Click to Download Ihyaussunna Application Form
 

 

വ്യഭിചാരത്തിന് അംഗീകാരം!

ത്രീയും പുരുഷനും  ഒരുമിച്ചുജീവിക്കുന്നതിനുള്ള സാമൂഹ്യാംഗീകാരമാണ് വിവാഹം. വിവാഹബന്ധത്തിനു പുറത്തുള്ള സ്ത്രീപുരുഷ ലൈംഗികത വ്യഭിചാരമാണ്. താല്‍ക്കാലികമായി ലൈംഗികവേഴ്ചക്ക് സമ്മതിക്കുന്നവളെ വേശ്യയെന്നും ദീര്‍ഘകാലമായി ഒരാണുമായി രതിബന്ധം തുടരുന്നവളെ വെപ്പാട്ടിയെന്നും നാം വിളിക്കുന്നു. എന്നാല്‍ ഇത്തരമൊരു ബന്ധത്തിനു നിയമവ്യവസ്ഥ തന്നെ അനുമതി നല്‍കുകയെന്നുവെച്ചാല്‍, വ്യഭിചാരം അംഗീകരിക്കപ്പെടുന്നു എന്നല്ലേ അതിനര്‍ഥം?

അടുത്തകാലത്ത് അലഹാബാദ് ഹൈക്കോടതി പുറപ്പെടുവിച്ച നിര്‍ണ്ണായകമായ ഒരു വിധിയാണ് വിവാഹം എന്ന സ്ഥാപനത്തെ തന്നെ ചോദ്യംചെയ്യുന്നത്. പയാല്‍ശര്‍മ എന്ന ഉത്തര്‍ പ്രദേശുകാരിയായ യുവതിയുടെ ഹരജി അനുവദിച്ചുകൊണ്ടാണ് ഡിവിഷന്‍ ബെഞ്ചു തന്നെ ഈ വിധി പ്രഖ്യാപിച്ചത്. ഇത് അധാര്‍മികമാണെന്ന് സമൂഹം കരുതിയേക്കാമെങ്കിലും അങ്ങനെയല്ലെന്നും നിയമവും ധാര്‍മികതയും ഒന്നല്ലെന്നുമാണ് വ്യാഖ്യാനം. മാത്രമല്ല, ഹരജിക്കാരിയുടെ ജീവന്നു ഭീഷണിയുള്ളതിനാല്‍ അവര്‍ക്ക് പോലീസ് സംരക്ഷണം നല്‍കണമെന്നും നിര്‍ദ്ദേശിക്കുകയുണ്ടായി ബഹുമാനപ്പെട്ട കോടതി. പാശ്ചാത്യരാജ്യങ്ങളെ അനുകരിച്ച് നമ്മളും ഒരു തുറന്ന സമൂഹമായി രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുന്നതിന്റെ മറ്റൊരു അടയാളമാണിത്. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ സ്വവര്‍ഗ രതിക്കാരെ പോലും ഇങ്ങനെ ഒരുമിച്ചു ജീവിക്കാന്‍ കോടതികള്‍ അനുവദിക്കുന്നുണ്ട്. ആണും ആണും ഒരുമിച്ചും പെണ്ണുംപെണ്ണും ഒരുമിച്ചും ഇങ്ങനെ ‘ദാമ്പത്യജീവിതം’ നയിക്കുന്നതിനെ ‘ചങ്ങാത്തക്കല്യാണം’ എന്ന ഓമനപ്പേരിട്ടുവിളിക്കുകയും ചെയ്യുന്നു. ഇത്തരം ‘വിവാഹബന്ധങ്ങള്‍’ക്ക് അനുമതി നല്‍കിയതിന്റെ പേരില്‍ ചില ന്യായാധിപന്മാര്‍ക്ക് ജോലി നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്.

