Click to Download Ihyaussunna Application Form
 

 

ഉപവനത്തിനന്തികേ………

ഒരു അനൂഭൂതിയെ ആവിഷ്കരിക്കാന്‍ ആരെങ്കിലും ആവശ്യപ്പെട്ടാല്‍ തെല്ലൊരു അന്ധാളിപ്പോടെ അതെങ്ങനെ എന്ന് ഞാന്‍ ചോദിച്ചുപോവാറുണ്ട്. ഒരു മാമ്പഴം എന്റെ രസനയുടെ മുകുളങ്ങളില്‍ അങ്കുരിപ്പിക്കുന്ന മധുരത്തെ പങ്കുവെക്കാന്‍ അതിലൊരു തുണ്ട് വേറൊരാള്‍ക്ക് മുറിച്ചു കൊടുക്കുന്നതുപോലും ചിലപ്പോള്‍ ഫലവത്താവുകയില്ല. കാരണം അയാള്‍ പനി ബാധിച്ച് വായ്ക്ക് കൈപ്പുള്ളവനാണെങ്കില്‍ എനിക്ക് മധുരിച്ചതും അയാള്‍ക്ക് കൈയ്ക്കും. എന്നാല്‍ അനുഭൂതിയെ പങ്കുവെക്കാനായി മറ്റൊരാളിനെ ക്ഷണിക്കാന്‍ ചിലപ്പോള്‍ വാക്കുകള്‍ക്ക് കഴിഞ്ഞേക്കും. അവ കൈമാറ്റം ചെയ്യപ്പടുന്നത്  സഹൃദയത്വമുള്ളവര്‍ക്കിടയിലാണെങ്കില്‍ മാത്രം. കാരണം മറ്റൊരാളുടെ അനുഭൂതിയുടെ മധുരം ഞാനറിയുന്നത് അയാള്‍ എന്റെ ഹൃദയം തന്നെയെടുത്ത് രസനയാക്കുന്നതുകൊണ്ടാണ്. അല്ലെങ്കില്‍ അയാളുടേത് എന്റെ ഹൃദയത്തിന്റെ മറ്റൊരു പതിപ്പായത് കൊണ്ട്.

ഒരു സഹൃദയന്‍ ഏതു ഭാഷയില്‍ ഏതു ശബ്ദത്തില്‍ പാടിയാലും അതില്‍ മധുരമുണ്ടാകും. മധുരത്തിന്റെ സ്രോതസ്സ് കണ്ടെത്തിയ ഒരു തേനീച്ചയെ പോലെയോ ഉറുമ്പിനെ പോലെയോ ആണ് അയാള്‍.  തന്റെ സഹജീവിയെ താന്‍ കണ്ടെത്തിയ ചക്കരയിലേക്ക് വിളിച്ചുവരുത്താന്‍ അവന് കഴിയുന്നു. കല്‍ക്കണ്ടത്തിന്റെ ഒരു തുണ്ടം വെച്ചിടത്ത് ഒരു ഉറുമ്പ് എങ്ങനെയോ എത്തിപ്പെടും. പിന്നെ ഒന്നു രണ്ടു നാഴിക നേരം കഴിഞ്ഞാല്‍ അത് വെച്ച സ്ഥലമാകെയും ഉറുമ്പുകള്‍ കൊണ്ട് നിറയും. മധുരമുണ്ട് എന്ന സന്ദേശം ഉറുമ്പുകള്‍ക്കിടയില്‍ കൈമാറ്റം ചെയ്യപ്പെടുന്നത് കൊണ്ടാണത്. ഒരു ഉപവനത്തെക്കുറിച്ചുള്ള സ്വപ്നം, അവിടെയെത്തിപ്പെടാനുള്ള തീവ്രമായ അഭിലാഷം, ഹൃത്തില്‍ നിറഞ്ഞു നില്‍ക്കുന്നവരാണ് അന്തിമ പ്രവാചകന്റെ വിശിഷ്ട സമൂഹത്തിലെ അംഗങ്ങള്‍. ഒരു വാഗ്ദാനം അവരുടെ കനവിലുണ്ട്. മധുര സ്രോതസ്സിലേക്ക് വിളിക്കപ്പെടുന്ന തേനീച്ചകളെപ്പോലെ ആ ഉപവനത്തിലേക്ക് പറക്കാന്‍ സമ്മാന വാഗ്ദാനമായി അവര്‍ ഹൃത്തില്‍ താലോലിക്കുന്ന ഒരു വചനമുണ്ട്. എന്നും അവര്‍ക്ക് ചോദകമായിരുന്നു ആ തിരുവാക്യം. ‘എന്റെ  ഖബ്റിനും   മിമ്പറിനുമിടക്കുള്ളത് സ്വര്‍ഗത്തില്‍ നിന്നുള്ള ഒരു റൌളയാകുന്നു’ എന്ന നബിവചനമാണിത്. പൂവാടി അഥവാ ഉപവനം എന്നാണാ ശബ്ദത്തിനര്‍ഥം.

പണ്ട് മലയാളക്കരയില്‍ നിന്നൊരു കവി അവിടെച്ചെന്ന് ഇങ്ങനെ പാടിയത്രെ.

“എന്‍ നയനങ്ങളില്‍ മിഴിനീര്‍

വറ്റിയില്ലിനിയും

എന്‍ കവിളിണകളിലൂടത്

ഒഴുകീടുന്നു സരിത്തായ്

ഇരുലോകത്തിനും പ്രഭുവായ് വന്ന

പൂമാനോടുള്ള അനുരാഗവായ്പാല്‍!

ജീവിച്ചാലെന്ത്, മരിച്ചുമണ്ണായാ

ലെന്തു ഞാന്‍!

തുടരുമെന്നനുരാഗം

അഭംഗുരമെപ്പോഴും

നിങ്ങളുമോതുവിന്‍ മന്ത്രം

അനുഗ്രഹത്തിനും ശാന്തിക്കുമായവിടുത്തെ മേല്‍”

പരിശുദ്ധ പ്രവാചക(സ്വ)ന്റെ സ്വത്വത്തെ അറിഞ്ഞ ഹൃദയമുള്ള ഒരാള്‍ക്കു മാത്രമേ ഇങ്ങനെ പാടാന്‍ സാധിക്കൂ. ഈ വരികള്‍ സ്നേഹിക്കുന്ന ഒരു ഹൃദയം വിട്ടേച്ചുപോയ വേദനയാണ്. വാണിയായും സരിത്തായും സല്‍ഹൃദയങ്ങളെ നനച്ചുകൊണ്ട് ഒഴുകുന്ന പ്രവാഹം. മധു കണ്ടെത്തിയ തേനീച്ചയുടെ പ്രകൃതമുണ്ടിവിടെ കവിഹൃത്തിന്. താന്‍ കണ്ടെത്തിയ മധുവിലേക്ക് സഹജീവികളെയും ക്ഷണിക്കുന്ന നര്‍ത്തനത്തിന്റെ അനുരണനം എവിടെയുമുള്ള മധുസ്നേഹികള്‍ അറിയുന്നു. മധുരത്തിന്റെ സ്രോതസ്സിലേക്ക് അവരും പറന്നു ചെല്ലുന്നു.

‘നിങ്ങള്‍ പ്രവാചകനെ സ്നേഹിച്ചുകൊള്ളണം’ എന്നുത്തരവിടുന്ന ഒരു പ്രഭാഷകന്റെ ശൈലിയല്ല കവിയുടേത്. മറിച്ച് സ്നേഹം എന്നത് അനുഭവിച്ചറിഞ്ഞ ശേഷം അതിന്റെ മധുരം പങ്കുവെക്കാന്‍ മറ്റുള്ളവരെക്കൂടി വിളിച്ചുവരുത്തുന്ന ഉദാത്തമായ സഹൃദയത്വത്തിന്റെ അകൃത്രിമമായ ഒഴുക്കാണത്. ചെവിയുള്ളവന്‍ നിന്നു കേട്ടുപോകും ആകീര്‍ത്തനം. ഹൃദയമുള്ളവന്‍ കൊതിച്ചുപോകും അവിടേക്ക് പറന്നെത്താന്‍.’

തന്റെയെന്നപോലെ സഹജീവികളുടേയും ഹൃദയങ്ങളെ നിറച്ച് കണ്ണുകളെ നനയ് ക്കാന്‍ കഴിയുന്നവര്‍ക്കേ ഏതെങ്കിലും ഹൃദയത്തില്‍ താന്‍ സ്നേഹിക്കുന്നതിന് നേരെ സ്നേഹം അങ്കുരിപ്പിക്കാന്‍ കഴിയുകയുള്ളൂ.

ഒരാള്‍ക്ക് തന്റെ സ്വാത്മ സ്വത്വത്തെക്കാള്‍ പ്രിയപ്പെട്ടതായിരിക്കേണ്ട വ്യക്തിത്വമാണ് റസൂലി(സ്വ)ന്റേത് എന്ന് പറയുമ്പോള്‍ പ്രവാചക സ്നേഹം മനുഷ്യ ഹൃദയങ്ങളില്‍ ആ നിലക്ക് വളരാനാവശ്യമായ സാഹചര്യങ്ങളുണ്ടായിരിക്കണം. സ്നേഹിക്കാന്‍ സാധിക്കും. പക്ഷേ, സ്നേഹിപ്പിക്കുകയെന്നത് അസാധ്യമാണ്. പോലീസിനെപ്പോലുള്ള ഒരാള്‍ക്ക് ക്രൂരത സ്ഫുരിക്കുന്ന ഭാവഹാവാദികളിലൂടെയും ഭത്സനത്തിലൂടെയും ഉത്തരവുകളിലൂടെയും ജനിപ്പിക്കാന്‍ കഴിയുന്ന ഒന്നല്ല സ്നേഹം. എന്നാല്‍ തീര്‍ച്ചയായും ഭയം അങ്ങനെയുള്ളതാണ്. ആദരവും ഒരു പരിധിവരെ അങ്ങനെ ജനിപ്പിക്കാന്‍ സാധിക്കും.

മനുഷ്യ മനസ്സില്‍ സഹൃദയത്വത്തിന്റെ മണ്ണൊരുക്കിയാല്‍ മാത്രം കിളിര്‍ക്കുന്ന ഒന്നാണ് സ്നേഹം. ഭയചകിതമായ മനസ്സില്‍ നിന്ന് വിശ്വാസപരമായ ഒരു ബാധ്യതയെന്ന പോലെ വരുന്ന ഒന്നാണ് സ്നേഹമെന്ന ധാരണ തിരുത്തപ്പെടേണ്ടതാണ്. ആദരം, ഭയഭക്തി എന്നിവയെയൊക്കെ മനസ്സില്‍ ജനിപ്പിക്കുന്ന കാരണങ്ങള്‍ സ്നേഹം അങ്കുരിപ്പിക്കാന്‍ പ്രാപ്തമായിക്കൊള്ളണമെന്നില്ല. സ്നേഹിക്കപ്പെടണമെങ്കില്‍ സ്നേഹ വസ്തുവില്‍ സ്നേഹം നിറഞ്ഞിരിക്കുന്നുവെന്ന് സ്നേഹിക്കുന്ന മനസ്സിന് ബോധ്യമാകണം. സ്നേഹവസ്തുവിനെ പരിചയപ്പെടുത്തുന്നവര്‍ അത്തരം ഒരു സമീപനം തന്നെ സ്വീകരിക്കുകയും വേണം. കവിഹൃദയമുള്ളവര്‍ക്ക് മാത്രം സാധിക്കുന്നതാണ് അത്.

