Click to Download Ihyaussunna Application Form
 

 

വുളൂഅ് മുറിയുന്ന കാര്യങ്ങള്‍ മദ്ഹബുകളില്‍

വിശുദ്ധ ഖുര്‍ആനും നബി(സ്വ)യുടെ ചര്യയുമാണ് ഇസ്ലാമിന്റെ മൂലപ്രമാണങ്ങള്‍. ഇജ്മാഉം ഖിയാസും ഖുര്‍ആനിന്റെയും ഹദീസിന്റെയും പശ്ചാത്തലത്തില്‍ പ്രമാണങ്ങളായിത്തീരുകയാണ്. പ്രമാണങ്ങള്‍ വ്യാഖ്യാനിക്കാനും വിശദീകരിക്കാനും പ്രഥമ അധികാരവും അര്‍ഹതയും നബി(സ്വ)യുടെ ശിഷ്യന്മാരായ സ്വഹാബികള്‍ക്കാണ്. അവരുടെ ചുവടുകള്‍ക്കനുസൃതമായി മാത്രമേ ശേഷമുള്ളവര്‍ക്ക് ഖുര്‍ആനും സുന്നത്തും വ്യാഖ്യാനിക്കാന്‍ നിര്‍വ്വാഹമുള്ളൂ. പ്രമാണങ്ങളില്‍ തിരിമറി നടത്തിയും ദുര്‍വ്യാഖ്യാനം ചെയ്തും നിയമങ്ങള്‍ സൃഷ്ടിക്കുന്ന പൌരോഹിത്യത്തില്‍ നിന്ന് ഇസ്ലാമിക കര്‍മ്മശാസ്ത്രത്തെ സംരക്ഷിക്കാനാണ് ഇസ്ലാം വ്യാഖ്യാനത്തിനുള്ള പ്രാമാണികാധികാരം സ്വഹാബത്തില്‍ ഒതുക്കി നിര്‍ത്തുകയും പില്‍ക്കാല ക്കാരോട് അവരെ പിന്തുടരാന്‍ നിര്‍ദ്ദേശിച്ചതും. വിശുദ്ധ ഖുര്‍ആനില്‍ സ്വഹാബത്തിന്റെ ഈ അധികാരം വ്യക്തമാക്കുന്ന ധാരാളം വാചകങ്ങളുണ്ട്.

ഇതിന്റെ പശ്ചാത്തലത്തില്‍ വിശുദ്ധ ഖുര്‍ആനിലും ഹദീസുകളിലും വ്യക്തമായി പരാമര്‍ശങ്ങളില്ലാത്ത വിഷയങ്ങളില്‍ മാത്രം വിശ്വാസികളുടെ പ്രായോഗിക ജീവിതത്തില്‍ പ്രശ്നമൊന്നും സൃഷ്ടിക്കാത്ത വിധം ഇമാമുകള്‍ വ്യക്തമാക്കിയ വിധികളില്‍ ചില വീക്ഷണ വ്യത്യാസങ്ങളുണ്ട്. വുളൂഅ് മുറിയുന്ന വിഷയങ്ങള്‍ സംബന്ധമായി ആ വീക്ഷണ വ്യത്യാസങ്ങള്‍ നാം പഠിക്കുന്നത് നന്നായിരിക്കുമെന്ന് കരുതുന്നു.  ശരീരത്തില്‍ നിന്ന് നജസ് പുറപ്പെട്ടാല്‍ വുളൂഅ് മുറിയുമോ? ഇക്കാര്യത്തില്‍ മൂന്ന് വീക്ഷണങ്ങളാണ് നിലവിലുള്ളത്. ഒരു വീക്ഷണമനുസരിച്ച് ശരീരത്തിന്റെ വല്ല ഭാഗത്ത് നിന്നും നജസായ ഏത് വസ്തു പുറത്ത് വന്നാലും വുളൂഅ് മുറിയും. ഇതനുസരിച്ച് മലവും മൂത്രവും മാത്രമല്ല രക്തം വന്നാലും ഛര്‍ദ്ധിച്ചാലുമൊക്കെ വുളൂഅ് മുറിയും. ഇമാം അബൂഹനീഫ(റ) ഈ വീക്ഷണക്കാരനാണ്.

