Click to Download Ihyaussunna Application Form
 

 

ആത്മദര്‍ശനത്തിലേക്കുള്ള കവാടം

സുന്ദരന്‍, സുമുഖന്‍, കരിവണ്ടുപോലെ കറുത്ത കേശം, തൂവെള്ള വസ്ത്രം, അദ്ദേഹം ആ സദസ്സിലേക്ക് കടന്നുവരികയാണ്. സദസ്സിലുള്ള ആര്‍ക്കും അദ്ദേഹത്തെ അറിഞ്ഞുകൂടാ. വിദേശിയുടെ യാത്രാലക്ഷണവുമില്ല. നബി(സ്വ)യും സഖാക്കളും ഇരിക്കുന്ന ആ സദസ്സില്‍ നബി(സ്വ)ക്കഭിമുഖമായി അയാള്‍ ഇരുന്നു. ഒരു ഗുരുവിന്റെ മുന്നില്‍ ഇരിക്കുന്ന വിനയാദരങ്ങളോടെ. ആ അത്ഭുത മനുഷ്യനില്‍ എല്ലാവരുടെയും കണ്ണുകള്‍ ഉടക്കി നിന്നു. അദ്ദേഹം നബി(സ്വ)യോട് ചോദിച്ചു.

“നബിയേ, എനിക്ക് ഈമാന്‍ എന്താണെന്ന് പറഞ്ഞുതരിക.”

നബി(സ്വ) ഈമാന്‍ കാര്യങ്ങള്‍ ആറെണ്ണം വിശദമായിപ്പറഞ്ഞു. ഉടനെ അത് ശരിവെച്ചുകൊണ്ട് ആഗതന്‍ പറഞ്ഞു: ‘താങ്കള്‍ പറഞ്ഞത് ശരിയാണ്’

ഇതുകേട്ടപ്പോള്‍ സദസ്യരുടെ അത്ഭുതം വര്‍ധിച്ചു. ചോദിച്ചു പഠിക്കാന്‍ വന്നയാള്‍ ഗുരുവിനെ ശരിവെക്കുകയോ? അത്ഭുതം കൊണ്ട് അവരുടെ നയമങ്ങള്‍ വികസിച്ചു. അയാള്‍ പിന്നീട് ചോദിച്ചത് ഇസ്ലാം കാര്യങ്ങളെ കുറിച്ചാണ്. നബി(സ്വ) അവ വിവരിച്ചു കൊടുത്തു. ചോദ്യകര്‍ത്താവ് അതും ശരിവെച്ചു. പിന്നീട് ‘ഇഹ്സാന്‍’ എന്താണെന്നായി ചോദ്യം.

“നീ അല്ലാഹുവിനെ കാണുന്നതുപോലെ ഇബാദത്ത് ചെയ്യലാണ്. നീ ഈ അവസ്ഥയിലെത്തിയില്ലെങ്കില്‍ അല്ലാഹു നിന്നെ കാണുന്നതുപോലെ ആരാധിക്കലാണ്.” നബി(സ്വ) ഇഹ്സാന്‍ എന്താണെന്ന് വ്യക്തമാക്കി. തുടര്‍ന്ന് അന്ത്യദിനത്തെ സംബന്ധിച്ചും അതിന്റെ ലക്ഷണത്തെക്കുറിച്ചും ചോദ്യം ഉന്നയിച്ചു. നബി(സ്വ) അതെല്ലാം വിശദീകരിച്ചു. ആഗതന്‍ സംതൃപ്തനായി സ്ഥലംവിട്ടു. അല്‍പ്പസമയം കഴിഞ്ഞ് ഉമര്‍(റ)നോട് നബി(സ്വ) ചോദിച്ചു. ഈ വന്നയാള്‍ ആരാണെന്ന് നിനക്കറിയാമോ?’

ഉമര്‍(റ) പറഞ്ഞു: ‘അല്ലാഹുവിനും റസൂലിലും അറിയാം. എനിക്കറിയില്ല.’ അപ്പോള്‍ നബി(സ്വ) വിവരിച്ചു. ‘അല്‍ ജിബ്രീല്‍(അ) എന്ന മലക്കാണ്. നിങ്ങള്‍ക്ക് ദീന്‍ പഠിപ്പിക്കാന്‍ വേണ്ടി വന്നതായിരുന്നു.’