പ്രവാചകനെ(സ്വ)  നാം സ്നേഹിക്കുകയാണോ അതോ ഭയപ്പാടോടെ ആദരിക്കുകയാണോ ചെയ്യുന്നത്? രണ്ടാമത് പറഞ്ഞതാണ് വാസ്തവമെങ്കില്‍ നാം സ്നേഹം എന്ന ആശയ ത്തെ തന്നെ തെറ്റായാണ് മനസ്സിലാക്കിയിരിക്കുന്നത് എന്നാണ് കാണേണ്ടത്. പ്രവാചകന്റെ(സ്വ)നേരെയുള്ള സ്നേഹം പോലും നമ്മില്‍ അങ്കുരിക്കുന്നത് ഭയത്തില്‍ നിന്നാണ് എന്ന് വരുന്നതിനെക്കാള്‍ ബാലിശതയുള്ള മറ്റൊന്നില്ല. സ്നേഹത്തിന് ഒരു ബാധ്യതയുടെ ഭാരം അനുഭവപ്പെടാന്‍ പാടില്ല. നൈസര്‍ഗികമായിരിക്കണം അത്.

എന്നാല്‍, പരമാര്‍ഥജ്ഞാനികളായ ഗുരുവര്യന്മാരും പ്രവാചക സത്യത്തെയും പ്രവാചകസത്തയെയും അനുഭവിച്ചറിഞ്ഞ സഹൃദയത്വമുള്ളവരും അവിടുത്തെ സ്നേഹിക്കുകയാണ് ചെയ്യുന്നത്. ഭയപ്പെടുകയല്ല, കാരണം ആ വ്യക്തിത്വത്തില്‍ അവര്‍ കണ്ടെത്തുന്നത് എല്ലാ ഭയങ്ങളില്‍ നിന്നും മോചനം സാധിപ്പിച്ചുതരുന്ന അഭയമാണ്. ഭയാശങ്കകളില്‍ നിന്നും മനുഷ്യാത്മാവിന് മോചനം സാധിപ്പിച്ചു കൊടുക്കാനാണ് പരമമായ കാരുണ്യത്തില്‍ നിന്നും ദിവ്യവാണിയുമായി ഒരു പ്രവാചകന്‍ അയക്കപ്പെടുന്നത്. പ്രവാചകന്‍ എല്ലാ അര്‍ഥത്തിലും വിമോചകനാണ്. ഭയാശങ്കകളില്‍ നിന്ന് മോചനം സാധിപ്പിച്ചുതരുന്ന അഭയമാണ്. അഭയം ഭയഹേതുകമാവുകയില്ല. സ്നേഹത്തിന്റെ പൂര്‍ണിമ തന്നെയായിരിക്കണം അത്. അതിന് ഉദാഹരണമാണ് കുഞ്ഞുംമാതാവും. ഒരു ശിശുവിന് തന്റെ മാതാവിനെക്കാള്‍ സുരക്ഷിതത്വം അനുഭവപ്പെടുന്ന മറ്റൊരു സാന്നിധ്യമുണ്ടാവുകയില്ല. അതുകൊണ്ടാണ് പൈതങ്ങള്‍ക്ക് അധികനേരം ഉമ്മമാരെ വിട്ടുനില്‍ക്കാന്‍ കഴിയാതെ വരുന്നത്. സ്നേഹത്തിലൂടെയാണ് മാതൃശിശുബന്ധം ഉറപ്പിക്കപ്പെടുന്നത്. ഈശ്വരീയതയുടെ അനിവാര്യതയായ റഹ്മാനിയ്യത്തി ന്റെ പ്രകടന വേദിയാണ് ഉമ്മയില്‍ നിന്ന് കുഞ്ഞിലേക്കൊഴുകുന്ന കരുണാമയമായ സ്നേഹവും ഉമ്മയോടുള്ള കുഞ്ഞിന്റെ തീവ്രാഭിലാഷത്തിലൂടെ പ്രകടമാകുന്ന സ്നേഹവും. കുഞ്ഞിന് മാതാവിലൂടെ ലഭ്യമാകുന്ന ആനന്ദം സുരക്ഷിതത്വത്തിന്റെ പേരില്‍ മാത്രമുള്ളതല്ല, നിര്‍ഭയത്വത്തിന്റെയും സ്വാതന്ത്യ്രത്തിന്റെയും പേരിലും കൂടിയാണ്. സ്വാതന്ത്യ്രം എന്നത് ഒരു കുഞ്ഞിന് കണ്ടെത്താന്‍ കഴിയുന്നത് ജനനിയുടെ മടിത്തട്ടില്‍ മാത്രമാണ്. അമ്മിഞ്ഞതൂവമൃതാണ് സ്നേഹത്തിന്റെ സംസം.

ഇതുപോലെ തന്നെയാണ് പ്രവാചക(സ്വ)നോടുള്ള സ്നേഹത്തിന്റെ പ്രകൃതം. അവി ടെ സ്നേഹത്തിന്റെ നിറവു കണ്ടെത്താന്‍ കഴിയുന്നതുകൊണ്ടാണ് മനുഷ്യന്‍ അങ്ങോട്ടാകര്‍ഷിക്കപ്പെടുന്നത്. ഖുര്‍ആന്‍ തന്നെ ആ വസ്തുത അറിയിച്ചു തരുന്നുണ്ട്. ‘പരുഷ പ്രകൃതമുള്ളവനും കഠിനഹൃദയമുള്ളവനുമായിരുന്നു താങ്കളെങ്കില്‍ അവര്‍ താങ്കളുടെയടുക്കല്‍ നിന്ന് ഒഴിഞ്ഞുപോയ്ക്കളയുമായിരുന്നു’(3/159). ഈ വസ്തുതയെ ഉള്‍ക്കൊണ്ട സഹൃദയര്‍ പ്രവാചകരില്‍ കണ്ടെത്തുക തങ്ങളുടെ മാതാപിതാക്കളെയായിരിക്കും. അല്ല, അതിലും വലിയ ഒരു സ്നേഹ സ്രോതസ്സിനെ, മന്‍ഖൂസ്വ് മൌലിദ് എന്ന നബി കീര്‍ത്തനത്തിന്റെ ഈരടികള്‍ ഓര്‍ത്തുപോകുന്നു.

“അങ്ങ് ഞങ്ങള്‍ക്ക് മാതാവാണ്,

അല്ല പിതാവുമാണ്.

അങ്ങയില്‍ കണ്ടെത്താവുന്ന സ്നേഹ വായ്പ്

അവരിലിരുവരിലും

ഞങ്ങള്‍ക്ക് കണ്ടെത്താനാവുന്നില്ലല്ലോ.”

ഒരു ബലവാനായ അധികാരി, അല്ലെങ്കില്‍ സ്വേച്ഛാധിപതിയായ രാജാവ്, മനുഷ്യരില്‍ നിന്ന് സ്നേഹം പിടിച്ചുപറിച്ചെടുക്കാന്‍ ശ്രമിക്കുന്നു. അയാളുടെ ഹൃദയത്തിലാണെങ്കില്‍ സ്നേഹത്തിന്റെ ഉറവയില്ല താനും. ദുഷ്ടനും ക്രൂരനുമാണ് അയാളെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാലും താന്‍ സ്നേഹിക്കപ്പെടണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ട്. താന്‍ അടിച്ചമര്‍ത്തുന്ന ജനം അയാളെ ആശ്രിതവത്സലന്‍ എന്നു വിളിക്കണം. കാരുണ്യത്തിന്റെ നിറകുടമായി അയാള്‍ വാഴ്ത്തപ്പെടണം. അതിനുവേണ്ടി അയാള്‍ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നു. വാള്‍ ഉറയില്‍ നിന്ന് ഊരിപ്പിടിച്ചു നില്‍ക്കുന്ന പട്ടാളങ്ങളെ ഉപയോഗിച്ച് ജനം തന്നെ സ്നേഹിച്ചുകൊള്ളണമെന്ന് ഉത്തരവിടുന്നു. പക്ഷേ, അത്തരക്കാര്‍ക്ക് മനുഷ്യ ഹൃദയങ്ങളിലേക്ക് പ്രവേശനമുണ്ടാകുമോ? ഭയത്തില്‍ നിന്ന് ലഭിക്കുന്ന ആദരം അവര്‍ക്ക് കിട്ടിയേക്കും. എന്നാല്‍ അവര്‍ സ്നേഹിക്കപ്പെടുകയില്ല. കാരണം സ്നേഹത്തിന്റെ വഴിത്താര നിയമമല്ല. അതിന്റെ പ്രേരകം ഭയവുമല്ല.

ഒരു പ്രവാചകന്‍ ഇങ്ങനെയല്ല. നിങ്ങളുടെ സ്നേഹം പിടിച്ചുപറിച്ചെടുക്കാന്‍ അദ്ദേ ഹം ശ്രമിക്കില്ല. അത്തരം സ്നേഹം അദ്ദേഹത്തിനാവശ്യവുമില്ല. അതുപോലെ ഭയത്തില്‍ നിന്ന് ജനിക്കുന്ന ആദരവിനും അദ്ദേഹം വിലമതിക്കില്ല.(തന്നെ കാണുമ്പോള്‍ എഴുന്നേറ്റു നില്‍ക്കുന്നതുപോലും നബിതിരുമേനി ഇഷ്ടപ്പെട്ടിരുന്നില്ല) പക്ഷേ, നിങ്ങ ള്‍ക്കദ്ദേഹത്തെ സ്നേഹിക്കാതിരിക്കാനാവില്ല. കാരണം നിങ്ങളെക്കാള്‍ കൂടുതലായി അദ്ദേഹം നിങ്ങളെ സ്നേഹിക്കുന്നു. നിങ്ങളുടെ വേദനയെ അദ്ദേഹം കണ്ടറിഞ്ഞിട്ടുണ്ട്. ഹാബീലിന്റെ വധം മുതല്‍ കുരിശിലെ പ്രകടനം വരെ നീളുന്ന മനുഷ്യവേദനയെ കണ്ടറിഞ്ഞവരും അതിന് പരിഹാരവുമായി വന്നവരുമാണ് പ്രവാചകന്‍. നിങ്ങളുടെ പട്ടിണിയെ അദ്ദേഹം ഉള്‍ക്കൊണ്ടിട്ടുണ്ട്. നിങ്ങള്‍ അന്യായമായി വധിക്കപ്പെടുന്നതും കല്‍തുറുങ്കിലടക്കപ്പെടുന്നതും ഭാരം വഹിപ്പിക്കപ്പെടുന്നതും അടിമകളാക്കപ്പെടുന്നതും വസ്ത്രമുരിയപ്പെട്ട് മരുഭൂമിയിലൂടെ കഠിനമായ സൂര്യന്റെ മുഖത്ത് മലര്‍ത്തിയിട്ട് വലിച്ചിഴക്കപ്പെടുന്നതും അദ്ദേഹം കണ്ട് കരഞ്ഞിട്ടുണ്ട്. നിങ്ങളുടെ വേദന അദ്ദേഹത്തിന്റെ വേദനയായി മാറിയിട്ടുണ്ട്. അതെ, നിങ്ങളില്‍ നിന്നുതന്നെയുള്ള ദൂതന്‍ നിങ്ങളുടെ അടുത്തേക്ക് വന്നിരിക്കുന്നു. നിങ്ങള്‍ പ്രയാസങ്ങളിലാകുന്നത് അവന് അസഹ്യമാകുന്നു. നിങ്ങളുടെ ക്ഷേമത്തില്‍ ഉല്‍ക്കടമായ തൃഷ്ണയുള്ളവന്‍. വിശ്വാസികള്‍ക്കുനേരെ കൃപയുള്ളവന്‍. കാരുണികന്‍ (9/128).

