Click to Download Ihyaussunna Application Form
 

 

ജീവിതവിജയം

സര്‍വരുടെയും ലക്ഷ്യമാണ് സംതൃപ്ത ജീവിതം. ആര്‍ക്കാണിവിടെ ജീവിത സംതൃപ്തിയുള്ളത്. സമ്പത്തിന്റെയും സൌകര്യങ്ങളുടെയും ഉടമകളായ എത്രപേര്‍ നമുക്കുചുറ്റുമുണ്ട്. ആകാശം മുട്ടുന്ന മണിമാളികകള്‍, കലയും, ശാസ്ത്രവും, സാങ്കേതികവിദ്യയുടെ പുത്തന്‍ മുഖങ്ങളും മേളിച്ച കൂറ്റന്‍ ഭവനങ്ങള്‍. ഉയര്‍ന്നുനില്‍ക്കുന്ന മട്ടുപ്പാവുകളും, സ്ഥൂപങ്ങളും, വിശാലമായ ഹാളുകളും റൂമുകളും സ്വീകരിക്കാന്‍, ആഹരിക്കാന്‍, വായിക്കാന്‍, വിശ്രമിക്കാന്‍, വിനോദിക്കാന്‍, ലഹരിക്കാന്‍, അതിഥികളുമായി സംഭാഷണം നടത്താന്‍, ശയിക്കാന്‍ എല്ലാറ്റിനും പ്രത്യേകം പ്രത്യേകം റൂമുകള്‍, എ.സി., ടി.വി., വീഡിയോ തുടങ്ങിയ സര്‍വ്വ ആധുനിക സന്നാഹങ്ങളും, അലക്കാനും അരക്കാനും അലങ്കരിക്കാനും യന്ത്രങ്ങള്‍, പാകം ചെയ്യാനും വിളമ്പാനുമൊക്കെ ഉപകരണങ്ങള്‍, പരിചാരകര്‍.

സെക്യൂരിറ്റിയും കാര്യസ്ഥന്മാരും ഗുമസ്ഥന്മാരും പ്രൈവറ്റ് ഡോക്ടര്‍മാരുമെല്ലാം ഒത്തിണങ്ങിയ പ്രഭുക്കളെയും സുഖിയന്മാരെയും നമുക്കു കാണാം. എന്നിട്ടെന്താ? അവരുടെയാരുടെയെങ്കിലും ജീവിതത്തിന് സംതൃപ്തിയുണ്ടോ. സ്വസ്ഥതയുണ്ടോ. ക്ഷുത്തടക്കാനും തലചായ്ക്കാനും ഇടം കിട്ടിയാല്‍ മനസ്സ് സ്വസ്ഥമാകുമെന്ന് ചിലര്‍ പറയാറുണ്ട്. നമ്മുടെ അനുഭവം എന്തുപറയുന്നു?

സാമ്പത്തിക അഭിവൃദ്ധിയാണ് ജീവിതവിജയവും സംതൃപ്തിയും നേടിത്തരുന്നതെങ്കില്‍ ലോകത്തെ ഏറ്റവും സമ്പന്ന രാജ്യമായ സ്വീഡന്‍ സ്വസ്ഥതയുടെയും സമാധാനത്തിന്റെയും തീരമാകുമായിരുന്നു. എല്ലാ പൌരനും പാര്‍പ്പിടവും വിദ്യാഭ്യാസ വൈദ്യ സഹായങ്ങളും ജീവിതാനുസാരണത്തിനാവശ്യമായ ആനുകൂല്യങ്ങളും പ്രസവച്ചെലവുകളും ആരോഗ്യ സംരക്ഷണവുമൊക്കെ സര്‍ക്കാര്‍ ഉത്തരവാദിത്തമേറ്റെടുത്ത് നടപ്പിലാക്കി, ജനങ്ങള്‍ക്കിടയിലെ എല്ലാ വിഭാഗീയ ജാതീയ ചിന്തകളും നിരോധിച്ചു, ജനങ്ങള്‍ക്കു സര്‍വ്വ സ്വാതന്ത്യ്രമനുവദിച്ച രാജ്യമാണ് സ്വീഡന്‍. വ്യഭിചാരം മനുഷ്യന്റെ മൌലികാവകാശമായി അനുവദിച്ച ഒരു രാജ്യം. കഷ്ടപ്പാടും പ്രയാസങ്ങളും അറിയാത്ത ഭൂമിയിലെ സ്വര്‍ഗമെന്ന് കീര്‍ത്തി നേടിയ ഭൂമി. എന്നിട്ടും അവിടത്തെ ജനങ്ങള്‍ അസ്വസ്ഥരാണ്. നൈരാശ്യവും അലക്ഷ്യബോധവും അവരുടെ മുഖത്ത് നിഴലിക്കുന്നു. അസ്വസ്ഥതയും അരക്ഷിതത്വവും അവരനുഭവിക്കുന്നു. സ്വസ്ഥതക്കുവേണ്ടി മയക്കുമരുന്നുകളും മദാലസകളും അവരുടെ മുന്നിലെത്തുമ്പോള്‍ അവര്‍ കൂടുതല്‍ അസ്വസ്ഥരും വ്രണിത ചിത്തരുമാകുന്നു. ആത്മഹത്യയാണ് അവസാനം അവരുടെ രക്ഷക്കെത്തുന്നത്. ആത്മഹത്യാനിരക്കുകള്‍ സ്വീഡനില്‍ വളരെയധികം ഉയര്‍ന്നുവരികയാണ്.

