Click to Download Ihyaussunna Application Form
 

 

പ്രവാചകന്‍ നേതാവ്

മനുഷ്യാനുഭവ ചരിത്രം സംഘട്ടനത്തിലൂടെയാണ് പരിണമിക്കുന്നത്. സമിത്തിക പാരമ്പര്യ ത്തിന്റെ ദര്‍ശനവും അതിനെ ശരിവെക്കും. ആദമി(അ)ല്‍ നിന്നുള്ള ആദിമതയില്‍ ദര്‍ശിക്കുന്നത് ഭൌമാതീതമായ സ്വര്‍ഗീയതയിലെ അതിരുകളില്ലാത്ത ആനന്ദം എന്ന തുടക്കമാണ്. പൂര്‍വ്വഭൌമിക മാനുഷിക അസ്തിത്വത്തിന്റെ ഘട്ടമാണത്. ആ ആനന്ദത്തിന് അറുതി കുറിക്കാനും സ്വര്‍ഗവാസം അവസാനിപ്പിക്കാനും വിലക്കപ്പെട്ട കനിയുടെ ഒരു മരം നിശ്ചയിക്കപ്പെട്ടിരിക്കുന്നു എന്നതൊഴിച്ചാല്‍ മനുഷ്യന് വേണ്ടതെല്ലാം അവിടെയുണ്ടായിരുന്നു. സ്വാതന്ത്യ്രം എന്ന പരമാനന്ദം മനുഷ്യന്‍ അനുഭവിച്ചത് അപ്പോള്‍ മാത്രമാണ്. പൂര്‍വഭൌമിക അസ്തിത്വത്തിന്റേതായ ഘട്ടത്തില്‍. പരമമായ സത്യത്തിനു മാത്രമേ അപ്പോള്‍ അവന് അടിമപ്പെട്ടു വണങ്ങേണ്ടതുള്ളൂ എന്നതുകൊണ്ട്. അവനെ സ്തുതിക്കുന്ന കീര്‍ത്തനങ്ങളില്‍ മനുഷ്യാത്മാവ് നിറഞ്ഞുനിന്നപ്പോഴുള്ള സായൂജ്യമായിരുന്നു സ്വര്‍ഗലോകത്തിലെ നിര്‍വൃതി. എന്നാല്‍ അതെല്ലാം തന്നെ, വീണ്ടെടുക്കേണ്ട, അല്ലെങ്കില്‍ കഠിന സാധനയിലൂടെയും തപസ്യയിലൂടെയും മനുഷ്യന്‍ സാധിച്ചെടുക്കേണ്ട ഉദാത്തമായ സമ്മാനമാണ് എന്ന നിലക്കാണ് പിന്നീട് മനുഷ്യാസ്തിത്വത്തിന്റെ പരിണതി.

ഭൂമിയിലേക്ക് ദൈവപ്രതിനിധിയായി നിശ്ചയിക്കപ്പെട്ടവനെ കാത്തിരിക്കുന്ന വിശുദ്ധ സൌഭാഗ്യത്തിന്റെ മാതൃകാപരമായ അനുഭവവേദ്യതപൂര്‍വ ഭൌമികമായ ഒരു അസ്തിത്വത്തിലൂടെ അവന്റെ മുമ്പില്‍ അവതരിപ്പിക്കപ്പെടുകയായിരുന്നു. അതിനാല്‍ അവന് സ്വര്‍ഗത്തില്‍ നിന്ന് പുറത്തു പോരേണ്ടതുണ്ടായിരുന്നു. അക്കാരണത്താല്‍ അടുക്കാന്‍ പാടില്ലെന്ന് നിര്‍ദ്ദേശിക്കപ്പെട്ട മരം അവിടെ ഒരു ഉപാധിയെന്ന നിലയില്‍ അതിരടയാളമായി നിന്നു. പുറത്തുപോകാനുള്ള ഉപാധിയെന്നപോലെ സ്വര്‍ഗീയതയുടെ അര്‍ഹതയെ തെളിയിക്കാന്‍ വേണ്ടിയുള്ള ഒരു പരീക്ഷണം കൂടിയായിരുന്നു ആ മരം. എല്ലാം എല്ലാവര്‍ക്കും വേണ്ടിയുള്ളത് എന്ന ആശയമാണ് സ്വര്‍ഗജീവിതം അര്‍ഥമാക്കുന്നത്. അവിടെ എനിക്ക് എന്നതും സ്വന്തമാക്കുക എന്നതും അനര്‍ഥമാണ്. അതുണ്ടായിപ്പോയാല്‍ സ്വര്‍ഗം നഷ്ടപ്പെട്ട് പുറത്തുപോകേണ്ടിവരും. അതാണ് വിലക്കപ്പെട്ട മരം നല്‍കിയിരുന്ന സന്ദേശം. ഭൂമിയിലേക്ക് പറഞ്ഞയക്കപ്പെടാന്‍ വേണ്ടി ഭൂമിയുടെ അംഗങ്ങളില്‍ നിന്നുതന്നെ സ്വരൂപിതനായ മനുഷ്യന് അവിടെയെത്താനുള്ള ഒരു ഉപാധിയായി ഈ സസ്യം നിശ്ചയിക്കപ്പെട്ടതില്‍ കണ്ണുള്ളവര്‍ക്ക് കാണാന്‍ ഏറെയുണ്ട്. ആവശ്യത്തിനുള്ളതെല്ലാം കിട്ടിയിട്ടും പിന്നെയും സ്വന്തമാക്കുക എന്ന ദുര മനുഷ്യനെ സ്വര്‍ഗലോകത്തിന് അനര്‍ഹനാക്കുന്നു എന്ന പാഠം. ഭൂമിയില്‍ നിന്ന് തിരിച്ച് സ്വര്‍ഗത്തിലെത്തണമെങ്കിലും ഈ പാഠം അവന്‍ ഉള്‍ക്കൊണ്ടേ മതിയാകൂ. എന്നാല്‍ പൂര്‍വഭൌമികാസ്തിത്വത്തില്‍ വെച്ചുതന്നെ പരീക്ഷയിലെ തോല്‍വിയിലൂടെ പഠിച്ചറിഞ്ഞ ഈ അറിവ് വേണ്ടത്ര ഉള്‍ക്കൊള്ളാന്‍ ഒന്നാമത്തെ മനുഷ്യനായ ആദമി(അ)ന് മാത്രമേ കഴിഞ്ഞുള്ളൂ. അദ്ധേഹത്തിന്റെ സന്തതികള്‍ക്ക് അതിനായില്ല എന്നിടത്തുനിന്നാണ് മനുഷ്യാനുഭവ ചരിത്രം ആരംഭിക്കുന്നത്.

