Click to Download Ihyaussunna Application Form
 

 

ശിശുക്കളുടെ ത്വക്ക് രോഗങ്ങള്‍

ശിശുക്കളുടെ ദേഹത്ത് കാണുന്ന ചുമപ്പും ചില പാടുകളും മാതാപിതാക്കളെ ഏറെ അസ്വസ്ഥമാക്കാറുണ്ട്. ശരീരത്തിന് നിറം നല്‍കുന്ന മെലാനിന്‍ എന്ന വസ്തുവിന്റെ ഏറ്റക്കുറച്ചില്‍ മൂലമുണ്ടാകുന്ന പാടാണിത്. ചുവന്ന കുത്തുകള്‍ പോലെയോ തടിപ്പുകള്‍ പോലെയോ കാണപ്പെടുന്ന പാടുകള്‍ക്ക് എരിത്തീമിയ ടോക്സിക്കം എന്നാണു പേര്. അലര്‍ജിയാണ് ചുവന്ന തടിപ്പിന് കാരണം. ഒന്നു രണ്ടാഴ്ചക്കുള്ളില്‍ ഇവ അപ്രത്യക്ഷമാകും. തവിട്ടു നിറത്തിലുള്ള പാടുകള്‍ വളരെ കൂടുതലുണ്ടെങ്കില്‍ ഡോക്ടറെ കണ്ടു പരിശോധിപ്പിക്കണം.

കരപ്പന്‍ എന്നു വിളിക്കുന്ന (അലോപ്പതിയിലെ അറ്റോപ്പിക് എക്സിമ) ചര്‍മ രോഗമാണ് കൊച്ചുകുട്ടികളില്‍ കൂടുതല്‍ കണ്ടുവരുന്നത്. ചര്‍മത്തില്‍ ചൊറിച്ചില്‍, വെള്ളം നിറഞ്ഞ കുമിളകള്‍ ഉണ്ടാകുക, അത് പൊട്ടി വെള്ളം ഒഴുകുക, പൊറ്റന്‍ പിടിക്കുക എന്നിവയാണ് രോഗലക്ഷണങ്ങള്‍.

മൂന്നു വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ മുഖത്തും കാലിലുമാണ് കരപ്പന്‍ വരുന്നത്. നാല്‏-അ ഞ്ച് വയസ് പ്രായമുള്ള കുട്ടികള്‍ക്ക് കൈകാല്‍ മടക്കുകളിലാണ് വരിക.

മാതാപിതാക്കള്‍ക്ക് അറ്റോപ്പിക് എക്സിമ (കരപ്പന്‍) ഉണ്ടായിരുന്നെങ്കില്‍ മക്കള്‍ക്ക് വരാനുള്ള സാധ്യത കൂടുതലാണ്. പൂര്‍ണമായും മാറാനും പ്രയാസമാണ്. വീട്ടില്‍ ആര്‍ക്കും ഈ രോഗം വന്നിട്ടില്ലെങ്കില്‍ പൂര്‍ണമായും ചികിത്സിച്ചു മാറ്റാം. കരപ്പന്‍ വരുന്ന കുട്ടികള്‍ക്ക് ആസ്തമ, ചുമ, ശ്വാസം മുട്ടല്‍, തുമ്മല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ പിന്നീട് കാണാറുണ്ട്. അറ്റോപ്പിക് എക്സിമ കുറയുമ്പോള്‍ ആസ്തമ കൂടുന്നതായി കാണുന്നു.

കരപ്പന്റെ ചികിത്സയില്‍ വ്രണം കഴുകല്‍ പ്രധാനമാണ്. ഉപ്പുവെള്ളവും പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായനിയുമാണ് കഴുകാന്‍ ഉപയോഗിക്കുക. രണ്ടു ഗ്ളാസ് തണുത്ത വെള്ളത്തില്‍ ഒരു ചെറിയ സ്പൂണ്‍ ഉപ്പ് ഇടുക. കനം കുറഞ്ഞ, നീളമുള്ള കോട്ടന്‍ വെള്ളത്തുണി അതില്‍ മുക്കി, വ്രണത്തിനു മുകളില്‍ മൂന്നു പാളിയായി ചുറ്റുക. രണ്ടു മൂന്നു മിനിറ്റ് കഴിയുമ്പോള്‍ അഴിച്ച് നനച്ചു ചുറ്റുക. ഇങ്ങനെ ദിവസത്തില്‍ രണ്ടു മൂന്നു തവണ ചെയ്യണം.

