Click to Download Ihyaussunna Application Form
 

 

വുളൂഅ്

അഞ്ച് നേരങ്ങളിലെ നിസ്കാരമാണ് സത്യവിശ്വാസിക്ക് നിത്യേന നിര്‍വ്വഹിക്കാനുള്ള ഏറ്റവും പ്രധാന ആരാധന. വിശ്വാസിയുടെയും അവിശ്വാസിയുടെയും ഇടയില്‍ പ്രകടമായ പ്രധാന വ്യ ത്യാസം നിസ്കാരം നിര്‍വ്വഹിക്കലാണ്. ആകാശഭൂമികളെയും സര്‍വ്വ സൃഷ്ടികളെയും സൃഷ്ടിച്ചു സംരക്ഷിച്ചു പോരുന്ന അല്ലാഹുവുമായി അവന്റെ അടിമ നടത്തുന്ന സംഭാഷണമാണ് നിസ്കാരം. നിസ്കാരം നിര്‍വ്വഹിക്കാത്തവന് ശക്തവും കഠിനവുമായ ശിക്ഷകള്‍ ലഭിക്കുമെന്ന് വിശുദ്ധഖുര്‍ആനും ഹദീസുകളും വ്യക്തമായ മുന്നറിയിപ്പുകള്‍ നല്‍കിയിരിക്കുന്നു. നിസ്കാരം സാധുവാകണമെങ്കില്‍ നിരവധി നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്. ഇതില്‍ ഏറ്റവും പ്രധാനമാണ് അംഗശുദ്ധീകരണമെന്ന വുളൂഅ്. വിശുദ്ധ ഖുര്‍ആനും ഹദീസും വീക്ഷണ വ്യത്യാസങ്ങള്‍ക്ക് പഴുത് നല്‍കാതെ വ്യക്തമായി നിര്‍ദ്ദേശിച്ച വിഷയമാണ് വുളൂഅ് നിര്‍വ്വഹിക്കണമെന്നത്. ഇമാം നവവി(റ) പറയുന്നു. “നിസ്കാരത്തിന്റെ സാധുതക്ക് ശുദ്ധി നിബന്ധനയാണെന്ന് ഈ സമുദായം ഏകോപിച്ചിരിക്കുന്നു” (ശറഹു മുസ്ലിം).

നബി(സ്വ) വ്യക്തമായിത്തന്നെ പ്രഖ്യാപിക്കുന്നു: “വുളൂഅ് ഇല്ലാത്തവര്‍ക്ക് നിസ്കാരമില്ല”. നബി(സ്വ) വീണ്ടും പറയുന്നു: “വുളൂഅ് ഇല്ലാത്തവന്റെ നിസ്കാരം സ്വീകരിക്കപ്പെടുകയില്ല”. അപ്പോള്‍ അവന്‍ വുളൂഅ് നിര്‍വ്വഹിച്ച് നിസ്കരിക്കണം.

“സ്വര്‍ഗ്ഗത്തിന്റെ താക്കോല്‍ നിസ്കാരമാണെന്നും നിസ്കാരത്തിന്റെ താക്കോല്‍ ശുദ്ധിയാണെന്നും” നബി(സ്വ) പറഞ്ഞിട്ടുണ്ട് (അഹ്മദ്). ഒരാള്‍ വുളൂഅ് നിര്‍വ്വഹിക്കാതെ ബോധപൂര്‍വ്വം നിസ്കരിച്ചാല്‍ അവന്‍ ഇസ്ലാമില്‍ നിന്ന് പുറത്ത് പോയതായി പ്രഖ്യാപിക്കാമെന്ന് വരെ ഇമാം അബൂഹനീഫ(റ)വിന് അഭിപ്രായമുള്ളതായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.