ആദമി(അ)ല്‍ അങ്കുരിച്ചുപോയ ഈ പൊസ്സസ്സീവ്നെസ് മനുഷ്യനെ സ്വര്‍ഗീയതയില്‍ നിന്ന് പ്രയാസങ്ങളുടെ കരിമ്പാറക്കെട്ടുകളിലേക്ക് ഇറക്കിവിട്ടു. ഭൂമിയിലെ പാറക്കുടുമ്പിലേക്ക് ആദം(അ) ഇറങ്ങിവന്നപ്പോള്‍ അദ്ദേഹത്തെ തുറിച്ചുനോക്കിയത് മല്ലിടുക എന്ന ജീവിതത്തെ സംബന്ധിക്കുന്ന യാഥാര്‍ഥ്യമായിരുന്നു. അവന് എതിരിടേണ്ടതും അധ്വാനിക്കേണ്ടതുമുണ്ടായിരുന്നു. കാട്ടുമൃഗത്തെയും കാലാവസ്ഥയെയും ആദമി(അ)ന് നേരിടേണ്ടിവന്നു. പാറ തല്ലിയുടച്ച് നിരപ്പാക്കേണ്ടിയും വന്നു. താമസിക്കാനും കിടന്നുറങ്ങാനും കാട്ടിലാകെയും പരതി നടക്കേണ്ടിവന്നു. വിശക്കുന്ന വയറിന് അന്നം കണ്ടെത്താന്‍. പക്ഷേ, എതിരിടേണ്ടിവന്നവ ആദം(അ)മിന്റെ ശത്രുക്കളായിരുന്നില്ല. ആ നിലക്കുള്ള എതിര്‍ പ്പായിരുന്നില്ല ആദമി(അ)ന് അവയോടും അവക്ക് ആദമി(അ)നോടുമുണ്ടായിരുന്നത്. അതുപോലെ ആദം(അ) എന്ന ആദം(അ)മിന് മനുഷ്യരില്‍ നിന്നൊരു ശത്രു എന്നതും അസാധ്യമായിരുന്നു. ആദം(അ) മാത്രമായിരുന്നല്ലോ മനുഷ്യന്‍. കൂടെയുള്ളതാകട്ടെ അവനില്‍ നിന്നുതന്നെയുള്ള അവന്റെ ഇണയും. അവര്‍ക്കിടയില്‍ തന്നെ ശാത്രവമായാല്‍ അസ്തിത്വത്തിന് അപ്പോള്‍ തന്നെ ഉപസംഹാരമാകുമായിരുന്നല്ലോ. എന്നാല്‍ ഒരു ശത്രു ആദമി(അ)നുണ്ടായിരുന്നു. അദ്ദേഹത്തെ വെല്ലുവിളിച്ചുകൊണ്ട് എന്നും നിലകൊണ്ടുപോന്ന എതിരാശയം സാത്താന്‍ എന്ന ഇബ്ലീസ്.

മനുഷ്യന് മനുഷ്യനില്‍ നിന്ന് ശത്രു ജനിക്കുന്നത് ആദമി(അ)ന് കുഞ്ഞുങ്ങളുണ്ടാകുന്നതോട് കൂടിയാണ്. ഇബ്ലീസ് പിന്നെ നോട്ടമിട്ടതും അവരിലേക്കാണ്. ആദം(അ)മിനടുത്തേക്ക് ഇനിയുമവന്‍ വരില്ല. കാരണം ഇനിയും ആദം(അ) വീഴുകയില്ല. ഇബ്ലീസിന്റെ പ്രേരണയാല്‍ പരീക്ഷണ മരത്തിന്റെ കനി, സ്വന്തമാക്കാനുള്ള ദുരയാല്‍ ആദം(അ) സ്വര്‍ഗത്തില്‍ നിന്നു ഭൂമിയിലെത്തിയല്ലോ. കൂടെ സാത്താനും ഉരുണ്ടുവീണു എന്നത് വാസ്തവമാണെങ്കിലും ആദം(അ) സുരക്ഷിതനായി ക്കഴിഞ്ഞിരുന്നു. കാരണം ആദം(അ) സ്രഷ്ടാവിനോട് പശ്ചാതപിച്ചു. അല്ലാഹു അത് സ്വീകരിച്ചു. ആദമി(അ)നെ അവന്‍ ഭൂമിയിലെ പ്രതിനിധിയാക്കുകയും ചെയ്തു. അതിനാല്‍ പ്രതിനിധിയാക്കപ്പെട്ട പരിശുദ്ധനാകുന്നു ആദം(അ). വചനവാഹകനായ ആദ്യത്തെ പ്രവാചകന്‍. മനുഷ്യത്വം എന്നതിന്റെ തുട ക്കം ഈ പ്രവാചകത്വത്തില്‍ നിന്നാകുന്നു. അതില്ലായിരുന്നുവെങ്കില്‍ മനുഷ്യന്‍ ഇരുകാലില്‍ നടക്കുന്ന സമാനതയുള്ള മറ്റൊരു ജീവിയില്‍ നിന്ന് വിഭിന്നനാകുമായിരുന്നില്ല. മനുഷ്യത്വത്തിന്റെ പ്രകാശമായ പ്രവാചകത്വം ആദമി(അ)നെ സുരക്ഷിതനാക്കിയിരുന്നു. ചെകുത്താന് ഇനിയും കടന്നുവരാന്‍ പറ്റാത്തവിധമുള്ളസുരക്ഷിതത്വം.

