Click to Download Ihyaussunna Application Form
 

 

സൃഷ്ടികള്‍ക്ക് അല്ലാഹു പോരേ..

മണ്‍മറഞ്ഞവരെ എന്തിന് വിളിക്കണം. അവരെ വല്ലവരും വിളിച്ചിട്ടുണ്ടോ. മരിച്ചവര്‍ ആരായാലും അവരെ വിളിക്കാന്‍ പാടില്ലെന്നും വിളിച്ചിട്ട് പ്രയോജന മില്ലെന്നും അല്ലാഹുവിനെ മാത്രം വിളിക്കണമെന്നുമല്ലേ പ്രമാണം

“നബിയേ! തീര്‍ച്ചയായും താങ്കള്‍ മരിച്ച വരെ കേള്‍പ്പിക്കുകയില്ല.” എന്ന ആയത്തിലെ ‘മൌതാ’ എന്നതിന്റെ ഭാഷാര്‍ഥം ശവങ്ങള്‍ എന്നാണ്. ആലങ്കാരികമായി, ഒരു ഉപകാരവും ഇല്ലാത്തത് എന്നാണ് അര്‍ഥം. അലങ്കാരാര്‍ഥത്തെ ഭാഷാര്‍ഥമായി വളച്ചൊടിച്ച് സാധാരണക്കാരെ വഴിതെറ്റിക്കുകയാണ് ഇവര്‍ ചെയ്യുന്നത്.

കോപാകുലനായ പിതാവ് എത്ര ഉപദേശിച്ചിട്ടും സ്വീകരിക്കാത്ത മകനെക്കുറിച്ച് ‘ആ പോത്തിനോട് പറഞ്ഞിട്ട് കാര്യമില്ല’ എന്ന് പറയാറുണ്ടല്ലോ. ഇതിനര്‍ഥം ആ മകനെ ആ ലയില്‍ കെട്ടണമെന്നാണോ, അടുത്ത സദ്ധ്യക്ക് അവനെ അറുക്കണമെന്നാണോ?, അവന്‍ മരിച്ചാല്‍ മൃഗത്തെ കുഴിച്ചിടും പോലെ കുഴിച്ചിടണമെന്നാണോ?, ഒന്നുമല്ല. തുടര്‍ച്ചയായ ഉപദേശം അനുസരിക്കാതിരിക്കുക എന്നത് മൃഗങ്ങളുടെ ശൈലിയാണ്. അതുകൊണ്ടാണ് പിതാവ് സ്വന്തം മകനെ ഇങ്ങനെ വിശേഷിപ്പിച്ചത്.  അതാണ് ഈ ആയത്തിന്റെ കാര്യത്തിലും സംഭവിച്ചത്. ഈ ആയത്തിന്റെ അര്‍ഥം മരിച്ച സാധാരണക്കാരെയോ അസാധാരണക്കാരെയോ തങ്ങള്‍ കേള്‍പ്പിക്കുകയില്ല എന്നല്ല. മറിച്ച് മുഴുവന്‍ സമയവും എല്ലാ നിലക്കും ഉപദേശിച്ചിട്ടും ഉള്‍കൊള്ളാത്ത അബൂജഹല്‍ ഉത് ബത്ത് പോലോത്തവര്‍ മരിച്ചവര്‍ക്ക് തുല്യമാണ്. അവരുടെ ഹൃദയത്തിന്റെ ജീവന്‍ നഷ്ടപ്പെട്ടിരിക്കുന്നു എന്നാണ്. പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ഇത് വ്യക്തമാക്കിയിട്ടുണ്ട്.

മരിച്ചവര്‍ക്ക് ഉപകരിക്കുന്ന വിധത്തില്‍ കേള്‍പ്പിക്കാന്‍ കഴിയാത്തപോലെ ഹൃദയത്തിന്റെ ജീവന്‍ നഷ്ടപ്പെട്ട ബഹുദൈവ വിശ്വാസികളെ കേള്‍പ്പിക്കാന്‍ സാധ്യമല്ല (ത്വബരി)

“മരിച്ചവരേയും ബധിര?ാരേയും അവര്‍ പിന്തിരിഞ്ഞോടുമ്പോള്‍ തങ്ങള്‍ കേള്‍പ്പിക്കുകയില്ല” (റൂം 52). ഇവിടെ ‘മൌതാ’ എന്നതിന് മരിച്ചവരെന്നാണ് അര്‍ഥമെങ്കില്‍ മരിച്ചവര്‍ പിന്തിരിഞ്ഞോടും എന്ന് സമ്മതിക്കേണ്ടിവരും. ഇതില്‍ നിന്നും ‘മൌതാ’ എന്ന പദം ഇവിടെ ഉപയോഗിച്ചത് ആലങ്കാരികാര്‍ഥത്തിലാണെന്ന് വ്യക്തമായി.  തൊട്ടടുത്ത “വിശ്വസിച്ചവരെയല്ലാതെ തങ്ങള്‍ കേള്‍പ്പിക്കുകയില്ല” എന്ന സൂക്തം(53-ാം സൂക്തം) ഈ പറഞ്ഞതിന് ഒന്നുകൂടി ബലം നല്‍കുന്നു.

