Click to Download Ihyaussunna Application Form
 

 

രോഗിയെ കിടത്തേണ്ട വിധം

സന്നമരണനായ രോഗിയെ വലതുഭാഗം ചെരിച്ച് ‘ഖിബ്ല’ക്ക് അഭിമുഖമായി കിടത്തണം. അതിനു കഴിയില്ലെങ്കില്‍ ഇടതുഭാഗം ചെരിച്ചു കിടത്തുക. അതിനും കഴിയാത്തവിധം അവശനാണെങ്കില്‍ ഉള്ളന്‍ കാലും മുഖവും ഖിബ്ലക്കുനേരെ വരത്തക്കവിധം തല കിഴക്കുഭാഗത്താക്കി മലര്‍ത്തിക്കിടത്തണം.

പിന്നെ കാര്യമായി ചെയ്യേണ്ടത് ‘ലാഇലാഹ ഇല്ലല്ലാഹ്’ എന്ന കലിമ ചൊല്ലിക്കൊടുക്കുകയാണ്. രോഗി കേള്‍ക്കേ ചൊല്ലിയാല്‍ മതി. നിര്‍ബന്ധിച്ചു പറയിപ്പിക്കേണ്ടതില്ല. ഒരു തവണ ഏറ്റുചൊല്ലിയാല്‍ പിന്നെയും ആവര്‍ത്തിക്കേണ്ട. രോഗി കലിമ ചൊല്ലിയശേഷം മറ്റു വല്ലതും സംസാരിച്ചാല്‍ വീണ്ടും ചൊല്ലിക്കൊടുക്കണം. അവസാനപദം ‘ലാഇലാഹ ഇല്ലല്ലാഹ്’ ആയിരിക്കണമെന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഹദീസില്‍ കാണാം. ആരുടെയെങ്കിലും അവസാന സംസാരം ‘ലാഇലാഹ ഇല്ലല്ലാഹ്’ ആയാല്‍ അവന്‍ സ്വര്‍ഗത്തില്‍ കടക്കുമെന്ന് നബി(സ്വ) പറഞ്ഞതായി മുആദ്ബ്നു ജബല്‍(റ)വില്‍ നി ന്നും അബൂദാവൂദ് നിവേദനം ചെയ്തിട്ടുണ്ട്. തഹ്ലീല്‍ ചൊല്ലുന്നത് നല്ലതാണെന്നും റഹ്മത്തിന്റെ മലകുകള്‍ ഇറങ്ങാന്‍ കാരണമെന്നും പറഞ്ഞു ചൊല്ലുകയും കൂടെ ചൊല്ലാന്‍ അവസരമുണ്ടാക്കുകയും ചെയ്താല്‍ മതി. കുട്ടിയോ ഭ്രാന്തനോ ആയാല്‍പോലും കലിമ ചൊല്ലിക്കൊടുക്കണം. രോഗിയുടെ അനന്തരാവകാശിയോ ശത്രുതയുള്ള ആളോ കലിമ ചൊല്ലിക്കൊടുക്കരുത്. ഇനി മറ്റാരുമില്ലെങ്കില്‍ ഉള്ളവര്‍ ചൊല്ലിക്കൊടുക്കണം. അല്ലാഹു എനിക്കു പൊറുത്തു തരുമെന്നും കരുണ ചെയ്യുമെന്നുമുള്ള ചിന്ത അന്ത്യനിമിഷങ്ങളില്‍ രോഗിക്കു വളരെ ആശ്വാസം നല്‍കും. ആസന്നമരണനായി കിടക്കുന്ന രോഗി സത്യവിശ്വാസിയാണെങ്കില്‍ മരണം അവനു സന്തോഷകരമായിരിക്കുമെന്ന് ന ബി(സ്വ) പറഞ്ഞിട്ടുണ്ട്. അല്ലാഹുവിനെ കണ്ടുമുട്ടാന്‍ ഒരാള്‍ ഇഷ്ടപ്പെട്ടാല്‍ അവനെ കണ്ടുമുട്ടാന്‍ അല്ലാഹുവും ഇഷ്ടപ്പെടുമെന്നു നബി(സ്വ) പറഞ്ഞപ്പോള്‍ ആഇശാ ബീവി (റ)യോ അവിടെയുണ്ടായിരുന്ന നബിപത്നിമാരില്‍ മറ്റാരോ പറഞ്ഞു: ‘ഞങ്ങള്‍ മരണ ത്തെ വെറുക്കുന്നു. ഇത് അല്ലാഹുവുമായി കണ്ടുമുട്ടുന്നതിനെ വെറുക്കലാകുമോ?’ ഇല്ലെന്നു റസൂല്‍(സ്വ) പറഞ്ഞു. സത്യവിശ്വാസിക്കു മരണം ആസന്നമായാല്‍ അല്ലാഹുവിന്റെ പൊരുത്തവും സ്നേഹവും കൊണ്ട് സന്തോഷവാര്‍ത്ത ലഭിക്കും. അപ്പോള്‍ അവനു മരണത്തെക്കാള്‍ ഇഷ്ടപ്പെട്ടതായി മറ്റൊന്നുമുണ്ടാവുകയില്ല. അങ്ങനെ അവന്‍ അല്ലാഹുവിനെ കണ്ടുമുട്ടലും അല്ലാഹു അവനെ കണ്ടുമുട്ടലും ഇഷ്ടപ്പെട്ടു. അവിശ്വാസി മരണത്തോടടുത്താല്‍ അല്ലാഹുവിന്റെ കോപവും ശിക്ഷയും കൊണ്ടാണ് സന്താപവാര്‍ത്ത ലഭിക്കുക. അപ്പോള്‍ അവനു മരണത്തെക്കാള്‍ വെറുപ്പുള്ളതായി മറ്റൊന്നുമുണ്ടാവുകയില്ല. അങ്ങനെ അവന്‍ അല്ലാഹുവെയും അല്ലാഹു അവനെയും കണ്ടുമുട്ടുന്നതു വെറുത്തു എന്നു നബികരീം(സ്വ) വിശദീകരിച്ചു.

