Click to Download Ihyaussunna Application Form
 

 

വുളൂഇലെ വസ്വാസ്

സത്യവിശ്വാസിയുടെ മനസ്സില്‍ പിശാച് സ്വാധീനം ചെലുത്തുകയും അനാവശ്യമായ ചിന്തകള്‍ക്ക്  അവസരം സൃഷ്ടിക്കുകയും ചെയ്യുന്നതിന് വസ്വാസ് എന്ന് പറഞ്ഞുവരുന്നു. പണ്ഢിതന്മാര്‍ ഈ വിപത്തിനെ സംബന്ധിച്ച് ധാരാളം ഉദ്ബോധിപ്പിച്ചിട്ടുണ്ട്. വുളൂഅ് നിര്‍വ്വഹിക്കുന്നവനെ പലപ്പോഴും ഈ വസ്വാസ് വഴിതെറ്റിക്കാറുണ്ടെന്ന് മഹാന്മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇമാം ഗസ്സാലി(റ) ഇഹ്യാഇല്‍ രേഖപ്പെടുത്തുന്നത് കാണുക: (മിക്കവാറും) വസ്വാസ് ആരംഭിക്കുന്നത് ശുദ്ധിയുടെ ഭാഗത്തിലൂടെയാണ്. വുളൂഅ് നിര്‍വ്വഹിക്കുമ്പോള്‍ ആരംഭിച്ചു നിസ്കാരത്തിലും മറ്റും വസ്വാസ് പകര്‍ന്ന് അവസാനം വിശ്വാസം തന്നെ തകര്‍ക്കാന്‍ കഴിയുമോ എന്നതായിരിക്കാം പിശാച് ഇതിലൂടെ ഉന്നം വെക്കുന്നത്. ഇമാം ഗസ്സാലി(റ) തന്നെ ഉദ്ധരിക്കുന്ന മറ്റൊരു ആപ്ത വാക്യം കാണുക: “ശുദ്ധി വരുത്തുമ്പോള്‍ അമിതമായി വെള്ളവുമായി ബന്ധപ്പെടുന്നത് പുരുഷന്റെ അറിവിലെ ദൌര്‍ബല്യത്തില്‍ പെട്ടതാണ്”. ഫത്ഹുല്‍ മുഈനിന്റെ വ്യാഖ്യാന ഗ്രന്ഥമായ ഇആനത്തില്‍ രേഖപ്പെടുത്തുന്നു: ഹദീസില്‍ ഇങ്ങനെ വന്നിട്ടുണ്ട്.

തീര്‍ച്ചയായും വുളൂഇന് പ്രത്യേകമായി ഒരു പിശാചുണ്ട്. അതിന് ‘വലഹാന്‍’ എന്ന് പറയപ്പെടുന്നു. അത് സംബന്ധമായി നിങ്ങള്‍ അല്ലാഹുവിനോട് കാവല്‍ ചോദിക്കുക. തീര്‍ച്ച ആ പിശാച് വുളൂഅ് നിര്‍വ്വഹിക്കുന്നവനെ സമീപിക്കും. പിശാച് അവനോട് പറയും. നീ വേണ്ടത് പോലെ വുളൂഅ് നിര്‍വ്വഹിച്ചില്ല. നീ മുഖം കഴുകിയില്ല, നീ തല തടവിയില്ല ഇങ്ങനെ അവന്‍ പ്രവര്‍ത്തിച്ച കാര്യങ്ങള്‍ ചെയ്തില്ലെന്ന് അവനോട് പറഞ്ഞുകൊണ്ടിരിക്കും. ഇത് ആര്‍ക്കെങ്കിലും സംഭവിച്ചാല്‍ അവന്‍ ഈ വലഹാന്‍ പിശാചിനെ തൊട്ട് അല്ലാഹുവിനോട് കാവല്‍ ചോദിക്കണം. അല്ലാഹു ആ പിശാചിനെ അവനില്‍ നിന്ന് തിരിച്ച്കളയും (ഇആനത്ത്).

മിക്കവാറും ഒരു വസ്വാസ്കാരനെ പിശാച് ചിന്തിപ്പിക്കുന്നത് അവന്‍ മാത്രം വുളൂഇന്റെയും മറ്റും വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നുവെന്നും മറ്റുള്ളവര്‍ അവനെപ്പോലെ ഇബാദത്തില്‍ ശ്രദ്ധയില്ലത്തവനാണെന്നുമാകാം. അങ്ങിനെയെങ്കില്‍ അവന്‍ വലിയ അഹങ്കാരിയും പിശാച് വസ്വാസിലൂടെ, ഹൃദയം മലീമസമാക്കുക എന്ന ലക്ഷ്യം കണ്ട വ്യക്തിയുമാണ്. ഒരു വിഷയത്തില്‍ ശ്രദ്ധിക്കുന്നുവെന്ന് അഹങ്കരിക്കുമ്പോള്‍ തന്നെ സാധാരണ എല്ലാവരും ശ്രദ്ധിക്കുന്ന, ശ്ര ദ്ധിക്കേണ്ട ധാരാളം വിഷയങ്ങള്‍ അവഗണിക്കുന്ന വിചിത്രാവസ്ഥയിലേക്ക് വസ്വാസ്കാരന്‍ എത്തിപ്പെടാറുണ്ട്. ഇമാം ശഅ്റാനി(റ) ലത്വാഇഫുല്‍ മിനനില്‍ വിവരിക്കുന്ന ഏതാനും വരികള്‍ കാണുക.