കൈ മുറിക്കപ്പെടുകയോ മറ്റോ കാരണത്താല്‍ സ്വന്തമായി വുളൂഇന് സാധിക്കാത്തവന്‍ അവന് വുളൂഅ് നിര്‍വ്വഹിച്ചു കൊടുക്കുന്ന ഒരാളെ (അനുയോജ്യമായ പ്രതിഫലത്തിന് പകരം) കൂലിക്ക് വിളിക്കല്‍ നിര്‍ബന്ധമാണെന്ന് സകരിയ്യല്‍ അന്‍സ്വാരി(റ) അസ്നല്‍ മത്വാലിബ് എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

വുളൂഅ് നിര്‍വ്വഹിക്കാന്‍ വെള്ളവും പകരം തയമ്മും ചെയ്യാന്‍ മണ്ണും ലഭിക്കാത്ത പശ്ചാത്തലത്തില്‍ എന്ത് ചെയ്യണമെന്നതില്‍ വ്യത്യസ്ത വീക്ഷണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്തരം സാഹചര്യത്തില്‍ വുളൂഅ് ചെയ്യാതെ നിസ്കരിക്കണമെന്നും വെള്ളം ലഭിക്കുമ്പോള്‍ വുളൂഅ് നിര്‍വ്വഹിച്ച് നിസ്കാരം മടക്കുകയാണ് വേണ്ടതെന്നും ഇമാം ശാഫിഈ(റ) പഠിപ്പിക്കുന്നു. പി ന്നീട് ഖളാഅ് വീട്ടേണ്ടിവരാത്ത രൂപത്തില്‍ തയമ്മും ചെയ്ത് നിസ്കരിക്കാവുന്ന സന്ദര്‍ഭമാണെങ്കില്‍ മണ്ണ് ലഭിച്ചാല്‍ തയമ്മും ചെയ്തും നിസ്കാരം മടക്കണമെന്ന് തുഹ്ഫയിലും രേഖപ്പെടുത്തിയിട്ടുണ്ട്. മടക്കേണ്ടതില്ലെന്ന പ്രഭലമല്ലാത്ത വീക്ഷണവും നിലവിലുണ്ട്. നിസ്കരിക്കുന്നവരുടെ കൂട്ടത്തില്‍ ഒരാളെങ്കിലും വേണ്ടവിധം വുളൂഅ് ഇല്ലാത്തവരുണ്ടെങ്കില്‍ അതിന്റെ അവലക്ഷണങ്ങള്‍ വുളൂഅ് നിര്‍വ്വഹിച്ചവരുടെ നിസ്കാരത്തെ പോലും ദോഷകരമായി ബാധിക്കുമെന്നും ഹദീസുകളില്‍ പഠിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇമാം നസാഈ(റ) ശബീബ്ബ്നു അബീറൌഹ്(റ) വില്‍ നിന്ന് ഉദ്ധരിക്കുന്ന ഒരു സംഭവം ഇങ്ങനെ വായിക്കാം :

സ്വഹാബിമാരില്‍ പെട്ട ഒരാള്‍ പറഞ്ഞു: നബി(സ്വ) ഒരിക്കല്‍ സ്വുബ്ഹ് നിസ്കാരം നിര്‍വ്വഹിച്ചു. നിസ്കാരത്തില്‍ സൂറത്തു റൂം പാരായണം ചെയ്തു. പാരായണത്തിനിടയില്‍ നബി(സ്വ)ക്ക് ഇടര്‍ച്ച (ഇല്‍തിബാസ്) സംഭവിച്ചു. നിസ്കാരം നിര്‍വ്വഹിച്ച ശേഷം നബി(സ്വ) ഇങ്ങനെ പറഞ്ഞു: ശുദ്ധി വേണ്ടവിധം നിര്‍വ്വഹിക്കാതെ നമ്മോടൊപ്പം നിസ്കരിക്കുന്ന ആളുകളുടെ അവസ്ഥയെന്താണ്? അവര്‍ മാത്രമാണ് നമുക്ക് ഖുര്‍ആന്‍ പാരായണത്തില്‍ ഇടര്‍ച്ചയുണ്ടാക്കുന്നവര്‍ (നസാഈ).

വുളൂഅ് നിര്‍വ്വഹിക്കുന്നതിന്റെ പുണ്യങ്ങളും ഫലങ്ങളും ധാരാളം ഹദീസുകളില്‍ വന്നിട്ടുണ്ട്. ഇമാം ബുഖാരിയും(റ) മുസ്ലിമും(റ) ഉദ്ധരിക്കുന്ന ഹദീസ് കാണുക.