++++++++++++++++++++++++++++++++

പ്രസിദ്ധമായ ഈ ഹദീസില്‍ ദീന്‍ മുഴുവന്‍ ഉള്‍ക്കൊള്ളുന്നു. ഇസ്ലാമിക ശരീഅത്തിന്റെ മൂന്ന് അവിഭാജ്യഘടകങ്ങളാണ് പ്രധാനമായും ഈ ചോദ്യോത്തരത്തിലെ പ്രതിപാദ്യം. കൂടാതെ ലോകപരിവര്‍ത്തനത്തെ സംബന്ധിച്ച സൂചനയും അപ്പോള്‍ ഇസ്ലാമിന്റെ മൂലതത്വങ്ങള്‍ ഈമാന്‍, ഇസ്ലാം, ഇഹ്സാന്‍ എന്നിവയാണെന് വ്യക്തം.

ഈമാനാണ് വിശ്വാസിക്കാദ്യമായി വേണ്ടത്. ആറ് ഘടകങ്ങളും അതിനോടനുബന്ധ കാര്യങ്ങളുമാണത്. വിശ്വാസമില്ലാത്ത പ്രവര്‍ത്തനത്തിന് പ്രതിഫലമില്ല. രണ്ടാമതായി ബാഹ്യകര്‍മ്മങ്ങളാണ് നിസ്കാരം, ദാനം, ഹജ്ജ് തുടങ്ങിയവയാണത്. വിവാഹം, കച്ചവടം, സാമൂഹ്യബന്ധങ്ങള്‍ എന്നിവയും മറ്റും ഇവയോട് അനുബന്ധമായ ഘടകങ്ങളാണ്. എന്നാല്‍ ഈ കര്‍മങ്ങളുടെ ആത്മാവാണ് ഇഹ്സാന്‍. ഈ ഹദീസില്‍ അതിനു വ്യക്തമായ നിര്‍വചനമുണ്ട്. അല്ലാഹുവിനെ കാണുന്നതുപോലെ ആരാധിക്കുക ഇതാണ് ആരാധനയുടെ സത്ത. എന്നാല്‍ ഈ അവസ്ഥ ഒരാള്‍ക്ക് അപ്രാപ്യമായാല്‍ അല്ലാഹു തന്നെ കാണുന്നുണ്ടെന്ന ബോധമെങ്കിലും അനിവാര്യമാണ്. ഇതില്ലാത്ത ആരാധന വെറും ബാഹ്യപ്രകടനം മാത്രമാണ്. അതിന് ജീവനുണ്ടായിരിക്കില്ല.

ശരീരവും ആത്മാവും തമ്മിലുള്ള ബന്ധമാണ് ആരാധനയും ഇഹ്സാനും തമ്മിലുള്ളത്. ശരീരം നിലനില്‍ക്കണമെങ്കില്‍ അതില്‍ ആത്മാവ് വേണം. ആത്മാവ് നഷ്ടപ്പെട്ടാല്‍ ജഢം നശിക്കും. ചീഞ്ഞളിഞ്ഞു ദുര്‍ഗന്ധം വമിക്കും.

ചുരുക്കത്തില്‍ മേല്‍പ്പറഞ്ഞ മൂന്നു അടിസ്ഥാനഘടകങ്ങള്‍ ചേര്‍ന്നതാണ് ഇസ്ലാം. ഇസ്ലാമിന്റെ പ്രാരംഭകാലങ്ങളില്‍ ഇവ വെവ്വേറെ വിജ്ഞാനശാഖകളായിരുന്നില്ല. പില്‍ ക്കാലത്ത് വിവിധവിജ്ഞാന ശാഖകള്‍ ഉടലെടുത്തപ്പോള്‍ വിശ്വാസ കാര്യങ്ങള്‍ വിവരിക്കുന്ന ഇല്‍മുല്‍ കലാമും കര്‍മശാസ്ത്രം വിശദീകരിക്കുന്ന ഇല്‍മുല്‍ഫിഖ്ഹും ഇഹ് സാന്‍ ചര്‍ച്ച ചെയ്യുന്ന ഇല്‍മുത്തസ്വവ്വുഫും ജന്മം കൊണ്ടു.

