Click to Download Ihyaussunna Application Form
 

 

ഡോ. ഇസ്ലാമുല്‍ ഹഖ് (ശിവപ്രകാശ്)

ഇന്ത്യയിലെ പ്രമുഖ ഹിന്ദു മത വിശ്വാസിയും ആചാര്യനുമായ ഡോക്ടര്‍ സ്വാമി ശിവശക്തി സ്വരൂപ് മഹാരാജ ദാസ്യന്‍ ഇസ്ലാം മതം സ്വീകരിച്ച വാര്‍ത്ത വേണ്ടത്ര ശ്രദ്ധിക്കപ്പെടു കയുണ്ടായില്ല. 1986 മെയ് പത്തിനാണ് സംഭവം. ഡോക്ടര്‍ സ്വാമി കുടുംബസമേതമാണ് ഇസ്ലാം ആശ്ളേഷിച്ചത്. തുടര്‍ന്ന് താനും ഭാര്യയും പുത്രിയും യഥാക്രമം ഇസ്ലാമുല്‍ ഹഖ്, ഖദീജാ ഖാതൂന്‍, ആയിഷാ ഹഖ് എന്നീ പുതിയ നാമങ്ങള്‍ സ്വീകരിച്ചു. വിവരമറിഞ്ഞ പണ്ഢിതരില്‍ ചിലര്‍ ‘കഅ്ബാലയത്തിന് കാവല്‍ക്കാരനെ കിട്ടി. വിഗ്രഹാലയത്തില്‍ നിന്ന്.’ എന്ന കവിത കൊണ്ട് പ്രതികരിച്ചു. മുസ്ലിമായിത്തീര്‍ന്ന ഇസ്ലാമുല്‍ ഹഖ് ഇപ്പോള്‍ ഇസ്ലാം മത പ്രബോധന പ്രവര്‍ത്തനങ്ങളില്‍ മുഴുകി..

തന്റെ താമസ സ്ഥലനായ ഭോപാലില്‍ വെച്ചു അദ്ദേഹവുമായി സയ്യിദ് മഹ്മൂദ് അലി നടത്തിയ ഇന്റര്‍വ്യൂ ‘നയീ ദുന്‍യ’ (ഉറുദു) വീക്കിലി പ്രസിദ്ധീകരിക്കുകയുണ്ടായി. അതിന്റെ വിവര്‍ത്തനമാണ് ചുവടെ.

ഇസ്ലാം സ്വീകരിച്ച ശേഷം താങ്കള്‍ക്ക് എന്തുതോന്നുന്നു?

അല്ലാഹുവിന്റെ അപാരമായ അനുഗ്രഹം. അവന്‍ എന്നെ വിശ്വാസത്തിന്റെ അമൂല്യ സമ്പത്ത് നല്‍കി അനുഗ്രഹിച്ചു. ഇപ്പോള്‍ ഞാന്‍ ലോകത്തെ ഏറ്റവും വലിയ വിജയിയും സൌഭാഗ്യവാനുമാണെന്ന് മനസ്സിലാക്കുന്നു. വഴികേടിന്റെ ലോകത്ത് ഞാനൊരു ഭഗവാനായിരുന്നു. വെളിച്ചത്തിന്റെ ഈ ലോകത്ത് ഒരു മനുഷ്യനാകാന്‍ എനിക്ക് ഭാഗ്യം സിദ്ധിച്ചിരിക്കുന്നു.

നിശ്ചയം താങ്കളുടെ കൃതജ്ഞത സ്ഥാനത്താണ്. മഹത്തായ ഒരു അനുഗ്രഹമാണിത്. ഇതില്‍ എത്ര അഭിമാനിച്ചാലും അധികമാകില്ല. ഇനി നിങ്ങളുടെ പഴയ പേരും തൊഴിലും സംബന്ധിച്ചു അറിഞ്ഞാല്‍ കൊള്ളാം.

എന്റെ പഴയ പേര് ‘മെഹന്ത് (യോഗി) ഡോക്ടര്‍ ശിവശക്തി സ്വരൂപ്ജി മഹാരാജ ദാസ്യന്‍ ധര്‍മാചാര്യ അധോശക്തി പീഠ്’ എന്നായിരുന്നു. ഞങ്ങളുടെ കുലത്തൊഴില്‍ യോഗാസനമാണ്. ഇതിനായി ബന്ത്രാബന്‍ എന്ന സ്ഥലത്ത് ‘ബര്‍ഘണ്ട’ ആശ്രമം എന്നപേരില്‍ വലിയ ഒരാശ്രമം ഉണ്ടായിരുന്നു. ബോംബെയിലെ മൂലന്ദ് എന്നിടത്തും ഒരു ആശ്രമം നടത്തിയിരുന്നു. ദീവാലന്‍ എന്നിടത്താണ് മൂന്നാമത്തെ വലിയ ആശ്രമം നിലകൊണ്ടിരുന്നത്. അമ്പത് ഹെക്ടര്‍ സ്ഥലത്ത് പണിതീര്‍ത്ത അന്താരാഷ്ട്ര നിലവാരത്തിലുള്ള ആശ്രമമായിരുന്നു അത്. അവിടെ എത്തുന്ന ആളുകള്‍ക്ക് ഉപദേശങ്ങള്‍ നല്‍കുക, അന്തേവാസികളായി ചേര്‍ക്കുക തുടങ്ങിയ ജോലിയാണ് എനിക്കുണ്ടായിരുന്നത്.