ഇളം ചൂടു വെള്ളത്തില്‍ ഉപ്പു ചേര്‍ത്ത് കഴുകുന്നവരുണ്ട്. തണുത്ത വെള്ളമാണ് ചൊറിച്ചില്‍ മാറ്റാന്‍ നല്ലത്. രോഗമുള്ള ഭാഗത്തെ രക്തക്കുഴലുകള്‍ വികസിച്ചാണിരിക്കുന്നത്. അതാണ് നീരിനും വെള്ളം ഒഴുകാനും കാരണം. രക്തക്കുഴല്‍ വലുതായിരിക്കുന്നതിനാല്‍ ചുറ്റുമുള്ള ഭാഗത്തെ ഞരമ്പുകള്‍ക്ക് വലിച്ചില്‍ അനുഭവപ്പെടും. ഇതാണ് ചൊറിച്ചിലിനു കാരണം. തണുത്ത വെള്ളം കൊണ്ടു കഴുകുമ്പോള്‍ രക്തക്കുഴലുകള്‍ ചുരുങ്ങും. അപ്പോള്‍ ചൊറിച്ചില്‍ കുറയും. ചൂടുവെള്ളത്തില്‍ കഴുകിയാല്‍ രക്തക്കുഴലുകള്‍ വീണ്ടും വികസിക്കുന്നതിനാല്‍ ചൊറിച്ചില്‍ കൂടാനേ ഇടയുള്ളൂ. എന്ന് കരുതി ഐസ് വെള്ളം ഉപയോഗിക്കുകയും വേണ്ട.

അണുബാധ ഉള്ളപ്പോഴാണ് പൊട്ടാസ്യം പെര്‍മാംഗനേറ്റ് ഉപയോഗിക്കുക. നേര്‍പ്പിച്ച ലായനിയാണ് വേണ്ടത്. കൈക്കുടന്നയില്‍ എടുത്താല്‍ കൈരേഖകള്‍ കാണാന്‍ പാകത്തിന് നേര്‍ത്തതായിരിക്കണം. പുതുതായി തയ്യാറാക്കിയ ലായനിയില്‍ നിന്ന് ഓക്സിജന്‍ പുറത്തുവരും. ചില ബാക് ടീരിയകള്‍ ഓക്സിജന്‍ ചെല്ലുമ്പോള്‍ നശിച്ചുപോകും.

ചൊറിച്ചില്‍ മാറ്റാന്‍ ആന്റിഹിസ്റ്റമിന്‍ ടാബ്ളറ്റുകളോ സിറപ്പോ കൊടുക്കും.

ഈ രോഗത്തോടൊപ്പം പനിയോ ചുമയോ ഉണ്ടെങ്കില്‍ മറ്റു മരുന്നുകള്‍ കൂടി കഴിക്കേണ്ടിവരും. ശരീരത്തില്‍ കൂടുതല്‍ സ്ഥലത്ത് രോഗം ഉണ്ടാകുകയോ കഴലയ്ക്ക് നീരു വരികയോ ചെയ്താല്‍ ആന്റിബയോട്ടിക് ഉള്ളില്‍ കൊടുക്കും. ആന്റിബയോട്ടിക് ലേപനങ്ങള്‍ പുരട്ടുകയും ചെയ്യാം. ചിലപ്പോള്‍ സ്റ്റിറോയ്ഡ് ക്രീം പുരട്ടേണ്ടി വരും.

കരപ്പനുള്ള കുട്ടികളെ പൊടിയിലും അഴുക്കിലും കളിക്കാന്‍ വിടരുത്. മനസിന്റെ ശാന്തതയും രോഗശമനവും തമ്മില്‍ ബന്ധമുണ്ട്. അതുകൊണ്ട് കുട്ടികളെ വല്ലാതെ വഴക്കു പറഞ്ഞും പേടിപ്പിച്ചും മനസിന് പ്രയാസമുണ്ടാക്കാതെ ശ്രദ്ധിക്കണം.