രോഗിയുടെ ചിന്തയും ഏകാഗ്രതയും നഷ്ടപ്പെടുത്തും വിധം ബഹളമുണ്ടാക്കുകയോ കരയുകയോ ചെയ്യരുത്. മരണവേളയില്‍ വെള്ളം കുടിപ്പിക്കാന്‍ കഴിയുമെങ്കില്‍ ചെയ്യണം. ഇല്ലെങ്കില്‍ തുണി നനച്ച് ചുണ്ട് തുടച്ചു കൊടുക്കണം. വൃത്തിയുള്ള വസ്ത്രം ധരിപ്പിക്കണം. മുറിയില്‍ മാലിന്യങ്ങളൊന്നുമുണ്ടാകരുത്. ധാരാളം വെളിച്ചവും ശുദ്ധവായുവും കിട്ടുന്ന മുറിയിലാണ് രോഗിയെ കിടത്തേണ്ടത്. മരണവേളയില്‍ വുളൂഅ് ഉണ്ടാക്കിക്കൊടുത്താല്‍ ജിബ്രീല്‍(അ) ആഗതനാകുമെന്ന് ഹദീസില്‍ വന്നിട്ടുണ്ട്. ആസന്നമരണനായ ആളുടെ സമീപത്ത് വെച്ചു യാസീന്‍ ഓതാന്‍ നബി(സ്വ) ഉപദേശിച്ചിട്ടുണ്ട് (മിന്‍ഹാജ് 3/92).

മരണ സമയത്ത് യാസീന്‍ ഓതിയാല്‍ ദാഹം തീര്‍ന്നവനായി മരിക്കുകയും ദാഹമില്ലാത്തവനായി ഖബ്റില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുമെന്ന് ഹദീസിലുണ്ട്. ‘സൂറത്തു റഅ്ദ്’ ഓതുന്നതും നല്ലതാണ്. റൂഹ് അനായാസം പുറപ്പെടാന്‍ ഇത് ഓതുന്നതു സുന്നത്താണ് (തുഹ്ഫ 3/94).

മരണാസന്നനായ വ്യക്തിയുടെ സമീപത്തു നിന്നു വലിയ അശുദ്ധിയുള്ളവരും ഋതുമതിയും മാറി നില്‍ക്കണം. പട്ടിയെപ്പോലുള്ള ജീവികളെയും റഹ്മത്തിന്റെ മലകുകള്‍ അകന്നു നില്‍ക്കാന്‍ കാരണമാകുന്ന ഫോട്ടോകളും മറ്റും ഒഴിവാക്കണം.

