Click to Download Ihyaussunna Application Form
 

 

ഖബര്‍ സിയാറത്ത്

മാം നവവി(റ) പറയുന്നു: ഖബര്‍ സിയാറത്ത് സുന്നത്താണെന്നു പണ്ഢിതലോകത്തിന്റെ ഇജ്മാഉണ്ട് (ശറഹു മുസ്ലിം 1/314). മരണസ്മരണ ഉണര്‍ത്തുകയും പാരത്രിക ജീവിതത്തെ ക്കുറിച്ചു അടിക്കടി ഓര്‍മ്മപ്പെടുത്തുകയുമാണ് ഖബ്റ് സിയാറത്തുകൊണ്ട് മുഖ്യമായും ഉദ്ദേശിക്കുന്നത്. അമ്പിയാക്കള്‍, ശുഹദാക്കള്‍, ഔലിയാക്കള്‍, സ്വാലിഹീങ്ങള്‍ തുടങ്ങിയവരുടെ ഖബ്റ് സിയാറത്തുകൊണ്ട് ബറകത്തെടുക്കല്‍ കൂടി ലക്ഷ്യമാക്കുന്നു. തനിക്കുവേണ്ടിയും പരേതാത്മാക്കള്‍ക്കുവേണ്ടിയും പ്രാര്‍ഥിക്കുക, മഹാന്മാരെ മുന്‍നിറുത്തി പ്രാര്‍ഥിക്കുക എന്നിവയും സിയാറത്തു കൊണ്ടുദ്ദേശിക്കുന്നുണ്ട്. ഖബ്റ് സിയാറത്ത് സുന്നത്താണെന്നു ഫിഖ്ഹി ന്റെ ഗ്രന്ഥങ്ങള്‍ മിക്കവയും ഏകോപിച്ച് അഭിപ്രായപ്പെടുന്നു

(ശര്‍വാനി 3/200, മുഗ്നി 97).

ദീര്‍ഘകാലം ഒന്നിച്ചു കഴിഞ്ഞ സ്നേഹഭാജനങ്ങളാണ് ഇപ്പോള്‍ ഖബ്റില്‍ കിടക്കുന്നത്. നാം അനുഭവിക്കുന്ന സമ്പത്തും സൌകര്യങ്ങളും സ്ഥാനമാനങ്ങളും അവര്‍ മുഖേന നേടിയതാവാം. മരിച്ചുകഴിയുന്നതോടെ ഉറ്റവരുമായുള്ള നമ്മുടെ ബന്ധം മുറിയുന്നില്ല. മനുഷ്യന്‍ മരിക്കുന്നതോടെ എല്ലാം തീര്‍ന്നു എന്നു നാം വിശ്വസിക്കുന്നില്ല. മരിച്ചവര്‍ക്കുവേണ്ടിയുള്ള ദാനധര്‍മ്മങ്ങളും പ്രാര്‍ഥനകളും മറ്റു സത്കര്‍മ്മങ്ങളും ഫലപ്രദമാണെന്നും അവര്‍ക്കുവേണ്ടി

ജീവിച്ചിരിക്കുന്നവര്‍ ചെയ്യുന്ന സത്കര്‍മ്മങ്ങളുടെ പ്രതിഫലം അവരുടെ ഖബ്റില്‍ ലഭിച്ചുകൊണ്ടിരിക്കുമെന്നും നിരവധി ഹദീസുകള്‍ കൊണ്ട് സ്ഥിരപ്പെട്ടതാണ്. ഖബ്റിന്നടുത്തുകൂടെ പോകുന്നവരെ ഖബറാളികള്‍ കാണുമെന്നും അവരുടെ സലാമിന്നു പ്രത്യുത്തരം ചെയ്യുമെ ന്നും ഹദീസിലുണ്ട്. പിന്‍ഗാമികള്‍ തന്നെ അവഗണിക്കുന്നത് കാണുമ്പോള്‍ പരേതാത്മാക്കള്‍ വിലപിക്കും.