ചൊറിയും ചിരങ്ങും

ചൊറി, ചിരങ്ങ് എന്നീ പേരുകളില്‍ അറിയപ്പെടുന്ന രോഗമാണ് സ്കേബീസ്. ഇച്ച്മൈറ്റ് എന്നൊരു സൂക്ഷ്മ ജീവിയാണ് രോഗം ഉണ്ടാക്കുന്നത്. കൈവിരലുകളുടെ ഇടയിലും കക്ഷത്തിലും പൊക്കിളിനു ചുറ്റും ആണ് രോഗം പിടിപെടുന്നത്. ഈ ഭാഗത്ത് ചെറിയ കുരുക്കള്‍ ഉണ്ടാകും (ചിലപ്പോള്‍ പഴുപ്പ് നിറഞ്ഞത്) അത് പൊട്ടിയൊഴുകും. രാത്രിയില്‍ ചൊറിച്ചില്‍ കൂടുതല്‍ അനുഭവപ്പെടും.

സൂക്ഷ്മജീവി ശരീരത്തില്‍ കയറിയാല്‍ 2‏-3 ആഴ്ചക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. തൊലിയുടെ ഏറ്റവും പുറമെയുള്ള പാടയ്ക്കുള്ളിലാണ് ഇവ ഇരിക്കുന്നത്. ഈ ജീവികളുടെ ഉമിനീരും വിസര്‍ജ്യങ്ങളുമാണ് ശരീരത്തിന് അലര്‍ജി ഉണ്ടാക്കുന്നത്. അതുകൊണ്ട് സൂക്ഷ്മജീവികളെ നശിപ്പിച്ചാലും പത്തു ദിവസം കൂടി രോഗി മരുന്ന് കഴിക്കേണ്ടി വരും.

നേര്‍പ്പിച്ച പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായനിയോ ഉപ്പുവെള്ളമോ കൊണ്ട് ചൊറിയുള്ള ഭാഗം കഴുകണം. ചൊറിച്ചില്‍ മാറ്റാന്‍ ആന്റിഹിസ്റ്റമിന്‍ മരുന്ന് ഉള്ളില്‍ കൊടുക്കാം. പനിയും മറ്റും ഉണ്ടെങ്കില്‍ അതിനുള്ള മരുന്നും നല്‍കും.

സൂക്ഷ്മജീവികളെ കൊല്ലാന്‍ 5 ശതമാനം വീര്യമുള്ള പെര്‍മിത്രിന്‍ എന്ന മരുന്ന് ഒരു തവണ ഉപയോഗിച്ചാല്‍ മതി. രാത്രി കുളിച്ച ശേഷം ദേഹം തുടച്ചു വൃത്തിയാക്കുക. കഴുത്തിന് കീഴ്പോട്ട് ഈ മരുന്ന് പുരട്ടുക. ചൊറിച്ചിലുള്ള ഭാഗത്ത് നന്നായി മരുന്ന് തേച്ച് പുരട്ടണം. രാവിലെ നന്നായി ദേഹം കഴുകുക. അസുഖമുള്ളപ്പോള്‍ കിടക്ക വിരികളും വസ്ത്രങ്ങളും പുഴുങ്ങി അലക്കണം. വെയിലത്തുണങ്ങിയ വസ്ത്രങ്ങള്‍ എന്നും മാറി മാറി ധരിക്കുക.

സൂക്ഷ്മജീവികളെ കൊല്ലാന്‍ ബെന്‍സോയില്‍ ബെന്‍സൈറ്റ് 12.5 ശതമാനം എന്ന മരുന്നും ഉപയോഗിക്കാറുണ്ട്. അതിന്റെ പ്രയോഗം വ്യത്യസ്തമാണ്. 12 മണിക്കൂര്‍ ഇടവിട്ട് 3 തവണ പുരട്ടണം. എന്നിട്ടേ കുളിക്കാവൂ.

ചുണങ്ങ്

പൂപ്പല്‍ അണുബാധ മൂലമുണ്ടാകുന്ന ഈ രോഗം പകരില്ല. വെളുത്ത ചുണങ്ങും കറുത്ത ചുണങ്ങുമുണ്ട്. വിയര്‍ക്കുമ്പോള്‍ ചൊറിച്ചില്‍ ഉണ്ടാകും എന്നതാണ് പ്രധാന ലക്ഷണം.