ലക്ഷണങ്ങള്‍

ഒരാള്‍ മരിച്ചോ എന്നറിയാന്‍ ചില വഴികളുണ്ട്. കഴുത്തിലെ നാഡീമിടിപ്പു പരിശോധിച്ചു നോക്കുക. കൈയിന്റെ മണിബന്ധത്തോടു ചേര്‍ന്ന നാഡിയും പിടിച്ചുനോക്കാം. ശ്വസനം നടക്കുന്നുണ്ടോ എന്നു നോക്കണം. നേരിയ ഒരു കടലാസു തുണ്ട് മൂക്കിനു നേരെ പിടിച്ചാല്‍ ശ്വസിക്കുന്നുണ്ടെങ്കില്‍ ചലനം അനുഭവപ്പെടും. ശരീരത്തിലെ താപനില നോക്കിയും കണ്ണിന്റെ കൃഷ്ണമണി നോക്കിയും മരണം നിര്‍ണയിക്കാം. ഇതു ഒരു ഡോക്ടര്‍ക്കേ കൃത്യമായി പറയാനാവൂ. ചില ലക്ഷണങ്ങള്‍ ‘ഫുഖഹാ’ക്കള്‍ പറയുന്നുണ്ട്. പാദം തളരുക, മുഖത്തെ തൊലി വലിയുക, തലയുടെ ചന്നി കുഴിയുക, മൂക്ക് ചെരിയുക മുതലായവ. നല്ല അന്ത്യത്തിന്റെ സൂചനകളെക്കുറിച്ചും ഹദീസില്‍ വന്നിട്ടുണ്ട്. നെറ്റി വിയര്‍ക്കുക, കണ്ണുനീര്‍ ഒലിക്കുക, മൂക്കിന്റെ ദ്വാരം വികസിക്കുക മുതലായവയാണത്. മരണം ഉറപ്പായിക്കഴിഞ്ഞാല്‍ മയ്യിത്തിന്റെ കണ്ണുകള്‍ ‘ബിസ്മില്ലാഹി വഅലാ മില്ലത്തി റസൂലില്ലാഹി’ എന്നു പറഞ്ഞുകൊണ്ട് തിരുമ്മി അടക്കണം. കുരുടന്റേതാണെങ്കിലും ഇങ്ങനെ ചെയ്യണം. അബൂസലമ(റ) മരിച്ചപ്പോള്‍ നബിതങ്ങള്‍ കണ്ണുകള്‍ അടച്ചുകൊടുത്തത് ഉമ്മുസലമ(റ) പറഞ്ഞിട്ടുണ്ട്.

താടിയും തലയും ചേര്‍ത്ത് തുണിക്കഷ്ണം കൊണ്ടു കെട്ടണം. ശരീരത്തിലെ സന്ധികള്‍ ചലിപ്പിച്ചു മയപ്പെടുത്തണം. മുഴംകയ്യിനെ തോളിലേക്കും തണ്ടംകാലിനെ തുടയിലേക്കും മടക്കി നിവര്‍ത്തണം. തുട പള്ളയിലേക്കു മടക്കി നിവര്‍ത്തിക്കണം. വിരലുകളുടെ സന്ധികളും പാദങ്ങളും ചലിപ്പിക്കണം. കുളിപ്പിക്കുവാനും കഫന്‍ ചെയ്യുവാനും ഇതുകൊണ്ടു സൌകര്യം കൂടും. മരണസമയത്തു ധരിച്ചിരുന്ന വസ്ത്രം മാറ്റി നേരിയ വസ്ത്രം കൊണ്ടു ശരീരമാകെ മൂടണം. നബി(സ്വ) വഫാത്തായപ്പോള്‍ വരകളുള്ള ഒരു യെമനീ തുണികൊണ്ടു മൂടിയതായി ആഇശാ(റ) പറയുന്നു. വയറിന്മേല്‍ അല്‍പം ഭാരമുള്ള എന്തെങ്കിലും സാധനം കയറ്റിവെക്കണം. പുതപ്പിച്ചിരിക്കുന്ന തുണി തലയുടെയും കാലിന്റെയും ഭാഗത്ത് തിരുകി വെയ്ക്കണം.