അപരിചിതരെപ്പോലെ തന്റെ ഖബ്റിന്നടുത്തുകൂടെ നടന്നുപോകുന്നവരെ പറ്റി ഒരു പരേതാത്മാവ് വിലപിക്കുന്നതാണ് പൂര്‍വിക സൂഫികളില്‍ ഒരാളുടെ ഈ കവിത. എന്റെ സ്വന്തക്കാര്‍ അപരിചിതരെപ്പോലെ എന്റെ ഖബ്റിന്നടുത്തുകൂടെ നടന്നുപോകുന്നു. എന്നെ അറിഞ്ഞ ഭാവമില്ലാതെ. എന്റെ സ്വത്തുക്കള്‍ അനന്തരമെടുത്തവര്‍ എന്റെ കടങ്ങള്‍ തീര്‍ക്കുന്നതില്‍ ശുഷ്കാന്തി കാണിക്കുന്നില്ലല്ലോ….. എന്നിങ്ങനെയാണ് ഖബ്റില്‍ നിന്നുള്ള രോദനം.

ശ്മശാനത്തിലേക്കു ചെന്നാല്‍ താഴെ പറയും പ്രകാരം പ്രാര്‍ഥിക്കാന്‍ നബി(സ്വ) പഠിപ്പിച്ചതായി ബുറൈദ(റ) യില്‍ നിന്ന് മുസ്ലിം(റ) നിവേദനം ചെയ്യുന്നു.

അബൂഹുറയ്റ(റ) പറയുന്നു. ഒരാള്‍ തന്റെ സ്നേഹിതന്റെ ഖബ്റിന്നടുത്തുകൂടെ യാത്രചെയ്യുകയും സലാം പറയുകയും ചെയ്താല്‍ പരേതാത്മാവ് ആളെ തിരിച്ചറിയുകയും സലാം മടക്കുകയും ചെയ്യും. അപരിചിതനാണെങ്കിലും സലാം മടക്കും എന്നു നബി(സ്വ) പറയുന്നതായി ഞാന്‍ കേട്ടു. ഖബ്റാളി ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് തന്റെ ഉറ്റവര്‍ വന്നു സിയാറത്തു ചെയ്യുമ്പോഴാണെന്നു മറ്റൊരു ഹദീസില്‍ കാണാം. ഉറ്റവരുടെ സന്ദര്‍ശനം അവര്‍ക്കു നേരമ്പോക്കായിരിക്കും.

ഖബ്റ് സിയാറത്ത് ചെയ്യുന്നതും ഖബ്റിന്റെ അഹ്ലിനു സലാം പറയുന്നതും ഖുര്‍ആന്‍ ഓതി ദുആ ചെയ്യുന്നതും സുന്നത്താണ് (മിന്‍ഹാജ്). ഖബ്റുകളുടെ സമീപത്തുകൂടെ നടന്നുപോകുന്നവര്‍ പതിനൊന്നു തവണ സൂറത്തുല്‍ ഇഖ്ലാസ്വ് ഓതി പരേതാത്മാവുകള്‍ക്കുവേണ്ടി ഹദ്യ ചെയ്താല്‍ ഖബ്റ്സ്ഥാനില്‍ മറപെട്ടു കിടക്കുന്നവരുടെ എണ്ണമനുസരിച്ച് ഓതിയ വ്യക്തിക്കും പ്രതിഫലം ലഭിക്കുമെന്ന് നബി(സ്വ) പറഞ്ഞതായി അലി(റ)യില്‍ നിന്ന് ദാറഖുത്വ്നി നിവേദനം ചെയ്തു കാണാം. ഖബ്റ് സിയാറത്ത് വേളയില്‍ ഖുര്‍ആന്‍ ഓതി ദുആ ചെയ്താല്‍ അതു സത്യവിശ്വാസിയുടെ ശിപാര്‍ശയായി പരിഗണിക്കപ്പെടുമെന്നു റസൂല്‍ (സ്വ) പറഞ്ഞതായി ശറഹുസ്സ്വുദ്ദൂര്‍ (പേജ് 130) രേഖപ്പെടുത്തിയിട്ടുണ്ട്.