ശരീരത്തില്‍ തന്നെയുള്ള പൂപ്പലുകള്‍ അനുകൂല സാഹചര്യത്തില്‍ വളരുന്നതാണ് രോഗ കാരണം. രാവിലെയും വൈകിട്ടും ആന്റിഫംഗല്‍ ക്രീം രണ്ടു മൂന്ന് ആഴ്ച പുരട്ടിയാല്‍ രോഗം മാറും.

പയോഡെര്‍മ

പൊടിയിലും അഴുക്കിലും കളിക്കുന്ന കുട്ടികളില്‍ സാധാരണ കണ്ടുവരുന്ന രോഗമാണ് പയോഡെര്‍മ. ചര്‍മത്തില്‍ പഴുപ്പ് നിറഞ്ഞ കുരുക്കളോ കുമിളകളോ ആണു രോഗലക്ഷണം. ബാക്ടീരിയ മൂലമുണ്ടാകുന്ന അസുഖമാണിത്. സ്റ്റഫല്ലോ കോക്കസ് ബാക്ടീരിയയും സ്റ്റപ്റ്റോ കോക്കസ് ബാക്ടീരിയയുമാണ് രോഗം പരത്തുന്നത്.

രോഗബാധയുണ്ടെങ്കില്‍ ഉപ്പുവെള്ളമോ പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായനിയോ ഉപയോഗിച്ചു കഴുകണം. ആവശ്യമെങ്കില്‍ ആന്റിബയോട്ടിക്കുകള്‍ നല്‍കാറുണ്ട്. അഞ്ചു ദിവസം മരുന്ന് കഴിച്ചാല്‍ പൂര്‍ണമായും മാറുന്ന രോഗമാണിത്.

പ്രാണി അലര്‍ജി

കൊതുകും ഉറുമ്പും ചെറുപ്രാണികളും കടിക്കുമ്പോള്‍ ചര്‍മത്തില്‍ ഉണ്ടാകുന്ന അലര്‍ജിയാണ് ഐ ബി ആര്‍ (ഇന്‍സെക്ട് ബൈറ്റ് റിയാക്ഷന്‍) കൊണ്ട് ഉദ്ദേശിക്കുന്നത്. നവജാത ശിശുക്കളിലും തീരെ ചെറിയ കുഞ്ഞുങ്ങളിലും ചര്‍മത്തില്‍ രക്തം പൊടിഞ്ഞതുപോലെ കാണപ്പെടും. രണ്ട്-‏അഞ്ച് വയസ് പ്രായമുള്ള കുട്ടികളില്‍ ചെറിയ കുരുക്കള്‍ പോലെ കാണാം. പത്തു വയസിനു മുകളിലുള്ള കുട്ടികളില്‍ കുരുവിനു ചുറ്റും തടിപ്പുകള്‍ കാണും.

ഈ രോഗത്തിന്റെ രണ്ടാം ഘട്ടത്തില്‍ പയോഡെര്‍മ ആയി മാറാം. കൊതുകും പ്രാണികളും കടിച്ച ഭാഗം പഴുത്തെങ്കില്‍ ഉപ്പുവെള്ളം കൊണ്ട് കഴുകണം. കലാമിന്‍ ലോഷന്‍ പുരട്ടുന്നത് നല്ലതാണ്. പ്രാണി കടിക്കാതെ നോക്കുകയാണ് രോഗം തടയാനുള്ള പ്രധാന വഴി. സന്ധ്യയാകുമ്പോള്‍ തന്നെ കൈയും കാലും മൂടത്തക്കവിധമുള്ള ഉടുപ്പും പൈജാമയും കുഞ്ഞിനെ ധരിപ്പിക്കണം. കൊതുക് വലയ്ക്കുള്ളില്‍ കിടത്തണം.

വരട്ടു ചൊറി

ഡെര്‍മറ്റോഫൈറ്റിസ് എന്ന ഗ്രൂപ്പില്‍ പെടുന്ന ഫംഗസുകളാണ് വരട്ടു ചൊറിക്കു (ടിനിയ കോര്‍ പ്പോറിസ്) കാരണം. കുട്ടികളുടെ ശരീരത്തിലും തുടയിലും വരും. വട്ടത്തില്‍ ചൊറിഞ്ഞ് തടിക്കുന്നതാണ് പ്രധാന ലക്ഷണം. റിങ്ങ്വേം ഇന്‍ഫക്ഷന്‍ എന്നും പേരുണ്ട്.