മനുഷ്യ ശരീരത്തില്‍ നിന്നും ആത്മാവ് വേര്‍പിരിയുന്നതോടെ പഞ്ചേന്ദ്രിയങ്ങളുടേയും മറ്റും ശക്തി നിശേഷം നഷിക്കില്ലേ. പിന്നെ എങ്ങനെ കേള്‍ക്കും എന്നതാണ് ചിലരുടെ സംശയം. ഇത് ആന വാങ്ങാന്‍ സാധിച്ചവന് തോട്ടി വാങ്ങാന്‍ കഴിഞ്ഞില്ലേ എന്ന സംശയത്തിന് തുല്യമാണ്. ബീജം രക്തപിണ്ഢിമായും രക്തം മാംസപിണ്ഢമായും വളര്‍ത്തി അതില്‍ ആത്മാവ് നല്‍കി സംരക്ഷിച്ച് ഒരു ഘട്ടത്തില്‍ ആ ആത്മാവിനെ വേര്‍പെടുത്തിയ സൃഷ്ടാവിന് ആ ശരീരത്തിലേക്ക് ആത്മാവിനെ തിരിച്ച് നല്‍കാന്‍ കഴിയില്ലെന്ന് പറയുന്നതെല്ലാം യുക്തി രാഹിത്യമാണ്.

മരണാനന്തരം കേള്‍വിശക്തി അശേഷം നഷ്ടപ്പെടുമെന്ന വാദം ഖബറിലെ ചോദ്യോത്തരങ്ങളും മഹ്ഷറയിലെ വിചാരണകളും പാരത്രിക ജീവിതം തന്നെ നിഷേധിക്കുന്ന ഹൈന്ദവ വിശ്വാസത്തിനും തുല്യമല്ലേ?.

മരണം മനുഷ്യ ജീവിതം അവസാനിക്കലല്ല. നശ്വര ലോകത്ത് നിന്നും അനശ്വര ലോകത്തേക്കുള്ള യാത്രയുടെ തുടക്കമാണ്. ഈ അവസ്ഥയിലും ആത്മാവുകള്‍ എല്ലാം ബോധമുള്ളതായി ശേഷിക്കും. പണ്ഢിതന്‍മാര്‍ രേഖപ്പെടുത്തുന്നത് ശ്രദ്ധിക്കുക. ഇമാം ബൈളാവി തങ്ങള്‍ പറയുന്നു.

(ആത്മാവ് പ്രത്യേക അവസ്ഥയില്‍ ശരീരത്തില്‍ നില്‍ക്കുന്ന ഒന്നാണ്. മരണശേഷം ആത്മാവ് ബോധത്തോടുകൂടെത്തന്നെ ശരീരത്തില്‍ ശേഷിക്കുമെന്നാണ് ബഹുഭൂരിപക്ഷം സ്വഹാബത്തിന്റെയും താബിഉകളുടെയും അഭിപ്രായം. ഇത് ആയത്തുകളും ഹദീസുകളും വ്യക്തമാക്കിയതുമാണ് (തഫ്സീര്‍ ബൈളാവി പേജ് 117).

മരണാനന്തര മുറകള്‍ക്ക് ശേഷം ബന്ധുമിത്രാദികള്‍ പിരിഞ്ഞ് പോകുമ്പോഴുള്ള കാല്‍പാദങ്ങളുടെ ശബ്ദംപോലും മയ്യിത്ത് കേള്‍ക്കുമെന്ന് നിരവധി ഹദീസുകളിലുണ്ട്. ഇമാം ബുഖാരി(റ) റിപ്പോര്‍ട്ട് ചെയ്ത ഒരു സംഭവം ശ്രദ്ധിക്കുക.

ബദ്റില്‍ കൊല്ലപ്പെട്ട അബൂജഹല്‍ ഉള്‍പ്പെടെയുള്ള 24 മുശ്രിക്കുകള്‍ അടക്കം ചെയ്യപ്പെട്ട പൊട്ടക്കിണറിന്റെ അടുക്കല്‍ നബി(സ്വ) വന്നു വിളിക്കുന്നു “ഓ അബൂജഹല്‍! ഓ ഉത്ബത്ത!് നിങ്ങളുടെ രക്ഷിതാവ് നിങ്ങളോട് ഉടമ്പടി ചെയ്തതിനെ സത്യമായി നിങ്ങള്‍ എത്തിച്ചില്ലയോ? നിശ്ചയം എന്റെ രക്ഷിതാവ് കരാര്‍ ചെയ്തതിനെ ഞാന്‍ എത്തിച്ചിരിക്കുന്നു.” ഈ സന്ദര്‍ഭത്തില്‍ ഉമര്‍(റ) ചോദിച്ചു.

“ആത്മാക്കളില്ലാത്ത ശരീരങ്ങളോട് അവിടുന്ന് സംസാരിക്കുകയാണോ” നബി(സ്വ) തങ്ങള്‍ പ്രത്യുത്തരം നല്‍കി: “എന്റെ ശരീരം ഏതൊരുവന്റെ അധികാരത്തിലാണോ അവനാണ് സത്യം, നിങ്ങള്‍ അവരേക്കാള്‍ (കൊല്ലപ്പെട്ടവരേക്കാള്‍) കേള്‍ക്കുന്നവര്‍ അല്ല. പക്ഷേ, അവര്‍ (കൊല്ലപ്പെട്ടവര്‍) ഉത്തരം ചെയ്യുന്നതല്ല”.

