Click to Download Ihyaussunna Application Form
 

 

അഹ്മദ്ബ്നു ഹമ്പല്‍ (റ)

പൂര്‍ണ്ണനാമം അബൂ അബ്ദില്ലാ അഹ്മദ്ബ്നു മുഹമ്മദ്ബ്നു ഹമ്പല്‍ എന്നാകുന്നു. ഹിജ്റ 164 റബീഉല്‍ അവ്വല്‍ 20 നാണു ജനനം. പിതാവ് ‘മുജാഹിദ്’ എന്ന അഭിധാനത്തില്‍ അറിയപ്പെട്ട മുഹമ്മദ് ആയിരുന്നു.

ഹദീസ് വിജ്ഞാനത്തിലും നിയമത്തിലും അഗാധ ജ്ഞാനമുണ്ടായിരുന്ന ചുരുക്കം ചിലരില്‍ ഒരാളാണ് ഹമ്പല്‍ തങ്ങള്‍. സത്യത്തിന്റെ പക്ഷത്തു നിന്നു കൊണ്ട് ഖലീഫക്കെതിരെ ശബ്ദിച്ചതിന്റെ പേരില്‍ ദീര്‍ഘകാലം ജയില്‍ വാസം അനുഭവിച്ച ഹമ്പല്‍ (റ) തന്റെ ജീവിതം മുഴുവന്‍ ദീനീ സേവനത്തിനായി ഉഴിഞ്ഞു വച്ചവരായിരുന്നു.

മുഅ്തസിലികള്‍ക്കു ശക്തമായ സ്വാധീനമുള്ള കാലമായിരുന്നു ഹമ്പല്‍(റ) ന്റേത്. മുഅ്തസിലി വീക്ഷണക്കാരായ മഅ്മൂന്‍ അല്‍ മുഅ്തസിം, വത്വീഖ് എന്നീ ഭരണാധികാരികളില്‍ ഏറെ സ്വാധീനം നേടാന്‍ കഴിഞ്ഞ മുഅ്തസിലുകള്‍ തങ്ങളുടെ വീക്ഷണം പ്രചരിപ്പിക്കാന്‍ അധികാരത്തെ കൂട്ടിപ്പിടിച്ചു. പക്ഷേ, അഹ്മദ്ബ്നു ഹമ്പലും മററു മുഹദ്ദിസുകളുമൊന്നും അവരെ അംഗീകരിക്കാന്‍ ഒരുങ്ങിയില്ലെന്നു മാത്രമല്ല, അവര്‍ക്കെതിരെ ശക്തമായ നിലപാടു സ്വീകരിക്കുകയും ചെയ്തു.

മുഅ്തസിമിന്റെ ഭരണകാലത്ത് ഹമ്പല്‍ (റ) വിനു ശാരീരിക പീഡനവും ജയില്‍ വാസവും അനുഭവിക്കേണ്ടി വന്നു. നിലപാടു മാററി മുഅ്തസിലി കാഴ്ചപ്പാട് വച്ചു പുലര്‍ത്തിയാല്‍ സര്‍വവിധ ബന്ധനങ്ങളില്‍ നിന്നും മോചിപ്പിക്കാമെന്നു ഖലീഫ മുഅ് തസിം പല തവണ പറഞ്ഞെങ്കിലും ഹമ്പല്‍ (റ) അനുസരിക്കാന്‍ ഒരുക്കമായിരുന്നില്ല. പിന്നീട് മുഅ്തസിമിന്റെ കൂലിപ്പട്ടാളക്കാര്‍ മഹാനവര്‍കളോടു ക്രൂരമായി പെരുമാറി. ചാട്ടവാറു കൊണ്ട് അടിയേററ ഹമ്പല്‍ തങ്ങള്‍ ബോധക്ഷയനായി വീണു പോയി. ബോധം തെളിഞ്ഞപ്പോള്‍ ദാഹജലവുമായി വന്നവരെ തിരിച്ചയച്ച ഹമ്പല്‍ (റ), അനുഷ്ഠിച്ചിരുന്ന നോമ്പ് മുറിക്കാന്‍ തയാറായിരുന്നില്ല. ഇസ്ലാമിനു വേണ്ടി അവിടുന്ന് അനുഭവിക്കേണ്ടി വന്ന യാതനകള്‍ എണ്ണമററതാണ്. അതിനെ കുറിച്ചു ഗ്രന്ഥങ്ങള്‍ തന്നെ രചിക്കപ്പെട്ടിട്ടുണ്ട്.


RELATED ARTICLE

  • അഹ്മദ്ബ്നു ഹമ്പല്‍ (റ)
  • ഇമാം ശാഫിഈ (റ)
  • ഇമാം മാലിക്(റ)
  • ഇമാം അബൂ ഹനീഫ (റ)