ഇവ മൂന്നും പരസ്പരം പൂരകങ്ങളാണ്. ഒന്നില്ലാതെ മറ്റുള്ളവക്ക് നിലനില്‍പ്പില്ല. നിസ്കരിക്കുന്നതിന്റെ ഒന്നാമത്തെ നിബന്ധന വിശ്വാസമാണ്. “അമുസ്ലിമിന്റെ നിസ്കാരം സാധുവല്ലെന്നു പറയാന്‍ കാരണം ഇതാണല്ലോ. വിശ്വാസകാര്യങ്ങള്‍ അതനിവാര്യമാക്കുന്നു. നിസ്കരിക്കുമ്പോള്‍ അവിടെ മറ്റു ദുരുദ്ദേശ്യങ്ങള്‍ ഉണ്ടാകാന്‍ പാടില്ല. തികഞ്ഞ മനഃസാന്നിധ്യം അനിവാര്യഘടകമാണ്. ലോകമാന്യത്തിന് നിസ്കരിക്കുന്നത് കുറ്റവും ശിക്ഷാര്‍ഹവുമാണ്. ഇതാണ് നിസ്കാരത്തിലെ ഇഹ്സാന്‍. അപ്പോള്‍ നിസ്കാരം എന്ന ആരാധനയില്‍ വിശ്വാസം, കര്‍മം, ആത്മസംസ്കരണം ഇവ മൂന്നും സമ്മേളിക്കേണ്ടത് അനിവാര്യമാണ്. ഇമാം മാലികി(റ)ന്റെ വാക്കുകള്‍ കാണുക. “കര്‍മശാസ്ത്രമില്ലാതെ സ്വൂഫിയായാല്‍ അവന്‍ നാസ്തികനായേക്കും. തസ്വവ്വുഫ് ഇല്ലാതെ കര്‍മ ശാസ്ത്രജ്ഞനായാല്‍ തെമ്മാടിയായേക്കും. ഇതുരണ്ടും സമ്മേളിപ്പിച്ചവനാണ് ബാഹ്യാര്‍ഥം ഉള്‍ക്കൊണ്ടവന്‍” (ഈഖാള്, പേജ് 6).

ഫിഖ്ഹും തസ്വവ്വുഫും ആദ്യകാല പണ്ഢിതന്മാര്‍ കൈകാര്യം ചെയ്തിരുന്നത് ഒരുമിച്ചു തന്നെയായിരുന്നു. എന്നാല്‍ ഇസ്ലാമിക ഭരണവും ഇസ്ലാമിക കോടതികളും നിലനിന്നപ്പോള്‍ മുസ്ലിം ഭരണാധികാരികള്‍ക്കും നിയമജ്ഞര്‍ക്കും വിധിതീര്‍പ്പുകള്‍ക്കായി ഏറെ ആവശ്യം കര്‍മശാസ്ത്രമായിരുന്നു. അതുകൊണ്ട് ഒരുവിഭാഗം പണ്ഢിതര്‍ ഫിഖ്ഹിലേക്ക് മാത്രം ശ്രദ്ധ ചെലുത്തി ആ വിജ്ഞാന ശാഖയില്‍ ആഴിയിലേക്ക് ഇറങ്ങിച്ചെല്ലാനും ചന്ദ്രനെപ്പോലെ പ്രശോഭിതമാക്കാനും അവര്‍ ശ്രമിച്ചു. ഭരണപരമായ കാര്യങ്ങളില്‍ താത്പര്യമില്ലാത്തവര്‍ ആത്മ ദര്‍ശനശാസ്ത്രമായ തസ്വവ്വുഫിലേക്ക് തിരിഞ്ഞു. ഭക്തിപരമായ അധ്വാനങ്ങളെക്കുറിച്ചും ഹൃദയശുദ്ധിയെക്കുറിച്ചും അവര്‍ പ്രതിപാദിച്ചു. ആദ്യനിരൂപണത്തെ സംബന്ധിച്ചും ചട്ടങ്ങളും നടപടിക്രമങ്ങളും എഴുതി. ഇങ്ങനെയാണ് ഫിഖ്ഹും തസ്വവ്വുഫും രണ്ട് വിജ്ഞാന ശാഖകളായി അറിയപ്പെട്ടു തുടങ്ങിയത്.