ഇസ്ലാമിന്റെ കൊടിയ ശത്രുവും ശാപത്തിന് വിധേയനുമായ കാഫിറുകളുടെ നേതാവ് അബൂജഹലിന് വരെ മരണാനന്തരം കേള്‍വിയുണ്ടെന്ന് ബുഖാരി മുസ്ലിം നിവേദനം ചെയ്ത ഈ സംഭവത്തില്‍ പ്രവാചകര്‍ സത്യം ചെയ്ത് പറയുമ്പോള്‍ മറ്റുള്ളവരുടെ കേള്‍വിയില്‍ ഒരു മുസ്ലിം സംശയിക്കുമോ?.

(ചെരുപ്പിന്റെ ശബ്ദം മയ്യിത്ത് കേള്‍ക്കുന്നത് സംബന്ധിച്ച് പറയുന്ന അദ്ധ്യായം) എന്ന ഒരു പ്രത്യേക അദ്ധ്യായം തന്നെ സ്വഹീഹുല്‍ ബുഖാരിയില്‍ ഇമാം ബുഖാരി(റ) നീക്കിവെച്ചിട്ടുണ്ട്.

മരിച്ചവര്‍ കേള്‍ക്കുമെന്ന് ബോധ്യപ്പെട്ടു. ഇനി കേട്ടാല്‍ വല്ലതും അവര്‍ക്ക് ചെയ്യാന്‍ കഴിയുമോ? അവര്‍ക്ക് അതിന് കഴിവുണ്ടോ? എന്ന് കൂടി നമുക്ക് പരിശോധിക്കാം.

മനുഷ്യരായ നമുക്കിടയില്‍ തന്നെ സാത്വികരും അല്ലാത്തവരും തുല്യരല്ല. നമ്മുടെ തൊഴിലാളികള്‍ക്കിടയില്‍ പാര്‍ട്ട് ടൈം, ഫുള്‍ ടൈം, ഓവര്‍ ടൈം എന്നീ നിലകളിലായി തൊഴിലാളികളെ കാണാം. ഓരോരുത്തരുടേയും വേതനത്തിലും മറ്റു ആനുകൂല്യങ്ങളിലുമുള്ള വലിയ അന്തരം സര്‍വ്വ സമ്മതമാണല്ലോ. എന്നത് പോലെ മുഴുവന്‍ സമയവും ശ്വസോച്ഛോസം വരെ ദിക്റുകളാക്കി മാറ്റിയവരും സാധാരണക്കാരും റബ്ബിന്റെ മുമ്പില്‍ തുല്യരല്ല.

ദുഷ്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിച്ചവര്‍ വിചാരിക്കുന്നുവോ, വിശ്വസിക്കുകയും സുകൃതങ്ങള്‍ ചെയ്യുകയും ചെയ്തവരെപ്പോലെ അവരുടെ ജീവിതവും മരണവും തുല്യനിലയില്‍ നാം എത്തിക്കുമെന്ന.് അവരുടെ വിധി എത്ര ചീത്ത (ജാസിയ 21).  അല്ലാഹു ഉദ്ദേശിച്ചവര്‍ക്ക് യാതൊരു പരിധിയുമില്ലാതെ അല്ലാഹു നല്‍കും. ഈ ആയത്തിന്റെ വ്യാഖ്യാനത്തില്‍ ഇബ്നു കസീര്‍(റ) പറയുന്നു: അല്ലാഹു തിരഞ്ഞെടുക്കുന്നവര്‍ക്ക് ഭൌതിക അഭൌതിക ജീവിതഭേധമന്യേ ഒരു പരിധിയും പരിമിധിയുമില്ലാതെ അവന്‍ നല്‍കും (തഫ്സീര്‍ ഇബ്നുകസീര്‍ 1/249).

പുണ്യാത്മാക്കള്‍ മണ്‍മറഞ്ഞ് എത്രവര്‍ഷമായാലും അവരുടെ ഭൌതികശരീരത്തിന് ഒരു പോറലും ഏല്‍ക്കുകയില്ല. നബി(സ്വ) പറയുന്നു:  ”അമ്പിയാക്കളുടെ ശരീരം ഭക്ഷിക്കല്‍ ഭൂമിയുടെ മേല്‍ നിഷിദ്ധമാക്കിയിരിക്കുന്നു” (ഹാദീസ്). മഹാത്മാക്കള്‍ക്ക് ഭൌതിക ജീവിതത്തില്‍ കഴിയുന്നതിനേക്കാള്‍ കൂടുതലായി മരണാനന്തരം സാധിക്കും.

