Click to Download Ihyaussunna Application Form
 

 

മതത്തിന്റെ ധര്‍മം

ഹൃദയത്തിന്റെ പ്രകൃതിദത്തമായ ഗുണമാണ് വിശ്വാസം. ഓരോ മനുഷ്യനും തന്റെ ഹൃദയത്തില്‍ സ്വന്തമായ ചില വിശ്വാസങ്ങളുണ്ട്. ജനിച്ച സാഹചര്യം, വളര്‍ന്ന ചുറ്റുപാട്, സമൂഹത്തിന്റെ മത-സാംസ്കാരിക നിലപാട്, കിട്ടിയ വിജ്ഞാനത്തിന്റെയും അനുഭവത്തിന്റെയും വ്യാപ്തി ഇതെല്ലാം വിശ്വാസത്തെ സ്വാധീനിക്കുന്നു. എല്ലാ മനുഷ്യരും ഏതോ അദൃശ്യ വസ്തുക്കളില്‍ വിശ്വസിക്കുന്നു എന്നത് നേരാണ്. മതനിഷേധിയുടെയും യുക്തിവാദിയുടെയുമൊക്കെ ഹൃദയത്തിന്റെ ഉള്ളറകളില്‍ അദൃശ്യശക്തിയെ കുടിയിരുത്തിയിട്ടുണ്ട്. അബദ്ധത്തിലെങ്കിലും ദൈവത്തെ വിളിക്കാത്തവരാരാണുള്ളത്.

പ്രപഞ്ചം അതിന്റെ പിന്നില്‍ ഒരു മഹാശക്തിയുടെ അനിവാര്യത തെളിയിക്കുന്നു. മനുഷ്യബുദ്ധിക്കു പിടികിട്ടാത്ത രഹസ്യങ്ങളും സംവിധാനങ്ങളുമാണ് ഈ പ്രപഞ്ചത്തില്‍. പ്രമുഖ ഓറിയന്റലിസ്റ്റു പണ്ഡിതനും ശാസ്ത്രജ്ഞനുമായ ഡോക്ടര്‍ സ്പെന്‍സറുടെ വാക്കുകളിതാ: ‘പ്രാപഞ്ചിക പ്രതിഭാസങ്ങള്‍ അദൃശ്യായ ഒരു മഹാശക്തിയുടെ പ്രകടനങ്ങളാണെന്നു സമ്മതിക്കാന്‍ നാം നിര്‍ബദ്ധിതരായിത്തീര്‍ന്നിരിക്കുന്നു. ഈ ഉന്നത യാഥാര്‍ഥ്യം ആദ്യം അംഗീകരിച്ചതും സ്വീകരിച്ചതും മതമാണ്. പക്ഷേ, ഈ വിശ്വാസം പ്രചരിച്ചത് അബദ്ധങ്ങളോടെയാണ്.’

സ്പെന്‍സര്‍ മാത്രമല്ല ആധുനിക ശാസ്ത്രജ്ഞരില്‍ ഭൂരിപക്ഷം ഈ യാഥാര്‍ഥ്യം അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു. സ്പെന്‍സര്‍ പറഞ്ഞ പോലെ ഈ ദൈവവിശ്വാസം പക്ഷേ ലോകത്താകെ പ്രചരിച്ചത് അബദ്ധങ്ങളോടെയാണ്. വിശ്വാസമാണ് മനുഷ്യജീവിതത്തിന്റെ ഭാവിഭാഗധേയം നിര്‍ണയിക്കുന്നത്. ജീവിതത്തെ നിയന്ത്രിക്കുന്ന ശക്തിയാണ് വിശ്വാസം. വിശ്വാസ രംഗത്ത് വന്നുചേരുന്ന അബദ്ധങ്ങള്‍ മനുഷ്യജീവിതത്തെ തന്നെ പരാജയപ്പെടുത്തും.