അമേരിക്കയിലും സാക്ഷാല്‍ സമത്വത്തിന്റെ കുത്തകക്കാരെന്നു പറയുന്ന യൂറോപ്പിലും യുവതലമുറ അസ്വസ്ഥരും നിരാശരുമാണ്. കൊലപാതകങ്ങളും ആത്മഹത്യകളും അവിടെ ദിനംപ്രതി വര്‍ധിച്ചുവരികയാണ്. ഓരോ മനുഷ്യനും ഉള്ളില്‍ ഒരഗ്നി പര്‍വ്വതം പേറിക്കൊണ്ടാണ് നടക്കുന്നത്. കത്തിയെരിയുന്ന ഒരു തീച്ചൂളയാണ് അവന്റെ അകത്തളം.

ജീവിതവിജയം മാനസിക സംതൃപ്തിയിലൂടെയാണ് ലഭിക്കുന്നത്. കൊട്ടാരവളപ്പിലെ തോട്ടക്കാരന്റെ മാനസികാനന്ദം കൊട്ടാരത്തിന്റെ ഉടമക്കില്ല. ആകാശത്തിന് താഴെ സ്വന്തം പുറംതോടല്ലാതെ മറ്റൊന്നും മറയില്ലാതെ നനുത്ത മണ്ണില്‍ അന്തിയുറങ്ങുന്ന ഒരു ഭിക്ഷക്കാരന്റെ മാനസികോല്ലാസം പട്ടുമെത്തയില്‍ എ.സി. റൂമില്‍ കിടന്നുറങ്ങുന്ന പണക്കാരന് ലഭിക്കുന്നില്ല. പായ കാണുമ്പോഴേക്ക് ഉറങ്ങിവീഴുന്ന പാവപ്പെട്ട കര്‍ഷകത്തൊഴിലാളിയുടെ സുഖം ഉറക്ക ഗുളിക കഴിച്ച് നിദ്രവിലക്കുവാങ്ങുന്ന മുതലാളിക്കോര്‍ക്കാന്‍ കഴിയുന്നുണ്ടോ?

ഭാര്യയും സന്താനങ്ങളും ആനന്ദോപാധികളാണെന്നാണല്ലോ വെപ്പ്. മക്കളെയോര്‍ത്ത് പല്ലിറുമ്പുന്ന, തലതല്ലിപ്പൊളിക്കുന്ന പിതാക്കളെ നമുക്ക് എണ്ണിത്തീര്‍ക്കാനാകുമോ? ലാളിച്ചു വളര്‍ത്തിയ മാതാപിതാക്കളുടെ സ്വൈര്യം കെടുത്തുന്ന മക്കള്‍ നമുക്കുചുറ്റുമില്ലേ. പ്രസിദ്ധ അറബിക്കവിയായ അബ്ദുല്‍ അലാഉല്‍ മഅ്രി സന്താനങ്ങളുണ്ടാകാതിരിക്കാനാണ് വിവാഹം ചെയ്യാതിരുന്നത്. സന്താനങ്ങള്‍ മാതാപിതാക്കളുടെ സ്വൈര്യം കെടുത്തുമെന്നതു തന്നെ കാരണം. അനേകം കവികള്‍ സന്താനങ്ങളുടെ സ്വൈര്യക്കേട് സഹിക്കാനാകാതെ അവരെ ആക്ഷേപിച്ചു പാടി.

