Click to Download Ihyaussunna Application Form
 

 

ലക്ഷ്യം പുനര്‍നിര്‍ണയിക്കുക

സുരക്ഷിതത്വവും ഗുണവുമാണ് തീവ്രവാദത്തിന്റെ ലക്ഷ്യമെങ്കില്‍ അത് വ്യര്‍ഥമാണെന്ന് അനുഭവം തെളിയിച്ചിരിക്കുകയാണ്. അതിനാല്‍ പല ദുരിതങ്ങളും സമൂഹം പേറേണ്ടി വരികയുമുണ്ടായിട്ടുണ്ട്. ആ നിലക്ക് ഫലത്തെക്കുറിച്ച് നിശ്ചയമില്ലാത്ത കാര്യം ചെയ്യുന്നതില്‍നിന്നകന്ന് സമൂഹത്തിനും രാഷ്ട്രത്തിനും ഗുണം വരുത്തുന്ന മേഖലയില്‍ ശേഷി വിനിയോഗിക്കുന്നതല്ലേ ബുദ്ധി.

മാതാപിതാക്കള്‍ ജീവിച്ചിരിപ്പുള്ള ഒരാള്‍ നബി(സ്വ) തങ്ങളോട് യുദ്ധാനുമതി ചോദിച്ചപ്പോള്‍ അവരെ സേവിക്കാനായിരുന്നു നബി(സ്വ) പറഞ്ഞത്. അതാണവന്റെ ജിഹാദ്. അതിപ്രധാനവും വ്യക്തിബന്ധുരവുമായ ബാധ്യതകള്‍ക്കു പ്രാമുഖ്യം നല്‍കണമെന്നും അതാണ് ഒരു ജിഹാദെന്നും ഈ പ്രവാചക നിര്‍ദേശം പഠിപ്പിക്കുന്നു.

മനുഷ്യരുടെ പ്രവര്‍ത്തനങ്ങളില്‍ വൈയക്തിക ബാധ്യതകള്‍ കഴിഞ്ഞാല്‍ ചില മുന്‍ഗണനാ ക്രമം സ്വീകരിക്കേണ്ടതുണ്ട്. കൂടുതല്‍ ഗുണവും ഫലവും നേട്ടവും സാധിക്കുന്നവകള്‍ക്ക് പ്രത്യേക പരിഗണന നല്‍കണം. സൂറത്തുന്നിസാഇലെ 36-‏ാം സൂക്തത്തില്‍ നിന്നും ഇതിന്റെ സൂചനകള്‍ ലഭ്യമാണ്. മാതാപിതാക്കള്‍, കുടുംബങ്ങള്‍, അനാഥകള്‍, അഗതികള്‍, അയല്‍വാസികള്‍, സഹവാസികള്‍ തുടങ്ങിയവര്‍ക്ക് ഗുണം ചെയ്യണമെന്നത് ഇബാദത്തിന്റെയും തൌഹീദിന്റെയും നിര്‍ദേശത്തിന്റെ ഉടനെ നല്‍കപ്പെട്ടിട്ടുള്ളതാണ്.

നാം ജീവിക്കുന്ന സമൂഹത്തില്‍ നമ്മുടെ കാഴ്ചവട്ടങ്ങള്‍ക്കപ്പുറത്ത് ദുരിതവും ജീവിത പ്രതിസന്ധിയും അനുഭവിക്കുന്ന ആയിരങ്ങളുടെ കരളലിയിപ്പിക്കുന്ന നൊമ്പര കഥകളുണ്ട്. പ്രശ്നം രൂക്ഷമാകുന്നതിന് കൂടുതല്‍ സാധ്യതയുള്ള കാര്യങ്ങളിലേര്‍പ്പെടുന്നതിനു പകരം ഏതെങ്കിലുമൊരു മനുഷ്യനെ ദുരിതക്കടലില്‍ നിന്ന് കരകയറ്റുന്നതിനായി പരിശ്രമിക്കുന്നത് എത്രമാത്രം പുണ്യകരമാണ്. സമൂഹത്തിലെ ഉദാരമനസ്കരായ ആളുകളുടെ സഹകരണത്തോടെ ജീവിതത്തിന്റെ പുറമ്പോക്കില്‍ നിന്നും ഒരാളെ മുഖ്യധാരയില്‍ പുനരധിവസിപ്പിക്കാനായാല്‍ അതെത്ര മാത്രം ആനന്ദകരം കൂടിയാണ്. വിരോധത്തിന്റെ വിളവെടുപ്പില്‍ ഒട്ടും വിജയമില്ലാത്ത സ്ഥിതിക്ക് അതെത്ര നല്ലതാണ്.