“അല്ലാഹുവിനെ കൂടാതെ മറ്റ് ആരേയും വിളിക്കരുത്” ഈ ആയത്തും അല്‍പജ്ഞാനികളെ വെട്ടിലാക്കാനുള്ള ചിലരുടെ ഒരു വിദ്യയാണ്. ഇതിനോട് സാമ്യമായ പല ആയത്തുകളും അക്കമിട്ടോതുമ്പോള്‍ പല സാധാരണക്കാരും സംശയിക്കാറുണ്ട്. സത്യത്തില്‍ മുകളിലെ ഉദ്ധരണിയെപ്പോലെ കൊടും വഞ്ചനയാണിതില്‍ അവര്‍ കാണിച്ചിരിക്കുന്നത്. ഇത്തരം സൂക്തങ്ങളുടെ അര്‍ഥം റബ്ബിനെ കൂടാതെ ആരെയും ആരാധിക്കരുത് എന്നാണ് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പഠിപ്പിച്ചത്. ഇതെല്ലാം മറച്ച് വെച്ച് ഇതിനര്‍ഥം കേവലം വിളിയാണെന്നും വിളി ശിര്‍ക്കാണെന്നും ചിത്രീകരിക്കുന്നുവെങ്കില്‍ മാതാപിതാക്കളേയും ഭാര്യ സന്താനങ്ങളേയും ബന്ധുമിത്രാദികളേയും വിളിക്കലും ശിര്‍ക്കാവില്ലേ. ഇത് പാടില്ലെന്ന് ഇതേ വരെ ആരും പറഞ്ഞിട്ടില്ല.

അല്ലാഹുവില്‍ മാത്രം വിശ്വിസിച്ച് അല്ലാഹു സ്ഥാനമാനങ്ങള്‍ നല്‍കി ആദരിച്ച മഹാത്മാക്കളോട് അല്ലാഹു നല്‍കിയ കഴിവുകള്‍ ഒരു മുഅ്മിനായ മനുഷ്യന്‍ ചോദിച്ചാല്‍ അതില്‍ എവിടെയാണ് ശിര്‍ക്ക്? സഹായാഭ്യാര്‍ഥന മഹാത്മാക്കളോടാകുമ്പോള്‍ ശിര്‍ക്കും അല്ലാത്തവരോടാകുമ്പോള്‍ അനുവദനീയവും അനുപേക്ഷണീയവും ആകുന്നത് വിചിത്രം തന്നെ!

മഹാത്മാക്കളെ വിളിക്കല്‍ ആരാധനയാണ.് അത് ശിര്‍ക്കാണെന്നതിന് തെളിവായി (വിളി ഇബാദത്താണ്, വിളി ഇബാദത്തിന്റെ മജ്ജയാണ്) എന്നീ ഹദീസുകളും അടിക്കടി ഉരുവിടാറുണ്ട്. ഇതും ജനങ്ങളെ കബളിപ്പിക്കലാണ്. സത്യാന്വേഷകരായ മാന്യവായനക്കാര്‍ ചിന്തിക്കുക. മഹാത്മാക്കളെ വിളിക്കലും അല്ലാത്തവരെ വിളിക്കലും എന്ന വിവേചനം ഈ ഹദീസിലില്ല. പിന്നെ എങ്ങനെയാണ് മഹാത്മാക്കളെ വിളിക്കല്‍ മാത്രം ശിര്‍ക്കും മറ്റുള്ളവരെ വിളിക്കല്‍ തൌഹീദും ആകുന്നത്. ചിന്തിക്കുക, ദരിദ്രര്‍ക്ക് ധര്‍മ്മം ചെയ്യല്‍ ആരാധനയാണ്. ആരാധന അല്ലാഹുവിന് മാത്രമാണെന്ന് വെക്കുമ്പോള്‍ ദരിദ്രര്‍ക്ക് ധര്‍മ്മം ചെയ്യല്‍ ദരിദ്രര്‍ക്കുള്ള ആരാധനയാണ്. അത് ശിര്‍ക്കാകുമെന്നര്‍ഥമാക്കാമോ?.

ഭാര്യ ഭര്‍ത്താവിനെ അനുസരിക്കല്‍ ഇബാദത്താണ്. ഇബാദത്ത് അല്ലാഹുവിന് മാത്രമാണ്. അതുകൊണ്ട് ഭാര്യ ഭര്‍ത്താവിനെ അനുസരിക്കല്‍ ഭര്‍ത്താവിനുള്ള ആരാധനയാണെന്നും അത് ശിര്‍ക്കാണെന്നും ഇക്കൂട്ടര്‍ പറയുമോ?. ഏത് കാര്യവും ഏത് വ്യക്തിയോടാണെങ്കിലും അല്ലാഹു കല്‍പിച്ചതാണോ അതനുസരിക്കല്‍ അവനോടുള്ള ഇബാദത്താണ്. ഭര്‍ത്താവിനെ അനുസരിക്കാന്‍ ഭാര്യയോട് അല്ലാഹു കല്‍പിച്ചിട്ടുണ്ട്.

ഇത് പോലെ അല്ലാഹു ഇഷ്ടപ്പെടുന്ന മഹാത്മാക്കളും നിങ്ങളുടെ സഹായികളാണെന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട്. അത് അനുസരിച്ച് കൊണ്ട് മഹാത്മാക്കളെ വിളിച്ച് സഹായം ചോദിക്കല്‍ അല്ലാഹുവിനോടുള്ള ഇബാദത്താണ്. പിന്നീട് ഇവകളെല്ലാം എങ്ങനെയാണ് ശിര്‍ക്കാവുന്നത്?.