എന്നാല്‍ തിര്യക്കുകളുടെ പ്രകൃതം ആദമി(അ)ന്റെ പ്രജനനപരമായ തുടര്‍ച്ചയില്‍ വീണ്ടും അവശേഷിക്കുന്നത് കണ്ട ചെകുത്താന്‍ അങ്ങോട്ട് നുഴഞ്ഞുകയറി. മൃഗീയതയുടെ കൈക്കരുത്തില്‍ -ബലത്തില്‍- അമിത വിശ്വാസമുണ്ടായിരുന്ന കയേന്‍(ഖാബീല്‍) എന്ന പുത്രന്റെ ഹൃത്തില്‍ പിശാച് ഇരിപ്പിടം കണ്ടെത്തി. അപ്പോള്‍ ചെകുത്താന്‍ കയറിയ മനുഷ്യപുത്രന്‍ ഒരു വന്യജീവിയായി മാറി. അവന്‍ തന്റെ ബലത്തിന്റെ ബലത്തില്‍ സ്വന്തം സഹോദരനെ അടിച്ചുകൊന്നു. ഭൂമിയില്‍ മര്‍ദകരുടെ നീതിക്ക് തുടക്കമിട്ടു. ഭൂമിയിലെ നീതി എന്നത് ഈ ബലം എന്നതായിരിക്കാന്‍ തന്റെ സാന്നിധ്യം ആവശ്യമാണെന്ന് ചെകുത്താന് അറിയാമായിരുന്നു. ആസാന്നിധ്യത്തിന്റെ അഭാവത്തില്‍. രക്തസാക്ഷിയായ ആദം(അ)മിന്റെ മറ്റേമകന്‍ ഹാബീല്‍ ഉയിര്‍ത്തെഴുന്നേറ്റു വരുമെന്ന് അവന് ബോധ്യമുണ്ടായിരുന്നു. ആ ഉയിര്‍ത്തെഴു ന്നേല്‍പ്പിലൂടെ ഭൂമിയിലെ ദൈവത്തിന്റെ പ്രാതിനിധ്യം എന്ന ഉല്‍കൃഷ്ടത മനുഷ്യന്‍ വീണ്ടെടുക്കുകയും ചെയ്യുമെന്നും. ദൈവത്തിന്റെ പ്രതിപുരുഷന് പകരം ഈ ഭൂമി എന്നെന്നും തന്റെ പ്രതിപുരുഷന്മാരുടെ കൈവശം തന്നെയിരിക്കണമെന്ന് പിശാചിന് വാശിയുണ്ടായിരുന്നു. എന്നാലും ദൈവത്തിന്റെ പ്രാതിനിധ്യം ഇല്ലാതാവുകയില്ല. രക്തസാക്ഷി മരിക്കുകയില്ല. നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവര്‍ക്ക് എക്കാലത്തും അത് നിഷേധിക്കപ്പെടുകയില്ല. ഇതെല്ലാം അറിഞ്ഞുതന്നെ ചെകുത്താന്‍ പരിശ്രമിക്കുകയായിരുന്നു. ആദമി(അ)ന് ദൈവം നിശ്ചയിച്ചു കൊടുത്ത ശത്രുവാണല്ലോ അവന്‍. അവനോട് ഏറ്റുമുട്ടിവേണം ആദം(അ)മിന്റെ കുട്ടികള്‍ക്ക് നഷ്ടപ്പെട്ടുപോയ തറവാട് വീണ്ടെടുക്കാന്‍. കയേന്‍ എന്ന കൊലയാളി കൊന്നത് തന്റെ സഹോദരനായ ഒരു ഹാബേലിനെ മാത്രം. എന്നാല്‍ അത് മുഴുവന്‍ മനുഷ്യകുലത്തിനെയും നിഹനിച്ചത് പോലെയാകുന്നു(അല്‍മാഇദ 32). എന്നു പറയുന്ന ശബ്ദം ഏറ്റുവാങ്ങാന്‍ ഹാബീലിന്റെ രക്തസാക്ഷിത്വത്തിനു ശേഷവും ആദം(അ) പുനര്‍ജനിക്കും. ഒരു നൂഹിയിലൂടെ – ഇബ്റാഹിമിലൂടെ – മൂസയിലൂടെ – ഈസയിലൂടെ – മുഹമ്മദി(സ്വ)യിലൂടെ. അവര്‍ക്കിടയിലായി വരുന്ന അനേക വചനവാഹകരിലൂടെ.

സമിത്തികമായ ഇതിഹാസമാണ് ആദമി(അ)ന്റെ പൂര്‍വ ഭൌമികവും തുടര്‍ന്നുള്ള ഭൌമികവുമായ കഥ. ആദം(അ) സന്തതികളായ ഹാബീലിന്റെയും ഖാബീലിന്റെയും ദ്വന്ദ്വങ്ങളുടെ കഥയും. എന്നാല്‍ അതിലടങ്ങിയത് കള്ളമല്ല. മനുഷ്യനെ ചരിത്രപരമായി തന്നെ സംബന്ധിക്കുന്ന സത്യമുണ്ട് അതില്‍. സ്വര്‍ഗത്തിലേക്ക് തിരിച്ചുവരിക എന്ന സന്ദേശം അതുള്‍ ക്കൊള്ളുന്നു.

മനുഷ്യനെ സ്പര്‍ശിക്കുന്ന ചരിത്രാനുഭവം എന്നത് സംഘട്ടനത്തിലൂടെയാണ് പരിണമിക്കുന്നത്. വര്‍ഗപരമായ വിഭജനം എന്നതിന്റെ സാമൂഹ്യശാസ്ത്രപരമായ വാസ്തവികത നിരാകരിക്കപ്പെടേണ്ടതില്ല. കാരണം കയേന്റെ കൈയാല്‍ ഹാബീല്‍ വധിക്കപ്പെട്ടതോടെ മനുഷ്യരുടെ ലോകത്ത് ബലത്തിന്റെ നീതിക്ക് തുടക്കം കുറിക്കപ്പെടുകയായിരുന്നു. മനുഷ്യരില്‍ തന്നെ അടിമകളും ഉടമകളും ഉണ്ടായിത്തീര്‍ന്നു.

അടിമകളും ഉടമകളും എന്നതില്‍ നിന്ന് അധികാരം എന്ന ആശയം ഉടലെടുക്കുന്നു. പിന്നീട് ഉടമസ്ഥതയും(മുല്‍ക്) രാജാവും(മലിക്) വരുന്നു. രാജവാഴ്ചക്ക് മുലൂകിയത് എന്ന് അറബി മൊഴി. സമിത്തിക ഇതിഹാസപ്രകാരം ഇപ്പറഞ്ഞതത്രയും കയേന്റെ അനന്തരമാണ്. ഹാബീലിന്റെ രക്തസാക്ഷിത്വത്തിന്റെ അനന്തരം ഇപ്പറഞ്ഞതിന്റെയൊക്കെയും എതിരാശയവുമായി ഭവിക്കുന്നു. ആദമി(അ)നെയും സാത്താനെയും പോലെ മുഖാമുഖം നോക്കി എതിരിടാന്‍ നില്‍ക്കുന്ന രണ്ട് ആശയങ്ങള്‍. ഈസാ(അ)മിനെയും മസീഹുദ്ദജ്ജാലിനെയും പോലെ. മൂസ(അ)യെയും ഫറോവയെയും പോലെ. മുഹമ്മദ് നബി(സ്വ)യെയും ലോകത്തിന്റെ അധികാരികളായി വാണിരുന്ന സാമ്രാജ്യത്വങ്ങളെയുംപോലെ.

