Click to Download Ihyaussunna Application Form
 

 

പ്രവാചക സ്നേഹം

ഉത്തുംഗമായിരിക്കാന്‍ അല്ലാഹു അനുവദിച്ചിരിക്കുന്ന ഭവനങ്ങളില്‍ നിന്ന് പ്രകാശം പ്രസരിക്കുന്നു. അവിടെ വെളിച്ചം നിറഞ്ഞു നില്‍ക്കുന്നു. പ്രകാശത്തിനുമേല്‍ പ്രകാശം’ (നൂറുന്‍ അലാ നൂര്‍) അവിടെയുണ്ട്. പ്രകാശത്തിന്റെ ആ നിറവില്‍ നിന്ന് വെളിച്ചം പുറത്തേക്ക് വരുമ്പോള്‍ ഇരുട്ട് മായുന്നു. ഇരുട്ട് പാഞ്ഞുമറയുന്നു. ആ ഭവനങ്ങളില്‍ നിന്നു പുറത്തുവരുന്നത് ‘ആകാശഭൂമികളുടെ പ്രകാശ’ത്തില്‍ നിന്ന് പകര്‍ന്നു കിട്ടിയ പ്രഭയാകുന്നു. പ്രഭാപൂരിതമായ ഭവനങ്ങള്‍. അവിടെ വാഴ്ത്തപ്പെടുന്നത് അല്ലാഹുവിന്റെ തിരുനാമം. എല്ലാ പ്രഭാതങ്ങളിലും എല്ലാ പ്രദോഷങ്ങളിലും അവിടെ അങ്ങനെ.’

‘നൂറുന്‍ അലാ നൂര്‍’ എന്നത് ഖുര്‍ആന്റെ പ്രയോഗമാണ്. അതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് അന്ത്യപ്രവാചകരുടെ വിശുദ്ധ വ്യക്തിത്വമാണെന്ന് ഇംഗ്ളീഷിലുള്ള ഖുര്‍ആന്റെ ഒരു പരാവര്‍ത്തനത്തില്‍ വായിച്ചപ്പോള്‍ ഓര്‍മയിലേക്ക് പെട്ടെന്ന് ഒഴുകിവന്നത് മന്‍ഖൂസ്വ് മൌലദിലെ ഈരടിയാണ്. കുട്ടിക്കാലത്ത് വീട്ടില്‍ പാരായണം ചെയ്യപ്പെടാറുണ്ടായിരുന്ന മൌലിദിലെ ആ ഈരടി. കേട്ടുശീലിച്ച മാതിരി അപ്പടി മനസ്സില്‍ പതിഞ്ഞത് അങ്ങനെതന്നെ (അറിവില്ലായ്മ മൂലം) തെറ്റായി ചൊല്ലി നടക്കുകയും ചെയ്തിരുന്നു. ഇങ്ങനെയാണ് അത് ഞാന്‍ ചൊല്ലി നടന്നിരുന്നത്.

“ഇന്നാ ബയ്തുന്‍ അന്‍ത സാകിനുഹു; ലയ്സ മൂഹ്താജന്‍ ഇലസ്സുറൂജി”

എന്നാല്‍ ശരിയായ ഭാഷ്യം ഇങ്ങനെയായിരുന്നു: “ഇന്ന ബയ്തന്‍ അന്‍ത സാകിനുഹു;  ലയ്സ മുഹ്താജന്‍ ഇലസ്സുറുജി” അതിനര്‍ഥം: അങ്ങ് വസിക്കുന്ന ഭവനങ്ങള്‍ക്ക് ദീപങ്ങളുടെ ആവശ്യം വേറെയില്ല തന്നെ.

കുട്ടിക്കാലം വിട്ട് അറബി വ്യാകരണം പഠിക്കാന്‍ ഭാഗ്യമുണ്ടായപ്പോള്‍ എന്റെ മനസ്സിന്റെ ഭാഷ്യത്തില്‍ കണ്ടെത്തിയ ചെറിയൊരു വ്യാകരണപ്പിശക് സ്വയം തിരുത്തുക മാത്രം ചെയ്തു. ‘ഇന്ന ബയ്തന്‍’ എന്നത് ‘ഇന്നാബയ്തുന്‍’ എന്നു വായിച്ചപ്പോള്‍ ഇങ്ങനെ അര്‍ഥവും കിട്ടി. ‘ഞങ്ങള്‍ തീര്‍ച്ചയായും അങ്ങ് വസിക്കുന്ന ഭവനങ്ങളാകുന്നു. ഇനിയിവിടെ വേറൊരു വിളക്കിനാവശ്യമില്ല.’ എന്തായാലും ‘ഇന്ന’ എന്നത് ‘ഇന്നാ’ എന്ന് പാടി ശീലിച്ചത് തിരുത്താന്‍ മെനക്കെട്ടില്ല. അത് തിരുത്താതിരുന്നത് ഭംഗിയായി എന്ന് അനുഭൂതിയുടേതായ ആത്മനിഷ്ഠത ശരിവെക്കുകയും ചെയ്തു. ഇതൊന്നും ആലോചിക്കാതെ പില്‍ക്കാലത്ത് എഴുതിയ ഒരു കഥയില്‍, സ്വയം കണ്ടെത്തിയ ഒരു പള്ളിക്കകത്തെ എണ്ണ നിറച്ചുവെച്ചിരുന്ന ദീപത്തെ സ്വയം കത്തിച്ച, ഒരാളുടെ കഥ പറഞ്ഞുപോകയും ചെയ്തു. അങ്ങനെ ചെയ്തതിന് അയാള്‍ക്ക് കിട്ടിയ അംഗീകാരമാണ് കഥയെ വളര്‍ത്തി ദര്‍ശനപരമായ ഒരു ആഖ്യാനമാക്കിത്തീര്‍ത്തത്. അപ്പോഴും ഓര്‍ത്തുപോയി. മന്‍ഖൂസ്വ് മൌലിദ് എന്ന കീര്‍ത്തന കാവ്യത്തില്‍ നിന്ന് വ്യാകരണത്തെറ്റോടെ ചൊല്ലിപ്പഠിച്ച ഈരടിയെ. ഇപ്പോഴാകട്ടെ ഹൃത്തിന്റെ പ്രാര്‍ഥനയും ആഗ്രഹവും അതുതന്നെ. പടച്ചവനേ അങ്ങനെ ആയിത്തീര്‍ന്നെങ്കില്‍. അതിനായി അനുഗ്രഹിക്കേണമേ.

സൂറത്തുന്നൂറിലെ വിശുദ്ധ സൂക്തത്തിലേക്ക് കടന്നുവരിക. ‘അല്ലാഹു നൂറുസ്സമാവാതി വല്‍ അര്‍ളി’ അല്ലാഹു ആകാശഭൂമികളുടെ പ്രകാശമാകുന്നു എന്നാണ് സൂക്തം തുടങ്ങുന്നത്. അസ്തിത്വത്തിലേക്ക് വെളിപ്പെടാതിരുന്നതിനെയെല്ലാം അസ്തിത്വത്തിലൂടെ ദൃഷ്ടി ഗോചരമാക്കിയവനല്ലോ അല്ലാഹു. എല്ലാ വര്‍ണനകള്‍ക്കും അതീതനായ പരിശുദ്ധന്‍. അവന്റേതാകുന്നു പരമപ്രകാശം. പരമാണുപ്പൊരുളിലും സ്ഫുരണമായി മിന്നുന്ന പ്രകാശം അല്ലാഹുവിന്റേത്. തമ്പുരാന് പ്രണാമം. സ്തുതി.