ആ കാരുണ്യസാഗരത്തിന് സാധിക്കുക നിങ്ങളെ ഭയപ്പെടുത്തി വിറകൊള്ളിക്കാനല്ല. നിങ്ങളെ വിറകൊള്ളിക്കുന്നവരില്‍ നിന്ന് നിങ്ങള്‍ക്ക് അഭയം നല്‍കാനാണ് അദ്ദേഹം വന്നത്. അതുകൊണ്ട് നിങ്ങളുടെ ഹൃദയങ്ങളിലേക്കദ്ദേഹം കയറിവരുന്നു. അതില്‍ നിറയുന്നു. കണ്ണുനീരായി അത് ഒഴുകുന്നു. ഉമര്‍ഖാളി(റ) പാടിയല്ലോ. ‘മാജഫ്ഫ ദംഉന്‍ സാല മിന്‍ അയ്നയ്നീ’ എന്റെ മിഴിയിണകളിലെ ഇനിയും വറ്റിയിട്ടില്ലാത്ത കണ്ണുനീര്‍ അവിടുത്തോടുള്ള തന്റെ സ്നേഹവായ്പില്‍ നിന്ന് ഉതിരുന്നതാണ് എന്ന്.

ഹൃദയമെന്ന മണ്ണില്‍ സേചനം നടത്താനുള്ള ജലമാകുന്നു കണ്ണുനീര്‍. ഏതെങ്കിലും ഒരു ഹൃദയത്തില്‍ നിന്നുമത് പൊട്ടിയൊഴുകുന്നത് സംസമിന്റെ പ്രകൃതത്തിലാണ്. മറ്റു ഹൃദയങ്ങളെ മലര്‍വാടിയാക്കാനതിനു കഴിയും. വരണ്ടുറച്ചുപോയ ഹൃദയങ്ങളില്‍ അത് ചെന്നെത്തുമ്പോള്‍ കുസുമ വാഹിനികള്‍ക്കും ഔഷധികള്‍ക്കും ഫല വൃക്ഷങ്ങള്‍ക്കും അത് മണ്ണൊരുക്കും. കരിഞ്ഞുപോകാതെ അതിജയിക്കാന്‍ അവക്ക് കരുത്തു നല്‍കുകയും ചെയ്യും. ഇങ്ങനെ ഹൃദയത്തില്‍ നിന്ന് ഹൃദയത്തിലേക്ക് സ്നേഹത്തിന്റെ മിഴിനീരിലൂടെ സേചനം നടത്തിയവരാണ് പ്രവാചകനെ(സ്വ)അനുഭവിച്ചവര്‍. പ്രവാചക സ്നേഹത്താല്‍ അവര്‍ മനുഷ്യഭൂവില്‍ ഉപവനങ്ങള്‍ തീര്‍ക്കുന്നു. കരുണയുടെയും സഭ്യതയുടെയും പങ്കുവെക്കപ്പടുന്ന സാഹോദര്യത്തിന്റെയും നറുംപുഷ്പങ്ങള്‍ വിരിയിക്കുന്ന പൂവാടികള്‍.

മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കിക്കൊണ്ടിരുന്ന ഒരു പ്രശ്നം, സംഗതി വശാല്‍, ഇവിടെ ചര്‍ച്ചക്കെടുത്തോട്ടെ. മുസ്ലിം മനസ്സിനെ മാത്രം കണ്ടുകൊണ്ടുള്ള ഒന്നല്ല, പൊതുവില്‍ മലയാള സഹൃദയ ലോകത്തിന്റെ മനോഭാവത്തെ അധികരിച്ച് മനസ്സില്‍ കിളിര്‍ത്തതാണ് അത്. മനസ്സ് വല്ലാതെ സങ്കടപ്പെടുന്ന ഒരു കാര്യം. എന്തുകൊണ്ട് ഈസാ(അ)മില്‍ ചാര്‍ത്തപ്പെടുന്ന സ്നേഹ വര്‍ണവും അദ്ദേഹത്തിനു ലഭിക്കുന്ന സ്നേഹവും മതഭേദങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും അതീതമായ വിധത്തില്‍ നമ്മുടെ പ്രവാചക(സ്വ)ന്റെ നേരെ എല്ലാവരില്‍ നിന്നുമുണ്ടാകുന്നില്ല. ഈസാനബി(അ), മുഹമ്മദ് (സ്വ) എന്നീ വിശുദ്ധ വ്യക്തിത്വങ്ങള്‍ ഒരേ പൈതൃകത്തിന്റെ രണ്ടു വഴിക്കുള്ള തുടര്‍ച്ചകളിലെ സമാപന മുദ്രകളാണ്. രണ്ടുപേരും ഒരേ ധര്‍മ സംഹിതയുടെ വക്താക്കളാണ്. എന്നാല്‍ ഒരാള്‍ സ്നേഹ ദൂതനായി വാഴ്ത്തപ്പെടുമ്പോള്‍ മറ്റെയാള്‍ ആ നിലയില്‍ അത്രത്തോളം പരിഗണിക്കപ്പെടുന്നുണ്ടോ? ഈസാനബി(അ)മും മുഹമ്മദ്(സ്വ)യും തമ്മിലുള്ള പാരസ്പര്യത്തിന്റെ ശരിയായ പ്രകൃതവും പ്രാധാന്യവും വേണ്ട നിലയില്‍ പരിചയപ്പെടുത്തപ്പെടാതെ പോയതാണ് ഇതിന് ഒരു കാരണമായി കാണുന്നത്. ദര്‍ശനപരമായും ചരിത്രപരമായും വിലയിരുത്തപ്പെടേണ്ട ഗഹനമായൊരു വിഷയമാണ് പക്ഷേയത്. എന്നാല്‍ സഹൃദയലോകത്തെ സംബന്ധിക്കുന്ന ലളിതമായൊരു കാരണം വേറെയുണ്ട്. ഈ നിബന്ധനത്തിന്റെ വരുതിയില്‍ അതാണ് വരുന്നത്. അതെന്താണ്?

ഈസാനബി(അ)യും തിരുനബി(സ്വ)യെയും ഏറ്റെടുത്തവരുടെ സമീപന രീതികളിലും അവരുടെ ഉചിതജ്ഞതയിലും അക്ഷരസഭ്യതയിലും സഹൃദയത്വത്തിലുമൊക്കെയുള്ള വ്യത്യാസവും അന്തരവുമാണ് ഇവിടെ കാണപ്പെടുന്നത്.

കലയിലേക്കും സാഹിത്യത്തിലേക്കും പ്രവാചകന്(സ്വ)വളരെയേറെയൊന്നും പ്രവേശനം ലഭിച്ചിട്ടില്ല എന്ന ഒന്ന് വേറെയുണ്ട്. ഇസ്ലാമിന്റെ വിശ്വാസപരമായ അച്ചടക്കത്തെ നഷ്ടപ്പെടുത്തിക്കൊണ്ടുള്ള ഒരു ആവിഷ്കരണത്തിന് മുസ്ലിം മനസ്സ് തയ്യാറാകാത്തതില്‍ പക്ഷേ, അപാകതയൊന്നുമില്ല. അതുകൊണ്ടുള്ള നേട്ടങ്ങള്‍ അതിന്റെ അഭാവത്തില്‍ നിന്നുള്ള പോരായ്മയെക്കാള്‍ മൂല്യവത്തുമാണ്.

വിഗ്രഹവത്കരിക്കപ്പെട്ടു ചൂഷണോപാധിയാകാതെ മാനുഷികമായ തനിമയോടെ വിശുദ്ധ വ്യക്തിത്വം തിളങ്ങി നില്‍ക്കുന്നുവെന്നത് ചരിത്രപരമായ പരിണാമത്തോട് ആ വ്യക്തിത്വത്തിനുള്ള അഭേദ്യതയെന്നാണല്ലോ വ്യഞ്ജിപ്പിക്കുന്നത്. ദൈവമാക്കപ്പെടാതെ ഭൂമിയിലെ മനുഷ്യനായി എന്നും ജീവിക്കുന്നവനെയാണ് ചരിത്രത്തിന് ആവശ്യം. അതുകൊണ്ട് കലയിലേക്ക് ആ വ്യക്തിത്വം അധികമായി എടുക്കപ്പെടാത്തതില്‍ പന്തികേടില്ല. പക്ഷേയിപ്പറഞ്ഞത് ചിത്രകലയിലേക്കും പ്രതിമകളിലേക്കും മറ്റും പ്രവാചക വ്യക്തിത്വത്തെ കൊണ്ടുവരുന്നതിനെ മാത്രമേ തടസ്സപ്പെടുത്തുന്നുള്ളൂ.

