുമ്പോള്‍ അന്ത്യനിമിഷങ്ങള്‍ സുനിശ്ചിതമായതവന്‍ അറിയുന്നു. തന്റെ നാഥനിലേക്കുള്ള മടക്കം അവന്‍ കാണുന്നു. നിസ്കരിച്ചിട്ടില്ല. ദാനധര്‍മ്മങ്ങള്‍ ചെയ്തിട്ടില്ല. മാത്രമല്ല വിശ്വാസ പാതയില്‍ നിന്നുതന്നെ അകന്നുപോയിരിക്കുന്നു. ഖുര്‍ആനെ നിഷേധിച്ചിരിക്കുന്നു. ധിക്കാരവും പൊങ്ങച്ചവും കാണിച്ചു നടന്നിരിക്കുന്നു. സര്‍വനാശമാണു തനിക്കു വിതാനിച്ചിരിക്കുന്നതെന്നു അവന്‍ തിരിച്ചറിയുന്നു. മനുഷ്യനെ വെറുതെ വിടുമെന്നു നിനച്ചുപോയോ എന്നു സൂറത്തുല്‍ ഖിയാമയുടെ അന്ത്യത്തില്‍ അല്ലാഹു ചോദിക്കുന്നുണ്ട്. ഇത്തരം ഒരന്ത്യം ഭവിക്കാതിരിക്കാനാണു മരണത്തെക്കുറിച്ചുള്ള ചിന്ത കണ്ഠാഭരണം പോലെ അണിഞ്ഞു നടക്കാന്‍ ഇസ്ലാം കല്‍പിക്കുന്നത്.

മരണം കൊതിക്കരുത്

എന്തെങ്കിലും പ്രയാസങ്ങള്‍ നേരിടുമ്പോള്‍ മരണം കൊതിക്കുന്നത് പ്രയാസങ്ങള്‍ നേരിടാന്‍ കരുത്തില്ലാത്ത ദുര്‍ബലരുടെ ശീലമാണ്. മരണത്തെ ഓര്‍ക്കുന്നതേ സുന്നത്തുള്ളൂ (രോഗികള്‍ക്കു പ്രത്യേകം സുന്നത്തുണ്ട്). എന്നാല്‍ മരിച്ചുകിട്ടിയെങ്കില്‍ എന്നു പ്രാര്‍ഥിക്കാന്‍ പാടില്ല. മരണം ആഗ്രഹിക്കേണ്ട ഒരവസ്ഥ വന്നാല്‍ എന്തു ചെയ്യണമെന്ന് അനസ്(റ)വില്‍ നിന്ന് ഇമാം ബുഖാരി യും മുസ്ലിമും നിവേദനം ചെയ്ത ഹദീസ് വ്യക്തമാക്കുന്നുണ്ട്. എന്തെങ്കിലും പ്രയാസം നേരിട്ടതിനു നിങ്ങള്‍ മരണത്തെ ആഗ്രഹിക്കരുത്. ഇനി മരണത്തെ ആഗ്രഹിക്കേണ്ടവിധം ക്ളേശം അനുഭവിക്കേണ്ടതായി വന്നാല്‍, ജീവിതം ഗുണകരമാണെങ്കില്‍ എന്നെ ജീവിപ്പിക്കുകയും മരണമാണു ഗുണമെങ്കില്‍ എന്നെ മരിപ്പിക്കുകയും ചെയ്യേണമേ എന്നു പ്രാര്‍ഥിക്കാമെന്നാണ് ഹദീസിന്റെ സാ രാംശം.

എല്ലാവരും മരണത്തെ ഓര്‍ത്തു നശ്വരമായ ജീവിതം വിട്ടു പരലോക ചിന്തയില്‍ മാത്രം കഴിഞ്ഞാല്‍ ഭൌതിക ജീവിതമാകെ താറുമാറായിപ്പോകില്ലേ? ഈ ചോദ്യത്തില്‍ അസ്വഭാവികതയുണ്ട്. സമൂഹത്തിലെ മുഴുവന്‍ വ്യക്തികളും ആത്മീയചിന്തയില്‍ മുഴുകി ഭൌതിക ജീവിതം നിശ്ചലമാകുന്ന ഒരവസ്ഥ വരാനിടയില്ല. കാരണം മനുഷ്യപ്രകൃതം ഒരു വിഷയത്തിലും നൂറു ശതമാനം ഐക്യരൂപമുണ്ടാകുന്ന വിധത്തിലല്ല. അപൂര്‍വം ചിലരൊക്കെ മരണചിന്ത കാരണം ഭൌതിക സു ഖാസ്വാദനങ്ങള്‍ ഉപേക്ഷിച്ച് ആത്മീയചിന്തയില്‍ മുഴുകിയെന്നു വരാം. മരണത്തെക്കുറിച്ചുള്ള ചിന്ത സുന്നത്താക്കിയത് മനുഷ്യനെ നിയന്ത്രിക്കാനാണ്. അവന്റെ ഇച്ഛകളേയും ദുരകളേയും കടിഞ്ഞാണിടാന്‍ വേണ്ടിയാണ്. അവനെ നിഷ്ക്രിയനും നിര്‍വീര്യനുമാക്കാനല്ല. അപഥസഞ്ചാരം നടത്തുമ്പോള്‍ പുനര്‍വിചിന്തനത്തിനും സദ്വിചാരത്തിനും അവസരമുണ്ടാകണം. ഈ ശാസന തന്നെ പൊതുവായിട്ടല്ല. വിദ്യാര്‍ഥികള്‍ക്കു മരണസ്മരണ സുന്നത്തില്ലെന്നു കര്‍മ്മശാസ്ത്രഗ്രന്ഥങ്ങള്‍ വ്യാഖ്യാനിക്കുന്നുണ്ട്. വിദ്യാഭ്യാസ കാലത്തു മരണത്തെക്കുറിച്ചു ചിന്തിച്ചാല്‍ പഠനോത്സാ ഹം നശിക്കാനിടയുണ്ട്. ഇതു വൈജ്ഞാനിക പ്രതിസന്ധിയുണ്ടാക്കും.