മുഖം തുറന്നിടുകയോ വരുന്നവര്‍ക്കെല്ലാം കാണിച്ചുകൊടുത്തു പ്രദര്‍ശനവസ്തുവാക്കേണ്ടതോ ഇല്ല. അടുത്ത ബന്ധുക്കളോ മഹത്വ്യക്തികളോ ആണെങ്കില്‍ ജനാസ കാണുന്നതിനു വിരോധമില്ല. ജനാസയെ അനുഗമിക്കാനും നിസ്കാരത്തിലും പ്രാര്‍ഥനയിലും പങ്കെടുക്കാനും വന്നവരെല്ലാം മയ്യിത്ത് കാണല്‍ സുന്നത്തില്ല. മാത്രമല്ല ആവശ്യമില്ലാതെ ഔറത്തല്ലാത്ത ഭാഗങ്ങള്‍ കാണല്‍ കറാഹത്താണെന്നാണു നിയമം. മയ്യിത്തിന്റെ അടുത്തു ഖുര്‍ആന്‍ പാരായണം ചെയ്യുന്നതു സുന്നത്താണെന്നു കര്‍മ്മശാസ്ത്ര പണ്ഢിതന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. റഹ്മത്തിന്റെ മാലാഖമാര്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്ന സ്ഥലത്തു സന്നിഹിതരാവും.

മരിച്ച സ്ഥലത്ത് കര്‍ശനമായ അച്ചടക്കം പാലിക്കാന്‍ ഇസ്ലാം കല്‍പിക്കുന്നു. ആര്‍ത്തട്ടഹസിച്ചു കരയുന്നതും മാറത്തടിച്ചും വസ്ത്രം പിച്ചിച്ചീന്തിയും മുടിപിടിച്ചു പറിച്ചും പരാക്രമം നടത്തുന്നതും നബി(സ്വ) ശക്തമായ ഭാഷയില്‍ നിരോധിച്ചിട്ടുണ്ട്. പ്രവാചക പുത്രന്‍ ഇബ്റാഹീം വഫാതായപ്പോള്‍ അവിടുത്തെ ഇരുനയനങ്ങളും നിറഞ്ഞൊഴുകുന്നതു കണ്ട് അബ്ദുറഹ്മാനുബ്നു ഔഫ്(റ), തങ്ങള്‍ അക്ഷമ കാണിച്ചു കരയുകയാ ണോ എന്നു ചോദിച്ചു. ഇതു സ്നേഹാശ്രുവാണെന്ന് അവിടുന്നു മറുപടി പറഞ്ഞു (ബുഖാരി  മുസ്ലിം).

ആര്‍ത്തുകരയരുത്

കരയാം, പക്ഷേ, അമിതമാകരുതെന്നാണ് പ്രവാചകാധ്യാപനം. സൈനബ(റ)യുടെ മകന്‍ മരണശയ്യയിലായപ്പോള്‍ നബി(സ്വ)യുടെ നയനങ്ങള്‍ നിറഞ്ഞൊഴുകിയ സംഭവം ബുഖാരി-മുസ്ലിം നിവേദനം ചെയ്ത ഹദീസില്‍ കാണാം. ഇതേക്കുറിച്ചു സഅ്ദുബ്നു ഉബാദ(റ) ആരാഞ്ഞപ്പോള്‍ ഇത് അടിമകളുടെ ഹൃദയത്തില്‍ അല്ലാഹു നിക്ഷേപിച്ച സ്നേഹത്തിന്റെ ഫലമാണെന്നും ഹൃദയത്തില്‍ കരുണയുള്ളവര്‍ക്കേ അല്ലാഹു കരുണ ചെയ്യൂ എന്നും നബി(സ്വ) പറയുകയുണ്ടായി. അതേ സമയം അട്ടഹസിച്ചു കരയുന്നതിനെ റസൂല്‍(സ്വ) വിലക്കി. സഅ്ദുബ്നു ഉബാദ(റ) ആസന്നമരണനായി കിടന്നപ്പോള്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച പ്രവാചകന്‍(സ്വ) ദുഃഖം നിയന്ത്രിക്കാനാവാതെ കരഞ്ഞു. കൂടെ ഉണ്ടായിരുന്നവരും കരഞ്ഞുപോയി. കണ്ണീരൊഴുക്കിയതുകൊണ്ടോ ദുഃഖിച്ചതുകൊണ്ടോ അല്ലാഹു ശിക്ഷിക്കുകയില്ലെന്നു പറഞ്ഞ റസൂല്‍(സ്വ), നാവിലേക്കു ചൂണ്ടിക്കൊണ്ട് ഇതിന്റെ പേരില്‍ അല്ലാഹു ശിക്ഷിക്കുമെന്നും കുടുംബങ്ങളുടെ കരച്ചില്‍ കാരണം മൃതദേഹം ശിക്ഷിക്കപ്പെടുമെന്നും പറയുകയുണ്ടായി (ബുഖാരി).