നിങ്ങളുടെ വിദ്യാഭ്യാസത്തെ കുറിച്ചു വളരെ പറഞ്ഞുകേള്‍ക്കുന്നു. അതുസംബന്ധിച്ചു അല്‍പ്പം വെളിച്ചം വീശിയാലും.

പ്രാഥമിക വിദ്യാഭ്യാസം ആശ്രമത്തില്‍ വെച്ചുതന്നെയാണ് നേടിയത്. തുടര്‍ന്നു ഇലാഹാബാദ് യൂനിവേഴ്സിറ്റിയില്‍ നിന്ന് മെന്റലിസത്തില്‍ എം.എ. പൂര്‍ത്തിയാക്കി. കാഠക് ഗുരുകുലത്തില്‍ നിന്ന് ആചാര വിദ്യാഭ്യാസത്തില്‍ ബിരുദം നേടി. ശേഷം ഇംഗ്ളണ്ടിലെ ഓക്സ്ഫോര്‍ഡ് യൂനിവേഴ്സിറ്റിയില്‍ നിന്ന് ലോകത്തെ പത്ത് വലിയ മതങ്ങളെ സംബന്ധിച്ച പഠനത്തില്‍ ഡോക്ടര്‍ ഓഫ് ഡിവിനിറ്റിയും മെന്റലിസത്തില്‍ പി.എച്ച്.ഡി.യും നേടി. ഇങ്ങനെ ഇരട്ട പി.എച്ച്.ഡി നേടിയ ശേഷം പോപ് പോള്‍ ആറാമന്റെ ക്ഷണപ്രകാരം ഇറ്റലിയില്‍ പോയി. അവിടെ വത്തിക്കാനില്‍ വെച്ച് ക്രിസ്തു മതം സ്വീകരിക്കാനുള്ള സമ്മര്‍ദ്ദമുണ്ടായെങ്കിലും ഞാന്‍ വഴങ്ങിയില്ല. ഏഴ് വ്യത്യസ്ത വിഷയങ്ങളില്‍ പ്രഭാഷണങ്ങള്‍ നടത്താന്‍ എന്നെ ഏല്‍പ്പിക്കപ്പെട്ടു. ആ ക്രൈസ്തവ നഗരത്തില്‍ ഞാന്‍ പുലര്‍ത്തിയ നല്ല സമീപനത്തില്‍ ആകൃഷ്ടനായി പോപ് എനിക്ക് അവിടത്തെ ഓ.എഫ്.എം.സി.എ.പി ബഹുമതിയും പൌരത്വവും നല്‍കി ആദരിച്ചു. പക്ഷേ, ക്രിസ്തുമതം എന്റെ മനസ്സിനെയും മസ്തിഷ്കത്തെയും ഒരുനിലക്കും തൃപ്തിപ്പെടുത്തുന്നതായിരുന്നില്ല. അതിനാല്‍ മെച്ചപ്പെട്ട താവളമന്വേഷിച്ചുകൊണ്ട് ഞാന്‍ അവിടെ വിട്ടു. തുടര്‍ന്നു ഇന്ത്യയില്‍ വന്നു.

താങ്കള്‍ എപ്പോള്‍ ഏതു കുടുംബപരമ്പരയില്‍ ജനിച്ചു.

1936 ഫെബ്രുവരി രണ്ടിന് യു.പി.യിലെ മധുര ജില്ലയിലെ ‘ബന്ദ്രബാന്‍’ എന്ന സ്ഥലത്ത് ഞാന്‍ ജനിച്ചു. ബാബാ നാനകിന്റെ കുടുംബ പരമ്പരയില്‍ പെടുന്നു.

താങ്കള്‍ക്ക് ഏതെല്ലാം ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ കഴിയും. ഇവയില്‍ പ്രത്യേക പ്രതിപത്തി ഏതിനോടാണ്.

