വിമോചന തത്വശാസ്ത്രം

ഏകദൈവ വിശ്വാസത്തിന്റെ സന്ദേശവുമായി മുഹമ്മദ് നബി(സ) ആഗതനായപ്പോള്‍ അറബികള്‍ എതിര്‍ത്തു. ക്രൂരമായി മര്‍ദ്ദിച്ചു. നബി(സ്വ)യെ പിന്തുടര്‍ന്ന സുമയ്യ, യാസിര്‍ ദമ്പതികളെ ക്രൂരമായി കൊലപ്പെടുത്തി. ഹസ്റത് ബിലാല്‍, സുഹൈബ് തുടങ്ങിയ പാവപ്പെട്ടവരെ കടുത്ത പീഡനങ്ങളേല്‍പ്പിച്ചു. പക്ഷേ, ക്ഷമയും പ്രതീക്ഷയുമായി മുഹമ്മദ് നബി(സ്വ) തന്റെ പ്രയത്നം തുടര്‍ന്നു. തൌഹീദ്, ഏകദൈവ സിദ്ധാന്തം അവരുടെ ഹൃദയത്തില്‍ നട്ടുപിടിപ്പിച്ചു. ആ സന്ദേശം കണ്ടതോടെ അവരാകെ മാറി. കൊള്ളയും കൊലയുമായിനടന്ന അറബികള്‍, കള്ളും പെണ്ണുമായി മതിമറന്ന് ജീവിച്ചവര്‍, അടിമകളെയും പാവപ്പെട്ട മനുഷ്യരെയും ക്രൂരമായി പീഡിപ്പിച്ചവര്‍, തമ്മില്‍ തല്ലി നൂറ്റാണ്ട് തുലച്ചവര്‍. ലോകചരിത്രത്തില്‍ തുല്യതയില്ലാത്ത ഇതിഹാസപുരുഷന്മാരായിത്തീര്‍ന്നു. സ്നേഹത്തിന്റെയും പരസ്പര സഹായത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകങ്ങളായി മാറി.

തങ്ങള്‍ പണിതീര്‍ത്ത പ്രതിമകളെ അവര്‍ തല്ലിയുടച്ചു. മദ്യവീപ്പകള്‍ ഓടകളില്‍ ഒഴിച്ചു. മദ്യഷാപ്പുകള്‍ ചുട്ടുകരിച്ചു. സ്വന്തം പട്ടിണി കിടന്നും മറ്റുള്ളവരെ സഹായിച്ചു. ജീവിതത്തില്‍ ഒരിക്കല്‍ പോലും കാണാത്ത മനുഷ്യരെ സ്വന്തം സഹോദരനായി കാണാന്‍ അവര്‍ക്ക് സാധിച്ചു. ഈ ആദര്‍ശ സഹോദരന് സ്വത്തിന്റെ പകുതി വിഹിതിച്ചു കൊടുക്കാന്‍ വരെ അവര്‍ തയ്യാറായി. അടിമകളായിരുന്ന ബിലാല്‍, സുഹൈബ്, അമ്മാര്‍ സൈദ് തുടങ്ങിയവര്‍ ഉന്നതരും നാടിന്റെ അമരക്കാരുമായി. ഔസ് – ഖസ്റജുകാര്‍ നൂറ്റാണ്ട് പഴക്കമുള്ള യുദ്ധം നിര്‍ത്തി സഹോദരന്മാരായി. ഇസ്ലാം അവരെ വിദ്യാസമ്പന്നരും ചിന്തകരും ബുദ്ധിജീവികളുമാക്കി. ലോക നാഗരികതയുടെ, ശാസ്ത്രത്തിന്റെ, ചിന്തയുടെ കുത്തകക്കാരായി അറബികള്‍ വളര്‍ന്നു!

