Click to Download Ihyaussunna Application Form
 

 

മനുഷ്യന്റെ മഹത്വം

മതത്തിന്റെ നാളുകള്‍ കഴിഞ്ഞു. ധാര്‍മ്മികത, സനാതനത്വം, ആത്മീയത, സദാചാരം തുടങ്ങിയ പദങ്ങള്‍ കാലഹരണപ്പെട്ടു. പള്ളിയും മതകേന്ദ്രങ്ങളും മതപാഠശാലകളും പ്രാകൃത സമൂഹത്തിന്റെ ചരിത്രാവശിഷ്ടങ്ങളാണ്. നാശോന്മുഖമായോ ബൂര്‍ഷ്വായിസത്തിന്റെയും ചൂഷണ വ്യവസ്ഥിതികളുടെയും ജീര്‍ണാവശിഷ്ടങ്ങള്‍. ഇനി ശാസ്ത്രത്തിന്റെ കാലമാണ്. ചിന്തയുടെയും പഠനത്തിന്റെയും ഘട്ടം. ബുദ്ധിയും യുക്തിയും ശാസ്ത്രബോധവുമാണ് ഇന്ന് പ്രസക്തമായത്. പുരോഗതിയുടെയും ആധുനികതയുടെയും സമത്വ സാഹോദര്യങ്ങളുടെയും സ്രഷ്ടാക്കളാകാന്‍ മനുഷ്യന്‍ മതമുക്തനായിരിക്കണം. പുതിയ ചരിത്രം സൃഷ്ടിക്കാനും പുതുമ കാഴ്ചവെക്കാനും തയ്യാറാകുന്നവരാണ് പുരോഗമന വാദികള്‍. മതത്തിന്റെയും ആചാരങ്ങളുടെയും തടവറ ഭേദിച്ച് സ്വാതന്ത്യ്രത്തിന്റെ വിശാലലോകത്ത് കടന്നുവരാന്‍ മനുഷ്യന്‍ തയ്യാറാകണം.” ചില ആധുനിക പ്രതിഭകള്‍ ഇങ്ങനെയൊക്കെയാണ് ചിന്തിക്കുന്നത്. മതം ഒന്നിനും കൊള്ളാത്ത പഴമയുടെ ചിഹ്നമാണെന്നും പുരോഗതിയുടെയും മനുഷ്യവംശത്തിന്റെയും ശത്രുവാണെന്നുമത്രെ ഇവരുടെ നിലപാട്.

മനുഷ്യന് മുന്നില്‍ നിയമത്തിന്റെ കുരുക്കുകള്‍ തീര്‍ത്ത് അവന്റെ കണ്ണും കാതും നാക്കും കെട്ടുകയും പ്രവര്‍ത്തനശേഷി മരവിപ്പിക്കുകയും സ്വാതന്ത്യ്രം തടയുകയുമാണ് മതങ്ങള്‍. പാരതന്ത്യ്രത്തിന്റെ ശക്തമായ സ്വാധീനവലയത്തില്‍ മനുഷ്യനെ തളച്ചിട്ട് ശ്വാസം മുട്ടിക്കുകയും സ്വാതന്ത്യ്രവും വ്യക്തിത്വവും ഹനിക്കുകയുമാണ് നിയമങ്ങള്‍ എന്നാണവരുടെ വാദം.

മതത്തിനു നേരെയുള്ള ഈ ആരോപണങ്ങള്‍ എത്രത്തോളം സത്യമാണ്? മതവൃത്തത്തചന്റ നിന്നു പുറത്തുപോയെങ്കിലേ സ്വാതന്ത്യ്രവും പുരോഗതിയും കൈവരിക്കാനാവുകയുള്ളൂ എന്ന വാദം എത്രമാത്രം സ്വീകാര്യമാണ്?

