Click to Download Ihyaussunna Application Form
 

 

മയ്യിത്തു നിസ്കാരം

യ്യിത്തു നിസ്കാരം ആരംഭിക്കുകയാണ്. എന്നിട്ടും ആ ചെറുപ്പക്കാരന്‍ അകത്തേക്കും പുറത്തേക്കുമല്ലാത്ത മട്ടിലാണു നില്‍ക്കുന്നത്. കാലില്‍ നിന്നു ചെരിപ്പ് ഊരുകയും ഇടുകയും ചെയ്തുകൊണ്ട് ‘ഞാനിതാ വന്നുപോയ്’ എന്നു തോന്നിപ്പിക്കാനാണ് അയാളുടെ ശ്രമം. ആരോ ചിലര്‍ അയാളെ അകത്തു വരാന്‍ നിര്‍ബന്ധിക്കുക കൂടി ചെയ്തപ്പോള്‍ അയാളുടെ മുഖത്ത് പരുങ്ങല്‍, വെപ്രാളം. ഇതിനിടെ അടുത്തു നിന്ന ഒരാളോടു ചെറുപ്പക്കാരന്‍ ഒരു സ്വകാര്യം പോലെ പറയുന്നതു കേട്ടു.

“നിങ്ങള്‍ തുടങ്ങിക്കോളൂ. എന്റെ തുണി വൃത്തിയില്ല……”

ആളുകള്‍ അണിയൊപ്പിച്ചു നിന്നു കഴിഞ്ഞപ്പോള്‍ പള്ളിയിലെ ഇമാം ഉറക്കെ വിളിച്ചു ചോദിച്ചു: “ഇമാമത്ത് നില്‍ക്കാന്‍ മകന്‍ വന്നിട്ടില്ലേ….?” ആരും മറുപടി പറഞ്ഞില്ല.

നിസ്കാരം കഴിഞ്ഞു പള്ളിയില്‍ നിന്നു പുറത്തിറങ്ങുമ്പോള്‍ ശ്രദ്ധിച്ചു. അയാള്‍ അവിടെയെങ്ങുമില്ല. ഖബറടക്കം നടക്കുമ്പോള്‍ ആള്‍ക്കൂട്ടത്തില്‍ അയാളെയും കണ്ടു. മെരുകിനെ പോലെ അങ്ങിങ്ങു പരക്കം പായുന്നു. ഇത്രയുമായപ്പോഴാണ് ഹാജിയുടെ നിര്‍ഭാഗ്യത്തെക്കുറിച്ചു ചിന്തിക്കുന്നത്. എത്ര നല്ല മനുഷ്യനായിരുന്നു. പക്ഷേ, മരിച്ചു കിടന്നപ്പോള്‍ “പടച്ചവനെ, എന്റെ പിതാവിനു പൊറുത്തു കൊടുക്കണേ……”എന്നു മനംനൊ ന്തു പ്രാര്‍ഥിക്കാന്‍ കെല്‍പില്ലാത്ത ഒരു മകനായിപ്പോയി അദ്ദേഹത്തിനുണ്ടായത്.

ഒരു കണക്കിന് ഹാജി തന്നെയല്ലേ ഇതിനുത്തരവാദി? കണക്കില്ലാതെ സമ്പാദിച്ചു കൂട്ടി. സമൂഹത്തില്‍ അര്‍ഹിക്കുന്നതിലധികം പദവികള്‍ നേടിയെടുത്തു. എല്ലാ സമ്പാദ്യത്തി നും ആകെയുള്ള അവകാശി ഒരേയൊരു മകന്‍. മകന് ഉയര്‍ന്ന വിദ്യാഭ്യാസവും തൊഴിലും ഉണ്ടാക്കിക്കൊടുത്തു. ഈ തിരക്കില്‍ ഹാജി ഒരു കാര്യം മറന്നു; മകന് മതപരമായ അറിവു നല്‍കാന്‍. അതിന്റെ ഫലം ഹാജി അനുഭവിച്ചിരിക്കുന്നു. നാടുമുഴുവന്‍ ആ നല്ല മനുഷ്യനുവേണ്ടി ഉള്ളുരുകി പ്രാര്‍ഥിച്ചുകൊണ്ടു നിസ്കാരം നിര്‍വഹിച്ചപ്പോള്‍ ഏകമകന്‍ ‘അശുദ്ധി’ ഭാവിച്ച് പുറത്തു നിന്നതു കണ്ടില്ലേ? നാട്ടിലെ എല്ലാ നല്ല കാര്യങ്ങ ള്‍ക്കും നേതൃത്വം നല്‍കുന്ന, അറിയാവുന്നവരോ അല്ലാത്തവരോ ആയ ഏതു മയ്യിത്തി നുവേണ്ടിയും നിസ്കരിച്ചിരുന്ന ഹാജിയുടെ ആത്മാവ് പിടഞ്ഞു കാണും.

മരിച്ച പിതാക്കളുടെ ജനാസക്കു മുമ്പില്‍ നിന്ന് ‘എന്റെ പിതാവിനു പൊറുത്തു കൊടുക്കണേ….’ എന്നു മനംനൊന്ത് ഒരു മകന്‍ പ്രാര്‍ഥിച്ചാല്‍ ആ പ്രാര്‍ഥന സഫലമാകും. പത്തുരൂപ കൂലികൊടുത്തു മറ്റൊരാളെക്കൊണ്ടു നൂറുതവണ പറയിച്ചാലും ഈ ഒരൊറ്റ പ്രാര്‍ഥനയുടെ ഫലം കിട്ടില്ല.

മരണശേഷം തുടര്‍ച്ചയായി ഫലം ലഭിച്ചുകൊണ്ടിരിക്കുന്ന സമ്പാദ്യമാണ് തനിക്കുവേണ്ടി പ്രാര്‍ഥിക്കുന്ന സദ്വൃത്തരായ മക്കള്‍ എന്നു ഹദീസില്‍ വന്നിട്ടുണ്ട്. ഇത് നിഷ്ഫലമാകുന്നത് ഒരു പിതാവിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ദൌര്‍ഭാഗ്യമാണ്. മാതാപിതാക്കളോ അടുത്ത ബന്ധുക്കളോ മരിക്കുമ്പോഴേക്ക് ‘അശുദ്ധി’ ബാധിക്കുന്നവര്‍ രണ്ടു തരമുണ്ട്. ഒന്ന്, അതൊന്നും അത്ര കാര്യമല്ല എന്നു കരുതുന്നവര്‍. മരിച്ചാല്‍ എല്ലാം കഴിഞ്ഞു. ഇനിയൊന്നു മണ്ണിനടിയില്‍ ആക്കിയാല്‍ മതി എന്നാണിവരുടെ പക്ഷം. മറ്റൊന്ന്, അത്ര കാര്യമല്ലെന്ന ധാരണയുണ്ടെങ്കിലും മാതാപിതാക്കളില്‍ ആരെങ്കിലും മരിക്കുമ്പോള്‍ സ്വഭാവം മാറും. കര്‍ത്തവ്യത്തെക്കുറിച്ചു ബോധം വരും. പക്ഷേ, എന്തു ചെയ്യണമെന്നറിയില്ല. ഇക്കാലത്തിനിടക്കു നിസ്കരിച്ചു നോക്കിയിട്ടുപോലുമുണ്ടാവില്ല; എന്നിട്ടല്ലേ ഇമാമത്ത് നില്‍ക്കുന്നത്?