ആരെങ്കിലും വുളൂഅ് നിര്‍വ്വഹിച്ചാല്‍, വുളൂഅ് പൂര്‍ണ്ണരൂപത്തില്‍ ഭംഗിയായി നിര്‍വ്വഹിച്ചാല്‍, അവരുടെ തെറ്റുകള്‍ (ചെറുദോഷങ്ങള്‍) ശരീരത്തില്‍ നിന്ന് പുറത്തു പോകും, നഖങ്ങളുടെ ചുവട്ടില്‍ നിന്ന് പോലും പുറത്തേക്ക് പോകും (പൂര്‍ണ്ണമായി പാപ മുക്തനാകും) (ബുഖാരി മുസ്ലിം).

ഇമാം മുസ്ലിം(റ) ഉദ്ധരിക്കുന്ന മറ്റൊരു ഹദീസ് കാണുക

വിശ്വാസിയായ അടിമ വുളൂഅ് നിര്‍വ്വഹിച്ചു മുഖം കഴുകിയാല്‍ അവന്റെ കണ്ണ് കൊണ്ട് നോക്കിയ തെറ്റുകുറ്റങ്ങളില്‍ നിന്ന്, മുഖത്ത് നിന്ന് ഉറ്റിവീഴുന്ന അവസാന തുള്ളി വെള്ളത്തോടൊപ്പം അവന്‍ മോചിതനാകും. കൈ കഴുകിയാല്‍ അവന്റെ ഇരു കരങ്ങള്‍ ചെയ്ത തെറ്റുകളില്‍ നിന്ന് ഉറ്റി വീഴുന്ന അവസാന തുള്ളി വെള്ളത്തോടൊപ്പം അവന്‍ മുക്തനാകും. കാലുകള്‍ കഴുകുന്നതോടെ കാലില്‍ നിന്ന് ഉറ്റി വീഴുന്ന വെള്ളത്തോടൊപ്പം, നടന്നുപോയ കുറ്റങ്ങളില്‍ നിന്ന് മോചനം ലഭിക്കും. അങ്ങനെ തെറ്റുകളില്‍ നിന്നെല്ലാം ശുദ്ധനായി അവന്‍ പുറത്തേക്ക് വരും (മുസ്ലിം)

‘വുളൂഅ്’ എന്ന അറബി പദത്തിന്റെ ഉത്ഭവം തന്നെ ‘വളാഅത്ത്’ എന്ന ക്രിയാധാതുവില്‍ നിന്നാണ്. ഇതിന്റെ അര്‍ഥം പ്രകാശം എന്നത്രെ. തെറ്റുകുറ്റങ്ങളിലൂടെ വന്ന് ചേര്‍ന്ന അന്ധകാരങ്ങള്‍ മനുഷ്യനില്‍ നിന്ന് നീക്കം ചെയ്ത് പ്രഭ പരത്തുന്നതുകൊണ്ടാണ് ഈ പ്രക്രിയക്ക് വുളൂഅ് എന്ന പേര് വരാന്‍ കാരണമെന്ന് ഇമാം ഇബ്നുഹജര്‍(റ)വിന്റെ തുഹ്ഫയിലും മറ്റ് ഗ്രന്ഥങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്. നബി(സ്വ) തന്നെ വുളൂഇനെ സംബന്ധിച്ച് പ്രകാശം എന്നര്‍ഥം വരുന്ന നൂര്‍ എന്ന് പ്രയോഗിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു.


RELATED ARTICLE

  • വുളൂഇന്റെ ചരിത്രം
  • വുളൂഇലെ വസ്വാസ്
  • വുളൂഅ് സുന്നത്തായ സന്ദര്‍ഭങ്ങള്‍
  • ബ്രഷിങ് നേട്ടങ്ങളും സുന്നത്തായ സ്ഥലങ്ങളും
  • വുളൂഅ് ഇല്ലത്താവര്‍ക്ക് നിഷിദ്ധമായ കാര്യങ്ങള്‍
  • വുളൂഇന്റെ സുന്നത്തുകള്‍
  • വുളൂഅ് മുറിയുന്ന കാര്യങ്ങള്‍ മദ്ഹബുകളില്‍
  • വുളൂഅ് മുറിയുന്ന കാര്യങ്ങള്‍
  • നിയ്യത്ത് എന്ത്? എങ്ങനെ?
  • വുളൂഇന്റ്െ ഫര്‍ളുകള്‍
  • വുളൂഇന്റെ ശര്‍ത്വുകള്‍
  • വുളൂഅ്