മരിച്ചവരുടെ മേല്‍ നിങ്ങള്‍ യാസീന്‍ സൂറഃ ഓതുക എന്ന അഹ്മദ്(റ)ന്റെ നിവേദനത്തിലുള്ള ഹദീസിന്റെ വ്യാപ്തിയില്‍ ഖബ്റിനടുത്തു വെച്ചുള്ള ഖുര്‍ആന്‍ പാരായണവും പെടുമെന്ന് പണ്ഢിതന്മാര്‍ അഭിപ്രായപ്പെടുന്നു.

വിവാദം വേണ്ട

ഖബ്റ് സിയാറത്ത് വിവാദ വിഷയമായതു ചില തെറ്റിദ്ധാരണകള്‍ മൂലമാണ്. ബുഖാരിയും മുസ്ലിമും നിവേദനം ചെയ്ത പ്രസിദ്ധമായ ഒരു ഹദീസില്‍

എന്നു കാണാം. മസ്ജിദുല്‍ ഹറാം, മസ്ജിദുല്‍ അഖ്സ്വാ, മസ്ജിദുന്നബവി എന്നീ പള്ളികളിലേക്കല്ലാതെ വാഹനയാത്ര സംഘടിപ്പിക്കരുത് എന്നാണീ ഹദീസിന്റെ താത്പര്യം. ഖബ്റ് സി യാറത്തല്ല ഹദീസിലെ വിഷയമെന്നു ഒറ്റനോട്ടത്തിലേ മനസ്സിലാക്കാവുന്നതേയുള്ളൂ. മേല്‍ പറഞ്ഞ മൂന്നു പള്ളികളില്‍ വെച്ചു നിസ്കരിക്കുന്നതിനു വളരെയേറെ പുണ്യമുണ്ടെന്നു മറ്റു ഹദീസുകള്‍ കൊണ്ടു സ്ഥിരപ്പെട്ട കാര്യമാണ്. ഈ മൂന്നു പള്ളികള്‍ ഒഴികെ ലോകത്തുള്ള എല്ലാ പള്ളികള്‍ക്കും ഒരേ മഹത്വമാണ്. ചെറുതാവട്ടെ, വലുതാവട്ടെ, പഴയതാവട്ടെ, പുതിയതാവട്ടെ മഹത്വത്തിനു മാറ്റമില്ല. പള്ളിയില്‍ വെച്ചു നിസ്കരിക്കാനോ ഇഅ്തികാഫ് അനുഷ്ഠിക്കാനോ നേര്‍ച്ചയാക്കിയ ഒരാള്‍ക്കു ഏതു പള്ളിയില്‍ വെച്ചും അതു നിര്‍വഹിക്കാം. അടുത്തു പള്ളിയുണ്ടായിരിക്കേ ദൂരെയുള്ള പള്ളിയിലേക്കു പോകുന്നതിനെയാണു വിലക്കിയിരിക്കുന്നത്. വിശ്വപ്രസിദ്ധമായ മൂന്നു പള്ളികള്‍ ഒഴികെയുള്ള എല്ലാ പള്ളികള്‍ക്കും ഒരേ മഹത്വമാണെങ്കില്‍ പിന്നെന്തിനു പാഴ്ചിലവു ചെയ്തു ദൂരെയുള്ള പള്ളിയിലേക്കു പോകണം? ഈ ഹദീസ് ഖബ്റ് സിയാറത്തിനെ ഉദ്ദേശിച്ചല്ലെന്നു സാരം.

ഖബ്റ് സിയാറത്ത് സുന്നത്താണെന്നതു വ്യക്തമാണ്. അമ്പിയാക്കളുടെയും ഔലിയാക്കളുടെയും മറ്റു മഹാന്മാരുടേതുമാണെങ്കില്‍ പ്രത്യേകിച്ചും. ഈ സുന്നത്തു കിട്ടാന്‍ യാത്ര ആവശ്യമാണെങ്കില്‍ ചെയ്യാതിരിക്കുന്നതെങ്ങനെ? സുന്നത്തു കിട്ടാന്‍ ഖബ്റുകള്‍ ഇങ്ങോട്ട് അന്വേഷിച്ചു വരണമെന്നു പറയാനാകുമോ? സിയാറത്ത് സുന്നത്താണെങ്കില്‍ അതിനുള്ള യാത്രയും സുന്നത്തു തന്നെ. സിയാറത്ത് സുന്നത്തും അതിനുള്ള യാത്ര നിഷിദ്ധവുമെന്ന നിയമം വിചിത്രമായിരിക്കുമല്ലോ!

