Click to Download Ihyaussunna Application Form
 

 

ജീലാനി ദര്‍ശനം: ഇന്ത്യന്‍ സാഹചര്യത്തില്‍

നിരന്തരമായ പരിശീലനവും പ്രയത്നവും മുഖേന ഭൌതിക മേഖലയില്‍തന്നെ അസാമാന്യമായ പ്രവര്‍ത്തനങ്ങള്‍ സാധ്യമാകുന്നുണ്ട്. ഏഷ്യാഡിലെയും ഒളിംപിക്സിലെയും ഓരോ ജേതാവിനും പരിശീലനത്തിന്റെ കയ്പ്പേറിയ അനുഭവങ്ങളുണ്ടല്ലോ. സ്വന്തം കോച്ചിന്റെ കണ്ണിമതെറ്റാത്ത മേല്‍നോട്ടത്തില്‍ കഠിന നിയന്ത്രണത്തോടെ പാകപ്പെട്ടുവരുന്ന ഓരോ പഠിതാവും പില്‍ക്കാലത്ത് ലോകതാരവും അനേകായിരത്തിന്റെ സ്നേഹഭാജനവും ഒരുകൂട്ടം ശിഷ്യരുടെ കോച്ചുമായി മാറുന്നു.

ഭൌതിക മേഖലകളില്‍ ഇപ്രകാരമുള്ള ഗണനവും കുതിപ്പും ഹീറോ പവറുമൊക്കെ

സാധാരണമെങ്കില്‍ ആത്മീയ മേഖലകളിലും തത്തുല്യ ജൈത്രയാത്രാ വേദികളുണ്ട്. പ്രയത്നവും പരിശീലനവും വളരെ ഗൌരവസ്വഭാവത്തിലായിരിക്കുമെന്നു മാത്രം. വിഷയം ആത്മീയമാവുകയും കോച്ചിംഗ് ഗുരുതരമാവുകയാലും പാകപ്പെടുത്തിയെടുക്കപ്പെടുന്ന താരത്തിന് ഭൌതിക താരം പ്രകടിപ്പിക്കുന്ന അസാമാന്യതയിലും അനേക മടങ്ങ് ആശ്ചര്യകരമായ അസാമാന്യത പ്രകടിപ്പിക്കാനും കഴിയുന്നതാണ്.

ഭൌതിക മേഖലയില്‍ അതികഠിനമായ പരിശീലനങ്ങള്‍ക്കിരയാകുന്ന ഒരു താരം ചിലപ്പോള്‍ അവന്റെ സ്രഷ്ടാവിനിഷ്ടമില്ലാത്ത വിഷയങ്ങളിലാകും യജ്ഞം നടത്തുന്നത്. അതുകൊണ്ടുതന്നെ ആ താരത്തിന് കൈവരുന്ന അസാമാന്യത ചട്ടപ്പടികൂലിയിലൊതുങ്ങും. ബോണസില്ല; പ്രസന്റേഷനില്ല; പ്രൈസില്ല. നീന്തല്‍ പരിശീലനം നടത്തുന്നത് സുന്നത്താണെങ്കിലും ആ വകയില്‍ ശരീരത്തിലെ ഗോപ്യമേഖല പ്രദര്‍ശിപ്പിക്കുന്നത് സ്രഷ്ടാവിന്റെ അനിഷ്ടത്തിന് കാരണമായി. അപ്പോള്‍ ഭൌതിക മേഖലയിലെ അഭ്യാസിക്ക് താന്‍ യജ്ഞം നടത്തിയ വിഷയത്തിനപ്പുറത്തേക്ക് തന്റെ അസാമാന്യത നീട്ടാനാവില്ല. എന്നാല്‍, ആത്മീയ മേഖലയിലെ പരിശീലകന്‍ തന്റെ സ്രഷ്ടാവിനെ പ്രീതിപ്പെടുത്തുന്ന മേഖലയിലായതുകൊണ്ട് തനിക്ക് ലബ്ധമാകുന്ന അസാമാന്യത നീളുന്നു. വികസിക്കുന്നു, മതിലുകളില്ലാത്ത അതിരുകളില്ലാത്ത സിദ്ധിയുടെ ഉടമയായിത്തീരുന്നു അദ്ദേഹം. അല്ലാഹുതന്നെ പറയട്ടെ: ‘എന്നില്‍ ത്യാഗം വരിക്കുന്നവര്‍, അവരെ നാം നമ്മുടെ ഒട്ടേറെ റൂട്ടുകളിലേക്ക് മാര്‍ഗദര്‍ശനം നല്‍കുക തന്നെ ചെയ്യും.’

