Click to Download Ihyaussunna Application Form
 

 

ബ്ളഡ് ശേഖരം അനിവാര്യം

ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തിയ രോഗിക്ക് എത്രയും പെട്ടെന്നു രക്തം വേണമെന്നു പറയുമ്പോള്‍ ബന്ധുമിത്രാദികള്‍ കൈ മലര്‍ത്തുന്ന ദയനീയ രംഗങ്ങള്‍ നിത്യ സംഭവങ്ങളാണ്. രോഗിയുടെ കൂടെയുള്ളവരുടെ രക്തഗ്രൂപ്പുപോലും അവര്‍ മനസ്സിലാക്കിയിട്ടുണ്ടായിരിക്കില്ല. മനസ്സിലാക്കിയാല്‍ തന്നെ രക്തം നല്‍കാന്‍ പലപ്പോഴും ധൈര്യം കാണിക്കില്ല. എന്നിട്ടു പിന്നെ രക്തത്തിനു വേണ്ടിയുള്ള ഓട്ടമാണ്, അന്യരുടെ രക്തത്തിനു വേണ്ടി നെട്ടോട്ടം ഓടുന്നു. സ്വന്തക്കാര്‍ രക്തം കൊടുക്കാന്‍ നീരസം കാണിച്ചാല്‍ അന്യരുടെ നിലപറയാനില്ലല്ലോ.

ഈ നില മാറണം, വേണം നമുക്കൊരു സന്നദ്ധസംഘം. മറ്റു ബ്ളഡ് ഡോണേഴ്സ് ഫോറങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ഒരു സേവകസംഘം. അതിനായി ഇസ്ലാമിക പ്രവര്‍ത്തകര്‍ മുമ്പോട്ടു വരണം. ഒരു രക്ത ഗ്രൂപ്പ് പരിശോധനാ ക്യാമ്പു നടത്തി പിരിച്ചു വിടുന്ന ‘ബ്ളഡ് ക്യാമ്പ്’ പ്രവര്‍ത്തനമല്ല, സ്ഥായിയും സുചിന്തിതവും സുവ്യവസ്ഥാപിതവുമായ സംവിധാനങ്ങളാണു വേണ്ടത്.

ഒന്നാമത്തെ കര്‍മ്മപദ്ധതി പൊതുജന ബോധവല്‍ക്കരണമായിരിക്കണം. സമൂഹത്തില്‍ ഇനിയും രക്തദാനത്തെക്കുറിച്ച് അവശേഷിക്കുന്ന മിഥ്യാധാരണകള്‍ നീക്കണം. അതിനായി രക്തദാനത്തിന്റെ മഹിത സന്ദേശം ഗ്രാമ-ഗ്രാമാന്തരവും ഗൃഹഗൃഹാന്തരവുമെത്തിക്കണം. രണ്ടാമതായി, ഓരോ പ്രദേശത്തെയും സ്ത്രീപുരുഷന്മാരുടെ രക്തഗ്രൂപ്പുകള്‍ പരിശോധിച്ചു ലിസ്റ്റു ചെയ്യണം. അവരില്‍ രക്തദാനത്തിനു കായിക ശേഷിയുണ്ടെന്നു ഡോക്ടര്‍മാര്‍ സര്‍ട്ടിഫൈ ചെയ്യുന്നവരുടെ പേരുകള്‍ പ്രത്യേകം രജിസ്റ്റര്‍ ചെയ്യണം. അക്കൂട്ടത്തില്‍ രക്തദാനത്തിനു സന്നദ്ധരാകുന്നവരുടെ പേരുകള്‍ ശേഖരിച്ചു, പഞ്ചായത്തടിസ്ഥാനത്തില്‍ ബ്ളഡ് ഡോണേഴ്സ് ഫോറങ്ങള്‍ രൂപീകരിക്കണം. പഞ്ചായത്തു തല ഫോറങ്ങള്‍ക്കു മേഖലാ തലത്തിലോ ജില്ലാ തലത്തിലോ ഒരു കേന്ദ്ര സംഘവും വേണം. യൂണിറ്റ്-പഞ്ചായത്ത്-കേന്ദ്ര തലങ്ങളിലെല്ലാം വിദഗ്ധ ഡോക്ടര്‍ മാര്‍ ഉള്‍ക്കൊള്ളുന്ന അഡ്വൈസറി ബോര്‍ഡു വേണം.

