Click to Download Ihyaussunna Application Form
 

 

ദൈവത്തിന്റെ സന്ദേശം

ലോകത്തെ സൃഷ്ടിച്ചത് ദൈവമാണ്. ദൈവം ഒന്നേയുള്ളൂ. സര്‍വ്വശക്തനും സര്‍വ്വജ്ഞനും ആദ്യാന്ത്യങ്ങളില്ലാത്ത ജനനമരണങ്ങളില്ലാത്ത പരസഹായം ആവശ്യമില്ലാത്ത പരമശക്തി. അവനപ്പുറം ഒരു ശക്തിയില്ല. മനുഷ്യനെയും മനുഷ്യന്റെ കഴിവുകളെയും ബുദ്ധിയെയും ജ്ഞാനത്തെയും സൃഷ്ടിച്ചതു അവനാണ്.

സ്രഷ്ടാവിനറിയാം സൃഷ്ടി എങ്ങനെയാകണമെന്ന്. എങ്ങനെ ജീവിക്കണമെന്ന്. സൃഷ്ടിയുടെ ജീവിതം സ്രഷ്ടാവിന്റെ നിയമങ്ങള്‍ക്കു വിധേയമാവുകയാണ് ഉചിതം. സൃഷ്ടിയുടെയും നിയമത്തിന്റെയും ദാതാവ് ഒന്നാകുമ്പോള്‍ സൃഷ്ടിയുടെ പ്രയാണം അതിന്റെ യഥാര്‍ഥ ലക്ഷ്യത്തിലെത്തുകയുള്ളൂ. അതുകൊണ്ടുതന്നെ ജീവിത നിയമങ്ങള്‍ സ്രഷ് ടാവ് പഠിപ്പിച്ചു. മനുഷ്യര്‍ക്കിതു പഠിപ്പിക്കാന്‍ അവരില്‍ നിന്നുതന്നെ ചില മഹാവ്യക്തിത്വങ്ങളെ തിരഞ്ഞെടുത്തു. അവര്‍ക്കല്ലാഹു സന്ദേശം നല്‍കി. തന്റെ നിയമങ്ങള്‍ അവരെ പഠിപ്പിച്ചു കൊടുത്തു. ഈ നിയമങ്ങള്‍ പഠിപ്പിച്ചുകൊടുക്കാന്‍, സന്ദേശം എത്തിച്ചുകൊടുക്കാന്‍ ചില പ്രത്യേക സംവിധാനങ്ങള്‍, അല്ലാഹു ഏര്‍പ്പെടുത്തി. ഈ പ്രബോധകന്മാരായ മനുഷ്യര്‍ക്ക് പ്രവാചകര്‍ എന്നു പറയുന്നു.

മനുഷ്യര്‍ക്ക് ദൈവത്തിന്റെ നിയമങ്ങള്‍ പഠിപ്പിച്ചുകൊടുക്കുകയും പ്രകൃതിദത്തമായ നിയമങ്ങളിലേക്ക് ദൈവത്തിന്റെ സന്ദേശത്തിലേക്ക് ക്ഷണിക്കുകയുമാണ് അവരുടെ ചുമതല. ഈ ചുമതല അവര്‍ നിര്‍വ്വഹിച്ചു. പ്രഥമ മനുഷ്യനായ ആദം മുതല്‍ പ്രവാചക പരമ്പരയാരംഭിച്ചു. അവര്‍ തങ്ങളില്‍ അര്‍പ്പിതമായ ചുമതല നന്നായി നിര്‍വ്വഹിക്കുകയും ചെയ്തു. ഓരോ കാലഘട്ടങ്ങളിലും മനുഷ്യന്‍ തന്റെ വ്യക്തിത്വം മറക്കുകയും ചൂഷക വര്‍ഗത്തിന്റെ കുതന്ത്രങ്ങളില്‍ അകപ്പെട്ടു നശിക്കുകയും ചെയ്യുമ്പോള്‍ അല്ലാഹു പ്രവാചകരെ അയച്ചു. മനുഷ്യസമൂഹത്തെ നേര്‍വഴിക്കു നയിക്കാനും വ്യക്തിത്വം വീണ്ടെടുത്ത് കൊടുക്കാനും അവര്‍ ശ്രമിച്ചു. നിലവിലുള്ള വ്യവസ്ഥിതികള്‍ക്കെതിരെ, ചൂഷക വര്‍ഗത്തിനെതിരെ അവര്‍ ഗര്‍ജ്ജിച്ചു. വിശ്വസ്തരും കുശാഗ്രബുദ്ധിയുടെ ഉടമസ്ഥരും സത്യസന്ദരുമായിരുന്നു ദൈവദൂതന്മാര്‍. ഓരോ സമൂഹത്തിലെയും ഏറ്റവും നല്ല വ്യക്തികള്‍ അവരായിരുന്നു. പ്രവാചകത്വപദവിക്കു മുമ്പുതന്നെ പാപസുരക്ഷിതരും പവിത്രാത്മാക്കളുമായിരുന്നു അവര്‍. തിന്മക്കെതിരെ പടനയിക്കാന്‍ ഇറങ്ങിത്തിരിക്കുന്നവര്‍ തിന്മയുടെ ഉപാസകരായിക്കൂടല്ലോ. അതുകൊണ്ടുതന്നെ നന്മയുടെ പ്രചാരകരായ ദൈവദൂതന്മാര്‍ ഉത്കൃഷ്ട മാനസരും മഹാവ്യക്തിത്വങ്ങളുമായിരുന്നു.

