Click to Download Ihyaussunna Application Form
 

 

സന്ദേശവാഹകര്‍

പ്രവാചകന്മാര്‍ക്ക് സന്ദേശം എത്തിച്ചുകൊടുക്കാനും പ്രാപഞ്ചിക പ്രതിഭാസങ്ങള്‍ ക്രമപ്രവൃദ്ധമായി നടത്താനും അല്ലാഹു ചില സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു. അതിലൊന്നാണ് മലകുകള്‍. പ്രകാശസൃഷ്ടികളായ അവര്‍ പരിശുദ്ധരും അല്ലാഹുവിന്റെ ആജ്ഞാനുവര്‍ത്തികളുമാണ്. ഇസ്ലാമിക വിശ്വാസ പ്രമാണങ്ങളില്‍ രണ്ടാം സ്ഥാനമാണ് മലകുകളെ കുറിച്ചുള്ള വിശ്വാസം.

മനുഷ്യസമൂഹത്തിന്റെ വിമോചന ദൌത്യവുമായി വന്ന പ്രവാചകന്മാര്‍ക്കു അല്ലാഹു വ്യക്തമായ മാര്‍ഗദര്‍ശനം നല്‍കി. നിയമങ്ങളും വിധിവിലക്കുകളും രേഖപ്പെടുത്തിയ ഗ്രന്ഥങ്ങള്‍ അല്ലാഹു അവതരിപ്പിച്ചു. ആ ഗ്രന്ഥങ്ങള്‍ ആധാരമാക്കിയാണ് പ്രവാചകര്‍ തങ്ങളുടെ ദൌത്യം നിര്‍വ്വഹിച്ചത്. ദാവൂദ് നബി(അ), മൂസാ നബി(അ), ഈസാ നബി(അ), മുഹമ്മദ് നബി(സ്വ) എന്നിവര്‍ക്കാണ് ഗ്രന്ഥങ്ങള്‍ നല്‍കിയത്. മുഹമ്മദ് നബി(സ)ക്ക് നല്‍കിയ ഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍.ഘടനയും ശൈലിയും ആശയവുമെല്ലാം സവിശേഷവും നിസ്തുലവുമായ ഒരു ഗ്രന്ഥമാണ് ഖുര്‍ആന്‍. മുന്‍കാല ഗ്രന്ഥങ്ങള്‍ അതിന്റെ പ്രബോധകരായ പ്രവാചകരുടെ കാലശേഷം പുരോഹിതന്മാര്‍ വികലമാക്കി. തങ്ങളുടെ ഇംഗിതാനുസരണം അവര്‍ വെട്ടിത്തിരുത്തി. ചൂഷകവര്‍ഗത്തിന്റെ പൊരുത്തവും പ്രീതിയും സ്വാര്‍ഥമോഹങ്ങളുടെ പൂര്‍ത്തീകരണവുമായിരുന്നു അവരെയതിനു പ്രേരിപ്പിച്ചത്. ഈസാനബി(അ)ക്ക് നല്‍കപ്പെട്ട ഗ്ര ന്ഥമാണ് ഇഞ്ചീല്‍. സുറിയാനി ഭാഷയിലാണിത് അവതീര്‍ണമായത്. മൂസാ നബി(അ)ക്കിറക്കിയ ഗ്രന്ഥമാണ് തൌറാത്ത്. ഇത് ഹിബ്രു ഭാഷയിലും. പക്ഷേ ഈ രണ്ട് ഗ്രന്ഥങ്ങളുടെയും ഒറിജിനല്‍ പ്രതി ഇന്നെവിടെയുമില്ല.

ക്രിസ്ത്യാനികള്‍ പുണ്യ ഗ്രന്ഥമായി കരുതുന്ന ബൈബിള്‍ അല്ലാഹു ഇറക്കിയ ഗ്രന്ഥമല്ല എന്ന് ക്രിസ്ത്യാനികള്‍ തന്നെ വിശ്വസിക്കുന്നു. ആ ഗ്രന്ഥങ്ങള്‍ തന്നെ അത് വ്യക്തമാക്കുന്നു. മത്തായി, യോഹന്നാന്‍, മാര്‍ക്കോസ്, ലൂക്കോസ് എന്നീ നാലാളുടെ രചനയാണത്. നാല് ബൈബിളുകളും പരസ്പര വിരുദ്ധമായ ആശയങ്ങളും വിവരണങ്ങളും നിരത്തിവെക്കാനും യേശുവിന്റെ വംശ പരമ്പരയില്‍ പോലും ബൈബിളുകള്‍ തമ്മില്‍ ഐക്യം പുലര്‍ത്തുന്നില്ലെന്നതാണ് സത്യം. ബൈബിളിനോടനുബന്ധിച്ചുള്ള പഴയ പുസ്തകം തൌറാത്താണെന്ന് ചിലര്‍ പറയാറുണ്ട്. തൌറാത്ത് ഹിബ്രുവിലാണിറക്കിയത്. തൌറാത്തിനും പഴയ പുസ്തകം എന്ന പേരു കൊടുത്ത് ഒന്നിച്ചു തുന്നിക്കെട്ടി അവതരിപ്പിക്കുന്ന ഈ പുസ്തകങ്ങളിലൊന്നും സാഹിത്യഭംഗിയോ ആശയഗാംഭീര്യമോ ദൈവികഗ്രന്ഥത്തിന്റെ വിഷയ വിശുദ്ധിയോ കാണുന്നില്ലെന്നതാണ് വസ്തുത. വിശുദ്ധ ഖുര്‍ആന്‍ തികച്ചും വ്യത്യസ്തമാണെന്നു ഇസ്ലാമേതര നിരൂപകര്‍ തന്നെ രേഖപ്പെടുത്തിയതു കാണാം. മുഹമ്മദ് നബി(സ്വ)ക്ക് അവതീര്‍ണമായ വിധത്തില്‍ ഒരു വള്ളിക്കോ പുള്ളിക്കോ മാറ്റമില്ലാതെ അത് നിലനില്‍ക്കുന്നു. ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും പുരോഗതിക്കനുസരിച്ച് അതിന്റെ പ്രവചനങ്ങള്‍ പുലരുകയും ആധികാരികത വ്യക്തമാവുകയും ചെയ്യുന്നു.

