Click to Download Ihyaussunna Application Form
 

 

വുളൂഅ് മുറിയുന്ന കാര്യങ്ങള്‍

വുളൂഅ് നാല് കാര്യങ്ങള്‍ കൊണ്ട് മുറിഞ്ഞുപോകും.

(1) ഒരു വ്യക്തിയുടെ മുന്‍ പിന്‍ ദ്വാരങ്ങളിലൊന്നിലൂടെ ഇന്ദ്രിയമല്ലാത്ത വല്ലതും പുറത്ത് വന്നുവെന്ന് ഉറപ്പുണ്ടെങ്കില്‍ വുളൂഅ് നഷ്ടപ്പെട്ടുപോകും. കേവലം സംശയം കൊണ്ട് വുളൂഅ് മുറിയുകയില്ല. കാറ്റ് പോലെ പ്രകടമായി കാ ണാത്തതോ മൂത്രം പോലെ തടിയുള്ള വസ്തുവോ നനവുള്ളതോ നനവ് ഇല്ലാത്തതോ എന്ത് പുറത്ത് വന്നാലും വുളൂഅ് മുറിയും.

അപൂര്‍വ്വമായി മാത്രം പുറത്ത് വരാറുള്ള പൈല്‍സ് രോഗിയുടെ രക്തം പോലെ വല്ലതും പുറപ്പെട്ടാലും വുളൂഅ് മുറിയും. പുറത്ത് വന്ന വസ്തു ശരീരവുമായി വേര്‍പിരിഞ്ഞില്ലെങ്കിലും വു ളൂഅ് നഷ്ടപ്പെടും. അല്‍പഭാഗം പുറത്ത് വന്ന വിര ഉള്ളിലേക്ക് തിരിച്ച് പോയാലും വുളൂഅ് മുറിഞ്ഞതായി കണക്കാക്കപ്പെടും. എന്നാല്‍ അര്‍ശസ് രോഗിയുടെ അര്‍ശസ് സ്വയം വെളിയിലേക്ക് വന്നതിനാല്‍ വുളൂഅ് മുറിയുകയില്ലെന്ന് ബഹു: അല്‍കമാലുര്‍റദ്ദാദ്(റ) ഫത്വ ചെയ്തിട്ടുണ്ട്. വിശുദ്ധ ഖുര്‍ആനിലെ മാഇദ സൂറയില്‍ “നിങ്ങള്‍ മലമൂത്രവിസര്‍ജ്ജനം ചെയ്താല്‍……”, “സ്ത്രീകളെ സ്പര്‍ശിച്ചാല്‍……….” തുടങ്ങിയ ഖുര്‍ആന്‍ വാചകങ്ങളും “കാറ്റ്, ശബ്ദം തുടങ്ങിയവ മൂലമല്ലാതെ വുളൂഅ് ഇല്ലെ”ന്നും മറ്റും ആശയം വരുന്ന ഹദീസുകളുമാണ് ഇങ്ങനെ വുളൂഅ് മുറിയുമെന്നതിന് പണ്ഢിതരില്‍ പലരും തെളിവായി ഉദ്ധരിച്ചിരിക്കുന്നത്. തീവ്രവികാരത്തിന് മുമ്പ് പുറത്ത്വരുന്ന ഒരുതരം ദ്രാവകമാണ് മദ്യ്. ഇതും ഇതിന് സമാനമായ വല്ലതും പുറത്ത് വന്നാല്‍ വുളൂഅ് മുറിയും. ഇമാം ബുഖാരി(റ)യും മുസ്ലിമും(റ) ഉദ്ധരിക്കുന്നു,