ഇവിടെ ഒരുകാര്യം നാം മനസ്സിലാക്കണം. അല്ലാഹു ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്ത മഹാത്മാക്കളെ വിളിച്ച് പ്രാര്‍ഥിക്കല്‍ അനുവദനീയവും അവന്റെ വാക്ക് അനുസരിച്ചുള്ള ആരാധനയും കൂടിയാണ്. ഈ സഹായാഭ്യാര്‍ഥനയെ അനിസ്ലാമികമാക്കാനാണ് നവീന വാദികള്‍ പാടുപെടുന്നത്.

മുഹ്യുദ്ദീന്‍ ശൈഖേ കാക്കണേ, മമ്പുറം തങ്ങളെ സഹായിക്കണേ എന്ന ഇബാദത്തിനെ ഗുരുവായൂരപ്പാ രക്ഷിക്കണേ, സ്വാമിയേ – ഭഗവാനേ അനുഗ്രഹിക്കണേ എന്ന കുഫ്രിയത്തിന്റെ വിളിയോടാണ് തുല്യപ്പെടുത്തുന്നത്. മഹാത്മാക്കളെ വിളിക്കല്‍ ഇബാദത്താണെന്ന് മുകളില്‍ നിന്നും വ്യക്തമാണല്ലോ.

എന്നാല്‍ മുഅ്മിനീങ്ങള്‍, കാഫീരീങ്ങളെ സഹായികള്‍ ആക്കരുതെന്നാണ് ഖുര്‍ആന്‍. (3/28) പഠിപ്പിച്ചത്. പിന്നെ എങ്ങനെയാണിവ രണ്ടും പൂരകങ്ങളാവുന്നത്.

സ്വന്തം ഭര്‍ത്താവിനോടുള്ള ഭാര്യയുടെ ദര്‍ശനവും സംസാരവും അനുസരണവും സന്തോഷിപ്പിക്കലുമെല്ലാം അനുവദനീയവും ഇബാദത്തുമാണെങ്കില്‍ ഭര്‍തൃ സഹോദരനെ ദര്‍ശിക്കലും മറ്റ് അനുബന്ധങ്ങളും നിഷിദ്ധവും അനിസ്ലാമികവുമല്ലേ.

മുസ്ലിം ലോകത്തിന്റെ കേന്ദ്രമായ കഅ്ബയിലെ അല്ലാഹു ബഹുമാനിച്ച ഒരു കല്ലാണ് ‘ഹജറുല്‍ അസ്വദ്’. അതിനെ വന്ദിക്കല്‍ മുസല്‍മാന്റെ ബാധ്യതയാണ്. അത് തൊടലും മുത്തലും വളരെ പുണ്യമുള്ളതുമാണ്. മാത്രവുമല്ല, ധാരാളം നന്മകള്‍ വര്‍ദ്ധിപ്പിക്കാനും തിന്മകള്‍ പൊറുക്കാനും അത് കാരണമാകുന്നു. എന്നാല്‍ ഹജറുല്‍ അസ്വദ് പോലെ ഒരു കല്ലല്ലേ ശിവലിംഗവും. അത് ചുംബിക്കലും വന്ദിക്കലും പുണ്യമുള്ള കാര്യമാണോ? അല്ല എന്ന് മാത്രമല്ല, ഇസ്ലാമില്‍ നിന്നും പുറത്ത് പോവാന്‍ വരെ കാരണമാകും. അത്രയും നിഷിദ്ധവും കുഫ്റുമാണത്. ഏതൊരു കാര്യവും അനുവദനീയവും നിഷിദ്ധവുമാകുന്നതും ശിര്‍ക്കും തൌഹീദുമാകുന്നതും സ്രഷ്ടാവിന്റെ കല്‍പനക്കനുസരിച്ചായിരിക്കുമെന്ന് ഇതില്‍ നിന്നും വ്യക്തമായി.

മനുഷ്യാധീന കഴിവുകള്‍, മനുഷ്യാതീത കഴിവുകള്‍ ഇങ്ങനെ കഴിവുകളെ രണ്ടായി ഭാഗിക്കുന്നു ഇവര്‍.  മനുഷ്യാതീത കഴിവുകള്‍, മനുഷ്യനോട് അഭ്യര്‍ഥിക്കുന്നത് ശിര്‍ക്കാണെന്നാണ് ഇവരുടെ വാദം. സൃഷ്ടിയും സ്രഷ്ടാവും തമ്മിലുള്ള ബന്ധം മനസ്സിലാക്കിയവര്‍ ഇത് പറയില്ല. സൃഷ്ടിക്ക് സ്വന്തമായി ഒരു കഴിവും ഇല്ല. അല്ലാഹു പറയുന്നു: ‘നിങ്ങളെയും നിങ്ങളുടെ പ്രവര്‍ത്തനങ്ങളെയും പടക്കുന്നവര്‍ അല്ലാഹുവാണ്.’