ഓരോ മനുഷ്യനും ചിന്തിക്കുന്നവരാണ്. ഓരോ വ്യക്തിയിലും ആഗ്രഹങ്ങളും അഭിലാഷങ്ങളും വിചാരവികാരങ്ങളുമുണ്ട്. തന്റെ ബുദ്ധി കൊണ്ടല്ല അപരന്‍ ചിന്തിക്കുന്നത്. താന്‍ ആഗ്രഹിക്കുന്നതല്ല അപരന്‍ ആഗ്രഹിക്കുന്നത്. ഒരാള്‍ക്ക് ഗുണകരമെന്നും സ്വീകാര്യമെന്നും തോന്നുന്നത് അപരന് തോന്നണമെന്നില്ല. ചിലപ്പോള്‍ അത് തനിക്ക് ഗുണകരമല്ലെന്നും സ്വീകാര്യമല്ലെന്നുമായിരിക്കും അവന്റെ ബുദ്ധി വിധിക്കുക.

ആഹരിക്കുക, പാനം ചെയ്യുക, ഭോഗശീലകള്‍, നിദ്ര തുടങ്ങിയ ഗുണങ്ങള്‍ മനുഷ്യര്‍ക്കു മാത്രമുള്ളതല്ല. അഖില ജീവികളിലും അതുണ്ട്. ഓരോന്നും അവരുടെ പ്രകൃതിക്കനുസരിച്ച് അവ നിര്‍വ്വഹിക്കുന്നു. പ്രകൃതിയോട് പ്രതികരിക്കാനും പ്രതിസന്ധികള്‍ അതിജീവിക്കാനും സ്വന്തം ജീവനു നേരെ ഉയരുന്ന ഭീഷണികള്‍ ചെറുക്കാനും ശത്രുവിനെ പ്രതിരോധിക്കാനുമൊക്കെ അവര്‍ക്കു സാധിക്കുന്നുണ്ട്.

“മനുഷ്യന്‍ ഈ വക കാര്യങ്ങളിലൊന്നും തനിമ പുലര്‍ത്തുന്നില്ല. തന്റെ രൂപ സൌന്ദര്യങ്ങള്‍ തന്നെ വേര്‍തിരിക്കുന്നുണ്ടെങ്കിലും അടിസ്ഥാന ഗുണങ്ങള്‍ തന്നെ പലതില്‍ ഒന്നാക്കുകയാണ്. ഇഴജന്തുക്കളും വന്യമൃഗങ്ങളും പ്രാണികളും പറവകളും മറ്റു അത്ഭുതജീവികളുമുള്ള ഈ പ്രപഞ്ചത്തില്‍ അക്കൂട്ടത്തില്‍ ഒരു മനുഷ്യജീവിയും ഉണ്ടെന്നതില്‍ കവിഞ്ഞ പ്രാധാന്യമൊന്നും പ്രഥമദൃഷ്ട്യാ മനുഷ്യനില്ല.

വന്യജീവികളോടിണങ്ങി പച്ചിലകളും കാട്ടുകിഴങ്ങുകളും ഭക്ഷിച്ച് ഗുഹകളിലും മരക്കുടിലുകളിലും അന്തിയുറങ്ങി ഇഷ്ടപ്പെട്ടതു ഭോഗിച്ച് ജീവിച്ച ഒരു കാലം മനുഷ്യ ജീവിതത്തില്‍ കഴിഞ്ഞുപോയിട്ടുണ്ടെന്നു തന്നെയാണ് ചരിത്രം പറയുന്നത്. അതുകൊണ്ടുതന്നെ മനുഷ്യനെ ഒരു മൃഗമായി ഗണിക്കുന്നതിന് വിരോധമൊന്നുമില്ല. ഡാര്‍വിന്‍ സമര്‍പ്പിച്ച പരിണാമ സിദ്ധാന്തത്തിന്റെയും ഫ്രോയിഡിന്റെ മനഃശാസ്ത്രത്തിന്റെയും കാറല്‍ മാര്‍ക്സിന്റെ സാമൂഹിക സാമ്പത്തിക ചരിത്രദര്‍ശനത്തിന്റെയും വെളിച്ചത്തില്‍ ചിന്തിക്കുമ്പോള്‍ മനുഷ്യന് ഒരു മൃഗമെന്നതില്‍ കവിഞ്ഞ പ്രാധാന്യം കാണുകയില്ല.