അതേ സൂക്തത്തില്‍ പിന്നീട് പറയുന്നത് പ്രകാശത്തെ ഏറ്റുവാങ്ങുന്ന പ്രകാശത്തെക്കുറിച്ചാണ്. അതിനായി സജ്ജമാക്കപ്പെട്ടു വെച്ചിരിക്കുന്ന പ്രകാശത്തെക്കുറിച്ച്; എണ്ണയില്ലാതെ തന്നെയും കത്തുമാറ് ശോഭയാര്‍ന്ന ഒലീവ് തൈലം പോലെ പരമ കാരുണികന്‍ നേരത്തെ തന്നെ സജ്ജമാക്കിവെച്ചത്. കിഴക്കിന്റേതെന്നോ പടിഞ്ഞാറിന്റെതെന്നോ ഉള്ള പരിമിതികള്‍ ബാധകമാകാത്ത നന്മനിറഞ്ഞ വൃക്ഷത്തില്‍ നിന്നുമുള്ള ഒലീവ് തൈലം. കൊളുത്തപ്പെടും മുമ്പ് തന്നെ അത് പ്രഭചൊരിഞ്ഞ് കാടത്തം മുറ്റിയ ഇരുട്ടില്‍ നറുവെട്ടമായി നിലനിന്നിരുന്നു. പിന്നെ, മേലേ നിന്നുള്ള ദിവ്യകിരണത്താല്‍ അത് കത്തിജ്വലിച്ചപ്പോള്‍ ‘പ്രകാശത്തിനുമേല്‍ പ്രകാശം’ എന്നപോലെയായി. അല്ലാഹുവില്‍ നിന്നുള്ള പ്രകാശമാകുന്നു അത്. ‘അല്ലാഹു താനുദ്ദേശിക്കുന്നവരെ അവന്റെ വെളിച്ചത്തിലേക്ക് നയിക്കുന്നു.’ അവന്റെ പ്രകാശം ഏറ്റുവാങ്ങുന്ന അനുഗ്രഹീതമായ ചില ഭവനങ്ങളുണ്ട്. ഉത്തുംഗമായിരിക്കാന്‍ അവന്‍ കനിഞ്ഞനുവദിച്ച വീടുകള്‍. അവിടെ എപ്പോഴും പ്രകീര്‍ത്തിക്കപ്പെടുന്നത് അവന്റെ മഹത്വം മാത്രം (24/35, 36 സൂക്തങ്ങളുടെ ആശയാവര്‍ത്തനം).

ഈ ആശയമല്ലേ മന്‍ഖൂസ്വ് മൌലിദ് എന്ന വിശിഷ്ട കീര്‍ത്തനം രചിച്ച അനുഗൃഹീതമായ കവിത്വത്തിലൂടെ ഒഴുകിയത്?. ഖുര്‍ആന്‍ പരാമര്‍ശിച്ച ‘ഫീ ബുയൂതില്‍ ആദിനല്ലാഹു അന്‍തുര്‍ഫ്അ..’ എന്നു പറഞ്ഞ വീടുകളാണ് അനുഗ്രഹീത കവിയുടെ ‘ഇന്ന ബയ്തന്‍ അന്‍ത സാകിനുഹൂ’ എന്നതും. ഈ എളിയവന്‍ തെറ്റിവായിച്ചുപോയ ‘ഇന്നാ ബയ്തന്‍ അന്‍ത സാകിനുഹൂ’ എന്നതും.

‘ഞങ്ങള്‍ അങ്ങ് വസിക്കുന്ന ഗേഹങ്ങളാകുന്നു’ എന്നു പാടാനിഷ്ടപ്പെടുന്ന ഈ തൂലികയുടെ വിരല്‍ത്തുമ്പുകള്‍ പക്ഷേ, കരയുന്നു. അങ്ങനെ പാടാന്‍ പാപം നിറഞ്ഞ ദേഹത്തിന്റെ അംശമായിരിക്കുന്ന കരാംഗുലികള്‍ക്കെന്ത് അര്‍ഹത എന്ന പരിദേവനം. പാപത്തില്‍ മുങ്ങിക്കുളിച്ചവന്‍. വെളിച്ചം തെളിച്ചു തന്ന ഗുരു പറഞ്ഞതൊക്കെയും മറന്ന് കാലിയെപ്പോലെ മേഞ്ഞുനടന്നവന്‍. എണ്ണവും കണക്കുമില്ലാത്ത വിധം അത്യാചാരങ്ങള്‍ ചെയ്തവന്‍. പൂച്ചയെ ഉറക്കുണര്‍ത്തുന്നത് പോലും ഹൃത്തിനെ നോവിച്ച ഗുരുവിന്റെ ഓര്‍മ പുതുക്കാന്‍ സഹജീവികളെ നൊമ്പരപ്പെടുത്തിക്കരയിക്കുന്ന കാട്ടുമാക്കാന് എന്തര്‍ഹത? എന്നാലും ഉള്ളില്‍ കെടാതെയിരിക്കുന്ന വെളിച്ചമുള്ളത് കൊണ്ട് പാടിപ്പോകയാണ് പ്രഭോ. പാപിയോട് മാപ്പാക്കുക. മന്‍ഖൂസ്വ് മൌലിദിന്റെ അനുഗ്രഹീതമായ കവിത്വത്തിലൂടെ തന്നെ ഇപ്പറഞ്ഞതും ഒഴുകിയല്ലോ.

“ഇര്‍തകബ്തു അല്‍ ഖത്വാ; ഗയ്റ ഹസ്വ്രിന്‍ വ അദദ്

ലക അശ്കൂ ഫീഹി; യാ സയ്യിദീ ഖൈറന്നബി”.

“ഇവന്‍  എണ്ണവുമറ്റവുമില്ലാതുള്ള വിധം

പാപഭാരം ചുമക്കുന്നവന്‍

അതില്‍ അങ്ങയോടല്ലാതെയാരോട്

ചൊല്ലും പരാതി ഞാന്‍.

പ്രഭോ, പ്രവാചക ശ്രേഷ്ഠാ…”

ഇതും പാടാന്‍ എനിക്ക് വലിയ ഇഷ്ടമാണ്. എന്നാല്‍ അതിന് ഒരു വിലക്ക്. വിലക്ക് മതത്തില്‍ നിന്ന്. അങ്ങനെ പറയരുത്. അങ്ങനെ പാടരുത്. അതില്‍ ശിര്‍ക്കുണ്ട്. മാളത്തില്‍ പാമ്പുണ്ട്. എന്നുപറയുന്നതുപോലെ. പക്ഷേ, എനിക്ക് പറയാനുള്ളത് ഇത്ര മാത്രമാണ്. ഞാന്‍ കാണുന്നത് മാണിക്യമാണ് സോദരാ. പാമ്പു കടിയേല്‍ക്കാതെ അത് എടുക്കാനെനിക്കറിയാം. പോകൂ!. ദൈവമേ, ഇതെന്തു കഷ്ടം. സഹജതയെക്കാള്‍ തീവ്രമായി നീ തന്നെ എന്റെ ഹൃദയത്തില്‍ നിക്ഷേപിച്ച സ്നേഹത്തിനും വിലക്ക് എന്ന മസാലയോ? ദൈവമേ, ഈ മതത്തില്‍ സ്നേഹിക്കാന്‍ പാടില്ലേ? എന്നാണോ നീ ദൂതനെ പറഞ്ഞയച്ച് പഠിപ്പിച്ചത്? അല്ലെങ്കില്‍ വായിച്ചവര്‍ക്ക് പിഴച്ചതോ?