ഉസാമത്തുബിന്‍ സൈദ് അടിമയുടെ പുത്രനാണ്. പക്ഷേ, ഇസ്ലാമില്‍ വന്നപ്പോള്‍ ഉസാമത്തിനു യാതൊരു കുറച്ചിലുമുണ്ടായില്ല. ഇസ്ലാമിക സേനയുടെ സര്‍വ്വസൈന്യാധിപനായി. നബി(സ്വ) ഉസാമത്തിനെ നിയമിച്ചു. ഖുറൈശി പ്രമുഖരായ അബൂബക്ര്‍(റ), ഉമര്‍(റ) തുടങ്ങിയവരൊക്കെ ആ സൈന്യാധിപന്റെ കീഴില്‍ പടയാളികളായിരുന്നു.

ബിലാല്‍ നീണ്ടകാലം അടിമയായി ജീവിച്ചു. ജീവിതത്തിന്റെ തിക്താനുഭവങ്ങള്‍ മാത്രം കണ്ട ആ പാവപ്പെട്ട മനുഷ്യനെ ഇസ്ലാം എത്രത്തോളം ഉയര്‍ത്തി എന്നല്ലെ, മദീനയിലെ തിരുനബി(സ്വ)യുടെ പള്ളിയില്‍ ബാങ്ക് വിളിച്ചിരുന്നത് അദ്ദേഹമായിരുന്നു. സ്വിദ്ദീഖുല്‍ അക്ബറും ഉമറുമൊക്കെ ചോദിച്ച സ്ഥാനമാണിത്. പക്ഷേ, നബി(സ്വ)യത് കൊടുത്തത് ബിലാലിനാണ്. ബിലാലിന്റെ ബാങ്കുകേട്ടാല്‍ മുഴുവനാളുകളും പള്ളിയിലേക്ക് തിരിക്കുന്നു. ബിലാലിനെ ഹസ്തദാനം ചെയ്തു ചുംബിക്കുന്നു. അബൂബക്ര്‍ സ്വിദ്ദീഖ് (റ) വിലക്ക് വാങ്ങി മോചിപ്പിച്ച ബിലാല്‍ പിന്നീട് ഇസ്ലാമിക സ്റ്റേറ്റിന്റെ ഗവര്‍ണറായി പരിലസിക്കുകയായിരുന്നു. സുഹൈബും സല്‍മാനുല്‍ ഫാരിസിയുമൊക്കെ ഇസ്ലാമില്‍ വരുന്നതിന് മുമ്പ് അടിമകളായിരുന്നു. പക്ഷേ, അവരെല്ലാം ഇസ്ലാമിക സമൂഹത്തില്‍ പരമോന്നത സ്ഥാനങ്ങളാണ് വഹിച്ചത്.

അവരുടെ നിറവും വര്‍ഗവും ആര്‍ക്കും പ്രശ്നമായില്ല. മുന്‍ അടിമകളാണവരെന്ന ചിന്ത ആരെയും അലോസരപ്പെടുത്തിയില്ല. ഏകദൈവസിദ്ധാന്തമവരെ ഒന്നാക്കി. മനുഷ്യര്‍ ഒരേ മാതാപിതാക്കളുടെ സന്താനങ്ങളാണ്. ജാതിയും വര്‍ഗവും ഭാഷയും വര്‍ണങ്ങളുമൊന്നും ഈ സാഹോദര്യബന്ധത്തിനു തടസ്സമാകരുത്. ഇസ്ലാമിന്റെ സന്ദേശമതാണ്. എല്ലാവരും ദൈവത്തിന്റെ അടിമകള്‍, ഭക്തിയും സൂക്ഷ്മതയുമാര്‍ക്കാണോ കൂടുതലുള്ളത് അവര്‍ ആദരണീയര്‍. ഇതാണ് ഇസ്ലാമിന്റെ സിദ്ധാന്തം. ഈ സിദ്ധാന്തം അവരെ നയിച്ചു. ജാതിയും തൊലിയും നോക്കി നിര്‍ണയിച്ചിരുന്ന ഈ ആദരം ഭക്തിയും സല്‍സ്വഭാവവും നോക്കി തീരുമാനിക്കുന്ന അവസ്ഥ കൈവന്നു. ‘മനുഷ്യര്‍ ഒരു ചീര്‍പ്പിന്റെ പല്ലുപോലെ തുല്യരാണെന്നു നബി(സ്വ) പഠിപ്പിച്ചു.’

