മയ്യിത്തു പ്രദര്‍ശനങ്ങള്‍

ഇതോടുചേര്‍ത്തു ചര്‍ച്ച ചെയ്യേണ്ട വിഷയമാണ് ആധുനിക മയ്യിത്തു പ്രദര്‍ശന മഹാമഹങ്ങള്‍. മരണം മുതല്‍ മഖ്ബറ വരെ നീളുന്ന നിര്‍ബന്ധവും സുന്നത്തുമായ കാര്യങ്ങള്‍ ഇസ്ലാമില്‍ വ്യക്തമാണ്. മയ്യിത്ത് കുളിപ്പിക്കല്‍, കഫന്‍ ചെയ്യല്‍, നിസ്കരിക്കല്‍, മറമാടല്‍ എന്നിവ സാമൂഹിക ബാധ്യത. മുസ്ലിംകള്‍ പരസ്പരമുള്ള ബാധ്യതയില്‍ മയ്യിത്തിനെ അനുഗമിക്കു ന്നതിനെക്കുറിച്ചു പറയുന്നുണ്ട്. മയ്യിത്ത് കാണല്‍ എന്ന ചടങ്ങ് പ്രമാണങ്ങളുടെ പിന്‍ബലമില്ലാത്തതാണ്. ഉറ്റവരും ഉടയവരും അല്ലെങ്കില്‍ അടുത്ത ബന്ധുക്കളോ സുഹൃത്തുക്കളോ മരിച്ചാല്‍ ജനാസ ഒരു നോക്കു കാണുന്നതില്‍ തെറ്റൊന്നുമില്ലെന്നു വയ്ക്കാം. ഔലിയാക്കളോ ഉഖ്റവിയായ ആലിമീങ്ങളോ മരിച്ചാല്‍ കാണുന്നതിലും പുണ്യമുള്ളതു ശരി തന്നെ. എന്നാല്‍ മയ്യിത്തു ദര്‍ശനം വമ്പിച്ച വാര്‍ത്താ പ്രാധാന്യവും സാമൂഹിക പ്രതികരണവും ഉണ്ടാക്കുന്ന സംഭവമായി മാറിയതെങ്ങനെ? മരണവാര്‍ത്ത പത്രദ്വാരയും റേഡിയോ വഴിയും മൈക്കു കെട്ടിയും വിളംബരം ചെയ്യുന്നു. പരേതാത്മാവിന്റെ വസതിയില്‍ പൊതുദര്‍ശനത്തിനു വച്ച സ്ഥലത്ത് (ഈ പൊതുദര്‍ശന പരിപാടി തന്നെ ഏട്ടിലില്ലാത്തതാണ്) ജനം ഇരച്ചെത്തുന്നു. മയ്യിത്തു കാണാന്‍ പിന്നെ തിക്കും തിരക്കുമായി. കിലോമീറ്റര്‍ നീണ്ട ക്യൂവായി. പോലീസും വളണ്ടിയര്‍മാരും രംഗത്തിറങ്ങുകയായി. ഉന്തിലും തള്ളിലും അനവധി ആളുകള്‍ക്ക് പരിക്ക്. പിറ്റേന്നു പത്രങ്ങളില്‍ തിരക്കിന്റെ ഉദ്വേഗജനകമായ വാര്‍ത്ത! അനന്തമായ ക്യൂവിന്റെ ആകര്‍ഷകമായ ചിത്രം! എവിടെ നിന്നു വന്നു ഈ ആചാരം? മരിച്ച വ്യക്തി സദ്വൃത്തനാണെങ്കില്‍ കാണുന്നത് പുണ്യമാണെന്നു വെക്കുക. ഈ പുണ്യത്തിനുവേണ്ടി തിക്കിത്തിരക്കി മറ്റൊരാളുടെ കാലൊടിക്കുന്നതും തൊലിയുരിക്കുന്നതുമോ?