അലി(റ) പറഞ്ഞു, ഞാന്‍ ‘മദ്യ്’ ധാരാളം പുറപ്പെടുന്ന പുരുഷനായിരുന്നു. മകളുടെ ഭര്‍ത്താവായതിനാല്‍ നബി(സ്വ)യോട് ഇതിനെ സംബന്ധിച്ച് നേരിട്ട് ചോദിക്കുന്നതില്‍ ഞാന്‍ ലജ്ജയുള്ളവനായിരുന്നു. അങ്ങനെ ഈ വിഷയം ചോദിക്കാന്‍ മിഖ്ദാദിനോട് ഞാന്‍ കല്‍പിച്ചു. മിഖ്ദാദ് നബി(സ്വ)യോട് ചോദിച്ചു. അവിടുന്ന് പറഞ്ഞു, ഗുഹ്യഭാഗം കഴുകണം. വുളൂഅ് നിര്‍വ്വഹിക്കണം.

നബി(സ്വ)യോട് മദ്യിനെ സംബന്ധിച്ച് ഞാന്‍ ചോദിച്ചുവെന്നും മദ്യ് കാരണം വുളൂഅ് നിര്‍ബന്ധമാണെന്നും ഇന്ദ്രിയം പുറപ്പെട്ടാല്‍ കുളി നിര്‍ബന്ധമാണെന്നും നബി(സ്വ) പറഞ്ഞുവെന്ന് അലി(റ) വ്യക്തമാക്കിയതായി ഇമാം തിര്‍മുദി(റ)യും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ശബ്ദമോ വാസനയോ ഇല്ലാതെ വായു പുറപ്പെട്ടാലും വുളൂഅ് മുറിയുമെന്ന് പണ്ഢിതന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഹദീസിന്റെ ഗ്രന്ഥങ്ങളിലും ഇക്കാര്യം വിവരിച്ചത് കാണാം. ഇമാം ബുഖാരി(റ) രേഖപ്പെടുത്തുന്നു:

ഹളറമൌത്തുകാരന്‍ ഒരാള്‍ ചോദിച്ചു. ഓ, അബൂഹുറൈറാ: ഹദസ് (വൂളൂഅ് മുറിയുന്ന കാര്യം) എന്താകുന്നു? അബൂഹുറൈറ(റ) പറഞ്ഞു. ഫുസാഅ് അല്ലെങ്കില്‍ ളുറാത്വ്്. (ഫുസാഅ്, ശബ്ദമോ വാസന യോ ഇല്ലാതെ വായു പുറത്ത് വരിക. ളുറാത്വ്, ശബ്ദത്തോടെ വായു പുറത്ത് വരിക.). ഈ വിഷയത്തില്‍ ചിലര്‍ സൃഷ്ടിച്ചുവിടുന്ന അപശബ്ദങ്ങള്‍ വിശ്വാസികള്‍ അവഗണിക്കണമെന്ന് പ്രത്യേകം ഉണര്‍ത്തട്ടെ.

നിങ്ങളിലൊരാള്‍ ഫുസാഅ് ചെയ്താല്‍ (ശബ്ദമില്ലാതെ വാസനയില്ലാതെ വായു പുറത്ത് വി ട്ടാല്‍) അവന്‍ വൂളൂഅ് നിര്‍വ്വഹിക്കട്ടെ എന്ന് നബി(സ്വ) വ്യക്തമായിത്തന്നെ നിര്‍ദ്ദേശിച്ചതായി ഹദീസില്‍ വന്നിട്ടുണ്ട്.