പ്രാണികള്‍ പിടിച്ചുപറ്റുന്നതില്‍ കൂടുതല്‍ ശ്രദ്ധ പിടിച്ചുപറ്റുന്ന ഒരു ചിന്താവിഷയമാണോ മനുഷ്യന്‍. നാം നമ്മുടെ ശരീരത്തെക്കാള്‍ വില കല്‍പ്പിക്കപ്പെടാവുന്നവരല്ല. പ്രാണികളുടെ സ്ഥിതിയും ഇതുതന്നെ. നമുക്കും പ്രാണികള്‍ക്കുമിടയിലുള്ള വ്യത്യാസം നമ്മുടെ ശക്തിയാണ്. നമ്മെക്കാള്‍ ശക്തര്‍ നമ്മെക്കാള്‍ ഉന്നതര്‍ തന്നെ എന്ന ചിന്താഗതിയാണ് പലര്‍ക്കുമുള്ളത്.

ഡാര്‍വിന്‍, ഫ്രോയിഡ് തുടങ്ങിയവരുടെ ചിന്താഗതിയനുസരിച്ച് ഇതെക്കാള്‍ കൂടുതലൊരു സ്ഥാനം മനുഷ്യന് വകവെച്ചുകൊടുക്കാന്‍ സാധ്യമല്ല. മനുഷ്യന്‍ അവരുടെ ദൃഷ്ടിയില്‍ പ്രാണികളുടെ സഹജീവിയാണ്. വാനരന്റെ പരിണിത രൂപമാണ്. ബാഹ്യഗോചരമായ പുറംതോടും ആവരണവുമില്ലാതെ മനുഷ്യനില്‍ മറ്റൊന്നും അവര്‍ കാണുന്നില്ല. മനുഷ്യശരീരത്തില്‍ മണ്ണിന്റെ അംശങ്ങളായ, കാര്‍ബണ്‍, ഫോസ്ഫറസ്, മെഗ്നീ ഷ്യം, ഇരുമ്പ്, ഗന്ധകം തുടങ്ങിയ തുച്ഛം വിലക്കുള്ള പദാര്‍ഥങ്ങളല്ലാതെ അവരുടെ ലബോറട്ടറിയില്‍ തെളിയുന്നില്ല.

ഈ മനുഷ്യന് എന്തിനാണ് മതം. ഈ മനുഷ്യന് എന്തിനാണ് നിയമം. സദാചാരവും സംസ്കാരവും വിദ്യാഭ്യാസവുമൊക്കെ ഇവനെന്തിന്. പ്രകൃതിദത്തമായ കഴിവും ശേഷിയും വാസനയുമനുസരിച്ച് പ്രകൃതിയോട് പ്രതികരിച്ചു ജീവിക്കുകയാണവന്റെ ധര്‍മ്മം. സര്‍വ്വതന്ത്ര സ്വതന്ത്രനായി വിഹരിക്കുകയാണവന്റെ മൌലികാവകാശം.

മനുഷ്യനിലെ മനുഷ്യനെ കാണാന്‍ കഴിയാത്തതുകൊണ്ടാണ് അവരൊക്കെ ഈ വിധത്തില്‍ ചിന്തിച്ചത്. കേവലമൊരു ജീവിയായി മനുഷ്യനെ കാണാന്‍ സാധിക്കുമോ? എങ്കില്‍ എന്തിനീ ഭൂമിയില്‍ ഭരണകൂടങ്ങള്‍, നിയമവ്യവസ്ഥിതികള്‍, പ്രസ്ഥാനങ്ങള്‍, സംഘടനകള്‍, വിദ്യാഭ്യാസ പദ്ധതികള്‍, സാംസ്കാരിക വികാസത്തിന് ശ്രമങ്ങള്‍.