അതുകൊണ്ടുതന്നെ അഞ്ച് സമയങ്ങളിലായി ഇരുപത് പ്രാവശ്യം നിസ്കാരത്തിലേക്ക് വരുവിന്‍, വിജയത്തിലേക്ക് വരുവിന്‍’ എന്ന് വിളിക്കപ്പെടുമ്പോള്‍, ഒരു മുസ്ലിം പ്രത്യുത്തരം നല്‍കുന്നത് “ദോശത്തില്‍ നിന്ന് തെറ്റാനും ഇബാദത്ത് ചെയ്യാനും അല്ലാഹുവിന്റെ കഴിവ് കൊണ്ടല്ലാതെ സാധ്യമല്ല” എന്നാണ്. എന്താണിത് നമ്മെ പഠിപ്പിക്കുന്നത്. മനുഷ്യന് സ്വന്തമായി ഒരു കഴിവും ഇല്ലെന്നും എല്ലാം അല്ലാഹു നല്‍കുന്നതാണെന്നും സമ്മതിക്കലല്ലേ? ആ കഴിവ് അവന്‍ ഉദ്ദേശിച്ചവര്‍ക്ക് ഉദ്ദേശിക്കുന്ന പോലെ ഉദ്ദേശിക്കുന്ന സമയം (മരണത്തിന് മുമ്പും ശേഷവും) നല്‍കും. അതിന് പരിധി നിശ്ചയിക്കാന്‍ അശക്തനായ മനുഷ്യര്‍ക്ക് എന്താണധികാരം!

എം.ബി.ബി.എസ്, എം.ഡി, ഇങ്ങനെ പല ഡിഗ്രിക്കാര്‍ വ്യത്യസ്ത ടൈറ്റലുകളിലായി കാണാം. ഓരോരുത്തരുടെയും സ്ഥാനവും പദവിയും പലതാണ്. മനുഷ്യര്‍, അമ്പിയാക്കള്‍, ഔലിയാക്കള്‍, സ്വാലിഹീങ്ങള്‍ ഇങ്ങനെ പല ഗ്രേഡുകളിലാണ്. ഇവരെല്ലാം വ്യത്യസ്ത സ്ഥാനക്കാരുമാണ്. അല്ലാഹുവിനെ അംഗീകരിച്ച് അവന്‍ ഇഷ്ടപ്പെടുന്ന മാര്‍ഗ്ഗത്തിലൂടെ ജീവിതം ധന്യമാക്കിയ അമ്പിയാക്കള്‍ ഔലിയാക്കള്‍ തുടങ്ങിയവര്‍ക്ക് സാധാരണക്കാര്‍ക്ക് നല്‍കാത്ത പല കഴിവുകളും പ്രപഞ്ച നാഥന്‍ നല്‍കിയിട്ടുണ്ട്. ഇതിന് ഖുര്‍ആന്‍ സാക്ഷിയുമാണ്.

മഹാനായ ഇബ്രാഹീം നബി(അ) നാലു പക്ഷിയെ പിടിച്ച് കഷ്ണിച്ച് അവയുടെ  ഭാഗങ്ങള്‍ നാല് ഭാഗത്തുമുള്ള പര്‍വതങ്ങളില്‍ വെച്ചതിന് ശേഷം അതിനെ വിളിക്കുകയും തല്‍സമയം തന്റെ അടുത്തേക്ക് പറന്നുവരികയും ചെയ്തത് ഖുര്‍ആന്‍ വ്യക്തമാക്കിയതാണ്  (അല്‍ബഖറ 260).

അല്ലാഹുവിന്റെ സഹായത്താല്‍ മരിച്ചവരെ ഞാന്‍ ജീവിപ്പിക്കുമെന്നും ഒരു പക്ഷിയുടെ രൂപം ഉണ്ടാക്കിയതിന് ശേഷം അതിന് ജീവന്‍ നല്‍കുമെന്നുമുള്ള ഈസാ നബിയുടെ പ്രഖ്യാപനത്തിന് ഖുര്‍ആന്റെ പിന്‍ബലമുണ്ട് (ആലു ഇംറാന്‍ – 49).

ഇതെല്ലാം അമ്പിയാക്കളുടെ ‘മുഅ്ജിസത്താ’ണെങ്കില്‍ ഇതുപോലോത്ത അനേകം പ്രവര്‍ത്തനങ്ങള്‍ ഔലിയാക്കളില്‍ നിന്നുണ്ടായിട്ടുണ്ട്. ഇതിന് കറാമത്ത് എന്നു പറയുന്നു. ഇതിനും വ്യക്തമായ തെളിവുകളുണ്ട്.

ആയിരക്കണക്കിന് മൈലുകള്‍ക്കപ്പുറത്തുള്ള ബല്‍ഖീസ് രാജ്ഞി, മഹാനായ സുലൈമാന്‍ നബി(അ)യുടെ തിരുസദസ്സിലേക്ക് പുറപ്പെട്ടു കഴിഞ്ഞു. അദ്ഭുതപ്പെടുത്തുമാര്‍ അവരെ സ്വീകരിക്കണം. ബല്‍ഖീസ് രാജ്ഞിയുടെ സിംഹാസനം ആരാണ് ഇങ്ങോട്ട് കൊണ്ടുവരിക. സുലൈമാന്‍ നബി(അ) ചോദിച്ചു. സദസ്സില്‍ നിന്നും ഇഫ്രീത്ത് എന്ന ജിന്ന് എണീറ്റുകൊണ്ട് പറഞ്ഞു. തങ്ങള്‍ എഴുന്നേല്‍ക്കും മുമ്പ് ഞാന്‍ എത്തിക്കാം. അപ്പോഴേക്കും സദസ്സിലുണ്ടായിരുന്ന ആസ്വിഫ്ബ്നു ബര്‍ഖിയ: എന്ന വലിയ്യ് പറഞ്ഞു. അവിടുത്തെ കണ്ണ് അടച്ച് തുറക്കുന്നതിന് മുമ്പായി സിംഹാസനം ഞാന്‍ എത്തിക്കാം. ഇത് അല്ലാഹു നല്‍കിയ കഴിവാണ്. സുലൈമാന്‍ നബി(അ)യുടെ സദസ്സ് സാക്ഷിയാണ്. ഖുര്‍ആന്‍ വ്യക്തമാക്കിയതുമാണ് (സൂറത്തുന്നമ്ല് – 38,39,40).