സാധാരണ ദ്വാരം അടഞ്ഞുപോയ വ്യക്തിയുടെ ആമാശയത്തിന് ചുവടെ രൂപപ്പെട്ട പ്രത്യേക ദ്വാരത്തിലൂടെ വല്ലതും പുറത്തേക്ക് വന്നാല്‍ വുളൂഅ് മുറിയുമോ? മുറിയും. അപൂര്‍വ്വ വസ്തു പുറത്തേക്ക് വന്നാലും മുറിയുമെന്ന് തന്നെയാണ് പ്രബലം. സാധാരണ ദ്വാരം അടയുകയും ആമാശയത്തിന് മുകളില്‍ (പൊക്കിളിലോ പൊക്കിളിന് മുകളിലോ) ദ്വാരം പ്രത്യക്ഷമാവുകയും അതിലൂടെ വല്ലതും പുറത്ത് വരികയും ചെയ്താല്‍ വുളൂഅ് മുറിയില്ലെന്നതാണ് പ്രബല വീക്ഷണം. സാധാരണ ദ്വാരം തുറന്നുതന്നെ നില്‍ക്കുന്ന സാഹചര്യത്തില്‍ ആമാശയത്തിന്റെ ചുവടെ പ്രത്യക്ഷപ്പെട്ട ദ്വരാത്തിലൂടെ വല്ലതും പുറത്ത് വന്നാലും വുളൂഅ് മുറിയില്ലെന്നാണ് പ്രബലം (മിന്‍ഹാജ്). വിവിധ രൂപത്തിലുള്ള ശസ്ത്രക്രിയകള്‍ വ്യാപകമായ വര്‍ത്തമാന കാലത്ത് ഇത്തരം നിയമങ്ങള്‍ പ്രായോഗിക തലത്തില്‍ ആവശ്യമായി വരുന്നു.
(2) ബുദ്ധി നീങ്ങുക

ബുദ്ധിയുടെ വിവേചക ശക്തി നീങ്ങിപ്പോയാല്‍ വുളൂഅ് മുറിഞ്ഞതായി കണക്കാക്കപ്പെടും. ലഹരി, ഭ്രാന്ത്, ബോധക്ഷയം, ഉറക്ക് തുടങ്ങിയവ വിവേകം നീങ്ങിപ്പോകുന്ന കാര്യങ്ങളാണ്. സ്വഹീഹായ ഹദീസില്‍ ഇങ്ങനെ വന്നിട്ടുണ്ട്. “രണ്ട് കണ്ണുകള്‍ മലദ്വാരത്തെ പിടിച്ചുകെട്ടുന്ന വസ്തുവാണ്. അതിനാല്‍ ആരെങ്കിലും ഉറങ്ങിയെങ്കില്‍ അവന്‍ വുളൂഅ് നിര്‍വ്വഹിക്കട്ടെ”. ഈ ഹദീസില്‍ രണ്ട് കണ്ണെന്ന് പറഞ്ഞത് ഉറക്കമില്ലാതെ ഉണര്‍ന്നു നില്‍ക്കുന്ന അവസ്ഥയെ സൂചിപ്പിച്ചുകൊണ്ടാണ്. ഹദീസിന്റെയും കര്‍മ്മശാസ്ത്രത്തിന്റെയും പണ്ഢിതന്മാര്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

വിവേചക ശക്തി നശിക്കാത്ത വിധമുള്ള ഉറക്കിന്റെ പ്രാരംഭദശ (ഉറക്കം തൂങ്ങല്‍) കൊണ്ട് വുളൂഅ് മുറിയില്ല. ആശയം മനസ്സിലാക്കാന്‍ കഴിയുന്നില്ലെങ്കിലും സംസാരത്തിന്റെ ശബ്ദം കേള്‍ ക്കുന്നുവെങ്കില്‍ അത് ഉറക്കമല്ല. ഉറക്കം തൂങ്ങലാണ്. വേണ്ടവിധം സൌകര്യപ്പെടുത്തി കൂറ്റും കാറ്റുമൊന്നും പുറത്തേക്ക് പോകാന്‍ സാധ്യമാകാത്ത വിധം ഇരുന്ന് ഉറന്നുങ്ങവന്റെ വുളൂഅ് മുറിയില്ലെന്ന് കര്‍മ്മശാസ്ത്ര വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഒരാള്‍ തന്റെ ഉറക്കിനെ സംബന്ധിച്ച് അത് ഉറക്ക് തന്നെയാണോ കേവലം ഉറക്കം തൂങ്ങല്‍ മാത്രമാണോ എന്ന് സംശയിച്ചാല്‍ അവന്റെ വുളൂഅ് മുറിഞ്ഞതായി ഗണിക്കേണ്ടതില്ലെന്ന് ഇമാമുകള്‍ പഠിപ്പിക്കുന്നു.
(3) ഗുഹ്യസ്പര്‍ശനം

