Click to Download Ihyaussunna Application Form
 

 

കായ്ക്കാത്ത മരങ്ങള്‍

അമ്മ എന്ന മഹിതമായ പദവി സോഷ്യല്‍മദര്‍, ബയോളജിക്കല്‍ മദര്‍, ലീഗല്‍ മദര്‍, സറോഗേറ്റ് മദര്‍ എന്നിങ്ങനെ പോസ്റ്റുമോര്‍ട്ടം നടത്തി പരിശോധിക്കേണ്ടി വരുമ്പോള്‍ അമ്മയെന്നു വിളിക്കാന്‍ എനിക്കൊരു കുഞ്ഞില്ലാത്തതില്‍ ദു:ഖിക്കുന്നതെന്തിന്ന്.?”

സ്വന്തം രക്തത്തില്‍ പിറന്ന സ്വന്തമായ ഒരു കുഞ്ഞിനു വേണ്ടിയുള്ള അദമ്യമായ ആഗ്രഹത്തിന്റെ സാക്ഷാത്കാരത്തിനായി നീണ്ട ഒമ്പതു വര്‍ഷങ്ങളിലെ കാത്തിരിപ്പിനുശേഷം കൃത്രിമ ഗര്‍ഭധാരണത്തിന് ശ്രമിച്ച് കബളിക്കപ്പെട്ട അനിതാജയദേവന്‍ എന്ന അധ്യാപികയുടെ ഈ ആത്മഗതം ഒരിക്കല്‍ കൂടി അമ്മ എന്ന മഹിതമായ പദവിയെക്കുറിച്ചു ചിന്തിക്കുവാന്‍ നമ്മെ പ്രേരിപ്പിക്കുന്നു.  തന്റെ അറിവോ സമ്മതമോ ഇല്ലാതെ മറ്റൊരു സ്ത്രീയുടെ അണ്ഡം ഉപയോഗിച്ച് തന്നെ ഗര്‍ഭിണിയാക്കിയെന്നാരോപിച്ച് എടപ്പാളിലെ സിമാര്‍ എന്ന വന്ധ്യതാനിവാരണകേന്ദ്രത്തിനെതിരെ നിയമയുദ്ധം ആരംഭിച്ച അനിതയുടെ അനുഭവക്കുറിപ്പുകള്‍ ആരുടെയും ഉള്ളുലയ്ക്കുന്നതാണ്.

രണ്ട് വര്‍ഷത്തിന്നിടയില്‍ രണ്ടുവട്ടം ലാപ്രോസ്കോപ്പിയും ഐസിയു, എആര്‍ടി തുടങ്ങിയ ചികിത്സകളും നടത്തി പരാജയമടഞ്ഞ ശേഷമാണ് അനിത അഭിഭാഷകനായ ഭര്‍ത്താവിനോടൊപ്പം, അന്തര്‍ ദേശീയനിലവാരവും അത്യാധുനിക ചികിത്സാസൌകര്യങ്ങളുണ്ടെന്നവകാശപ്പെടുന്ന ഈ ക്ളിനിക്കിലെത്തുന്നത്.  ഇവിടെ രണ്ടു ലക്ഷത്തില്‍ പരം രൂപ ചെലവുള്ള ഇക്സി എന്ന ഏറ്റവും അത്യാധുനികമായ ചികിത്സയ്ക്കാണ് അനിത വിധേയമായത്. പുരുഷവന്ധ്യതയുടെ അവസാന വാക്ക് എന്നറിയപ്പെടുന്ന ഇന്‍ട്രാ സൈമോപ്ളാസ്മിക് സ്പേം ഇഞ്ചക്ഷന്റെ ചുരുക്കപ്പേരാണ് ഇക്സി.  ഭാര്യയുടെ അണ്ഡാശയത്തില്‍ നിന്ന് ഓവം പിക്കപ്പ് വഴി പുറത്തെടുത്ത് അണ്ഡത്തിലേക്ക് മൈക്രോമാനിപ്പുലേറ്ററിന്റെ സഹായത്തോടെ, ശുദ്ധീകരിച്ച് വേര്‍പ്പെടുത്തിയ പുരുഷബീജം ഒരു നേരിയ സൂചി ഉപയോഗിച്ച് കടത്തിവിടുന്നു.  ഇതിനു ശേഷം ഇന്‍ക്യുബേറ്ററില്‍ സൂക്ഷിക്കുന്ന ഭ്രൂണം ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുകയാണ്.