ഹാബീലിന്റെ സന്ദേശം മനുഷ്യനെ ജീവിക്കാന്‍ അനുവദിക്കുക എന്നതാണ്. ഒരൊറ്റ മനുഷ്യനെ ജീവിക്കാന്‍ അനുവദിക്കുക എന്നതിനര്‍ഥം മുഴുവന്‍ മനുഷ്യരെയും ജീവിക്കാന്‍ വിടുക(അല്‍ മാഇദ 32) എന്നതാണ്. ഈ ആശയം ഉള്‍ക്കൊള്ളുന്ന ഒരു വെളിപാടിനെ അനിവാര്യമാക്കുന്നുണ്ട് ഹാബീലിന്റെ രക്തസാക്ഷിത്വം. ആ വെളിപാടു പ്രകാരം അടിമകളായി മനുഷ്യരില്‍ ആരും ഉണ്ടായിക്കൂടാ. ആര്‍ക്കും ആരുടെ മേലും ഉടമസ്ഥത (മുല്‍ക്)യോ അവര്‍ക്കൊരു രാജാവോ(മാലിക്) ഉണ്ടാവുകയുമില്ല. രാജവാഴ്ച (മുലൂകിയത്)യു തിരസ്കൃതമാകുന്നു അപ്പോള്‍. ഇപ്പറഞ്ഞതെല്ലാം ചേര്‍ക്കപ്പെടുന്നത് പരമമായ അസ്തിത്വത്തിലേക്ക് അന്തിമമായ നീതിയുടെ ഇരിപ്പിടമായ പരമകാരുണികനിലേക്ക്.

പ്രവാചകനിലെ നേതാവ് എന്നു പറയുമ്പോള്‍ രാജാവ് എന്നു തെറ്റിദ്ധരിക്കാതിരിക്കാനാണ് ഈ മുഖവുര.

അന്ത്യപ്രവാചകന്‍ നേതാവായിരുന്നു(സ്വല്ലല്ലാഹു അലൈഹി വആലിഹി) അവിടുന്ന് ജനതയുടെ ഇടയനായിരുന്നു. എന്നാല്‍ ആരും തെറ്റിദ്ധിച്ചുപോകരുതെന്ന് ഉറപ്പ് വരുത്താനെന്നവണ്ണം അവിടന്ന് ചരിത്രത്തോട് ഞാന്‍ ഒരു രാജാവല്ലെന്ന് വിളംബരപ്പെടുത്തി. അല്ലാഹു മാത്രമേ രാജാവായുള്ളൂ എന്നു വിളംബരപ്പെടുത്തുന്ന വെളിപാട്, അദ്ദേഹം ജനതക്കുവേണ്ടി ഏറ്റുവാങ്ങി. വ്യക്തിയുടെ ദൈവം എന്ന കര്‍തൃനിഷ്ഠമായ കല്‍പ്പനയെ ജനതയുടെ ദൈവം എന്ന വിപ്ളവാത്മക ചരിത്രദര്‍ശനമായി അവതരിപ്പിക്കുന്ന വെളിപാടായിരുന്നു അത്. ജനതയുടെ നാഥനും (റബ്ബിന്നാസ്) ജനതയുടെ രാജാവും (മലികിന്നാസ്) ജനതയുടെ ദൈവവും (ഇലാഹിന്നാസ്) ആകുന്നു അല്ലാഹു എന്ന് ആ വെളിപാട് ചരിത്രത്തോട് വിളംബരപ്പെടുത്തി. പ്രവാചകത്വ സമാപനത്തിന്റേതായ വെളിപാട് കൂടിയായിരുന്നു അത്. അതിന്റെ പുസ്തകത്തിലെ അവസാനത്തെ അധ്യായം. ആ അധ്യായത്തിന്റെ പേര് തന്നെയും ജനത (അന്നാസ്) എന്നാകുന്നു.

ജനത (അന്നാസ്) എന്ന ആശയം ആവിഷ്കരിക്കപ്പെടുമ്പോഴാണ് നേതാവ് (ഇമാം) എന്ന ആശയം അനിവാര്യമായ അനുബന്ധമായി വരുന്നത്. രാജാവ് (മലിക്)നേതാവല്ല. അധികാരിയാണ്. എന്നാല്‍ പ്രവാചകന്‍ അധികാരിയല്ല. ഖുര്‍ആന്‍ തന്നെ അക്കാര്യം ഖണ് ഡിതമായി പറയുന്നു: “താങ്കള്‍ ഓര്‍മ്മപ്പെടുത്തുക. ഓര്‍മ്മിപ്പിക്കുന്നവന്‍ മാത്രമാകുന്നു താങ്കള്‍. അവരുടെ മേല്‍ താങ്കള്‍ അധികാരിയല്ല” (അല്‍ ഗാശിയ 21, 22).

ഇക്കാലത്ത് ഇത് പറയുമ്പോള്‍ അമ്പരപ്പുണ്ടാകും. കാരണം നേതാവ് രാജാവ് തന്നെയാണിന്ന്. അയാള്‍ക്ക് ജനതയുടെ മേല്‍ അധികാരം ഉള്ളതുപോലെയാണ് വെപ്പ്. അയാള്‍ വരുമ്പോള്‍ ജനം വഴിയില്‍ നിന്ന് മാറിക്കൊടുക്കണം. മുന്നിലും പിന്നിലും (സാധ്യതയുള്ള അപകടങ്ങള്‍ ഏറ്റുവാങ്ങാനായി) പൈലറ്റു വാഹനങ്ങള്‍ പായണം. ജനനേതാവായിക്കഴിഞ്ഞാല്‍ പിന്നെ അയാള്‍ക്ക് സാധാരണക്കാരനെ പോലെ നടന്നുകൂടാ. സാധാരണക്കാരന്‍ കിടക്കുന്നിടത്ത് കിടന്നുകൂടാ. പാവങ്ങള്‍ അന്നത്തിന് കരയുന്നത് ഏറ്റവും ജനാധിപത്യമുള്ള രാഷ്ട്രത്തിലെ നേതാവിന് പോലും അലോസരമാണ്.