നേരത്തെ നിരോധം

ഇസ്ലാമിന്റെ ആദ്യഘട്ടത്തില്‍ ഖബ്റ് സിയാറത്ത് നിരോധിച്ചതു ശരിയാണ്. ഞാന്‍ നിങ്ങളോട് ഖബ്റ് സിയാറത്ത് നിരോധിച്ചിരുന്നു. ഇനി നിങ്ങള്‍ സിയാറത്തു ചെയ്യുക (മുസ്ലിം 1/314). നബി(സ്വ) എല്ലാ രാത്രിയിലും ജന്നത്തുല്‍ ബഖീഅ് സിയാറത്തു ചെയ്യാറുണ്ടായിരുന്നെന്നും പരേതാത്മാക്കള്‍ക്കു സലാം പറയാറുണ്ടായിരുന്നെന്നും പ്രാര്‍ഥിക്കാറുണ്ടായിരുന്നെന്നും ആഇശാ(റ) പറയുന്നു (മുസ്ലിം 1/313). ഈ ഹദീസിന്റെ തുടര്‍ച്ചയായി ആഇശാ(റ) യില്‍ നിന്നുതന്നെ മുസ്ലിം മറ്റൊരു സംഭവം ഉദ്ധരിക്കുന്നുണ്ട്.

രാത്രിയുടെ ഏതോ നിമിഷത്തില്‍ നബി(സ്വ) വിരിപ്പില്‍ നിന്നെഴുന്നേറ്റു വസ്ത്രം ധരിച്ചു പുറത്തു പോകുന്നത് ആഇശാ(റ) അറിയുന്നു. മഹതി ശബ്ദമുണ്ടാക്കാതെ റസൂല്‍(സ്വ)നെ പിന്തുടരുന്നു. ബഖീഇല്‍ എത്തിയപ്പോള്‍ അവിടുന്നു അഹ്ലുല്‍ ഖുബൂറിനു സലാം പറഞ്ഞുകൊണ്ട് പ്രാര്‍ഥിക്കുന്നു. ബീവി മാറിനിന്നു രംഗം വീക്ഷിക്കുന്നു. സിയാറത്തു കഴിഞ്ഞു തിരുമേനി തിരിഞ്ഞു നടക്കുന്നു. മഹതിയും വീട്ടിലേക്കു മടങ്ങുന്നു. റസൂല്‍(സ്വ)ന്റെ നടത്തം വേഗത്തിലാണെന്നു മനസ്സിലാക്കിയ ആഇശാ(റ) വേഗം നടക്കുന്നു. അതൊരു ഓട്ടമായി മാറുന്നു. തിരുമേനിക്കു മുമ്പ് വീട്ടിലെത്തി ബീവി ഉറങ്ങിയതുപോലെ കിടക്കുന്നു. അവരുടെ കിതപ്പ് കണ്ട് റസൂലിനു കാര്യം മനസ്സിലാകുന്നു. നിന്നെ ശല്യപ്പെടുത്തേണ്ടെന്നു കരുതിയാണ് ഞാന്‍ തനിയേ എഴുന്നേറ്റു പോയതെന്നും ജന്നത്തുല്‍ ബഖീഇല്‍ പോയി സിയാറത്തു ചെയ്യാന്‍ അല്ലാഹുവിന്റെ കല്‍പനയുണ്ടെന്നും തിരുദൂതര്‍ വിശദീകരിക്കുന്നു. ഞങ്ങള്‍ എങ്ങനെയാണു സിയാറത്ത് ചെയ്യേണ്ടതെന്നു ബീവി ചോദിക്കുന്നു. അവിടുന്നു പരേതാത്മാക്കള്‍ക്കു സലാം പറയേണ്ട വിധവും പ്രാര്‍ഥിക്കേണ്ട രീതിയും പഠിപ്പിച്ചു കൊടുക്കുന്നു.

