Click to Download Ihyaussunna Application Form
 

 

ഖാദിരീ ത്വരീഖത്ത്

മഹാനായ ഗൌസുല്‍ അഅ്ളം ശൈഖ് മുഹ്യിദ്ദീന്‍ അബ്ദുല്‍ഖാദിര്‍ ജീലാനി(റ) മുറബ്ബിയായ ശൈഖും പ്രസിദ്ധ കറാമത്തുകളുടെ ഇറവിടവുമായിരുന്നുവെന്ന കാര്യം ഇജ്മാഅ് പോലെ സുസ്ഥിരമാണ്. ഹിജ്റ 963 ല്‍ പരലോകം പ്രാപിച്ച അല്ലാമാ മുഹമ്മദുത്താദിഖി അല്‍ഹലബി(റ) പറയുന്നു: “ഫുഖഹാക്കളും സ്വൂഫികളുമടങ്ങുന്ന ഭൂരിപക്ഷം പണ്ഢിതര്‍ ഇജ്മാആവുകയും ക്രോഡീകരിക്കപ്പെട്ട ഗ്രന്ഥങ്ങളില്‍ ഇപ്രകാരം രേഖപ്പെടുത്തുകയും ചെയ്തിട്ടുള്ളകാര്യമാണ്; അല്ലാഹു വിശേഷ ഔദാര്യം നല്‍കുകവഴി ഉന്നത നോതാക്കളായ ഔലിയാക്കള്‍ ജീവിത കാലത്തെന്നപ്പോലെ മരണശേഷം ഖബറിലായിരിക്കുമ്പോഴും അന്ത്യദിനംവരെ കാര്യങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. അവരില്‍ പരിപൂര്‍ണ്ണ സ്ഥാനത്ത് സ്ഥിതിചെയ്യുന്നവര്‍ ഇമാം ശൈഖ് മഅ്്റൂഫുല്‍കര്‍ഖി(റ), ശൈഖ് ഹയാത്തുബ്നു ഖൈസില്‍ ഫര്‍റാനി(റ) എന്നിവരത്രെ. അതേപോലെ മരിച്ചവരെ ജീവിപ്പിക്കുകയും വെള്ളപ്പാണ്ട്, ജന്മനാലുള്ള അന്ധത എന്നിവ അല്ലാഹുവിന്റെ സമ്മതപ്രകാരം സുഖപ്പെടുത്തിയവരാണ്. ശൈഖ് ജീലാനി(റ), ശൈഖ് അഹ്മദുല്‍ കബീര്‍(റ), ശൈഖ് അലിയ്യുല്‍ ഹീതി(റ), ശൈഖ് ബഖാ ഇബ്നുബത്തു(റ) എന്നീ നാലു മഹാന്മാര്‍ (ഖലാഇദുല്‍ ജവാഹിര്‍ പേജ് 37). അപ്പോള്‍ ഗൌസുല്‍ അഅ്ളമിന്റെ വിശിഷ്ട കറാമത്തുകളും മഹത്വവും ഇജ്മാഅ് കൊണ്ട് സ്ഥിരപ്പെട്ടതായി ഗ്രഹിക്കാവുന്നതാണ്.

