Click to Download Ihyaussunna Application Form
 

 

ജീവിതത്തിന്റെ തുടക്കം

യാത്ര എങ്ങോട്ടാണ്. എവിടുന്നാണ് നാം യാത്ര ആരംഭിച്ചത്. ഭൂമി, ഒരു കൊച്ചു ഗ്രഹം. ഇവിടെ ആരെല്ലാം വന്നു, പോയി. നാം വരുന്നതിന് മുമ്പ് അനേക കോടികള്‍ ഇവിടെ താമസിച്ചിരുന്നു. ഗുഹകളിലും മരപ്പൊത്തുകളിലും കഴിഞ്ഞുകൂടിയവര്‍, കൊച്ചു കൂരകളുണ്ടാക്കി പുരോഗമിച്ചവര്‍, കോട്ടകൊത്തളങ്ങളും അംബരചുംബികളും പണിതീര്‍ത്തവര്‍. സ്വര്‍ഗം പണിതു സുഖിച്ചവര്‍. പിരമിഡുകളും താജ്മഹലും മഹാഗോപുരങ്ങളും പണിതു ചിരസ്മരണീയരായവര്‍. അവരാരും പക്ഷേ ഭൂമി വിട്ടതു സ്വമനസ്സാലെയല്ല. സുഖിച്ചു മടുത്ത് പിരിഞ്ഞവരല്ല. ഓരോ വ്യക്തിക്കും ഭൂമിയില്‍ താമസകാലം നിര്‍ണയിക്കപ്പെട്ടിരിക്കുന്നു. ആ കാലം കഴിഞ്ഞാല്‍ പിന്നെ പുറപ്പാടായി. ഒരു നിമിഷം പോലും താമസമില്ല. ലോകമാകെ ഒത്തു ശ്രമിച്ചാലും അത് തടയാന്‍ സാധ്യമല്ല.

മനുഷ്യര്‍ മാത്രമല്ല, ഭൂമിയിലെ മുഴുവന്‍ വസ്തുക്കളും ഈ സ്വഭാവം ഉള്‍ക്കൊള്ളുന്നു. ആനന്ദവും മരണവും ഇവിടെ എല്ലാവരുടെയും വിധിയാണ്. ഒരുനാള്‍ നാമും മരിക്കും. മാനവലോകമാകെ മരിച്ചുതീരുന്ന ഒരു ദിനം വരാനിരിക്കുന്നു. മാനവര്‍ മാത്രമല്ല ലോകമാകെ നാശമടയുന്ന ഭീകരദിനം.

ഗ്രഹങ്ങളെയും താരങ്ങളെയും ആകര്‍ഷിച്ചുനിര്‍ത്തുകയും വ്യവസ്ഥാപിത ചലനത്തിന്റെ കേന്ദ്രബിന്ദുവായി വര്‍ത്തിക്കുകയും ചെയ്യുന്ന സൂര്യനുണ്ടല്ലോ. കത്തിജ്വലിക്കുന്ന പ്രകശഗോളം. ഒരു നാള്‍ അത് കെട്ടണയും. അതോടെ എല്ലാം താളം തെറ്റും. ആകര്‍ഷണ ശക്തിയുടെ കയര്‍ പൊട്ടും. പിന്നെ തമ്മില്‍ മുട്ടി നക്ഷത്രങ്ങള്‍ തകരും. ആകെ ധൂളിമയായിത്തീരും ഈ ദിനം. മുഴുവനാളുകളും പ്രതീക്ഷിക്കുന്നു. ശാസ്ത്രജ്ഞരും സാധാരണക്കാരും മതവിശ്വാസികളും അവിശ്വാസികളുമെല്ലാം ഈ ദിനത്തെ കാത്തിരിക്കുന്നു. ശാസ്ത്രം അങ്ങനെ ഒരു ദിനത്തെക്കുറിച്ച് പ്രഖ്യാപനം നടത്തിക്കഴിഞ്ഞു.