സിയാറത്ത് നിരോധിച്ചിരുന്നെങ്കില്‍ മേല്‍പറഞ്ഞ ഹദീസുകളുടെ പൊരുളെന്ത്? ‘നിങ്ങള്‍

സിയാറത്ത് ചെയ്യുവിന്‍, അതു പരലോകസ്മരണ ഉണ്ടാക്കുന്നതാണ്’ എന്ന ഹദീസിന്റെ അടിസ്ഥാനത്തില്‍ സിയാറത്ത് സുന്നത്താണെന്ന കാര്യം ഇജ്മാഅ് ആണ് (തുഹ്ഫ 3/199). നിശ്ചി ത വ്യക്തിയുടെ ഖബ്റ് സിയാറത്ത് ചെയ്യാന്‍ പോകുന്നവര്‍ ആദ്യം പൊതുവായും പിന്നീട് പ്ര ത്യേകമായും (മാതാപിതാക്കളോ മറ്റോ ആണെങ്കില്‍ അവരെ അബീ, ഉമ്മീ എന്നിങ്ങനെ) വിളിച്ചു സലാം പറയല്‍ സുന്നത്താണ് (തുഹ്ഫ). ഖബ്റ് സിയാറത്ത് സുന്നത്താണെന്ന കാര്യത്തില്‍ ലോക മുസ്ലിം പണ്ഢിതന്മാര്‍ ഏകോപിച്ചതായി ശറഹ് മുസ്ലിമില്‍ ഇമാം നവവി(റ) പ്രസ്താവിക്കുന്നു (പേജ് 314).

ഇസ്ലാമിന്റെ ആദ്യകാലത്ത് സിയാറത്ത് നിരോധിച്ചതിന്റെ താത്പര്യം അന്നത്തെ സാമൂഹിക ചുറ്റുപാടുകളും തൌഹീദ് സ്ഥിരപ്പെടുത്താനുള്ള പശ്ചാത്തലം ഭദ്രമാക്കലുമാണെന്നു വ്യക്തമാണ്. ജാഹിലിയ്യാ കാലത്തു ഖബ്റുകള്‍ ആരാധനാ കേന്ദ്രങ്ങളായിരുന്നു. പ്രവാചകന്മാരെയും പുണ്യപുരുഷന്മാരെയും ദൈവങ്ങളായും ദൈവാവതാരങ്ങളായും കരുതി ആരാധിച്ചിരുന്നു. ഖബ്റുകള്‍ക്ക് ആരാധനകള്‍ അര്‍പ്പിച്ചിരുന്നു. സാമൂഹികമായി തന്നെ വന്‍ പ്രാധാന്യമുള്ള ഉത്സവങ്ങള്‍ ഖബറിടങ്ങളെ ചുറ്റിപ്പറ്റി നടന്നിരുന്നു. ഈ ചടങ്ങുകളുടെ കാതല്‍ തൌഹീദിന്റെ ആശയങ്ങളുടെ കണ്ഠകോടാലിയായിരുന്നു. ഇതില്‍ നിന്നു തെറ്റും ശരിയും വേര്‍തിരിക്കുക പ്രയാസമായിരുന്നു. ഒരു താല്‍ക്കാലിക നിരോധനത്തിലൂടെ സമൂഹത്തിന്റെ ശ്രദ്ധ തൌഹീദിലേക്കു തിരിക്കുകയായിരുന്നു. ഇസ്ലാമിന്റെ അടിസ്ഥാനാശയങ്ങള്‍ ശക്തമായതോടെ നിരോ ധം നീക്കി സിയാറത്തിന് അനുമതിയും പ്രോത്സാഹനവും നല്‍കുകയുണ്ടായി.

സ്ത്രീകളുടെ സിയാറത്ത്

ഖബ്റ് സിയാറത്തിനു പോകുന്ന സ്ത്രീകളെ ശപിച്ചുകൊണ്ടുള്ള ഹദീസും നിരോധനകാലത്തുള്ളതാണെന്നു വ്യക്തം. കാരണം പൊതുനിരോധനം നീങ്ങിയശേഷം സ്ത്രീകളെയും സിയാറത്തിന് അനുവദിച്ചിട്ടുണ്ട്. എന്നാല്‍ പുരുഷന്മാരെ പോലെയല്ല സ്ത്രീകള്‍ക്ക് ഈ വിഷയത്തിലുള്ള വിധി. ഫിത്ന ഭയപ്പെടുന്നില്ലെങ്കില്‍ സ്ത്രീകള്‍ക്ക് ഖബ്റ് സിയാറത്ത് അനുവദനീയമാണ് (മഹല്ലി 1/351).