മക്കള്‍ നാശമായാണ് ഞാന്‍ കാണുന്നത്. വന്ധ്യര്‍ വിജയികള്‍, ഒരുപക്ഷേ തന്റെ ശത്രുവിനെയായിരിക്കും താന്‍ വളര്‍ത്തുന്നത്. അല്ലെങ്കില്‍ അവനെ അനാഥനായി വിട്ടുപോകേണ്ടിവരും. അതുമല്ലെങ്കില്‍ സന്താനം തന്നെ എന്നെന്നേക്കും ദുഃഖത്തിലാക്കി വേര്‍പ്പെട്ടുപോയേക്കാം എന്നാണ് ഒരു കവി പാടിയത്.

ശാസ്ത്ര സാങ്കേതിക വിദ്യ കൊണ്ടോ പരന്ന വിജ്ഞാനം കൊണ്ടോ ആത്യന്തിക ലക്ഷ്യമായ മനഃസംതൃപ്തി ലഭിക്കുന്നില്ല. വിജ്ഞാനമാണ് സര്‍വ്വസ്വമെന്ന് കരുതിയ എത്രയെത്ര മഹാരഥന്മാര്‍ വിദ്വാരാമത്തിലെ പൂങ്കുയിലുകളായി നമ്മുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. ഭൌതിക ശാസ്ത്രത്തിലും ഉന്നത ബിരുദങ്ങളിലും ജീവിതസാഫല്യം കണ്ടവര്‍, പരീക്ഷണശാലയിലെ സങ്കീര്‍ണതകളില്‍ ഹരം കണ്ടവര്‍. അവസാനം ഒരു തുണ്ടുകയറിലോ വിഷക്കുപ്പിയിലോ ജീവനൊടുക്കിയത് നാം കണ്ടതാണ്. സോക്രട്ടീസ് മുതല്‍ ഹെമിം ഗ്വെ വരെ ഈ പട്ടികയിലുണ്ട്.

സമാധാനവും സ്വസ്ഥതയുമാണ് ജീവിതവിജയനിദാനം. സമ്പത്തിലോ സന്താനങ്ങളിലോ അധികാരാധിപത്യങ്ങളിലോ ശാസ്ത്ര സാങ്കേതികാഭിവൃദ്ധിയിലോ മനസ്സിനെ സ്വ സ്ഥമാക്കാവുന്ന സമാധാന പീയുഷം ലഭ്യമല്ലെന്നും ഭൌതികാഭിവൃദ്ധി മനുഷ്യനെ കൂടുതല്‍ അസ്വസ്ഥനാക്കുകയാണ് ചെയ്യുന്നതെന്നും നാം കണ്ടു. സമാധാനം ഒരജ്ഞാത വസ്തുവാണ്. അത് ദൃഷ്ടിക്ക് ഗോചരമല്ല. അളന്നോ തൂക്കിയോ കണക്കാക്കാന്‍ സാധ്യമല്ല. വിലകൊടുത്തു വാങ്ങാവുന്നതോ പെട്ടിയില്‍ അടച്ച് പൂട്ടാവുന്നതോ അല്ല. ആണവായുധങ്ങളുടെയും ന്യൂക്ളിയര്‍ ബോംബുകളുടെയും ലോകത്ത് സമാധാനത്തിന്റെ തീരം തേടി അലയുന്ന മനുഷ്യന് ആകാശത്തുപോലും സ്വസ്ഥത ലഭിക്കുന്നില്ല. താരയുദ്ധ പ്രോഗ്രാമും അണു പരീക്ഷണങ്ങളും സമാധാനത്തിനുപയോഗിക്കാമെന്നും വന്‍ ശക്തികള്‍ പറഞ്ഞാലും അതുകൊണ്ടൊന്നും സമാധാനം നേടാന്‍ പോകുന്നില്ല. മനുഷ്യമനസ്സ് സംതൃപ്തിയടയുന്നില്ല.