മരിച്ചാല്‍ കരയാന്‍ വസ്വിയ്യത്തു ചെയ്യുന്ന പതിവ് ജാഹിലിയ്യാ അറബികളിലുണ്ടായിരുന്നു. അട്ടഹസിച്ചു വിലപിക്കുന്ന ഈ പതിവിനെ ഉദ്ദേശിച്ചുകൊണ്ട് കരച്ചില്‍ കാരണം മയ്യിത്തു ശിക്ഷിക്കപ്പെടുമെന്നു നബി(സ്വ) ആവര്‍ത്തിച്ചു പറയുകയുണ്ടായി. അബ്ദില്ലാഹിബ്നു മസ്ഊദ്(റ)വില്‍ നിന്ന് ബുഖാരിയും മുസ്ലിമും നിവേദനം ചെയ്ത ഹദീസി ല്‍, മരിച്ചതിന്റെ പേരില്‍ മുഖത്തടിക്കുന്നവരും കുപ്പായം വലിച്ചുകീറുന്നവരും തല ചുമരിലടിച്ചു വിലപിക്കുന്നവരും ജാഹിലിയ്യാ കാലത്തെപ്പോലെ വിളിച്ചു കൂവുന്നവരും ന മ്മില്‍ പെട്ടവരല്ലെന്നു പറഞ്ഞിട്ടുണ്ട്.

അബൂഹുറയ്റ(റ)യില്‍ നിന്നും മറ്റും നിവേദനം ചെയ്ത സ്വഹീഹായ ഹദീസുകളില്‍, ഒരാളുടെ മൂന്നു കുട്ടികള്‍ മരിക്കുകയും അല്ലാഹുവിന്റെ പ്രതിഫലം കാംക്ഷിച്ച് അയാള്‍ ക്ഷമിക്കുകയും ചെയ്താല്‍ അയാള്‍ക്കു സ്വര്‍ഗം ലഭിക്കുമെന്നു വന്നിട്ടുണ്ട്. രണ്ടു കുട്ടികളുടെ കാര്യത്തിലും ഒരു കുട്ടിയുടെ കാര്യത്തിലും സ്വര്‍ഗം ലഭിക്കുമെന്നും ഹദീസിലുണ്ട്.

‘വായില്‍ മണ്ണിടുക’

ജഅ്ഫറുബ്നു അബീത്വാലിബ്(റ)വും മറ്റു രണ്ടു പ്രമുഖ സ്വഹാബികളും മുഅ്തത് യുദ്ധത്തില്‍ ശഹീദായ വിവരം അറിഞ്ഞു നബി(സ്വ) പള്ളിയില്‍ ദുഃഖിതനായിരിക്കുന്നതു വാതിലിന്റെ വിടവിലൂടെ വീട്ടിലിരുന്നുകൊണ്ട് ആഇശാ(റ) കണ്ടു. അപ്പോള്‍ ഒരാള്‍ ഓടി വന്നു. ജഅ്ഫറിന്റെ വീട്ടിലെ സ്ത്രീകള്‍ കരയുന്നതായി അറിയിച്ചു. കരച്ചില്‍ തടയാന്‍ നബി(സ്വ) അയാളോട് ആജ്ഞാപിച്ചു. അയാള്‍ ചെന്നു പറഞ്ഞത് സ്ത്രീകള്‍ അനുസരിച്ചില്ല. രണ്ടാമതും മൂന്നാമതും ഇതേ വിവരം വന്നു പറഞ്ഞപ്പോള്‍ നബി(സ്വ) ‘നീ പോയി അവരുടെ വായില്‍ മണ്ണുവാരിയിടുക’ എന്നു പറഞ്ഞു. അട്ടഹസിച്ചു കരയുന്നവളെയും അതു ശ്രദ്ധിച്ചു കേള്‍ക്കുന്നവളെയും നബി(സ്വ) ശപിച്ചതായി അബൂസഈദി(റ)ല്‍ നിന്ന് അബൂദാവൂദ്(റ) നിവേദനം ചെയ്ത ഹദീസില്‍ കാണാം.