രണ്ടോ മൂന്നോ മാസത്തിന്നിടയില്‍ രണ്ട് തവണ വരെ അനിത ഇക്സിക്ക് വിധേയയായി. സ്കാനിംഗ്, അനസ്തേഷ്യ, ഹോര്‍മോണ്‍ കുത്തിവെയ്പ്പുകള്‍, എംബ്രയോട്രാന്‍സ്ഫര്‍…. വളരെ കാലത്തെ കാത്തിരിപ്പിനു ശേഷം താന്‍ ഇരട്ടക്കുഞ്ഞുങ്ങളുടെ അമ്മയാകാന്‍ പോകുന്നുവെന്ന അറിവ് അനിതയെ ത്രസിപ്പിച്ചു. പക്ഷേ, അതത്ര നീണ്ടുനിന്നില്ല. താന്‍ പോലും അറിയാതെയാണ് തന്റെ ഗര്‍ഭപാത്രത്തില്‍ വളര്‍ന്ന ഭ്രൂണങ്ങളിലൊന്നിനെ ‘സി മാറി’ലെ ഡോക്ടര്‍മാര്‍ എടുത്തുകളഞ്ഞതെന്ന് അനിത പറയുന്നു.  ഒരു മേജര്‍ സര്‍ജറിക്ക് ശേഷം, നിര്‍ബന്ധമായി ഡിസ്ചാര്‍ജ് ചെയ്ത് തൃശൂരിലെ മറ്റൊരാശുപത്രിയെ അഭയം പ്രാപിച്ചപ്പോഴാണ്, അണ്ഡാശയത്തില്‍ അണുബാധയുള്ളതായറിഞ്ഞത്. വൃക്കകള്‍ ഉള്‍പ്പെടെയുള്ള അവയവങ്ങള്‍ പ്രവര്‍ത്തനരഹിതമായി. ഹൈഡ്രോ സെഫാലസ് എന്ന രോഗാവസ്ഥയിലാണ് കുഞ്ഞെന്ന് സ്കാനിംഗില്‍ വ്യക്തമായി.  ചെന്നൈയിലെ പ്രശസ്തനായ ഒരു വിദഗ്ധന്റെ സൂക്ഷ്മപരിശോധനയില്‍ അറിയാന്‍ കഴിഞ്ഞ വസ്തുത കൂടുതല്‍ സ്തോഭജനകമായിരുന്നു.  കുഞ്ഞിന് ഗുരുതരമായ ജനിതക വൈകല്യങ്ങള്‍ ഉള്ളതായി അദ്ദേഹം വെളിപ്പെടുത്തി. അനിതയുടെയും ജയദേവന്റെയും കുടുംബങ്ങളില്‍ ജനിതക വൈകല്യമുള്ള ആരുമില്ല എന്ന തിരിച്ചറിവാണ് വളരെ ചെലവേറിയ ക്രോമസോം സ്റ്റഡി നടത്തുവാന്‍ പ്രേരിപ്പിച്ചത്. അതോടൊപ്പം തന്നെ ഡി.എന്‍.എ. ടെസ്റ്റും കൂടി നടത്തിയപ്പോള്‍ അനിതയുടെ അണ്ഡം മാത്രമല്ല, മറ്റൊരു സ്ത്രീയുടെ അണ്ഡം കൂടി ഇക്സിക്ക് ഉപയോഗിച്ചിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വസ്തുത അറിയാന്‍ കഴിഞ്ഞു.