എന്നാല്‍ അക്ഷരലോകത്ത് എല്ലാവരുടെയും സ്നേഹ പാത്രമാകും വിധം പ്രവാചക വ്യക്തിത്വം മലയാളത്തില്‍ ചിത്രീകരിക്കപ്പെട്ടിട്ടുണ്ടോ? സ്നേഹത്തിന്റെ ഭാഷയില്‍ വിരചിതമായ എത്ര നബി ചരിത്ര രചനകളുണ്ട് നമ്മുടെ ഭാഷയില്‍? നബി ചരിത്ര രചനക്കുവേണ്ടി അംഗീകരിക്കപ്പെട്ട നിലവാരത്തിലുള്ള നല്ല മലയാളം ഉപയോഗിക്കുന്നതിന് പോലും വിലക്കുള്ളതായാണ് അനുഭവം. സ്നേഹിക്കപ്പെടുന്നതിനു പകരം ഭയത്തില്‍ നിന്നുളവാകുന്ന ഒരുതരം ആദരവ് ജനിപ്പിക്കാനുതകുന്ന പരിവേഷമാണ് സാമാന്യമായ മുസ്ലിം രചനകളില്‍ പ്രകടമാകുന്നത്.  . ഒരു വൃദ്ധ വ്യക്തിത്വത്തെ അവതരിപ്പിക്കുന്ന ഭാഷ കൊണ്ട് തന്നെ കൌമാരത്തെയും ശൈശവത്തെയും കൈകാര്യം ചെയ്യുകയെന്നത് ശരിയല്ലല്ലോ. സ്നേഹ വസ്തുവെ ഭയങ്കര വസ്തുവാക്കി അവതരിപ്പിക്കാനേ പ്രവാചകനെ സ്വയം ഏറ്റെടുത്തവര്‍ ശ്രമിക്കുന്നുള്ളൂ. ഈ സാഹചര്യത്തില്‍ പ്രവാചകനെ(സ്വ)അധികരിച്ച് സാഹിത്യമുണ്ടാക്കുകയെന്നത് മലയാളത്തില്‍ വിദൂര സാധ്യതയായി അവശേഷിക്കുന്നു. നമ്മുടെ പ്രവാചകന്‍(സ്വ)സൌന്ദര്യസങ്കല്‍പ്പത്തിനും സഹൃദയത്വത്തിനും പുറത്ത് നിര്‍ത്തപ്പെടുന്നു. എന്തൊരു ക്രൂരതയാണിതെന്ന് ആരും കാണുന്നില്ല. മലയാള സാഹിത്യത്തില്‍ പ്രവാചക സാന്നിധ്യം ഉണ്ടായിട്ടില്ലെന്ന് പ്രശസ്തനായൊരു എഴുത്തുകാരന്‍ ഈയിടെ അഭിപ്രായപ്പെട്ടതിനെ മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും പക്ഷത്ത് നിന്നുകൊണ്ട് നോക്കുമ്പോള്‍ ചോദ്യം ചെയ്യാന്‍ നിര്‍വാഹമില്ല. എന്നാല്‍ പേര്‍ഷ്യന്‍, ഉര്‍ദു തുടങ്ങിയ ഭാഷകളില്‍ പ്രവാചക ജീവിതത്തെ അധികരിച്ച ഉത്തമ സാഹിത്യ സൃഷ്ടികള്‍ ധാരാളമുണ്ടായിട്ടുണ്ട്. സ്വൂഫി രചനകളില്‍ പലതിലും അത് കാണാം.  വിശ്വ സാഹിത്യത്തിലെ ഒരു മഹാ വിസ്മയമായ ജലാലുദ്ദീന്‍ റൂമിയുടെ മസ്നവി തന്നെ നല്ലൊരു ഉദാഹരണമാണ്. സ്വൂഫി പാരമ്പര്യമുള്ളവരുടെ അറബി കാവ്യങ്ങളിലും വിശുദ്ധ വ്യക്തിത്വത്തെ മിഴിവോടെ അവതരിപ്പിക്കുന്ന വരികള്‍ കാണാനാകും. കാവ്യങ്ങളിലാണ് പ്രവാചക വ്യക്തിത്വത്തോടുള്ള ഊഷ്മളമായ സ്നേഹം ആവിഷ്കരിക്കപ്പെട്ടത് കാണാനാവുക. മൌലിദുകളിലെ ഈരടികള്‍ പ്രവാചകനോട് ഹൃത്തില്‍ സ്നേഹം അങ്കുരിപ്പിക്കാന്‍ പ്രാപ്തിയുള്ളവയാണ്. പക്ഷേ, അതൊന്നും മലയാളത്തിന്റെ കാര്യമല്ലല്ലോ.

എന്നാല്‍ ഈസാ നബി(അ)നെ ‘ഏറ്റെടുത്ത’വര്‍ക്ക് അവിടുത്തെ സ്നേഹത്തില്‍ നിന്നും അണുതൂക്കം പോലും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല എന്നതിന് ചരിത്രത്തില്‍ നിന്ന് തെളിവുകള്‍ ശേഖരിക്കാന്‍ സാധിക്കുമെങ്കിലും അദ്ദേഹത്തെ സ്നേഹത്തിന്റേതായ തെളി മലയാളത്തില്‍ അവതരിപ്പിക്കുന്നതില്‍ അവര്‍ വിജയിച്ചിരിക്കുന്നു എന്നുപറയാം. അവര്‍ക്കതിനുള്ള അക്ഷര സഭ്യതയും ഉചിതജ്ഞതയുമുണ്ടെന്നതാണ് കാരണം. അതുപോലെ തങ്ങളുടെ ഉള്ളിന്റെയുള്ളില്‍ സൂക്ഷിക്കപ്പെടുന്നതും വല്ലപ്പോഴുമൊക്കെ പുറത്തുചാടിപ്പോകുന്നതുമായ സങ്കുചിതമായ മതഭ്രാന്തിന്റെയും അസഹിഷ്ണുതയുടെയും വര്‍ണം ഈസാ(അ)മിന്റെ സ്നേഹപൂര്‍ണമായ തിളക്കത്തിന് മങ്ങലേല്‍പ്പിക്കുന്നതിനെക്കുറിച്ചും അവര്‍ക്ക് ബോധ്യമുണ്ട്. നരകത്തെ പറ്റിയും ശിക്ഷയെപ്പറ്റിയുമൊക്കെ അന്ത്യ പ്രവാചകന്‍(സ്വ)പറഞ്ഞപോലെ, അല്ല, അതില്‍ കുറച്ചുകൂടി കവിഞ്ഞ നിലയില്‍ ഈസാനബി(അ) സംസാരിച്ചിട്ടുണ്ടെങ്കിലും പരിഷ്കൃത മനസ്സിന് മു മ്പില്‍ ഈസാനബി(അ) അവതരിപ്പിക്കുന്നവര്‍ക്ക് അവയൊക്കെയും അവന്റെ സ്നേഹ വര്‍ണത്തിന് ദോഷകരമാകാത്ത വിധത്തില്‍ ആവിഷ്കരിക്കാന്‍ സാധിക്കുന്ന കലാവിരുതുണ്ട്. ഇതില്‍ നമുക്ക് അസൂയപ്പെടാനൊന്നുമില്ല. കാരണം ഈസാനബി(അ) അവരെക്കാള്‍ കൂടുതലായി  നമ്മുടേതാണ്. അദ്ദേഹം എല്ലാവരുടെയും സ്നേഹപാത്രം ത ന്നെയായിരിക്കട്ടെ എന്നല്ല, ആ നിലക്ക് അദ്ദേഹത്തെ അവതരിപ്പിക്കുന്നതില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്നത് നമ്മുടെ പ്രവാചകനും(സ്വ)അവിടുത്തേക്ക് അവതീര്‍ണമായ ഖുര്‍ആനുമാണ്. ഖുര്‍ആനെപ്പോലെ ഈസാനബി(അ)മും അവിടുത്തെ വിശുദ്ധ മാതാവിനെയും പ്രകീര്‍ത്തിച്ച ഒരു പ്രമാണവും ലോകത്തില്ല.

എന്നിരുന്നാലും സാക്ഷര ലോകത്തിന് മുമ്പില്‍ സഹോദരന്മാര്‍ മാത്രമായ ഈ രണ്ട് ഇബ്രാഹീമി വചന വാഹകരുടെ പരിവേഷങ്ങള്‍ വ്യത്യസ്തമായിത്തീര്‍ന്നത് ഹൃദയത്തെ വേദനിപ്പിക്കുന്നു. രണ്ടുപേരെയും ഏറ്റെടുത്തവരുടെ രീതികളും അവരുടെ കഴിവുകളും തന്നെയാണ് ഈ പ്രശ്നത്തിന്റെ പേരില്‍ വിലയിരുത്തപ്പെടേണ്ടത്. ഇത് പറയുന്നത് പലര്‍ക്കും രസിക്കാത്തതായിരിക്കുമെങ്കിലും വാസ്തവം അതുള്‍ക്കൊള്ളുന്നുണ്ട്. പടിഞ്ഞാറു നിന്നും ഭാരതത്തില്‍ നിന്നുതന്നെയും അച്ചടിച്ചിറക്കപ്പെട്ട ഒട്ടുവളരെ ക്ഷുദ്രകൃതികളില്‍ പ്രവാചകന്‍ നിന്ദിക്കപ്പെടാന്‍ കാരണം നമ്മുടെ ഭാഗത്തു നിന്ന് കിട്ടിയ ചില ചവറുകള്‍ തന്നെയായിരുന്നുവെന്നത് നിഷേധിച്ചുകൂടാ. പ്രവാചകനെ(സ്വ)ഓരോരുത്തര്‍ ആദരവോടെ പൊക്കിയെടുത്ത് ചെന്നായ്ക്കള്‍ക്കിടയിലേക്ക് എറിഞ്ഞുകൊടുക്കുകയായിരുന്നു എന്നു പറഞ്ഞാല്‍ വലിയ തെറ്റാകുമെന്ന് തോന്നുന്നില്ല. എത്ര തരംതാണ രീതിയിലാണ് വിശുദ്ധ നബി(സ്വ)യെ സ്വന്തം വക്താക്കള്‍ അവതരിപ്പിക്കുന്നത്. ചിലതൊക്കെ വായിച്ചാല്‍ ഓക്കാനം വരും. അത്ര മോശമാണ്.

‘കടന്നുവരൂ, എന്തിനു മടിച്ചുനില്‍ക്കുന്നു. ഒരു ഇടയസ്ത്രീയുടെ മുലകുടിച്ചു വളര്‍ന്നവനാണ് ഞാന്‍’ എന്ന് പുറത്ത്, തന്നെയും കാത്തുനില്‍ക്കുന്ന സാധാരണ മനുഷ്യരോട് പറഞ്ഞ എളിമയുടെ പര്യായമായ പ്രവാചകനെ(സ്വ)യല്ല ആരും പരിചയപ്പെടുത്തുന്നത്. വല്ലവര്‍ക്കും തന്റെ മേല്‍ എന്തെങ്കിലുമവകാശമുണ്ടെങ്കില്‍ അതവന്‍ എടുത്തുകൊള്ളട്ടേയെന്ന് പറഞ്ഞ് സ്വന്തം ദേഹത്തെ പ്രതിക്രിയക്കുവേണ്ടി എടുത്തുവെച്ചു കൊടുക്കുന്ന മനുഷ്യാവകാശ സംരക്ഷകന്റെ ചിത്രവും അധികമാരും നല്‍കുന്നില്ല. കുഞ്ഞുങ്ങളെ ചുമലിലിരുത്തി നിസ്കരിക്കുകയും പത്നിയോടൊത്ത് (ആഇശ-റ-) ഓട്ടമത്സരം നടത്തുകയും പെരുന്നാളുകളില്‍ പാട്ടുപാടുന്നത് ആസ്വദിക്കുകയും ചെയ്ത പ്രവാചകന്‍(സ്വ) പലര്‍ക്കും അജ്ഞാതനാണ്. കുഞ്ഞുങ്ങള്‍ക്ക് മുലകൊടുത്തുവരാനായി, വേടന്റെ വലയിലകപ്പെട്ട കലമാന്‍ പെണ്ണിന് പണയമായി നിന്നുകൊടുത്ത ദയാസിന്ധുവിന്റെ ചിത്രം ആരാണ് പരിചയപ്പെടുത്താന്‍ മിനക്കെട്ടത്. തൌറാത്തിലെ നിയമമനുസരിച്ച് എറിഞ്ഞു കൊല്ലുകയെന്ന ശി ക്ഷക്ക് വിധേയരാകാന്‍ വേണ്ടി തങ്ങളെ ശുദ്ധീകരിക്കൂവെന്ന് പറഞ്ഞു മുമ്പില്‍ വന്നു നിന്ന കുറ്റവാളികളെ പലതവണ മടക്കിയയക്കാന്‍ ആവുന്ന ഉപാധികളത്രയും എടുത്തുപയോഗിച്ച വാത്സല്യനിധിയായ മഹാ മനസ്കനെയാണോ അതല്ല നിയമം ദുര്‍ബലപ്പെടുത്താന്‍ അനുവാദം കിട്ടാത്തതിന്റെ പേരില്‍ ശിക്ഷാ വിധിക്ക് വേദനയോടെ അനുവാദം കൊ ടുത്ത നിസ്സഹായനെയാണോ ജനതക്ക് കൂടുതലായി പരിചയപ്പെടുത്തേണ്ടത്.