ശിര്‍ക്കുണ്ട് എന്ന് സ്നേഹ ബുദ്ധ്യാ ഉപദേശിച്ച സൂക്ഷ്മതയുടെതായ മൌലികത ദീക്ഷിക്കുന്നവരോട് ഒരു യുക്തിവാദം. ഞാന്‍ വടക്കോട്ടുള്ള ബസ്സില്‍ മുന്‍വാതിലിലൂടെ കയറുന്നു. ഇരിപ്പിടമില്ല. എന്നാല്‍ ഏറ്റവും പുറകിലത് ഒഴിഞ്ഞു കിടക്കുന്നു. അതുകൊണ്ട് ഞാന്‍ വടക്കോട്ട് പോകുന്ന ബസ്സില്‍ നിന്ന് തെക്കോട്ട് നടക്കുന്നു. അതായത് പുറകിലോട്ട്. ഇരിപ്പിടം സ്ഥിരമാക്കാന്‍. എനിക്കെത്തേണ്ടത് തലശ്ശേരിയിലാണ്. എന്നാല്‍ ബസ്സില്‍ കയറി തെക്കോട്ട് നടന്നു പിറകില്‍ വന്നിരുന്ന ഞാന്‍ തിരൂരങ്ങാടിയില്‍ എത്തിപ്പെടുമോ? അങ്ങനെ വരുമെങ്കില്‍ തീര്‍ച്ചയായും ഞാന്‍ ഇറങ്ങണം. നന്തിയിലാണ് എത്തിയതെങ്കില്‍ അവിടെ ഇറങ്ങുക. കാരണം എനിക്കിപ്പോള്‍ എത്തേണ്ടത് തിരൂരങ്ങാടിയിലല്ല തലശ്ശേരിയാണ്. തിരൂരങ്ങാടി മുമ്പ് ഞാന്‍ പോയിട്ടുണ്ട്. ഇപ്പോള്‍ ഞാന്‍ തേടുന്നതൊന്നും അവിടെയില്ല താനും.

എന്നു പറഞ്ഞാല്‍ സാരം ഇതാണ്. തൌഹീദില്‍ അടിയുറച്ച ഒരാള്‍ വലത്തോട്ട് തിരിഞ്ഞാലും ഇടത്തോട്ട് തിരിഞ്ഞാലും പുറകോട്ട് ചുവട് ഒന്ന് മാറ്റിവെച്ചാലുമൊക്കെ അവന്‍ അതിലായിരിക്കും. തൌഹീദ് എന്ന വിശുദ്ധ വാഹനം അവനെ എവിടെയെത്തിക്കുമെന്നാണോ പ്രതീക്ഷിക്കുന്നത് അവിടെ തന്നെ അത് അവനെ എത്തിക്കും. അതുകൊണ്ട് ദയവായി സ്നേഹത്തിന്റെ ഭാഷയില്‍, ഒഴുകുന്ന കവി ഹൃദയത്തെ അധിക്ഷേപിച്ച് പ്രസംഗിക്കാതിരിക്കുക. സഹൃദയത്വം എന്നൊന്നുണ്ട്. അത് പലപ്പോഴും ചിലരുടെ മത പാഠശാലകളില്‍ നിന്ന് നഷ്ടമായിപ്പോകാറുണ്ടോ എന്നൊരു സംശയം കൂടി ബാക്കിയാകുന്നു. മതം, അതിന്റെ കണിശത; മൌലികത; ഹൃദയത്തിന് വരട്ടലുണ്ടാക്കുമോ? അങ്ങനെയൊന്നും പറയരുതേ എന്നാണെങ്കില്‍ മാപ്പാക്കുക. ഹസ്സാന്‍ ഇബ്നു സാബിത് (റ) എന്ന കവി ശ്രേഷ്ഠനെ ഓര്‍മിക്കുമല്ലോ. മന്‍ഖൂസ്വ് മൌലിദിലും അപ്പുറത്തുള്ളത് അദ്ദേഹം പാടിയിട്ടുണ്ട്. എന്നാല്‍ വിശുദ്ധ നബി അദ്ദേഹത്തെക്കുറിച്ച് പറഞ്ഞതെന്താണെന്നോ? ‘അവന്‍ പരിശുദ്ധാത്മാവിനാല്‍ (റൂഹുല്‍ ഖുദ്സ്) അനുഗ്രഹീതന്‍’ എന്ന്. പ്രമാണങ്ങള്‍ പരതിയാല്‍ ഇപ്പറഞ്ഞത് കാണാം.

അല്ലെങ്കിലും സ്നേഹത്തെക്കുറിച്ച് പറയുന്നിടത്ത് ശിര്‍ക്ക് അഥവാ ബഹുദിവ്യത്വവാദം എന്ന ആശയത്തിന് എന്താണ് പ്രസക്തിയുള്ളത്? ശിര്‍ക്ക് എന്നാല്‍ അല്ലാഹുവല്ലാത്തവര്‍ക്കും അല്ലാഹുവല്ലാത്തതിനും ദിവ്യത്വം കല്‍പ്പിക്കലും ഇബാദത് ചെയ്യലുമാണ്. അല്ലെങ്കില്‍ അല്ലാഹുവിന് മാത്രമായിരിക്കേണ്ട ഇബാദതില്‍ മറ്റുള്ളവര്‍ക്കും പങ്കാളിത്തം കല്‍പ്പിക്കുക എന്നത്. അപ്പോള്‍ ഇബാദത് എന്നാല്‍ എന്ത് എന്ന പ്രശ്നം സ്വാഭാവികമായും വിസ്തരിക്കേണ്ടി വരും. കുട്ടിക്കാലത്ത് പള്ളിദര്‍സിലെ ഒരു പ്രിയങ്കരനായ ഉസ്താദ് (അദ്ദേഹത്തിന് സംസ്കൃതം വലിയ പിടിപാടില്ലായിരുന്നു.) പറഞ്ഞു തന്നു പഠിപ്പിച്ചതില്‍ നിന്നുള്‍ ക്കൊണ്ട ആശയം ഇങ്ങനെയായിരുന്നു. ‘ലാഇലാഹ ഇല്ലല്ലാഹ്’ എന്നതില്‍ അര്‍ഥമാകുന്നത് അല്ലാഹുവല്ലാതെ അടിമപ്പെട്ട് തൊഴുതു കുമ്പിടാന്‍ അര്‍ഹതപ്പെട്ട യാതൊന്നും ഇല്ല എന്നതാകുന്നു. എന്നു പറഞ്ഞാല്‍ അടിമപ്പെട്ട് തൊഴുത് വണങ്ങുക എന്ന ആശയമാണ് ഇബാദത്തിന് കിട്ടുന്നത്. അബ്ദ് എന്നാല്‍ അടിമ എന്നും ഉബൂദിയ്യത്ത് എന്നാല്‍ അടിമത്തം എന്നും ശബ്ദ കോശങ്ങളില്‍ അര്‍ഥം കാണാം. അതുമായി ബന്ധമുള്ള ശബ്ദം തന്നെയാണ് ഇബാദത്ത് എന്നത്. അത് ലളിതമായി ചിന്തിക്കുന്ന ശാഠ്യമില്ലാത്ത എല്ലാ മനസ്സിനും ബോധ്യമാകുന്ന കാര്യമാകുന്നു.

സ്നേഹം എന്നതില്‍ അടിമപ്പെടലിന്റെയും സമര്‍പ്പണത്തിന്റെയും കീഴ്പ്പെടലിന്റെയുമൊന്നും ആശയമല്ല അടങ്ങിയിരിക്കുന്നത്.