ഇവിടെ ചട്ടപ്പടി ജോലിയും കൂലിയുമല്ല, മറിച്ച് ഒട്ടേറെ റൂട്ടുകളുടെ വാതായനങ്ങള്‍ തുറന്നിടുകയാണ്. സാമാന്യ നിലയില്‍ പഞ്ചേന്ദ്രിയ സിദ്ധികള്‍ക്ക് പരിധിയും അതിരുമുണ്ടെങ്കില്‍ ഇവിടെയിതാ അല്ലാഹുവിലെ ത്യാഗിക്ക് കര്‍ശനമായ കോച്ചിംഗിലൂടെ പരിശീലനം നേടുന്നവന് പഞ്ചേന്ദ്രിയ സിദ്ധിയുടെ അതിര്‍വരമ്പുകള്‍ നീക്കം ചെയ്യപ്പെടുന്നു. ഇത്തരം ത്യാഗികള്‍ ലോകത്ത് നിരവധിയുണ്ടായിട്ടുണ്ട്. ഇന്നുമുണ്ട്. ഇത്തരം മഹാത്യാഗികളിലൊരാളായിരുന്നു ശൈഖ് അബ്ദുല്‍ഖാദിര്‍ ജീലാനി(റ). അവിടുത്തെ ശിക്ഷണ പരിശീലനങ്ങളുടെ ചിത്രമിതാ.

അബൂസഈദില്‍ ഹരീമി(റ) ശൈഖ് ജീലാനി(റ)യെ ഉദ്ധരിക്കുന്നു: “ഇറാഖിലെ മരുഭൂമികളിലും വിജനപ്രദേശങ്ങളിലുമായി 25 വര്‍ഷം ഞാന്‍ അലഞ്ഞു നടന്നിട്ടുണ്ട്. സൃഷ്ടികള്‍ എന്നെയോ ഞാന്‍ അവരെയോ മനസ്സിലാക്കിയിരുന്നില്ല. ഇറാഖിലേക്ക് ഞാന്‍ പ്രവേശിച്ച ആദ്യഘട്ടത്തില്‍ തന്നെ ഖളിര്‍(അ) എന്നെ സഹകാരിയാക്കി. മുമ്പ് എനിക്കവരെ പരിചയമില്ല. ഞാന്‍ അവിടുത്തെ കല്‍പ്പന മറികടക്കരുതെന്നായിരുന്നു സഹജീവിതത്തിനുള്ള ഉപാധി. ഒരിക്കല്‍ എന്നോട് പറഞ്ഞു. ഇവിടെ ഇരിക്കുക. മൂന്നു വര്‍ഷം ഞാനവിടെത്തന്നെ കഴിച്ചു. ആണ്ടിലൊരിക്കല്‍ മാത്രം അവിടുന്ന് വരും. അടുത്ത വരവു വരെ തങ്ങാന്‍ പറഞ്ഞു തിരിച്ചുപോകും. ഇക്കാലത്ത് ഭൌതികത അതിന്റെ എല്ലാ ആര്‍ഭാടാലങ്കാരങ്ങളോടെയും എന്റെ മുമ്പില്‍ പ്രത്യക്ഷമാ വുമായിരുന്നു. പക്ഷേ, അല്ലാഹു എന്നെ അങ്ങോട്ട് തിരിയാതെ കാത്തു. എന്നെ കുത്തിയിളക്കി ക്കൊണ്ട് പല പിശാചുക്കളും വരുമായിരുന്നു. ഞാനിളകിയില്ല.