മലമൂത്ര ദ്വാരങ്ങളിലൂടെ ഇന്ദ്രിയമല്ലാത്ത വല്ലതും പുറപ്പെട്ടാല്‍ വുളൂഅ് മുറിയുമെന്നാണ് രണ്ടാം വീക്ഷണം. ഇതാണ് ഇമാം ശാഫിഈ(റ)യുടെ മദ്ഹബ്.

മലം, മൂത്രം, വായു തുടങ്ങി സാധാരണ പുറത്ത് വരുന്ന വസ്തു ആരോഗ്യമുള്ളവനില്‍ നിന്ന് മലമൂത്ര ദ്വാരങ്ങളിലൂടെ പുറത്ത് വന്നാല്‍ വുളൂഅ് മുറിയുമെന്നാണ് മൂന്നാം വീക്ഷണം. ഇമാം മാലിക്(റ)വും മറ്റും ഈ മാര്‍ഗ്ഗമാണ് സ്വീകരിക്കുന്നത്.

ആരോഗ്യമുള്ള ഒരാളില്‍ നിന്ന് (വാര്‍ച്ചക്കാരനല്ലാത്തവനില്‍ നിന്ന്) മലം, മൂത്രം, വായു, മദ ജലം, വദ്യ് (ഭാരമുള്ള വസ്തു ചുമക്കുമ്പോഴും മറ്റും പുറത്ത് വരുന്ന ഒരുതരം ദ്രാവകം.) തുടങ്ങിയവ പുറപ്പെട്ടാല്‍ വുളൂഅ് മുറിയുമെന്നതില്‍ ഇമാമീങ്ങള്‍ ഏകാഭിപ്രായക്കാരാണ്. വുളൂഅ് മുറിയുമെന്ന വിഷയത്തില്‍ വീക്ഷണ വ്യത്യാസമുള്ള വല്ല കാര്യവും അനുഭവപ്പെട്ടവര്‍ വുളൂഅ് നിര്‍വ്വഹിക്കേണ്ടതാണെന്നതിലും പണ്ഢിതര്‍ക്കിടയില്‍ പൊതുവെ അഭിപ്രായവ്യത്യാസമില്ല. ഒരു യഥാര്‍ഥ വിശ്വാസി പണ്്ഢിതരുടെ വീക്ഷണ വ്യത്യാസങ്ങള്‍ ഉള്‍ക്കൊള്ളണമെന്ന് എല്ലാവരും പഠിപ്പിച്ച വിഷയവുമാണ്. ഇത് സാധിക്കാത്ത സാഹചര്യത്തില്‍ അംഗീകൃത ഇമാമിനെ അനുകരിച്ചുകൊണ്ട് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു പണ്ഢിതനും വിയോജിപ്പ് പ്രകടിപ്പിക്കുന്നുമില്ല. ഇക്കാരണത്താല്‍ ഈ അഭിപ്രായ വ്യത്യാസം പ്രായോഗിക തലത്തില്‍ വിശ്വാ സികളില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാത്തതും വിഷമ ഘട്ടങ്ങളില്‍ അനുഗ്രഹവുമാണ്.

ഉറക്കം വുളൂഇനെ മുറിക്കുമോ? ഇക്കാര്യത്തില്‍ പേരിന് മൂന്ന് വീക്ഷണങ്ങള്‍ നിലനില്‍ക്കുന്നു വെങ്കിലും എല്ലാ വീക്ഷണമനുസരിച്ചും ഉറങ്ങിയവന്‍ വുളൂഅ് നിര്‍വ്വഹിക്കേണ്ടത് അനിവാര്യ മാണ്.