മനുഷ്യനിര്‍മ്മിതമല്ലാത്ത, സര്‍വ്വകാലികവും ജനീനവുമായ പ്രായോഗികവും നിത്യപ്രസ ക്തവുമായ അന്യൂനവും സമഗ്രവുമായ നീതിനിഷ്ഠവും പുരോഗമനാത്മകവുമായ ഒരു നിയമസംഹിതയുടെ പ്രസക്തി ഇവിടെയാണ് തെളിയുന്നത്. സര്‍വ്വശക്തനും കാരുണ്യവാനുമായ അജയ്യനും അപാരനുമായ അനന്ത്യനും അനാദ്യനുമായ സര്‍വ്വജ്ഞനും സ്വാശ്രയനുമായ നീതിമാനും തന്ത്രശാലിയുമായ ഒരു ശക്തിയുടെ അനിവാര്യത ഇവിടെയാണ് ബോധ്യമാകുന്നത്.

ഈ ശക്തിയിലുള്ള വിശ്വാസം മനസ്സിന് കുളിര്‍ പകരുന്നു. ഹൃദയത്തിന് സ്വസ്ഥത നല്‍കുന്നു. ജീവിതത്തിനു ലക്ഷ്യബോധവും ആശയുമുണ്ടാക്കുന്നു. പ്രതീക്ഷയും. ജിജ്ഞാസയും നല്‍കുന്നു. സര്‍വ്വര്‍ക്കും അംഗീകരിക്കാവുന്ന അന്യൂനമായ വ്യവസ്ഥയും നിയമസംഹിതയും സമ്മാനിക്കാന്‍, സര്‍വ്വകാലത്തെയും അതിജീവിക്കുന്ന കാലത്തിന്റെ പ്രയാണത്തില്‍ അടിപതറി വീഴാത്ത ഒരു പ്രത്യയശാസ്ത്രം ജീവിതപദ്ധതി അവതരിപ്പിക്കാന്‍ ആ ശക്തിക്ക് മാത്രമേ അര്‍ഹതയുള്ളൂ. സാധിക്കുകയുള്ളൂ. ചിന്താശീലനും അഭിമാനിയുമായ മനുഷ്യന്‍ അത്തരമൊരു മഹാവ്യക്തിയുടെ മുന്നിലേ തലകുനിക്കുകയും അനുസരണം പ്രകടിപ്പിക്കുകയുമുള്ളൂ.

ഇങ്ങനെയൊരു മഹാശക്തിയില്‍ വിശ്വസിക്കാനും അവന്റെ നിയമങ്ങളനുസരിക്കാനുമാണ് മതം പഠിപ്പിക്കുന്നത്. സ്രഷ്ടാവിന്റെ നിയമങ്ങളാണ് മതം. അത് എക്കാലത്തുമുള്ള മനുഷ്യര്‍ക്ക് സര്‍വ്വതരം പുരോഗതിയും നേടിക്കൊടുക്കുന്നു.


RELATED ARTICLE

  • വിമോചന തത്വശാസ്ത്രം
  • വിധിയുടെ അത്താണി
  • ഉത്തമ സ്വഭാവം
  • സത്യസാക്ഷ്യം രണ്ടാം പാതം
  • സന്ദേശവാഹകര്‍
  • പരാശക്തിയിലുള്ള വിശ്വാസം
  • മതത്തിന്റെ അനിവാര്യത
  • മതത്തിന്റെ ധര്‍മം
  • മനുഷ്യന്റെ മഹത്വം
  • ലളിതമായ തത്വങ്ങളും സത്യങ്ങളും
  • ജീവിതവിജയം
  • ഇസ്ലാമിന്റ മൂലതത്വങ്ങള്‍
  • ഇസ്ലാമും വിദ്യാസ്നേഹവും
  • ഇസ്ലാം മതത്തിന്റെ മാഹാത്മ്യം
  • ഇസ്ലാമികാധ്യാപനങ്ങള്‍
  • ഡോ. ഇസ്ലാമുല്‍ ഹഖ് (ശിവപ്രകാശ്)
  • ജീവിതത്തിന്റെ തുടക്കം
  • ദൈവത്തിന്റെ സന്ദേശം
  • ഇസ്ലാമിന്റെ ലക്ഷ്യം