നബി(സ്വ)യുടെ ഖബ്റ് സിയാറത്ത് ചെയ്യുന്നത് സ്ത്രീകള്‍ക്കും സുന്നത്താണ്. മസ്ജിദുന്നബ വിയില്‍ സ്ത്രീകള്‍ക്ക് സിയാറത്തിനു പ്രത്യേകം സൌകര്യം ചെയ്തു കൊടുക്കുന്ന പതിവ് ഇന്നും തുടരുന്നു.  ഔലിയാക്കളുടെയും സ്വാലിഹുകളുടെയും അപ്രകാരം തന്നെ (ഫത്ഹുല്‍ മുഈന്‍). പുരുഷന്മാരെ പോലെ പൊതുവായ സുന്നത്ത് (സാധാരണക്കാരുടെ ഖബ്റ് സിയാറത്ത്) സ്ത്രീകള്‍ക്കില്ലാത്തതുകൊണ്ടാണ് അതവര്‍ക്ക് കറാഹത്താണെന്നു ഫുഖഹാക്കള്‍ വി വരിച്ചത്. മകന്റെയോ ഭര്‍ത്താവിന്റെയോ ഖബ്റ് സിയാറത്ത് സ്ത്രീ ചെയ്താല്‍ ഹറാമാണെന്നു പറയാന്‍ കഴിയില്ല. തന്റെ കുട്ടിയുടെ ഖബ്റിനരികെ കരഞ്ഞുകൊണ്ടിരുന്ന സ്ത്രീ യോട് þ- പെണ്ണേ, നീ ക്ഷമിക്കുക, അല്ലാഹുവെ ഭയപ്പെടുകയും ചെയ്യുക എന്നു ശാസിക്കുക മാത്രമാണു നബി(സ്വ) ചെയ്തത് (ബുഖാരി, മുസ്ലിം).

ആഇശാ(റ) നടത്തിയിരുന്ന ഖബ്റ് സിയാറത്ത് സംബന്ധിച്ചു ഇമാം അഹ്മദ്(റ) നിവേദനം ചെയ്ത ഹദീസ് പ്രസിദ്ധമാണല്ലോ. ആഇശാ ബീവി(റ)യുടെ വീട്ടിലാണല്ലോ തിരുനബി(സ്വ) യെ ഖബറടക്കിയത്. ഭര്‍ത്താവിനെ ഖബ്റടക്കിയ മുറിയാണെന്ന സ്വാതന്ത്യ്രത്തോടെ ഹിജാബൊന്നും കാര്യമായി പാലിക്കാതെ അവിടം സിയാറത്ത് ചെയ്തിരുന്നതായി ബീവി പറയുന്നു. പിന്നെ പിതാവിനെയും തൊട്ടടുത്ത് മറവു ചെയ്തു. അപ്പോഴും ഹിജാബിന്റെ കാര്യം പ്രത്യേകം ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍ അന്യനായ ഖലീഫാ ഉമര്‍(റ)വിനെ അതേ മുറിയില്‍ മറമാടിയപ്പോള്‍ പൂര്‍ണ പര്‍ദ്ദയോടെയല്ലാതെ ആ മുറിയില്‍ പ്രവേശിക്കാറില്ലായിരുന്നു എന്നു ബീവി പറയുന്നു. സ്ത്രീകളുടെ സിയാറത്ത് സംബന്ധിച്ച നിയമവശങ്ങളുടെ ഏതാണ്ടെല്ലാ വിശദാംശങ്ങളും ഈ ഹദീസിലുണ്ട്.