രോഗമുള്ള ഭാഗത്ത് സോപ്പ് അധികം ഉപയോഗിക്കരുത്. കുളി കഴിഞ്ഞാല്‍ ശരീരത്തില്‍ നിന്ന് ഈര്‍പ്പം ഒട്ടും തങ്ങി നില്‍ക്കാത്ത വിധം ഒപ്പിക്കളയണം. കാരണം, ഈര്‍പ്പമുള്ളിടത്ത് ഫംഗസ് പെട്ടെന്നു വളരും. ചൊറിച്ചില്‍ മാറാന്‍ ആന്റിറിഹിസ്റ്റമിനുകളും രോഗമുള്ളിടത്ത് ആന്റിഫംഗല്‍ ക്രീമും പുരട്ടണം. 4‏-6 ആഴ്ച ചികിത്സിക്കേണ്ടി വരും. രോഗം വന്ന ചര്‍മം പോയി പുതിയ ചര്‍മം വരാനുള്ള സമയമാണിത്. അത്രയും നാള്‍ മരുന്ന് ഉപയോഗിക്കണം.

വെള്ളപ്പാട്

12 വയസില്‍ താഴെയുള്ള കുട്ടികളുടെ മുഖത്ത് വെള്ളപ്പാട് (പിറ്റിറിയാസിസ് അല്‍ബ) കാണാറുണ്ട്. തനിയെ മായുകയും വീണ്ടും വരികയും ചെയ്യുന്ന ഈ പാടുകളുടെ അരികു ഭാഗം (എഡ്ജ്) മങ്ങിക്കാണപ്പെടും. വീര്യം കുറഞ്ഞ സ്റ്റിറോയ്ഡുകള്‍ പുരട്ടിയാല്‍ ഇവ മാറും. ബി കോം പ്ളക്സോ മള്‍ട്ടി വിറ്റാമിന്‍ ഗുളികകളോ കഴിക്കണം. സോപ്പ് ഉപയോഗിക്കരുത്.

വായ്, ജനനേന്ദ്രിയം, മലദ്വാരം എന്നിവയ്ക്കു ചുറ്റുമുള്ള ഭാഗത്തെയും കയ്യിലെയും കാലിലെയും തൊലിയിളകുന്ന അവസ്ഥ?

-അക്രോഡെര്‍മൈറ്റിസ് എന്‍ട്രോപതിക്ക‏-

അക്രോഡെര്‍മൈറ്റിസ് എന്‍ട്രോപതിക്ക -യാണ് കുട്ടികളില്‍ കണ്ടുവരുന്ന മറ്റൊരു ചര്‍മരോഗം. സിങ്കിന്റെ അപര്യാപ്തതയാണ് രോഗകാരണം. സിങ്ക് അടങ്ങിയ ഗുളികകള്‍ കഴിച്ചാല്‍ രോഗം മാറും.


RELATED ARTICLE

 • സയാമീസ് ഇരട്ടകളുടെ ശസ്ത്രക്രിയ
 • പ്ലാസ്റ്റിക്‌ സര്‍ജറിയും അവയവമാറ്റവും
 • നബി(സ്വ) യുടെ ആഹാര ക്രമം
 • മരുന്നും മറുമരുന്നും
 • ദ്വിലിംഗമനുഷ്യനും ലിംഗമാറ്റ ശസ്ത്രക്രിയയും
 • കൃത്രിമാവയവങ്ങള്‍
 • അവയവ മാറ്റത്തിന്റെ ചരിത്രം
 • പെന്‍സിലിന്‍ വന്ന വഴി
 • ഡയാലിസിസ്
 • ബി പി കുറയുമ്പോള്‍
 • രക്ത ഗ്രൂപ്പുകള്‍
 • പ്രകൃതിയുടെ രക്ത സംരക്ഷണ പ്രക്രിയ
 • ബ്ളഡ് ശേഖരം അനിവാര്യം
 • ശിശുക്കളുടെ ത്വക്ക് രോഗങ്ങള്‍