മുന്‍കൈയുടെ ഉള്‍ഭാഗം കൊണ്ട് മനുഷ്യന്റെ ഗുഹ്യഭാഗം സ്പര്‍ശിക്കുന്നതാണ് വുളൂഅ് മുറിയുന്ന മൂന്നാം കാരണം. ചെറിയ കുട്ടിയുടേയോ മരണപ്പെട്ടവരുടേയോ ഗുഹ്യഭാഗം തൊട്ടാല്‍ പോലും വുളൂഅ് മുറിയും. ഗുഹ്യഭാഗം ഛേദിക്കപ്പെട്ട സ്ഥലത്ത് സ്പര്‍ശിക്കുന്നതിനാലും വുളൂഅ് നഷ്ടപ്പെട്ടുപോകും. തിര്‍മുദിയും മറ്റും റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ “ഒരാള്‍ ഗുഹ്യഭാഗം സ്പര്‍ശിച്ചാല്‍ അവന്‍ വുളൂഅ് നിര്‍വ്വഹിക്കട്ടെ” എന്ന് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്.  മറ്റൊരു ഹദീസില്‍ ഇങ്ങനെ വന്നിട്ടുണ്ട് : “നിങ്ങളിലൊരാള്‍ അവന്റെ കൈകൊണ്ട് തടസ്സവും മറയുമില്ലാതെ അവന്റെ ഗുഹ്യഭാഗം സ്പര്‍ശിച്ചാല്‍ അവന്‍ വുളൂഅ് നിര്‍വ്വഹിക്കട്ടെ”. ഈ ഹദീസുകളില്‍ സ്വന്തം ഗുഹ്യഭാഗം സ്പര്‍ശിച്ചാല്‍ തന്നെ വുളൂഅ് നിര്‍വ്വഹിക്കണമെന്നാണ് നിര്‍ദ്ദേശം. എങ്കില്‍ അന്യന്റേത് പറയേണ്ടതില്ലെന്നാണ് പണ്ഢിതവീക്ഷണം. മൃഗങ്ങളുടെ ഗുഹ്യഭാഗം സ്പര്‍ശിച്ചുപോയാല്‍ വുളൂഅ് മുറിയില്ലെന്ന് ഇമാം നവവി(റ)വും മറ്റും രേഖപ്പെടുത്തിയിട്ടുണ്ട്.

ഒരാള്‍ക്ക് ഒരു കയ്യില്‍ രണ്ട് മുന്‍കൈകളുണ്ടെങ്കില്‍ രണ്ടില്‍ ഏത് കൊണ്ട് സ്പര്‍ശിച്ചാലും വുളൂഅ് മുറിയും. എന്നാല്‍ ഒന്ന് പ്രവര്‍ത്തനക്ഷമവും മറ്റൊന്ന് കൂടുതലുമാണെന്ന് ബോധ്യമുണ്ടെങ്കില്‍ പ്രവര്‍ത്തനയോഗ്യമായ കൈകൊണ്ട് തൊട്ടാല്‍ മാത്രമേ വുളൂഅ് മുറിയുകയുള്ളൂ. വിരലുകള്‍ക്ക് നേരെ കൂടുതലായി മുളച്ചു വളര്‍ന്ന വിരല്‍ കയ്യിലെ സാധാരണ വിരലുകള്‍ പോലെയാണെന്ന്് പണ്ഢിതന്മാര്‍ പഠിപ്പിക്കുന്നു.
(4) സ്ത്രീ സ്പര്‍ശനം