ദൈവത്തിന്റെ പേരില്‍ മനുഷ്യര്‍ വച്ചുപുലര്‍ത്തുന്ന വിശ്വാസങ്ങള്‍ എന്തൊക്കെ. മതങ്ങള്‍ പഠിപ്പിക്കുന്ന വിശ്വാസ ശാസ്ത്രം ബുദ്ധിക്ക് സ്വീകാര്യമാണോ? അന്വേഷിക്കാന്‍ ഓരോരുത്തരും ബാധ്യസ്ഥരാണ്.

സൂര്യനുദിച്ച് പ്രകാശം പരക്കുന്നതിന് മുമ്പ് വീടുവിട്ടിറങ്ങുന്ന തൊഴിലാളി. വയലേലകളിലും മലമടക്കുകളിലും തന്റെ പതിവു ജോലിയാരംഭിക്കുന്നു. കരിമ്പാറയോട് മല്ലടിക്കുന്നവര്‍, പാറയെക്കാള്‍ ഉറപ്പുതോന്നുന്ന മണ്ണില്‍ പടവെട്ടുന്നവര്‍, ഫാക്ടറികളിലും വ്യവസായശാലകളിലും മറ്റു തൊഴില്‍ സ്ഥാപനങ്ങളിലും തങ്ങളുടെ ജീവിത സന്ധാരണത്തിനു വഴിതേടി എത്തുന്നവര്‍.

ഒരു പാവപ്പെട്ട തൊഴിലാളിയുടെ അവസ്ഥയെന്താണ്? എല്ലുമുറിയെ പണിതു കിട്ടുന്ന പണം മദ്യഷാപ്പില്‍ കൊടുത്തു മൂക്കറ്റം കുടിച്ചു കവലകളിലും വഴിയോരങ്ങളിലും വീണുകിടക്കുന്നു. ആ വഴി വരുന്ന നായയും മറ്റു ജന്തുക്കളഉമെല്ലാം ഈ മനുഷ്യനെ ഒന്നു നോക്കി വഴിതിരിഞ്ഞുനടക്കുന്നു. പരസ്പരം പോരടിച്ചും കയ്യൂക്കുമായി ജീവിക്കുന്ന മനുഷ്യര്‍, കുലത്തിന്റെ, വര്‍ണ്ണത്തിന്റെ, വര്‍ഗ്ഗ-വംശങ്ങളുടെ, ഭാഷയുടെ പേരില്‍ കലഹിക്കുന്നവര്‍, തമ്മില്‍ തല്ലി മരിക്കുന്നവര്‍ ദുരഭിമാനത്തിന്റെയും അഹങ്കാരത്തിന്റെയും പേരില്‍ ദുരിതം പേറുന്നവര്‍, നമ്മുടെ സമൂഹം ഇത്തരം തിന്മകളുടെ കേളീരംഗമാണ്.

ഓഫീസുകളിലും വിദ്യാലയങ്ങളിലും ജോലിചെയ്യുന്ന പലരും ജീവിക്കുന്നത് ഈ അവസ്ഥയില്‍ തന്നെ. മദ്യവും തുടര്‍ന്നുള്ള തിന്മകളും അവരെയും സ്വാധീനിക്കുന്നു. നാടന്‍ ചാരായ ഷാപ്പുകളില്‍ തല്ലിത്തകരുന്ന ജീവിതം സാമ്പത്തിക സ്ഥിതിക്കനുസരിച്ച് ബാറുകളിലേക്കും പഞ്ചനക്ഷത്ര ഹോട്ടലുകളിലേക്കും നീങ്ങിപ്പോകുന്നു എന്നുമാത്രം. അന്തിമവിശകലനത്തില്‍ സമൂഹത്തിന്റെ എല്ലാ തലങ്ങളും തുല്യം.