പ്രബോധന വഴിയില്‍ ദൃഢമാനസരായി അവര്‍ നിലകൊണ്ടു. ത്യാഗപൂരിതമായ ജീവിതം. അനേകം പ്രവാചകര്‍ തങ്ങളുടെ സമൂഹത്തിലെ ചൂഷക വര്‍ഗത്തിന്റെയും അഹങ്കാരികളുടെയും പീഡനമേറ്റു രക്തസാക്ഷികളായിട്ടുണ്ട്. ദണ്ഢനങ്ങളും ബഹിഷ്കരണങ്ങളും എല്ലാ പ്രവാചകന്മാരും അനുഭവിച്ചു. പക്ഷേ, ദൃഢമാനസരായി നിലകൊണ്ട അവര്‍ തങ്ങളുടെ ദൌത്യം നിര്‍വ്വഹിച്ചു. നിലവിലുള്ള വ്യവസ്ഥിതികളെ, ദുരാചാരങ്ങളെ അവര്‍ എതിര്‍ത്തുതോല്‍പ്പിച്ചു.

മുഹമ്മദ് നബി(സ്വ) ഈ പരമ്പരയിലെ അവസാനത്തെ കണ്ണിയായിരുന്നു. സ്രഷ്ടാവിന്റെ നിയമങ്ങള്‍ ഭൂമിയില്‍ സ്ഥാപിക്കാനും ആ നിയമങ്ങളനുസരിച്ച് ജീവിക്കുന്ന സമൂഹത്തെ സംവിധാനിക്കാനും മുഹമ്മദ് നബി(സ്വ)ക്ക് കഴിഞ്ഞു. സാര്‍വകാലികവും സാര്‍വജനീനവുമായ സന്ദേശമാണ് നബിയുടേത്. നിത്യനൂതനവും പ്രസക്തവുമായ അധ്യാപനങ്ങള്‍. ഇസ്ലാം നബി(സ്വ)യിലൂടെ സമ്പൂര്‍ണമായി. ലോകാന്ത്യം വരെ മാനവലോകത്തിന്റെ വിമോചന പ്രസ്ഥാനമായി, സ്വാതന്ത്യ്രസമ്പാദനത്തിന്റെ സരണിയായി ഇസ്ലാമിനെ നബി(സ്വ) സമര്‍പ്പിച്ചു.