കുടുംബം എന്ന സ്ഥാപനത്തിന്റെ അടിത്തറയാണ് വിവാഹം. അത് ഒരു ദീര്‍ഘകാല കരാറാണ്. ആ കരാറിലേര്‍പ്പെട്ട സ്ത്രീക്കും പുരുഷന്നും പരസ്പരം ചില ബാധ്യതകളും ഉത്തരവാദിത്വ ങ്ങളുമുണ്ട്. അവ ലംഘിക്കപ്പെട്ടാല്‍ തിരുത്തുന്നതിനും ശരിയായ ചാലുകളിലേക്ക് തിരിച്ചുവിടുന്നതിനും സമൂഹത്തിന് ഉത്തരവാദിത്തമുണ്ട്. മതാചാരങ്ങളും മതനിയമങ്ങളും മാത്രമല്ല സിവില്‍ നിയമവും വിവാഹത്തിനു സാമൂഹ്യമായ അംഗീകാരം നിഷ്കര്‍ഷിക്കുന്നു. സിവില്‍ നിയമത്തില്‍ പോലും വിവാഹത്തിനു സാക്ഷികള്‍ വേണം. ഹൈന്ദവപുരാണങ്ങളിലെ ഗാന്ധര്‍ വവിവാഹത്തില്‍, പക്ഷേ, അതിന്റെയും ആവശ്യമില്ല. ഏതെങ്കിലും ഒരു വിഗ്രഹത്തിന്റെ മുമ്പില്‍ നിന്നോ വരണമാല്യം ചാര്‍ത്തിയോ മോതിരം കൈമാറിയോ നടത്തുന്ന അത്തരം കല്യാണങ്ങ ള്‍ക്ക് പരസ്പര വിശ്വാസത്തിന്റെ ബലം മാത്രമേയുള്ളൂ. അതെപ്പോഴും തകരാം. ദുഷ്യന്തന്‍ ശകുന്തളയെ പരിഗ്രഹിച്ചത് ഗാന്ധര്‍വ വിധിപ്രകാരമാണ്. പിന്നീട് കാളിദാസന്‍ എത്ര പാടുപെട്ടിട്ടാണ്, തന്റെ കഥാനായകന്ന് ഓര്‍മ്മ വീണ്ടെടുത്തു കൊടുക്കുന്നത് ! മോതിരത്തിന്റെ സാഹസിക യാത്രയിലൂടെ, വിശ്വവിഖ്യാതമായ ഒരു കലാസൃഷ്ടിക്ക് നാടകീയമായ കുറേ രംഗങ്ങള്‍ തീര്‍ക്കാന്‍ അദ്ദേഹത്തിനു സാധിച്ചുവെന്നുമാത്രം. ഇത്തരം ഗാന്ധര്‍വ വിവാഹങ്ങളെ ഇന്നത്തെ ഹിന്ദുകോഡ് പോലും അംഗീകരിക്കുകയില്ല.

സ്ത്രീയും പുരുഷനും ഒരുമിച്ചു ജീവിക്കുന്നത് ലൈംഗിക വേഴ്ചക്കുവേണ്ടി മാത്രമല്ല. അത് ആ ബന്ധത്തിലെ ആകര്‍ഷകമായ ഒരു ഘടകം മാത്രമാണ്. പ്രകൃതി തന്നെ അവരെ സൃഷ്ടിച്ചിരിക്കുന്നത് പരസ്പര പൂരകമായിട്ടാണ്. ഇണകളായിട്ടാണ്. ആണിലും പെണ്ണിലുമുള്ള ലൈംഗികമായ ഊര്‍ജ്ജം പരസ്പരം കൈമാറാനുള്ളതാണ്. അതാണ് വംശ വൃക്ഷത്തിന്റെ അടിത്തറ. അതുകൊണ്ടാണ് ബ്രഹ്മചര്യം ജീവിതനിഷേധകമാകുന്നത്. രതിവേഴ്ചയില്‍ നിന്നു ലഭിക്കുന്ന ആഹ്ളാദം, ജീവിതത്തിലെ ഏറ്റവും വലിയ ആനന്ദങ്ങളിലൊന്നാണ്. അത് നിഷേധിക്കാതിരിക്കാന്‍ സമൂഹം അറിഞ്ഞു തരുന്ന അനുമതിയാണ് വിവാഹം. പക്ഷേ, അത് നിയന്ത്രണമില്ലാത്തതായിക്കൂടാ. അങ്ങനെ വന്നാല്‍ മൃഗങ്ങളും മനുഷ്യരും തമ്മില്‍ വ്യത്യാസമില്ലാതാകുന്നു. വ്യവസ്ഥാപിതമായ വിവാഹബന്ധത്തില്‍, രതിവേഴ്ചക്കപ്പുറം ചില മൂല്യങ്ങളുണ്ടാവേണ്ടതുണ്ട്. സ്നേഹമാണ് ആ ബന്ധത്തെ വിളക്കിച്ചേര്‍ക്കുന്ന അരക്ക്. മക്കളിലേക്കും അവരുടെ മക്കളിലേക്കും സ്നേഹത്തിന്റെ കണ്ണികള്‍ നീളുന്നു. ഈ ബന്ധങ്ങളൊക്കെയും സ്നഹേ മുദ്രിതമായ പാരസ്പര്യത്തില്‍ അധിഷ്ഠിതമാണ്. അവിടെ അവകാശങ്ങള്‍ മാത്രമല്ല, ചുമതലകളുമുണ്ട്. സുഖം മാത്രമല്ല ദുഃഖവുമുണ്ട്. അവ പങ്കുവെക്കുന്നതിലുള്ള സായൂജ്യമാണ് വിവാഹം, കുടുംബം തുടങ്ങിയ സങ്കല്‍പ്പങ്ങളെ ഉദാത്തമാക്കുന്നത്. എന്തെല്ലാം പരിമിതികളും പരാധീനതകളും ഉണ്ടായിരുന്നാലും നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഈ സ്ഥാപനങ്ങള്‍ നിലനില്‍ക്കുന്നതും അതുകൊണ്ടുതന്നെയാണ്.