സൃഷ്ടിയോടുള്ള സ്നേഹം പ്രാദൂര്‍ഭവിക്കുന്നത് സര്‍വലോക പാലകനോടുള്ള സ്നേഹത്തില്‍ നിന്നും സമര്‍പ്പണത്തില്‍ നിന്നും അവനു മാത്രമുള്ള മനുഷ്യന്റെ അടിമത്തത്തില്‍ നിന്നുമാണ്. അല്ലാഹു തആലയെ കരുണ ചൊരിയുന്നവന്‍ (റഹ്മാന്‍), കരുണയുടെ സ്രോതസ്സ് (റഹീം) എന്നീ നിലകളില്‍ അറിയാന്‍ കഴിയുന്ന മനുഷ്യ ഹൃദയത്തിന്റെ വര്‍ണ  (സ്വിബ്ഗത്) മായിരിക്കും സ്നേഹം എന്നത്. സ്നേഹം ഈശ്വര വര്‍ണമാകുന്നു. അതായത് റബ്ബിന്റെ റഹ്മാന്‍ എന്ന വിശേഷണത്തിന്റെ പ്രാതിഭാസികമായ ആവിഷ്കരണം. ഖുര്‍ആന്‍ പറഞ്ഞു: ‘അല്ലാഹുവിന്റെ വര്‍ണം. (ഇത് ഒരുആലങ്കാരിക  പ്രയോഗമാകുന്നു)  അല്ലാഹുവെക്കാള്‍ വല്‍ണശോഭയുള്ളവനായി ആരുണ്ട്? അവനുമാത്രം അടിമപ്പെട്ടു വണങ്ങുന്നവരാകുന്നു ഞങ്ങള്‍’ (2/138).

‘അല്ലാഹുവിന്റെ വര്‍ണ( വിശേഷണങ്ങള്‍) മുള്‍ക്കൊള്ളുക’ എന്നതിന്റെ അനിവാര്യതയില്‍ ഉള്‍പ്പെടുന്ന കാര്യമാണ് അവന്റെ വിശേഷണങ്ങള്‍ മനുഷ്യന്‍ സ്വന്തം അസ്തിത്വത്തിലൂടെ പ്രതിഫലിപ്പിക്കുക എന്നത്. സ്വൂഫി ആദ്ധ്യാത്മ ദര്‍ശനം വളരെയേറെ ഊന്നല്‍ നല്‍കുന്ന ആശയമാണിത്. ‘തഖല്ലഖൂ ബി അഖ്ലാഖില്ലാഹ്’ നിങ്ങള്‍ അല്ലാഹുവിന്റെ സ്വഭാവം കൊണ്ട് വിശേഷിതരാവുക എന്ന മഹദ്വചനമാണ് അവര്‍ ഉദ്ധരിക്കാറ്.

മനുഷ്യപ്പിറവി തന്നെ സ്നേഹത്തോടുള്ള ഒട്ടിച്ചേരലില്‍ നിന്നുത്ഭൂതമാകുന്ന പിണ്ഡത്തില്‍ നിന്നാണ് എന്ന് വിശുദ്ധ നബി(സ്വ)ക്ക് അവതരിച്ച പ്രഥമമായ വെളിപാട് വാക്യത്തില്‍ തന്നെ പറയുന്നു. ‘വായിക്ക, സൃഷ്ടിച്ച നിന്റെ നാഥന്റെ പേരില്‍. മനുഷ്യനെ അവന്‍ (സ്നേഹത്താല്‍) ഒട്ടിച്ചേര്‍ന്ന പിണ്ഡത്തില്‍ നിന്നും സൃഷ്ടിച്ചു’ (96/2).

കാരുണ്യത്തെ പ്രകാശനം ചെയ്യുന്ന നാഥന്റെ (റഹ്മാന്‍ ആയ റബ്ബിന്റെ) സൃഷ്ടി കര്‍മ്മത്തില്‍, അവന്റെ ഈശ്വരീയത (റുബൂബിയ്യത്ത്) എന്ന വിശേഷണത്തില്‍ അന്തസ്ഥമായിരിക്കുന്ന തത്വമാകുന്നു സ്നേഹം എന്നത്. സ്നേഹത്തിന്റെ അഭാവത്തില്‍ ലോകമില്ല. ജീവനും ജീവിതവുമില്ല. ഇല്ലായ്മ എന്ന ആശയമുള്‍ക്കൊള്ളുന്ന മരണമാകുന്നു സ്നേഹമില്ലായ്മയുടെ പ്രതിഫലനം.

ആശാന്‍ മഹാകവി പാടിയല്ലോ:

“സ്നേഹത്തില്‍ നിന്നുദിക്കുന്ന ലോകം

സ്നേഹത്താല്‍ വൃദ്ധി നേടുന്നു

സ്നേഹം താന്‍ ജീവിതം ശ്രീമന്‍

സ്നേഹവ്യാഹിതി തന്നെ മരണം.”

അതുകൊണ്ട് സ്നേഹം എന്നത് ഈശ്വരീയമായ ചര്യയാകുന്നു.(സുന്നത്തുല്ലാഹ്) അതുകൊണ്ടാണ് ഒരമ്മ കുഞ്ഞിനെ സ്നേഹിക്കുന്നത്. ഇണകള്‍ പരസ്പരം സ്നേഹിക്കുന്നത് മൂലം വംശവര്‍ധനവ് സാധിക്കുന്ന പിറവിയുണ്ടാകുന്നു. മാതാപിതാക്കള്‍ കുഞ്ഞുങ്ങളെ വളര്‍ത്തി വലുതാക്കുന്നതും അതേ ചോദനയാല്‍ തന്നെ. മനുഷ്യന്റെ കാര്യമാണിത്. മറ്റുജീവജാലങ്ങളുടെ സ്ഥിതിയും അതെ.

സ്നേഹം എന്നതിനെ പ്രകൃത്യായുള്ള ഒരു നൈസര്‍ഗികതയായി പരിഗണിക്കുന്ന നിലക്കാണ് മേല്‍ പറഞ്ഞത്. എന്നാല്‍ സ്നേഹം എന്നത് ഒരു ആദര്‍ശം എന്ന നിലക്ക് കൂടി ഉള്‍ക്കൊള്ളുന്നവനാകുന്നു മനുഷ്യന്‍. ആദ്യം പറഞ്ഞത് സ്രഷ്ടാവിന്റെ ഈശ്വരീയതയുടെ ഭാഗമായി റഹ്മാനിയ്യതിന്റെ പ്രതിഫലനമായാണ് വരുന്നതെങ്കില്‍ രണ്ടാമത് പറഞ്ഞത് അല്ലാഹുവിന്റെ ഹിദായത് (മാര്‍ഗ ദര്‍ശനം) മൂലം മനുഷ്യന് സ്വായത്തമാകുന്നതാണ്. ആശയം, ആദര്‍ശം എന്നതൊക്കെ സംബന്ധിക്കുന്നത് മനുഷ്യരെ മാത്രമാണല്ലോ. ആ നിലക്ക് മനുഷ്യന്‍ പ്രഥമമായി സ്നേഹിക്കേണ്ടത് എന്തിനെയാണ്? സ്നേഹം എന്നതിന്റെയത്രയും ലക്ഷ്യമാക്കി യിരിക്കേണ്ട വസ്തുത ഏതൊന്നാണ്? സംശയമില്ല. എവിടെനിന്നാണോ സ്നേഹം പ്രദുര്‍ഭവിക്കുന്നത് ആ സ്രോതസ്സിനെത്തന്നെയായിരിക്കണം മനുഷ്യന്‍ ഹൃദയം നിറയെ സ്നേഹിക്കേണ്ടത്. അതായത് അല്ലാഹു തആലായെ. ഹൃദയം അല്ലാഹുവെ തേടണം. അവനെ സ്നേഹിക്കണം. അവനെ മാത്രം സ്നേഹിക്കണം. ഖുര്‍ആന്‍ പറഞ്ഞു: “വിശ്വാസമുള്‍ക്കൊണ്ടവര്‍ അല്ലാഹുവോട് തീവ്രസ്നേഹമുള്ളവരത്രെ.” ഇതോടെ, ഈ നിലക്കുള്ള സ്നേഹം ഒരു വ്യക്തിയുടെ ഹൃത്തില്‍ നിറയുന്നതോടെ അയാള്‍ ശിര്‍ക്കില്‍ നിന്ന് ഇമ്യൂണിറ്റി നേടുന്നു.

