Click to Download Ihyaussunna Application Form
 

 

ബി പി കുറയുമ്പോള്‍

ഉയര്‍ന്ന രക്തസമ്മര്‍ദത്തെ അപേക്ഷിച്ച് താഴ്ന്ന രക്തസമ്മര്‍ദം അത്ര അപകടകാരിയല്ല. ആരോഗ്യത്തിന്റെയും ശാരീരിക പ്രത്യേകതകളുടെയും അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ ഓ രോരുത്തരും തികച്ചും വ്യത്യസ്തരാണ്. അതിനാല്‍ തന്നെ ചിലരില്‍ രക്തസമ്മര്‍ദത്തിന്റെ തോത് ഉയര്‍ന്നതായിരിക്കും. മറ്റു ചിലരില്‍ താഴ്ന്നതും. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളൊന്നുമുണ്ടാകുന്നില്ലെങ്കില്‍ താഴ്ന്ന രക്തസമ്മര്‍ദത്തെക്കുറിച്ച് ഭയപ്പെടാനാകില്ല.

ആരോഗ്യവാനായ ഒരാളുടെ രക്തസമ്മര്‍ദം സാധാരണ അവസ്ഥയില്‍ 120/80 ആയിരിക്കും. ഈ അളവില്‍ നിന്നു കുറഞ്ഞുപോകുന്നതാണ് ന്യൂന രക്തസമ്മര്‍ദം (ഹൈപ്പോ ടെന്‍ഷന്‍). 100/60 എന്ന അളവിലോ അതില്‍ കുറവോ ആണെങ്കില്‍ താഴ്ന്ന രക്തസമ്മര്‍ദമായി കണക്കാക്കുന്നു.

രക്തസമ്മര്‍ദം കുറയുമ്പോള്‍ ഹൃദയത്തിലേക്കും തലച്ചോറിലേക്കും മറ്റു പ്രധാന അവയവങ്ങളിലേക്കുമുള്ള രക്തപ്രവാഹം കുറയും. ഈ അവസ്ഥയില്‍ തലയ്ക്കു ഭാരക്കുറവും മന്ദതയും അനുഭവപ്പെടുന്നു. തലചുറ്റല്‍, പെട്ടെന്നുള്ള ബോധക്ഷയം, വിളര്‍ച്ച, പെട്ടെന്ന് ഇരിക്കുകയും നില്‍ക്കുകയും ചെയ്യുമ്പോഴുള്ള വൈഷമ്യങ്ങള്‍, വല്ലാത്ത തളര്‍ച്ച, ശരീരത്തിനാകെ തണുപ്പ് തോന്നുക എന്നിവയും ലക്ഷണങ്ങളാണ്. ചില മരുന്നുകളുടെ ഉപയോഗം മൂലം രക്തസമ്മര്‍ദം കുറയാം. ശസ്ത്രക്രിയയ്ക്കായി നല്‍കുന്ന മരുന്നുകള്‍, ഉയര്‍ന്ന രക്തസമ്മര്‍ദമുള്ളവരും ഉത്കണ്ഠയുള്ളവരും ഹൃദ്രോഗികളും കഴിക്കുന്ന മരുന്നുകള്‍, ആന്റി ഡിപ്രസന്റുകള്‍ തുടങ്ങിയവ ഇക്കൂട്ടത്തില്‍ പെടുന്നു.

മദ്യവും ചില രോഗങ്ങളും രക്തസമ്മര്‍ദം കുറയാന്‍ കാരണമാണ്. ആമാശയ വീക്കവും ക്ഷയവും വളരെ അപൂര്‍വമായുണ്ടാകുന്ന അഡിസണ്‍ രോഗവും ഉണ്ടെങ്കില്‍ രക്തസമ്മര്‍ദം കുറയും.

താഴെ പറയുന്ന കാരണങ്ങളാലും ബി പി കുറയും

ശരീരത്തിലെ ജലാംശം നഷ്ടപ്പെടുമ്പോള്‍. ധമനികളില്‍ രക്തം കട്ടപിടിക്കുന്ന കൊറോണറി ത്രോംബോസിസ്, ഹൃദയത്തിന്റെ തകരാറുകള്‍, ഹൃദയം പമ്പു ചെയ്യുന്ന രക്തം കുറഞ്ഞാല്‍. വൈകാരിക വിക്ഷോഭം, അമിത ഉത്കണ്ഠ ഉണ്ടാക്കുന്ന കാര്യങ്ങള്‍ കേള്‍ക്കുന്നത്, ശരീരത്തിനും മനസ്സിനുമുണ്ടാകുന്ന വിഷമതകള്‍, ആഘാതങ്ങള്‍, അപകടങ്ങള്‍. ശരീരത്തില്‍ നിന്നു രക്തം നഷ്ടപ്പെടുമ്പോള്‍. ചിലയിനം മരുന്നുകളുണ്ടാക്കുന്ന അലര്‍ജി. ശരീരത്തിനു പെട്ടെന്ന് സംഭവിക്കുന്ന ചില വ്യതിയാനങ്ങള്‍ (ഉദാഹരണം: തലകീഴായി നില്‍ക്കുമ്പോള്‍ അനുഭവപ്പെടുന്ന സമ്മര്‍ദം). മദ്യപാനത്തെ തുടര്‍ന്നുണ്ടാകുന്ന ദൂഷ്യഫലങ്ങള്‍. അനസ്തീഷ്യ നല്‍കുമ്പോള്‍. നാഡീവ്യൂഹം തകരാറിലാകുന്ന അവസ്ഥ.ഏതെങ്കിലും അവയവത്തിന്റെ പ്രവര്‍ത്തന വൈകല്യം. വിഷാദവും തളര്‍ച്ചയും ക്ഷീണവും വിളര്‍ച്ചയും കണ്ടാല്‍ രക്തസമ്മര്‍ദത്തിന്റെ തോത് പരിശോധിക്കുക. അധികം മാനസിക പിരിമുറുക്കം അനുഭവിക്കുന്നതും പെട്ടെന്ന് ക്ഷോഭിക്കുന്നതും രക്തസമ്മര്‍ദം താഴുന്നതിനു കാരണമാകും. അമിതമായി മനഃക്ളേശമനുഭവിക്കുന്നവരുടെ സ്ഥിതിയും ഇതു തന്നെ.