ഖുര്‍ആനാണ് ഇസ്ലാമിക നിയമത്തിന്റെ മുഖ്യാവലംബം. ഖുര്‍ആന്‍ വ്യാഖ്യാനിക്കുകയായിരുന്നു മുഹമ്മദ് നബി(സ്വ). അതിന്റെ വ്യാഖ്യാനവും നബി(സ്വ)ക്കു ദിവ്യബോധനത്തിലൂടെ ലഭിച്ചിരുന്നു. ഈ വ്യാഖ്യാനങ്ങള്‍ നബിയുടെ പ്രവര്‍ത്തനങ്ങളിലൂടെയും പ്രസ്താവനകളിലൂടെയുമായിരുന്നു. ഇതിനു സുന്നത്ത് എന്നു പറയുന്നു.

രണ്ടാം പ്രമാണമാണ് സുന്നത്ത്. ഖുര്‍ആനും സുന്നത്തും വിജ്ഞാന സാഗരങ്ങളാണ്. അറബി ഭാഷയുടെ സൌന്ദര്യവും വൈപുല്യവും കൂടി കണക്കിലെടുക്കുമ്പോള്‍ സാധാരണക്കാര്‍ക്കു നിത്യജീവിത നിയമങ്ങള്‍ കണ്ടെത്തിക്കാന്‍ പ്രയാസമാണ്. ഉന്നത ശീര്‍ഷരായ പണ്ഢിതര്‍ ഈ സാഗരങ്ങളുടെ ആഴത്തിലേക്കിറങ്ങിച്ചെന്നു. വിജ്ഞാന മുത്തുകള്‍, ആനുകാലിക പ്രശ്നങ്ങള്‍ക്കു പ്രതിവിധി കണ്ടെത്തി. സര്‍വ്വാംഗീകൃതമായ, അഭിപ്രായ ഭേദമില്ലാതെ മഹാ പണ്ഢിതന്മാര്‍ അംഗീകരിച്ച മതവിധികള്‍ ഇജ്മാഅ് എന്ന പേരിലാണറിയപ്പെടുന്നത്. ഇത് മൂന്നാം പ്രമാണമായി അംഗീകരിക്കുന്നു. അര്‍ഹരായ പണ്ഢിതരുടെ ഗവേഷണം (ഖിയാസ്) നാലാം പ്രമാണവുമായി പരിഗണിക്കുന്നു.

ഈ നാല് ഉറവകളില്‍ നിന്നാണ് ഇസ്ലാമിക നിയമ ശാസ്ത്രം ഉത്ഭവിക്കുന്നത്. ഏത് നൂതന പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ മുസ്ലിം പണ്ഢിതര്‍ക്ക് കഴിയുന്നത് ഈ പ്രമാണങ്ങളുടെ സമഗ്രതയും സമ്പന്നതയുമാണ്. ഏതു നിയമവും ഈ പ്രമാണങ്ങള്‍ക്കു യോജിക്കുമെങ്കില്‍ മുസ്ലിംകള്‍ അംഗീകരിക്കും. പ്രമാണങ്ങള്‍ക്ക് വിരുദ്ധമായി ആരു നിയമങ്ങളുണ്ടാക്കിയാലും മുസ്ലിംകള്‍ അത് തള്ളിക്കളയുക തന്നെ ചെയ്യും. നിയമനിര്‍മ്മാണത്തിനു അധികാരം ദൈവത്തിനു മാത്രമാണുള്ള്. ഇത് മറ്റാര്‍ക്കും വകവെച്ചു കൊടുക്കാതിരിക്കുക എന്നതാണ് ഇസ്ലാമിക സമൂഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. അവരുടെ മുഴുവന്‍ ഉയര്‍ച്ചക്കും പുരോഗതിക്കും കാരണവും ഇതാണ്.


RELATED ARTICLE

  • വിമോചന തത്വശാസ്ത്രം
  • വിധിയുടെ അത്താണി
  • ഉത്തമ സ്വഭാവം
  • സത്യസാക്ഷ്യം രണ്ടാം പാതം
  • സന്ദേശവാഹകര്‍
  • പരാശക്തിയിലുള്ള വിശ്വാസം
  • മതത്തിന്റെ അനിവാര്യത
  • മതത്തിന്റെ ധര്‍മം
  • മനുഷ്യന്റെ മഹത്വം
  • ലളിതമായ തത്വങ്ങളും സത്യങ്ങളും
  • ജീവിതവിജയം
  • ഇസ്ലാമിന്റ മൂലതത്വങ്ങള്‍
  • ഇസ്ലാമും വിദ്യാസ്നേഹവും
  • ഇസ്ലാം മതത്തിന്റെ മാഹാത്മ്യം
  • ഇസ്ലാമികാധ്യാപനങ്ങള്‍
  • ഡോ. ഇസ്ലാമുല്‍ ഹഖ് (ശിവപ്രകാശ്)
  • ജീവിതത്തിന്റെ തുടക്കം
  • ദൈവത്തിന്റെ സന്ദേശം
  • ഇസ്ലാമിന്റെ ലക്ഷ്യം