ഖുര്‍ആന്‍ പാരായണത്തിന്റെ ശ്രേഷ്ഠതകള്‍

ഖുര്‍ആന്‍ പാരായണം വളരെ പുണ്യകരമായ ഒരു ഇബാദത്ത് (ആരാധന) ആണ്. അര്‍ഥം അറിയാതെ പാരായണം ചെയ്താലും പ്രതിഫലം ലഭിക്കുന്ന ഗ്രന്ഥമാണ് ഖുര്‍ആന്‍. നബി (സ്വ) പറയുന്നു: “അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ നിന്നും ഒരു ഹര്‍ഫ് (അക്ഷരം) വല്ലവനും ഓതിയാല്‍ അത് അവന് ഒരു പുണ്യകര്‍മ്മമാണ്. ഒരു പുണ്യകര്‍മ്മത്തിന് പത്തു മടങ്ങ് പ്രതിഫലം ലഭിക്കും. ‘അലിഫ് ലാം മീം’ ഒന്നിച്ചു ഒരക്ഷരമാണെന്ന് ഞാന്‍ പറയുന്നില്ല. അലിഫ് ഒരക്ഷരവും ലാം മറ്റൊരക്ഷരവും മീം വേറെ ഒരക്ഷരവുമാണ്” (തിര്‍മിദി). അപ്പോള്‍ ‘അലിഫ് ലാം മീം’ ഓതുമ്പോള്‍ മുപ്പത് ഹസനത്തി (പുണ്യം) ന്റെ പ്രതിഫലം ലഭിക്കും.

ഇമാം നവവി (റ) പറയുന്നു:”വിശുദ്ധ ഖുര്‍ആന്‍ രാത്രിയും യാത്രയിലും അല്ലാത്തപ്പോഴും ശ്രദ്ധാപൂര്‍വ്വം ഓതേണ്ടതാണ്. പൂര്‍വ്വീകരായ മഹാന്മാര്‍ ഖുര്‍ആന്‍ ഒരു ഖത്മ് (ഖുര്‍ആന്‍ മുഴുവനും ഓതുക) തീര്‍ക്കുന്നതിന് വ്യത്യസ്തമായ കാലയളവുകളാണ് സ്വീകരിച്ചിരുന്നത്. ചിലര്‍ രണ്ടു മാസത്തില്‍ ഒരു തവണയും വേറെ ചിലര്‍ പത്തു ദിവസത്തില്‍ ഒരു തവണയും ഖത്മ് ചെയ്തിരുന്നു. ഖത്മ് തീര്‍ക്കുന്നതിന് എട്ട്, ഏഴ്, ആറ്, നാല്, മൂന്ന് എന്നീ ദിവസങ്ങള്‍ സ്വീകരിച്ചവരും അവരുടെ കൂട്ടത്തിലുണ്ടായിരുന്നു. എന്നാല്‍ ചില മഹാന്മാര്‍ ഒരു രാപ്പകലില്‍ രണ്ടു ഖത്മോ മൂന്ന് ഖത്മോ തീര്‍ക്കുന്നവരായിരുന്നു. ഒരു ദിവസത്തില്‍ എട്ട് ഖത്മ് തീര്‍ത്ത ചിലരുമുണ്ട്” (അല്‍ അദ്കാര്‍).

മഹാനായ അബൂലൈസ് (റ) പറയുന്നു: ഖുര്‍ആന്‍ കൂടുതല്‍ ഓതാന്‍ കഴിയില്ലെങ്കില്‍ വര്‍ഷത്തില്‍ രണ്ടു തവണ ഖത്മ് ചെയ്താല്‍ ഖുര്‍ആനിനോടുള്ള കടപ്പാട് നിറവേറ്റാം എന്നാണ് ഇമാം അബൂഹനീഫ (റ) പറഞ്ഞിട്ടുള്ളത്.

എന്നാല്‍ കാരണം കൂടാതെ ഖുര്‍ആന്‍ ഖത്മ് നാല്‍പത് ദിവസത്തേക്കാള്‍ പിന്തിക്കുന്നത് കറാഹത്താണെന്ന് ഇമാം അഹ്മദ് (റ) പറഞ്ഞിരിക്കുന്നു. നബി (സ്വ) പറയുന്നു: “നിങ്ങള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുക. ഖുര്‍ആന്‍ അതിന്റെ കൂട്ടുകാര്‍ക്ക് ശിപാര്‍ശകനായി പരലോകത്ത് വരും” (മുസ്ലിം).

ഖുര്‍ആന്‍ പാരായണം കൊണ്ട് സമാധാനം വര്‍ദ്ധിക്കുമെന്നും ഖുര്‍ആന്‍ ഓതി കിടന്നാല്‍ അവന്റെ സംരക്ഷണത്തിനായി അല്ലാഹു മലകിനെ ഏര്‍പ്പെടുത്തുമെന്നും ഹദീസുകളില്‍ വന്നിട്ടുണ്ട്.


RELATED ARTICLE

 • വിശുദ്ധ ഖുര്‍ആന്‍
 • വിശുദ്ധ ഖുര്‍ആന്‍ സൗന്ദര്യങ്ങളുടെ സൗന്ദര്യം
 • വഹ്യിന്റെ ആരംഭം
 • ഖുര്‍ആന്‍ മന:പാഠമാക്കല്‍
 • ഖുര്‍ആന്‍ പാരായണത്തിന്റെ ശ്രേഷ്ഠതകള്‍
 • ഖുര്‍ആന്‍ പാരായണ മര്യാദകള്‍
 • ഖുര്‍ആന്‍ തുറന്ന വഴി
 • ഖുര്‍ആനും സസ്യശാസ്ത്രവും
 • ഖുര്‍ആനും വൈദ്യശാസ്ത്രവും
 • ഖുര്‍ആനും ഭൂമിശാസ്ത്രവും
 • ഖുര്‍ആനും നബിചര്യയും
 • ഖുര്‍ആനും നബിചര്യയും
 • ഖുര്‍ആനും ജന്തുശാസ്ത്രവും
 • ഖുര്‍ആനും ഗോളശാസ്ത്രവും
 • ഖുര്‍ആനില്‍ പതിവാക്കേണ്ടവ
 • ഖുര്‍ആനിന്റെ അവതരണം
 • ഖുര്‍ആനിന്റെ അവതരണം
 • ഖുര്‍ആനിനെ ആദരിക്കല്‍
 • ക്ളോണിങ്ങും വിശുദ്ധ ഖുര്‍ആനും