ലോകപ്രശസ്ത നോവലിസ്റ്റായ  ജീന്‍ പോള്‍  സാര്‍ത്രും സ്ത്രീവിമോചനവാദിയായ സിമോന്‍ ദ ബുവെയും വിവാഹം കഴിക്കാതെതന്നെ ദീര്‍ഘകാലം ഒന്നിച്ചുജീവിച്ചവരാണ്. ‘ബുദ്ധിപരമായ ചങ്ങാത്തം’ എന്നാണവര്‍ സ്വയം അതിനെ വിളിച്ചത്. പാശ്ചാത്യരാജ്യങ്ങളില്‍ അത്തരം ബന്ധങ്ങള്‍ ഇന്നു അസാധാരണമല്ല. നിയമാനുസൃതമായ വിവാഹബന്ധങ്ങള്‍ പോലും അവിടെ ദീര്‍ഘസ്ഥായിയല്ല. ആഴ്ചതോറും കുപ്പായം മാറുന്നതു പോലെ ഭാര്യാഭര്‍ത്താക്കന്മാരെ അവര്‍ മാറുന്നു. അവരുടെ സന്തതികള്‍ക്ക് വൈകാരിക സുരക്ഷിതത്വം ലഭിക്കുന്നില്ല. ജീവശാസ്ത്ര പരമായി ഇത്തരം ബന്ധങ്ങള്‍ ആവാം എന്നതുകൊണ്ടുമാത്രം അത് അനുവദിക്കപ്പെട്ടുകൂടാ. സമൂഹത്തിന്റെ കണ്ണികളായ വ്യക്തികള്‍ തമ്മിലുള്ള ബന്ധങ്ങള്‍ ഇടര്‍ച്ചയില്ലാതെ നിലനില്‍ക്കുവാനാണ് ധാര്‍മികത ആവശ്യമായിവരുന്നത്. ധാര്‍മികത വേണ്ടെങ്കില്‍ പിന്നെ നിയമവും ആവശ്യമില്ലെന്നുവരുന്നു. ധാര്‍മികതയും നിയമവും ഒന്നല്ലെന്ന പ്രഖ്യാപനത്തിലൂടെ, കോടതി നിയമവാഴ്ചയെ തന്നെ നിഷേധിച്ചിരിക്കുകയാണ്.

നിയമപരമായ ഒരു ബാധ്യതയും ഇല്ലാതെ ഒരുമിച്ചുജീവിക്കുന്ന സ്ത്രീക്കും പുരുഷന്നും വി വാഹം കഴിക്കാത്തതു കൊണ്ട് വിവാഹമോചനവും വേണ്ടിവരില്ലായിരിക്കാം. അവരുടെ ബന്ധത്തിലുണ്ടാകുന്ന വിള്ളലുകള്‍ തീര്‍ക്കാന്‍ കുടുംബ കോടതികളുടെയും ആവശ്യം വരില്ലായിരിക്കാം. ഇവര്‍ക്ക് മക്കളുണ്ടാവുകയാണെങ്കില്‍ അവരെ വളര്‍ത്തുന്നതിന്റെയും സംരക്ഷിക്കുന്നതിന്റെയും ഉത്തരവാദിത്തമാര്‍ക്കായിരിക്കും? അവരുടെ പിന്തുടര്‍ച്ചാവകാശങ്ങളെന്തൊക്കെയായിരിക്കും? ഇതിനെക്കുറിച്ചൊന്നും വ്യവസ്ഥകളില്ല. ഇവര്‍ക്കെതിരെ അസാന്മാര്‍ഗിക പ്രതിരോധനിയമം നടപ്പാക്കാന്‍ കഴിയില്ലെങ്കില്‍, പിന്നെ അത് ഹോട്ടലുകളിലും മറ്റും നടക്കുന്ന വ്യഭിചാരത്തിനെതിരെ പ്രയോഗിക്കുന്നതിലെ ധാര്‍മികയുക്തിയെന്താണ്? ഇങ്ങനെ ഒരുപാട് ചോദ്യങ്ങള്‍ അലഹബാദ് ഹൈക്കോടതി വിധി ഉയര്‍ത്തുന്നുണ്ട്.