കഴിവുള്ളവര്‍ ഇല്ലാത്തവരെ ചൂഷണം ചെയ്യുന്നു. തൊഴിലാളിയെക്കൊണ്ട് പണിയെടുപ്പിച്ച് താങ്ങാനാവാത്ത ഭാരം വഹിപ്പിച്ച് തടിച്ചുകൊഴുക്കുമ്പോള്‍ തന്റെ തൊഴിലാളിയുടെ നട്ടെല്ലൊടിയുന്നതും പാവം കുരച്ചു ചോര തുപ്പുന്നതും കാണാന്‍ മുതലാളിക്ക് കഴിയുന്നില്ല. മുതലാളിയെ സുഖിക്കാനും തൊഴിലാളിയെ പണിയെടുത്തു മരിക്കാനും വേണ്ടി സൃഷ്ടിക്കപ്പെട്ടതാണെന്ന തോന്നല്‍.

കളവും വഞ്ചനയും അഴിമതിയും തട്ടിപ്പുമായി കഴിഞ്ഞുകൂടുന്നവര്‍ തങ്ങളഉടെ ദുഷ്ട ചെയ്തികള്‍ മൂലം കഷ്ടപ്പെടുന്നവരുടെ, കണ്ണീരൊഴുക്കുന്നവരുടെ ദയനീയാവസ്ഥ ഓര്‍ക്കുന്നില്ല. പോക്കറ്റടിക്കാരനു പണം മാത്രമാണ് ചിന്ത. പോക്കറ്റിന്റെ ഉടമസ്ഥന്‍ ആരാണെന്ന് നോക്കാനും അയാളുടെ ഗതി എന്താകുമെന്നോര്‍ക്കാനുമുള്ള വിശാല ചിന്തയൊന്നും പോക്കറ്റടിക്കാരനില്ല. മൃഗവും മനുഷ്യനും തമ്മിലന്തരമുണ്ടോ? ശരീരപ്രകൃതിയിലല്ലാതെ എന്ത് വ്യത്യാസമാണുള്ളത്. ഭോജനം, ഭോഗം, വിസര്‍ജ്ജനം. ഈ മൂന്നു വിഷയങ്ങള്‍ മൃഗത്തിനും മനുഷ്യനുമുണ്ടല്ലോ.

മാനസിക സംസ്കരണവും വിവേചനശേഷിയും നേടാത്ത മനുഷ്യന്‍ മൃഗത്തെ പോലെ ഭൂജിച്ചും ഭോഗിച്ചും വിസര്‍ജ്ജിച്ചും കഴിയുന്നു. തനിക്കു ഹിതമെന്നു തോന്നുന്ന വഴികളിലൂടെ ഇക്കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നു. അസ്തമയം വരെ നുകം പേറി നിലം ഉഴുന്ന കാളകളും കരിപിടിച്ച് അവയെ തെളിച്ചുനടക്കുന്ന മനുഷ്യനും തുല്യര്‍ തന്നെയല്ലേ.

വകതിരിവാണ് മനുഷ്യനെ വേര്‍തിരിക്കുന്നത്. ഈ വകതിരിവ് രണ്ട് വഴിയിലൂടെയാണ് ലഭിക്കുന്നത്. ബുദ്ധി, മതം.