എന്നാല്‍ പ്രവാചകനിലെ നേതാവ് ഇതില്‍ നിന്നും വ്യത്യസ്തനാണ്. അവിടുത്തെ പ്രാര്‍ഥന തന്നെ അതിന് തെളിവായി എടുത്തു കാട്ടാം. “അല്ലാഹുവേ, എന്നെ നീ ദരിദ്രരില്‍ ഒരുവനായി ജനിപ്പിച്ചാലും. ദരിദ്രരില്‍ ഒരുവനെന്ന നിലയില്‍ തന്നെ മരിപ്പിച്ചാലും. ദരിദ്രരുടെ കൂട്ടായ്മയില്‍ എന്നെ നീ ഉയര്‍ത്തെഴുന്നേല്‍പ്പിക്കയും ചെയ്താലും.”

പ്രവാചകനില്‍ മാതൃക കണ്ടെത്തി, ആ വിളക്കില്‍ നിന്ന് പ്രകാശം ഏറ്റുവാങ്ങി ജനനേതാക്കളാ യിത്തീര്‍ന്നവരും ഇതേ ആശയം ഉള്‍ക്കൊണ്ടാണ് ജീവിച്ചത്. രണ്ടാം ഖലീഫ ഉമറി(റ)ന്റെ ചരിത്രം ഉദാഹരണം. സീസര്‍ മഹാപതിയുടെ പ്രതിപുരുഷന്മാര്‍ അതിശക്തമായ ഇസ്ലാം സാമ്രാജ്യത്തിന്റെ അധിപനെ തേടിവന്ന വാര്‍ത്ത പ്രസിദ്ധമാണ്. അധിപനെ അവര്‍ തിരഞ്ഞു നടന്നു. ഒടുവില്‍ ഒരു മരത്തണലില്‍ വെറും നിലത്തു കിടന്നുറങ്ങുന്ന, കാറ്റില്‍ പാറുന്ന മുടിയും മണ്ണുപുരണ്ട ഉടയാടുകളുമുള്ള ഒരാളെ അവര്‍ കണ്ടെത്തി. അവര്‍ ചോദിച്ചു: “ഈ മഹാ രാഷ്ട്രത്തിന്റെ രാജാവ് എവിടെ?”

ഇവിടെ ഞങ്ങള്‍ക്ക് രാജാവില്ലല്ലോ.’

‘എന്നാല്‍ ആരാണുള്ളത്.’

‘ജനങ്ങളുടെ കാര്യങ്ങള്‍ നോക്കി നടത്തുന്ന അവരില്‍ തന്നെ പെടുന്ന ഒരാള്‍ മാത്രം.’ ‘അയാള്‍ എവിടെ? ഞങ്ങള്‍ക്കയാളെ കാണണം.’ ‘അതിന് ദൂരെയൊന്നും പോകണ്ട. അത് ഈയുള്ളവന്‍ തന്നെയാകുന്നു.’ ഉമറി(റ)ന്റെ മറുപടി

സീസര്‍ മഹാപതിയുടെ പ്രതിപുരുഷന്മാര്‍ക്കുണ്ടായ അമ്പരപ്പ് ഊഹിക്കാവുന്നതാണല്ലോ. ആ ലാളിത്യം അവരെ സ്തബ്ധരാക്കി. എന്നാല്‍ ആ മഹാശക്തിക്കു മുമ്പില്‍; സാമ്രാജ്യത്തെ തകര്‍ക്കുന്ന സാധാരണക്കാരന്റെ ശക്തിക്ക് മുമ്പില്‍ അവര്‍ മുട്ടു വിറച്ചുപോയി.

നേതാവ്(ഇമാം) എന്ന ആശയം ജനത എന്ന ചരിത്രഘടകം സ്വരൂപിക്കപ്പെടുമ്പോള്‍ മാത്രം പ്രകാശിതമാകുന്നതാണ്. ചരിത്രവുമായി ദര്‍ശനപരമായി ബന്ധിപ്പിക്കാവുന്ന നേ താവ് എന്നതിന്റെ തുടക്കം കണ്ടെത്താന്‍ കഴിയുക പ്രവാചക കുലപതിയായ ഇബ്റാഹീം(അ)മിലാണ്. വിശുദ്ധ ഖുര്‍ആന്‍ ഇബ്രാഹീം(അ)മിനെ പരിചയപ്പെടുത്തുന്നത് ‘ഇമാമുന്‍ ലിന്‍ നാസ്’ എന്നാണ്. ഇമാം എന്നതിന്റെ അര്‍ഥം നേതാവ്, നായകന്‍ എന്നിങ്ങനെ മാത്രം ഒതുങ്ങുന്നതാണെന്ന് മനസ്സിലാക്കരുത്. പ്രമാണം എന്ന അര്‍ഥത്തില്‍ വിശുദ്ധ ഖുര്‍ആന്‍ ഇമാം എന്ന ശബ്ദം പലയിടങ്ങളില്‍ ഉപയോഗിച്ചിട്ടുണ്ട്(11/17, 36/12, 46/12). ‘ഞാന്‍ നിന്നെ ജനതക്കുള്ള ഒരു ഇമാം ആയി നിശ്ചയിക്കുന്നു’ (2/124) എന്നതിന് ബൃഹത്തായ അര്‍ഥതലമാണുള്ളത്. ജനത എന്ന ചരിത്രഘടകത്തിന്റെ തുടക്കം തന്നെ ഇബ്രാഹീം(അ)മില്‍ നിന്നാണെന്നു വ്യജ്ഞിപ്പിക്കപ്പെടു ന്നുണ്ടിവിടെ. അതായത് ജനത എന്ന ആശയത്തിന്റെ ചരിത്രപരമായ പ്രഥമാവിഷ്കരണം ആ നിലക്കുള്ള പ്രമാണം ഇബ്റാഹീമി വ്യക്തിത്വത്തിലാണ് പ്രഥമമായി കണ്ടെത്താന്‍ കഴിയുക എന്ന് സാരം. അതേ സൂക്തത്തില്‍ തന്നെ ‘എന്റെ സന്തതിയില്‍ നിന്നും’ എന്ന ഇബ്രാഹിമി(അ)ന്റെ പ്രതികരണവും ശ്രദ്ധേയമാണ്. ജനത എന്നതിന്റെ ചരിത്രദര്‍ശനപരമായ പ്രാധാന്യം തന്നിലൂടെയെന്ന പോലെ തന്റെ സന്തതികളിലൂടെയും മനുഷ്യാനുഭവത്തിന് മനസ്സിലാ ക്കാനാകണം എന്നതായിരുന്നു ആ പ്രവാചക കുലപതിയുടെ പ്രാര്‍ഥന. അതുതന്നെയാണ് അന്ത്യപ്രവാചകനിലൂടെ കിട്ടിക്കഴിഞ്ഞതും. ‘എന്റെ പിതാവ് ഇബ്രാഹിമി(അ)ന്റെ പ്രാര്‍ഥനക്കുള്ള പ്രത്യുത്തരമാകുന്നു ഞാന്‍’ എന്ന് തിരുമേനി പറഞ്ഞത് ശ്രദ്ധേയമാണ്.

