Click to Download Ihyaussunna Application Form
 

 

നിയ്യത്ത് എന്ത്? എങ്ങനെ?

പ്രവൃര്‍ത്തിയോട് ബന്ധപ്പെട്ട ഉദ്ദേശ്യത്തിനാണ് നിയ്യത്തെന്ന് പറയുന്നത്. ഹൃദയമാണ് നിയ്യത്തിന്റെ യഥാര്‍ഥ ഇടം. നാവ് കൊണ്ട് മൊഴിഞ്ഞില്ലെങ്കിലും മനസ്സില്‍ കരുത്തുണ്ടായാല്‍ നിയ്യത്തായിക്കഴിഞ്ഞു. ഹൃദയത്തില്‍ വിഷയത്തെ സംബന്ധിച്ച് ബോധമുണ്ടാക്കാന്‍ സഹായിക്കുന്നതിനാല്‍ കരുതപ്പെടുന്ന വിഷയം നാവ് കൊണ്ട് മൊഴിയുന്നത് നല്ലതാണെന്ന് പണ്ഢിതന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഉച്ചസമയം വരെ ചളിയിലും മണ്ണിലും അദ്ധ്വാനിച്ച ഒരു വ്യക്തി ഉച്ചക്ക് ക്ഷീണം മാറ്റാനും ചളി നീക്കാനുമായി തന്റെ മുഖവും പിന്നെ കയ്യും കഴുകി തലയില്‍ മുടി ശരിപ്പെടുത്താന്‍ അല്‍പം വെള്ളമുപയോഗിച്ച് തടവിയശേഷം കാല്‍ നന്നായി കഴുകുകയും ചെയ്തു. ഇദ്ദേഹത്തിന് വുളൂഅ് എന്ന ഉദ്ദേശ്യമുണ്ടായിരുന്നില്ല. വുളൂഇന്റെ നിര്‍ബന്ധ ഘടകങ്ങള്‍ ചെയ്തിട്ടുമുണ്ട്. ഇത് യഥാര്‍ഥത്തില്‍ നിയ്യത്തില്ലാത്ത കര്‍മ്മമായത് കൊണ്ട് വുളൂഅ് ആയി പരിഗണിക്കുകയില്ല. എന്നാല്‍ വുളൂഅ് എന്ന കര്‍മ്മം ചെയ്യുന്നത് പരിഗണനീയമായ ഉദ്ദേശ്യത്തോടെയും വിചാരത്തോടെയുമാകുമ്പോള്‍ നിയ്യത്തും വുളൂഉം ഉണ്ടായി.

അശുദ്ധിയെ ഉയര്‍ത്തുന്നു, വുളൂഅ് നിര്‍വ്വഹിക്കുന്നു, വുളൂഅ് എന്ന ഫര്‍ളിനെ നിര്‍വ്വഹിക്കുന്നു, വുളൂഇന്റെ ഘടകങ്ങള്‍ നിര്‍വ്വഹിക്കുന്നു, നിസ്കാരം സുജൂദ് തുടങ്ങി ശുദ്ധി നിര്‍ബന്ധമായ കാര്യം ഹലാലാക്കുന്നു തുടങ്ങിയ വല്ല ഉദ്ദേശവും മനസ്സില്‍ വെച്ചുകൊണ്ടാണ് വുളൂഅ് നിര്‍വ്വഹിക്കേണ്ടത്. ഇത്തരം നിയ്യത്തുകളില്‍ വുളൂഇന്റെ ഫര്‍ളുകള്‍ മാത്രമല്ല സുന്നത്തായ കര്‍മ്മങ്ങള്‍ കൂടി ഉള്‍പ്പെടുമെന്നും നിയ്യത്തുകളില്‍ പറയപ്പെടുന്ന ഫര്‍ളിന് നിര്‍ബന്ധ ഘടകം മാത്രമെന്ന യഥാര്‍ഥ അര്‍ഥമില്ലെന്നും തുഹ്ഫയില്‍ ഇബ്നുഹജര്‍(റ) വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ബോധപൂര്‍വ്വം സുന്നത്തിനെ സംബന്ധിച്ച് നിര്‍ബന്ധമാണെന്ന അര്‍ഥത്തില്‍ ഫര്‍ളാണെന്ന് വിചാരിക്കുന്നത് ആരാധനകള്‍ കൊണ്ട് കളിക്കലാണെന്നും പാടില്ലെന്നും പണ്ഢിതന്മാര്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്.