ഏതാണ്ട് പന്ത്രണ്ട് ഭാഷകള്‍ വശമുണ്ട്. ഇംഗ്ളീഷ്, സംസ്കൃതം, ഗ്രീക്ക്, ഹീബ്രു, ഹിന്ദി, പ്രകൃതിക്, പാലി, ഗോര്‍മുഖി, മറാഠി, ഗുജറാത്തി, ഉര്‍ദു, അറബി എന്നീ ഭാഷകളാണവ. ഇതില്‍ ആറ് ഭാഷകളോട് പ്രത്യേകാഭിമുഖ്യമുണ്ട്. അതില്‍ ഇംഗ്ളീഷും സംസ്കൃതവും അറബിയും ഹിന്ദിയും ഉര്‍ദുവും ഗോര്‍മുഖിയും പെടും.

ഹൈന്ദവ ചിന്താഗതികളെ അടുത്തറിഞ്ഞയാളാണല്ലോ താങ്കള്‍. ഇവിടത്തെ ഹിന്ദുക്കള്‍ മുസ്ലിംകളെ ഭയപ്പെടുന്നുവെന്ന് താങ്കള്‍ക്ക് തോന്നുന്നുണ്ടോ.

ഇന്നാട്ടിലെ ഹിന്ദു സമുദായം മുസ്ലിംകളെ ഭയപ്പെടുന്നില്ല. പക്ഷേ, വമ്പിച്ച നന്മകളുടെ കേദാരമായ ഇസ്ലാമിനെ ഭയപ്പെടുന്നു. ഇസ്ലാമിന്റെ ആ ശക്തി മുസ്ലിംകളില്‍ മാത്രമണ് നിലനില്‍ക്കുന്നത്. ഇസ്ലാം നിറത്തിന്റെയും രൂപത്തിന്റെയും തറവാടിന്റെയും കുടുംബത്തിന്റെയും ഭാഷയുടെയും ദേശത്തിന്റെയും അധികാരത്തിന്റെയും സ്ഥാനത്തിന്റെയും സാങ്കല്‍പ്പിക വലയത്തില്‍ നിന്ന് മനുഷ്യനെ മോചിപ്പിക്കുകയും ശക്തവും ശാശ്വതവുമായ ഒറ്റ രൂപത്തില്‍ വാര്‍ത്തെടുക്കുകയും ചെയ്യുന്നു. ഏകനായ അല്ലാഹുവിന്റെ മുമ്പില്‍ മാത്രം തലകുനിക്കാന്‍ പഠിപ്പിക്കുന്നു. ഇതുകാരണം അവര്‍ ഇസ്ലാമിന്റെ ശക്തിയെച്ചൊല്ലി ആശങ്കാകുലരാണ്. ഇസ്ലാം മനുഷ്യനെ എല്ലാ വാദങ്ങളില്‍ നിന്നും ബന്ധനങ്ങളില്‍ നിന്നും സ്വതന്ത്രനാക്കുന്നു. കാരണം എല്ലാ വാദവും ഒരു വിവാദമാണ്. ഇസ്ലാം നിര്‍വാദമത്രെ.

വല്ല രാജ്യവും ഇസ്ലാമിന്റെ നിലനില്‍പ്പിനു ഭീഷണി ഉയര്‍ത്തുന്നതായി താങ്കള്‍ മനസ്സിലാക്കുന്നുണ്ടോ.

ഇസ്ലാം ശക്തവും ശാശ്വതവുമാണ്. അതിനെ ഒരു രാജ്യത്തിനും തകര്‍ക്കാനോ തളര്‍ ത്താനോ കഴിയില്ല. വിശ്വാസ ദൌര്‍ബല്യം ബാധിച്ച മുസ്ലിംകളുടെ ജീവിതത്തില്‍ നിന്ന് ഇസ്ലാം ചിലപ്പോള്‍ അപ്രത്യക്ഷമായേക്കും. പക്ഷേ, ഭൂമുഖത്ത് ഒരു മുസ്ലിമെങ്കിലും ജീവിതത്തിന്റെ ആഴങ്ങളില്‍ ക്ഷമയുടെയും കൃതജ്ഞതയുടെയും സ്പിരിറ്റ് ഉള്‍ ക്കൊണ്ട് ഹിജ്റയുടെയും നുസ്വ്രത്തിന്റെയും അനുഭൂതി കാത്തു സൂക്ഷിക്കുന്ന കാലത്തോളം ഇസ്ലാം പ്രചരിക്കുകയും കായ്ക്കുകയും പുഷ്പ്പിക്കുകയും ചെയ്തുകൊണ്ടിരിക്കും.

ഇസ്ലാം സ്വീകരിക്കുന്നതിന് മുമ്പ് വല്ലപ്പോഴും ഇസ്ലാമിന്റെ മഹത്വം അംഗീകരിച്ചിരുന്നോ.