മാനസിക സമ്മര്‍ദങ്ങളില്‍ നിന്ന് എത്രയും പെട്ടെന്നു മുക്തരാകണം. ഇടയ്ക്കിടെ രക്തസമ്മര്‍ദ ത്തിന്റെ തോത് കൃത്യമായി പരിശോധിച്ചറിയുക. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മരുന്ന് മുടങ്ങാതെ നോക്കുകയും ഭക്ഷണം ക്രമീകരിക്കുകയും ചെയ്യുക. മദ്യവും മയക്കുമരുന്നും ശീലമാക്കിയവര്‍ അത് ഒഴിവാക്കുക. ശരീരഭാരം അമിതമാകാതിരിക്കാന്‍ ശ്രദ്ധിക്കുക, വ്യായാമങ്ങള്‍ ലഘുവും മിതവുമായിരിക്കണം. രക്തസമ്മര്‍ദം പൂര്‍വസ്ഥിതിയിലാകുന്നതുവരെ പൂര്‍ണ വിശ്രമമെടുക്കുക. അത്യാവശ്യ ജോലികളില്‍ പോലും മറ്റുള്ളവരുടെ സഹായം സ്വീകരിക്കുന്നതാണുത്തമം. ഇടയ്ക്കിടെ ബോധക്ഷയം ഉ ണ്ടാകുന്നുവെങ്കില്‍ ഉടന്‍ പ്രഥമ ശുശ്രൂഷ ലഭ്യമാക്കണം.

ജീവിത ചിട്ടകളിലൂടെ, ഭക്ഷണത്തിലൂടെ പൂര്‍ണമായും നിയന്ത്രിക്കാവുന്ന അവസ്ഥയാണ് ന്യൂന രക്തസമ്മര്‍ദം. ചികിത്സക്കു മുമ്പ്, നേരത്തെ ഉപയോഗിച്ചിട്ടുള്ള മരുന്നുകളെക്കുറിച്ചും വിശദവിവരങ്ങള്‍ ഡോക്ടറോട് പറയണം. ഇപ്പോള്‍ കഴിക്കുന്ന ഏതെങ്കിലും മരുന്നുകളാണ് രോഗാവസ്ഥക്ക് കാരണമെങ്കില്‍ അവ ഉപേക്ഷിക്കണം. കഴിക്കുന്ന ഭക്ഷണത്തില്‍ ഉപ്പിന്റെ അംശം കൂട്ടുക. ധാരാളം വെള്ളം കുടിക്കുക.

രക്തസമ്മര്‍ദത്തോടൊപ്പം ഇ സി ജി, എക്സ് റേ, യൂറിനാസിലിസ് ബ്ളഡ് കള്‍ച്ചര്‍ എന്നിവയും പരിശോധിച്ചാണ് ഡോക്ടര്‍ രോഗാവസ്ഥ തീരുമാനിക്കുക.


RELATED ARTICLE

  • സയാമീസ് ഇരട്ടകളുടെ ശസ്ത്രക്രിയ
  • പ്ലാസ്റ്റിക്‌ സര്‍ജറിയും അവയവമാറ്റവും
  • നബി(സ്വ) യുടെ ആഹാര ക്രമം
  • മരുന്നും മറുമരുന്നും
  • ദ്വിലിംഗമനുഷ്യനും ലിംഗമാറ്റ ശസ്ത്രക്രിയയും
  • കൃത്രിമാവയവങ്ങള്‍
  • അവയവ മാറ്റത്തിന്റെ ചരിത്രം
  • പെന്‍സിലിന്‍ വന്ന വഴി
  • ഡയാലിസിസ്
  • ബി പി കുറയുമ്പോള്‍
  • രക്ത ഗ്രൂപ്പുകള്‍
  • പ്രകൃതിയുടെ രക്ത സംരക്ഷണ പ്രക്രിയ
  • ബ്ളഡ് ശേഖരം അനിവാര്യം
  • ശിശുക്കളുടെ ത്വക്ക് രോഗങ്ങള്‍