പ്രവാചക ശ്രേഷ്ഠരുടെ വിശേഷണവും പ്രവാചക കുലപതിയായ ഇബ്രാഹിമി(അ)ന് ദൈവത്തില്‍ നിന്ന് ലഭിച്ച വിശുദ്ധമായ അഭിധാനവുമാണ് ഇമാം എന്നത്. സമഷ്ടി, സമൂഹം, ജനത എന്നൊക്കെ അര്‍ഥം പറയാവുന്ന ഉമ്മത്ത് എന്ന ശബ്ദം പോലെയുള്ളതാണത്. ഉമ്മത്ത് എന്നതും ഇബ്രാഹിമി(അ)ന് നല്‍കപ്പെട്ട ഖുര്‍ആനികമായ ഒരു അഭിധാനമാണ്. ഉമ്മ്(മാതാവ്) ഉമ്മത് (സമഷ്ടി, ജനത) ഇമാം (ജനകീയ പ്രമാണം, ജനനേതാവ്) തുടങ്ങിയ ഖുര്‍ആനിക ആശയങ്ങള്‍ അര്‍ഥവത്തായ ഒരു സാമൂഹിക ഉടമ്പടി യിലേക്കുള്ള സൂചകങ്ങളാണ്.

കവിതയുടെ കാല്‍പ്പനികതയില്‍ സൂക്ഷിക്കപ്പെട്ട (ബൈബിളില്‍ വായിക്കാവുന്നതുപോലെ) സമിത്തിക ഇതിഹാസത്തില്‍ നിന്ന് ചരിത്രം എന്ന മനുഷ്യാനുഭവ യാഥാര്‍ഥ്യത്തിലേക്കുള്ള പുരോഗമനത്തിന്റെ തുടക്കമാണ് ഇബ്രാഹിമി(അ)ല്‍ കണ്ടെത്താനാവുക. കാരണം ഇബ്രാഹിം(അ) തന്നെയാണ് ഖുര്‍ആന്‍ പ്രകാരം ജനതക്കുള്ള ഇമാമും ജനത (ഉമ്മത്) തന്നെയും. ഇതിഹാസം എന്നത് ചരിത്രമാകുന്നത് ജനത എന്ന സുപ്രധാന ഘടകത്തെ അടിസ്ഥാനപ്പെടുത്തിയാണെന്നത് അംഗീകരിക്കപ്പെട്ട സാമൂഹിക ശാസ്ത്ര തത്വമാണ്. ജനതയുടെ സാന്നിധ്യമില്ലാത്ത ചരിത്രം മിത്താണ്.

ഖുര്‍ആന്‍ സ്വന്തം നിലയില്‍ തന്നെ ഒരു ഇമാമുമാണ്. ജനതക്കു വേണ്ടിയുള്ള പ്രമാണം. ഖുര്‍ആന്‍ എന്നപോലെ മൂസാ(അ)ന്ന് കിട്ടിയ തൌറാത്തിനെയും ഇമാം എന്നാണ് ഖുര്‍ആന്‍ തന്നെ പരിചയപ്പെടുത്തിയത്. ഖുര്‍ആനെപ്പോലെ തൌറാത്തും (പരിമിതമാണെങ്കിലും) ഒരു ജനതയെ സ്പര്‍ശിക്കുന്നതാണെന്ന് കാണാം. അതിനുമുമ്പായി മൂസാ(അ) യുടെ പുസ്തകം. ഇമാം ആയും കാരുണ്യമായും(11/17) മൂസാ(അ) പ്രവാചകന്‍ ഒരു ജനതയുടെ വിമോചകനും അവരെ നയിച്ച നേതാവുമായിരുന്നു.

