ലളിതമായ തത്വങ്ങളും സത്യങ്ങളും

ഇസ്ലാം പ്രകൃതിയുടെ മതമാണ്. ജീവിതഗന്ധിയാണ്. ഭൂഖണ്ഡങ്ങളുടെയും കാലാവസ്ഥക ളുടെയും മാറ്റവും തലമുറകള്‍ തമ്മിലുള്ള അകലവും ഉള്‍ക്കൊള്ളാന്‍ പര്യാപ്തമാണ് അതിന്റെ നിയമങ്ങളും തത്വസംഹിതകളും. ചിന്തയും ശാസ്ത്രവും കലയും സാഹിത്യവുമൊക്കെ ഇസ്ലാമിന്റെ ഭാഗമാണ്. വളരെ ലളിതമാണതിന്റെ നിയമസംഹിതകള്‍. മാനവരാശിയുടെ ഇവപരവിജയം ലക്ഷ്യമാക്കിക്കൊണ്ടുള്ള നിയമങ്ങള്‍ മൊത്തം മനുഷ്യരുടെ നിലനില്‍പ്പും പുരോഗതിയുമാണ് കാണുന്നത്.

കേവലം വിശ്വാസ പ്രമാണങ്ങളിലോ ഏതാനും കര്‍മ്മങ്ങളിലോ ഒതുങ്ങുന്നതല്ല ഇസ് ലാം. സമഗ്രവും സമ്പൂര്‍ണവുമായ പ്രത്യയശാസ്ത്രമാണത്. തുല്യതയില്ലാത്ത നിയമവ്യവസ്ഥയും ഭരണ സംവിധാനവും ലളിതവും പ്രായോഗികവുമായ ആരാധനാ നിയമങ്ങളും സ്വഭാവ സംസ്കരണ മുറകളും ഉച്ചനീചത്വങ്ങളില്ലാത്ത സാഹോദര്യ വ്യവസ്ഥിതിയും സാമൂഹിക ശാസ്ത്രവും ശിക്ഷണ മുറകളുമാണത്. പ്രപഞ്ചത്തോളം വളരാനും കാലത്തെ അതിജീവിക്കാനും കഴിയുന്ന ദൈവിക ദര്‍ശനമാണ് ഇസ്ലാം.

മനുഷ്യനിര്‍മ്മിതമായ പ്രതിമകളുടെ, സങ്കല്‍പ്പ ചിത്രങ്ങളുടെ മുന്നില്‍ തലകുനിച്ച് നിന്ദ്യ നും നീചനുമാകുന്നതിനു പകരം, അണ്ഡകടാഹങ്ങളുടെ സ്രഷ്ടാവിനെ ആരാധിച്ചു. ഉന്നതങ്ങളിലെത്താനും മനുഷ്യനെ ഉത്തമസൃഷ്ടിയായി കാണാനുമാണ് ഇസ്ലാം പഠിപ്പിക്കുന്നത്.

മാനസിക സംസ്കരണമാണ് ഇസ്ലാമിലൂടെ മനുഷ്യന്‍ നേടുന്നത്. സത്യവും ഋജുവുമായ സരണിയിലൂടെ ചലിക്കുവാന്‍ മനുഷ്യനെ തയ്യാറാക്കുന്നതിന് ശിര്‍ക്ക് (ബഹുദൈവാരാധന), അഹങ്കാരം, അസൂയ, അത്യാഗ്രഹം തുടങ്ങിയ ദുര്‍ഗുണങ്ങളില്‍നിന്നു മനസ്സ് മോചിതമാകേണ്ടതുണ്ട്. സംശുദധ മനസ്സിലേ സല്‍ക്കര്‍മത്വരതയും താനല്ലാത്തവരെ ആദരിക്കാനും ആത്മാര്‍ഥമായി സ്നേഹിക്കാനുമുള്ള ശേഷിയുമുണ്ടാവുകയുള്ളൂ.

അന്യരുടെ അവകാശങ്ങള്‍ ആദരിക്കുക, അവരുടെ വേദനകളില്‍ പങ്കുചേരുക, സ്നേ ഹവും വാത്സല്യവും പ്രകടിപ്പിക്കുക, മറ്റുള്ളവര്‍ക്കുവേണ്ടി യത്നിക്കുക തുടങ്ങിയ സ്വഭാവങ്ങള്‍ നിര്‍മ്മല മനസ്സിന്റെ ഇടമയിലേ കാണുകയുള്ളൂ. മനുഷ്യത്വത്തിന്റെ പൂര്‍ ത്തീകരണമാണ് സ്വഭാവ സംസ്കരണത്തിലൂടെ മനുഷ്യന്‍ നേടുന്നത്. വിശുദ്ധ ഖുര്‍ആന്‍ ഉന്നത സ്വഭാവത്തെ പ്രകീര്‍ത്തിച്ചു. പ്രവാചകന്മാരെ വിശേഷിപ്പിച്ചു കൊണ്ട് പറഞ്ഞു: ‘അവര്‍ക്ക് നന്മ ചെയ്യാന്‍ ഞാന്‍ സന്ദേശമേകി’ (ഖുര്‍ആന്‍ 73/21).

