Click to Download Ihyaussunna Application Form
 

 

വുളൂഇന്റെ ശര്‍ത്വുകള്‍

ഇസ്ലാം നിര്‍ദ്ദേശിച്ച വുളൂഇനും കുളിക്കും അഞ്ച് നിബന്ധനകളുണ്ട്.
(1) വുളൂഉം കുളിയും ‘തനിവെള്ളം’(ത്വഹൂറായ വെള്ളം)കൊണ്ടായിരിക്കണം. വെള്ളം എന്ന് പ്രയോഗിക്കുമ്പോള്‍ നമ്മുടെ മനസ്സിലെത്തുന്ന സാധാരണ വെള്ളമാണ് തനിവെള്ളം എന്നതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത്. ഇളനീര്‍ വെള്ളം, കഞ്ഞിവെള്ളം, ചായവെള്ളം തുടങ്ങിയ വിശേഷണങ്ങള്‍ ചേര്‍ത്തുമാത്രം പറയുന്ന വെള്ളങ്ങള്‍ മതിയാവില്ലെന്നര്‍ഥം. സുന്നത്തായ കര്‍മ്മങ്ങള്‍ക്ക് പോലും തനി വെള്ളമാകണമെന്ന നിബന്ധനയുണ്ട്. ഫത്ഹുല്‍ മുഈന്‍ തന്നെ രേഖപ്പെടുത്തുന്നത് കാണുക: “തനിവെള്ളം (വിശേഷണമില്ലാതെ വെള്ളം എന്ന് പറയാവുന്നത്) അല്ലാതെ അശുദ്ധിയെ ഉയര്‍ത്തുകയോ നജസിനെ നീക്കുകയോ മറ്റ് ശുദ്ധികള്‍ സുന്നത്തായത് പോലും ലഭ്യമാക്കുകയോ ഇല്ല” (ഫത്ഹുല്‍ മുഈന്‍). ഇതിന്റെ അടിസ്ഥാനമായി അന്‍ഫാല്‍ സൂറയിലെ “നിങ്ങളെ ശുദ്ധിയാക്കാന്‍ വേണ്ടി അല്ലാഹു മേല്‍ഭാഗത്ത് നിന്ന് നിങ്ങളുടെ മേല്‍ വെള്ളത്തെ ഇറക്കുന്നു”വെന്ന ആശയം ലഭിക്കുന്ന ഖുര്‍ആന്‍ വാക്യം ഇമാം നവവി(റ) ഉള്‍പ്പെടെയുള്ള പണ്ഢിതന്മാര്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഇവ്വിഷയകമായി ധാരാളം ഹദീസുകളും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഇമാം മാലിക്(റ) കടല്‍ വെള്ളത്തെ സംബന്ധിച്ച് ഉദ്ധരിക്കുന്ന ഹദീസ് നവവി(റ) തന്നെ രേഖപ്പെടുത്തുന്നത് കാണുക :

അബൂ ഹുറൈറ(റ) നിവേദനം : ഒരാള്‍ റസൂലുല്ലാഹി(സ്വ)യോട് ഇങ്ങനെ ചോദിച്ചു: ഞങ്ങള്‍ സമുദ്ര യാത്ര നടത്തുകയാണ്. കുറച്ച് വെള്ളം മാത്രമേ കൂടെ കൊണ്ടുവന്നുള്ളൂ. ആ വെള്ളമുപയോഗിച്ച് വുളൂഅ് നിര്‍വ്വഹിച്ചാല്‍ ഞങ്ങള്‍ ദാഹിച്ച് പോകും. അപ്പോള്‍ നമുക്ക് കടല്‍വെള്ളം കൊണ്ട് വുളൂഅ് ചെയ്യാമോ? നബി(സ്വ) പറഞ്ഞു. കടല്‍, അതിലെ വെള്ളം ത്വഹൂറാണ്. (സ്വയം ശുദ്ധിയുള്ളതും മറ്റുള്ളതിനെ ശുദ്ധിയാക്കുന്നതുമാണ്.) അതിലെ നിര്‍ജ്ജീവ വസ്തുക്കള്‍ ഹലാലുമാണ്(ഹദീസ്). കിണറ്റിലെ വെള്ളം ഉപയോഗിച്ച് നബി(സ്വ) വുളൂഅ് ചെയ്തതായി ഹദീസുകളില്‍ വന്നിട്ടുണ്ട്. സംസം വെള്ളം ഉപയോഗിച്ച് വുളൂഅ് നിര്‍വ്വഹിക്കുന്നതിന് വിരോധമില്ലെന്ന് പണ്ഢിതന്മാര്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഉഷ്ണമേഖലകളില്‍ ചെമ്പ് പോലുള്ള ലോഹപ്പാത്രങ്ങളില്‍ വെള്ളം സൂര്യതാപത്താല്‍ ചൂടായാല്‍ അത് കറാഹത്താണെന്ന് പല പണ്ഢിതന്മാരും വ്യക്തമാക്കിയിട്ടുണ്ട്.