സ്വഭാവ മാഹാത്മ്യം ഇസ്ലാമിക പ്രബോധനത്തിന്റെ മുഖ്യോപാധിയാണ്. നിങ്ങളില്‍ കൂടുതല്‍ സല്‍സ്വഭാവി ആരോ അയാളാണ് പൂര്‍ണവിശ്വാസി. നബി(സ്വ) പ്രഖ്യാപിച്ചു: ‘ഓ ജനങ്ങളേ, നിങ്ങള്‍ ഒരു പുരുഷന്റെയും സ്ത്രീയുടെയും സന്താനങ്ങളാണ്. വിവിധ ഗോത്രങ്ങളും വംശങ്ങളുമാക്കി നിങ്ങളെ സൃഷ്ടിച്ചത് നിങ്ങള്‍ പരസ്പരം അറിയാന്‍ വേണ്ടിയാണ്. നിങ്ങളില്‍ കൂടുതല്‍ ഭക്തര്‍ ആരോ അവരാണ് അല്ലാഹുവിങ്കല്‍ ഉത്തമര്‍’ ഖുര്‍ആന്‍ പ്രഖ്യാപിച്ചു: ‘ഇത് വിശദീകരിച്ചുകൊണ്ട് മുഹമ്മദ് നബി(സ്വ) പ്രസ്താവിച്ചു. ‘അറബിക്ക് അനറബിയെക്കാള്‍ മഹത്വമില്ല. അനറബിക്കു അറബിയെക്കാള്‍ മഹത്വമില്ല. വെളുത്തവന് കറുത്തവനെക്കാള്‍. കറുത്തവന് വെളുത്തവനെക്കാള്‍ സ്ഥാനമില്ല. ഭക്തികൊണ്ടല്ലാതെ. നിങ്ങളെല്ലാവരും ആദമിന്റെ മക്കള്‍. ആദം മണ്ണിന്റെ മകനും.’ ഈ പ്രഖ്യാപനം ജാതീയതയുടെയും വര്‍ണ വിവേചനത്തി ന്റെയും തൊഴിലാളി പീഢനത്തിന്റെയും ഉച്ചനീചത്വങ്ങളഉടെയും വേരറുക്കുകയായിരുന്നു. സഹസ്രാബ്ദങ്ങളായി മനുഷ്യമനസ്സില്‍ അടിഞ്ഞുകൂടിയ അഹങ്കാരത്തിന്റെയും ദുരഭിമാനത്തി ന്റെയും വിഷബീജങ്ങളെ ഉന്മൂലനം ചെയ്യുകയായിരുന്നു.