എന്നാല്‍, അല്ലാഹുവോടുള്ള ഈ സ്നേഹം പ്രതിഫലിപ്പിക്കപ്പെടുന്നതെങ്ങനെയാണ്? അവന്റെ വചനത്തില്‍ നിന്നാവിര്‍ഭവിച്ച സമസ്ത ജീവജാലങ്ങളോടുമുള്ള സ്നേഹത്തിലൂടെ മാത്രമാണ് അത് സാധിക്കുക. ദൈവം, സ്നേഹത്തെ മനുഷ്യനില്‍ നിന്ന് ഏറ്റുവാങ്ങുന്നത് ആ നിലക്കാകുന്നു. കുഞ്ഞുങ്ങളെ പെറ്റുപോറ്റുന്ന മാതാക്കള്‍ക്ക് പ്രതിഫലമുണ്ടെന്ന് പറയുന്നത് ആ നിലക്കാണ്. മാതാപിതാക്കളോട് മക്കള്‍ കാണിക്കുന്ന സ്നേഹത്തിന് പ്രതിഫലം നിശ്ചയിക്കപ്പെട്ടിരിക്കുന്നു. എന്നു മാത്രമല്ല അതില്‍ വന്നുപോകുന്ന വീഴ്ചക്ക് പ്രത്യാഘാത(ഇഖാബ്)വും നിശ്ചയിക്കപ്പെട്ടിരിക്കുന്നു. സ്നേഹക്കുറവില്‍ ദൈവത്തിന്റെ ഇഷ്ടക്കുറവ് (സുഖ്ത്വ്) അടങ്ങിയിരിക്കുന്നു എന്നു പ്രവാചക തിരുമേനി(സ്വ) പഠിപ്പിക്കുന്നു.

സൃഷ്ടിയോടുള്ള സ്നേഹം സ്രഷ്ടാവിനോടുള്ള സ്നേഹത്തിന്റെ അനിവാര്യമായ താത്പര്യമാണെങ്കില്‍ സൃഷ്ടി എന്ന പ്രവിശാലതയില്‍ മനുഷ്യന്‍ മുന്‍ഗണന നല്‍കേണ്ടത് ഏതിന് എന്ന പ്രശ്നം ഉത്ഭവിക്കുന്നു. ആ ചോദ്യത്തിനുള്ള ഉത്തരമാണ് സ്രഷ്ടാവില്‍ നിന്ന് സൃഷ്ടിയിലേക്ക് വെളിച്ചം ഏറ്റുവാങ്ങി വരുന്നവനായിരിക്കണം മുന്‍ഗണന എന്നത്. അതായത് തുടക്കത്തില്‍ പറഞ്ഞ നൂറുന്‍ അലാ നൂര്‍ (പ്രകാശത്തിനു മേല്‍ പ്രകാശം) എന്ന് വിശേഷിപ്പിക്കപ്പെടുന്ന വിശുദ്ധ വ്യക്തിത്വത്തിന്. അതുകൊണ്ടാണ് മസീഹായി അയക്കപ്പെട്ട ഈസാനബി(അ)യും അന്ത്യപ്രവാചകരായ മുഹമ്മദ് റസൂല്‍ കരീം തിരുമേനി(സ്വ)യും എന്തിനെക്കാള്‍ കൂടുതലായി ഓരോ മനുഷ്യനും ദൈവവചനത്തിന്റെ വാഹകരായ തങ്ങളെ സ്നേഹിക്കൂല്‍  അനിവാര്യമാണെന്നറിയിച്ചത്. ഇസ്ലാമിന്റെ കലിമയില്‍ അതിന്റെ രണ്ടാം അര്‍ധ ഭാഗത്ത്. ഈ സ്നേഹം പ്രവാചകര്‍ അര്‍ഹിക്കുന്നതിന്റെ കാരണവും അതായിരിക്കാം. ‘ലാഇലാഹ ഇല്ലല്ലാഹ്’ എന്നതാണല്ലോ കലിമയുടെ പ്രഥമ ഭാഗം. അതിനര്‍ഥമാകട്ടെ അല്ലാഹുവല്ലാതെയില്ല. അടിമപ്പെട്ടു വണങ്ങേണ്ട ദൈവമായിട്ട്, എന്നാണ് ഒരു തലത്തില്‍. (എന്നാല്‍ ആദ്ധ്യാത്മ ദര്‍ശനത്തില്‍ സാഗര വിശാലതയും അത്രമാത്രം അഗാധതയുമുള്ള മറ്റൊരു ആശയ തലം അതിനുണ്ട്. അല്ലാഹുവല്ലാതെയില്ല. അടിമപ്പെട്ടുവണങ്ങേണ്ട ദൈവമായിട്ടും ഒരിക്കലും ഇല്ലായ്മ എന്നത് ബാധകമാകാത്ത പരമാര്‍ഥിക സത്യമായിട്ടും ഒരേ ഒരു ഉണ്‍മയായിട്ടും എന്ന അര്‍ഥകല്‍പ്പനയാണത്)

ഈ ലാഇലാഹ ഇല്ലല്ലാഹു എന്നത് ആദ്യപകുതിയെങ്കില്‍ ‘മുഹമ്മദ് റസൂലുല്ലാഹി’ എന്നത് തുടര്‍ന്നുവരുന്ന പകുതിയാണ്. ആദ്യത്തേത് അസ്തിത്വത്തിന്റെ പ്രഭവസ്ഥാനമായ പരമാര്‍ഥികമായ സത്യത്തെയും ഉണ്‍മയെയുമാണ് ഉദ്ഘോഷിക്കുന്നതെങ്കില്‍ രണ്ടാമത്തേത് പ്രാതിഭാസികമായി വെളിപ്പെട്ട എല്ലാം ഉള്‍ക്കൊള്ളുന്ന പ്രാപഞ്ചികമായ അസ്തിത്വത്തെയും അതിന് മേല്‍പ്പറഞ്ഞതിനോടുള്ള ബന്ധത്തെയുമാണ് പ്രഘോഷിക്കുന്നത്. ഈ കോവണിയി ലൂടെയല്ലാതെയുള്ള ഒരു കയറ്റം മനുഷ്യന് സാധ്യമല്ല. അതുപോലെ ഈ മാധ്യമത്തിലൂടെയുള്ള പ്രകാശത്തിന്റെ അവരോഹണമാണ് മനുഷ്യന് വെളിച്ചവും വഴികാട്ടിയുമായി നിശ്ചയിക്കപ്പെട്ടത്. മുഹമ്മദ്(സ്വ) എന്ന അന്തിമ വചന വാഹകന്‍ സൃഷ്ടിയുടെ തുടക്കവും ഒടുക്കവും ആകുന്നു എന്നു പറയുന്നതിന്റെ അര്‍ ഥമിതാണ്. അവിടുന്നാകുന്നു പ്രപഞ്ചം. പ്രപഞ്ചത്തിന്റെ കൊച്ചു മാതൃക. അവിടുത്തേക്ക് വേണ്ടി ലോകം ഉണ്ടായി. അവിടുത്തെ പ്രകാശം സൃഷ്ടിയുടെ തുടക്കമായിത്തീര്‍ന്നു.