അല്ലാഹുവില്‍ ഒരു വസ്തുവിനെയും പങ്കുചേര്‍ക്കാത്ത നാല്‍പതു പേര്‍ ചേര്‍ന്നു ഒരാള്‍ ക്കുവേണ്ടി മയ്യിത്തു നിസ്കരിച്ചാല്‍ അവരുടെ ശിപാര്‍ശ അല്ലാഹു സ്വീകരിക്കാതിരിക്കുകയില്ലെന്നു നബി(സ്വ) പറഞ്ഞതായി മുസ്ലിം നിവേദനം ചെയ്തിട്ടുണ്ട്. മൂന്നു സ്വഫ്ഫ് ആളുകള്‍ ഒരു മയ്യിത്തിന്റെ മേല്‍ നിസ്കരിച്ചാല്‍ അയാള്‍ക്കു സ്വര്‍ഗം നിര്‍ബന്ധമായെന്നു ഹാകിം(റ) നിവേദനം ചെയ്ത ഹദീസില്‍ കാണാം. നിസ്കരിക്കാന്‍ ആളു കുറവാണെങ്കില്‍ ഉള്ളവരെ മൂന്ന് അണിയായി നിറുത്തേണ്ടതാണ്. ഒരു അണിയില്‍ രണ്ടുപേരുണ്ടായാലും മതി.

ഏതെങ്കിലും കാരണവശാല്‍ ഒരു മയ്യിത്തിനെ കുളിപ്പിക്കാന്‍ കഴിഞ്ഞില്ലെന്നു കരുതുക. അപകടത്തില്‍ പെട്ടു കുളിപ്പിക്കാന്‍ കഴിയാത്ത വിധം തകര്‍ന്നുപോയി. അല്ലെങ്കില്‍ മണ്ണിടിഞ്ഞു വീണ് അതില്‍ പെട്ട് കാണാതായി. എന്നാല്‍ ആ മയ്യിത്തിന്റെ മേല്‍ നിസ്കരിക്കേണ്ടതില്ല.

ഇസ്ലാമിന്റെ നിലനില്‍പിനുവേണ്ടി പടപൊരുതി മരിച്ച ശഹീദിനെ രക്തം പുരണ്ട വസ് ത്രത്തോടെ കഫന്‍ ചെയ്തു നിസ്കരിക്കാതെ മറവു ചെയ്യണം.

നേതൃത്വം ആര്‍ക്ക്?

ആരു നിസ്കരിക്കണമെന്നു കൂടി പറയാം. ഒരു പുരുഷന്‍ നിസ്കരിച്ചാല്‍ സാമൂഹ്യബാധ്യത തീര്‍ന്നു. എന്നാല്‍ സത്രീകളും പുരുഷന്മാരും ഉള്ളപ്പോള്‍ സ്ത്രീകള്‍ മാത്രം നിസ് കരിച്ചാല്‍ ബാധ്യത തീരില്ല. സ്ത്രീകള്‍ മാത്രമേ ഉള്ളൂ എങ്കില്‍ അവര്‍ നിസ്കരിക്കണം. അതുകൊണ്ട് എല്ലാവരുടെയും കടമ തീരുകയും ചെയ്യും.

മയ്യിത്തു നിസ്കാരത്തിന് ഇമാമത്തു നില്‍ക്കാന്‍ ഏറ്റവും അര്‍ഹത മയ്യിത്തു കുളിപ്പിക്കാന്‍ നേരത്തെ പറഞ്ഞ ക്രമമുണ്ടല്ലോ അതനുസരിച്ചുള്ള ആള്‍ക്കാണ്. പക്ഷേ, ഈ ലിസ്റ്റില്‍ സ്ത്രീകളുണ്ടെങ്കില്‍ അവര്‍ക്കതിന് അവകാശമില്ല.

മയ്യിത്തു നിസ്കാരത്തിന് മറ്റു നിസ്കാരങ്ങള്‍ക്കുള്ള ശര്‍ത്വുകള്‍ക്കു പുറമെ മയ്യിത്തു കുളിപ്പിക്കുക എന്നതു കൂടി ശര്‍ത്വാണ്. മയ്യിത്ത് മുസ്ലിമിന്റേതായിരിക്കലാണ് ഇനിയൊരു ശര്‍ത്വ്. അമുസ്ലിമിന്റെ മേല്‍ നിസ്കരിക്കല്‍ നിഷിദ്ധമാണ്. അവിശ്വാസികളുടെ മേല്‍ നിസ്കരിക്കുകയോ അവരുടെ ഖബറിങ്കല്‍ നില്‍ക്കുകയോ ചെയ്യരുതെന്നു വിശു ദ്ധ ഖുര്‍ആന്‍ വിരോധിച്ചിട്ടുണ്ട്. ശഹീദ് അല്ലാത്ത മയ്യിത്ത് ആകലും നിസ്കാരത്തിന്റെ ശര്‍ത്വില്‍ പെടും. ഉഹ്ദ് യുദ്ധത്തില്‍ ശഹീദായവരെ കുളിപ്പിക്കാതെയും നിസ്കരിക്കാതെയും ഖബറടക്കിയതായി ബുഖാരിയുടെ നിവേദനത്തിലുണ്ട്. രക്തസാക്ഷിയുടെ മേല്‍ നിസ്കരിക്കല്‍ ഹറാമാണ്. മയ്യിത്തിന്റെ സാന്നിദ്ധ്യത്തില്‍ വെച്ചു നിസ്കരിക്കുമ്പോള്‍ (മയ്യിത്ത് ഖബ്റിലാണെങ്കിലും ശരി) മയ്യിത്തിനെ പിന്നിലാക്കി നിസ്കരിക്കാതിരിക്കുക. ഒപ്പമാകാനും പാടില്ല. മയ്യിത്ത് മുന്നില്‍ വെച്ചു വേണം നിസ്കരിക്കാന്‍. ഇതും ശര്‍ത്വാണ്.