രക്തം, മലം, മൂത്രം തുടങ്ങിയ നജസുകള്‍ ചേര്‍ന്ന കുറഞ്ഞ വെള്ളവും, ഒരിക്കല്‍ നിര്‍ബന്ധമായ ശുദ്ധീകരണത്തിന് ഉപയോഗിച്ച കുറഞ്ഞ വെള്ളവും വുളൂഅ് നിര്‍വ്വഹിക്കാനോ കുളിക്കാനോ മറ്റു ശുദ്ധികള്‍ വരുത്താനോ അനുയോജ്യമല്ല. വെള്ളത്തിന് വളരെയേറെ ക്ഷാമം നേരിട്ട സന്ദര്‍ഭങ്ങളില്‍ പോലും വുളൂഇലും മറ്റു ശുദ്ധികളിലും ഉപയോഗിച്ച വെള്ളം സംഭരിച്ചു വീണ്ടും വൃത്തിയാക്കുന്ന സ്വഭാവം സ്വഹാബികള്‍ക്കോ മുന്‍ഗാമികളായ മഹാന്മാര്‍ക്കോ ഉണ്ടായിരുന്നില്ലെന്ന കാര്യം ഇമാമീങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാല്‍ ഫര്‍ളില്‍ ഉപയോഗിച്ച വെള്ളം വീണ്ടും ഉപയോഗിക്കാമെന്ന അംഗീകൃതമല്ലാത്ത അഭിപ്രായം ഉയര്‍ത്തിക്കാട്ടി വിശ്വാസികളില്‍ ആശയക്കുഴപ്പം ഉണ്ടാക്കാന്‍ ചില പുത്തന്‍വാദികള്‍ നടത്തുന്ന ശ്രമം നാം ജാഗ്രതയോടെ കാണേണ്ടതുണ്ട്.

(2) കഴുകപ്പെടുന്ന അവയവങ്ങളുടെമേല്‍ വെള്ളം ഒഴുക്കുക.
(3) വെള്ളത്തെ പകര്‍ച്ചയാക്കുന്ന വസ്തുക്കള്‍ അവയവങ്ങളുടെ മേല്‍ ഇല്ലാതിരിക്കുക,
(4) വെള്ളം ചേരുന്നതിന് തടസ്സമാകും വിധം മറ ഇല്ലാതിരിക്കുക എന്നിവയും വുളൂഇന്റെ ശര്‍ത്വുകളില്‍ പെട്ടതാണ്. നഖത്തിനുള്ളിലെ അഴുക്ക് വുളൂഅ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടതനിവാര്യമാണ്. വെള്ളം ചേര്‍ന്നില്ലെങ്കില്‍ വുളൂഅ് സാധുവാകാതിരിക്കാനും നിസ്കാരം തന്നെ നഷ്ടപ്പെടാനും സാധ്യതയുണ്ടെന്ന് പണ്ഢിതരില്‍ പലരും സൂചിപ്പിച്ചിട്ടുണ്ട്. (5) മൂത്രവാര്‍ച്ച, തുടര്‍ച്ചയായ കീഴ്വായു പുറപ്പെടുക തുടങ്ങിയ അ സുഖങ്ങളാല്‍ നിത്യ അശുദ്ധിയുള്ളവര്‍ സമയം ആവുകയും ആയെന്ന ധാരണ ഉണ്ടാവുകയും ചെയ്ത ശേഷം വുളൂഅ് നിര്‍വ്വഹിക്കണമെന്നതും ശര്‍ത്വാണ്.


RELATED ARTICLE

  • വുളൂഇന്റെ ചരിത്രം
  • വുളൂഇലെ വസ്വാസ്
  • വുളൂഅ് സുന്നത്തായ സന്ദര്‍ഭങ്ങള്‍
  • ബ്രഷിങ് നേട്ടങ്ങളും സുന്നത്തായ സ്ഥലങ്ങളും
  • വുളൂഅ് ഇല്ലത്താവര്‍ക്ക് നിഷിദ്ധമായ കാര്യങ്ങള്‍
  • വുളൂഇന്റെ സുന്നത്തുകള്‍
  • വുളൂഅ് മുറിയുന്ന കാര്യങ്ങള്‍ മദ്ഹബുകളില്‍
  • വുളൂഅ് മുറിയുന്ന കാര്യങ്ങള്‍
  • നിയ്യത്ത് എന്ത്? എങ്ങനെ?
  • വുളൂഇന്റ്െ ഫര്‍ളുകള്‍
  • വുളൂഇന്റെ ശര്‍ത്വുകള്‍
  • വുളൂഅ്