ദൂതനോടുള്ള സ്നേഹവും അവനുള്ള അനുസരണയും അല്ലാഹുവോടുള്ള സ്നേഹത്തിന്റെ ഉപാധിയായി നിശ്ചയിക്കപ്പെട്ട കാര്യമാണ്. അനുസരണം എന്നത് അല്ലാഹുവിന് മാത്രമാകുന്നു എന്നാണ് ഖുര്‍ആന്‍ നല്‍കുന്ന പാഠം. എന്നാല്‍ അതേ ഖുര്‍ആന്‍ തന്നെ പ്രവാചകനെ അനുസരിക്കുക എന്നതിനെ നിര്‍ബന്ധമാക്കിയിരിക്കുന്നു. ഖുര്‍ആന്‍ പറയുന്നു: “നിങ്ങള്‍ അല്ലാഹുവിനെ അനുസരിക്കുക. അവന്റെ ദൂതനെയും’ (24/54). പ്രവാചകനെ പിന്‍പറ്റുന്നതിന്റെ അനിവാര്യത ഖുര്‍ആന്‍ ഇങ്ങനെ ബോധ്യപ്പെടുത്തുന്നു. “നി ങ്ങള്‍ അല്ലാഹുവെ സ്നേഹിക്കുന്നുവെങ്കില്‍ എന്നെ പിന്‍പറ്റുക. എന്നാല്‍ അല്ലാഹു നിങ്ങളെ സ്നേഹിക്കും എന്നു പറയുക” (3/31).

സ്നേഹത്തിന്റെ കാര്യവും ഇങ്ങനെതന്നെ. പ്രവാചകന്‍ ജനതയോട്, അവര്‍ എന്തിനെക്കാളും കൂടുതലായി തന്നെ സ്നേഹിക്കുക എന്നു പറഞ്ഞിട്ടുണ്ട്. അത് തനിക്ക് അവരില്‍ നിന്ന് മറ്റെന്തിനെക്കാള്‍ കൂടുതലായി പരിഗണനയും സ്നേഹവും ലഭിക്കണമെന്ന സ്വാര്‍ഥ ചിന്തയാലല്ല. ആ നിലക്ക് സംസാരിക്കുന്ന ഒരാള്‍ ദൈവദൂതനാവുകയുമില്ല. മറിച്ച് താന്‍ ഏറ്റുവാങ്ങിയിരിക്കുന്ന (നൂറിന്റെ) വിശുദ്ധിയും പ്രാധാന്യവും പരിഗണിച്ചു മാത്രമാണ്. എന്നല്ല, അങ്ങനെ പറയാന്‍ കല്‍പ്പിക്കപ്പെട്ടതുകൊണ്ടുമാണ്. ദൈവകല്‍പ്പനയാകുന്നു അത്. എല്ലാ പ്രവാചകന്മാരും ആ കല്‍പ്പന ഏറ്റുപറഞ്ഞതായും കാണാവുന്നതാണ്. ഇതേ ആശയം ഉള്‍ക്കൊള്ളുന്ന ഒരു വചനം പുതിയ നിയമത്തില്‍ വായിക്കാന്‍ കഴിയും. കാരണമെന്താണ്? പ്രവാചകര്‍ ദൈവ വചനത്തിന്റെ വാഹകരാകുന്നു എന്നതുതന്നെ. അവരെ എന്തിനെയുംകാള്‍ സ്നേഹിക്കാത്ത ഒരാള്‍ക്ക് ദൈവ വചനത്തെ അംഗീകരിക്കാനാവുകയില്ല.

എന്നാല്‍ ഒന്നുണ്ട്. പ്രവാചകരോടുള്ള സ്നേഹം അല്ലാഹുവോടുള്ള നിറഞ്ഞ സ്നേഹത്തില്‍ നിന്നും ഇറങ്ങിവരുന്നതായിരിക്കണം. ഇന്ന് നിലവിലുള്ള ക്രിസ്തുമത തത്വങ്ങളിലേ പോലെ വചന വാഹകനെ ദൈവത്തിന്റെതില്‍ കുറയാത്ത സ്ഥാനത്ത് അവരോധിച്ചുകൊണ്ടുള്ളതാവാന്‍ ഇസ്ലാമില്‍ പഴുതില്ല. ക്രൈസ്തവ ദൈവശാസ്ത്രപ്രകാരം ‘ദി സണ്‍ ഓഫ് ഗോഡ് ഈസ് നോ ലെസ് ദാന്‍ ഗോഡ്’ എന്നാണ്. ദൈവപുത്രന്‍ ദൈവത്തില്‍ കുറഞ്ഞ ഒന്നുമല്ല എന്നര്‍ഥം. ഇത് വചനത്തെയും വചനവാഹകനെയും വിഗ്രഹവത്കരിക്കലും അവര്‍ ഏറ്റുവാങ്ങിയ പ്രകാശത്തിനു നേരെ മറപിടിക്കലുമായാണ് ഭവിക്കുക. വിഗ്രഹവത്കരിക്കപ്പെടുക എന്നത് പ്രകാശത്തെ തടയുന്ന ജഢതയെ ദൈവത്തി നും മനുഷ്യനുമിടയില്‍ വെച്ച് കൊടുക്കലാകുന്നു. അതുകൊണ്ടാണ് തിരുനബി(സ്വ) ഒരിക്കല്‍ ഇങ്ങനെ പറഞ്ഞത് “നസ്വാറാക്കള്‍ മര്‍യമിന്റെ മകനെ പരിധിവിട്ട് പുകൈഴ് ത്തും പോലെ, നിങ്ങള്‍ എന്നെ പുകൈഴ്ത്തരുത്. ഞാന്‍ അല്ലാഹുവിന്റെ അടിമ മാത്രമാകുന്നു.’

അല്ലാഹുവിന്റെ അടിമയാകുക എന്നത് മനുഷ്യന്റെ പ്രാപ്യമാകുന്ന ഉത്തുംഗതയുടെ പാരമ്യമാണ്. അതിനര്‍ഥം അല്ലാഹു എന്ന പരമാര്‍ഥിക സത്യത്തിന്റെ മാത്രം അടിമത്തത്തി ലായിത്തീരുക എന്നാണ്. അതോടെ മനുഷ്യവ്യക്തി ആത്മനിഷ്ഠമായി അടിമത്തത്തിന്റെ എല്ലാ ചങ്ങലകളില്‍ നിന്നും മുക്തനാകുന്നു. അവന്റെ കഴുത്തിലെയും കാലിലെയും ചങ്ങലകള്‍ അറുക്കപ്പെടുന്നു. അവന് സ്വാതന്ത്യ്രം ആത്മനിഷ്ഠമായ ഒരു വിശുദ്ധിയായി അനുഭവപ്പെടുന്നു. അതുകൊണ്ടാണ് ഞാന്‍ അല്ലാഹുവിന്റെ ദൂതന്‍ ആകുന്നു എന്ന് പറയുന്നതിന് മുമ്പായി അവന്റെ അബ്ദ് അടിമയാകുന്നു എന്ന് പ്രവാചകന്‍ സ്വയം പരിചയപ്പെടുത്തുന്നത്. ക്രിസ്തുമത തത്വവാദം ഇന്ന് എന്തുപറഞ്ഞാലും ശരി, ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന മസീഹ് ആയ യേശുവിന്റെ അവസ്ഥയും ഇതു തന്നെയാണെന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. ദൈവപുത്രനായി അവനെ വിഗ്രഹ വത്കരിക്കുന്നതിനെ എതിര്‍ക്കുന്ന ഖുര്‍ആന്‍ ‘അല്ലാഹുവിന്റെ അടിമ’ എന്ന നിലക്കുള്ള ആ പ്രവാചകന്റേ യും വിശിഷ്ടത എടുത്തു പറയുന്നുണ്ട്. അങ്ങനെ അടിമയായിരിക്കുന്നതില്‍ അവന്‍ ഒരു പോരായ്മയും കാണുന്നില്ല എന്നറിയിക്കുന്നു ഖുര്‍ആന്‍. ‘അല്ലാഹുവിന്റെ ഒരു അടിമയാകുന്നതില്‍ മസീഹ് ഒരു പോരായ്മയും കാണുന്നില്ല. അല്ലാഹുവിന്റെ അടുത്ത സാമീപ്യം അനുഭവിക്കുന്ന മലകുകളും അതില്‍ പോരായ്മ കണ്ടെത്തുന്നില്ല. അവന് അടിമപ്പെട്ടു വണങ്ങുന്നതില്‍ പോരായ്മ ദര്‍ശിക്കുകയും അഹങ്കാരിയാവുകയും ചെയ്യുന്നവര്‍ ആരോ അവരെയെല്ലാം അവന്‍ തന്റെ അടുക്കല്‍ ഒരുമിച്ചുകൂട്ടി (വിചാരണ ചെയ്യും)” ഖുര്‍ആന്‍ 4/172.