അന്ത്യദിനം ഇസ്ലാമിക വിശ്വാസ പ്രമാണങ്ങളില്‍ പ്രധാനമാണത്. ഇങ്ങനെയെല്ലാം നശിച്ചുപോകുന്ന ഒരു ദിനം വരാനിരിക്കുന്നു. പക്ഷേ ജീവിതം ഇവിടെ അവസാനിക്കുകയല്ല. ഭൂമിയിലെ ജീവിതാന്ത്യം മറ്റൊരു ജീവിതത്തിന്റെ തുടക്കമാണ്.

ഇവിടെ കര്‍മ്മത്തിന്റെ ലോകമായിരുന്നു. കുറേ കര്‍മ്മങ്ങള്‍ എല്ലാവരും ചെയ്തിരുന്നു. ഈ കര്‍മ്മങ്ങളുടെ ഫലം അനുഭവിക്കുന്നത് ജീവിതത്തിന്റെ രണ്ടാം ഘട്ടത്തിലാണ്. ഭൌതിക ജീവിത കാലത്ത് സല്‍ഗുണരും സല്‍ക്കര്‍മ്മികളുമായി ജീവിച്ചവര്‍ രണ്ടാം ഘട്ടത്തില്‍ സുഖസൌകര്യങ്ങളുടെ സ്വര്‍ഗത്തിലെത്തുന്നു. അല്ലാത്തവര്‍ കഠിന കഠോരമായ തിക്താനുഭവങ്ങളുടെ നരകത്തിലും. ഭൂമിയിലെ കര്‍മ്മങ്ങള്‍ പരിശോധിച്ചു അതനുസരിച്ചാണ് പ്രതിഫലം നല്‍കപ്പെടുക. “ആര്‍ അണു അളവ് നന്മ ചെയ്തുവോ അതിന്റെ ഫലം അനുഭവിക്കും. ആര്‍ അണു അളവ് തിന്മ ചെയ്തുവോ അവര്‍ അതിന്റെ ഫലവും അനുഭവിക്കും.” ആരും മറ്റൊരാളുടെ പാപം പേറുകയില്ല. ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു. ‘മനുഷ്യന് തന്റെ കര്‍മ്മങ്ങളല്ലാതെ ഉപകരിക്കുകയില്ല.’

ഈ രണ്ടാം ഘട്ട ജീവിതത്തിനാണ് പരലോക ജീവിതം എന്നുപറയുന്നത്. യഥാര്‍ഥ ജീവിതം അവിടെയാണാരംഭിക്കുന്നത്. ഭൂമിയില്‍ ഹ്രസ്വകാലത്തെ താമസമായിരുന്നു കര്‍മമങ്ങളുടെ ഉത്തരവാദിത്വ നിര്‍വ്വഹണങ്ങളും ബാധ്യതകളും നിറഞ്ഞ തിരക്കേറിയ ഒരു ജീവിതം. ഇവിടെ സ്ഥിരതാമസമായിരുന്നെങ്കില്‍ ഇഷ്ടാനുസരണം ജീവിക്കാമായിരുന്നു. മറ്റൊരു ജീവിതത്തിനു തയ്യാറെടുക്കാനുള്ള ഒരു പരിശീലനാലയമാണ് ഭൂമി എന്ന് മനസ്സിലാക്കി ഈ പരിശീലന കാലം പരമാവധി നന്നായി ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞവര്‍ വിജയികള്‍. അല്ലാത്തവര്‍, ലക്ഷ്യം മറന്നു ജീവിച്ചവര്‍, സുഖത്തിന്റെ പിന്നാലെ പൊരുളറിയാതെ അലഞ്ഞവര്‍ അബദ്ധത്തിലാണ് പെട്ടത്. അവര്‍ക്ക് വരാനിരിക്കുന്നത് ഭീകരാനുഭവങ്ങളാണ്.