പ്രസ്തുത മഹാന്റെ പരമ്പരയില്‍ തന്നെ ധാരാളം ഖുത്വ്ബുകളും അബ്ദാലുകളും കഴിഞ്ഞുപോയിട്ടുണ്ട്. അവരില്‍ കേരളത്തില്‍ പ്രസിദ്ധി ലഭിച്ചവരില്‍ തളങ്കര മറവുചെയ്യപ്പെട്ട മഹാനായ സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ ബുഖാരിയും(റ) അവരുടെ പൌത്രപരമ്പരിയില്‍പെട്ട മഹാനായ സയ്യിദ് മുഹമ്മദ് മൌലാ(കണ്ണൂര്‍) എന്നിവരും ഉതന്നത സ്ഥാനം കരസ്ഥമാക്കിയ ആത്മീയ നായകരായിരുന്നു ശൈഖ് ജീലാനിയുടെ ത്വരീഖത്തിന്റെ പരമ്പര ഖലീഫ അലിയ്യുബ്നു അബീത്വാലിബി(റ)ലേക്കാണ് ചേരുന്നത്. അദ്ദേഹം ത്വരീഖത്തിന്റെ ചിഹ്നമായ സ്ഥാനവസ്ത്രവും കലിമയും സ്വീകരിച്ചത് ശൈഖ് അബൂസഈദ് അല്‍മുബാറക് ബിന്‍ അലിയ്യില്‍ മുഖര്‍റമി(റ)യില്‍ നിന്നാണ്. അദ്ദേഹത്തിന്റെ പരമ്പര ഹസന്‍ അലിയ്യിബ്നു മുഹമ്മദ് ഖുറശി(റ), അബ്ുല്‍ ഫറജ്(റ), അല്‍ത്വര്‍സൂസി(റ), അബുല്‍ഫള്ല്‍ അതമി(റ), ശൈഖ് അബൂബക്ര്‍ അല്‍ ശിബ്ലി(റ), അബ്ദുല്‍ഖാസിം(റ), അല്‍ജുനെദുെല്‍ ബഗ്ദാദി(റ), അവരുടെ അമ്മാവന്‍ സിര്‍റിയ്യുസഖ്ത്വി(റ), ശൈഖ് മഅ്റൂഫില്‍ ഖര്‍ഖി(റ), ദാവൂദ്ത്ത്വാഇ(റ), ശൈഖ് ഹബീബുല്‍ അജമി(റ), ശൈഖ് ഹസനുല്‍ ബസ്വരി(റ) എന്നീ ശൈഖുമാരിലുടെയാണ് മഹാനായ അലിയ്യുബ്ിനു അബീത്വലാലിബി(റ)ല്‍ ചെന്നെത്തുന്നത്.  ഹസ്രത്ത് അലി(റ), റസൂല്‍(സ്വ)യില്‍ നിന്നും അവിടുന്ന് ജിബ്രീല്‍(അ) വഴി അല്ലാഹുവില്‍ നിന്നും കരസ്ഥമാക്കിയ പ്രകാശമാണ് ഇടമുറിയാത്ത ആ പാശം (ഖലാഇദ് പേജ് 4).