മദാഇനിലെ വിജന പ്രദേശങ്ങളില്‍ ആത്മീയ യുദ്ധത്തിന്റെ റൂട്ടില്‍ സ്വശരീരത്തെ നിര്‍ബന്ധിച്ചു കൊണ്ട് ഞാന്‍ കഴിച്ചുകൂട്ടി. അക്കാലത്ത് എന്റെ ഭക്ഷണരീതി ഇതാ! ഒരു വര്‍ഷം ഭക്ഷണങ്ങള്‍ മാത്രം കഴിച്ചു. വെള്ളമില്ല. ഒരു വര്‍ഷം പാനം മാത്രം, ഭക്ഷണങ്ങളില്ല. മറ്റൊരു വര്‍ഷം ഭക്ഷണമോ വെള്ളമോ നിദ്രയോ ഇല്ലാതെ കഴിച്ചു” (ബഹ്ജതുല്‍ അസ്റാര്‍, പുറം 85).

ഇരുപത്തഞ്ചു വര്‍ഷമെന്നത് ഒരു പുരുഷായുസ്സിന്റെ നാലിലൊരു ഭാഗമാണ്. അത്രയും കാലം ഒരു കുശാഗ്രബുദ്ധി ഭൌതികബന്ധങ്ങള്‍ മാറ്റിനിര്‍ത്തി അലഞ്ഞുവെങ്കില്‍ അതത്രയും ഇബാദത്തിലൂടെ ശരീരത്തെ മെരുക്കാനുള്ള യജ്ഞമായിരിക്കും. കോച്ചാണെങ്കിലോ, മൂസാനബി(അ)യുടെ ഗുരുനാഥനും. യൌവനത്തിന്റെ സുഖം മോന്തിക്കുടിക്കേണ്ട ഈ 25 വര്‍ഷം അല്ലാഹുവിനുവേണ്ടി ശൈഖ് ഉപേക്ഷിച്ചെങ്കില്‍ 25ന് പകരം അനേകം 25കളെ കൊണ്ട് ചെയ്തുതീര്‍ക്കാവുന്ന പ്രവൃത്തികള്‍, അവശേഷിക്കുന്ന ആയുസ്സില്‍ പ്രവര്‍ത്തിക്കുവാന്‍ അല്ലാഹു ഈ ഇഷ്ടദാസന് ചാന്‍സ് ഒരുക്കിക്കൊടുക്കാതിരിക്കുമോ?

ശൈഖ് തന്നെ തന്റെ കഥ അയവിറക്കുന്നത് ഇനിയും കാണുക: “ഇറാഖിലെ വാസത്തില്‍ 40 വര്‍ഷം ഇശാഅ് നിസ്കരിച്ച വുളൂഅ് കൊണ്ടാണ് ഞാന്‍ സ്വുബ്ഹി നിസ്കരിച്ചത്. ഖുര്‍ആന്‍ പാരായണവേളയില്‍ ഉറക്കം വരാതിരിക്കാന്‍ ഒറ്റക്കാലിലായിരിക്കും നില്‍പ്പ്. ഭിത്തിയില്‍ തറച്ച ആണിയിലായിരിക്കും ഒരു കൈ. അത്താഴ സമയമാകുമ്പോഴേക്ക് ഖുര്‍ആന്‍ ഖതം ആയി” ((ബഹ്ജതുല്‍ അസ്റാര്‍,പേജ് 59).

കാല്‍പ്പാദങ്ങള്‍ നീരുകെട്ടി വീര്‍ക്കുന്നതുവരെ രാത്രി നിസ്കാരം നിര്‍വഹിച്ച മുഹമ്മദ് മുസ്തഫാ(സ്വ)യുടെ സന്താനപരമ്പരയിലെ ഈ മുത്ത്, ത്യാഗത്തിന്റെ കാര്യത്തില്‍ തന്റെ പിതാമഹനെ അനുധാവനം ചെയ്യുന്നതാണ് നാം കാണുന്നത്. ത്യാഗികള്‍ക്ക് അല്ലാഹു അസാമാന്യതയുടെ വാതായനങ്ങള്‍ തുറന്നുകൊടുക്കുന്നു.

ശൈഖ് ജീലാനി(റ) പറഞ്ഞു: ‘എല്ലാ വലിയ്യുകളും സഞ്ചരിക്കുന്നത് അവരുടെ നേതാവിന്റെ തൃപ്പാദത്തി(ചര്യകള്‍)ന്മേലായിരിക്കും. ഞാന്‍ സഞ്ചരിക്കുന്നത് സമ്പൂര്‍ണതയുടെ പൌര്‍ണമിയായ നബി(സ്വ)യുടെ തൃപ്പാദങ്ങളിന്മേലാണ്’ (ഫുതൂഹുല്‍ ഗൌബ്, പുറം 231).