ശൈത്യകാലത്ത് തണുത്ത വെള്ളം ഉപയോഗിച്ച് വസ്വാസ്കാരന്‍ തന്റെ ശരീരത്തെ തന്നെ പീഠിപ്പിക്കുന്നുവെന്നത് വസ്വാസിന്റെ വിപത്തുകളില്‍ പെട്ടതാണ്. ജാമിഉല്‍ അസ്ഹറിലെ ശൈഖ് മുഹമ്മദുല്‍ ജുവൈനിക്ക് സംഭവിച്ചതുപോലെ ചിലപ്പോള്‍ തണുത്ത വെള്ളത്തില്‍ അവന്‍ മുങ്ങുകയും അവന്റെ കണ്ണില്‍ വെള്ളമിറങ്ങി അന്ധത ബാധിക്കുകയും ചെയ്തേക്കാം. അവന്‍ വെള്ളത്തില്‍ വെച്ച് കണ്ണുകള്‍ തുറക്കുകയും കണ്ണുകള്‍ കഴുകുകയും ചെയ്യും. ഇത് ക ണ്ണിന് ദോഷം ചെയ്തേക്കും. ഇത്തരക്കാര്‍ ബാത്റൂമിലും വെള്ളത്തിനടുത്തുള്ള കല്ലുകളിലും ജനങ്ങള്‍ നോക്കി നില്‍ക്കേ ശുചീകരണത്തിന് വേണ്ടി ഔറത്ത് പോലും വെളിവാക്കിയേക്കും. കുട്ടികളും കാണുന്ന എല്ലാവരും പരിഹസിക്കുന്ന പരുവത്തിലേക്ക് അവര്‍ നീങ്ങും (ലത്വാഇഫ് 560).

ഇമാം നവവി(റ)വും വസ്വാസിന്റെ ദൂഷ്യവശങ്ങളെ സംബന്ധിച്ച് ശര്‍ഹുല്‍മുഹദ്ദബില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒരാള്‍ക്ക് തന്റെ ശുദ്ധിയുടെ പൂര്‍ണ്ണത ഉറപ്പു വരുത്താം. പക്ഷേ, അത് വസ്വാസിന്റെ പരിധിയയില്‍ എത്താന്‍ പാടില്ല. ഇമാമുല്‍ ഹറമൈനി(റ) പറയുന്നു:

ഒരാള്‍ തന്റെ ശുദ്ധി ഉറപ്പുവരുത്തുന്നതില്‍ തെറ്റില്ല. ഇബാദത്തുകള്‍ നിര്‍വ്വഹിക്കാനും നല്ല നിലക്ക് ജീവിക്കാനും പ്രയാസമുണ്ടാകും വിധം വസ്വാസിലേക്ക് ഈ ഉറപ്പു വരുത്തല്‍ എത്താതിരിക്കണം. ഇതിലേക്ക് എത്തിപ്പോയവന്‍ സജ്ജനങ്ങളായ മുന്‍ഗാമികളുടെ പാത വിട്ടകന്നവനാണ്. ഇമാമുല്‍ ഹറമൈനി(റ) പറഞ്ഞു: വസ്വാസിന്റെ ഉല്‍ഭവം ശരീഅത്തിന്റെ റൂട്ടുകളെ സംബന്ധിച്ച അജ്ഞതയോ ശരിയായ ബുദ്ധിയുടെ കുറവോ ആണ്  (ശറഹുല്‍മുഹദ്ദബ്).

ശൈഖ് അബൂ മുഹമ്മദുല്‍ ജുവൈനി(റ) തബ്സ്വിറത്ത് എന്ന പേരില്‍ വസ്വാസിനെതിരെ ഒരു ഗ്രന്ഥം തന്നെ രചിച്ചതായും പുതിയ ഡ്രസ്സുകള്‍ ധരിക്കണമെങ്കില്‍ അലക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്ന സ്വഭാവത്തെ അതില്‍ ചോദ്യം ചെയ്തതായും മറ്റും ശര്‍ഹുല്‍മുഹദ്ദബില്‍ വിശദമായി വിവരിച്ചിട്ടുണ്ട്.


RELATED ARTICLE

  • വുളൂഇന്റെ ചരിത്രം
  • വുളൂഇലെ വസ്വാസ്
  • വുളൂഅ് സുന്നത്തായ സന്ദര്‍ഭങ്ങള്‍
  • ബ്രഷിങ് നേട്ടങ്ങളും സുന്നത്തായ സ്ഥലങ്ങളും
  • വുളൂഅ് ഇല്ലത്താവര്‍ക്ക് നിഷിദ്ധമായ കാര്യങ്ങള്‍
  • വുളൂഇന്റെ സുന്നത്തുകള്‍
  • വുളൂഅ് മുറിയുന്ന കാര്യങ്ങള്‍ മദ്ഹബുകളില്‍
  • വുളൂഅ് മുറിയുന്ന കാര്യങ്ങള്‍
  • നിയ്യത്ത് എന്ത്? എങ്ങനെ?
  • വുളൂഇന്റ്െ ഫര്‍ളുകള്‍
  • വുളൂഇന്റെ ശര്‍ത്വുകള്‍
  • വുളൂഅ്