ശക്തന്‍ ദുര്‍ബ്ബലനെ കൊന്നു തിന്നുക, ഭരിക്കുക, അടിമയാക്കുക, സ്വന്തം വികാരം ശമിപ്പിക്കുക എന്നതില്‍ കവിഞ്ഞ ജീവിതരീതികളും ലക്ഷ്യങ്ങളും മൃഗങ്ങളില്‍ കാണാറില്ല. എങ്കില്‍ മനുഷ്യനതു പോരെ.

മനുഷ്യനെ കേവല ജീവിയും പരിണാമശൃംഖലയിലെ ഒരു യാദൃശ്ചിക കണ്ണിയും പ്രാണിയെപ്പോലെ നിസ്സാര വ്യക്തിത്വത്തിന്റെ ഉടമയുമായി കാണുന്നവരും മതത്തില്‍ വിശ്വസിക്കാതെ അഗോചരമായതെന്തും നിഷേധിക്കുന്നവരും മനുഷ്യനുവേണ്ടി നിയമങ്ങളുണ്ടാക്കുന്നു. വ്യവസ്ഥിതികള്‍ നിര്‍മ്മിക്കുന്നു. സംഘടനകളും പദ്ധതികളും സംവിധാനിക്കുന്നു.

മറ്റു ജീവികള്‍ക്കില്ലാത്ത സവിശേഷത മനുഷ്യനുണ്ടെന്നു തന്നെയാണ് ഇതൊക്കെ വ്യക്തമാക്കുന്നത്. ഈ സവിശേഷത എന്താണ്? ഇതര ജീവികളില്‍ ദൃശ്യമാവാത്ത ഏതു ഗുണമാണ് മനുഷ്യനില്‍ ദൃശ്യമാവുക. ഓരോ മനുഷ്യനും ബുദ്ധിയും ചിന്തയുമുള്ളവനാണ്. മൃഗം ബുദ്ധിജീവിയല്ല. ഈ വിശിഷ്ട ഗുണം തന്നിലുള്ളതു കൊണ്ടുതന്നെയാണ് മൃഗത്തിന്റെ പരുവത്തിലേക്ക് വീണുപോകാതിരിക്കാന്‍ മനുഷ്യന്‍ ശ്രദ്ധിക്കുന്നത്. മൃഗത്തെ പോലെ ജീവിക്കാനും ഭുജിക്കാനും ഭോഗിക്കാനും എത്തിയേടത്ത് ഹിതമായ വിധം ഉറങ്ങാനും വിസര്‍ജ്ജിക്കാനും വിഹരിക്കാനും മനുഷ്യന്‍ സന്നദ്ധനാകുന്നില്ല. പ്രകൃത്യാ തന്നെ ചില കാര്യങ്ങള്‍ അവന്‍ വര്‍ജിക്കുന്നു. നാണവും അഭിമാനബോധവും അവനെ പല കാര്യങ്ങളില്‍ നിന്നും പിന്തിരിക്കുന്നു. അമ്മ, പെങ്ങള്‍, മക്കള്‍ എന്നിവര്‍ ക്കൊക്കെ ഏതു മനുഷ്യനും ചില പ്രത്യേകതകള്‍ കല്‍പ്പിക്കുന്നുണ്ട്. മതവിശ്വാസമില്ലാത്തവനും സ്വന്തം അമ്മയെയും പെങ്ങളെയും ഭോഗിക്കാന്‍ തുനിയുന്നില്ല. തന്നിലെ മനുഷ്യത്വം അവനെ അനുവദിക്കുന്നില്ലത്.