കേരളത്തിലും വിവാഹം കഴിക്കാതെ, സ്ത്രീപുരുഷന്മാര്‍ ഒരുമിച്ചുജീവിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇവരുമായുള്ള അഭിമുഖസംഭാഷണങ്ങള്‍ ടി.വിയില്‍ വരികയുണ്ടായി. കേരളം തുറന്ന സമൂഹത്തിലേക്ക് പരിണമിച്ചുകൊണ്ടിരിക്കുന്നതിന്റെ മറ്റൊരു ദൃഷ്ടാന്തം. ആഗോളവത്കരണം ഉയര്‍ ത്തിപ്പിടിക്കുന്ന വ്യക്തിവാദം കാമിക്കുന്നത് നിരങ്കുശമായ ജീവിതാനന്ദമാണ്. എന്നാല്‍, നിരുപാധികമായ ജീവിതാനന്ദം എന്നത് ഒരു മിഥ്യ മാത്രമാണ്. ശരീരത്തിലെ ഏതെങ്കിലും ഒരു കോശത്തില്‍ അര്‍ബുദത്തിന്റെയോ എയ്ഡ്സിന്റെയോ വിത്തുവീണാല്‍ മതി, ആഹ്ളാദത്തിന്റെ പളുങ്കുപാത്രം താഴെവീണുടയാന്‍. സുഖദുഃഖങ്ങളിലെ കയറ്റിറക്കങ്ങളിലൂടെയാണ് ജീവിതം അനുഭവവേദ്യമാകേണ്ടത്. മറ്റുള്ളതെല്ലാം മിഥ്യകള്‍ മാത്രം.


RELATED ARTICLE

  • മുഹര്‍റം
  • ലേഖനങ്ങള്‍
  • പ്രതിദിന ദിക്റുകള്‍
  • എല്ലാദിവസവും ചൊല്ലേണ്ട ദുആ
  • ആത്മീയ ചികിത്സ
  • നബി(സ്വ) യുടെ ആഹാര ക്രമം
  • മരുന്നും മറുമരുന്നും
  • കൃത്രിമാവയവങ്ങള്‍
  • ഡയാലിസിസ്
  • മുസ്ലിം സ്ത്രീയുടെ സൌഭാഗ്യം
  • വിവാഹം നേരത്തെയായാല്‍
  • പ്രത്യുപകാരമല്ല ബന്ധസ്ഥാപനം
  • പെരുകുന്ന പിതൃത്വശങ്കകള്‍
  • വ്യഭിചാരത്തിന് അംഗീകാരം!
  • മലക്കല്ല ഞാന്‍, പെണ്ണെന്നോര്‍ക്കണം
  • മുത്വലാഖ്
  • കായ്ക്കാത്ത മരങ്ങള്‍
  • മക്കള്‍ എന്ന ഭാരം
  • സന്തുഷ്ട കുടുംബത്തിന്റെ അസന്തുഷ്ട കഥ
  • അജാതാത്മാക്കളുടെ നിലവിളികള്‍
  • ശാപമോക്ഷം ലഭിക്കാത്ത അഗ്നിപുത്രിമാര്‍
  • ഉമ്മ! എത്ര മനോഹര പദം!
  • ഇനി ഡിജിറ്റല്‍ ത്വലാഖുകളും
  • കുടുംബ ഭദ്രത
  • വിരഹിയുടെ വ്യാകുലതകള്‍
  • കുടുംബ ബന്ധങ്ങള്‍
  • കുടുംബം: ഘടനയും സ്വഭാവവും
  • സ്നേഹന്ധവും പരിഗണനയും
  • സമൂഹം: ക്രമവും വ്യവസ്ഥയും
  • തൊട്ടതിനൊക്കെ സത്യം വയ്യ
  • സദ്യയും വിരുന്നും
  • സഭാ മര്യാദകള്‍
  • ഐശ്വര്യവാന്‍
  • ദരിദ്രന്‍
  • ആള്‍ ദൈവങ്ങള്‍
  • ഇസ്‌ലാമും പരിസരശുചിത്വവും
  • ഇസ്‌ലാമും യുദ്ധങ്ങളും
  • ഇസ്‌ലാം സമ്പൂര്‍ണ്ണ മതം