മഹാത്മാക്കളുടെ ഈ കഴിവ് മരണാനന്തരവും അവശേഷിക്കുമെന്ന് നേരത്തെ പറഞ്ഞുവല്ലോ.

എനിക്കല്ലാഹു മതി.

അടിമക്ക് അല്ലാഹു പോരേ…. എന്നിങ്ങനെയുള്ള ആയത്തുകളുള്ളപ്പോള്‍ അമ്പിയാക്കള്‍ ഔലിയാക്കള്‍ തുടങ്ങിയ മഹാത്മാക്കളെ എന്തിന് വിളിക്കണം. ബിദഈ കക്ഷികളുടെ ഇരട്ടത്താപ്പ് ഇവിടെ പ്രകടമാവുകയാണ്. ബാഹ്യാര്‍ഭമാണ് ഇവുടെത്തെ ഉദ്ദേശമെങ്കില്‍ മുതലാളി-തൊഴിലാളി, ഭാര്യ-ഭര്‍ത്താവ്, ഗുരു-ശിഷ്യന്‍ ഇവരെല്ലാം അല്ലാഹു വിന്റെ അടിമകള്‍. ഇവര്‍ പരസ്പരം ആശ്രയിക്കുന്നത് ഈ ആശയത്തിനോ ഹദീസിനോ വിരുദ്ധമാണോ?

ജീവിച്ചിരിക്കുന്നവര്‍ക്കും മരിച്ചവര്‍ക്കും എല്ലാ കഴിവുകളും നല്‍കുന്നവന്‍ റബ്ബ് തന്നെ. ഈ കഴിവ് ചോദിക്കുന്നതിലും കൊടുക്കുന്നതിലും എവിടെയാണ് ശിര്‍ക്ക്.

ഈ സൂക്തത്തിന്റെ വിവക്ഷ അടിമക്ക് അല്ലാഹു മാത്രം മതി എന്നും ജീവിക്കുന്നവരോ മരിച്ചവരോ വേണ്ട എന്നുമല്ല. എല്ലാ ഗുണങ്ങളും ചെയ്യുന്ന പിതാവ് ഉണ്ടായിരിക്കെ, ഒരു മകന്‍ സ്വന്തം ഉമ്മയോടോ ജ്യേഷ്ഠന്മാരോടോ, പിതാവ് കൊടുത്ത കാശ് ചോദിക്കുന്നത് ഉപ്പയെ ധിക്കരിക്കലാണോ? മറ്റുള്ളവരെ ആശ്രയിക്കലാണോ?

ഈ പ്രമാണങ്ങളുടെ വിവക്ഷ, സൃഷ്ടികള്‍ ആരാണെങ്കിലും സൃഷ്ടാവിന്റെ സഹായം കൂടാതെ ഒന്നും ചെയ്യാന്‍ സാധ്യമല്ല. എല്ലാറ്റിന്റെയും യഥാര്‍ഥ ഉടമ അല്ലാഹു മാത്രം എന്നാണ്. ഇതാണ് മുസ്ലിംകളുടെ വിശ്വാസം. ഡോക്ടര്‍ രോഗം സുഖപ്പെടുത്തിയാലും മഹാത്മാക്കള്‍ രോഗം സുഖപ്പെടുത്തിയാലും എല്ലാം അല്ലാഹുവിന്റെ കഴിവുകൊണ്ട് മാത്രം. ഡോക്ടര്‍മാര്‍ക്കുള്ളതിനെക്കാള്‍ കഴിവുകള്‍ അമ്പിയാക്കള്‍, ഔലിയാക്കള്‍ തുടങ്ങിയ ഇഷ്ടദാസന്മാര്‍ക്ക് അല്ലാഹു കൊടുക്കും. ഇത് ജീവിച്ചിരിക്കുന്നവരോടെന്ന പോലെ മരിച്ചവരോടും മുസ്ലിമീങ്ങള്‍ ചോദിക്കുന്നു.

അല്ലാഹുവിനെയും അവന്റെ റസൂലിനെയും സത്യവിശ്വാസികളെയും വല്ലവരും സഹായിയാക്കിയാല്‍ അവര്‍ തീര്‍ത്തും വിജയികളാണ് (ഖുര്‍ആന്‍).

ജീവിത കാലത്ത് തൌഹീദും മരണാന്തരം ശിര്‍ക്കും, എന്തൊരദ്ഭുതം!!! ഇവരുടെ ബുദ്ധി അപാരം തന്നെ.