പ്രവാചകന്‍ മുഹമ്മദ് നബിയെ വാഴ്ത്തിക്കൊണ്ട് ഖുര്‍ആന്‍ പറഞ്ഞു: ‘നിശ്ചയം താങ്കള്‍ മഹത്തായ സ്വഭാവ ഗുണത്തിലാകുന്നു’ (4/68).

സല്‍സ്വഭാവം വിശ്വാസത്തിന്റെ പൂര്‍ണതയായാണ് നബി(സ്വ)വിശേഷിപ്പിച്ചത്. ‘വിശ്വാസികളില്‍ പൂര്‍ണവിശ്വാസി അവരില്‍ കൂടുതല്‍ നല്ല സ്വഭാവക്കാരാകുന്നു.’ ഇസ്ലാം തന്നെ സല്‍സ്വഭാവമാണ്. ‘പ്രവാചകന്റെ നിയോഗം തന്നെ സല്‍സ്വഭാവ പൂര്‍ത്തിക്കുവേണ്ടിയാണെന്നാണ് നബിവചനം. സുഭദ്രമായ സമൂഹം, നീതിനിഷ്ഠമായ നിയമം, സമൂഹത്തിന്റെ എല്ലാ തലങ്ങളിലും നിയമങ്ങള്‍ പാലിക്കപ്പെടണം. അവിടെ വിവേചനമില്ല. ജാതിയുടെയോ വര്‍ഗത്തിന്റെയോ ദേശഭാഷകളുടെയോ വര്‍ണത്തിന്റെയോ പേരില്‍ ഒരു മഹത്വവും ആര്‍ക്കുമില്ല.

അക്രമം, അനീതി, പരദൂഷണം, ഏഷണി, വഞ്ചന, കൈക്കൂലി, പൂഴ്ത്തിവെപ്പ്, അപവാദ പ്രചാരണം, പരിഹാസം തുടങ്ങിയ സ്വഭാവ ദൂഷ്യങ്ങള്‍ സമൂഹത്തിലെ ഒരംഗത്തിലുമുണ്ടായിക്കൂടെന്നു കണിശമായി ഇസ്ലാം നിര്‍ദ്ദേശിക്കുന്നു.

സത്യസന്ധത, വിശ്വസ്തത, നിഷ്കളങ്കത, നീതി, കാരുണ്യം, വിട്ടുവീഴ്ച, മറ്റുള്ളവരെ ആദരിക്കുക, സ്വന്തം പ്രയാസങ്ങള്‍ സഹിച്ചും മറ്റുള്ളവരെ സഹായിക്കുക, എല്ലാവര്‍ക്കും നന്മ അഭിലഷിക്കുക തുടങ്ങിയ സല്‍ഗുണങ്ങള്‍ ഓരോ വിശ്വാസിയും സിദ്ധിച്ചിരിക്കണം.

മൃഗതുല്യരായി പരസ്പരം കടിച്ചുകീറി വര്‍ഗത്തിന്റെയും ജാതിയുടെയും വര്‍ണത്തിന്റെയും പേരില്‍, ദുരഭിമാനത്തിന്റെ പേരില്‍ കഴുത്തറുത്തിരുന്ന സമൂഹത്തെ എല്ലാം മറന്നും ഒരു മാതാവിന്റെയും പിതാവിന്റെയും മക്കളില്‍പ്പോലും കാണാത്തവിധം സ്നേഹവാത്സല്യമുള്ളവരാക്കി മാറ്റിയെടുക്കാന്‍ ഇസ്ലാമിന് ഏറെ കാലം കാത്തിരിക്കേണ്ടിവന്നില്ല. ഇസ്ലാം സ്വീകരിക്കുന്നതോടെ ഓരോ വ്യക്തിയും സ്വയം സംസ്കൃതനായിത്തീരുകയായിരുന്നു.