ഹസ്റത്ത് അബൂബക്ര്‍ സ്വിദ്ധീഖ്(റ) ഹസ്റത്ത് അബൂദര്‍റുല്‍ഗിഫാരി(റ) തുടങ്ങിയ മറ്റുപല സ്വഹാബികള്‍ വഴിയും ത്വരീഖത്തിന്റെ സില്‍സിലകള്‍ തുടര്‍ന്നുവരുന്നുണ്ടെങ്കിലും ഖാദിരീ ത്വരീഖത്തിന്റെ പരമ്പരയെ പറ്റിയാണ് നാമിവിടെ സൂചിപ്പിച്ചത്. ശൈഖ് അവര്‍കളില്‍ നിന്ന് ത്വരീഖത്ത് കരസ്ഥമാക്കി ശിഷ്യഗണങ്ങളിലേക്കും മുരീദുകളിലേക്കും പകര്‍ന്നു നല്‍കിയ പ്രധാനികളിള്‍ ചിലര്‍ ഈജിപ്തില്‍ താമസമാക്കിയ ശൈഖ് അബൂഅംറ് ഉസ്മാനുബ്നു മര്‍സൂഖ്(റ), ശൈഖ് അബൂമദ്യന്‍(റ), അവരുടെ പുത്രന്മാരായ ശൈഖ് അബ്ദുര്‍റസാഖ്(റ), അബ്ദുല്‍ അസീസ്(റ) ശൈഖ് അബൂയഅ്ലാ മുഹമ്മദുല്‍ ഹമ്പലി(റ), ശൈഖ് അബുല്‍ഫതഹ് നസ്വ്ര്‍ അല്‍മുനാ(റ), അബൂമുഹമ്മദ് മഹ്മൂദുല്‍ ബഖ്ഖാല്‍(റ), അബൂഹഫ്സ്വ് ഉമറുല്‍ ഗസ്സ്വാല്‍(റ), അബൂമുഹമ്മദ് ഹസന്‍ അന്‍സ്വാരി(റ), അബ്ദുല്ലാഹില്‍ ഖശ്ശാബ്(റ), അബൂഅംറ് ഉസ്മാന്‍(റ), മുഹമ്മദ്ബ്നു കീസാന്‍(റ), ഫഖീഅ് റസ്ലിന്‍(റ), ഇബ്നുഅബ്ദില്ല(റ), ശൈഖ് മുഹമ്മദ്ബ്നു ഖാഇദുല്‍അവാനി(റ), അബുദുല്ലാഹിബ്നു സിനാന്‍(റ), അല്‍റുദൈനി(റ), ഇബ്നുഅബ്ദില്ലാഹില്‍ അന്‍സ്വാരി(റ), ത്വല്‍ഹതുല്‍ അല്‍സമി(റ), അഹ്മദുല്‍ ഹറമി(റ), മുഹമ്മദ് ഇബ്നു അഹ്മദുല്‍ഹറമി(റ), മുഹമ്മദ് ഇബ്നുഅസ്ഹര്‍ അല്‍ സൈറഫ്നി(റ), യഹ്യാ അല്‍ദൈബഖി(റ), അലിയ്യുബ്നു അഹ്മദ് അല്‍ അസ്ജി(റ), അബ്ദുല്‍മാലിക് ഇബ്നു ഈസാ അല്‍മിറാഇ(റ), അദ്ദേഹത്തിന്റെ സഹോദരന്‍ ഉസ്മാന്‍(റ), പുത്രന്‍ അബ്ദുറഹ്മാന്‍(റ), അബ്ദുല്ലാഹിബ്നു നസ്വ്റ് അല്‍ബഖരി(റ), അബ്ദുല്‍ജബ്ബാര്‍ അല്‍ഖഫസ്വി(റ), അലിയ്യിബ്നു അബീത്വാഹിര്‍ അല്‍ അന്‍സ്വാരി(റ), അബ്ദുല്‍ഗനി അല്‍മഖ്ദസി(റ), മുവഫ്ഫഖുദ്ദീന്‍ അബ്ദുല്ലാഹില്‍ മഖ്ദസി(റ), ഇബ്റാഹിമുല്‍ മഖ്ദസി(റ) എന്നിവരാണ്. ഇവരുള്‍പ്പെടെ 80 പരമ്പരകള്‍ “ഖലാഇദില്‍” താദഖി രേഖപ്പെടുത്തിയിട്ടുണ്ട്. അവര്‍ വഴി ആഗോളതലത്തില്‍ മറ്റൊരു ത്വരീഖത്തിനും ലഭിക്കാത്ത മുരീദുമാര്‍ ഇന്നും തുടര്‍ന്നുവരുന്നു. അവരില്‍ നിന്നും വിവിധ രാഷ്ട്രങ്ങളില്‍ പ്രസ്തുത ത്വരീഖത്തുമായി പതിനായിരങ്ങള്‍ ത്വരീഖത്ത് പ്രചരിപ്പിക്കുകയും മുരീദുമാരെ വളര്‍ത്തുകയും ചെയ്തിട്ടുണ്ട്. കേരളത്തിലും ധാരാളം മശാഇഖുകള്‍വഴി പ്രസ്തുത ത്വരീഖത്ത്  പ്രചരിക്കാന്‍ സാധ്യതയുണ്ട്. അതെല്ലാം രേഖപ്പെടുത്തിവെച്ചതായി അറിവില്ല. മാത്രമല്ല മശാഇഖുകളില്‍ പലരും അവരുടെ പേര്‍ വെളിപ്പെടുത്തുകയോ മുരീദുമാരെ ക്ഷണിക്കുകയോ ലിസ്റ്റ് വെക്കുകയോ ചെയ്യാത്തവരാണ്. അതുകൊണ്ട് ആരെല്ലാം മുഖേന കോരളത്തില്‍ ഖാദിരീ ത്വരീഖത്ത് പ്രചരിച്ചുവെന്ന് പറയുക പ്രയാസമാണ്. ഒന്ന് രണ്ട് മാധ്യമം മാത്രം ഇവിടെ കുറിക്കാം. തളങ്കരയില്‍ അടങ്ങിയിട്ടുള്ള സയ്യിദ് അഹ്മദ് ജലാലുദ്ധീന്‍ ബുഖാരി തങ്ങള്‍ ഹിജ്റ 800 ലാണ് വളപട്ടണത്ത് എത്തിയത്. ബുഖാറയില്‍ നിന്ന് പലായനം ചെയ്തതാണ് സയ്യിദ് വംശത്തില്‍പെട്ട പ്രസ്തു മഹാന്‍. കേരളത്തിലെ ബുഖാരി സാദാത്തുക്കളെല്ലാം പ്രസ്തുത മഹാന്റെ പരമ്പരയില്‍ പെട്ടവരാണ്. കണ്ണൂരില്‍ അടങ്ങിട്ടുള്ള സയ്യിദ് മുഹമ്മദ് മൌലാ(റ), കൊച്ചിയില്‍ അടങ്ങിയിട്ടുള്ള സയ്യിദ് ഇസ്മാഈല്‍(റ), പറവണ്ണയില്‍ അടങ്ങിയിട്ടുളഅള സയ്യിദ് മുഹമ്മദ്(റ), മാമ്പുറത്ത് മുസ്ത്വഫാ ഹബീബ്(റ), പാടൂരില്‍ അടങ്ങിയിട്ടുള്ള സയ്യിദ് ഫഖ്റുദ്ദീന്‍ തങ്ങള്‍, ഉദ്ദാപുരത്തുള്ള കറുത്ത കോയതങ്ങള്‍ തുടങ്ങി ഉന്നത മഹത്തുക്കള്‍ ആ മഹാന്റെ വിശാലകുടുംബ പരമ്പരയില്‍ പെട്ടവരത്രെ. ആ മഹാന്റെ ശൈഖായ സ്വലാഹുദ്ദീന്‍ ഇബ്നു ജുമുഅ(റ)ന്റെ ശൈഖു മാരുടെ പരമ്പര ഗൌസുല്‍ അഅ്ളമിന്റെ പുത്രന്‍ അബ്ദുറസ്സാഖു(റ)മായി ചെന്നുചേരുന്നു.