ദൈവമാക്കി വിഗ്രഹവത്കരിച്ച് മാനവീകരിക്കപ്പെട്ട യേശുവെന്ന ക്രിസ്തുവോടുള്ള ഖുര്‍ആനിന്റെ സമീപനം തികച്ചും മാനവികമായ ദര്‍ശനമാണുള്‍ക്കൊള്ളുന്നത്. ക്രി സ്തു മത തത്വവാദത്തിന്റെ നിലപാട് ഇസ്ലാം സ്വീകരിക്കുന്നില്ല. അംഗീകരിക്കുന്നുമില്ല. മറ്റേതൊരു പ്രവാചകന്റെ കാര്യവും ഇസ്ലാമില്‍ അങ്ങനെ തന്നെ. ക്രിസ്തീയന്‍ യേശുവിന് വേണ്ടി സമാധാനം നേര്‍ന്നുള്ള പ്രാര്‍ഥന പറയാറില്ല. ദൈവത്തിന് വേണ്ടി പ്രാര്‍ഥിക്കുക എന്നത് വങ്കത്തമല്ലേ. എന്നാല്‍ മുസല്‍മാന്‍ ക്രിസ്തുവിന്റെ പേര്‍ കേട്ടാല്‍ വെറുതെയിരിക്കില്ല. അലൈഹിസ്സലാതുവസ്സലാം അവന്റെ മേല്‍ ദിവ്യാനുഗ്രഹവും സമാധാനത്തിന്റേതായ സുരക്ഷിതത്വവും ഭവിക്കട്ടെ എന്നവര്‍ പറയും. എല്ലാ പ്രവാചകന്മാരുടെ കാര്യത്തിലും അതെ.

എന്നാല്‍, എല്ലാ പ്രവാചകരെയും ഉള്‍ക്കൊണ്ട് പ്രവാചകത്വ സമാപനത്തിന്റെ വിശുദ്ധമുദ്രയായി അവതരിച്ച മുഹമ്മദുര്‍റസൂല്‍ തിരുമേനി(സ്വ)ക്കുവേണ്ടിയുള്ള സ്വലാതിന് പ്രത്യേക പ്രാധാന്യമുണ്ട്. അതൊരു ബാധ്യതയായിത്തന്നെയാണ് ഖുര്‍ആന്‍ എടുത്തുകാട്ടുന്നത്. മുസ്ലിം നിര്‍ബന്ധമായും ചെയ്തിരിക്കേണ്ട കാര്യം. “സത്യവിശ്വാസികളേ നബിക്ക് നിങ്ങള്‍ സ്വലാത്ത് ചൊല്ലുക. അതുപോലെ സലാമും ചൊല്ലുക” (33/56).

‘സ്വല്ലൂ അലൈഹിവസല്ലിമൂ തസ്ലീമന്‍’ എന്ന് കല്‍പ്പനാക്രിയാരൂപത്തിലാണ് ഖുര്‍ആന്‍ പറഞ്ഞത്. അതിനാല്‍ സ്വലാത്ത് സുന്നത്ത് മാത്രമാണെന്ന് കാണാന്‍ പ്രയാസമുണ്ട്.

എന്തുകൊണ്ടാണ് വിശുദ്ധ തിരുമേനിയുടെ പേരിലുള്ള അനുഗ്രഹ പ്രാര്‍ഥന നിര്‍ബന്ധമായിരിക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? പ്രവാചകന്‍ മഹാ വിശ്വത്തിന്റെയാകെയും കൊച്ചു പതിപ്പ് ആയതുകൊണ്ടാണതെന്ന് കാണാന്‍ പ്രയാസമില്ല. അല്ലാഹുവിന്റെ എല്ലാ അടിമകളെയും (ഖല്‍ഖ്/ഇബാദ്) ഉള്‍ക്കൊള്ളുന്ന വിശുദ്ധനായ ഒരൊറ്റ അബ്ദ് ആകു ന്നു നബിതിരുമേനി(സ്വ). സൃഷ്ടിക്ക് തുടക്കമായിരിക്കുന്ന പ്രകാശം (നൂര്‍) എന്ന നിലക്കുള്ള വചന പ്രസക്തി ഉള്‍ക്കൊള്ളുന്ന അടിമ(ദൈവമല്ല)യാകുന്നു മുഹമ്മദ്(സ). അവര്‍ക്കു വേണ്ടിയാണ് ലോകം വിന്യസിക്കപ്പെട്ടത് തന്നെ. നബിയെയും കാത്തു കഴിയുകയായിരുന്നു മനുഷ്യാനുഭവത്തെ വഹിക്കുന്ന ചരിത്രം എന്ന മാതാവ്. അതുകൊണ്ട് അവിടുത്തേക്ക് വേണ്ടിയുള്ള അനുഗ്രഹ പ്രാര്‍ഥന മനുഷ്യകുലത്തിന്റെ ചരിത്രാനുഭവത്തിനു വേണ്ടിയുള്ള അനുഗ്രഹ പ്രാര്‍ഥനയും പ്രപഞ്ചത്തിനാകെയും വേണ്ടിയുള്ള അനുഗ്രഹപ്രാര്‍ഥനയുമായി ഭവിക്കുന്നു. മലയാളക്കരയിലെ മുസ്ലിം ഗൃഹങ്ങളില്‍ ചൊ ല്ലാറുള്ള സ്വലാത്തുന്നാരിയ എന്ന പ്രസിദ്ധമായ അനുഗ്രഹ പ്രാര്‍ഥന വിശുദ്ധ തിരുമേനിയുടെ മേല്‍പ്പറഞ്ഞ സവിശേഷതകളെ എടുത്തു പറഞ്ഞുകൊണ്ടുള്ളതാണ് എന്ന കാര്യം അതിനെ എതിര്‍ക്കുന്നവര്‍ മാത്രമല്ല അതു ചൊല്ലുന്നവര്‍ തന്നെയും ശ്രദ്ധിച്ചുകാണില്ല. സ്വലാത്തുന്നാരിയയുടെ സാരം ഇങ്ങനെയാണ്:

“അല്ലാഹുവേ ഞങ്ങള്‍ക്ക്(എന്നാളും) പ്രഭുവായിരിക്കുന്ന മുഹമ്മദ് നബിയെ, അങ്ങയില്‍ നിന്നുള്ള സമ്പൂര്‍ണമായ സ്വലാതും സലാമും കൊണ്ട് അനുഗ്രഹിച്ചാലും (കാരണം) തിരുമേനിയിലൂടെയാകുന്നു കെട്ടിക്കുടുക്കുകള്‍ അഴിഞ്ഞ് (ഋജുവായ രേഖ) തെളിയുന്നത്. അവരിലൂടെയാകുന്നു (മനുഷ്യ)വേദന പരിഹൃതമാകുന്നത്. (ചരിത്രത്തിന്റെ) ആവശ്യങ്ങള്‍ യാഥാര്‍ഥ്യവത്കരിക്കപ്പെടുന്നതും(മാനവികതയുടെ) പ്രതീക്ഷ സാക്ഷാത് കരിക്കപ്പെടുന്നതും അവരിലൂടെ തന്നെ. (അവിടുത്തെ വിശുദ്ധ നിയോഗത്തിലൂടെയാകുന്നു മാനുഷിക സാഹചര്യത്തിന്റെ ചരിത്രപരമായ) ശുഭപര്യവസാനവും പൂര്‍ത്തീകരണവും. അവിടുത്തെ (വിശുദ്ധ സ്വകാര്യതയുടെ പ്രതീകമായ) തിരുകുടുംബത്തിനും പരിശുദ്ധരായ സഹചാരികള്‍ക്കും അങ്ങ് അനുഗ്രഹം ചൊരിഞ്ഞുകൊടുത്താലും. കാലത്തിന്റെ ഓരോ നിമിഷത്തിലും, അങ്ങേക്ക് മാത്രം തിട്ടപ്പെടുത്താവുന്ന വിധം എണ്ണമറ്റ ജീവ ശ്വാസങ്ങളുടെ അളവോളവും ആ സ്വലാതും സലാമും അവരുടെ മേല്‍ വര്‍ഷിച്ചുകൊണ്ടിരുന്നാലും.”

ഈ പ്രാര്‍ഥനയില്‍ വിശ്വാസപരമായ അച്ചടക്കത്തിന്റെ പേരിലുള്ള മൌലികതക്കു ഊന്നല്‍ നല്‍കുന്ന ചിലര്‍ ബഹുദിവ്യത്വ വാദത്തിന്റെ കലര്‍പ്പുള്ളതായി കാണുന്നു. എന്നാല്‍ ചരിത്രാവബോധമുള്‍ക്കൊണ്ട് വായിച്ചാല്‍ ആ പ്രശ്നം ഉത്ഭവിക്കുകയില്ല. അതിനുപുറമെ, അന്ത്യപ്രവാചകന്റെ മുന്‍ഗാമിയും അവിടുത്തെ നിയോഗത്തിന്റെ നിമിത്തവുമായി അയക്കപ്പെട്ട മസീഹായ ഈസ(അ), തന്റെ പിന്‍ഗാമിയായി വരാനിരിക്കു ന്ന കൈകാര്യകര്‍ത്താവിന്റെ സവിശേഷതകളായി പറഞ്ഞത് പുതിയ നിയമത്തില്‍ ശ്ര ദ്ധിച്ചുവായിക്കുന്നവര്‍ക്കും ഈ പ്രാര്‍ഥനയില്‍ ഉള്‍കൊള്ളിക്കപ്പെട്ട പരാമര്‍ശങ്ങളുടെ പൊരുള്‍ പിടികിട്ടും.

വിശുദ്ധ തിരുമേനിയെ മനുഷ്യലോകത്തിനാകെയും കൊച്ചുപതിപ്പായി കാണുന്ന പ്രസി ദ്ധ സ്വൂഫി ദാര്‍ശനികനായ ഫ്രഞ്ചു ചിന്തകന്‍ ഫ്രിഡ്ജോഫ്ഷ്യൂണ്‍ അവിടുത്തെക്കുറിച്ച് എഴുതിയതിങ്ങനെയാണ്. “പ്രവാചകന്‍ മനുഷ്യന്റെ പ്രതിമാനമാകുന്നു. അവന്റെ വൃഷ് ടിപരതയുടെയും സമഷ്ടിപരതയുടെതുമായ ധര്‍മ്മങ്ങളെ പരിഗണിക്കുമ്പോഴും, അവ ന്റെ ആദ്ധ്യാത്മവും ഭൌതികവുമായ ധര്‍മ്മങ്ങളെ പരിഗണിക്കുമ്പോഴും”(അണ്ടര്‍സ്റ്റാന്റിം ഗ് ഇസ്ലാം, പേജ് 91).

അതേ പ്രബന്ധത്തില്‍ തന്നെ ഫ്രീഡ്ജോഫ്ഷ്യൂണ്‍, പ്രവാചകന് വേണ്ടിയുള്ള അനുഗ്രഹപ്രാര്‍ഥന(സ്വലാത്)യുടെ പ്രാധാന്യവും അതു നിര്‍വ്വഹിക്കുന്ന വ്യക്തിയുള്‍ ക്കൊള്ളുന്ന മനുഷ്യലോകത്തിനും പ്രപഞ്ചത്തിന് മുഴുവന്‍ തന്നെയും ആ പ്രാര്‍ഥന ദൈവത്തില്‍ നിന്നുള്ള അനുഗ്രഹ വര്‍ഷമായി എങ്ങനെ ഭവിക്കുന്നുവെന്നും വിസ്തരിച്ച് ഉപന്യസിച്ചിട്ടുണ്ട്. (അതേ പുസ്തകം പേജ് 98 മുതല്‍ 101 വരെ വായിക്കുക)

അതുകൊണ്ട് നമ്മളെല്ലാവരും തന്നെ അവിടുത്തേക്ക് വേണ്ടി പ്രാര്‍ഥിക്കുക. സ്വലാതും സലാമും ചൊല്ലുക.

തമ്പുരാനേ, വിശുദ്ധ നബിയുടെ മേല്‍ സ്വലാത്ത് ചെയ്താലും. സമാധാനത്തിന്റെ വി ശുദ്ധ സുരക്ഷിതത്വം(സലാം) അവിടുത്തേക്കനുവദിച്ചാലും. അവിടുത്തെ വിശുദ്ധ കുടുംബത്തിനും സഹചരര്‍ക്കും അനുഗ്രഹ വര്‍ഷം ചൊരിഞ്ഞാലും, ആകാശത്തിലെ നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും മറ്റു പിണ്ഡങ്ങളുടെയും എണ്ണം കണക്കെ. ആ കാശവും ഭൂമിയും അതിലുള്ളതെല്ലാം നിലനില്‍ക്കുന്ന കാലമത്രയും. അല്ല, അതും കഴി ഞ്ഞ് അനന്തമായി നീളുന്ന കാലത്തിന്റെ ഓരോ നിമിഷത്തിലും അര്‍ധ നിമിഷത്തിലും അങ്ങയുടെ പക്കല്‍ നിന്നുള്ള അനുഗ്രഹ വര്‍ഷവും സമാധാനവും അവര്‍ക്കൊക്കെയുമുണ്ടാകണമേ. എല്ലാ പ്രവാചകര്‍ക്കുമുണ്ടാകേണമേ.


RELATED ARTICLE

  • ആശീര്‍വാദം
  • പ്രവാചകന്‍ നേതാവ്
  • അഹ്ലുല്‍ബൈതിന്റെ ആദ്ധ്യാത്മ രഹസ്യം
  • പ്രവാചക സ്നേഹം
  • ഇസ്റാഅ്: ശാസ്ത്രീയ വിശകലനം
  • മിഹ്രാജ് : ശാസ്ത്രീയ വിശകലനം
  • ഉപവനത്തിനന്തികേ………
  • മിഹ്രാജ് : ഉത്തുംഗതയിലേക്കുള്ള ഉഡ്ഡയനം