കര്‍മ ശാസ്ത്രജ്ഞരും ആത്മീയ ശാസ്ത്രജ്ഞരും അവരവരുടെ മേഖലകളില്‍ വ്യാപരിച്ചു. തങ്ങളുടെ പക്കലുള്ള ജ്ഞാനം സമ്പുഷ്ടമാക്കാനും പ്രചരിപ്പിക്കാനും അവര്‍ മാര്‍ഗങ്ങള്‍ കണ്ടുപിടിച്ചു. ഫിഖ്ഹ് തസ്വവ്വുഫില്‍ നിന്നും ചിലപ്പോള്‍ ഏറെ അകലെ സഞ്ചരിച്ചു. തസ്വവ്വുഫ് ഫിഖ്ഹില്‍ നിന്നും ഒട്ടേറെ കാതം അകലെയായി. ഇസ്ലാമിക ശരീഅത്തിന് ഇതു പോറലേല്‍പ്പി ക്കാതിരുന്നില്ല. ഹൃദയ ശുദ്ധിയില്ലാത്തവര്‍ ഫിഖ്ഹ് കൈ കാര്യം ചെയ്തപ്പോള്‍ ചിലര്‍ ഇസ്ലാമിന്റെ ചട്ടക്കൂടില്‍ നിന്നും പുറത്തുപോകാന്‍ കാരണമായി. മുഅല്ലായുടെ കര്‍ത്താവ് ഇബ്നുഹസ്മ് ഇതിന് ഉദാഹരണമാണ്. തന്റെ ജ്ഞാനത്തിന്റെ മഹത്വം പ്രകടിപ്പിക്കാന്‍ അദ്ദേഹം തിടുക്കം കാണിച്ചു. അവസാനം ആത്മീയബോധം നഷ്ടപ്പെട്ട അദ്ദേഹം മുഖം കുത്തി വീഴുകയാണുണ്ടായത്. ഫിഖ്ഹ് കൈവെടിഞ്ഞ് ആത്മീയത പ്രാപിച്ച ചില ത്വരീഖത്തുകാര്‍ക്ക് മാര്‍ഗഭ്രംശം സംഭവിച്ചതിനും നമ്മുടെ മുന്നില്‍ ജീവിക്കുന്ന തെളിവുകളുണ്ട്.

ഈ അപഥ സഞ്ചാരത്തിന് കടിഞ്ഞാണിട്ടത് പ്രസിദ്ധ തത്വചിന്തകനായ ഇമാംഗസ്സാലി(റ) ആണ്. ഫിഖ്ഹും തസ്വവ്വുഫും ഏറ്റവും സമര്‍ഥമായി ഇണക്കിച്ചേര്‍ത്തുകൊണ്ടാണ് അദ്ദേഹം ഇഹ്യാ ഉലുമിദ്ദീന്‍ എന്ന ബൃഹദ്ഗ്രന്ഥം രചിച്ചത്. ഈമാനും ഇസ്ലാമും ഇഹ്സാനും സമന്വയിപ്പിച്ചുകൊണ്ടുള്ള ആ ഗ്രന്ഥം ലോകപ്രശസ്തമായതും ഇതുകൊണ്ടാണ്. കേരളക്കാരനായ ഇമാം സൈനുദ്ദീന്‍ മഖ്ദൂം(റ) തുടങ്ങിയവരുടെ മുര്‍ശിദിലും മറ്റും ഈ മാര്‍ഗം തന്നെയാണ് അവലംബിച്ചിട്ടുള്ളത്. ശാഹ് വലിയ്യുല്ലാഹിദ്ദഹ്ലവി(റ)യുടെ ഹുജ്ജത്തുല്ലാഹില്‍ ബാലിഗ ഇതിനേറ്റവും ഉജ്ജ്വല ഉദാഹരണമാണ്.