മനുഷ്യ മനസ്സിന്റെ പ്രത്യുല്‍പാദനപരമായ ഗുണങ്ങളടങ്ങിയ പ്രകൃതിയെയാണ് നാം സജീവമാക്കേണ്ടത്. മറിച്ച് പ്രത്യാഘാതം സൃഷ്ടിക്കുന്ന വൈകാരിക ഭാവങ്ങളെ ചൂടു പി ടിപ്പിക്കുകയല്ല. അതിനാല്‍ തീവ്രവാദത്തിലേക്ക് വഴുതിപ്പോവുന്നതിന് പകരം സ്നേഹ സരളതയിലേക്ക് സ്വയം നയിക്കപ്പെടുകയാണ് വേണ്ടത്. അതിനുള്ള ഉള്‍വിളിയാണ് വിശ്വാസിയില്‍ ഉയിര്‍കൊള്ളേണ്ടത്. അതുണര്‍ത്താനും ഉയിര് നല്‍കാനും പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങളുടെയും വേദികളുടെയും പ്രവര്‍ത്തന വഴിയില്‍ നാമും അണി ചേരുക, അതാണ് നമ്മുടെ വിജയത്തിനും മോക്ഷത്തിനും അനുഗുണം.

വിദ്യാഭ്യാസ സൌകര്യമില്ലാത്തവരും പാര്‍പ്പിടമില്ലാത്തവരും ഭക്ഷണമില്ലാത്തവരും ചികിത്സ ലഭിക്കാത്തവരും എത്രയാണ് നമുക്കിടയില്‍ തന്നെ. നമ്മുടെ കരളില്‍ തറക്കുന്ന വാര്‍ത്തകള്‍ പലതും നാമറിയുന്നില്ലെ. മത ജാതി പരിഗണനകള്‍ക്കതീതമായി സേവനത്തിനിവിടെ സാഹചര്യത്തിന്റെ ആവശ്യപ്പെടലുണ്ട്.

ആദര്‍ശത്തിനും സമൂഹത്തിനും ഒരേ സമയം ആവശ്യമായ പരിപോഷണ സേവന പ്രവര്‍ത്തനത്തിന്റെ മുന്‍നിരയില്‍ സാത്വികന്മാരായ പണ്ഢിതന്മാരും സാദാത്തുക്കളുമുണ്ട്. ഈ സത്ഗുണ കൂട്ടായ്മയില്‍ പങ്കുചേര്‍ന്ന് ധന്യരാവാന്‍ ശ്രദ്ധിക്കുക.അല്ലാഹു പറയുന്നു: ‘വിശ്വാസികളെ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക. സത്യസന്ധന്മാരോടൊപ്പമാവുകയും ചെയ്യുക’ (ആശയം: അത്തൌബ: 119).

എല്ലാ അര്‍ഥത്തിലും സത്യസന്ധരായവര്‍ക്കൊപ്പമാണ് വിശ്വാസികളോട് നിലകൊള്ളാനാവശ്യപ്പെടുന്നത്. അതിനാല്‍ സുതാര്യവും സുവ്യക്തവും ഗുണഫലദായകവുമായ മാര്‍ഗേ സഞ്ചരിക്കുന്നവരുടെ കൂട്ടായ്മയാണ് നമുക്കഭികാമ്യം. അങ്ങനെ സ്വന്തമായി സാധിക്കാത്ത പല സേവന പ്രവര്‍ത്തനങ്ങളിലും നമ്മുടെ പങ്കാളിത്തം വിനിയോഗിക്കാന്‍ സാധിക്കും. സുന്നിയാവുക എന്നതോടൊപ്പം സംഘടനാ പ്രവര്‍ത്തകനുമാവുക എന്ന സന്ദേശം നമ്മുടെ പൂര്‍വികര്‍ നമുക്ക് കൈമാറി വന്നത് അതിനാലാണ്.

സുതാര്യമായ മാര്‍ഗം മുന്നില്‍ തുറന്നു കിടക്കെ സങ്കീര്‍ണമായത് തിരഞ്ഞെടുക്കുന്നത് മൌഢ്യമാണ്. സച്ചരിതരായ പൂര്‍വസൂരികളുടെ പിന്നില്‍ വന്ന തലമുറയില്‍ നിന്ന് അവരുടെ മാര്‍ഗ ദീപത്തില്‍ നിന്നും വെളിച്ചം സ്വീകരിക്കുക. അടിത്തറയും ലക്ഷ്യബോധവുമില്ലാത്ത കൂട്ടുകെട്ടുകളും ആള്‍ക്കൂട്ടങ്ങളും എന്തെന്ത് ലക്ഷ്യമുയര്‍ത്തി വിട്ടാലും അഭിലഷണീയമല്ല.