എനിക്കു ലോകത്തെ പ്രധാനപ്പെട്ട പത്ത് മതങ്ങളെ അവയുടെ യഥാര്‍ഥ രൂപത്തില്‍ പഠിക്കാനുള്ള അവസരം ലഭിച്ചിരുന്നു. അതുകൊണ്ട് സത്യം തുറന്നുപറയുന്നതില്‍ എനിക്ക് ഒരിക്കലും ശങ്കിച്ചുനില്‍ക്കേണ്ടിവന്നിട്ടില്ല. എന്റെ സമകാലികരില്‍ ലോകത്തെ പ്രമുഖരായ ജഗദ്ഗുരു ശങ്കരാരാചാര്യ, രാംഗോപാല്‍ ഷാല്‍ വാലെ, പുരിയിലെ ശങ്കരാരാചാര്യ, മഹാമണ്ഡലേശ്വല സ്വാമി അഖണ്ഡാനന്ദിജി, ഗുരു ഗോള്‍വാള്‍ക്കര്‍ ബാബാ സാഹിബ്, ദേശ് മുഖ്, ബാല്‍താക്കറെ, അടല്‍ബിരാഹി വാജ്പേയ്, നാനാ സാഹിബ് ദേശ്മുഖ്, വിനോബ ഭാവെ തുടങ്ങിയവര്‍ പെടുന്നു.

ആചാര്യ വിനോഭാവക്ക് എന്നോട് വലിയ താത്പര്യവും കരുണയുമായിരുന്നു. 1981 ല്‍ അദ്ദേഹത്തിന്റെ ആശ്രമത്തിലേക്ക് പ്രത്യേക പ്രഭാഷണ പരിപാടിക്കു വേണ്ടി ഞാന്‍ ക്ഷ ണിക്കപ്പെട്ടിരുന്നു. മറ്റനേകം ജനങ്ങളുടെ കൂട്ടത്തില്‍ അവിടെവെച്ച് ദാദാ ധര്‍മാധികാരി, എന്നോട് യാദൃശ്ചികമായി ഗൌരവമുള്ള ഒരു ചോദ്യം ചോദിച്ചു. ‘സ്വാമിജി, താങ്കള്‍ ലോകത്തെ മുഴുവന്‍ ധര്‍മ്മങ്ങളും പഠിച്ചതാണല്ലോ. ഇവയില്‍ മനുഷ്യന് ഏറ്റവും അനുയോജ്യമായി താങ്കള്‍ക്ക് തോന്നുന്ന ധര്‍മ്മം ഏതാണ്? ഉടന്‍ ഞാന്‍ മറുപടി പറഞ്ഞു: ‘ഇസ്ലാം’. അപ്പോള്‍ ഇസ്ലാം ബന്ധനങ്ങളുടെ മതമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഞാന്‍ പറഞ്ഞു: ബന്ധനങ്ങളുടെ ധര്‍മ്മമാണ് സ്വാതന്ത്യ്രം നല്‍കുക. മുമ്പേ സ്വാതന്ത്യ്രങ്ങളുടെ വാതില്‍ തുറന്നുവെച്ച ധര്‍മ്മം മനുഷ്യനെ എന്നെന്നേക്കുമായി വരിഞ്ഞുമുറുക്കുകയേ ഉള്ളൂ. ഈ ഭൂമിയില്‍ മനുഷ്യന് കുറേ കാലമായി ബന്ധനങ്ങളുടെ ധര്‍മ്മമാണ് ആവശ്യം. ഈ ലോകത്ത് അവനെ വരിഞ്ഞുമുറുക്കി പരലോകത്ത് വെച്ച് തുറന്നുവിടുന്ന ധര്‍മ്മം. അത്തരമൊരു മതം എന്റെ ദൃഷ്ടിയില്‍ ഇസ്ലാമാണ്. ഇസ്ലാം മാത്രമാണ്.

വളരെ ധീരതയുടെയും തന്റേടത്തിന്റെയും വാക്കുകളാണ് നിങ്ങള്‍ പറഞ്ഞത്. മതത്തിന് വളരെ ശ്രദ്ധേയവും സ്വീകാര്യവുമായ തെളിവുകളാണ് നിങ്ങള്‍ അവതരിപ്പിച്ചത്. ഇത് സ്വയം ഇസ്ലാമിന്റെ മഹത്വത്തിന് തെളിവാണ്. ഇനി താങ്കള്‍ ഇസ്ലാം പുല്‍കുന്നതിലേക്ക് നയിച്ച വല്ല സംഭവമോ വികാരമോ ഉണ്ടെങ്കില്‍ അതല്‍പ്പം വിശദീകരിച്ചാല്‍ കൊള്ളാം. ഇന്നത്തെ മുസ്ലിംകളുടെ ദുഃസ്ഥിതിയും ദയനീയാവസ്ഥയും താങ്കള്‍ക്കറിവുള്ളതാണല്ലോ. നാനാവശത്തുനിന്നും ഹിന്ദുവത്കരണത്തിന്റെ ശബ്ദം ഉയര്‍ന്നുകൊണ്ടിരിക്കുന്നു. ഈ മുള്ളുനിറഞ്ഞ വഴിയിലേക്ക് ഇറങ്ങിത്തിരിക്കാനുള്ള ധൈര്യം താങ്കള്‍ക്ക് എങ്ങനെ ഉണ്ടായി.