‘നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’ എന്ന് ഈസാ(അ) പറഞ്ഞത് അവസരത്തിലും അനവസരത്തിലും എടുത്തുദ്ധരിക്കപ്പെടുമ്പോള്‍, കുറ്റമേറ്റു പറഞ്ഞവനോട് ‘പൊയ് ക്കോളൂ എന്റെ മുമ്പില്‍ നിന്ന്, ശല്യപ്പെടുത്താതെ’ എന്ന് കെഞ്ചുന്ന പ്രവാചകന്റെ(സ്വ) സ്നേഹനിര്‍ഭരമായ ഹൃദയ വിശാലതക്ക് പകരം മത വേദികളില്‍ അവതരിപ്പിക്കപ്പെടുന്നത് നിയമങ്ങളുടെ കണിശതയാണ്. ഇവിടെ ഒരു പ്രധാന മര്‍മം തെളിയുന്നു. വിശുദ്ധ പ്രവാചകരു(സ്വ)ടെ സത്തയെ സംബന്ധിക്കുന്ന കരുണാനിര്‍ഭരമായ പ്രകൃതവും അവിടുന്ന് പരുഷപ്രകൃതമുള്ള ഒരു ജനതയുടെ സമൂഹമനസ്സാക്ഷിയോട് സംവദിച്ചപ്പോള്‍ എടുക്കാന്‍ നിര്‍ബന്ധിതമായിത്തീര്‍ന്ന നിലപാടുകളുടെ പ്രകൃതവും തമ്മിലുള്ള അന്തരമാണത്. നിയമത്തെ ലംഘിക്കാന്‍ പ്രവാചക(സ്വ)ന് നിര്‍വാഹമില്ല. അനുവാദവുമില്ല. അങ്ങനെ ചെയ്താല്‍ തനിക്ക് രൂപപ്പെടുത്തിയെടുക്കേണ്ടുന്ന ഉത്തമ സമൂഹം എന്ന മാതൃകയിലേക്ക് തന്റെ ജനതയെ ഉപയോഗപ്പെടുത്താന്‍ നബി(സ്വ)ക്ക് കഴിയാതെ വരും. എന്നാല്‍, ഈസാ(അ)മിന്റേത് ഇതുമാതിരിയുള്ള ഒരു അവസ്ഥയായിരുന്നില്ല. നേരത്തെ തൌഹീദ് ഉള്‍ക്കൊണ്ട് മുസ്ലിമായിത്തീര്‍ന്നവരും അല്ലാഹുവില്‍ നിന്നുള്ള നിയമ പ്രമാണത്താല്‍ ജീവിതം ക്രമപ്പെട്ടവരുമായ ഒരു സമൂഹമാണ് ബനൂ ഇസ്രാഈല്‍. ഇവരായിരുന്നു അദ്ദേഹത്തിന്റെ മുമ്പിലുണ്ടായിരുന്നത്. എന്നിട്ടും വ്യഭിചരിച്ചവരെ കല്ലെറിയുകയെന്ന തൌറാത്തിന്റെ നിയമത്തെ ഈസാ(അ) അസാധുവാക്കി പ്രഖ്യാപിച്ചില്ല. മറിച്ച് ‘നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’ എന്ന് അദ്ദേഹം പ്രഖ്യാപിക്കുകയാണുണ്ടായത്.

പ്രവാചകഹൃദയത്തിന്റെ വര്‍ണം ചരിത്രത്തിലെ രിവായത്തുകളില്‍ നിന്ന് പിടിച്ചെടുക്കാവുന്നതല്ല. ഗവേഷണബുദ്ധ്യാ പ്രവാചക ജീവിതത്തെ പഠിച്ച് അവതരിപ്പിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഹൈക്കലിനെപ്പോലുള്ള ചരിത്രകാരന്മാര്‍ ആ വ്യക്തിത്വത്തില്‍ നിന്ന് ആധ്യാത്മ വര്‍ണത്തെയും കാരുണ്യ ഭാവത്തെയും മായ്ച്ചുകളയാനുള്ള ശ്രമങ്ങളാണ് ഏറെ നടത്തിയതെന്നു മനസ്സിലാക്കാനാകും. യുദ്ധത്തിന്റെതും രാജ്യ തന്ത്രജ്ഞതയുടെയും രാഷ്ട്രമീമാംസയുടേയുമൊക്കെ പീതവര്‍ണമാര്‍ന്ന പശ്ചാതലത്തിലാണ് അവര്‍ പ്രവാചക ചിത്രം വരച്ചുതരുന്നത്. അവിടുത്തെ ആദ്ധ്യാ ത്മശോഭയെ അപ്രസക്തമാക്കിക്കൊണ്ട് അവര്‍ അദ്ദേഹത്തെ നാല്‍പ്പതാം വയസ്സില്‍ വെളിപാട് കിട്ടിയ ഒരു വര്‍ത്തക പ്രമുഖനായും അതു കഴിഞ്ഞ് ക്രാന്ത ദര്‍ശിയായ രാഷ്ട്ര ശില്‍പ്പിയായും മാത്രം വരച്ചുകാട്ടുന്നു. പിന്നെയുള്ളത് കര്‍ക്കശമായ നിയമങ്ങളുടെ കാവല്‍ക്കാരനെന്ന പരിവേഷവുമാണ്. ഇവിടെയെല്ലാം നഷ്ടമാകുന്നത് പ്രവാചക(സ)ന്റെ വിശുദ്ധ സത്തയുടെ തനിമയാണ്. ലോകത്തിനു മുമ്പില്‍ ഈസാ(അ)മില്‍ നിന്ന് തീര്‍ത്തും വ്യതിരിക്തത പുലര്‍ത്തുന്ന ഒരു വ്യക്തിത്വത്തിന്റെ ചിത്രമാകുകയില്ലേയിത്? ഈസാ(അ)മിലേക്കാകര്‍ഷിക്കപ്പെടും പോലെ ഹൃദയങ്ങള്‍ ഇത്തരം ഒരു ചിത്രത്തിലേക്ക് ആര്‍ഷിക്കപ്പെടുമോ? ഗംഭീരം എന്ന് ഒരാള്‍ അതിശയം കൂറിയേക്കും. എന്നാല്‍ സുന്ദരം, ഹൃദ്യം എന്നൊക്കെ പറയിപ്പിക്കാന്‍ ഇത്തരം ചിത്രങ്ങള്‍ മതിയാകുമോ? സുന്ദരമായതാണ് സ്നേഹിക്കപ്പെടുകയെന്നത് തത്വമാണ്.

വേറെ ചിലരുടേത് ഭയഭക്തിയുടെ പേരിലുള്ള ആദരവിന്റെ ശൈലിയാണ്. പ്രവാചകനി(സ്വ)ലെ സഹൃദയെ കണ്ടറിയാതെയാണ് ഇത്തരം ഒരു പരിചയപ്പെടുത്തല്‍. യുവത്വം മുറ്റിനില്‍ക്കുന്ന സ്നേഹ നിര്‍ഭരമായ പരിഷ്കൃത മനസ്സാണ് പ്രവാചകന്റേത്. എന്നാല്‍ തനിക്ക് വൃദ്ധ പരിവേഷം ചാര്‍ത്തിത്തരുന്ന വര്‍ണനകളിലൂടെയാണ് അവതരിപ്പിക്കപ്പെടുന്നത്. ഏതാനും വൃദ്ധ മനസ്സുകളുടെ തടവറയില്‍ കുടുങ്ങിപ്പോയ അനുഭവമല്ലേ  അവിടെയുണ്ടാവുക? ഈസാ(അ)മിന്റെ സൌകുമാര്യവും മുഹമ്മദി(സ്വ)ന്റെ വൃദ്ധ പരിവേഷവും എന്നത് തള്ളിക്കളയപ്പെടേണ്ട അസംബന്ധമാണ്. ഏതൊരു വ്യക്തിത്വത്തിനു നേരെയും സ്നേഹം അങ്കുരിപ്പിക്കണമെങ്കില്‍ സ്നേഹത്തിന്റേതായ കണ്ണിലൂടെ അതിനെ നോക്കിക്കാണാനുള്ള സഭ്യത അവതാരകനുണ്ടായിരിക്കണം. അതിനുള്ള പാടവവും വേണം. സ്നേഹിക്കപ്പെടണമെങ്കില്‍ സ്നേഹ വസ്തുവിലടങ്ങിയതും അതില്‍ നിന്ന് പ്രസരിക്കുന്നതുമായ സ്നേഹം പുറത്തു കൊണ്ടുവരപ്പെടണം. ഇടുങ്ങിയ മനസ്സിന്റെ കണ്ണാടിയിലൂടെ നോക്കുന്നവര്‍ക്ക് അതിനു സാധിക്കുകയില്ല. തീവ്രവാദത്തിന്റെ വക്താക്കള്‍ പരാജയപ്പെടുന്നിടത്ത് കവികള്‍ വിജയിക്കുന്നത് അതുകൊണ്ടാണ്. വള്ളത്തോളും ടി. ഉബൈദും ഉമര്‍ ഖാളിയും മന്‍സ്വൂര്‍ ഹല്ലാജും ഇവിടെ വിജയിക്കുന്നു. ഈസാ(അ) ഏറെ സ്നേഹിക്കപ്പെടാന്‍ കാരണം ആ വ്യക്തിത്വത്തെ അവതരിപ്പിക്കുന്നവര്‍ക്ക് ഈ മര്‍മം നന്നായി അറിയുന്നത് കൊണ്ടാണ്. അവര്‍ക്ക് അദ്ദേഹത്തിലെ പീഡിപ്പിക്കപ്പെടുന്ന മനുഷ്യനുമായുള്ള അനന്യത്വത്തെ യഥാവിധി അവതരിപ്പിക്കാന്‍ സാധിക്കുന്നുവെന്നതുകൊണ്ട്.