മൂത്രവാര്‍ച്ച, രക്തവാര്‍ച്ച, തുടര്‍ച്ചയായി കീഴ്വായു പോക്ക് തുടങ്ങി നിത്യഅശുദ്ധിയുള്ളവര്‍ വുളൂഅ് നിര്‍വ്വഹിക്കുമ്പോള്‍ അശുദ്ധിയെ ഉയര്‍ത്തുന്നുവെന്ന് നിയ്യത്ത് ചെയ്യരുതെന്നും നിസ് കാരത്തേയോ മറ്റോ ഹലാലാക്കുന്നുവെന്ന് കരുതണമെന്നും പണ്ഢിതന്മാര്‍ വിവരിച്ചിട്ടുണ്ട്.

വുളൂഇന്റെ പൂര്‍ണ്ണതക്ക് പ്രാരംഭം മുതല്‍ അവസാനിക്കുന്നത് വരെ നിയ്യത്തുണ്ടായിരിക്കലാണ് ഏറ്റവും അഭികാമ്യം. (മിസ്വാക്ക് ചെയ്യുമ്പോള്‍ വുളൂഇന്റെ സുന്നത്തിനെയും മുഖം കഴുകുമ്പോള്‍ വുളൂഇന്റെ ഫര്‍ളിനെയും കരുതിയാല്‍ ഈ പൂര്‍ണ്ണത ലഭിക്കും) എന്നാല്‍ മുഖം കഴുകുന്നതിന്റെ തുടക്കം മുതല്‍ നിയ്യത്തുണ്ടായില്ലെങ്കില്‍ വുളൂഅ് തന്നെ അസാധുവുമാകും. ഇക്കാരണത്താല്‍ നിയ്യത്ത് ചെയ്യുന്നതിന് മുമ്പ് വല്ല ഭാഗവും മുഖത്തു നിന്ന് കഴുകിയെങ്കില്‍ നിയ്യ ത്തിന് ശേഷം ആ ഭാഗം വീണ്ടും കഴുകല്‍ നിര്‍ബന്ധമാണ്. നിയ്യത്തിന്റെ ഏറ്റവും നല്ല രൂപം വിശദീകരിച്ചുകൊണ്ട് ഫത്ഹുല്‍ മുഈന്‍ രേഖപ്പെടുത്തുന്നതു കാണുക: “മുന്‍കൈ കഴുകുക, വായില്‍ വെള്ളം കൊപ്ളിക്കുക, മൂക്കില്‍ വെള്ളം കയറ്റിചീറ്റുക തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ വുളൂഇന്റെ സുന്നത്ത് നിര്‍വ്വഹിക്കുന്നുവെന്നും മുഖം കഴുകുമ്പോള്‍ ഫര്‍ള് നിര്‍വ്വഹിക്കുന്നുവെന്നും വേര്‍പെടുത്തി നിയ്യത്ത് ചെയ്യുന്നതാണ് ഏറ്റവും നല്ലത്. എങ്കില്‍ വുളൂഇന്റെ തുടക്കം മുതല്‍ തന്നെ നിയ്യത്തുമായി ഇടപഴകിയ മഹത്വം ലഭിക്കും”.

നിയ്യത്ത് നിര്‍വ്വഹിച്ച ശേഷം നിയ്യത്ത് അപ്രത്യക്ഷമാകുന്ന അപൂര്‍വ്വ സന്ദര്‍ഭങ്ങളുണ്ടാകാം. വൂളൂഅ് നിര്‍വ്വഹിക്കണമെന്ന് കരുതി മുഖം കഴുകി എന്നിട്ട് ആ കരുത്ത് മനസ്സില്‍ നിന്ന് പോവുകയും വെറുതെ തണുപ്പിക്കുക, വൃത്തിയാക്കുക എന്നിങ്ങനെയുള്ള ചിന്തകള്‍ മനസ്സില്‍ സ്ഥാനം പിടിക്കുകയും ചെയ്തു. ഇത് സംബന്ധമായി ഇമാം ശാഫിഈ(റ) പറയുന്നതായി ഹാവിയില്‍ ഉദ്ധരിക്കുന്നത് കാണുക:

ഒരാള്‍ നിയ്യത്ത് ചെയ്തു വുളു നിര്‍വ്വഹിക്കാന്‍ ആരംഭിച്ച ശേഷം നിയ്യത്ത് അപ്രത്യക്ഷമായാലും പ്രസ്തുത നിയ്യത്ത് കൊണ്ട് വുളൂഅ് സാധുവാകും. അവയവങ്ങള്‍ തണുപ്പിക്കുക, വൃത്തിയാക്കുക എന്നിങ്ങനെ മാത്രം (വുളൂഇനെ കരുതാതെ) കരുതി കഴുകിയ അവയവങ്ങള്‍ വീണ്ടും കഴുകണം(ഹാവി). പരിഗണനീയമായ വുളൂഇന്റെ കരുത്തോടൊപ്പം തണുപ്പിക്കുക, വൃത്തിയാക്കുക തുടങ്ങിയ കരുത്തുകള്‍കൂടി ഉണ്ടായാല്‍ വുളൂഅ് സാധുവാകുമെന്ന് ഇമാം ഇബ്നുഹജര്‍(റ) തുഹ്ഫയില്‍  രേഖപ്പെടുത്തിയിരിക്കുന്നു.

നിയ്യത്ത് ചെയ്ത് വുളൂഅ് നിര്‍വ്വഹിക്കുന്നതിനിടയില്‍ വുളൂഅ് മുറിയുന്ന കാര്യം സംഭവിക്കുകയോ വല്ല മുടക്കവും കാരണത്താല്‍ വുളൂഅ് വേണ്ടെന്ന് വെക്കുകയോ ചെയ്തുവെങ്കില്‍ വുളൂഇല്‍ നിന്ന് താന്‍ നിര്‍വ്വഹിച്ച ഭാഗത്തിന് കൂലി ലഭിക്കുമെന്ന് കുര്‍ദിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നിയ്യത്തുമായി ബന്ധപ്പെടുമ്പോള്‍ മൂന്ന് കാര്യങ്ങള്‍ പൊതുവായി മനസ്സിലാക്കാം. ഒന്ന് നിയ്യത്ത് ചെയ്യപ്പെടുന്ന വിഷയം നാവ് കൊണ്ട് പറയുക. ഇത് നല്ലതാണ്. വുളൂഅ് തുടക്കം മുതല്‍ അവസാനിക്കുന്നത് വരെ നിയ്യത്ത് മനസ്സില്‍ തന്നെ സൂക്ഷിക്കുക. ഇത് ഏറ്റവും പുണ്യമുള്ള സമ്പൂര്‍ണ്ണ രൂപമാണ്. നിയ്യത്ത് തുടക്കത്തിലുണ്ടാവുകയും കര്‍മ്മം കഴിയുന്നതിന് മുമ്പ് ആ നിയ്യത്തിന് വിരുദ്ധമായ കരുത്തുകള്‍ ഇല്ലാതിരിക്കുകയും ചെയ്യുക.  ഇത് നിര്‍ബന്ധമാണ്. ഇക്കാരണത്താല്‍ ഇടക്ക് വുളൂഇന്റെ കരുത്തിനെ ഓര്‍മ്മിക്കാതെ കേവലം വൃത്തിയാക്കുക, തണുപ്പിക്കുക തുടങ്ങിയ വിചാരങ്ങള്‍ മാത്രം മനസ്സില്‍ വെച്ചോ, ചെയ്തുകൊണ്ടിരിക്കുന്ന വുളൂഅ് നിര്‍ത്തിവെക്കുക എന്ന് വിചാരിച്ചോ അവയവങ്ങള്‍ കഴുകിയാല്‍ അത് പരിഗണിക്കപ്പെടില്ലെന്ന് പണ്ഢഢിതന്മാര്‍ വ്യക്തമാക്കിയുണ്ട്.


RELATED ARTICLE

  • വുളൂഇന്റെ ചരിത്രം
  • വുളൂഇലെ വസ്വാസ്
  • വുളൂഅ് സുന്നത്തായ സന്ദര്‍ഭങ്ങള്‍
  • ബ്രഷിങ് നേട്ടങ്ങളും സുന്നത്തായ സ്ഥലങ്ങളും
  • വുളൂഅ് ഇല്ലത്താവര്‍ക്ക് നിഷിദ്ധമായ കാര്യങ്ങള്‍
  • വുളൂഇന്റെ സുന്നത്തുകള്‍
  • വുളൂഅ് മുറിയുന്ന കാര്യങ്ങള്‍ മദ്ഹബുകളില്‍
  • വുളൂഅ് മുറിയുന്ന കാര്യങ്ങള്‍
  • നിയ്യത്ത് എന്ത്? എങ്ങനെ?
  • വുളൂഇന്റ്െ ഫര്‍ളുകള്‍
  • വുളൂഇന്റെ ശര്‍ത്വുകള്‍
  • വുളൂഅ്