ഇബ്രാഹീമീ പാരമ്പര്യത്തില്‍ മൂസാ(അ)യുടേത് ഒരു പ്രത്യേക വംശദേശീയതയിലൊതുങ്ങി യിരുന്ന ജനതയുടെ അടിമത്തത്തില്‍ നിന്ന് സ്വാതന്ത്യ്രത്തിലേക്കുള്ള പ്രയാണമായിരുന്നെങ്കില്‍ അന്ത്യപ്രവാചകനായ മുഹമ്മദ് നബിയിലൂടെ സാധിക്കുന്നത് മനുഷ്യരാശിയുടെ യൊന്നാകെയുള്ള ചരിത്രപരമായ ഉല്‍ഗ്രഥനവും അവരുടെ വംശദേശീയതകള്‍ ക്കെല്ലാം അതീതമായ കൂട്ടായ്മയുടെ യാഥാര്‍ഥ്യവത്കരണവും എല്ലാതരം അടിമത്ത ത്തില്‍ നിന്നുള്ള മോചനവുമാണ്. ജനത എന്ന ഇബ്രാഹിമീ തത്വം ചരിത്രപരമായി നിറവേറ്റപ്പെടുക എന്നത് ആ നിലക്ക് ഇബ്രാഹിം(അ)മിന്റെ ഉമ്മത്(സമഷ്ടി)എന്ന വിശേഷണവും ഇമാമുന്‍ ലിന്‍ നാസ്(ജനതയുടെ നേതാവ് പ്രമാണം) എന്ന വിശേഷണവും മുഹമ്മദ്(സ്വ) എന്ന പ്രവാചകനിലൂടെ ചരിത്രപരമായ ഒരു പൂര്‍ണതയായി അവതരിപ്പിക്കപ്പെടുന്നു. മുഹമ്മദ് നബി(സ്വ) ഇബ്രാഹിമി(അ)ന്റെ ചരിത്രപരമായ ആവര്‍ത്തനമായി ഭവിക്കുന്നു. ഒരു ഉപസംഹാരം എന്ന നിലയില്‍. ആ നിലക്കാണ് വര്‍ഗ വര്‍ണ ഭേദങ്ങളെ ല്ലാം മായുന്ന അറഫ എന്ന വിശുദ്ധ സംഗമത്തില്‍ അന്ത്യപ്രവാചകന്‍ ‘കരുണയുടെ കുന്നില്‍’ (ജബലുറഹ്മ) കയറി നിന്നുകൊണ്ട് ഇത്തരം ഒരു മനുഷ്യാവകാശങ്ങളുടെ പാവനത്വം വിളംബരം ചെയ്യുന്നത്. ഇത്തരം ഒരു മനുഷ്യാവകാശ പ്രഖ്യാപനം ചരിത്രത്തിന്റെ ഇദംപ്രഥമമായ മാനവിക അനുഭവവുമാണ്. പ്രവാചകന്‍ എന്ന നേതാവ് ചരിത്രത്തിലേക്ക് വരുന്ന നിര്‍ണിത മുഹൂര്‍ത്തമാണ് അറഫ. അതിനുമുമ്പ് വചനമായും വചനവുമായും വന്ന പ്രവാചകന്‍(ഈാസ(അ)) മനുഷ്യാവകാശങ്ങളെക്കുറിച്ചല്ല സംസാരിച്ചത്. അ വകാശങ്ങള്‍ നിഷേധിക്കപ്പെട്ട് അടിമകളായിപ്പോയവരെ ആശ്വസിപ്പിക്കുന്ന ഒരു ഭാഷണമാണ് അവരില്‍ നിന്ന് ചരിത്രത്തിന് ശ്രവിക്കാനായത്. അതുപോലെ അടിമകള്‍ സഹിക്കുന്ന നൊമ്പരത്തിന്റെയും ഏറ്റുവാങ്ങുന്ന പീഢനത്തിന്റെയും പാരമ്യത്തെ പ്രകാശിപ്പിക്കുന്ന ഒരു പ്രകടനവും ഒരു ആയത്ത് ആയി അവതരിപ്പിക്കപ്പെട്ട അവരുടെ ദേഹത്തിലൂടെ ചരിത്രത്തിനു മുമ്പില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. പരിഹാരം തേടുന്ന പ്രശ്നം എന്നതി ന്റെ അവതരണമായിരുന്നു ചരിത്രം സംബന്ധിച്ചിടത്തോളം ആ പ്രകടനം. അതില്‍ പ്ര വാചകന്‍ നേതാവല്ല. മറിച്ച് ജനത നേരിടുന്ന പ്രശ്നങ്ങളുടെ അവതാരകനും അവരുടെ രക്തസാക്ഷിത്വം വരെയെത്തുന്ന പീഡാനുഭവത്തിന്റെയും വേദയുടെയും ഉപമാനവും മാത്രമാണ്. അപ്പോള്‍ ചരിത്രത്തിന് മുമ്പില്‍ ചോദ്യചിഹ്നമായി നിന്ന പ്രശ്നത്തിന് പരിഹാരം എന്നതാണ് അറഫായില്‍ നിന്ന് മുഹമ്മദി(സ്വ)ലൂടെ ചരിത്രത്തിനു ലഭിക്കുന്നത്.

മനുഷ്യന്റെ ചരിത്രപരമായ വളര്‍ച്ചയില്‍ അടിമയുടമ ബന്ധങ്ങളുടെ വേരറുക്കുന്ന പ്രഥമമായ വിളംബരമായിരുന്നു അറഫയിലേത്. സമഷ്ടി എന്ന വര്‍ഗരഹിതമായ ഭ്രാതൃത്വത്തിന്റെ ഒരു കൊച്ചു മാതൃക അവിടെ അപ്പോള്‍ അവതരിപ്പിക്കപ്പെട്ടു.

പ്രവാചകനിലെ നേതാവാണ് ലോകത്തെങ്ങുമുള്ള അടിച്ചമര്‍ത്തപ്പെട്ട വര്‍ഗത്തെ അന്നേ രം തൊട്ടു നയിച്ചുപോന്നത്. കാരണം ആ നേതൃത്വത്തിലാണ് എല്ലാതരം ഭേദങ്ങളും അന്യമായ ജനത എന്ന ആശയം മറഞ്ഞുകിടന്നത്. പില്‍ക്കാലത്ത് അടിച്ചമര്‍ത്തപ്പെട്ടുപോരുന്ന ഏതു ജനതക്കും വിമോചനത്തിലേക്കുള്ള പ്രയാണത്തിന്റെ പ്രചോദകം ആ വി ശുദ്ധ നേതൃത്വമായിരുന്നു. സമഷ്ടി(ഉമ്മത്) ആയി ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന ഇബ്രാഹിം(അ)മിന്റെ ചരിത്രത്തിനു വേണ്ടിയുള്ള ലഭ്യത മുഹമ്മദ്(സ്വ) എന്ന പ്രവാചകന്റെ നേതൃത്വത്തിലാണ് മറഞ്ഞിരുന്നത്. അടിമകള്‍ അവരുടെ സ്വാതന്ത്യ്രം അറിഞ്ഞു. “അവരുടെ കൈകാലുകളിലേയും കഴുത്തിലെയും ചങ്ങലകള്‍ അറുത്തുമുറിച്ചുകളയാന്‍ വേണ്ടിവരുമെന്ന് സുവിശേഷമറി യിക്കപ്പെട്ട വ്യക്തിത്വത്തില്‍ മനുഷ്യചരിത്രാനുഭവം നേതാവിനെ കണ്ടെത്തിയതോടെ അടിമകളാക്കപ്പെട്ടവരോട് ഐക്യപ്പെട്ടുകൊണ്ട് സ്വയം ഒരു അടിമ എന്ന് പരിചയപ്പെടുത്തിയ നേതാവ്. എന്നാല്‍ ആ അടിമത്തം മനുഷ്യര്‍ക്കുള്ളതല്ല അവരുടെ സ്രഷ്ടാവിനുള്ളതാകുന്നു എന്നതാണ് മുഹമ്മദീയ നിയോഗത്തിന്റെ ക ക്തി. അത്തരം ഒരു അടിമത്തം അംഗീകരിക്കുന്ന അവസ്ഥയില്‍ മാത്രമേ മനുഷ്യന്‍ മറ്റ് അടിമത്തങ്ങളില്‍ നിന്ന് മോചിതരായി സഹോദരന്മാരായിത്തീരുകയുള്ളൂ എന്ന് ആ നേ താവ് പഠിപ്പിച്ചു. ചരിത്രത്തിന് അദ്ദേഹം അത് ബോധ്യപ്പെടുത്തിക്കൊടുക്കയും ചെയ്തു. പ്രവാചകന്‍ പറഞ്ഞു: ‘കൂനൂ ഇബാദല്ലാഹി ഇഖ്വാനന്‍’ നിങ്ങള്‍ അല്ലാഹുവിന്റെ അടിമകളായിക്കൊണ്ട് സഹോദരന്മാര്‍ ആയിത്തീരുവീന്‍. പരസ്പരം അടിമകളും ഉടമകളുമാകാന്‍ പാടില്ലെന്നര്‍ഥം.