സ്നേഹവും കാരുണ്യവും ചൊരിഞ്ഞ്, ലോകത്തിന്റെ സ്നേഹ നായകനായ പുണ്യ പ്രവാചകര്‍ മുഹമ്മദ്(സ്വ) നമുക്ക് മാതൃകയാവണം. ആ മഹല്‍ ജീവിതത്തില്‍ സ്നേഹവും കരുണയും അനുകമ്പയും ദയയും കൃപയും സാന്ത്വനവും സഹായവും എല്ലാമുണ്ട്. ഇവയുടെ സ്ഥാപനത്തിനും നിലനില്‍പ്പിനുമായി സമരങ്ങളുമുണ്ടായിരുന്നു.

അര്‍ഥവും വ്യാപ്തിയുമുള്ള ആ ജീവിതത്തില്‍ നിന്നും സ്നേഹത്തില്‍ ചാലിച്ച ജീവകാരുണ്യ പ്രവര്‍ത്തനത്തിനായുള്ള സന്ദേശം സ്വീകരിക്കുക. അങ്ങനെ ശത്രുവിനെയും മിത്രത്തെയും ഇസ്ലാമിന്റെ സൌകുമാര്യത അറിയിക്കാനാണ് നാം ശ്രമിക്കേണ്ടത്.

തീവ്രവാദ പ്രചാരകരുടെ ഉത്ബോധനങ്ങളിലും വാഗ്വിലാസത്തിലും മസ്തിഷ്ക പ്രക്ഷാളനത്തിനു വിധേയമാക്കപ്പെടുന്ന യുവസുഹൃത്തുക്കളെ നാം നേരിന്റെ വഴിയിലേക്ക് തിരിച്ചു വിടണം. യുവത്വത്തിന്റെ രക്തത്തിളപ്പിന് ശക്തി പകരുന്ന പ്രചാരണങ്ങള്‍ നടത്തി മാര്‍ഗഭ്രംശരാക്കിത്തീര്‍ക്കുന്ന പ്രവണതയെ മൌനാനുവാദം നല്‍കി വിട്ടുകൂടാത്തതാണ്. നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്ന വ്യവസ്ഥാപിത മത സാമൂഹിക പ്രവര്‍ത്തനത്തില്‍ നിന്നും അകന്നതാണിതിന് മുഖ്യ കാരണം.

ഇന്ത്യയിലെന്നല്ല ലോകത്തെമ്പാടും വ്യത്യസ്തമായ പ്രശ്നങ്ങള്‍ മുസ്ലിംകളനുഭവിക്കുന്നുണ്ട് എന്നത് നേരാണ്. പക്ഷേ, അതൊക്കെ പരിഹരിക്കുന്നതിന് വിധ്വംസക മാര്‍ഗങ്ങളാണ് പരിഹാരമെന്ന പാഠം ആരുടേതാണ്? അല്ലെങ്കില്‍ അപക്വമായ പ്രവര്‍ത്തനങ്ങളിലൂടെ പരിഹരിക്കാനാവുന്നതാണോ ആ പ്രശ്നങ്ങള്‍? ആലോചനക്ക് വിധേയമാക്കേണ്ടതാണ്. ഇന്ത്യയില്‍ കേരളത്തിലടക്കം ജീവിത പ്രതിസന്ധി നേരിടുന്ന മുസ്ലിംകളുണ്ട്. അവര്‍ക്ക് ജീവിത വിഭവങ്ങളും ചികിത്സയും മരുന്നും വസ്ത്രവും വിദ്യാഭ്യാസവും എത്തിക്കാന്‍ സാധ്യമായ മാര്‍ഗമാരായുന്നതിനു പകരം ഉള്ളവന്റെയും മുതുകൊടിക്കുന്ന പ്രത്യാക്രമണത്തിനും പ്രത്യാഘാതങ്ങള്‍ക്കും കാരണക്കാരാവുന്നതെന്തിന്?


RELATED ARTICLE

  • തീവ്രവാദം : പരിഹാരവും നിലപാടും
  • ലക്ഷ്യം പുനര്‍നിര്‍ണയിക്കുക
  • തീവ്രവാദം പരിഹാരമല്ല
  • ഇന്ത്യന്‍ സാഹചര്യം തേടുന്നത്
  • യുദ്ധ നിയമങ്ങളില്‍ നിന്ന്
  • ശിക്ഷാ നിയമങ്ങള്‍
  • ഇസ്ലാമും യുദ്ധവും
  • ഇസ്ലാമും വാളും
  • ഇസ്ലാമിലെ ധാര്‍മിക വ്യവസ്ഥ
  • തീവ്രവാദം ഇസ്ലാമിക വീക്ഷണത്തില്
  • തീവ്രവാദം