ഉറക്കം കൊണ്ട് തന്നെ ഉറങ്ങിയവന്റെ വുളൂഅ് മുറിയുമെന്നാണ് ഒരു വീക്ഷണം. ഉറക്കം കൊ ണ്ടല്ല വല്ലതും പുറപ്പെടുന്നത് കൊണ്ടാണ് വുളൂഅ് മുറിയുന്നത്., ഉറക്കില്‍ വായുവോ മറ്റോ പുറപ്പെട്ടാല്‍ വുളൂഅ് മുറിയും. ഇല്ലെങ്കില്‍ മുറിയില്ല ഇതാണ് മറ്റൊരു വീക്ഷണം. ഉറക്കം രണ്ട് വിധമുണ്ടെന്നും ശരിയായ ഉറക്കം കൊണ്ട് വുളൂഅ് മുറിയുമെന്നും. ഊരയുടെ ഭാഗം ശരിപ്പെ ടുത്തി ഇരുന്ന് കാറ്റോ മറ്റോ പുറത്ത് വരാത്തവിധം ഉറങ്ങുന്നത് കൊണ്ട് വുളൂഅ് മുറിയില്ലെന്നതുമാണ് മൂന്നാം വീക്ഷണം. മനുഷ്യന്റെ വിവേകം നീങ്ങിപ്പോകുന്ന ലഹരി, ബോധക്ഷയം, ഭ്രാന്ത് തുടങ്ങിയവയും ഈ വിഷയത്തില്‍ ഉറക്കിന് തുല്യമാണെന്നാണ് ബഹുഭൂരിഭാഗം പണ് ഢിതരുടെയും നിലപാട്.

സ്ത്രീ സ്പര്‍ശനം വുളൂഇനെ മുറിക്കുമോ? മറയില്ലാതെ അന്യ സ്ത്രീകളെ തൊടുന്നത് വുളൂഇനെ മുറിക്കുമെന്നാണ് ഒരു മദ്ഹബ്. ആനന്ദപൂര്‍വ്വം സ്പര്‍ശനമുണ്ടായാല്‍ മാത്രമേ മുറിയുകയുള്ളൂവെന്ന് മറ്റൊരു മദ്ഹബ്. സ്ത്രീകളെ തൊടുന്നത് കൊണ്ട് വുളൂഅ് നിര്‍വ്വഹിക്കണമെങ്കിലും അത് നിര്‍ബന്ധമാണെന്ന് പറയാവതല്ലെന്നാണ് മൂന്നാം മദ്ഹബ്. വിശുദ്ധ ഖുര്‍ആനിലെ “ഔ ലാമസ്തുമിന്നിസാഅ” എന്ന വാക്യത്തിന്റെ വ്യാഖ്യാനത്തില്‍ സ്വഹാബികള്‍ക്കിടയില്‍ വീ ക്ഷണ വ്യത്യാസമുണ്ടായതാണ് ഈ വിഷയത്തില്‍ വിവിധ മദ്ഹബുകളുണ്ടാകാന്‍ കാരണമായത്. അന്യസ്ത്രീ സ്പര്‍ശനം തന്നെ വുളൂഇനെ മുറിക്കുമെന്നാണ് ഈ വാക്യത്തിലൂടെ പഠിപ്പിക്കുന്നതെന്നും ധാരാളം സ്വഹാബികള്‍ വീക്ഷിക്കുന്നു.