ബുദ്ധി ശരിക്കുപയോഗപ്പെടുത്തുകയും കാര്യങ്ങള്‍ നിരൂപണം നടത്തുകയും ചെയ്യുന്നവര്‍ അല്‍പ്പംകൂടി മെച്ചപ്പെട്ട വഴിക്കു നീങ്ങുന്നു. ബുദ്ധിയുടെ വിധി പക്ഷേ, ചിലപ്പോള്‍ പിഴച്ചേക്കാം. ഓരോ മനുഷ്യനും ബുദ്ധിയുടെ ശേഷി വ്യത്യസ്തമാണ്. തന്റെ ജീവിത സാഹചര്യവും സാമൂഹിക ചുറ്റുപാടും താന്‍ നേടിയ വിദ്യാഭ്യാസവും താന്‍ കഴിക്കുന്ന ആഹാരവും അനുഭവിക്കുന്ന മാനസികാവസ്ഥയും താന്‍ മനസ്സിലാക്കിയ വിഷയങ്ങളുടെ വ്യക്തതയും പ്രാബല്യവുമെല്ലാം ബുദ്ധിയുടെ വിധിയെ സ്വാധീനിക്കും. അതുകൊണ്ടുതന്നെ തന്റെ ബുദ്ധിക്ക് ശരിയെന്നു തോന്നിയത് അപരന് തെറ്റായി തോന്നാം. ഓരോ മനുഷ്യനും ഒരേ വിഷയത്തില്‍ വിവിധ വീക്ഷണങ്ങളുണ്ടാകാം. എല്ലാ വ്യക്തികളും തന്റെ വീക്ഷണത്തിനനുസരിച്ച് ജീവിക്കുക എന്നുവരുമ്പോള്‍ സമൂഹത്തിന് കെട്ടുറപ്പോ വ്യക്തികള്‍ക്കു പുരോഗതിയോ മനുഷ്യവംശത്തിന് ഭദ്രതയോ ഉണ്ടാകില്ല. ഇക്കാരണത്താല്‍ തന്നെ ബുദ്ധിയെ അന്തിമ വിധികര്‍ത്താവായി സ്വീകരിച്ചുകൂട.

മതത്തിന്റെ കാര്യമോ? അനേകായിരം മതങ്ങള്‍. പ്രപഞ്ച പ്രതിഭാസങ്ങളെ, ശില്‍പ്പങ്ങളെ, ഇഴജന്തുക്കളെ, വൃക്ഷങ്ങളെ എല്ലാം ആരാധിക്കുകയും അവയുടെ മുന്നില്‍ ചെന്നു പ്രാര്‍ഥിക്കുകയും ചെയ്യുന്നവരെ കാണാം. മരം കൊണ്ടും വെള്ളി കൊണ്ടും കുറിശുണ്ടാക്കി ഒരു മനുഷ്യനെ കുരിശില്‍ തറച്ചുവെച്ച രൂപമുണ്ടാക്ക ആ കുരിശിനും രൂപത്തിനും ആരാധിക്കുന്നവര്‍.

പാമ്പിനും പുറ്റിനും പല്ലിക്കും പറവകള്‍ക്കും ആരാധനയര്‍പ്പിക്കുന്നവര്‍, പിശാചിനെയും ഭൂതങ്ങളെയും മനുഷ്യരെയും ആരാധിക്കുന്നവര്‍, മദ്യം പുണ്യമായിക്കാണുന്നവരും വ്യഭിചാരം അനുവദിച്ചവരും വേശ്യാവൃത്തിക്കു പെണ്‍കുട്ടികളെ വഴിപാടു നേരുന്നവരും പുരോഹിതനും പൂജാരിക്കും മദ്യവും മദിരാക്ഷിയും അനുവദിച്ചവരുമൊക്കെ മതത്തിന്റെ പേരില്‍ ജീവിക്കുന്നു.