മയ്യിത്തിന്റെ സാന്നിദ്ധ്യത്തില്‍ മാത്രമെ ഈ നിബന്ധനയുള്ളൂ. അന്യനാട്ടിലുള്ള മയ്യിത്തിന് ഇതു ബാധകമല്ല. ദൂരെ നാട്ടിലെവിടെയോ മരിച്ചു എന്നു കേള്‍ക്കുമ്പോഴേക്ക് മയ്യിത്ത് നിസ്കരിക്കേണ്ട. മയ്യിത്ത് കുളിപ്പിച്ചു കഴിഞ്ഞു എന്നുറപ്പു വന്നാലേ മറഞ്ഞ മയ്യിത്തിന്റെ മേല്‍ നിസ്കരിക്കാവൂ.

മയ്യിത്ത് നിസ്കാരത്തിന് ഏഴു ഫര്‍ളുകളുണ്ട്. ഒന്ന്: നിയ്യത്ത്. സാധാരണ നിസ്കാരത്തിന്റെ നിയ്യത്തില്‍ നിര്‍ബന്ധമുള്ളത് ഇവിടെയും നിര്‍ബന്ധമാണ്. എന്നാല്‍ ‘ഫര്‍ള് കിഫായ’ എന്നു കരുതണമെന്നില്ല. ‘ഫര്‍ള്’ എന്നു കരുതിയാലും മതി. ഇന്ന മയ്യിത്താണെന്നു നിയ്യത്തില്‍ കൃത്യമായി പറയണമെന്നുമില്ല.

രണ്ടാമത്തെ ഫര്‍ള്, നില്‍ക്കാന്‍ കഴിവുള്ളവര്‍ നിന്നുതന്നെ നിസ്കരിക്കലാണ്. ഇതിനു കഴിയാത്തവര്‍ക്ക് ഇരുന്നും അതിന്നും കഴിയാത്തവര്‍ക്ക് ചെരിഞ്ഞു കിടന്നും നിസ്കരിക്കാം. തക്ബീറത്തുല്‍ ഇഹ്റാം ഉള്‍പ്പെടെ നാലു തക്ബീര്‍ ചൊല്ലലാണ് മൂന്നാമത്തെ ഫര്‍ള്.

ഒരാള്‍ അഞ്ചു തക്ബീര്‍ ചൊല്ലിയാലോ? അഞ്ചു ചൊല്ലിയെന്നു കരുതി കുഴപ്പമൊന്നു മില്ല. നിസ്കാരം അസാധുവാകില്ലെന്നര്‍ഥം. നജ്ജാശിയുടെ മേല്‍ നബി(സ്വ) നിസ്കരിച്ചപ്പോള്‍ നാലു തക്ബീര്‍ ചൊല്ലിയതായി ഇമാം ബുഖാരി(റ)യും മറ്റൊരവസരത്തില്‍ അഞ്ചു തക്ബീര്‍ ചൊല്ലിയതായി ഇമാം മുസ്ലിമും(റ) ഉദ്ധരിച്ചിട്ടുണ്ട്. ഇബ്നു അബ്ദില്‍ ബര്‍റ്(റ) പറയുന്നു: നജ്ജാശിയുടെ മരണം വരെ നബി(സ്വ) നാലു മുതല്‍ എട്ടു വരെ തക്ബീറുകള്‍ ചൊല്ലി നിസ്കരിച്ചിരുന്നു. നജ്ജാശിയുടെ നിര്യാണവൃത്താന്തം അറിഞ്ഞപ്പോള്‍ നബി(സ്വ) സ്വഹാബികളെ ഒരുമിച്ചു കൂട്ടി നാലു തക്ബീറായി മറഞ്ഞ മയ്യിത്തിനു നിസ്കരിച്ചു. അതിനുശേഷം വഫാതു വരെ നബി(സ്വ) നാലു തക്ബീറായിട്ടല്ലാതെ നിസ്കരിച്ചിട്ടില്ല(സുബുലുസ്സലാം 2/134). മറഞ്ഞ മയ്യിത്തിനു നിസ്കരിക്കേണ്ടതില്ല എന്ന ചിലരുടെ വാദവും ഈ സംഭവത്തോടെ അസ്ഥാനത്താകുന്നു.

മയ്യിത്ത് നിസ്കാരത്തിന്റെ കാര്യത്തില്‍ ഉമര്‍(റ)വിന്റെ കാലത്ത് ഒരു പൊതുചര്‍ച്ച ഉണ്ടായി. ഖലീഫ പ്രമുഖ സ്വഹാബികളെ വിളിച്ചു വരുത്തി ചര്‍ച്ച ചെയ്തു. നാലും അഞ്ചും ആറും തക്ബീറുകള്‍ ചൊല്ലി നബി(സ്വ) നിസ്കരിച്ചതായി സ്വഹാബികള്‍ സാക്ഷ്യപ്പെടുത്തി. ഇതില്‍ നിന്നു പ്രബലമായ അഭിപ്രായം ഏകോപിപ്പിച്ചു ഉമര്‍(റ) നാലു തക്ബീര്‍ സ്ഥിരപ്പെടുത്തി (ബൈഹഖി).

നാലാമത്തെ ഫര്‍ള് ഫാതിഹ ഓതലാണ്. ഫാതിഹക്കു മുമ്പ് ‘അഊദു’ ഓതലും ശേഷം ആമീന്‍ ചൊല്ലലും സുന്നത്തുണ്ട് (ബാജൂരി 1/261). നബി(സ്വ) മയ്യിത്തു നിസ്കാരത്തില്‍ നാലു തക്ബീര്‍ ചൊല്ലുകയും ഒന്നാം തക്ബീറിനു ശേഷം ഫാതിഹ ഓതുകയും ചെയ്തിരുന്നതായി ഇമാം ശാഫിഈ(റ) വിവരിക്കുന്നു. അബ്ദുല്ലാഹിബ്നു ഔഫ്(റ) പറയുന്നു. ഞാന്‍ അബ്ബാസ്(റ)ന്റെ കൂടെ മയ്യിത്ത് നിസ്കരിച്ചു. അതിലദ്ദേഹം ഫാതിഹ ഓതുകയുണ്ടായി. ശേഷം അദ്ദേഹം പറഞ്ഞു: ഇത് നബി(സ്വ)യുടെ ചര്യയാണ് (ബുഖാരി). രാത്രിയാണെങ്കില്‍ പോലും ഫാതിഹ പതുക്കെയാണ് ഓതേണ്ടത്.

മയ്യിത്തു നിസ്കാരത്തില്‍ വജ്ജഹ്തുവും സൂറത്തും സുന്നത്തില്ല. രണ്ടാമത്തെ തക്ബീറിനു ശേഷം നബി(സ്വ)യുടെ മേല്‍ സ്വലാത്ത് ചൊല്ലണം. ഇത് അഞ്ചാമത്തെ ഫര്‍ളാണ്. സ്വലാത്തിന്റെ കൂടെ സലാം ചൊല്ലലും സുന്നത്തുണ്ട്. മയ്യിത്തിനുവേണ്ടിയുള്ള പ്രാര്‍ഥനയാണ് അടുത്ത ഫര്‍ള്.