പാപവും പുണ്യവും

മനുഷ്യന്‍ വിശുദ്ധനായാണ് ജനിക്കുന്നത്. ജന്മനാ പാപിയാണെന്ന സിദ്ധാന്തം ഇസ്ലാം നിരാകരിക്കുന്നു. ജനിക്കുന്ന ശിശുക്കളെല്ലാം ശുദ്ധരാകുന്നു. മത – ജാതി വ്യത്യാസമില്ലാതെ എല്ലാ ശിശുക്കളും നല്ലവര്‍. പ്രവാചകന്‍ പ്രഖ്യാപിച്ചു. ‘എല്ലാ കുട്ടിയും ജനിക്കുന്നത് പരിശുദ്ധ പ്രകൃതിയിലാണ്.പിന്നീടവന്റെ മാതാപിതാക്കള്‍ അവനെ ജൂതനും ക്രിസ്ത്യാനിയും സൌരാഷ്ട്രീയനുമാക്കുന്നു.’

സാഹചര്യമാണ് കുട്ടിയുടെ ഭാഗധേയം നിര്‍ണയിക്കുന്നത്. കുട്ടിയെ നന്നാക്കുന്നതും ദുഷിപ്പിക്കുന്നതും അവന്റെ മാതാപിതാക്കളാണ്. അവന്‍ വളരുന്ന സാഹചര്യമാണ്. കുട്ടിയുടെ ഹൃദയം നിര്‍മലമാണ്. വെള്ളക്കടലാസ് പോലെ പരിശുദ്ധമാണ്. ഏതു നിറത്തിലും രൂപത്തിലുമുള്ള ചിത്രങ്ങള്‍ ആ മനസ്സിന്റെ കടലാസില്‍ വരക്കാം.

അതുകൊണ്ടുതന്നെ കുട്ടിയുടെ കാതില്‍ ആദ്യം കേള്‍ക്കുന്ന ശബ്ദം അല്ലാഹുവിന്റെ നാമമായിരിക്കണമെന്നും ജനിച്ചയുടനെ കുട്ടിയുടെ കാതില്‍ ബാങ്ക് വിളിക്കണമെന്നും ഇസ്ലാം കല്‍പ്പിച്ചു. തുടര്‍ന്ന് കുട്ടിയുടെ മനസ്സ് മലീമസമാകാതിരിക്കാനുള്ള സാഹചര്യത്തിലായിരിക്കണം കുട്ടിയെ വളര്‍ത്തേണ്ടത്. വകതിരിവാകുന്നതോടെ ദൈവചിന്തയും സമസൃഷ്ടി സ്നേഹവും അവന്റെ ഹൃദയത്തിലുണ്ടാകത്തക്ക വിധത്തിലുള്ള പരിചരണങ്ങളാണ് കുട്ടിക്ക് നല്‍കേണ്ടത്. ഇവ്വിഷയകമായി സമഗ്രമായ നിയമനിര്‍ദ്ദേശങ്ങള്‍ തന്നെ ഇസ്ലാമിനുണ്ട്.

ഒരാള്‍ പ്രായപൂര്‍ത്തിയാകുന്നതോടെയാണ് മതശാസനകള്‍ അനുസരിക്കാന്‍ ബാധ്യസ്ഥനാകുന്നത്. പതിനഞ്ചു വയസ്സു മുതല്‍ പ്രായപൂര്‍ത്തിയായതായി പരിഗണിക്കും. സ്ത്രീ ഋതുമതിയാകുന്നതും പ്രായപൂര്‍ത്തിയുടെ ലക്ഷണമായി ഗണിക്കപ്പെടുന്നു. തന്റെ ജീവിതത്തില്‍ അച്ചടക്കവും സന്മാര്‍ഗ നിഷ്ടയും പാലിക്കാന്‍ ഇനി ഓരോ വ്യക്തിയും ബാധ്യസ്ഥനാണ്. പരമാവധി വിജ്ഞാനമാര്‍ജിച്ച് നല്ലവനായി ജീവിക്കുക.

നന്മയും തിന്മയും സ്വയം വിവേചിച്ചറിഞ്ഞ് നന്മ സ്വീകരിക്കുകയും തിന്മ നിരാകരിക്കുകയും വേണം. ഇത് വേര്‍തിരിച്ചു കാണിക്കാനാണ് പ്രവാചകര്‍ വന്നത്. ഇനി തങ്ങളുടെ വഴി തിരഞ്ഞെടുക്കേണ്ട ബാധ്യത വ്യക്തിക്കാണ്. നന്മ ചെയ്യുന്നവന് ഇഹലോകത്തും പരലോകത്തും പുണ്യം. തിന്മ ചെയ്യുന്നവന് ശിക്ഷ. ‘അണു അളവ് നന്മ ചെയ്താല്‍ അതിന്റെ ഫലം അവന്‍ അനുഭവിക്കും. അണു അളവ് തിന്മ ചെയ്താല്‍ അതിന്റെ ഫലവും അവന്‍ അനുഭവിക്കും.’