പ്രസിദ്ധ സ്വഹാബി ഇബ്നുഉമര്‍(റ) പറയുന്നത് കാണുക, പുരുഷന്‍ അവന്റെ സ്ത്രീയെ ചുംബിക്കുന്നതും കൈ കൊണ്ട് തൊടുന്നതും ഖുര്‍ആനില്‍ വുളൂഅ് മുറിയുന്നതിനുള്ള കാരണമായി പഠിപ്പിച്ച ‘മുലാമസത്തി’ല്‍ പെട്ടതാണ്. ആരെങ്കിലും ഭാര്യയെ ചുംബിക്കുകയോ കൈ കൊണ്ട് തൊടുകയോ ചെയ്താല്‍ അവന് വുളൂഅ് നിര്‍വ്വഹിക്കല്‍ നിര്‍ബന്ധമാണ് (മിശ്ക്കാത്ത്). പുരുഷന്‍ ഭാര്യയെ ചുംബിച്ചാല്‍ വുളൂഅ് നിര്‍ബന്ധമാണെന്ന് സ്വഹാബി പ്രമുഖനായ ഇബ്നു മസ്ഊദ് (റ)പറയാറുണ്ടായിരുന്നു (മിശ്ക്കാത്ത്).

രണ്ടാം ഖലീഫ ഉമര്‍(റ) പറഞ്ഞു: ഭാര്യയെ ചുംബിക്കുന്നത് ഖുര്‍ആനില്‍ വുളൂഅ് മുറിയാന്‍ കാരണമായി വിവരിച്ച ‘ലംസി’ല്‍ പെട്ടതാണ്. അതിനാല്‍ നിങ്ങള്‍ വുളൂഅ് നിര്‍വ്വഹിക്കുക (മിശ്ക്കാത്ത്).

ഉമര്‍(റ), ഇബ്നു മസ്ഊദ്(റ), ഇബ്നു ഉമര്‍(റ), സൈദ്ബ്നു അസ്ലം(റ), അബ്ദുല്ലാഹി ബ്നു അബ്ബാസ്(റ), അബൂമൂസല്‍ അശ്അരി(റ) തുടങ്ങിയ സ്വഹാബി പ്രമുഖര്‍ ഉള്‍പ്പെടെ ധാരാളം പണ്ഡിതന്മാര്‍ ഈ വീക്ഷണക്കാരാണെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ഹനഫീ പണ്ഢിതന്മാര്‍ പോലും രേഖപ്പെടുത്തിയിട്ടുണ്ട്. ചില പുത്തന്‍ വാദികള്‍ ഈ വിഷയം പരിഹാസ പൂര്‍വ്വം അവതരിപ്പിച്ച് സത്യവിശ്വാസികളെ ആശയക്കുഴപ്പത്തിലാക്കാറുണ്ട്. സ്ത്രീകളെ തൊട്ടാല്‍ വുളൂഅ് മുറിയുമെന്നത് ഇമാം ശാഫിഈ(റ) സൃഷ്ടിച്ച നിയമമല്ല. മറിച്ച് വിശുദ്ധ ഖുര്‍ആനിന് പ്രമുഖരായ സ്വഹാബികള്‍ നല്‍കിയ വ്യാഖ്യാനത്തിന്റെ പശ്ചാത്തലത്തില്‍ അവര്‍ പറഞ്ഞ വിധിയാണ്. ഈ വിധി ഉള്‍ക്കൊള്ളുന്നതിനെ ഒരു ഇമാമും ചോദ്യം ചെയ്തിട്ടില്ല. ചെയ്യാന്‍ ന്യായവുമില്ല. ചോദ്യം ചെയ്യുന്നവര്‍ സ്വഹാബികളെയും ഖുര്‍ആനിന് അവര്‍ നല്‍കിയ വ്യാഖ്യാനങ്ങളെയുമാണ് ചോദ്യം ചെയ്യുന്നത്. ഈ വിഷയത്തില്‍ ധിക്കാരത്തിന്റെയും അഹങ്കാരത്തിന്റെയും സ്വ ഭാവം ഉപേക്ഷിക്കുകയാണ് സത്യവിശ്വാസിക്ക് രക്ഷ.