ലഹരിയും ഭ്രാന്തും ബാധിക്കാത്തവരും മൃഗീയത പൂര്‍ണമായി സിദ്ധിച്ച അപൂര്‍വ്വ അപവാദങ്ങളുമല്ലാത്ത സകല മനുഷ്യരിലും ഈ വക തനിമകള്‍ കാണാം. സ്വന്തം വ്യ ക്തിത്വം സംരക്ഷിക്കാനും മാന്യത കാത്തുസൂക്ഷിക്കാനും ഓരോ വ്യക്തിയും ശ്രമിക്കുന്നുണ്ട്. ഈ സ്വഭാവം തന്നെയാണ് മനുഷ്യന്റെ തനിമ.

മനുഷ്യന്‍ നാഗരികത പ്രാപിക്കുമ്പോള്‍ അവനുചുറ്റും നന്മയുടെ ഫലവൃക്ഷങ്ങള്‍ തളിരിടുന്നത് കാണാം. കേവലമാനുഷികത്വത്തില്‍ നിന്നു പുരോഗമിച്ച് സംസ്കൃത ചിത്തനാവുകയും തന്റെ ചിന്താബോധം വേണ്ടവിധത്തിലുപയോഗിക്കാന്‍ കരുത്താര്‍ജ്ജിക്കുകയും ചെയ്യുമ്പോള്‍ ജീവിത രീതിയിലും സ്വഭാവത്തിലും തന്മയത്വം പ്രകടമാകുന്നു. ജീവികളെപ്പോലെ ഭൂജിച്ച് ഭോഗിച്ച് രാപ്പകലുകള്‍ തീര്‍ക്കുന്നതിലുപരി തന്റെ ജീവിതത്തിന് ചിലതൊക്കെ നിര്‍വ്വഹിക്കാനുണ്ടെന്ന ബോധം ഭൂമിയിലെ ജീവിതത്തിനു ഹ്രസ്വമോ ദീര്‍ഘമോ അടുത്തതോ അകന്നതോ ആയ ലക്ഷ്യങ്ങളുണ്ടെന്നുമുള്ള തോന്നല്‍ തന്നെ പിടികൂടുന്നു.

ആഗ്രഹങ്ങളും അഭിലാഷങ്ങളും അവന്റെ ജീവിതത്തിന് അര്‍ഥവും സജീവതയും നല്‍കുന്നു. സുഖജീവിതം, പ്രശസ്തി, അധികാരം ആധിപത്യം തുടങ്ങിയ മോഹങ്ങള്‍ തന്നെ പ്രവര്‍ത്തന നിരതനും കര്‍മോത്സുകനുമാക്കുന്നു. നേടിയെടുക്കാനുള്ള പദ്ധതികളും പരിപാടികളും ജീവിതത്തിനു ക്രമവും ചിട്ടയും ഉത്സാഹവും കര്‍മകുശലതയും നല്‍കുന്നു. മറ്റുചിലര്‍ തനിക്കു ഒന്നും നേടാനൊത്തില്ലെങ്കിലും തന്റെ കുടുംബം, മക്കള്‍, സുഹൃത്തുക്കള്‍, സമൂഹം ഇവര്‍ക്കു ഗുണം ലഭിക്കട്ടെ എന്നാഗ്രഹിക്കുന്നു. അത് അവരെ പ്രവര്‍ത്തന രംഗത്തിറക്കുന്നു. ജീവിതത്തിന്റെ സായം സന്ധ്യയിലും ഊന്നുവടി കുത്തി വേച്ചുവേച്ചു നടന്ന് ഒഴിഞ്ഞ പറമ്പില്‍ തെങ്ങിന്‍ തൈ നട്ടുപിടിപ്പിക്കുന്ന കാരണവരുടെ ചിത്രം ഓര്‍ത്തുനോക്കൂ.