സ്വൂഫീഅനുഭൂതി വാക്കുകൊണ്ട് പ്രകടിപ്പിക്കാന്‍ സാധ്യമല്ല. മേല്‍ പ്രസ്താവിച്ച നബിവചനം തന്നെ അതാണ് തെളിയിക്കുന്നത്. അല്ലാഹുവിനെ കാണുന്നതുപോലെ ആരാധിക്കുക എന്നാണ് നബി(സ്വ) ഇഹ്സാന്‍ എന്നതിനു നല്‍കിയ വിശദീകരണം. അല്ലാഹുവിനെ കാണാനുള്ള കണ്ണ് നമുക്കില്ല. പിന്നെ എങ്ങനെയാണ് അല്ലാഹുവിനെ കാണുക. ഇവിടെ ആത്മീയ ദര്‍ശനങ്ങളാണ് ഉദ്ദേശ്യമെന്നു വ്യക്തം. ഒരുതരം ഹര്‍ഷോന്മാദാവസ്ഥയാണിത്. പ്രഭാപൂര്‍ണവും സമുന്നതവുമായ ആ അവസ്ഥ വിവരിക്കാന്‍ വാക്കുകള്‍ ക്കാവില്ല. അത് അനുഭൂതിയാണ്.

രതിമൂര്‍ച്ഛയില്ലാത്തവന് അതനുഭവിക്കാത്തവന് അതെങ്ങനെ പറഞ്ഞുകൊടുക്കാനാകും. അതനുഭവിച്ചയാള്‍ക്ക് മാത്രമേ രതിമൂര്‍ച്ഛ എന്താണെന്നറിയൂ. അഥവാ പദങ്ങള്‍ കൊണ്ട് അതിനെ ആഖ്യാനം ചെയ്ത് അവതരിപ്പിക്കാന്‍ നമുക്കാര്‍ക്കും കഴിയില്ല. പക്ഷേ, അതുകൊണ്ടുമാത്രം അവ നിഷേധിക്കാന്‍ നമുക്ക് കഴിയുമോ? കാരണം രതി ഒരു യാഥാര്‍ഥ്യമാണെന്ന് അനുഭവമില്ലാത്തവനുപോലും അറിവുള്ളതാണല്ലോ.

ശരിയായ അര്‍ഥത്തിലുള്ള ആരാധന വഴി ലഭിക്കുന്നതാണ് ശരിയായ ആത്മീയാനുഭൂതി. ഇതാര്‍ക്കും അനുഭവിക്കുകയും ചെയ്യാം. ഇതാണ് ഒരു യഥാര്‍ഥ മുഅ്മിനിന്റെ ആരാധനയുടെ ലക്ഷ്യവും സാഫല്യവും. ഇത് വിലക്കപ്പെട്ട കനിയല്ല. ഏതൊരു സാധാരണക്കാരനും ഈ ആത്മീയാനുഭൂതി ലഭിക്കും. അത് ലഭിക്കാതിരിക്കുന്നത് അവന്റെ ആരാധനയിലെ പോരായ്മകള്‍ കൊണ്ടാണ്. ആ അപാകത കണ്ടുപിടിച്ചു ലക്ഷ്യം സാക്ഷാത്കരിക്കുകയാണ് സ്വൂഫിസത്തിന്റെ മാര്‍ഗം.

ആത്മദര്‍ശനം (മുകാശഫ) ലഭിക്കാനുള്ള ചില സ്റ്റേജുകള്‍ ആത്മജ്ഞാനികള്‍ വരച്ചുകാണിക്കുന്നു. ഈ സ്ഥിതികള്‍ ഒരാരോഹണക്രമത്തില്‍ നില്‍ക്കുന്നു. ഒരാള്‍ ഒരു സ്ഥിതിയില്‍ നിന്ന്- ഒരു മഖാമില്‍ നിന്ന് – മറ്റൊരു സ്ഥിതിയിലേക്ക് പടിപടിയായി കയറിപ്പോകണം. അങ്ങനെ ദൈവികജ്ഞാനം അനുഭവമായ (മഅ്രിഫത്) അവസ്ഥയില്‍ എത്തിച്ചേരണം. ഇതാണ് “അവന്റെ ദേഹേച്ഛ ഞാന്‍ കൊണ്ടുവന്നതാകാത്ത കാലത്തോളം ഒരാളും മുഅ്മിനല്ല.” എന്ന് നബി(സ്വ) പറഞ്ഞത്. ഈ അവസ്ഥയില്‍ എത്തിയ ഒരാള്‍ ക്ക് മാത്രമേ ദേഹേച്ഛ ദൈവേച്ഛയായി പരിവര്‍ത്തനപ്പെടുത്താന്‍ കഴിയൂ. ഇങ്ങനെ പടിപടിയായി മുന്നേറുന്നവര്‍ക്ക് ദൈവദര്‍ശനം സാധ്യമാകുന്നു.