അന്യപുരുഷന്മാരുമായി കാണുകയും കൂടിക്കലരുകയും ചെയ്യുന്ന അവസ്ഥയില്‍ ഖബ്റ് എത്ര വലിയ മഹാന്റേതാണെങ്കിലും സ്ത്രീകളുടെ സിയാറത്ത് അങ്ങേയറ്റം അപലപനീയവുമാണ്.

ഖബ്റുകള്‍ കെട്ടിപ്പൊക്കല്‍

ഖബ്റുകള്‍ കെട്ടിപ്പൊക്കലും കുമ്മായമിടലും അതിന്മേല്‍ എഴുതിവെക്കലും കറാഹത്താണ് (മഹല്ലി 1/350). ആവശ്യമില്ലാതെ ഖബ്റുകള്‍ കെട്ടിപ്പൊക്കുന്നത് കറാഹത്താണ്. അതു പൊതുസ്ഥലത്താണെങ്കില്‍ ഹറാമുമാണ് (ഫത്ഹുല്‍മുഈന്‍). ഇതു സാധാരണക്കാരുടെ വിധിയാണ്. സാധാരണ ജനങ്ങളുടെ ഖബ്റുകള്‍ കെട്ടിടങ്ങള്‍ക്കുള്ളിലാക്കി രമ്യഹര്‍മ്യങ്ങള്‍ നിര്‍മ്മിക്കുന്നത് തീര്‍ത്തും അനാവശ്യവും പൊതുസ്ഥലത്താണെങ്കില്‍ അനധികൃതമായ കയ്യേറ്റവുമാണ്. സമൂഹത്തിന് ഈ കെട്ടിപ്പൊക്കല്‍ കൊണ്ട് ഒരു കാര്യവുമില്ല. ഈ നിയമത്തില്‍ നിന്നു അമ്പിയാക്കള്‍, ഔലിയാക്കള്‍, ശുഹദാക്കള്‍ തുടങ്ങിയ മഹത് വ്യക്തിത്വങ്ങള്‍ ഒഴിവാണെന്നു ഫിഖ്ഹ് ഗ്രന്ഥങ്ങള്‍ പറയുന്നു. സ്വാലിഹീങ്ങളുടെ ഖബ്റ് കെട്ടിപ്പൊക്കല്‍ അനുവദനീയമാണ്. അതു ഖുബ്ബയാണെങ്കിലും ശരി. സിയാറത്ത് സജീവമാക്കലും ബറകത്തെടുക്കലും ഉദ്ദേശിച്ചാണിത് (ഇആനത്ത് 1/120).

മഹാത്മാക്കളുടെ ഖബ്റ് സിയാറത്തിനു വരുന്നവരുടെ സൌകര്യത്തിനു വേണ്ടി കെട്ടിടം നിര്‍മ്മിക്കുന്നതും മറ്റും അനുവദനീയമാണ്. ഈ ചര്യയും ലോക മുസ്ലിംകള്‍ക്കിടയില്‍ ഏകാഭിപ്രായമുള്ളതാണെന്നു കാണാം. ലോകവ്യാപകമായിത്തന്നെ മഹാന്മാരുടെ പടുത്തുയര്‍ത്തിയതും കെട്ടിടങ്ങള്‍ നിര്‍മ്മിച്ചതുമായ ഖബ്റുകള്‍ കാണാം. ഇതിന്നപവാദങ്ങളില്ല. എന്നാല്‍ ഭരണാധികാരികളെ സ്വാധീനിച്ചു പുത്തന്‍ തൌഹീദിന്റെ വക്താക്കള്‍ പുണ്യനഗരങ്ങളിലെ ഖബ്റുകളും മഖ്ബറകളും നിരത്തിയത് ചരിത്രത്തിലെ കറുത്ത അദ്ധ്യായമാണ്. സ്വഹാബത്തിന്റെയും താബിഉകളുടെയും കാലത്ത് നിര്‍മ്മിച്ച ഖബ്റുകളാണല്ലോ അവിടെ ഇടിച്ചു നിരത്തിയത്. പൂര്‍വീകര്‍ ശരിയെന്നു വിധിച്ചതു പിന്‍ഗാമികള്‍ തെറ്റെന്നു വിധിക്കുന്നതിലെ അര്‍ഥശൂന്യത ആര്‍ക്കാണു ബോധ്യമാകാത്തത്?