മരണവൃത്താന്തം വിളംബരം ചെയ്യുന്നതിലെ ഗുണപരമായ വശം അംഗീകരിച്ചു കൊടുക്കാം. മയ്യിത്തു നിസ്കാരത്തിനു ആളുകൂടുന്നത് നല്ലതാണ്. പരേതാത്മാവിനുവേണ്ടി പ്രാര്‍ഥിക്കാനും ജനാസയെ അനുഗമിക്കാനും ആളുകള്‍ ഏറെ ഉണ്ടാകുന്നതും നല്ലതാണ്. ഇവിടെ അതല്ല സംഭവിക്കുന്നത്. നിസ്കരിക്കാന്‍ തിരക്കില്ല. മയ്യിത്തിനെ അനുഗമിക്കാന്‍ ആളുണ്ടാവും. പക്ഷേ, ശ്മശാനത്തില്‍ എത്തുമ്പോള്‍ ജനം പിറകോട്ട്. ഖബറടക്കല്‍ ചടങ്ങിനും തസ്ബീത്ത് ചൊല്ലാനും പിന്നീടുള്ള ദുആക്കും പങ്കെടുക്കുന്നവര്‍ ചുരുക്കം. മരണവാര്‍ത്തയറിയിച്ചു ആളെ കൂട്ടാം. അതു മയ്യിത്തിനു ഗുണകരമായി ഭവിക്കാനാകണം. മയ്യിത്ത് നിസ്കരിക്കാന്‍ ആളുകള്‍ ധാരാളമായി വേണം. അനുഗമിക്കാനും ഖബറടക്കത്തിനു സാക്ഷ്യം വഹിക്കാനും തസ്ബീത്ത് ചൊല്ലാനും ദുആക്ക് ആമീന്‍ പറയാനും ജനക്കൂട്ടം തന്നെ ഉണ്ടാകട്ടെ. മയ്യിത്ത് കാണാനും ബഹളം കൂട്ടാനുമാകുന്നത് ഇസ്ലാമിന്റെ ആചാരത്തിനു എതിരാണ്. പ്രദര്‍ശനോത്സവം പൊടിപൊടിക്കുമ്പോള്‍ മറ്റൊരു നിയമത്തിന്റെ ലംഘനമായി അതുമാറുന്നു. മരിച്ചു കഴിഞ്ഞാല്‍ എ ത്രയും വേഗം ഖബറടക്കണമെന്നാണ് ഇസ്ലാമിക ശാസന. നാട്ടാരെ മുഴുവന്‍ മുഖം കാണിക്കാന്‍ വേണ്ടി ഖബറടക്കം വൈകിക്കുന്നത് മയ്യിത്തിന്റെ അവകാശം ധ്വംസിക്കലാകും; ഇസ്ലാമിക ശാസനകളുടെ ലംഘനവും.

ഒരാള്‍ സത്യവിശ്വാസിയുടെ ജനാസയെ അനുഗമിക്കുകയും നിസ്കാരത്തിലും ഖബറടക്കത്തിലും പങ്കുകൊള്ളുകയും ചെയ്താല്‍ ഉഹ്ദ് മലയോളമുള്ള പ്രതിഫലത്തിന്റെ രണ്ടു കൂനയുമായി അവന്‍ മടങ്ങും. നിസ്കാരത്തില്‍ മാത്രം പങ്കെടുത്താല്‍ പ്രതിഫലനത്തിന്റെ ഒരു കൂമ്പാരവുമായും എന്നു ഹദീസിലുണ്ട്. ഇതിലും ദര്‍ശനത്തിന്റെ മാഹാ ത്മ്യം പറയുന്നില്ല എന്നോര്‍ക്കുക.


RELATED ARTICLE

 • രോഗ സന്ദര്‍ശനം
 • ഖബര്‍ സിയാറത്ത്
 • രോഗിയെ കിടത്തേണ്ട വിധം
 • മയ്യിത്തു നിസ്കാരം
 • ഖബറടക്കല്‍
 • മയ്യിത്തു കുളിപ്പിക്കല്‍
 • മയ്യിത്തു പ്രദര്‍ശനങ്ങള്‍
 • മയ്യിത്തിനെ അനുഗമിക്കല്‍
 • കഫന്‍ ചെയ്യല്‍
 • അനുശോചനം
 • അലംഘനീയമായ വിധി