നബി(സ്വ) തങ്ങള്‍ വുളൂഅ് നിര്‍വ്വഹിച്ച ശേഷം ഭാര്യ ആയിശ(റ)യെ സ്പര്‍ശിച്ചുവെന്നും അതിന്റെ പേരില്‍ അവിടുന്ന് വുളൂഅ് നിര്‍വ്വഹിച്ചില്ലെന്നും ചില റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ച് ചിലര്‍ പറയാറുണ്ട്. ഇങ്ങനെ യഥാര്‍ഥത്തില്‍ ഒരു റിപ്പോര്‍ട്ടും ഉദ്ധരിക്കപ്പെട്ടിട്ടേയില്ല. സ്പര്‍ശനം നടന്നുവെന്ന് ഊഹിക്കാവുന്ന റിപ്പോര്‍ട്ടുകളെ സംബന്ധിച്ച് അത് മറക്ക് മുകളിലായിരിക്കാമെന്ന് ഇമാം നവവി(റ) ഉള്‍പ്പെടെയുള്ള പണ്ഢിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്. സത്രീകളെ തൊട്ടാല്‍ വുളൂഅ് മുറിയുമെന്നറിയിക്കുന്ന ഖുര്‍ആന്‍ വാക്യം അവതരിക്കുന്നതിന്റെ മുമ്പായിരിക്കാനും സാധ്യതയുണ്ട്.

ഗുഹ്യഭാഗം സ്പര്‍ശിച്ചാല്‍ വുളൂഅ് നിര്‍വ്വഹിക്കണമെന്ന് എല്ലാ പണ്ഢിതന്മാരും ശക്തമായി ഉല്‍ബോധിപ്പിക്കുന്നു. ഈ വിഷയത്തില്‍ ഇമാമുകള്‍ക്കിടയില്‍ പ്രായോഗികതലത്തില്‍ അഭിപ്രായവ്യത്യാസമില്ല. ഇമാം ശാഫിഈ(റ), ഇമാം അഹ്മദ്(റ) തുടങ്ങിയവര്‍ ഗുഹ്യഭാഗം സ്പര്‍ശിക്കുന്നത് കൊണ്ട് വുളൂഅ് മുറിഞ്ഞുപോകുമെന്ന് വ്യക്തമായിത്തന്നെ പഠിപ്പിച്ചിട്ടുണ്ട്.

വേവിച്ച ഭക്ഷണം കഴിച്ചാല്‍ വുളൂഅ് മുറിയുമെന്നും നിസ്കാരത്തില്‍ ചിരിക്കുന്നതുകൊണ്ട് നിസ്കാരം മാത്രമല്ല വുളൂഅ് തന്നെ ബാത്വിലായ് പോകുമെന്ന നിലപാടുകളും വെച്ചുപുലര്‍ ത്തിയ മഹാ പണ്ഢിതന്മാരുമുണ്ടായിട്ടുണ്ട്.


RELATED ARTICLE

  • വുളൂഇന്റെ ചരിത്രം
  • വുളൂഇലെ വസ്വാസ്
  • വുളൂഅ് സുന്നത്തായ സന്ദര്‍ഭങ്ങള്‍
  • ബ്രഷിങ് നേട്ടങ്ങളും സുന്നത്തായ സ്ഥലങ്ങളും
  • വുളൂഅ് ഇല്ലത്താവര്‍ക്ക് നിഷിദ്ധമായ കാര്യങ്ങള്‍
  • വുളൂഇന്റെ സുന്നത്തുകള്‍
  • വുളൂഅ് മുറിയുന്ന കാര്യങ്ങള്‍ മദ്ഹബുകളില്‍
  • വുളൂഅ് മുറിയുന്ന കാര്യങ്ങള്‍
  • നിയ്യത്ത് എന്ത്? എങ്ങനെ?
  • വുളൂഇന്റ്െ ഫര്‍ളുകള്‍
  • വുളൂഇന്റെ ശര്‍ത്വുകള്‍
  • വുളൂഅ്