ജ്ഞാനികള്‍ ഈ ‘അവസ്ഥകള്‍’ വിശദമായി അവരുടെ ഗ്രന്ഥങ്ങളില്‍ വിവരിച്ചത് ഖുര്‍ആന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തിലാണ്. ഒരു ഉദാഹരണം പറയാം. ഈ സ്റ്റേജുകളില്‍ ഒന്നാമത്തേത് സുഹ്ദ് (വിരാഗം) ആണ്. അഥവാ കുടുംബം, സ്നേഹിതര്‍, ഗോത്രം, ധനം എന്നിവയില്‍ നിന്ന് മനസ്സിനെ വേര്‍പ്പെടുത്തി ഏകാന്തവാസമനുഷ്ഠിക്കുക. മുഹമ്മദ് നബി(സ്വ)യില്‍ ഇതിന് മാതൃകയുണ്ട്. പ്രവാചകത്വത്തിന് മുമ്പ് ആറുമാസം നബി തിരുമേനി(സ്വ) ഹിറാഗുഹയില്‍ ഏകാന്തവാസമനുഷ്ഠിച്ചു. ഇതിനുശേഷമാണ് അവര്‍ക്ക് വഹ്യ് ലഭിക്കുന്നത്. അതുകൊണ്ടുതന്നെ ദൈവദര്‍ശനം കാംക്ഷിക്കുന്നവര്‍  ഈ മാതൃക പിന്തുടരേണ്ടതാണെന്ന് ആത്മജ്ഞാനികള്‍ പ്രസ്താവിക്കുന്നു. മറ്റു സ്റ്റേജുകള്‍ നിജപ്പെടുത്തപ്പെട്ടതും ഇതുപോലെ ഖുര്‍ആന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ തന്നെയാണെന്ന് കാണാവുന്നതാണ്.

ഈ സ്റ്റേജുകള്‍ ഓരോന്നും പിന്നിട്ടവന് മറ നീങ്ങല്‍ എന്ന കശ്ഫ് സംഭവിക്കുന്നു. ഒരു സാധാരണ മനുഷ്യന് പഞ്ചേന്ദ്രിയങ്ങള്‍ വഴി കാണാന്‍ കഴിയാത്ത ദിവ്യലോകങ്ങള്‍ അവന് ദര്‍ശിക്കാന്‍ കഴിയുന്നു. പരിശീലനം സിദ്ധിക്കുന്ന ആര്‍ക്കും ഇത് നേടാവുന്നതുമാണ്. ഇതിന് വിലായത്ത് എന്ന പട്ടം ലഭിച്ചുകൊള്ളണമെന്നില്ല. സാധാരണ മുഅ്മിനിന് ലഭിക്കുന്ന സ്വപ്നത്തെ സംബന്ധിച്ചു നബി(സ്വ) പറഞ്ഞത്, അത് വഹ്യില്‍ നിന്നുള്ള നാല്‍പ്പത്തിയാറില്‍ ഒരംശമാണ് എന്നാണ്. അപ്പോള്‍ ഒരു പൂര്‍ണ വിശ്വാസിയുടെ സാ ധാരണ സ്വപ്ന ദര്‍ശനവും കശ്ഫിന്റെ ഇനങ്ങളിലൊന്നാകാം. ആത്മീയതയുടെ വിവിധ പടവുകള്‍ കയറിപ്പോകുമ്പോള്‍ അവയെല്ലാം യഥാര്‍ഥത്തില്‍ തന്നെ ദര്‍ശിക്കാന്‍ കഴിയുന്നു. ഇതാണ് മനുഷ്യാവസ്ഥയുടെ ആത്മാവിന്റെ പൂര്‍ണമായ പ്രകടന രംഗം.