ദുഃഖവും പ്രയാസവും ഉണ്ടാകാം. അതു പ്രകടിപ്പിക്കുകയുമാവാം. നിയന്ത്രണം വിട്ടു ആര്‍ത്തട്ടഹസിച്ചു കരയുന്ന സ്നേഹപ്രകടനം ഇസ്ലാമികമല്ലെന്നു പ്രത്യേകം ഓര്‍ക്കുക.

മയ്യിത്തിനെ ചുംബിക്കല്‍

മയ്യിത്തിനെ ചുംബിക്കാന്‍ പാടില്ലെന്ന ധാരണ ശരിയല്ല. ഉസ്മാനുബ്നു മള്ഊന്‍(റ) മരിച്ചപ്പോള്‍ കരഞ്ഞുകൊണ്ട് നബി(സ്വ) അദ്ദേഹത്തെ ചുംബിച്ചതായി ആഇശാ(റ) പറയുന്നു. തുര്‍മുദിയും മറ്റും ഈ ഹദീസ് രേഖപ്പെടുത്തിയിട്ടുണ്ട്. നബി(സ്വ) വഫാതായപ്പോള്‍ സ്വിദ്ദീഖ്(റ) തങ്ങളെ ചുംബിച്ചതായി ആഇശാ(റ)യില്‍ നിന്നു തന്നെ ബുഖാരി(റ) നിവേദനം ചെയ്തിട്ടുണ്ട്. കുടുംബങ്ങള്‍ക്ക് ഇങ്ങനെ ചെയ്യാം. അതിന്നു വിലക്കില്ല.

മയ്യിത്തിനു പ്രാഥമിക പരിചരണം ചെയ്യാന്‍ പള്ളിയില്‍ നിന്നു മൊല്ലാക്ക വരുന്നത് കാത്തിരിക്കേണ്ട. മയ്യിത്തിന്റെ ബന്ധുക്കളില്‍ സ്ത്രീക്ക് സ്ത്രീയും പുരുഷന് പുരുഷനുമാണ് ചെയ്തുകൊടുക്കേണ്ടത്. മരണം ഉറപ്പായാല്‍ വളരെ വേഗം ചെയ്യേണ്ട മറ്റൊരു കാര്യം മയ്യിത്തിന്റെ കടം വീട്ടുകയാണ്. മയ്യിത്തിന്റെ ധനത്തില്‍ നിന്ന് എത്രയും വേഗം കടം തീര്‍ക്കണം. മയ്യിത്ത് ദരിദ്രന്റേതാണെങ്കില്‍ ബന്ധുക്കള്‍ ഒത്തുകൂടി കടത്തിനു പരിഹാരം കാണണം. കടം വളരെ ഗൌരവമുള്ള കാര്യമാണ്. കടബാധ്യതയുള്ള ഒരാളുടെ ജനാസ നബി(സ്വ)യുടെ അടുത്തു കൊണ്ടുവന്നപ്പോള്‍ അവിടുന്ന് നിസ്കാരത്തില്‍ നിന്നു പിന്മാറിക്കൊണ്ട് ഇങ്ങനെ പറഞ്ഞു: ‘രക്തസാക്ഷിയുടെ എല്ലാ പാപങ്ങളും പൊറുക്കപ്പെടും. കടം ഒഴികെ.’ അബൂഖതാദ(റ) കടം ഏറ്റെടുത്തപ്പോഴാണ് റസൂല്‍(സ്വ) നിസ് കരിച്ചത്. കടം വീട്ടുന്നതു വരെ സത്യവിശ്വാസിയുടെ ആത്മാവ് ഉന്നതങ്ങളെത്തൊട്ട് തടയപ്പെടുമെന്ന് മറ്റൊരു ഹദീസിലുണ്ട്.


RELATED ARTICLE

 • രോഗ സന്ദര്‍ശനം
 • ഖബര്‍ സിയാറത്ത്
 • രോഗിയെ കിടത്തേണ്ട വിധം
 • മയ്യിത്തു നിസ്കാരം
 • ഖബറടക്കല്‍
 • മയ്യിത്തു കുളിപ്പിക്കല്‍
 • മയ്യിത്തു പ്രദര്‍ശനങ്ങള്‍
 • മയ്യിത്തിനെ അനുഗമിക്കല്‍
 • കഫന്‍ ചെയ്യല്‍
 • അനുശോചനം
 • അലംഘനീയമായ വിധി