പാരത്രികജീവിതത്തെക്കുറിച്ചുള്ള വിശ്വാസം മനുഷ്യനെ സല്‍ക്കര്‍മ്മിയും ഉത്സാഹിയുമാക്കുന്നു. അന്ത്യദിനത്തില്‍ എല്ലാ മനുഷ്യരെയും പുനര്‍ജനിപ്പിച്ച് ഭൂമിയിലെ കര്‍മ്മങ്ങള്‍ക്ക് പ്രതിഫലം നല്‍കുന്ന സന്ദര്‍ഭത്തില്‍ വേദനകളും മഹാശിക്ഷയും ഏറ്റുവാങ്ങേണ്ടിവരുമല്ലോ എന്ന ചിന്ത മനുഷ്യനെ തെറ്റില്‍ നിന്നു പിന്തിരിപ്പിക്കുകയും നന്മയിലേക്ക് നയിക്കുകയും ചെയ്യുന്നു. മണ്ണില്‍ ലയിച്ചുചേര്‍ന്ന ശരീരത്തെ വീണ്ടും പുനര്‍ജനിപ്പിച്ച് ശിക്ഷാരക്ഷകള്‍ അനുഭവിപ്പിക്കാന്‍ കഴിവുള്ളവനാണ് അല്ലാഹു. കരിഞ്ഞുണങ്ങിയ പുല്‍മേടുകള്‍, ചാമ്പലായ കുറ്റിക്കാടുകള്‍ വീണ്ടും കിളിര്‍ക്കുന്നത് കണ്ടിട്ടില്ലേ. ഒരു വിത്ത് വടവൃക്ഷമായി പൂവും കായും നല്‍കുന്നത് കണ്ടിട്ടില്ലേ. ശൂന്യതയില്‍ നിന്ന് പ്രപഞ്ചത്തെ പടക്കാനും ഒരു ബീജത്തില്‍ നിന്നു മനുഷ്യനെ സൃഷ്ടിക്കാനും വ്യവസ്ഥാപിതമായ സന്തുലിതത്വം സ്ഥാപിച്ചു ലോകത്തെ ചലിപ്പിക്കാനും കഴിവുള്ള സ്രഷ്ടാവിന്, മണ്ണില്‍ ലയിച്ച മനുഷ്യനെ വീണ്ടും ജനിപ്പിക്കാന്‍ എന്താണ് പ്രയാസം? അല്ലാഹു സര്‍വ്വശക്തനാണ്. അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു (ഖുര്‍ആന്‍).


RELATED ARTICLE

 • വിമോചന തത്വശാസ്ത്രം
 • വിധിയുടെ അത്താണി
 • ഉത്തമ സ്വഭാവം
 • സത്യസാക്ഷ്യം രണ്ടാം പാതം
 • സന്ദേശവാഹകര്‍
 • പരാശക്തിയിലുള്ള വിശ്വാസം
 • മതത്തിന്റെ അനിവാര്യത
 • മതത്തിന്റെ ധര്‍മം
 • മനുഷ്യന്റെ മഹത്വം
 • ലളിതമായ തത്വങ്ങളും സത്യങ്ങളും
 • ജീവിതവിജയം
 • ഇസ്ലാമിന്റ മൂലതത്വങ്ങള്‍
 • ഇസ്ലാമും വിദ്യാസ്നേഹവും
 • ഇസ്ലാം മതത്തിന്റെ മാഹാത്മ്യം
 • ഇസ്ലാമികാധ്യാപനങ്ങള്‍
 • ഡോ. ഇസ്ലാമുല്‍ ഹഖ് (ശിവപ്രകാശ്)
 • ജീവിതത്തിന്റെ തുടക്കം
 • ദൈവത്തിന്റെ സന്ദേശം
 • ഇസ്ലാമിന്റെ ലക്ഷ്യം