കശ്ഫ്(മറനീക്കല്‍) ലഭിച്ചവന് സര്‍വ ആദ്ധ്യാത്മിക സത്യങ്ങളും വ്യക്തമായി അറിയാന്‍ കഴിയുന്നു. ഇതുവരെ അവനുണ്ടായിരുന്നത് വിശ്വാസം മാത്രമായിരുന്നു. എന്നാല്‍ മറനീങ്ങിയപ്പോള്‍ എല്ലാം അവന്റെ കണ്‍മുന്നില്‍ കാണാം. വസ്തുക്കളെ മാത്രമല്ല വസ്തുതകളെയും ദര്‍ശിക്കാന്‍ കഴിയും. പക്ഷേ, അതിനു യോജ്യമായ ചില രൂപങ്ങള്‍ അതിനുണ്ടാകുന്നു എന്നുമാത്രം. ഒരിക്കല്‍ നബി(സ്വ) നിസ്കരിക്കുമ്പോള്‍ എന്തോ ക്കൈ കൊണ്ട് എടുക്കാന്‍ ശ്രമിക്കുന്നതായി സ്വഹാബാക്കള്‍ കണ്ടു. ഇതെന്തായിരുന്നു എന്ന് സ്വഹാബികള്‍ ചോദിച്ചപ്പോള്‍ നബി(സ്വ) പറഞ്ഞു. ‘ഈ നിസ്കാരത്തില്‍ എന്റെയും ഖിബ്ലക്കും മുമ്പില്‍ സ്വര്‍ഗവും നരകവും കാണിക്കപ്പെട്ടു. അപ്പോള്‍ അതില്‍ നിന്നു ഒരു മുന്തിരിക്കുല ഞാന്‍ എടുക്കാന്‍ ശ്രമിച്ചു. പക്ഷേ, പിന്നീടത് വേണ്ടെന്നു കരുതി. അതാണ് നിങ്ങള്‍ കണ്ടത്.

നബി(സ്വ) പറഞ്ഞു. ബുദ്ധിയെ അല്ലാഹു സൃഷ്ടിച്ചു. അതിനോട് മുന്നോട്ടുവരണമെന്ന്് അല്ലാഹു ആജ്ഞാപിച്ചപ്പോള്‍ അത് മുന്നോട്ടുവന്നു. പോകുക എന്നനുശാസിച്ചപ്പോള്‍ അത് പോയി.’

മരണം എന്ന പ്രതിഭാസത്തെ സംബന്ധിച്ചു നബിതിരുമേനി(സ്വ) പറഞ്ഞു: ‘ഒരാടിന്റെ രൂപത്തോട് സാദൃശ്യമായ രീതിയില്‍ മരണത്തെ കൊണ്ടുവരും. സ്വര്‍ഗനരകങ്ങളുടെ ഇടയില്‍ വെച്ച് അതിനെ ഗളഛേദം ചെയ്യപ്പെടും.’

ഇത്തരം ധാരാളം നബിവചനങ്ങള്‍ കാണാം. അപ്പോള്‍ ഈ വസ്തുതകള്‍ക്കെല്ലാം ഓരോന്നിനോടും അനുയോജ്യമായ രൂപങ്ങള്‍ ഉണ്ട്. അത് സാധാരണ ദൃഷ്ടിയില്‍ കാണുക സാധ്യമല്ല. ഉറക്കത്തില്‍ ചില വസ്തുതകളെ രൂപങ്ങളായി നാം കാണുന്ന പ്രതിഭാസവും ഇതാണ്. മരണസമയത്തും ഖബറിലും ഉണ്ടാകുമെന്ന് നാം വിശ്വസിക്കുന്ന ദൃശ്യങ്ങളും ഈ ഗണത്തില്‍ പെട്ടതാണ്. അവന്റെ ആരാധനകള്‍ സുന്ദരമായ രൂപം പൂണ്ട് ഖബറിലുള്ളവന് ആശ്വാസം നല്‍കുമെന്ന് നാം വിശ്വസിക്കുന്നു. ഇതെല്ലാം ഈ ആലമുല്‍ മിസാലിന്റെ ഗണത്തില്‍ പെട്ടതാണ്.