ഒരു പ്രദേശത്തെ എല്ലാ സ്ത്രീ പുരുഷന്മാരുടെയും രക്ത ഗ്രൂപ്പുകള്‍ നേരത്തേ ലിസ്റ്റു ചെയ്തു സൂക്ഷിച്ചാല്‍ ആ പ്രദേശത്തെ വല്ല രോഗിക്കും വല്ലപ്പോഴും രക്തം ആവശ്യമായാല്‍ അകലം സഞ്ചരിക്കാതെ അവിടം കൊണ്ടു തന്നെ പ്രശ്നം പരിഹരിക്കാന്‍ കഴിയും. ഇത്തരം സംവിധാനമില്ലാത്തതു കൊണ്ട് സ്വന്തം വീട്ടില്‍ തന്നെ തന്റെ ഗ്രൂപ്പുകാരന്‍ ഉണ്ടായിരിക്കെ, രോഗി രക്തം കിട്ടാതെ വിഷമിക്കുന്ന ദുരവസ്ഥ ഉണ്ടാകാറുണ്ട്.

രോഗിയുടെ രക്തം അപൂര്‍വ്വ ഗ്രൂപ്പില്‍ പട്ടതാവുകയും പ്രാദേശികമായി കിട്ടാനില്ലാതെ വരികയും ചെയ്താല്‍ പഞ്ചായത്തു ഫോറവുമായോ കേന്ദ്രസ്ഥാപനവുമായോ ബന്ധപ്പെട്ടു പെട്ടെന്നു പ്രശ്നം പരിഹരിക്കാനുള്ള സംവിധാനങ്ങളുണ്ടായിരിക്കണം. ഇനിയും കിട്ടാതെ വരുന്ന ‘റെയര്‍ ഗ്രൂപ്പു’കളുടെ കെയ്സു വന്നാല്‍ ഇതര സന്നദ്ധ സംഘടനകളുമായി സഹകരിച്ചു പരിഹരിക്കാവുന്നതാണ്.

ഏതു വിധത്തിലായാലും ഒരു സന്നദ്ധ സംവിധാനമുണ്ടാകല്‍ അനിവാര്യമാണ്. ഹലാല്‍ കിട്ടാനില്ലാതെ വന്നാല്‍ ആത്മരക്ഷാര്‍ഥം ഹറാം ഭക്ഷിക്കല്‍ നിര്‍ബന്ധമാണെന്നും ഹലാല്‍ കിട്ടാതെ വിഷമിച്ചേക്കുമെന്ന് ആശങ്കയുള്ളേടത്ത് ‘ഹറാം’ കരുതി സൂക്ഷിച്ചു വയ്ക്കല്‍ നിര്‍ബന്ധമാണെന്നും ഇസ്ലാമിക കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ പറഞ്ഞതില്‍ നിന്ന് ഇതു ഗ്രഹിക്കാവുന്നതാണ്. നിര്‍ബന്ധമാണ്‘ഹലാല്‍ കിട്ടുമെന്ന് പ്രതീക്ഷയില്ലെങ്കില്‍ ഹറാം ശേഖരിച്ചു വയ്ക്കല്‍ നിര്‍ബന്ധമാണ്‌ , പ്രതീക്ഷയുണ്ടെങ്കില്‍ അനുവദനീയവും’.

രോഗത്തിനു, സാധ്യമായ മരുന്നുകള്‍ ലഭ്യമാക്കല്‍ സാമൂഹ്യബാധ്യതയാണ്. അതുപോലെ, രക്ത ചികിത്സ അനിവാര്യമാകുന്ന ഘട്ടത്തിലേക്കു രക്തം ലഭ്യമാക്കലും പൊതുബാധ്യതയാണെന്നു പറയാം. കാരണം, ജീവന്‍ രക്ഷിക്കാന്‍ രക്തം ആവശ്യമാകുന്ന ഘട്ടങ്ങള്‍ സാധാരണമാണ്. ഈ നിര്‍ബന്ധവേദി ഇന്നു മിക്കയിടങ്ങളിലും ഒഴിഞ്ഞു കിടക്കുകയാണ്. ഇസ്ലാമിക പ്രവര്‍ത്തകര്‍ ഈ രംഗത്തേക്കു കടന്നു വന്ന് ആ വിടവു നികത്തണം.


RELATED ARTICLE

 • സയാമീസ് ഇരട്ടകളുടെ ശസ്ത്രക്രിയ
 • പ്ലാസ്റ്റിക്‌ സര്‍ജറിയും അവയവമാറ്റവും
 • നബി(സ്വ) യുടെ ആഹാര ക്രമം
 • മരുന്നും മറുമരുന്നും
 • ദ്വിലിംഗമനുഷ്യനും ലിംഗമാറ്റ ശസ്ത്രക്രിയയും
 • കൃത്രിമാവയവങ്ങള്‍
 • അവയവ മാറ്റത്തിന്റെ ചരിത്രം
 • പെന്‍സിലിന്‍ വന്ന വഴി
 • ഡയാലിസിസ്
 • ബി പി കുറയുമ്പോള്‍
 • രക്ത ഗ്രൂപ്പുകള്‍
 • പ്രകൃതിയുടെ രക്ത സംരക്ഷണ പ്രക്രിയ
 • ബ്ളഡ് ശേഖരം അനിവാര്യം
 • ശിശുക്കളുടെ ത്വക്ക് രോഗങ്ങള്‍