ഔഫുബ്നു മാലികി(റ)ല്‍ നിന്നു നിവേദനം. ഇന്നു നിലവിലുള്ള ‘അല്ലാഹുമ്മഗ്ഫിര്‍ലഹു…..’ എന്നു തുടങ്ങുന്ന ദുആയുടെ ആമുഖമായിട്ടാണ് ഈ ഹദീസ് വരുന്നത്. നിവേദകന്‍ പറയുന്നു: നബി(സ്വ) ഒരു മയ്യിത്തിനുമേല്‍ നിസ്കരിക്കുമ്പോള്‍ താഴെ പറയും വിധമുള്ള (അല്ലാഹുമ്മഗ്ഫിര്‍ലഹു…..) ദുആ ചൊല്ലുന്നതായി ഞാന്‍ കേട്ടു. ഈ മയ്യിത്ത് ഞാനായിരുന്നെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിച്ചുപോയി(മുസ്ലിം). നാലാം തക്ബീറിനുശേഷം സലാം വീട്ടുന്നതോടെ ഏഴാം ഫര്‍ളുമായി.

ആളുകൂടുന്നതു പുണ്യം

ഏറ്റവുമെളുപ്പം നിര്‍വഹിക്കാവുന്ന ലളിതമായ കര്‍മ്മമാണു മയ്യിത്തു നിസ്കാരം. റുകൂഇല്ല, സുജൂദില്ല, റക്അത്തുകളില്ല, ഏറെ ചൊല്ലാനില്ല. മറ്റു നിസ്കാരത്തിലെന്നപോലെ മയ്യിത്തു നിസ്കാരത്തിലും ജമാഅത്ത് ശക്തിയായ സുന്നത്താണ്. ജമാഅത്തിന് അംഗസംഖ്യ കൂടുന്നതും പുണ്യമുള്ളതുതന്നെ. രണ്ടു കാര്യത്തിനുവേണ്ടി മയ്യിത്തു നിസ് കാരം പിന്തിക്കാമെന്നു ഫുഖഹാക്കള്‍ പറയുന്നു. ഒന്നു ജമാഅത്തില്‍ ആളു കൂടുതലുണ്ടാകാന്‍ വേണ്ടി,  രണ്ട് രക്ഷാകര്‍ത്താവ് എത്തിച്ചേരാന്‍ വേണ്ടി. മയ്യിത്ത് പകര്‍ച്ചയാകുന്നില്ലെങ്കിലാണിത് (തുഹ്ഫ). നാല്‍പതു പേര്‍ ജനാസ നിസ്കാരത്തില്‍ സംബന്ധിച്ചാല്‍ അവരുടെ ശിപാര്‍ശ സ്വീകരിക്കപ്പെട്ടിട്ടല്ലാതെ ഇല്ല എന്ന് അബ്ദുല്ലാഹിബ്നു അ ബ്ബാസ്(റ)വില്‍ നിന്നു മുസ്ലിം നിവേദനം ചെയ്യുന്നു. മയ്യിത്ത് പകര്‍ച്ചയാവുകയില്ലെങ്കില്‍ നാല്‍പതു പേര്‍ എത്തിച്ചേരാന്‍ വേണ്ടിയും ഏറെ വൈകാതെ നൂറുപേര്‍ എത്താനിടയുണ്ടെങ്കില്‍ അവരെ പ്രതീക്ഷിക്കലും സുന്നത്താണെന്ന സുബ്കി ഇമാമി(റ)ന്റെ അഭിപ്രായം അടിസ്ഥാനപരമാണെന്നു ഇമാം അദ്റഇ(റ)യും സര്‍ക്കശി(റ)യും പ്രസ്താവിച്ചിട്ടുണ്ട് (തുഹ്ഫ 3/192).

മയ്യിത്തു നിസ്കാരം പള്ളിയില്‍ വെച്ചാകുന്നതു സുന്നത്താണ്. നബി(സ്വ) അങ്ങനെ ചെയ്തിട്ടുണ്ട്. സ്വിദ്ദീഖ്(റ), ഉമര്‍(റ) തുടങ്ങി പ്രമുഖരുടെ ജനാസ പള്ളിയിലാണ് നിസ്കരിച്ചത്. മയ്യിത്ത് പൊട്ടി ഒലിക്കുകയോ മറ്റോ ചെയ്തു പള്ളി മലിനമാകുമെന്നു കണ്ടാല്‍ പള്ളിയില്‍ വെച്ചുള്ള നിസ്കാരം ഹറാമാണ് (തുഹ്ഫ).

ജമാഅത്തായി നിസ്കരിക്കുമ്പോള്‍ ഇമാമിന്റെ അടുത്ത അണിയില്‍ കൂടുതല്‍ ഇല്‍മും തഖ്വയും ഉള്ളവര്‍ നില്‍ക്കണം. ഇക്കാര്യത്തില്‍ എല്ലാവരും സമമാണെങ്കില്‍ പ്രായവ്യത്യാസം നോക്കി പ്രായക്കൂടുതലുള്ളവര്‍ ഇമാമിന്നടുത്തു നില്‍ക്കണം. അതുപോലെ കുറെ മയ്യിത്തുകള്‍ ഒന്നിച്ചു മുമ്പില്‍ വെച്ചു നിസ്കരിക്കുമ്പോള്‍ ഇല്‍മും തഷ്വയുമു ള്ളവരുടേത് ഇമാമിനോടടുത്ത് വെക്കണം. കുറഞ്ഞവരെ തൊട്ടടുത്ത് എന്ന ക്രമത്തില്‍ വെക്കണം. പുരുഷന്മാര്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നിവരുള്‍പ്പെട്ട ഒരു സംഘം മയ്യിത്തുകള്‍ക്കു ഒന്നിച്ചു നിസ്കരിക്കേണ്ടതായി വരുമ്പോള്‍ ഇമാമിനോടടുത്ത് പുരുഷന്മാരെ യും അതിനടുത്ത് കുട്ടികള്‍, സ്ത്രീകള്‍ എന്ന ക്രമത്തിലും വെക്കേണ്ടതാണ്.