വര്‍ഷങ്ങള്‍ നീണ്ടുനിന്ന എന്റെ ദാഹവും അന്വേഷണവും ഒരു സംഭവത്തിന്റെ രൂപം പ്രാപിച്ചു സാഫല്യമണിയുകയായിരുന്നു. 1984 ജനുവരിയിലാണാസംഭവമുണ്ടായത്. ഒരു രാത്രി ഞാനൊരു സ്വപ്നം കണ്ടു. ഒരു വലിയ ജനക്കൂട്ടം എന്നെ പിന്തുടരുകയാണ്. ഞാന്‍ നില്‍ക്കുമ്പോള്‍ ജനക്കൂട്ടവും നില്‍ക്കുന്നു. പെട്ടെന്ന് എന്തോ ഉടക്കി ഞാന്‍ കൈകുത്തി വീണുപോയി. ഒരു നിമിഷം. രണ്ട് അജ്ഞാത കരങ്ങള്‍ വന്ന് എന്നെ കൈപിടിച്ച് എഴുന്നേല്‍പ്പിച്ചു. ഞാന്‍ ആ കത്തിത്തിളങ്ങുന്ന മുഖത്ത് കണ്ണും നട്ടുനില്‍ക്കുകയാണ്. എനിക്ക് അപരിചിതമായിരുന്നു ആ മുഖം. അപ്പോള്‍ തൊട്ടടുത്തു നില്‍ക്കുകയായിരുന്ന ഒരാള്‍ പറഞ്ഞു. ഇത് അന്ത്യപ്രവാചകനായ മുഹമ്മദ് നബി(സ്വ)യാണ.് അതോടെ അവാച്യമായ ഒരവസ്ഥ എന്നില്‍ ഉളവായി. അവിടുന്ന് പറഞ്ഞു: ‘കലിമഃ ചൊല്ലുക. അവിടന്ന് എന്റെ കയ്യില്‍ വിശുദ്ധ കരം വെച്ചുകൊണ്ട് കലിമഃ പറഞ്ഞുതരികയും ഞാനത് ഉരുവിടുകയും ചെയ്തു. തുടര്‍ന്ന് അവിടുന്ന് എന്നെ ആലിംഗനം ചെയ്തശഷം ഈ കലിമഃയെ രാജ്യത്ത് പ്രചരിപ്പിക്കുക എന്നുപദേശിച്ചുകൊണ്ട് അപ്രത്യക്ഷമായി.

ഈ സ്വപ്നവുമായി എത്രനേരം കഴിഞ്ഞുകൂടി എന്ന് എനിക്കോര്‍മ്മയില്ല. കണ്ണുതുറന്നു സമയം നോക്കിയപ്പോള്‍ രാത്രി മൂന്നു മണിയായിരുന്നു. ഇതുപോലുള്ള സ്വപ്നം ഇതേരാത്രി ഇതേസമയം എന്റെ ഭാര്യയും കണ്ടിരുന്നു. ഈ യാദൃശ്ചികതക്കു ശേഷം ഞങ്ങളില്‍ പ്രത്യേകമായൊരാവേശം കളിയാടി. ആത്മതന്ത്രികളില്‍ അനുരണങ്ങളുയര്‍ന്നു. ഞങ്ങള്‍ സ്വയം ഒന്നാം നൂറ്റാണ്ടിലെ മുസ്ലിംകളാണെന്നു മനസ്സിലാക്കി തുടങ്ങി. അന്നുമുതല്‍, ഇസ്ലാമിന്റെ ആദ്യകാലത്ത് നിലനിന്നിരുന്ന സ്ഥിതിവിശേഷം ഈ ഭൂമിയില്‍ വീണ്ടും പുലര്‍ന്നു. കാണാനുള്ള അഭിലാഷം മനസ്സില്‍ അലയടിച്ചുതുടങ്ങി. ഈ ശുഭസൂചകമായ സ്വപ്നത്തോടെ ഭൂമിയില്‍ എന്തോ വലിയൊരു മാറ്റമുണ്ടാകാന്‍ പോകുന്നതായി തോന്നിത്തുടങ്ങി. എത്രയും വേഗം ഔപചാരികമായി കലിമഃ ചൊല്ലാനുള്ള ആഗ്രഹം ശക്തിപ്പെട്ടു. അതിനിടയില്‍ രാജ്യങ്ങള്‍ തോറും കറങ്ങുകയും മുസ്ലിംകളുമായി ബന്ധം പുലര്‍ത്തുകയും ചെയ്തുകൊണ്ടിരുന്നു. രഹസ്യമായി നിസ്കാരം പോ ലുള്ള ആരാധനാ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തിരുന്നു. ഒടുവില്‍ 1986 മെയ് പത്ത് റമളാന്‍ ഒന്നിന്റെ മാസപ്പിറവിയോടൊപ്പം ഞങ്ങള്‍ ഭോപ്പാലില്‍ വെച്ചു ഔപചാരികമായി ഇസ്ലാം സ്വീകരിച്ചു. ഞാന്‍ ഇസ്ലാമുല്‍ ഹഖ് എന്നും ഭാര്യ ഖദീജാ ബീഗം എന്നും പുത്രി ആഇശാ ഹഖ് എന്നും നാമം സ്വീകരിച്ചു.