മാതൃകാപരമായ ജീവിതത്തിലൂടെയാണ് നബി(സ്വ) സംസ്കൃതസമൂഹത്തെ സ്ഥാപിച്ചത്. തൌഹീദായിരുന്നു നബി(സ്വ)യുടെ പ്രധാന ആയുധം. തൌഹീദംഗീകരിക്കുന്നവരെ നബി(സ്വ) വളരെ വേഗം ശുദ്ധീകരിച്ചു. വിദ്യയും തൊഴിലും പ്രചരിപ്പിച്ചു. വിദ്യയാണ് മതത്തിന്റെ ജീവന്‍, ഏറ്റവും വലിയ ദൂഷ്യം തൊഴിലില്ലായ്മയാണ്. തൊഴിലാളിയുടെ കരങ്ങള്‍ ചുംബിച്ചുകൊണ്ട് നബി(സ്വ) പറഞ്ഞു: ‘അല്ലാഹു വിദഗ്ധനായ തൊഴിലാളിയെ സ്നേഹിക്കുന്നു. അലസനായ തൊഴില്‍ രഹിതനെ അവന്‍ വെറുക്കുന്നു.’ ‘തൊഴിലാളിയുടെ വിയര്‍പ്പു വറ്റുന്നതിന് മുമ്പ് അവന് കൂലി കൊടുക്കുക‘ തുടങ്ങിയ നിയമങ്ങള്‍ നബി(സ്വ)വിളംബരം ചെയ്തു. സ്വാഭാവികമായും ദുഷ്പ്രഭുത്വത്തിന്റെ എതിര്‍പ്പിനു ശക്തികൂടി. പക്ഷേ, പാവപ്പെട്ടവര്‍ ഇസ്ലാമിലേക്ക് പ്രവഹിച്ചു.

നബി(സ്വ) തൊഴിലെടുത്തു ജീവിച്ചു. മതം ജീവിതോപാധിയല്ല. മതത്തിന്റെ പേരില്‍ ഉപചാരങ്ങളുണ്ടാക്കി അതുകൊണ്ട് ജീവിക്കുന്നതിനു പകരം മതം മനുഷ്യജീവിതത്തെ നിയന്ത്രിക്കേണ്ട വ്യവസ്ഥിതിയാണെന്ന് നബി(സ്വ)പഠിപ്പിച്ചു. ജീവിതത്തിന്റെ സര്‍വ്വ മേഖലകളിലും ഇസ്ലാമിനു പ്രത്യേകമായ കാഴ്ചപ്പാടുണ്ട്. ദൈവവും മനുഷ്യനുമായുള്ള ഒരു രഹസ്യബന്ധമോ ദൈവത്തിനും മനുഷ്യനുമിടക്ക് പുരോഹിതന്മാര്‍ പടച്ചുണ്ടാക്കിയ തിരശ്ശീലക്കുള്ളില്‍ വെച്ചുള്ള ഉപചാരങ്ങളോ അല്ല മതം. മനുഷ്യജീവിതത്തിന്റെ മുഴുവന്‍ തലങ്ങളെയും നിയന്ത്രിക്കുന്ന, പരിപാലിക്കുന്ന ശക്തിയാണത്.


RELATED ARTICLE

  • വിമോചന തത്വശാസ്ത്രം
  • വിധിയുടെ അത്താണി
  • ഉത്തമ സ്വഭാവം
  • സത്യസാക്ഷ്യം രണ്ടാം പാതം
  • സന്ദേശവാഹകര്‍
  • പരാശക്തിയിലുള്ള വിശ്വാസം
  • മതത്തിന്റെ അനിവാര്യത
  • മതത്തിന്റെ ധര്‍മം
  • മനുഷ്യന്റെ മഹത്വം
  • ലളിതമായ തത്വങ്ങളും സത്യങ്ങളും
  • ജീവിതവിജയം
  • ഇസ്ലാമിന്റ മൂലതത്വങ്ങള്‍
  • ഇസ്ലാമും വിദ്യാസ്നേഹവും
  • ഇസ്ലാം മതത്തിന്റെ മാഹാത്മ്യം
  • ഇസ്ലാമികാധ്യാപനങ്ങള്‍
  • ഡോ. ഇസ്ലാമുല്‍ ഹഖ് (ശിവപ്രകാശ്)
  • ജീവിതത്തിന്റെ തുടക്കം
  • ദൈവത്തിന്റെ സന്ദേശം
  • ഇസ്ലാമിന്റെ ലക്ഷ്യം