കുറെ മയ്യിത്തുകള്‍ക്ക് ഒന്നിച്ചു നിസ്കരിക്കുന്നതിലും ഉത്തമം അസൌകര്യമില്ലെങ്കില്‍ വെവ്വേറെ നിസ്കരിക്കുന്നതാണ്. മുസ്ലിംകളും അമുസ്ലിംകളും അടങ്ങുന്ന ഒരു കൂട്ടം മൃതദേഹങ്ങള്‍ കിട്ടി. മുസ്ലിംകളെ തിരിച്ചറിയാന്‍ മാര്‍ഗവുമില്ല. വിമാനാപകടം ഉദാഹരണം. ഇങ്ങനെ വന്നാല്‍ എല്ലാ മൃതദേഹങ്ങളും കുളിപ്പിച്ചു കഫന്‍ ചെയ്തു ഒന്നിച്ചു നിരത്തിവെച്ചു ഇതിലെ മുസ്ലിം മയ്യിത്തുകള്‍ക്കു നിസ്കരിക്കുന്നു എന്നു നിയ്യത്തു ചെ യ്തു നിസ്കരിക്കണം. സൌകര്യപ്പെടുമെങ്കില്‍ മുസ്ലിംകളുടെയും അമുസ്ലിംകളുടെ യും പൊതുശ്മശാനം അല്ലാത്ത ഒരിടത്ത് ഇവരെ മറവു ചെയ്യണം. നിവൃത്തിയില്ലെങ്കില്‍ മുസ്ലിം ശ്മശാനത്തില്‍ തന്നെ മറവു ചെയ്യാവുന്നതാണ്.

നിസ്കാരത്തിന്റെ രൂപം

സാന്നിദ്ധ്യത്തിലുള്ള മയ്യിത്തിനു വേണ്ടിയാണു നിസ്കരിക്കുന്നതെങ്കില്‍ ‘ഈ മയ്യിത്തിന്റെ മേല്‍ എനിക്ക് ഫര്‍ളായ നിസ്കാരം ഞാന്‍ നിസ്കരിക്കുന്നു’ എന്നു കരുതിയാല്‍ നിയ്യത്തായി. ഇതോടൊപ്പം തന്നെ കൈകള്‍ രണ്ടും ഉയര്‍ത്തി തക്ബീറത്തുല്‍ ഇഹ്റാമോടു കൂടി നെഞ്ചിന്റെയും പൊക്കിളിന്റെയും ഇടയില്‍ താഴ്ത്തിവെക്കണം. പിന്നെ ഫാതിഹ ഓതുക. ശേഷം രണ്ടാമത്തെ തക്ബീര്‍ ചൊല്ലുക. നബി(സ്വ)യുടെ മേല്‍ സ്വലാത്ത് ചൊല്ലേണ്ടത് ഇതിനു ശേഷമാണ്. ‘അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദിന്‍’ എന്നു പറഞ്ഞാല്‍ ചുരുങ്ങിയ രൂപത്തിലുള്ള സ്വലാത്തായി. അവസാനത്തെ അത്തഹിയ്യാത്തില്‍ ചൊല്ലുന്ന ദീര്‍ഘമായ സ്വലാത്ത് ചൊല്ലിയാല്‍ പൂര്‍ണമായി. അതിപ്രകാരമാണ്.

അര്‍ഥം: അല്ലാഹുവേ, ഇബ്റാഹീം നബി(അ)ക്കും കുടുംബത്തിനും നീ കരുണ ചെയ്തതുപോലെ മുഹമ്മദ് നബി(സ്വ)ക്കും കുടുംബത്തിനും നീ കരുണ ചെയ്യേണമേ. ഇബ്റാ ഹീം നബി(അ)യെയും കുടുംബത്തെയും അനുഗ്രഹിച്ചതുപോലെ മുഹമ്മദ് നബി(സ്വ) യെയും കുടുംബത്തെയും നീ അനുഗ്രഹിക്കേണമേ. ഈ പ്രാര്‍ഥനയെ ലോകത്തു നീ ശാശ്വതമാക്കണേ. തീര്‍ച്ച, നീ സ്തുത്യര്‍ഹനും മഹത്വത്തിനുടമയുമാണ്.

സ്വലാത്ത് കഴിഞ്ഞാല്‍ മൂന്നാമത്തെ തക്ബീര്‍ ചൊല്ലണം. തുടര്‍ന്ന് മയ്യിത്തിനുവേണ്ടി ദുആ ചെയ്യണം. ‘അല്ലാഹുമ്മഗ്ഫിര്‍ലഹു’ എന്നു പറഞ്ഞാല്‍ പ്രാര്‍ഥനയായി. ഇതിന്റെ പൂര്‍ണരൂപം ഇമാം മുസ്ലിം നിവേദനം ചെയ്ത ഹദീസില്‍ വന്നതിപ്രകാരമാണ്.

അര്‍ഥം: അല്ലാഹുവേ, ഈ മയ്യിത്തിനു നീ പൊറുത്തു കൊടുക്കുകയും കരുണ ചെയ്യുകയും സൌഖ്യം നല്‍കുകുയും മാപ്പു കൊടുക്കുകയും ചെയ്യേണമേ. ഇദ്ദേഹത്തിന് ആദരപൂര്‍ണമായ വിരുന്നു നല്‍കുകയും ഖബ്റ് വിശാലമാക്കുകയും ചെയ്യേണമേ. വെള്ളം കൊണ്ടും മഞ്ഞുവെള്ളം കൊണ്ടും ആലിപ്പഴം കൊണ്ടും ഇദ്ദേഹത്തെ നീ കഴുകുകയും വെള്ള വസ്ത്രം അഴുക്കില്‍ നിന്നു ശുദ്ധിയാക്കുന്നതു പോലെ പാപ മാലിന്യങ്ങളില്‍ നിന്നു ഇദ്ദേഹത്തെ നീ ശുദ്ധിയാക്കുകയും ചെയ്യേണമേ. ഇദ്ദേഹത്തിന്റെ വീടിനെക്കാള്‍ നല്ല വീടിനെയും കുടുംബത്തേക്കാള്‍ നല്ല കുടുംബത്തേയും ഇണയെക്കാള്‍ നല്ല ഇണയെയും നീ പകരം നല്‍കേണമേ. ഖബറിലെയും നരകത്തിലെയും ശിക്ഷയില്‍ നിന്നു മോക്ഷം നല്‍കി സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കേണമേ.

ഈ ദുആയില്‍ പറഞ്ഞ വെള്ളം, മഞ്ഞ്, ആലിപ്പഴം എന്നിവ കൊണ്ടുള്ള ശുചീകരണവും നല്ല വീട്, കുടുംബം, ഇണ എന്നിവ കൊണ്ടുള്ള പരാമര്‍ശവും ആലങ്കാരികമാണെന്ന് മനസ്സിലാക്കണം. ഇനി മയ്യിത്ത് കുട്ടിയുടേതാണെങ്കില്‍ താഴെ പറയുന്ന പ്രാര്‍ ഥന കൂടി ചൊല്ലണം. മക്കളുടെ മരണം മാതാപിതാക്കളില്‍ ഉണ്ടാക്കുന്ന മാനസിക വ്യഥ കണക്കിലെടുത്താണ് ഈ ദുആ.