ഈ പേരുകള്‍ നിങ്ങള്‍ സ്വയം സ്വീകരിച്ചതാണോ, നിങ്ങള്‍ അതില്‍ സംതൃപ്തരാണോ?

ഇത്ര സുന്ദരമായ നാമങ്ങള്‍ ഞങ്ങളുടെ തഖ്ദീറില്‍ വരുമെന്ന് സങ്കല്‍പ്പിക്കുക പോലും ചെയ്തിരുന്നില്ല.

ഇസ്ലാം വാള് കൊണ്ടും ശക്തികൊണ്ടും പ്രചരിച്ചുവെന്നാണല്ലോ പൊതുവെ ഹിന്ദുക്കളുടെ വിശ്വാസം. ഇതിനെപ്പറ്റി താങ്കള്‍ എന്തുപറയുന്നു?

ഇത് അടിസ്ഥാനരഹിതമാണെന്നതിന് ജീവിച്ചിരിക്കുന്ന തെളിവാണല്ലോ ഞാന്‍. ഹിന്ദുക്കള്‍ പൊതുവെ ഇത്തരം ധാരണ വെച്ചുപുലര്‍ത്തുന്നുവെന്നത് സത്യമാണ്. മുസ്ലിമായ ശേഷം എനിക്കു പ്രമുഖ ഹിന്ദു സഹോദരന്മാരില്‍നിന്ന് കത്തുകളും പ്രതികരണങ്ങളും വരുന്നുണ്ട്. അവര്‍ക്ക് അവരവരുടെ ഭാഷയില്‍ തന്നെ മറുപടിയും അയക്കുന്നുണ്ട്. മുസ്ലിംകളും ഇത്തരം ശ്രമം നടത്തിയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.

താങ്കള്‍ ധാരാളം മതങ്ങളെ പറ്റി വായിച്ചതാണല്ലോ. ഇസ്ലാമല്ലാത്ത വല്ല മതങ്ങളിലും അല്ലാഹു, മുഹമ്മദ്, ഇസ്ലാം തുടങ്ങിയ പരാമര്‍ശങ്ങളുണ്ടോ.

ബുദ്ധമതത്തിന്റെയും ജൈനമതത്തിന്റെയും ഒഴിച്ച് മുഴുവന്‍ ധര്‍മ്മഗ്രന്ഥങ്ങളിലും അല്ലാഹു, മുഹമ്മദ്, അല്ലെങ്കില്‍ അഹ്മദ് തുടങ്ങിയ പരാമര്‍ശങ്ങള്‍ കാണുന്നുണ്ട്. വേദങ്ങളില്‍ വളരെ വ്യക്തമായി ഇത് കാണാം. ചതുര്‍വേദങ്ങളില്‍ ഒന്നാമത്തേതായ ഋഗ്വേദത്തിലെ ആദ്യത്തില്‍ തന്നെ ‘ഇലാ’ എന്ന പരാമര്‍ശം കാണാം. അത് പിന്നീട് അല്ലാഹ് എന്നാ മാറുന്നു. അതുപോലെ മുഹമ്മദിന്റെ സ്ഥാനത്ത് മഹാസ്മദ് എന്നും അഹ്മദിനു പകരം അഹാസ്മദ് എന്നും പ്രയോഗിക്കപ്പെട്ടിരിക്കുന്നു. ഋഗ്വേദത്തില്‍ ഖുര്‍ആനെപ്പറ്റി കുര്‍ധാതു എന്നു പ്രയോഗിച്ചിരിക്കുന്നു.