പാടൂരില്‍ മറചെയ്തിട്ടുള്ള സയ്യിദ് ഫഖ്റുദ്ദീന്‍ തങ്ങളുടെ സഹോദര പുത്രന്‍ സയ്യിദ് ഹാമിദ് കോയമ്മതങ്ങളുടെ രണ്ട് പുത്രന്മാരിലൊരാളായിരുന്നു ചാവക്കാട് ബുഖാറാ കടപ്പുറത്ത് അടുത്ത് പരലോകം പ്രാപിച്ച മഹാനായ ഹിബത്തുല്ലാഹി തങ്ങള്‍. അദ്ദേഹത്തിന്റെ സഹോദരന്‍ സയ്യിദ് മുഹമ്മദ് തങ്ങളുടെ പുത്രനാണ് ബുഖാറയില്‍ അവശേഷിക്കുന്ന സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍. സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ ബുഖാരിയുടെ പുത്രകളത്രാദികളില്‍ ധാരാളം പേര്‍ കേരളത്തിന്റെ പല ഭാഗങ്ങളിലായി ഖാദിരിയ്യാ ത്വരീഖത്തില്‍ മുരീദുമാരെ ചേര്‍ക്കുകയും ത്വരീഖത്ത് പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. അവരെല്ലാം എത്തിച്ചേരുന്നത് സ്വലാഹുദ്ദീന്‍ ബ്നു ജുമുഅ വഴി ഗൌസുല്‍ അഅ്ളമിന്റെ പുത്രന്‍ ഹസ്രത്ത് അബ്ദുല്‍റസ്സാഖില്‍ തന്നെയാണ്.