അര്‍ഥം: അല്ലാഹുവേ, ഈ കുട്ടിയെ അതിന്റെ മാതാപിതാക്കള്‍ക്കു പരലോകത്തേക്കുള്ള സൂക്ഷിപ്പു മുതലും മുന്‍കടന്ന പുണ്യകര്‍മ്മവും നിക്ഷേപവും ചിന്തക്കും ഗുണപാഠത്തിനുമുള്ള കാരണവും ആക്കേണമേ. ഈ കുട്ടി കാരണമായി പരലോകത്തു മാതാപിതാക്കളുടെ സുകൃതങ്ങളുടെ തൂക്കം കൂട്ടുകയും അവരുടെ ഹൃദയങ്ങളില്‍ സഹനവും ക്ഷമയും ചൊരിയുകയും ചെയ്യേണമേ.

ഇമാം ശാഫിഈ(റ) പല ഹദീസുകളില്‍ നിന്നായി സംഗ്രഹിച്ച

എന്നു തുടങ്ങുന്ന ദീര്‍ഘമായ മറ്റൊരു പ്രാര്‍ഥനയും കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളില്‍ വന്നിട്ടുണ്ട്.  അടുത്തതായി നാലാമത്തെ തക്ബീര്‍ ചൊല്ലണം. നാലാം തക്ബീറിനു ശേഷം സലാം വീട്ടുന്നതിനുമുമ്പ് താഴെ പറയുന്ന ദുആ കൂടി വേണം.

അര്‍ഥം: അല്ലാഹുവേ, ഈ മയ്യിത്തിന്റെ മേല്‍ നിസ്കരിച്ചതിനുള്ള പ്രതിഫലം നീ ഞ ങ്ങള്‍ക്കു തടഞ്ഞുവെക്കരുതേ. ഇയാളുടെ ശേഷം ഞങ്ങളെ നീ കൂടുതല്‍ പരീക്ഷണത്തിനു വിധേയമാക്കരുതേ. ഞങ്ങള്‍ക്കും ഇയാള്‍ക്കും നീ പൊറുത്തു തരേണമേ. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്കു നീ ഇഹപരവിജയം നല്‍കേണമേ.

ദുആക്കു ശേഷം സലാം വീട്ടണം. സാധാരണ നിസ്കാരത്തിലെ സലാം വീട്ടുന്ന പദത്തിനു പുറമെ ‘വബറകാതുഹു’ എന്നു കൂടി പറയണം.

മയ്യിത്തിന്റെ മേല്‍ ദുആ ചെയ്യുമ്പോള്‍ ‘അല്ലാഹുമ്മഗ്ഫിര്‍ലഹു’ എന്ന സര്‍വ്വനാമം പുല്ലിംഗമായി ഉപയോഗിക്കേണ്ടതു മയ്യിത്ത് പുരുഷന്റേതാണെങ്കിലാണ്. സ്ത്രീയുടെ മയ്യിത്താണെങ്കില്‍ ‘ഇഗ്ഫിര്‍ ലഹാ’ എന്നു സ്ത്രീലിംഗപദം ഉപയോഗിക്കണം. ഒരു വ്യക്തി എന്ന നിലക്ക് ‘ലഹു’ ഉപയോഗിച്ചു സ്ത്രീക്കു വേണ്ടിയും പ്രാര്‍ഥിക്കാം എന്ന് അഭിപ്രായമുണ്ട്. അതേപോലെ ഒന്നിലേറെ മയ്യിത്തിനുവേണ്ടി നിസ്കരിക്കുമ്പോള്‍ ‘അല്ലാഹുമ്മഗ്ഫിര്‍ലഹും’ എന്നു ബഹുവചനം ഉപയോഗിക്കണം.

മറഞ്ഞ മയ്യിത്തിന്റെ മേല്‍ നിസ്കരിക്കുമ്പോള്‍ നിയ്യത്തില്‍ മാറ്റം വരും. മയ്യിത്ത് മു ന്നില്‍ വെച്ചു നിസ്കരിക്കുമ്പോള്‍ ഈ മയ്യിത്തിന്റെ മേല്‍ എന്നു കരുതിയാല്‍ മതി. ഇന്ന ആളുടേതെന്നു വ്യക്തമാക്കേണ്ട. മറഞ്ഞ മയ്യിത്താണെങ്കില്‍ പേരുകൊണ്ടോ മറ്റോ ആളെ നിജപ്പെടുത്തണം. ഇമാമിന്റെ കൂടെ നിസ്കരിക്കുകയാണെങ്കില്‍ ‘ഇമാം നിസ്കരിക്കുന്ന മയ്യിത്തിന്റെ മേല്‍ ഫര്‍ളായ നിസ്കാരം നാല് തക്ബീറോടെ ഞാന്‍ നിസ്കരിക്കുന്നു’ എന്നു കരുതിയാല്‍ മതി. ജമാഅത്തായി നിസ്കരിക്കുമ്പോള്‍ ഇമാമിന്റെ കൂടെ എന്നു കരുതല്‍ നിര്‍ബന്ധമാണെന്നറിയാമല്ലോ.

ജമാഅത്തായി നിസ്കരിക്കുമ്പോള്‍ മയ്യിത്ത് പുരുഷന്റേതാണെങ്കില്‍ ഇമാം തലയുടെ ഭാഗത്തു നില്‍ക്കണം. സ്ത്രീയുടേതാണെങ്കില്‍ നടുഭാഗത്താണ് നില്‍ക്കേണ്ടത്. പ്രസവസംബന്ധമായ കാരണത്താല്‍ മരിച്ച ഒരു സ്ത്രീയുടെ മധ്യത്തില്‍ നിന്നുകൊണ്ടു നബി (സ്വ) നിസ്കരിച്ചതായി ബുഖാരി(റ) നിവേദനം ചെയ്തിട്ടുണ്ട്. സ്ഥലത്തില്ലാത്ത മയ്യിത്തിനുവേണ്ടി നിസ്കരിക്കുന്ന ഒരാള്‍ക്കു സ്ഥലത്തുള്ള മയ്യിത്തിനുവേണ്ടി നിസ്കരിക്കുന്ന ആളെ തുടരാം. മറ്റൊരു കാര്യം കൂടി ശ്രദ്ധിക്കുക. മരണം സംഭവിച്ച നാട്ടിലെ ആള്‍ മയ്യിത്തിന്റെ സാന്നിദ്ധ്യത്തില്‍ വെച്ചു നിസ്കരിച്ചാലേ സാധുവാകൂ. ആ നാട്ടിനു പുറത്തുള്ളവര്‍ക്കു മറഞ്ഞ മയ്യിത്തായി കരുതി നിസ്കരിക്കാം.