ഇവിടെ ഒരാളും മറ്റൊരാളുടെ പാപഭാരം പേറുകയില്ല. പാപം പൊറുക്കാനും മോക്ഷം നല്‍കാനും പരിശുദ്ധനായി വാഴ്ത്താനും മനുഷ്യന് അധികാരമില്ല. കഴിവില്ല. അത് അല്ലാഹുവിന്റെ മാത്രം അധികാരമാകുന്നു. അല്ലാഹുവിനും മനുഷ്യനുമിടയില്‍ പാപം പൊറുക്കാന്‍ കഴിവുള്ള പുരോഹിതന്മാരുടെയോ സന്യാസിനികളുടെയോ മധ്യവര്‍ത്തി ശൃംഖലയില്ല. പ്രവാചകനും പണ്ഡിതനും പാമരനുമൊക്കെ അല്ലാഹുവിന്റെ അടിമകള്‍. ഓരോരുത്തരും തങ്ങളുടെ കര്‍മഫലം അനുഭവിക്കുന്നു. ‘ഒരാള്‍ മറ്റൊരാളുടെ ഭാരം വഹിക്കുകയില്ല’ (ഖുര്‍ആന്‍).

പശ്ചാതാപമാണ് പാപമോചനത്തിനു ഇസ്ലാം നിര്‍ദ്ദേശിക്കുന്ന വഴി. തന്റെ ദുഷ്ചെയ്തിയില്‍ ഖേദിച്ച് പൂര്‍ണമായും തിന്മ വെടിഞ്ഞ് അല്ലാഹുവിലേക്ക് മടങ്ങുക. വന്നുപോയ തെറ്റുകളോര്‍ത്തു ദുഃഖിക്കുന്ന മനസ്സില്‍ നിന്നുയരുന്ന പ്രാര്‍ഥനകള്‍, പാപമോചനത്തിനുള്ള അപേക്ഷകള്‍ അല്ലാഹു സ്വീകരിക്കും. ‘അല്ലാഹു (ശിര്‍ക്ക്) ബഹുദൈവ വിശ്വാ സമല്ലാത്ത എല്ലാ പാപങ്ങളും പൊറുക്കും’ (ഖുര്‍ആന്‍).

പശ്ചാതാപം ലളിതമാണ്. പ്രത്യേക ഉപചാരങ്ങളോ ചട്ടവട്ടങ്ങളോ അതിനില്ല. തിന്മയോട് വിടപറഞ്ഞു മേലില്‍ തിന്മ ചെയ്യില്ലെന്ന് പ്രതിജ്ഞയെടുത്തു വന്നുപോയ തെറ്റുകള്‍ക്ക് മാപ്പുചോദിക്കുക. ആര്‍ക്കും എപ്പോഴും സ്വയം ചെയ്യാവുന്നതാണിത്. നിരന്തരമായ ഈ അപേക്ഷ അല്ലാഹു സ്വീകരിക്കും. ‘അല്ലാഹു പശ്ചാതാപം സ്വീകരിക്കുന്നവനും കാരുണ്യവാനുമാകുന്നു.’


RELATED ARTICLE

 • വിമോചന തത്വശാസ്ത്രം
 • വിധിയുടെ അത്താണി
 • ഉത്തമ സ്വഭാവം
 • സത്യസാക്ഷ്യം രണ്ടാം പാതം
 • സന്ദേശവാഹകര്‍
 • പരാശക്തിയിലുള്ള വിശ്വാസം
 • മതത്തിന്റെ അനിവാര്യത
 • മതത്തിന്റെ ധര്‍മം
 • മനുഷ്യന്റെ മഹത്വം
 • ലളിതമായ തത്വങ്ങളും സത്യങ്ങളും
 • ജീവിതവിജയം
 • ഇസ്ലാമിന്റ മൂലതത്വങ്ങള്‍
 • ഇസ്ലാമും വിദ്യാസ്നേഹവും
 • ഇസ്ലാം മതത്തിന്റെ മാഹാത്മ്യം
 • ഇസ്ലാമികാധ്യാപനങ്ങള്‍
 • ഡോ. ഇസ്ലാമുല്‍ ഹഖ് (ശിവപ്രകാശ്)
 • ജീവിതത്തിന്റെ തുടക്കം
 • ദൈവത്തിന്റെ സന്ദേശം
 • ഇസ്ലാമിന്റെ ലക്ഷ്യം