എന്നാല്‍ മുസ്ലിംകളില്‍ പലരും പ്രവാചകനെ(സ്വ) അവതരിപ്പിക്കുന്നത് പരുഷമായ പശ്ചാതലങ്ങളില്‍ നിന്ന് ലഭ്യമാകുന്ന ചില അവ്യക്ത ചിത്രങ്ങളുടെ ബലത്തിലാണ്. തിരുനബിയുടെ സ്വത്വവുമായി ബന്ധമില്ലാത്ത അനേകം പ്രതിധ്വനികളെയും വക്രമായി പതിഞ്ഞ പ്രതിഛായകളെയുമാണ് അവര്‍ അവലംബമാക്കുന്നത്. ഈ സമീപനം ജനഹൃദയങ്ങളില്‍ നിന്ന്, വിശിഷ്യാ സഹൃദയ ലോകത്തുനിന്ന് പ്രവാചക വ്യക്തിത്വത്തെ അന്യനാക്കാന്‍ മാത്രമേ സഹായകമാവുകയുള്ളൂ. പ്രവാചക ജീവിതത്തോടും വ്യക്തിത്വത്തോടും നിഷേധാത്മകമായി പ്രതികരിച്ചവരുടെ ആധിക്യം അതാണ് തെളിയിക്കുന്നത്.

എന്നാല്‍ സ്നേഹത്താല്‍ ശുദ്ധീകരിക്കപ്പെട്ട മനസ്സില്‍ നിന്നും അതുപോലെ സംശുദ്ധമായ അകക്കണ്ണില്‍ നിന്നും വരുന്ന പ്രവാചക ചിത്രങ്ങള്‍ക്ക് അവിടുത്തെ തനിയമെ ആവിഷ്കരിക്കാന്‍ സാധിച്ചിട്ടുണ്ട്. ഉമര്‍ ഖാളി(റ)യുടെ ഈ വരികള്‍ കാണുക:

ഔദാര്യത്തിന്റെ അലങ്കാരങ്ങളോടെ

കാരുണ്യമായ്ക്കൊണ്ട് അവര്‍ വന്നു.

സൃഷ്ടമായതിനൊക്കെയും നേരെ

അനുതാപവും അലിവും നിറഞ്ഞ

സ്നേഹവായ്പോടെ……”

(സ്വല്ലല്‍ ഇലാഹു ബൈത്ത്)

ഉമര്‍ ഖാളി(റ) എന്ന പരമാര്‍ഥജ്ഞാനി കണ്ടെത്തിയത് ഖുര്‍ആന്‍ അവതരിപ്പിക്കുന്ന പ്രവാചകനെ(സ)യാണ്. റഹ്മതുല്‍ ആലമീന്‍ എന്ന അഭിധാനത്തിന്റെ അനിവാര്യതയെ സകല ലോകത്തിനും കാരുണ്യം എന്ന ആശയത്തിലൂന്നിനിന്നാണ് അദ്ദേഹം ചിന്തിച്ചത്. വള്ളത്തോള്‍ തന്റെ ‘അല്ലാഹു, ‘പാംസുസ്നാനം’ എന്നീ കവിതകളിലൂടെ നമുക്കു നല്‍കുന്ന ചിത്രവും അതുതന്നെ. ടി ഉബൈദ് പ്രവാചക വ്യക്തിത്വത്തിലെ ഒരു ദളം നമുക്ക് സമ്മാനിക്കുന്നതിങ്ങനെയാണ്.

“അവിചാരിതം ശ്രമിച്ച ശിഷ്യോക്തിയാല്‍ ദുഃഖിതനാ

യവിടന്ന് സാനുഭാവമരുളിയേവം.

ലോകത്തെ ശപിക്കാനല്ല ഞാന്‍ നിയുക്തനായിതിങ്ങു

ലോകങ്ങള്‍ക്കു കാരുണ്യമായ് ജനിച്ചോനല്ലോ?

തെല്ലുമറിവില്ലാത്തവര്‍, നൂനം മമസമുദായം

അല്ലാഹുവേ

യിവര്‍ക്കെല്ലാം പൊറുക്കേണമേ…..” (മഹത്തായ പ്രതികാരം, ടി. ഉബൈദ്)

സ്വന്തം നാട്ടില്‍ നിന്ന് പൊറുക്കാനാകാതെ അമ്മാവന്മാരുടെ നാടായ ത്വാഇഫിലേക്ക് ചെല്ലുന്ന നബി(സ്വ)യോട് അന്നാട്ടുകാര്‍ കാട്ടിയ മനുഷ്യത്വ രഹിതമായ ക്രൂരതക്കെതിരെ അവിടുത്തെ ഹൃദയത്തില്‍ നിറഞ്ഞുനിന്ന സഹിഷ്ണുതയുടെയും സ്നേഹവായ്പിന്റെയും ആവിഷ്കരണമാണ് കവി നമുക്ക് നല്‍കുന്നത്.

പ്രവാചക പ്രകൃത്തെയും വ്യക്തിത്വത്തെയും വായിച്ചെടുക്കേണ്ടത് അതില്‍ അനിവാര്യമായും അന്തസ്ഥമായിരിക്കുന്നുവെന്ന് ഖുര്‍ആന്‍ പഠിപ്പിച്ചതും ഏറ്റവും അടുത്തവര്‍ സാക്ഷ്യപ്പെടുത്തിയ അവിടുത്തെ വിശുദ്ധ സ്വകാര്യതയുമായി ബന്ധപ്പെട്ടതുമായ വസ്തുതകളോട് ഒത്തുനോക്കിയിട്ടായിരിക്കണം. ചരിത്രം എന്ന പേരില്‍ രേഖപ്പെട്ടത് മുഴുവന്‍ തിരുനബി(സ്വ)യുടെ സത്യാവസ്ഥയെ പരിഗണിച്ചു കൊണ്ട് ശേഖരിക്കപ്പെട്ടതാകാന്‍ ന്യായമില്ല.  അല്ലാഹുവിന്റെ റഹ്മാന്‍ എന്ന ഗുണത്തിന്റെ പ്രതീകാത്മക ആവിഷ്കരണമായ തിരുവ്യക്തിത്വം തനതായി എങ്ങനെയെന്ന് പഠിക്കാന്‍ ഹുസയ്ന്‍ ഹയ്ക്കലിന്റെ ഹയാതുമുഹമ്മദ് പോലുള്ള കൃതികളെയോ ഇബ്നു ഇസ്ഹാഖിന്റെ സീറയെയോ മാത്രം അവലംബമാക്കിയാല്‍ മതിയാവുകയില്ല. യുദ്ധ പശ്ചാതലത്തില്‍ തെളിയുന്ന കരുത്തനായ ജേതാവിന്റെ വ്യക്തിപ്രഭാവത്തിലെ അനിവാര്യതകളായി എടുത്തുകാണിക്കപ്പെടുന്നവക്ക് റസൂലി(സ്വ)ന്റെ തനതു പ്രകൃതവുമായല്ല ബന്ധം. അപരിഷ്കൃതവും പരുഷവും സമരോത്സുകവുമായ ഒരു അറബ് ബദുവിന്‍ പശ്ചാത്തലത്തോട് തിരുവ്യക്തിത്വം സംവദിച്ചപ്പോഴുണ്ടായിത്തീര്‍ന്ന അവ്യക്ത ചിത്രങ്ങള്‍ക്ക് ആധികാരികത കല്‍പ്പിക്കാനേ പറ്റില്ല. നേരിട്ടല്ലാതെയും കേട്ടുകേള്‍വിയിലൂടെയും യുദ്ധപശ്ചാത്തലത്തില്‍ പ്രചരിച്ച വാര്‍ത്തകളുടെയും പശ്ചാതലത്തില്‍ നിന്ന് അടര്‍ത്തിയെടുക്കപ്പെട്ട നിവേദനങ്ങളുടെയും അടിസ്ഥാനത്തിലല്ല നബി(സ്വ)യുടെ വ്യക്തിത്വം മനസ്സിലാക്കപ്പേടേണ്ടതും അവതരിപ്പിക്കപ്പെടേണ്ടതും. മനുഷ്യന്റെ ചരിത്രപരമായ പരിണാമത്തിന്റെ നിര്‍ണായകമായ ഒരു ഘട്ടത്തില്‍ ചരിത്രത്തിന്റെ അനിവാര്യതയെന്നോണം സംഭവിച്ചതാണ് പ്രവാചകന്(സ്വ) പങ്കാളിത്തം വഹിക്കേണ്ടിവന്ന സംഘട്ടനങ്ങള്‍.