മരിച്ച സ്ഥലത്തു പോകാനോ മയ്യിത്തിന്റെ സാന്നിദ്ധ്യത്തില്‍ നിസ്കരിക്കാനോ രോഗം കാരണമോ മറ്റോ കഴിയാതെ വന്നാല്‍ മറഞ്ഞ മയ്യിത്തായി കരുതി നാട്ടിലുള്ളയാള്‍ക്കു നിസ്കരിക്കാം.

അദാഉം ഖളാഉമില്ല

മയ്യിത്തു നിസ്കാരത്തിന് സമയനിര്‍ണയമില്ല. അതുകൊണ്ട് അദാഅ്, ഖളാഅ് എന്ന പ്രശ്നമേ ഇല്ല. മയ്യിത്തു കുളിപ്പിച്ചു കഴിഞ്ഞതു മുതല്‍ നിസ്കരിക്കാം. ഖബറടക്കം കഴി ഞ്ഞു എത്ര കാലം കഴിഞ്ഞാലും നിസ്കരിക്കാവുന്നതാണ്.

മരിക്കുന്ന സമയം നിസ്കരിക്കാന്‍ ബാധ്യതയുള്ള ആള്‍ക്ക് പിന്നീട് നിസ്കരിക്കാം. ബാപ്പ മരിക്കുമ്പോള്‍ മകന്‍ ദുബായിലായിരുന്നു. വന്നപ്പോഴാണ് വിവരം അറിഞ്ഞതെന്നിരിക്കട്ടെ. എന്നാല്‍ അപ്പോള്‍ നിസ്കരിക്കാം. എന്നാല്‍ ബാപ്പ മരിക്കുമ്പോള്‍ പ്രായം തികയാത്ത കുട്ടിയായിരുന്നു മകന്‍. പ്രായപൂര്‍ത്തിയായ ശേഷം പരേതനായ ബാപ്പയുടെ മയ്യിത്തു നിസ്കരിച്ചാല്‍ അത് സാധുവല്ല. ഭര്‍ത്താവു മരിക്കുമ്പോള്‍ ഭാര്യ ഋതുമതിയായിരുന്നു. എന്നാല്‍ കുളിച്ചു ശുദ്ധിയായ ശേഷം നിസ്കരിച്ചാല്‍ അതും സാധുവല്ല. മരിക്കുന്ന നേരത്ത് ഇവര്‍ക്കു നിസ്കാരം ഫര്‍ളില്ലായിരുന്നു എന്നതുതന്നെ കാരണം. മരിക്കുമ്പോള്‍ നിസ്കരിക്കാന്‍ ബാധ്യതയുള്ളവര്‍ എത്രകാലം കഴിഞ്ഞു നിസ്കരിച്ചാ ലും അതു സ്വീകാര്യമാകും.

നബി(സ്വ) ഖബ്റിന്മേല്‍ വെച്ചു നിസ്കരിച്ചതായി ബുഖാരി-þമുസ്ലിമിന്റെ നിവേദനത്തിലുണ്ട്. മദീനയില്‍ ഒരു സ്ത്രീ മരിച്ച വിവരം നബി(സ്വ) അറിഞ്ഞത് ഖബറടക്കം നടന്ന ശേഷമാണ്. ഉടനെ നബി(സ്വ) ഖബറിന്നരികെ ചെന്നു നിസ്കാരം നിര്‍വഹിക്കുകയുണ്ടായി. നബി(സ്വ)യും കുറച്ച് അനുയായികളും മദീനയിലെ ഖബര്‍സ്ഥാനില്‍ ചെന്നപ്പോള്‍ അവിടെ ഒരു പുതിയ ഖബറ് കണ്ടു. നബി(സ്വ) ഇതാരുടേതാണെന്നന്വേഷിച്ചു. സ്വഹാബികള്‍ സ്ത്രീയുടെ പേര് പറഞ്ഞു. എന്തുകൊണ്ട് എന്നെ വിവരം അറിയിച്ചില്ലെന്ന് അവിടന്നു ചോദിച്ചു. രാത്രിയാണ് മരിച്ചതെന്നും തങ്ങളെ ഉറക്കില്‍ നിന്നുണര്‍ ത്തുന്നത് ഇഷ്ടപ്പെടാതിരുന്നതുകൊണ്ടാണ് അറിയിക്കാതിരുന്നതെന്നും സ്വഹാബികള്‍ പറഞ്ഞു. നിങ്ങളില്‍ ആരു മരിച്ചാലും എന്നെ വിവരമറിയിക്കാതിരിക്കരുതെന്നും എന്റെ നിസ്കാരം അവര്‍ക്കു റഹ്മത്താണെന്നും പറഞ്ഞുകൊണ്ട് നബി(സ്വ) പ്രസ്തുത ഖബ്റിന്നരികെ സ്വഹാബികളെ അണിനിരത്തി നിസ്കരിച്ചു (അഹ്മദ്).

അപ്പോള്‍ ഖബറടക്കും മുമ്പ് എത്തിച്ചേരാന്‍ കഴിയാത്തവര്‍ക്ക് ഖബറിങ്കല്‍ ചെന്നു നി സ്കരിക്കാം. ജമാഅത്തായി നിസ്കരിക്കാന്‍ ആളുണ്ടെങ്കില്‍ അങ്ങനെയുമാകാം. ഖബ്റിന്നടുത്തുവച്ചുള്ള നിസ്കാരം അമ്പിയാക്കളുടെ കാര്യത്തില്‍ സാധുവല്ല. പ്രവാചകന്മാരുടെ ഖബറിന്നടുത്തു നിസ്കാരം പാടില്ലെന്നാണ് വിധി. അമ്പിയാക്കളുടെ ഖബറിടങ്ങളെ നിസ്കാരസ്ഥലങ്ങളാക്കിയ ജൂത-þക്രൈസ്തവരെ അല്ലാഹു ശപിച്ചിരിക്കുന്നു (ബുഖാരി). ഈ ഹദീസിന്റെ വ്യാപ്തിയില്‍ മയ്യിത്തു നിസ്കാരവും വരുമെന്നാണ് പണ് ഢിതാഭിപ്രായം (ജമല്‍).