അന്യ സ്ത്രീ പുരുഷന്മാരുടെ ചര്‍മ്മങ്ങള്‍ പരസ്പരം ചേരുന്നത് വുളൂഇനെ മുറിക്കുന്ന നാലാം കാര്യമാണ്. വിശുദ്ധ ഖുര്‍ആനിലെ  “നിങ്ങള്‍ സ് ത്രീകളെ സ്പര്‍ശിച്ചാല്‍” എന്ന ആശയം വരുന്ന വാക്യമാണ് ഇതിന്റെ വിശദീകരണത്തില്‍ പണ്ഢിതന്മാര്‍ രേഖപ്പെടുത്തുന്നത്. സാധാരണ കണ്ടാല്‍ വികാരമുണ്ടാകാത്ത വിധമുള്ള ചെറിയ പെണ്‍കുട്ടിയെ പുരുഷന്‍ സ്പര്‍ശിച്ചാലും അങ്ങനെയുള്ള ആണ്‍കുട്ടിയെ സ്ത്രീ സ്പര്‍ശിച്ചാലും വുളൂഅ് മുറിയുകയില്ല. മുടി, നഖം, പല്ല് തുടങ്ങിയവ സ്പര്‍ശിക്കുന്നത് വുളൂഇനെ മുറിക്കുമോ എന്നതില്‍ വ്യത്യസ്ത വീക്ഷണങ്ങളുണ്ട്. മുറിയില്ലെന്നതാണ് പ്രബലമെന്ന് ഇമാം നവവി(റ)വും മറ്റും വ്യക്തമാക്കുന്നു. ഈ വിഷയത്തില്‍ ജീവിച്ചിരിക്കുന്നവര്‍ മരിച്ചവര്‍ എന്ന വ്യത്യാസമില്ല. മരിച്ച അന്യസ്ത്രീയെ പുരുഷന്‍ തൊട്ടാലും അന്യപുരുഷനെ സ്ത്രീ തൊട്ടാലും വുളൂഅ് മുറിയും. എന്നാല്‍ സാധാരണ നിലക്ക് തൊട്ടവന്റെയും തൊടപ്പെട്ടവന്റെയും വുളൂഅ് മുറിയുമെന്നാണ് പ്രബലമായ അഭിപ്രായമെങ്കിലും മയ്യിത്തിനെയാണ് തൊടുന്നതെങ്കില്‍ മയ്യിത്തിന്റെ വുളൂഅ് ഒരിക്കലും മുറിയുകയില്ലെന്നതില്‍ അഭിപ്രായവ്യത്യാസമില്ല. ജീവിച്ചിരിക്കുന്നവരില്‍, തൊട്ടവന്റെ വുളൂഅ് മാത്രമേ മുറിയുകയുള്ളൂവെന്നും തൊടപ്പെട്ടവന്റെ വുളൂഅ് മുറിയുകയില്ലെന്നുമുള്ള വീക്ഷണം ശാഫിഈ മദ്ഹബില്‍ പ്രബലമല്ല.


RELATED ARTICLE

  • വുളൂഇന്റെ ചരിത്രം
  • വുളൂഇലെ വസ്വാസ്
  • വുളൂഅ് സുന്നത്തായ സന്ദര്‍ഭങ്ങള്‍
  • ബ്രഷിങ് നേട്ടങ്ങളും സുന്നത്തായ സ്ഥലങ്ങളും
  • വുളൂഅ് ഇല്ലത്താവര്‍ക്ക് നിഷിദ്ധമായ കാര്യങ്ങള്‍
  • വുളൂഇന്റെ സുന്നത്തുകള്‍
  • വുളൂഅ് മുറിയുന്ന കാര്യങ്ങള്‍ മദ്ഹബുകളില്‍
  • വുളൂഅ് മുറിയുന്ന കാര്യങ്ങള്‍
  • നിയ്യത്ത് എന്ത്? എങ്ങനെ?
  • വുളൂഇന്റ്െ ഫര്‍ളുകള്‍
  • വുളൂഇന്റെ ശര്‍ത്വുകള്‍
  • വുളൂഅ്