കൂടാതെ കോട്ടയത്ത് ഞണ്ടാടിയില്‍ അടങ്ങിയിട്ടുള്ള ശൈഖ് അബൂബക്കര്‍ ഹാജി, അടുത്ത് ചരമം പ്രാപിച്ച ചെറുവത്തൂര്‍ അബ്ദുല്ല മുസ്ലിയാര്‍ തുടങ്ങിയ ധാരാളം പേര്‍ ബാഗ്ദാദില്‍ നേരിട്ടുചെന്ന് ഖാദിരീ ത്വരീഖത്ത് സ്വീകരിച്ചവരാണ്. ഇന്ന് അവിടെ പ്രസ്തു ത്വരീഖത്തിന്റെ പരമ്പര നിലനിര്‍ത്തികൊണ്ട് ഗൌസുല്‍ അഅ്ളമിന്റെ സജ്ജാദ് നശീനായി സ്ഥാനം വഹിച്ച ശൈഖ് യൂസുഫുല്‍ കൈലാനി ഇബ്നു സയ്യിദ് അബ്ദുല്ലാഹില്‍ കൈലാനിയുമായി  താജുല്‍ ഉലമാ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ബുഖാരി ഉള്ളാള്‍, എം. എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ എന്നിവര്‍ അദ്ദേഹവുമായി നേരിട്ട് ബന്ധപ്പെട്ടിട്ടുള്ളവരാണ്. അവരുടെ സില്‍സില ചെന്നെത്തുന്നത് ഗൌസുല്‍ അഅ്ളമിന്റെ പുത്രന്‍ അബ്ദുല്‍ അസീസ് അല്‍ഖാദിരി(റ) വഴിയാണ്.

ബറേലി ശരീഫില്‍ നിന്ന് അഹ്മദ് റസാഖാന്‍ വഴി ലഭിക്കുന്ന നില്‍സില ചെന്നുചേരുന്നത് ഗൌസുല്‍ അഅ്ളമിന്റെ പുത്രന്‍ ശൈഖ് അബ്ദുറസാഖ്(റ)  വഴിയാണ്. മഹാനായ ശാലിയാത്തി വഴിയായി ലഭിക്കുന്നത് പ്രസ്്തുത സില്‍സിലയാവാനാണ് സാധ്യത. എന്നാല്‍ ബുഖാരി സാദാത്തുക്കളുമായും ശാലിയാത്തി അഭേദ്യമായ ബന്ധം സ്ഥാപിച്ചതായി കാണാം. ആകയാല്‍ ബുഖാരി സാദാത്തുക്കള്‍ വഴിയും അദ്ദേഹം ഖാദിരീ ത്വരീഖത്ത് സ്വീകരിക്കാന്‍ വളരെ സാധ്യതയുണ്ട്. കൂടുതല്‍ അന്വേഷണ ബുദ്ധിയോടെ ഗവേഷണം നടത്തുന്നവര്‍ക്ക് ധാരാളം തെളിവുകള്‍, കേരളത്തില്‍ കഴിഞ്ഞുപോയ മശാഇഖുകളുടെയും പണ്‍ഢിതന്മാരുടെയും കുറിപ്പുകളില്‍ നിന്നും ഗ്രന്ഥ ശേഖരത്തില്‍ നിന്നും ലഭിക്കാനിടയുണ്ട്.

“എന്റെ മുരീദിനു ഞാന്‍ സംരക്ഷകനാണ്, എന്റെ മുരീദിനു ഞാന്‍ ശിപാര്‍ശകനാണ്” എന്നിങ്ങനെ പ്രഖ്യാപിച്ചിരുന്ന മഹാനായ ഗൌസുല്‍ അഅ്ളമിന്റെ ത്വരീഖത്തിന്റെ ബറകത്ത് കരസ്ഥമാക്കാനും അതുവഴി ഹഖീഖത്തും മഅ്ഫിറത്തും സഫലമാക്കി അവരോടൊപ്പം അല്ലാഹുവിന്റെ ലിഖാഅ് സ്വര്‍ഗലോകത്തില്‍ വെച്ച് ആസ്വദിക്കാനും നമുക്കെല്ലാം അല്ലാഹു സൌഭാഗ്യം ചൊരിയുമാറാകട്ടെ. ആമീന്‍.


RELATED ARTICLE

  • ശൈഖ് അബ്ദുല്‍ഖാദിര്‍ (റ) യുടെ അന്ത്യനിമിഷങ്ങള്‍
  • ഖാദിരീ ത്വരീഖത്ത്
  • ജീലാനി ദര്‍ശനം: ഇന്ത്യന്‍ സാഹചര്യത്തില്‍
  • സൃഷ്ടികള്‍ക്ക് അല്ലാഹു പോരേ..
  • ആത്മദര്‍ശനത്തിലേക്കുള്ള കവാടം
  • ശൈഖ് ജീലാനി(റ): ജീവിതവും സന്ദേശവും
  • ശൈഖ് അബ്ദുല്‍ഖാദിര്‍ ജീലാനി(റ)
  • ജീലാനീ ദിനം