മുകാശഫ ലഭിച്ച ഒരാള്‍ക്ക് ആത്മനിഷ്ഠാപരമായ ദര്‍ശനമാണ് സംഭവിക്കുന്നത്. അവനത് നിഷേധിക്കാന്‍ സാധ്യമാകില്ല. ആലമുല്‍ മലകൂത് അവനുവേണ്ടി തുറന്നുവെച്ചതായി അനുഭവപ്പെടും.

ഒരിക്കല്‍ സൈദുബ്നു സാബിതിനോട് നബി(സ്വ) ചോദിച്ചു. ‘എല്ലാറ്റിനും ഒരു യാഥാര്‍ഥ്യമുണ്ട്. നിന്റെ ഈമാനിന്റെ യാഥാര്‍ഥ്യമെന്താണ്?’ ‘ഞാനിപ്പോള്‍ അല്ലാഹുവിന്റെ അര്‍ശ് വ്യക്തമായി ദര്‍ശിക്കുന്നതുപോലെയുണ്ട്.’ എന്നാണ് സൈദുബ്നു ഹാരിസ്(റ) മറുപടി പറഞ്ഞത്.

ഭാവിയില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ കാലേക്കൂട്ടി ഇവര്‍ക്ക് ദര്‍ശിക്കാം. ഭൌതിക വസ്തുക്കളില്‍ സജീവ സ്വാധീനം ചെലുത്താനുള്ള ആത്മശക്തിയും അവര്‍ക്ക് ലഭിച്ചേക്കും. അവരുടെ ഇച്ഛാശക്തിക്കൊത്തവണ്ണം ഭൌതിക ലോകത്തെ ചലിപ്പിക്കാനും അവര്‍ക്ക് കഴിയുന്നു. പക്ഷേ, ഇത്തരം കാര്യങ്ങളില്‍ ഇടപെടുന്നവര്‍ അവരില്‍ ഏറെ വിരളമായിരിക്കും. ആത്മദര്‍ശനത്തിന്റെ ആനന്ദ ലഹരിയില്‍ അവര്‍ മറ്റുള്ളവയെല്ലാം അവഗണിക്കുന്നു. ഈ ആത്മീയ ലഹരിയില്‍ ആനന്ദം കൊള്ളുന്നതിനെക്കാള്‍ അഭികാമ്യമായി അവര്‍ മറ്റൊന്നിനെയും കാണുന്നില്ല.

ഈ അനുഭൂതി സ്വായത്തമാക്കുകയാണ് ഓരോ മുഅ്മിനിന്റെയും അന്തിമ ലക്ഷ്യം. ഈ ലക്ഷ്യത്തിലേക്കുള്ള പടവുകളാണ് ആരാധനകള്‍. ആരാധന ഈ ലക്ഷ്യത്തിലെത്തണമെങ്കില്‍ ഹൃദയം കളങ്ക രഹിതമാകണം. കൊട്ടിയടക്കപ്പെട്ട ആത്മദര്‍ശനത്തിലേക്കുള്ള കവാടം തുറന്ന് അവയില്‍ പ്രവേശിച്ചാല്‍ മാത്രമേ മനുഷ്യന് ശാന്തിലഭിക്കുകയുള്ളൂ. അതിന് ആരാണ് തയ്യാറുള്ളത്?


RELATED ARTICLE

  • ശൈഖ് അബ്ദുല്‍ഖാദിര്‍ (റ) യുടെ അന്ത്യനിമിഷങ്ങള്‍
  • ഖാദിരീ ത്വരീഖത്ത്
  • ജീലാനി ദര്‍ശനം: ഇന്ത്യന്‍ സാഹചര്യത്തില്‍
  • സൃഷ്ടികള്‍ക്ക് അല്ലാഹു പോരേ..
  • ആത്മദര്‍ശനത്തിലേക്കുള്ള കവാടം
  • ശൈഖ് ജീലാനി(റ): ജീവിതവും സന്ദേശവും
  • ശൈഖ് അബ്ദുല്‍ഖാദിര്‍ ജീലാനി(റ)
  • ജീലാനീ ദിനം