തിന്മകളുടെ നീര്‍ക്കയത്തില്‍ മുങ്ങിച്ചാവുന്ന മനുഷ്യരെ അതില്‍ നിന്നു കരകേറ്റാന്‍ കഴിയാതെ കേവലം ആചാരങ്ങളുടെ ജീര്‍ണിച്ച നൂലുകളില്‍ സമൂഹത്തെ കുരുക്കിയിടുന്നവരും ദൈവ പദവിയിലേക്കുയര്‍ത്തപ്പെട്ട മനുഷ്യര്‍ കാലാകാലങ്ങളില്‍ ഉപദേശിക്കുന്ന കാര്യങ്ങള്‍ മതമായി ഗണിക്കുന്നവരും സമൂഹത്തിലുണ്ട്. മനുഷ്യനെ മൃഗത്തിന്റെ അവസ്ഥയില്‍ നിന്നു രക്ഷിച്ച് മാനുഷിക മഹത്വത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ ഈ മതങ്ങള്‍ക്ക് കഴിയുന്നില്ല. എങ്കില്‍പ്പിന്നെ മതത്തിന്റെ ആവശ്യമെന്താണ്? കേവലം പുരോഹിതന്മാരുടെയും മേധാവികളുടെയും സ്വാര്‍ഥ ലാഭങ്ങള്‍ക്ക് വേണ്ടി ജീവിക്കുന്ന മതങ്ങളെക്കൊണ്ട് മനുഷ്യന് എന്തുനേട്ടം. ജീവിതരീതിയിലും സ്വഭാവത്തിലുമൊന്നും നന്മയുടെ കണികപോലും കാണാത്തവര്‍ ദേവാലയങ്ങളില്‍ പൂജാ പുഷ്പങ്ങളര്‍പ്പിക്കുകയും കുമ്പസരിക്കുകയും ചെയ്യുന്നുവെങ്കില്‍ ചൂഷണത്തിന്റെ പല വഴികളിലൊന്നായി മതവും തീരുന്നുവെന്നു വ്യക്തം.

ഓരോ മനുഷ്യരും ജനിക്കുന്നത് ശുദ്ധഹൃദയത്തോടെയാണ്. കറുത്തതും വെളുത്തതുമെല്ലാം ആ ഹൃദയത്തിന്റെ കടലാസില്‍ വളരെ വേഗം പതിയുന്നു. സാഹചര്യങ്ങളുടെ സ്വാധീനമനുസരിച്ച് ഹൃദയം കറുക്കുകയും വെളുക്കുകയും ചെയ്യുന്നു. നന്മക്ക് സ്വാധീനമില്ലാത്ത ഹൃദയങ്ങള്‍. അത് വളര്‍ന്ന സാഹചര്യത്തിന്റെയും അവയെ നിറച്ച ആദര്‍ശത്തിന്റെയും ദൌര്‍ബല്യമാണ് വ്യക്തമാക്കുന്നത്. ഉന്നത സ്വഭാവ മൂല്യങ്ങള്‍ നിറഞ്ഞ സല്‍ഹൃദയനായ ഒരു വ്യക്തിയെ സമൂഹത്തില്‍ കാണുന്നുവെങ്കല്‍ അയാള്‍ വളര്‍ന്ന സാഹചര്യവും അയാളെ നയിച്ച ആദര്‍ശവും നിര്‍മലവും പരിശുദ്ധവുമാണെന്നു വ്യക്തം. മതങ്ങളെയും പ്രസ്ഥാനങ്ങളെയുമൊക്കെ വിലയിരുത്താനുള്ള മാനദണ്ഡം ഈ സ്വഭാവങ്ങളാണ്.

കേവല വിശ്വാസപ്രമാണങ്ങളുടെയും നിര്‍ണിത കര്‍മങ്ങളുടെയും നാലുകെട്ടിനുള്ളില്‍ ഒതുങ്ങിനില്‍ക്കുന്ന മതത്തിനും ആദര്‍ശത്തിനും മനുഷ്യസമൂഹത്തിന്റെ ഔന്നത്യം ഉള്‍ക്കൊള്ളാനും ഉന്നത മാനവികത പ്രാപിക്കാനും കഴിയില്ല. മനുഷ്യവംശത്തിന്റെ നിരന്തരമായുള്ള പ്രയാണത്തിനിടയില്‍ എവിടെയോ അടിഞ്ഞുകൂടിയ ജീര്‍ണ സംസ്കാരങ്ങളും ദുസ്വഭാവങ്ങളും ഉച്ചനീചത്വങ്ങളും വികല സങ്കല്‍പ്പങ്ങളും എല്ലാം നിഷ്കാസനം ചെയ്ത് പ്രകൃതിദത്തമായ ഉന്നതമാനവികതയിലേക്ക് മനുഷ്യരെ ആനയിക്കാന്‍ മതത്തിനു കഴിയണം. നിര്‍മല ചിത്തനായി ജനിക്കുന്ന മനുഷ്യകുഞ്ഞിന്റെ ഹൃദയത്തില്‍ വന്നടിഞ്ഞ മാലിന്യങ്ങള്‍ കഴുകിക്കളഞ്ഞ് അവന് തന്റെ വ്യക്തിത്വം വീണ്ടെടുത്ത് കൊടുക്കുകയാണ് മതത്തിന്റെ പ്രഥമ ബാധ്യത.