മരിച്ചവരെ വിളിക്കാന്‍ അല്ലാഹു കല്‍പിച്ചിട്ടുണ്ടോ? പുണ്യാത്മാക്കള്‍ ആരെങ്കിലും അങ്ങനെ വിളിച്ചിട്ടുണ്ടോ? ഉണ്ട്, നിരവധി തെളിവുകളുമുണ്ട്. ഉദാഹരണത്തിന് ഒന്ന് പറയാം. ഏറ്റവും ശ്രേഷ്ഠമായ ആരാധനയാണ് നിസ്കാരം. അത് പരിസമാപ്തി കുറിക്കുന്നത് പുണ്യപ്രവാചകരോടുള്ള സഹായാഭ്യര്‍ഥന കൊണ്ടാണ്. തിരുനബി(സ്വ) വഫാത്തായിട്ടില്ലെന്ന് ആരും പറയില്ലല്ലോ?

“അല്ലയോ പ്രവാചകരെ അവിടുത്തേക്ക് അല്ലാഹുവിന്റെ രക്ഷ ഉണ്ടായിരിക്കട്ടെ”. പ്രയാസങ്ങളില്‍ നിന്നും വിഷമങ്ങില്‍ നിന്നുമുള്ള മോചനമാണല്ലോ രക്ഷ. തിരുദൂതര്‍ക്ക് എന്ത് പ്രയാസമാണുള്ളത്. സ്വന്തമായി ഒന്നുമില്ല. എങ്കിലും അനുയായികളുടെ പ്രയാസമാണ് അവിടുത്തെ പ്രയാസം. അനുയായികളുടെ തൃപ്തി അവിടുത്തെ സംതൃപ്തിയുമാണ്. അല്ലാഹു പറയുന്നു:

“നിങ്ങളില്‍ നിന്നും ഒരു പ്രവാചകന്‍ നിങ്ങള്‍ക്ക് വന്നിരിക്കുന്നു. നിങ്ങളുടെ പ്രയാസങ്ങളിലും വിഷമങ്ങളിലും അതീവ ദു:ഖിതരും ഗുണങ്ങളില്‍ അത്യന്തം തല്‍പരരുമാണ” (തൌബ – 128).

ഈ പ്രാര്‍ഥനയില്‍ അങ്ങേക്ക് രക്ഷയുണ്ടാവട്ടെ എന്നതിന്റെ വിവക്ഷ, എന്റെ പ്രയാസങ്ങളില്‍ വിഷമിക്കുന്ന അങ്ങേക്ക് അതില്‍ നിന്നും മോചനം ലഭിക്കട്ടെ. അഥവാ, എന്റെ പ്രയാസങ്ങള്‍ ദൂരീകരിക്കട്ടെ എന്നാണ്. സ്വന്തം മകന് അനുയോജ്യമായ വധുവിനെ അന്വേഷിച്ചു ലഭിക്കാതെ പ്രയാസപ്പെടുന്ന പിതാവിനെ സംബന്ധിച്ച് എന്റെ ഉപ്പ പ്രയാസത്തില്‍ നിന്നും രക്ഷപ്പെടട്ടെ എന്ന് പറയുന്നതിനര്‍ഥം എനിക്കിണങ്ങിയ ഒരു ഇണയെ ലഭിക്കട്ടെ എന്നല്ലേ. ഇത്യാദി പ്രയോഗങ്ങള്‍ സാധാരണ ഉപയോഗിക്കാറുള്ളതാണ്. ഇങ്ങനെ സഹായാഭ്യര്‍ഥന നടത്തുമ്പോള്‍ തിരുദൂതര്‍ നമുക്കും പ്രാര്‍ഥിച്ച് സഹായിക്കുമെന്ന് സ്വഹീഹായ ഹദീസില്‍ കാണാം.

ഏതൊരു വ്യക്തിയും തങ്ങള്‍ക്ക് രക്ഷയുണ്ടാവട്ടെ എന്ന് പ്രവാചകരോട് പറയുന്ന നിമിഷം ‘നിന്നെ അല്ലാഹു രക്ഷിക്കട്ടെ’ എന്ന് തിരുനബിയും തിരിച്ച് പ്രാര്‍ഥിക്കും. ഇത് പ്രവാചകരോട് സഹായാഭ്യര്‍ഥന നടത്തലും തിരുനബി(സ്വ) തിരിച്ച് സഹായിക്കലുമല്ലേ.


RELATED ARTICLE

  • ശൈഖ് അബ്ദുല്‍ഖാദിര്‍ (റ) യുടെ അന്ത്യനിമിഷങ്ങള്‍
  • ഖാദിരീ ത്വരീഖത്ത്
  • ജീലാനി ദര്‍ശനം: ഇന്ത്യന്‍ സാഹചര്യത്തില്‍
  • സൃഷ്ടികള്‍ക്ക് അല്ലാഹു പോരേ..
  • ആത്മദര്‍ശനത്തിലേക്കുള്ള കവാടം
  • ശൈഖ് ജീലാനി(റ): ജീവിതവും സന്ദേശവും
  • ശൈഖ് അബ്ദുല്‍ഖാദിര്‍ ജീലാനി(റ)
  • ജീലാനീ ദിനം