ആ പ്രഖ്യാപനം കേട്ടു അടിമച്ചന്തകളില്‍ തക്ബീര്‍ മുഴങ്ങി. അടിമപന്തികള്‍ കുലുങ്ങി. ആഡ്യന്മാരുടെ കോട്ടകൊത്തളങ്ങള്‍ വിറച്ചു. ചൂഷക വര്‍ഗത്തിന്റെ കണ്ണുകള്‍ കലികൊണ്ട് ചുവന്നു. പാവപ്പെട്ടവരുടെ നയനങ്ങളില്‍ സന്തോഷാശ്രു പൊടിഞ്ഞു. അവര്‍ നിശയുടെ നിശ്ശബ്ദതയില്‍ മുഹമ്മദ് നബി(സ്വ)യുടെ പര്‍ണശാലയിലെത്തി. പാങ്ങിയും പതുങ്ങിയും വിമോചനത്തിന്റെ വഴിയില്‍ അവര്‍ കാലെടുത്തുവെച്ചു. ആ വിമോചന തത്വശാസ്ത്രം പഠിക്കാന്‍ അവര്‍ സമയം കണ്ടെത്തി. ആദ്യമൊക്കെ ആരുമറിയാതെ തിരുപാഠശാലയിലെത്തിയ അടിമകള്‍ പിന്നീട് പരസ്യമായിത്തന്നെ വരാന്‍ തുടങ്ങി. മുതലാളിമാരുടെ ചവിട്ടും തൊഴിയും ക്രൂരമായ പീഡനങ്ങളുമെല്ലാം സ്വാതന്ത്യ്രത്തിന്റെ വിമോചന പാതയിലെ നാഴികക്കല്ലുകളായി അവര്‍ ഗണിച്ചു. തങ്ങളും മനുഷ്യരാണെന്ന്അവര്‍ ആദ്യമായി അറിഞ്ഞു.

മക്കയിലാരംഭിച്ച ഈ വിമോചന പ്രസ്ഥാനം ലോകമാകെ പരിവര്‍ത്തനത്തിന്റെ കൊടുങ്കാറ്റ് വീശി. റോമിലും പേര്‍ഷ്യയിലും ആ സന്ദേശം പരിവര്‍ത്തനങ്ങള്‍ സൃഷ്ടിച്ചു. രാഷ്ട്രീയ വ്യവസ്ഥകളും സാമ്പത്തിക സംവിധാനങ്ങളും സാമൂഹിക ബന്ധങ്ങളുമൊക്കെ മാറി. അല്ലാഹു അക്ബര്‍. അല്ലാഹു അക്ബര്‍. ഈ മുദ്രാവാക്യം ചക്രവാളങ്ങളില്‍ വിപ്ളവത്തിന്റെ മണിമുഴക്കി.

തൌഹീദിന്റെ ശുദ്ധജലം കൊണ്ട് ശുദ്ധീകരിക്കപ്പെട്ട ഹൃദയത്തില്‍ പിന്നെ സ്വാര്‍ഥതയും അത്യാഗ്രഹവുമില്ല. എല്ലാം ദൈവത്തിലര്‍പ്പിക്കുകയും എല്ലാം ദൈവത്തില്‍ നിന്നാണെന്ന് വിശ്വസിക്കുകയും ചെയ്യുന്നവര്‍ക്ക് പിന്നെ സ്വാര്‍ഥതയുണ്ടാവില്ല.


RELATED ARTICLE

 • വിമോചന തത്വശാസ്ത്രം
 • വിധിയുടെ അത്താണി
 • ഉത്തമ സ്വഭാവം
 • സത്യസാക്ഷ്യം രണ്ടാം പാതം
 • സന്ദേശവാഹകര്‍
 • പരാശക്തിയിലുള്ള വിശ്വാസം
 • മതത്തിന്റെ അനിവാര്യത
 • മതത്തിന്റെ ധര്‍മം
 • മനുഷ്യന്റെ മഹത്വം
 • ലളിതമായ തത്വങ്ങളും സത്യങ്ങളും
 • ജീവിതവിജയം
 • ഇസ്ലാമിന്റ മൂലതത്വങ്ങള്‍
 • ഇസ്ലാമും വിദ്യാസ്നേഹവും
 • ഇസ്ലാം മതത്തിന്റെ മാഹാത്മ്യം
 • ഇസ്ലാമികാധ്യാപനങ്ങള്‍
 • ഡോ. ഇസ്ലാമുല്‍ ഹഖ് (ശിവപ്രകാശ്)
 • ജീവിതത്തിന്റെ തുടക്കം
 • ദൈവത്തിന്റെ സന്ദേശം
 • ഇസ്ലാമിന്റെ ലക്ഷ്യം