RELATED ARTICLE

 • പൈത്യക മഹത്വംഇസ്‌ലാമില്‍
 • ഭൌതികതയുടെയും ആത്മീയതയുടേയും സമന്വയം
 • സ്വൂഫി തത്വങ്ങള്‍
 • നിലനില്‍ക്കാന്‍ അര്‍ഹതയുള്ള മതം
 • ആത്മീയ ചികിത്സ
 • ഉറുക്ക്, മന്ത്രം, ഏലസ്സ്
 • സ്ത്രീ പൊതുരംഗ പ്രവേശം ശരീഅത്ത് വിരുദ്ധം
 • പള്ളിവിലക്ക് സ്വന്തം പാക്ഷികങ്ങളില്‍
 • ജ്യോതിഷം
 • വ്യാജ ശൈഖുമാര്‍
 • ക്ളോണിങ് ഇസ്ലാമിക വീക്ഷണത്തില്‍
 • വിമോചന തത്വശാസ്ത്രം
 • വിധിയുടെ അത്താണി
 • ഉത്തമ സ്വഭാവം
 • സത്യസാക്ഷ്യം രണ്ടാം പാതം
 • സന്ദേശവാഹകര്‍
 • പരാശക്തിയിലുള്ള വിശ്വാസം
 • മതത്തിന്റെ അനിവാര്യത
 • മതത്തിന്റെ ധര്‍മം
 • മനുഷ്യന്റെ മഹത്വം
 • ലളിതമായ തത്വങ്ങളും സത്യങ്ങളും
 • ജീവിതവിജയം
 • ഇസ്ലാമിന്റ മൂലതത്വങ്ങള്‍
 • ഇസ്ലാമും വിദ്യാസ്നേഹവും
 • ഇസ്ലാം മതത്തിന്റെ മാഹാത്മ്യം
 • ഇസ്ലാമികാധ്യാപനങ്ങള്‍
 • ഡോ. ഇസ്ലാമുല്‍ ഹഖ് (ശിവപ്രകാശ്)
 • ജീവിതത്തിന്റെ തുടക്കം
 • ദൈവത്തിന്റെ സന്ദേശം
 • ഇസ്ലാമിന്റെ ലക്ഷ്യം
 • ഇസ്‌ലാമിലെ പാരിസ്ഥിതിക മൂല്യങ്ങള്‍
 • ആള്‍ ദൈവങ്ങള്‍
 • ഇസ്‌ലാമും പരിസ്ഥിതിയും
 • ഇസ്‌ലാമും പരിസരശുചിത്വവും
 • ഇസ്‌ലാം ബുദ്ധിജീവികളുടെ വീക്ഷണത്തില്‍
 • ഇസ്‌ലാമില്‍ നബിയുടെയും തിരുചര്യയുടെയും സ്ഥാനം
 • ഇസ്‌ലാമും യുദ്ധങ്ങളും
 • സകാത്
 • ഇസ്‌ലാമും സാമ്പത്തിക നയങ്ങളും
 • ഇസ്‌ലാമും സ്വൂഫിസവും
 • ഇസ്‌ലാം ശാന്തിമാര്‍ഗ്ഗം
 • ഇസ്‌ലാം സമ്പൂര്‍ണ്ണ മതം
 • നബി(സ്വ)യുടെ വിടവാങ്ങൽ പ്രസംഗം