താങ്കള്‍ ലക്ഷങ്ങളുടെ ധനവും സുഖജീവിതവും കയ്യൊഴിച്ചുകൊണ്ടാണല്ലോ ഇങ്ങോട്ട് കാലെടുത്തുവെച്ചത്. ആ ജീവിതത്തിലാണോ താങ്കള്‍ സംതൃപ്തി കാണുന്നത്, അല്ല ഇപ്പോഴോ. ഇപ്പോള്‍ നിങ്ങളുടെ ഉപജീവന മാര്‍ഗമെന്ത്?

ഈ അപാര അനുഗ്രഹത്തിനുമുന്നില്‍ ലോകത്തെ മുഴുവന്‍ അധികാരങ്ങളും അവഗണിക്കാന്‍ ഞാന്‍ തയ്യാറാണ്. ഒരു സാമ്രാജ്യം കീഴടങ്ങിയാല്‍ പോലും ലഭിക്കാത്ത സംതൃപ്തിയും സന്തുഷ്ടിയും എനിക്ക് ഈ ജീവിതത്തില്‍ തോന്നുന്നു. പിന്നെ ഞാനൊരു ആയുര്‍വേദ ഡോക്ടറാണ്. പാരാമൈക്രോസിസ്റ്റം വഴി മാറാവ്യാധികളെ ദൈവാനു ഗ്രഹം കൊണ്ട് ഞാന്‍ സോപാധിക ചികിത്സയിലൂടെ മാറ്റിക്കൊടുക്കുന്നു. കാന്‍സര്‍ തുടങ്ങിയ മാരക രോഗങ്ങള്‍ ഇതുവഴി സുഖപ്പെട്ടിട്ടുണ്ട്. റബ്ബിന്റെ കൃപ കൊണ്ട് നിത്യചെലവ് അങ്ങനെ കഴിഞ്ഞുപോകുന്നു.

താങ്കളുടെ ദൃഷ്ടിയില്‍ മുസ്ലിം എങ്ങനെയിരിക്കണം. അവന് പറ്റിയ ഒരു നിര്‍വചനമെന്താണ്.

ലോകൈക ഗുരുവായ പ്രവാചകനെക്കാള്‍ മുസ്ലിംകളെ നിര്‍വചിക്കാന്‍ ആര്‍ക്കാണ് കഴിയുക. അവിടന്ന് പറഞ്ഞു. മുസ്ലിംകള്‍ സ്വര്‍ണക്കട്ട പോലെയാണ്. അതിനെ തീയിലിട്ട് സംസ്കരിച്ചു തങ്കമാക്കിയെടുത്താല്‍ പിന്നെ അതിന്റെ അകത്തോ പുറത്തോ അഴുക്ക് അവശേഷിക്കില്ല. പിന്നെ എവിടെ എടുത്തുവെച്ചാലും അതിന്റെ തിളക്കം മങ്ങിപ്പോവുകയുമില്ല. മറ്റൊരിടത്ത് തേനീച്ചയോടാണുപമിച്ചത്. അത് സുന്ദരവും സുരഭിലവുമായ പുഷ്പങ്ങളില്‍ മാത്രമേ പോയിരിക്കൂ. അഴുക്കുകളില്‍ ഇരിക്കില്ല. പുഷ്പങ്ങളില്‍ നിന്നു മധുവാണത് സ്വീകരിക്കുന്നത്. വിഷമല്ല. അതും തങ്ങള്‍ക്കുവേണ്ടിയല്ല, ഇതരര്‍ക്കുവേണ്ടി. മനുഷ്യന്‍ മാത്രമല്ല പറവകളും ജന്തുക്കളും വരെ അതുപയോഗപ്പെടുത്തുകയും ആരോഗ്യവും ആശ്വാസവും നേടുകയും ചെയ്യുന്നു. തേനീച്ച മധുനുകരാന്‍ മൈലുകള്‍ താണ്ടി പറന്നുപോകുന്നു. അത് ഇരിക്കുന്ന കൊമ്പിനു പോറലേല്‍ക്കുന്നില്ല. ‘മുസ്ലിംകള്‍ ആരുടെ കരങ്ങളില്‍ നിന്നും നാവില്‍നിന്നും സുരക്ഷിതരാണോ അവനാണ് മുസ്ലിം’ എന്നാണ് വേറൊരിടത്ത് റസൂല്‍ തിരുമേനി(സ്വ) നിര്‍വചിച്ചത്.

അവസാനമായി ഒന്നു ചോദിക്കട്ടെ. ആദ്യനൂറ്റാണ്ടിലെ ഇസ്ലാമിക പ്രഭാവം ഇവിടെ പുലര്‍ന്നുകാണാന്‍ താങ്കള്‍ എന്തെല്ലാം ചെയ്യാനുദ്ദേശിക്കുന്നു. എങ്ങനെയാണത്.