നബി(സ്വ) ഹിറാ ഗുഹയില്‍ ഏറെനാള്‍ ഏകാന്തവാസം കഴിച്ചു. ഈ അനന്തരവന്‍ ഇറാഖിലെ മരുഭൂമിയിലും അങ്ങനെ കഴിച്ചു. നബി(സ്വ) പിന്നീട് ജനങ്ങളിലേക്കിറങ്ങി വന്ന് പ്രബുദ്ധാരകനായി. ശൈഖവര്‍കളും ജനങ്ങളുടെ ആളായി ജനകീയ പ്രശ്നങ്ങളില്‍ സജീവ പങ്കാളിത്തം വഹിച്ചു. ശൈഖ് അബൂ സഅ്ദ്(റ) പറയുന്നു. ‘ശൈഖ് അബ്ദുല്‍ഖാദിര്‍(റ) ജന്മാന്ധതയും കുഷ്ഠരോഗവും വെള്ളപ്പാണ്ഡും സുഖപ്പെടുത്തുമായിരുന്നു’(ബഹ്ജ 53). അതേ, ഒരു മൊബൈല്‍ ഹോസ്പിറ്റലായിരുന്നു ശൈഖും മുരീദുമാരും. ജനങ്ങളുടെ ഇത്തരം പരിഹാരമില്ലാ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്ന ഒരു യോഗിവര്യന്‍ സാധാരണക്കാരന്റെ മനസ്സില്‍ എന്നും ജീവിക്കുക തന്നെ ചെയ്യും. മുഹ്യിദ്ദീന്‍ ശൈഖ്(റ) അനുസ്മരിക്കപ്പെടുന്നതിന്റെ രഹസ്യവും ഇതുതന്നെ. നാണയവും കള്ളനാണയവും തിരിച്ചറിയാനും ഇത്തരം ജനകീയ പ്രവര്‍ത്തനങ്ങള്‍ വഴി തെളിയിക്കുന്നു.

ജനകീയ വേഷമണിയുന്ന എത്ര കള്ളനാണയങ്ങളാണ് നമുക്കിടയില്‍? ജനകീയ വേഷമുണ്ടെങ്കിലും ഇവര്‍ കള്ളനാണയങ്ങളാണ്. എന്നിട്ടും ഇവര്‍ക്കുപിന്നാലെ രോഗികള്‍ കൂടുന്നു. ഒഴികഴിവുകള്‍ പറയുന്നതിനുമില്ലേ ഒരതിര്. അവസാനം എല്ലാ കള്ളപ്പണക്കാരുടെയും സഹായത്തോടെ വലിയ ഹോസ്പിറ്റലുകള്‍ നിര്‍മിക്കുന്നു. എടുക്കുന്ന നാണയമായിരുന്നെങ്കില്‍ വാറ്റുകാരന്റെയും സിനിമാക്കാരന്റെയും വേശ്യാലയ ലോഡ്ജുകാരന്റെയും പണമെന്തിനാണ്?

ജനകീയ പ്രശ്നങ്ങള്‍ക്ക് ശാന്തിമന്ത്രവുമായി ആയുസ്സ് കഴിച്ച ശൈഖ് ജീലാനി(റ) എവിടെ? ജീവന്‍ ഒടുങ്ങിയിട്ടും തേര്‍വാഴ്ച നില്‍ക്കാത്ത കള്ളനാണയങ്ങള്‍ എവിടെ?


RELATED ARTICLE

  • ശൈഖ് അബ്ദുല്‍ഖാദിര്‍ (റ) യുടെ അന്ത്യനിമിഷങ്ങള്‍
  • ഖാദിരീ ത്വരീഖത്ത്
  • ജീലാനി ദര്‍ശനം: ഇന്ത്യന്‍ സാഹചര്യത്തില്‍
  • സൃഷ്ടികള്‍ക്ക് അല്ലാഹു പോരേ..
  • ആത്മദര്‍ശനത്തിലേക്കുള്ള കവാടം
  • ശൈഖ് ജീലാനി(റ): ജീവിതവും സന്ദേശവും
  • ശൈഖ് അബ്ദുല്‍ഖാദിര്‍ ജീലാനി(റ)
  • ജീലാനീ ദിനം