മരണത്തെ ആഗ്രഹിക്കാന്‍ പാടില്ലാത്തതുപോലെ രോഗം വന്നാല്‍ ചികിത്സിക്കാതെ ശരീരത്തെ പീഢിപ്പിക്കുന്നതും തെറ്റാണ്. എല്ലാ രോഗത്തിനും മരുന്നുണ്ടെന്നാണു നബിവചനം. പക്ഷേ, ചില രോഗത്തിനുള്ള മരുന്നുകള്‍ കണ്ടുപിടിച്ചിട്ടില്ല എന്നുവരാം. എല്ലാ മരുന്നുകളും നൂറുശതമാനം ഫലപ്രദമാകണമെന്നുമില്ല.

മരണവും ജീവിതവുമല്ലാത്ത ഒരവസ്ഥ മനുഷ്യനില്ലേ? ഒറ്റവാക്കില്‍ ഇല്ല എന്നാണുത്തരം. എന്നാ ല്‍ ജീവിതത്തിന് അവസ്ഥാന്തരങ്ങളുണ്ട്. മനുഷ്യജീവിതത്തിന്റെ ആദ്യഘട്ടം ഗര്‍ഭാശയ ജീവിതമാണ്. രണ്ടാം ഘട്ടം ഇഹലോകജീവിതം. മൂന്നു പാരത്രികജീവിതവും. ആത്മാവും ജഡവും ചേര്‍ ന്നതാണു മനുഷ്യന്‍. ആദ്യത്തെ രണ്ടു ഘട്ടത്തിലും ശരീരത്തിനും ആത്മാവിനും പ്രാധാന്യമുണ്ട്. മൂന്നാം ഘട്ടത്തില്‍ ആത്മാവിനാണു പ്രാധാന്യം.

മരണത്തോടെ എല്ലാം അവസാനിച്ചു എന്ന വിശ്വാസം ഇസ്ലാമിലില്ല. മരണത്തോടെയാണ് അര്‍ ഥപൂര്‍ണമായ ജീവിതം ആരംഭിക്കുന്നത്. മരണത്തോടെ ദേഹം നശിച്ചാലും ദേഹി അനശ്വരമായി നില്‍ക്കുന്നു. ഇഹലോക ജീവിതത്തിന്റെ സ്വഭാവമനുസരിച്ചു പാരത്രിക ജീവിതത്തിന്റെ സ്വഭാവം നിര്‍ണയിക്കാനാവും. സത്യവിശ്വാസവും സദ്പ്രവൃത്തിയും പാരത്രിക മോക്ഷത്തിനു കാരണമാകും. ഇഹലോക ജീവിതം ഭൌതിക സുഖാസ്വാദനങ്ങളില്‍ മാത്രം ഒതുക്കിയാല്‍ ശാശ്വതമായ പാരത്രിക ജീവിതം ക്ളേശപൂരിതമായിരിക്കും.


RELATED ARTICLE

 • രോഗ സന്ദര്‍ശനം
 • ഖബര്‍ സിയാറത്ത്
 • രോഗിയെ കിടത്തേണ്ട വിധം
 • മയ്യിത്തു നിസ്കാരം
 • ഖബറടക്കല്‍
 • മയ്യിത്തു കുളിപ്പിക്കല്‍
 • മയ്യിത്തു പ്രദര്‍ശനങ്ങള്‍
 • മയ്യിത്തിനെ അനുഗമിക്കല്‍
 • കഫന്‍ ചെയ്യല്‍
 • അനുശോചനം
 • അലംഘനീയമായ വിധി