വളരെ നല്ല ചോദ്യമാണിത്. അല്‍ഹംദുലില്ലാഹ്. ഇസ്ലാമിന്റെ ആദ്യകാല പ്രഭാവം ഭൂമിയില്‍ ഇനിയും പുലര്‍ന്നു കാണണമെന്ന അഭിലാഷം ചൈതന്യധന്യമായ എത്രയോ ഹൃദയങ്ങളിലുണ്ട്. സത്യത്തില്‍ ആദ്യ നൂറ്റാണ്ട് യുഗങ്ങളായി മുസ്ലിം ഹൃദയങ്ങളില്‍ വീര്യമുള്ള ഒരു ബീജമായി ഒളിഞ്ഞുകിടക്കുന്നു. ഏതാനും താത്പര്യങ്ങളുടെ മറകള്‍ മാത്രമേ അതിന്റെ പുറത്തുള്ളൂ. അതുമാറ്റാന്‍ കഴിഞ്ഞാല്‍ സംഗതി എളുപ്പമാണ്. ഇസ്ലാമിക വ്യക്തിത്വങ്ങള്‍ക്കു ഇവിടെ കളങ്കമേശാത്ത വിശ്വാസവും കരുത്തുറ്റ കര്‍മശേഷിയും കരളുറപ്പുമായി വിധേയത്വത്തിന്റെ പുതിയ യുഗത്തിനു നാന്ദി കുറിച്ചുകൊണ്ട് രംഗത്തിറങ്ങേണ്ടിവരും. ജീവിതത്തെ അപ്പാടെ അല്ലാഹുവിന്റെയും റസൂലിന്റെയും സംതൃപ്തിക്കു മുമ്പില്‍ സമര്‍പ്പിക്കേണ്ടിവരും. ഇതിനു തയ്യാറായാല്‍ മുസ്ലിംകളില്‍ പഴയ ആ വിശ്വാസപരമായ വീര്യം തിരിച്ചുവരുന്നതു കാണാം. അതോടെ പരിസരമാകെ നന്മകളുടെ വിളനിലമായി മാറും.

ഇതിനായി ഞാനൊരു മൂവ്മെന്റ് രൂപീകരിച്ച് രംഗത്തിറങ്ങാനുദ്ദേശിക്കുന്നു. ഓരോ മുസ്ലിമിന്റെയും ജീവിതത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ ഭൌതികവും മതപരവുമായ പ്രശ്നങ്ങള്‍ക്കു പരിഹാരം കണ്ടെത്തുകയും മുസ്ലിംകളെ മുഴുവന്‍ ഒറ്റക്കെട്ടാക്കി നിര്‍ത്തുകയുമാണ് ലക്ഷ്യം. ഇപ്പോള്‍ ഒരു മൂന്നിന പരിപാടിയുമായി ഞാന്‍ രംഗത്തിറങ്ങിയിട്ടുണ്ട്. ഒന്ന്: ഇസ്ലാമിന്റെ സംരക്ഷണവും പ്രതിരോധവും. രണ്ട്: മുസ്ലിംകളെ ഭൌതികവും മതപരവുമായ മൂല്യങ്ങളില്‍ ബോധവാന്മാരാക്കുക. മൂന്ന്: ലോകത്തിനാകെ അവരവരുടെ ഭാഷയില്‍ മതത്തിന്റെ സന്ദേശം എത്തിക്കുക.


RELATED ARTICLE

 • വിമോചന തത്വശാസ്ത്രം
 • വിധിയുടെ അത്താണി
 • ഉത്തമ സ്വഭാവം
 • സത്യസാക്ഷ്യം രണ്ടാം പാതം
 • സന്ദേശവാഹകര്‍
 • പരാശക്തിയിലുള്ള വിശ്വാസം
 • മതത്തിന്റെ അനിവാര്യത
 • മതത്തിന്റെ ധര്‍മം
 • മനുഷ്യന്റെ മഹത്വം
 • ലളിതമായ തത്വങ്ങളും സത്യങ്ങളും
 • ജീവിതവിജയം
 • ഇസ്ലാമിന്റ മൂലതത്വങ്ങള്‍
 • ഇസ്ലാമും വിദ്യാസ്നേഹവും
 • ഇസ്ലാം മതത്തിന്റെ മാഹാത്മ്യം
 • ഇസ്ലാമികാധ്യാപനങ്ങള്‍
 • ഡോ. ഇസ്ലാമുല്‍ ഹഖ് (ശിവപ്രകാശ്)
 • ജീവിതത്തിന്റെ തുടക്കം
 • ദൈവത്തിന്റെ സന്ദേശം
 • ഇസ്ലാമിന്റെ ലക്ഷ്യം