കത്തിജ്വലിക്കുന്നതീജ്വാലകള്‍ക്കിടയില്‍ എടുത്തുചാടി അന്യനെ രക്ഷിക്കാന്‍ ശ്രമിക്കുന്ന സാഹസികന്‍, മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോകുന്ന പാവം ജീവിയെ രക്ഷിക്കാന്‍ കുതിച്ചുചാടുന്ന മാന്യന്‍, ബോംബു വര്‍ഷിക്കുന്ന യുദ്ധവേദിയില്‍ ക്ഷേമ പ്രവര്‍ത്തനത്തിനിറങ്ങുന്ന സാമൂഹിക സേവകന്‍, ഇവരുടെയൊക്കെ ചിത്രം നമുക്കു കാണാം. തനിക്ക് ലഭിച്ചില്ലെങ്കിലും ലാഭമുണ്ടായില്ലെങ്കിലും തന്റെ പ്രാണന്‍ രക്ഷപ്പെട്ടില്ലെങ്കിലും മറ്റുള്ളവര്‍ക്കു ക്ഷേമമുണ്ടാകട്ടെ രക്ഷ ലഭിക്കട്ടെ എന്ന മഹാഭിലാഷമാണ് അവരെ പ്രവര്‍ത്തന നിരതരാക്കുന്നത്.

കേവല ജീവികളില്‍ ഈ വക സ്വഭാവമാഹാത്മ്യങ്ങള്‍ നമുക്ക് കാണാന്‍ കഴിയുന്നില്ല. വാനരന്റെയും പ്രാണിയുടെയും മൂര്‍ഖന്‍ പാമ്പിന്റെയും ഗണത്തില്‍ നിന്നു മനുഷ്യനെ വേര്‍തിരിച്ചു നിര്‍ത്തുന്നത് ഈ വക ഗുണങ്ങള്‍ തന്നെ. ഇങ്ങനെയുള്ള മനുഷ്യനെ കേവല ജീവിയായി കുരങ്ങിന്റെയും ജിറാഫിന്റെയും പരിണത രൂപങ്ങളായി മൂര്‍ഖന്‍ പാമ്പിന്റെ സഹജീവിയായി ഗണിക്കാന്‍ സാധിക്കുമോ. മനുഷ്യസമൂഹത്തോട് ചെയ്യുന്ന ഏറ്റവും വലിയ അനീതിയല്ലേ ഈ ചിന്താഗതി. ഇത്രയും താണനിലയില്‍ മനുഷ്യനെ വിലയിരുത്താന്‍ കരയും കടലും ഉപരിലോകങ്ങളും കീഴടക്കിയ മനുഷ്യന് സാധിക്കുമോ?


RELATED ARTICLE

 • വിമോചന തത്വശാസ്ത്രം
 • വിധിയുടെ അത്താണി
 • ഉത്തമ സ്വഭാവം
 • സത്യസാക്ഷ്യം രണ്ടാം പാതം
 • സന്ദേശവാഹകര്‍
 • പരാശക്തിയിലുള്ള വിശ്വാസം
 • മതത്തിന്റെ അനിവാര്യത
 • മതത്തിന്റെ ധര്‍മം
 • മനുഷ്യന്റെ മഹത്വം
 • ലളിതമായ തത്വങ്ങളും സത്യങ്ങളും
 • ജീവിതവിജയം
 • ഇസ്ലാമിന്റ മൂലതത്വങ്ങള്‍
 • ഇസ്ലാമും വിദ്യാസ്നേഹവും
 • ഇസ്ലാം മതത്തിന്റെ മാഹാത്മ്യം
 • ഇസ്ലാമികാധ്യാപനങ്ങള്‍
 • ഡോ. ഇസ്ലാമുല്‍ ഹഖ് (ശിവപ്രകാശ്)
 • ജീവിതത്തിന്റെ തുടക്കം
 • ദൈവത്തിന്റെ സന്ദേശം
 • ഇസ്ലാമിന്റെ ലക്ഷ്യം