ചരിത്ര നിര്‍മ്മാണം

ചരിത്ര നിര്‍മ്മാണം എന്നത് നിയോഗമായി നിശ്ചയിക്കപ്പെട്ട ഒരു പ്രവാചകന്(സ്വ) മനുഷ്യത്വത്തെ സംബന്ധിക്കുന്ന യാഥാര്‍ഥ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി നില്‍ക്കാന്‍ പഴുതില്ലായിരുന്നുവെന്ന വാസ്തവത്തെ നാം അംഗീകരിക്കണം. ആകാശങ്ങളിലെ നക്ഷത്രങ്ങളുടെ സൌന്ദര്യം കണ്ടാസ്വദിച്ച് അതിന്റെ പേരില്‍ തന്റെ നാഥന് നന്ദി പറഞ്ഞും പ്രകീര്‍ത്തിച്ചും പരമാനന്ദത്തിന്റെ നിറവില്‍ വസിക്കാന്‍ ആഗ്രഹിച്ച നബി (സ്വ)യെ ചരിത്രത്തിന്റെ ആവശ്യപ്രകാരം ജനതയുടെ ഈശ്വരന്‍, ഏറ്റുമുട്ടുന്ന വാളുകളുടെ ഒളിമിന്നുന്ന വെട്ടത്തിലേക്കും ശബ്ദാരവങ്ങള്‍ക്കിടയിലേക്കും ഒലിച്ചുവീഴുന്ന മനുഷ്യരക്തത്തിന്റെ ചാലുകളിലേക്കും ഒരു മഹാസാക്ഷിയായി അയക്കുകയായിരുന്നു എന്നതല്ലേ വാസ്തവം. ഇബ്റാഹീമീ ധര്‍മത്തിന്റെ ആദ്ധ്യാത്മ പ്രധാനമായ കൃത്യനിഷ്ഠാപ്രകൃതത്തെയും ചരിത്രത്തെ സംബന്ധിക്കുന്ന മാനവികതയെയും സ്പര്‍ശിക്കുന്ന രണ്ടുതലങ്ങളെ മനസ്സിലാക്കിക്കൊണ്ട് വേണം മുഹമ്മദീയ പ്രകൃത്തെ വിലയിരുത്താന്‍. ഈസാ(അ) എന്ന ക്രിസ്തുവും മുഹമ്മദ്(സ്വ) എന്ന ചരിത്ര നിര്‍മാതാവും, കൈകാര്യകര്‍ത്താവുമായി അയക്കപ്പെടുന്ന പ്രവാചകനും തമ്മില്‍ ചരിത്രത്തെയും മനുഷ്യാനുഭവത്തെയും സംബന്ധിക്കുന്ന ഒരു പാരസ്പര്യമുള്ളത് ഇവിടെ കാണാതിരുന്നുകൂടാ. സഹനത്തിന്റെ പ്രതീകാത്മകതയുള്‍ക്കൊള്ളിച്ച് അയക്കപ്പെട്ട ഈസാ(അ)എന്ന ദൂതന്റെ ക്ളിഷ്ടാനുഭവം ചരിത്രത്തിന്റെ മുമ്പില്‍ ഒരു ഗംഭീരമായ ഉപമയായാണ് അവതരിപ്പിക്കപ്പെട്ടത്. മനുഷ്യനെ സംബന്ധിക്കുന്ന, മര്‍ദ്ദിതനെ സംബന്ധിക്കുന്ന ഒരു പ്രശ്നത്തിന്റെ ചിത്രമാണ് അതുള്‍ക്കൊള്ളുന്നത്. പ്രശ്നത്തിന് പരിഹാരമുണ്ടാവുകയെന്നതാണ് ചരിത്രാവശ്യം. അതുകൊണ്ട് താനൊരിക്കലും ഇഷ്ടപ്പെടാത്ത ഒരു ആയുധം കയ്യില്‍ പിടിപ്പിച്ചുകൊണ്ട് ജനതയുടെ റബ്ബ് മുഹമ്മദിനോട് കല്‍പ്പിച്ചു. ഇറങ്ങൂ, മാനുഷിക യാഥാര്‍ഥ്യത്തിലേക്ക് ഇറങ്ങിച്ചെല്ലൂ. അക്രമത്തിന്റെ വാഴ്ച അവസാനിക്കുംവരെ തുടരേണ്ട ഒരു സമരത്തിന് ഇറങ്ങുക. മനുഷ്യാവകാശങ്ങള്‍ വീണ്ടെടുക്കും വരെ വിശ്രമമില്ലാതെ പൊരുതുക. ഇനിയൊരിക്കലും ചരിത്രത്തിനു മുന്നില്‍ ഒരു അധര്‍മ്മപ്രകടനത്തിന് പ്രസക്തിയുണ്ടാകരുത്.    പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും മഹാജനത്തിന് ബോധം വരേണ്ട സമയമായിക്കഴിഞ്ഞു. അടിമകളാക്കപ്പെട്ട മനുഷ്യര്‍ വിമോചിതരാകുംവരെ നിനക്ക് വിശ്രമമില്ല. അങ്ങനെയാണ് സംഘട്ടനം അനിവാര്യമായിവന്നതും ഉറുമ്പിനെപോലും കൊല്ലാന്‍ അറച്ച കൈകളില്‍ ഖഡ്ഗം പിടിപ്പിക്കപ്പെട്ടതും. എന്നിട്ടും മഹാവിജയത്തിനു ശേഷം എന്തായിരുന്നു അവിടുത്തെ നിലപാട്? മനുഷ്യവിരോധികള്‍ക്ക് മാപ്പുനല്‍കാന്‍ അദ്ദേഹത്തിന് അശേഷം പ്രയാസമുണ്ടായില്ല. അവരെ സഹോദരര്‍ മാത്രമായിക്കണ്ടു പറഞ്ഞില്ലേ അദ്ദഹം, പൊയ്ക്കൊള്ളാന്‍?. എന്നാലും മനുഷ്യാവകാശങ്ങള്‍ക്കും സത്യത്തിനും വേണ്ടി പൊരുതിയ സേനയുടെ വികാരവിക്ഷുബ്ധതക്കു നിയന്ത്രണമേര്‍പ്പെടുത്താന്‍ തിരുനബിക്ക് അല്‍പ്പം പ്രയാസമുണ്ടായിരുന്നുവെന്ന വസ്തുതയെയും നാം അംഗീകരിക്കുക.

യുദ്ധത്തിന്റെയും അതിന്റെ പശ്ചാത്തലത്തില്‍ സംഭവിച്ച കാര്യങ്ങളുടെയും വെളിച്ചത്തില്‍ വിലയിരുത്തപ്പെടേണ്ടതല്ല പ്രവാചകവ്യക്തിത്വം. അത്തരം സംഭവ വിവരണങ്ങളുടെ വാസ്തവികത(ആന്തരികമായ സത്യാവസ്ഥ) ചോദ്യം ചെയ്യപ്പെടാവുന്നതാണ്. നബി ചരിത്രത്തിന്റെ മുഖ്യാംശമായി യുദ്ധത്തെ അവതരിപ്പിക്കുന്ന ചരിത്ര രചനാരീതിയാണ് ലോക ജേതാക്കളായി മാറിയ അറബികള്‍ സ്വീകരിച്ചു പോന്നത്.

സത്യത്തില്‍ അവര്‍ രേഖപ്പെടുത്തിയതിനെ വിളിക്കേണ്ടത് നബി ചരിത്രം എന്നല്ല. കാരണം പ്രവാചകത്തനിമ എന്നത് വിശുദ്ധിയും കാരുണ്യവുമാണ്. അതാകട്ടെ ചരിത്രകാരന്റെ വിവരണത്തിന് അതീതവുമാണ്. അവര്‍ രേഖപ്പെടുത്തിയത് ചരിത്രമാണ്. എന്നാല്‍ നബിയുടെയല്ല മറ്റൊന്നിന്റെ. ഏതാണ് ചരിത്രവിധേയമാകാവുന്ന ആ മറ്റൊന്ന്. ലോകത്തില്‍ ഇദംപ്രഥമമായി ജനകീയമായ റിപ്പബ്ളിക്കന്‍ വ്യവസ്ഥയുടേയും ഭ്രാതൃത്വത്തിലധിഷ്ഠിതമായ വര്‍ഗ രഹിത സമൂഹത്തിന്റെയും മാതൃക ചരിത്രത്തിനു നല്‍കാന്‍ സംസ്ഥാപിക്കപ്പെട്ട ഒരു ജനത. അതിന്റെതാണ് ആ ചരിത്രം. അതിമഹത്തായ ചരിത്രമൂലം അതിനുള്ളതിനെ നിഷധിക്കാനും മുതിരുന്നില്ല ഇവിടെ. കാരണം അത് മനുഷ്യാനുഭവ ചരിത്രത്തെ മുച്ചൂടും ഇളക്കി മറിച്ച നിമിത്തവും വഴിത്തിരിവുമായിരുന്നു. പ്രവാചക വ്യക്തിത്വം, വെളിപാടിലൂടെയും തന്റെ തന്നെ വചന പ്രകൃത്തിലൂടെയും മനുഷ്യ ജാതിയുടെ ചരിത്രപരമായ ഭാഗധേയത്തിനു നിമിത്തമായി ഭവിച്ച ഘടകമായിത്തീര്‍ന്നുവെന്നേ പറഞ്ഞുകൂടൂ. ഈസാ(അ)മിലൂടെ അവതരിച്ച വചനം മനുഷ്യ ചരിത്രത്തിനാവശ്യമായ പരിഹാരത്തെ വിളിച്ചു വരുത്തുന്ന ഒരു പ്രകടനമായി പ്രത്യക്ഷപ്പെട്ട് മാനുഷിക സാഹചര്യത്തില്‍ നിന്ന് ഉയര്‍ത്തിയെടുക്കപ്പെട്ടതാണെങ്കില്‍ മുഹമ്മദി(സ്വ)ലൂടെ അവതീര്‍ണമായ വചനം ഭൂമിയില്‍ നിന്നുയര്‍ന്നുപോകാതെ, മാനുഷിക യാഥാര്‍ഥ്യത്തിലേക്ക് ആണ്ടിറങ്ങി ചരിത്രത്തിന് വേണ്ടത് സാധിപ്പിച്ചുകൊടുക്കുകയായിരുന്നു എന്നതാണ് ശരിയായ വ്യാഖ്യാനം. ചരിത്രത്താളുകളില്‍ നിന്ന് നമുക്കു കിട്ടുന്ന ചിത്രം നബിയുടേതല്ല. ഒരു പ്രത്യേക ചരിത്ര സാഹചര്യത്തോട് വചനവാഹകനായ നബി സംവദിച്ചപ്പോള്‍ അതിനുണ്ടായിത്തീര്‍ന്ന പരിവര്‍ത്തിത രൂപത്തിന്റേതാണ്. അതുകൊണ്ടുതന്നെ ചരിത്രമെഴുത്തുകാരന്‍ രേഖപ്പെടുത്തിയതത്രയും തിരുനബിയുടെ സ്വത്വത്തെ സംബന്ധിക്കുന്ന വസ്തുതകളായി പരിഗണിച്ചുകൂടാ. മനുഷ്യാനുഭവ ചരിത്രത്തെ അതിന്റെ കുറ്റമറ്റ പൂര്‍ണതയിലേക്ക് വളര്‍ ത്തിയെടുക്കാനാവശ്യമായ ജനകീയമായ കൂട്ടായ്മയുടെ വര്‍ഗ രഹിതമായൊരു സാ മൂഹിക രൂപത്തിന്റെ നിര്‍മാണത്തില്‍ അനിവാര്യമായിത്തീര്‍ന്ന, പൂര്‍ണ മനുഷ്യന്റെ ചില പ്രതിഛായകള്‍ മാത്രമായിരുന്നു അവ. നിഴല്‍ നാടകങ്ങള്‍ക്കു പിറകിലെ ശബ്ദ വും വെളിച്ചവുമെന്നപോലെ പ്രവര്‍ത്തിച്ച ചില ഘടകങ്ങള്‍. ചരിത്രത്തിനു വേണ്ടി അയക്കപ്പെട്ട മഹാസാക്ഷിയില്‍ നിന്ന് അതൊക്കെ ലഭിക്കുകയെന്നത് ചരിത്രത്തിന്റെ അനിവാര്യതകളില്‍ പെടുന്നതുമാണ്.

പ്രവാചകനെ അറിയാന്‍ ചരിത്രകാരനെയല്ല സമീപിക്കേണ്ടത്. അവിടുത്തെ നൂറാനിയ്യത്തിനെ, പ്രകാശപരതയെ ആത്മാവുകൊണ്ട് കണ്ടറിഞ്ഞ ജ്ഞാനിയെ വേണം അ തിനുവേണ്ടി സമീപിക്കാന്‍. കാരുണ്യത്തിന്റെ തിരുനബിയെ കാണിച്ചുതരാന്‍ ഇബ്നു ഇസ്ഹാഖിനോ, ഇബ്നുഹിശാമിനോ ഹുസൈന്‍ ഹൈക്കലിനോ സാധ്യമല്ല. ഇബ്നുഖല്‍ദൂന്‍ എന്ന ചരിത്രദാര്‍ശകനികനോടും അദ്ദേഹത്തിലേക്കുള്ള വഴിയാരായേണ്ടതില്ല. എന്നാല്‍ ഇബ്നുഅറബിക്കും അബ്ദുല്‍ഖാദിര്‍ ജീലാനിക്കും മന്‍സ്വൂര്‍ ഹല്ലാജിനും ജലാലുദ്ദീന്‍ റൂമിക്കും ഉമര്‍ഖാളിക്കും(റ.ഹും) ചിലപ്പോള്‍ ആ വെളിച്ചം നിങ്ങ ള്‍ക്ക് കാട്ടിത്തരാന്‍ കഴിയും. ആ ഹൃദയത്തെ തനിമയോടെ നിങ്ങള്‍ക്ക് പരിചയപ്പെടുത്താനും അവര്‍ക്ക് സാധിച്ചേക്കും. കാരണം അവര്‍ അത് അനുഭവിച്ചിട്ടുണ്ട്. ഗവേഷണത്തിലൂടെയല്ല. ഹൃത്തില്‍ തെളിഞ്ഞ പ്രഭയുടെ വെളിച്ചത്തിലുണ്ടായ ദര്‍ശപരമായ അനുഭവത്തിലൂടെ, അവര്‍ണനീയമായ അനുഭൂതിയിലൂടെ.