നഷ്ടപ്പെട്ടുപോയ സ്വര്‍ഗത്തിലേക്കുള്ള തിരിച്ചുപോക്കാണിത്. പ്രവാചകന്റെ ആദമി(അ) ന്റെ ഏറ്റവും ശ്രദ്ധേയനായ ചരിത്രത്തിലെ സന്തതിയുടെ നേതൃത്വത്തിലൂടെയാണ് അത് നടക്കുക. ആദമി(അ)ന്റെ സ്വര്‍ഗം പൂര്‍വ ഭൌമാനുഭവമായാണ് ഖുര്‍ആന്‍ അവതരിപ്പിക്കുന്നത്. മുഹമ്മദ് നബി(സ്വ)യുടെ മുന്‍ഗാമിയായി വന്ന ഈാസ(അ) നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്തവര്‍ക്ക് വാഗ്ദാനം ചെയ്തത് ഉത്തരഭൌമമായ സ്വര്‍ഗലോകവുമാണ്. എന്നാല്‍ അത് ഒരു ‘ഉത്തരവും’ പ്രതിഫലവുമായിരിക്കുമെന്നത് മറന്നൂകൂടാ. ഭൌമാന്തര അനുഭവത്തിനു മുമ്പായി സ്വര്‍ഗലോകത്തിന്റെ മാതൃക ഭൂമിയില്‍ പണിതുയര്‍ത്തപ്പെടണമെന്നു സാരം. സ്വര്‍ഗം ഭൂമിയില്‍തന്നെ ആദ്യമായി പണിതീര്‍ക്കപ്പെടട്ടെ. അതിന്റെ പ്രതിഫലമായാണ് ജീവിതാനന്തരഘട്ടത്തില്‍ അത് ലഭിക്കുക. ഭൂമിയിലെ തന്റെ പ്രതിനിധിയായി ദൈവം ആദം(അ)മിനെ അയച്ചത് സ്വര്‍ഗീയമായ ഒരു മുന്‍ അനുഭവം നല്‍കിക്കൊണ്ടാണ്. സ്വര്‍ഗം നഷ്ടമാകുന്ന രീതിയും അതിന് കാരണമാകുന്ന ആശയവും അന്നേരം ആദമി(അ)ന് പഠിപ്പിക്കപ്പെട്ടു. ആദമി(അ)ന്റെ ചുമതല അതുകൊ ണ്ട് ഭൂമിയില്‍ അതുപോലൊന്ന് കൊണ്ടുവരലാണ്. അതായത് ദൈവത്തിന്റെ പ്രാതിനിധ്യം ഭൂമിയില്‍ പ്രകാശിപ്പിക്കല്‍. അതിനാണ് ഹാബീല്‍ രക്തസാക്ഷിയായത്. അതിനാണ് ഈാസാ(അ) കുരിശിനെ തകര്‍ക്കുന്ന ഉപമയടങ്ങിയ പ്രകടനം കാഴ്ചവെച്ചത്. അതിനാണ് മുഹമ്മദ് നബിസ്വ) അറഫായില്‍ വെച്ച് ജനസാഗരത്തെ അഭിസംബോധന ചെ യ്ത നേതാവായത്. ഇവിടെ, അടിമകളും ഉടമകളുമില്ലാതെ മനുഷ്യര്‍ സഹോദരന്മാരായിത്തീരുമ്പോള്‍ ആ സ്വര്‍ഗം, ദൈവരാജ്യം സാക്ഷാത്കരിക്കപ്പെടും. ആ സാക്ഷാത്കരണത്തിനുവേണ്ടിയുള്ള ഓരോ മനുഷ്യന്റെ പ്രവര്‍ത്തനവും ഉത്തര ഭൌമഘട്ടത്തില്‍ സ്വര്‍ഗീയാനുഭവമായി തിരിച്ചുകിട്ടുകയും ചെയ്യും.”ആരൊരുത്തന്‍ അണുതൂക്കം നന്മ ചെയ്തുവോ അത് അവന്‍ കാണും. അണുതൂക്കം തിന്മ ചെയ്തവനും അത് കാണും.”

അതിനാല്‍ വിശുദ്ധ പ്രവാചകനിലാണ് നമുക്ക് മാതൃക. അവിടെ തന്നെയാകുന്നു നമുക്കുള്ള നേതൃത്വവും. ഈ ലോകത്ത് അത് അറിഞ്ഞു അംഗീകരിക്കുന്ന നമുക്ക് അതേ മാതൃകയും നേതൃത്വവും അവിയെയും അനുഭവവേദ്യമാകും. അവിടെ അതാ നേതാവ്. -അവിടുത്തെമേല്‍ സമാധാനത്തിന്റെ സുരക്ഷിതത്വം എപ്പോഴുമുണ്ടാകട്ടെ- അദ്ദേഹം അവിടെ പതാകയേന്തിനില്‍ക്കുന്നു. ഭ്രാതൃത്വസമൂഹം എന്ന മാനവിക രാഷ്ട്രത്തിന്റെ പതാക! നാമെല്ലാം അങ്ങോട്ടെത്തിപ്പെട്ട് ആ പതാകക്ക് കീഴില്‍ അവിടുത്തെ നേതൃത്വത്തില്‍ ഒരു മഹാജനമായിത്തീരുക. എല്ലാ പ്രവാചകന്മാരും അവിടെയുണ്ടാകും. ആദമും(അ) ഇബ്രാഹിമും(അ) മറ്റെല്ലാവരും. അതിന് പരമകാരുണികന്‍ അനുഗ്രഹിക്കട്ടെ. പ്രവാചകര്‍ക്ക് സലാം. അല്ലാഹുവിന് സ്തുതി.


RELATED ARTICLE

  • ആശീര്‍വാദം
  • പ്രവാചകന്‍ നേതാവ്
  • അഹ്ലുല്‍ബൈതിന്റെ ആദ്ധ്യാത്മ രഹസ്യം
  • പ്രവാചക സ്നേഹം
  • ഇസ്റാഅ്: ശാസ്ത്രീയ വിശകലനം
  • മിഹ്രാജ് : ശാസ്ത്രീയ വിശകലനം
  • ഉപവനത്തിനന്തികേ………
  • മിഹ്രാജ് : ഉത്തുംഗതയിലേക്കുള്ള ഉഡ്ഡയനം