പിന്തിത്തുടരല്‍

ഇമാമിന്റെ ഫാതിഹ തീരാന്‍നേരത്താണ് ഒരാള്‍ തുടരുന്നത് എങ്കില്‍ സാധാരണ നിസ്കാരത്തിലെ മസ്ബൂഖിനെപ്പോലെ പ്രവര്‍ത്തിക്കണം. ഇമാം രണ്ടാം തക്ബീറിലേക്കു പ്രവേശിക്കുമ്പോള്‍ പിന്തിത്തുടര്‍ന്നവനും ഫാതിഹ പൂര്‍ത്തിയാക്കാതെ തന്നെ രണ്ടാം തക്ബീറിലേക്കു കടക്കണം. ഇനി രണ്ടാം തക്ബീറിനു ശേഷമാണ് തുടരുന്നതെങ്കിലോ? അതും സാധാരണ നിസ്കാരത്തിലേതുപോലെ തന്നെ ഇമാം സലാം വീട്ടിയ ശേഷം നഷ്ടപ്പെട്ട രണ്ടു തക്ബീറുകള്‍ കൂടി പൂര്‍ത്തിയാക്കി സലാം വീട്ടണം. എന്നാല്‍ പിന്തിത്തുടര്‍ന്നവന്‍ തന്റെ ഒന്നാം തക്ബീറു മുതല്‍ ഫാതിഹ, സ്വലാത്ത്, ദുആ, സലാം വീട്ടല്‍ എന്നീ ക്രമത്തില്‍ ചെയ്യണം. താന്‍ ഇങ്ങനെ ചെല്ലുമ്പോള്‍ ഇമാം എന്തു ചെയ്യുന്നു എന്നു നോക്കേണ്ടതില്ല.

യുക്തമായ കാരണം കൂടാതെ ഇമാമിനേക്കാള്‍ ഒരു തക്ബീര്‍ കൊണ്ടു മുന്തുകയോ പിന്തുകയോ ചെയ്താല്‍ നിസ്കാരം അസാധുവാകുമെന്നോര്‍ക്കുക.

ഇമാമിന്റെ നിസ്കാരം കഴിഞ്ഞയുടനെ മയ്യിത്തിനെ എടുക്കരുത്. മസ്ബൂഖ് (പിന്തി വന്നവന്‍) നിസ്കരിച്ചു തീരുന്നതുവരെ മയ്യിത്തു എടുത്തു മാറ്റാതിരിക്കുന്നതാണ് സുന്നത്ത്.

ആശുപത്രിയില്‍ മരിച്ചാല്‍

സാധാരണഗതിയില്‍ മരിച്ച നാട്ടില്‍ നിന്നു മൃതദേഹം മാറ്റാന്‍ പാടില്ലെന്നാണു വ്യവസ്ഥ. എന്നാല്‍ ചില പ്രത്യേക കാരണങ്ങളുള്ളപ്പോള്‍ ഇതനുവദിച്ചിട്ടുണ്ട്. ഏതു നാട്ടുകാരനാവട്ടെ, അയാള്‍ എവിടെവെച്ചു മരിച്ചു എന്നാണ് പ്രശ്നം. ഏതു നാട്ടില്‍വെച്ചു മരിച്ചു വോ ആ നാട്ടുകാര്‍ കുളിപ്പിക്കുകയും നിസ്കരിക്കുകയും വേണം. ആശുപത്രികളില്‍ വെച്ചുള്ള മരണം ഇപ്പോള്‍ സര്‍വസാധാരണമാണല്ലോ. ആശുപത്രി ഏതു മഹല്ലില്‍ സ്ഥിതി ചെയ്യുന്നോ ആ മഹല്ലിലുള്ളവരുടെ ഉത്തരവാദിത്തമാണിത്. പ്രബലമായ അഭിപ്രായപ്രകാരം ആശുപത്രിയില്‍ നിന്നു മരിച്ചയാളെ കര്‍മ്മങ്ങള്‍ ചെയ്യാതെ നാട്ടിലേക്കു കൊണ്ടുപോയാല്‍ ആശുപത്രി നില്‍ക്കുന്ന മഹല്ലിലെ മുസ്ലിംകള്‍ മുഴുവന്‍ കുറ്റക്കാരായി. മയ്യിത്തിന്റെ കൂടെ പോയി അന്യനാട്ടില്‍ വെച്ചു കര്‍മ്മങ്ങളില്‍ പങ്കെടുത്താലും ബാധ്യത തീരുന്നില്ല. അതുകൊണ്ട് ആശുപത്രി ഉള്‍ക്കൊള്ളുന്ന മഹല്ലു ജമാഅത്തുകള്‍ ഇക്കാര്യം ശ്രദ്ധിക്കുക. മയ്യിത്തു കുളിപ്പിക്കാനും നിസ്കരിക്കാനും വേണ്ടി സ്ഥിരം സംവിധാനം ഇത്തരം മഹല്ലില്‍ ഉണ്ടാക്കിയിരിക്കണം. മയ്യിത്തിന്റെ ബന്ധുക്കളും ഓര്‍ക്കുക: മറ്റൊരു നാട്ടുകാര്‍ നിങ്ങളുടെ കാരണം കൊണ്ടു കുറ്റക്കാരാകാന്‍ ഇടയാകരുത്.

ശിശുക്കള്‍

മയ്യിത്തു സംസ്കരണ കാര്യത്തില്‍ ശിശുക്കള്‍ മൂന്നു വിധമാണ്. ഒന്ന്: പ്രസവിച്ച ശേഷം കരയുകയോ ചലിക്കുകയോ ചെയ്ത ശിശു. ഇതിനു മുതിര്‍ന്നവര്‍ക്കു ചെയ്യുന്ന എല്ലാ പരിചരണവും വേണം. രണ്ട്: പ്രസവിക്കുമ്പോള്‍ ജീവനില്ലാത്ത ശിശു. അതേ സമയം മനുഷ്യരൂപം പ്രാപിച്ചിട്ടുണ്ട്. ഈ ശിശുവിനുവേണ്ടി നിസ്കരിക്കേണ്ടതില്ല. കുളിപ്പിച്ചു കഫന്‍ ചെയ്തു മറമാടിയാല്‍ മതി (തുഹ്ഫ). മൂന്ന്: മനുഷ്യരൂപം പ്രാപിക്കാത്ത മാംസപിണ്ഡം. ഇതിനെ തുണിയില്‍ പൊതിഞ്ഞ് മറവുചെയ്താല്‍ മതി. ഇത് സുന്നത്താണ് താനും.


RELATED ARTICLE

 • രോഗ സന്ദര്‍ശനം
 • ഖബര്‍ സിയാറത്ത്
 • രോഗിയെ കിടത്തേണ്ട വിധം
 • മയ്യിത്തു നിസ്കാരം
 • ഖബറടക്കല്‍
 • മയ്യിത്തു കുളിപ്പിക്കല്‍
 • മയ്യിത്തു പ്രദര്‍ശനങ്ങള്‍
 • മയ്യിത്തിനെ അനുഗമിക്കല്‍
 • കഫന്‍ ചെയ്യല്‍
 • അനുശോചനം
 • അലംഘനീയമായ വിധി