അല്ലെങ്കിലതൊന്നും വേണ്ട. നിങ്ങളുടെ ഹൃദയം സ്നേഹത്താലഭിഷേകം ചെയ്യപ്പെട്ടതാണെങ്കില്‍ നിങ്ങള്‍ക്കവിടുത്തെ വീട്ടിലേക്കുതന്നെ ചെല്ലാം. നിങ്ങള്‍ വീട്ടുകാരോട് നേരിട്ട് ചോദിച്ചു നോക്കുക. അഹ്ലുല്‍ ബൈത്തിനോട് ചോദിക്കുക. ശരിയായ ചരിത്രം. അല്ല, തനിമയായ ചരിത്രം സൂക്ഷിക്കപ്പെട്ടിരിക്കുന്നത് അവിടെയാണ്. പ്രവാചകനില്‍ നിന്ന് വിടര്‍ന്ന പൂവ് (ഫാത്വിമ(റ)) അവിടുത്തെ കണ്ടതുപോലെ ആരും അവിടുത്തെ ദര്‍ശിച്ചിട്ടില്ല. അതും ചില പ്രമാണങ്ങളില്‍ രേഖപ്പെട്ട കാര്യമാണ്. (പക്ഷേ, ഹ ദീസുകളുടെ ബലാബലം നിശ്ചയിക്കുന്ന ശാസ്ത്ര പ്രകാരം അതിന്റെ മൂല്യം എന്തെന്നറിഞ്ഞുകൂടാ) ആഇശ(റ) പറഞ്ഞു തരുന്നത് നബിയുടെ പ്രകൃതം എന്നതുതന്നെ ദൈവ വചനമാകുന്നുവെന്നതാണ്. അതായത് ഖുര്‍ആന്‍ ആണെന്ന്.

വേണ്ട. നിങ്ങള്‍ ചെന്ന് ചോദിക്കുക. അവിടുത്തെ തിരുഭവനത്തില്‍ പാര്‍ക്കാന്‍ ഭാ ഗ്യം ലഭിച്ച ഒരു മിണ്ടാപ്രാണിയോട് പോലും. മ്യാവൂ ഭാഷയില്‍ അന്തേവാസിക്ക് എന്താണ് പറയാനുണ്ടാവുക? ചരിത്രത്തില്‍ രേഖപ്പെട്ടുപോയ കിംവദന്തികളെക്കാള്‍ സത്യമുള്‍ക്കൊള്ളുന്ന വൃത്താന്തം നിങ്ങള്‍ക്ക് ആ പൂച്ചയില്‍ നിന്ന് കിട്ടും. മൂക ജീവിയെങ്കിലും ലോകങ്ങള്‍ക്കാകെയും കരുണയായ് വന്നവരുടെ സ്നേഹവായ്പിന്റെ മാധുര്യം അതനുഭവിച്ചിട്ടുണ്ട്. പൂച്ചയുടെ ഉറക്കമുണര്‍ത്തുന്നതുപോലും അന്യായമായ അക്രമമാണെന്ന് പഠിപ്പിച്ചുകൊണ്ട്, അവിടുന്ന് സ്വന്തം വസ്ത്രം മുറിച്ചുമാറ്റി എഴുന്നേറ്റുപോയ കഥ. ഇതേക്കാള്‍ തിളക്കമുള്ള കാരുണ്യത്തിന്റെ വര്‍ണം ഭൂമിയില്‍ ഏതു വ്യക്തിത്വത്തിലാണ് നിങ്ങള്‍ക്ക് കണ്ടെത്താനാവുക? അഹിംസക്ക് മാതൃകയായി ഇതിലും ഉദാത്തമായൊരു സംഭവത്തെ എടുത്തുകാട്ടാമോ? പൂച്ചക്ക് മാത്രമല്ല, ഒട്ടകത്തിനും കലമാനിനും ആടിനും മരത്തിനുമൊക്കെ ഇതുപോലെ പല തും പറയാനുണ്ടാകും. ആ സ്നേഹം നിറഞ്ഞ വ്യക്തിത്വത്തെപ്പറ്റി. അവയൊക്കെയാണ് ചരിത്രത്തിന്റേതിനെക്കാള്‍ പ്രമാണികരായ സാക്ഷികള്‍. പിന്നെ മനുഷ്യരില്‍ തന്നെ പെടുന്ന ഉടുതുണിക്ക് മറുതുണിയും കഴിക്കാന്‍ ഒരു നേരത്തെ ആഹാരം പോലുമില്ലാതിരുന്ന അസ്വ്ഹാബുസ്സുഫ്ഫയെപോലുള്ള വിശിഷ്ടരും. ഇതൊക്കെയാണ് തേനീച്ചകള്‍ നുകരുന്ന മധു. അത് കണ്ടെത്തിയ ഏതെങ്കിലും ഒരു ഈച്ച തന്റെ സഹജീവികളെ അതിലേക്ക് ക്ഷണിക്കുമ്പോള്‍ അവര്‍ ചിറകടിച്ചു പറന്നുചെല്ലും അങ്ങോട്ട്. വിശുദ്ധമായ ആ ഉപവനത്തിലേക്ക്. അവിടെ ആ തിരുസാന്നിധ്യമുണ്ട് ഇപ്പോഴും. ഒരുപക്ഷേ, അതില്ലാതായത് ചരിത്രത്തിന്റെ പ്രത്യക്ഷ തലത്തില്‍ മാത്രമായിരിക്കും. ചരിത്രത്തിന്റെ ആത്മാവിലാകട്ടെ ഇപ്പോഴും ജീവിക്കുന്നത് മരിക്കാത്ത സാന്നിധ്യമാണ്.

വിശുദ്ധ നബി(സ്വ)യെ സ്നേഹിക്കുന്ന ഹൃദയങ്ങള്‍ പ്രപഞ്ചത്തോടാകെയുമുള്ള സ് നേഹത്തെയാണ് വഹിക്കുന്നത്. കാരണം അവിടുന്ന് പ്രപഞ്ചം എന്നതിന്റെ പ്രതിമാനം ആകുന്നു.

ഒരു വിശ്വാസി അവിടുത്തെ തിരുഗേഹത്തിനരികെയെത്തുമ്പോള്‍ ഭൂമിയില്‍ വെച്ചു തന്നെ സ്വര്‍ഗലോകത്ത് എത്തിപ്പെടുകയാണ്. ഉപവനത്തിലെ കുസുമങ്ങളുടെ സുഗന്ധം അവന്റെ ഘ്രാണനത്തെ തഴുകും. സ്വര്‍ഗത്തില്‍ നിന്നുള്ള മന്ദാലിനന്‍ അവന്റെ കുറുനിരകളെ ഇളക്കിക്കൊണ്ടിരിക്കും.

മദീനായിലേക്കുള്ള യാത്രയില്‍ ഹരിത വര്‍ണത്തിലുള്ള കുംഭ ഗോപുരം ദൃശ്യമാകുമ്പോഴേക്കും ത്രസിക്കാത്ത ഏത് ഹൃദയമാണുണ്ടാവുക? ഉപവനത്തിനന്തികേ ഹൃദയങ്ങള്‍ നയനങ്ങളില്‍ മുത്തുമണികളായി നിറഞ്ഞുനില്‍ക്കും. പിന്നെ ധേനയായി അതൊഴുകും. കവിളിണകളിലൂടെ ജലപ്രകൃത്തില്‍! തൂലികയിലൂടെ വാണിയായിട്ട്!

അസ്സലാമു അലൈക യാ റസൂലുല്ലാഹ്….. എന്ന് ഹൃദയത്തില്‍ നിന്ന് വിളിച്ചുപറയാന്‍ കഴിയുന്നവരെക്കാള്‍ ഭാഗ്യവാന്മാരായി ആരുണ്ട്? അതിനുണ്ടാവുക ഉപചാരത്തിന്റെ ഒച്ചയല്ല. ഹൃദയ വീണയുടെ വിശുദ്ധരാഗമായിരിക്കും. ഒരു പ്രത്യഭിവാദനവുമുണ്ടാവില്ലേ അതിന്? വിശുദ്ധ കരങ്ങളുയര്‍ത്തി മഹാപ്രഭു സലാം മടക്കുകയി ല്ലേ? എന്തു സംശയിക്കാന്‍? അതങ്ങനെത്തന്നെയായിരിക്കും. നിങ്ങള്‍ ഹൃദയം കൊ ണ്ടാണ് ആ സലാം അങ്ങോട്ട് ആശംസിച്ചതെങ്കില്‍. എങ്കില്‍ തിരിച്ചുകിട്ടുന്നതെത്ര വലിയൊരു സൌഭാഗ്യമാണ്. എത്രവലിയ പ്രതിഫലമാണ്. ഇരുജഗങ്ങള്‍ക്കും പ്രഭുവായവരില്‍ നിന്ന് കിട്ടുന്ന സമാധാനത്തിന്റെ ആശീര്‍വാദത്തെക്കാള്‍ വിലപിടിപ്പുള്ളതായി എന്തുണ്ട് ലോകത്തില്‍. നിങ്ങളവിടുത്തേക്ക് നേരുന്ന ഓരോ ആശിസ്സും വി ശുദ്ധ സമാധാനത്തിന്റെ ഭദ്രത നിങ്ങള്‍ക്കുതന്നെ ഉറപ്പുവരുത്തി തരികയില്ലേ? മണ്‍മറഞ്ഞതെങ്കിലും ഭുവനമാകെ പ്രഭ ചൊരിയുന്ന സാന്നിധ്യമാണ് നിങ്ങള്‍ അനുഭവിക്കുക. സമ്പൂര്‍ണമായ സമാധാനവും. സ്വല്ലല്ലാഹു അലൈഹി വ ആലിഹീ വസല്ലം


RELATED ARTICLE

  • ആശീര്‍വാദം
  • പ്രവാചകന്‍ നേതാവ്
  • അഹ്ലുല്‍ബൈതിന്റെ ആദ്ധ്യാത്മ രഹസ്യം
  • പ്രവാചക സ്നേഹം
  • ഇസ്റാഅ്: ശാസ്ത്രീയ വിശകലനം
  • മിഹ്രാജ് : ശാസ്ത്രീയ വിശകലനം
  • ഉപവനത്തിനന്തികേ………
  • മിഹ്രാജ് : ഉത്തുംഗതയിലേക്കുള്ള ഉഡ്ഡയനം