നബി കരീം(സ്വ) എന്നെ ഏല്‍പിച്ച ഒരു കാര്യം ഞാന്‍ നിന്നെ ഏല്‍പിക്കട്ടെ എന്നു അലി(റ) അബ്ദുല്‍ ഹയ്യാജിനോടു ചോദിച്ച ഹദീസാണ് ഖബ്റുപൊളി വിപ്ളവത്തിന്റെ അടിയാധാരം. മുസ്ലിം 1/312ല്‍ വിവരിച്ച ഈ ഹദീസില്‍ ഒരു പ്രതിമയും തകര്‍ക്കാതെ വിടരുതെന്നും ഉയര്‍ത്തപ്പെട്ട ഒരു ഖബ്റും നിരത്താതെ ബാക്കി വയ്ക്കരുതെന്നും പറയുന്നുണ്ട്. ഈ നിര്‍ ദ്ദേശം നബി(സ്വ)യാണ് അലി(റ)ന് കൊടുക്കുന്നത്. വികസിച്ചു വരുന്ന ഇസ്ലാമിക സാമ്രാജ്യത്തിലെ അജ്ഞാത ശവകുടീരങ്ങളാണ് ഈ ഹദീസിലെ താത്പര്യം. ജാഹിലിയ്യത്തില്‍ ശവകുടീരങ്ങള്‍ക്കുണ്ടായിരുന്ന പ്രാധാന്യം അറിയാവുന്നതുകൊണ്ടാണ്, ഇസ്ലാമിലേക്കു വന്ന ശേഷവും പഴയ താത്പര്യം നിലനില്‍ക്കാതിരിക്കാന്‍ അമുസ്ലിം ശവകുടീരങ്ങള്‍ തകര്‍ക്കുന്നതിനു നിര്‍ദ്ദേശിക്കപ്പെട്ടത്. സിയാറത്ത് സുന്നത്താകുന്നതു തന്നെ മറമാടിയ മയ്യിത്തു മുസ്ലിമിന്റേതാകുമ്പോള്‍ മാത്രമാണ്. മുസ്ലിമോ അമുസ്ലിമോ എന്നറിയാത്ത മയ്യിത്തിനു നിസ്കരിക്കാന്‍ കൂടി പാടില്ലെന്നാണ് ശറഹിന്റെ വിധി. എങ്കില്‍ കുഫ്രിയ്യത്ത് കൂട്ടത്തോടെ ഇല്ലാതാവുകയും തൌഹീദ് അടിസ്ഥാനപ്രമാണമായി സ്വീകരിക്കുകയും ചെയ്ത ഒരു സമൂഹത്തില്‍ ശിര്‍ക്കിന്റെ പഴയ കുടീരങ്ങള്‍ തകര്‍ക്കാന്‍ നിര്‍ദ്ദേശിക്കുകയല്ലാതെന്താണു ചെയ്യുക? ഒരൊറ്റ പ്രതിമയും തകര്‍ക്കാതെ വിടരുതെന്ന് ഈ ഹദീസില്‍ തന്നെ പറയുന്നുണ്ടല്ലോ. പ്രതിമകളുടെ സ്ഥാനം അലങ്കരിക്കുന്ന ശവകുടീരങ്ങളാണ് നീക്കം ചെയ്യാന്‍ കല്‍പിച്ചതെന്ന് ഇതില്‍ നിന്നു വ്യക്തമാകുന്നുണ്ട്.


RELATED ARTICLE

 • രോഗ സന്ദര്‍ശനം
 • ഖബര്‍ സിയാറത്ത്
 • രോഗിയെ കിടത്തേണ്ട വിധം
 • മയ്യിത്തു നിസ്കാരം
 • ഖബറടക്കല്‍
 • മയ്യിത്തു കുളിപ്പിക്കല്‍
 • മയ്യിത്തു പ്രദര്‍ശനങ്ങള്‍
 • മയ്യിത്തിനെ അനുഗമിക്കല്‍
 • കഫന്‍ ചെയ്യല്‍
 • അനുശോചനം
 • അലംഘനീയമായ വിധി