അനിതയുടെ വക്കീല്‍ നോട്ടീസിനയച്ച മറുപടിയില്‍ മറ്റൊരു സ്ത്രീയുടെ അണ്ഡം ഉപയോഗിച്ചതായി ‘സിമാറി’ന്റെ യൂണിറ്റ് ഡയറക്ടര്‍ ഡോ. കെ.കെ. ഗോപിനാഥന്‍ സമ്മതിച്ചിട്ടുണ്ട്. എല്ലാ കാര്യങ്ങളും അനിതയോട് സംസാരിച്ചുവെന്നാണ് അദ്ദേഹം പറയുന്നത്.പക്ഷേ, ഒന്നും എഴുതിവാങ്ങിയിരുന്നില്ല എന്നത് തങ്ങളുടെ ഭാഗത്ത് നിന്നുള്ള പിഴവായി അദ്ദേഹം ഏറ്റുപറയുന്നു.

“ഡി.എന്‍.എ. ടെസ്റ്റ് നടത്തി പരിശോധിച്ചറിയേണ്ട ഒരു വെറും വാക്കു മാത്രമാണ് അമ്മ എന്നു തിരിച്ചറിയുമ്പോള്‍ ആശുപത്രി വരാന്തകളില്‍ പാഴാക്കിക്കളഞ്ഞ എട്ടു വര്‍ഷങ്ങള്‍, നഷ്ടപ്പെടുത്തിക്കളഞ്ഞ സമ്പാദ്യം, നശിച്ചുപോയ ആരോഗ്യം, സഹിച്ച വേദനകള്‍ എല്ലാം വെറും വിഡ്ഢിത്തം മാത്രമായിരുന്നുവെന്ന് ഞാന്‍ മനസ്സിലാക്കുന്നു.” അനിതയുടെ വാക്കുകള്‍ നമ്മുടെ ചികിത്സാവ്യവസ്ഥയിലെ മൂല്യരാഹിത്യത്തിലേക്കും അവിശ്വസ്തതയിലേക്കുമാണ് വിരല്‍ ചൂണ്ടുന്നത്.

1978 ഒക്ടോബര്‍ മൂന്നിനാണ് ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശുവായ ദുര്‍ഗ പിറക്കുന്നത്.  അവള്‍ക്കിപ്പോള്‍ വയസ്സ് ഇരുപത്താറ്. സ്ത്രീയുടെ അണ്ഡത്തേയും പുരുഷന്റെ ബീജത്തേയും പരീക്ഷണക്കുഴലില്‍ യോജിപ്പിച്ച്, ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്ന കൃത്രിമബീജസങ്കലനം, അനപത്യതാദു:ഖമനുഭവിക്കുന്ന ലക്ഷക്കണക്കിനു ദമ്പതികള്‍ക്ക് ആശ്വാസമായി. കേരളത്തില്‍ തന്നെ മുന്നൂറോളം എ.ആര്‍.ടി. ക്ളിനിക്കുകള്‍.. ഓരോ ജില്ലയിലും മൂന്നും നാലും ഫെര്‍ട്ടിലിറ്റി കേന്ദ്രങ്ങള്‍. ലാപ്രോസ്കോപ്പി, ഐ.വി.എഫ്, ഐ.യു.എ, പി.ജി.സി, ഇക്സി!…..

തികഞ്ഞ പ്രതീക്ഷയോടെയാണ് ദമ്പതികള്‍ വന്ധ്യതാ നിവാരണക്ളിനിക്കിലെത്തുന്നത്. പ്രത്യേകിച്ച് സ്ത്രീകള്‍. ഓരോ പെണ്‍കുട്ടിയുടെയും ഉള്ളില്‍ പിഞ്ചിളം പൈതലിന്റെ പാല്‍മണമുള്ള തളിര്‍ച്ചുണ്ടുകള്‍ക്ക് വേണ്ടി ദാഹിക്കുന്ന ഒരമ്മയുണ്ട്. അമ്മയിലേക്കുള്ള പ്രയാണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ അലാറം മുഴക്കി മുന്നറിയിപ്പു നല്‍കുന്ന ഒരു ജൈവഘടികാരമുണ്ട്. ആദ്യത്തെ ആര്‍ത്തവത്തിന്റെ മധുരനൊമ്പരമറിയുമ്പോള്‍ ഘടികാരം വിളിച്ചുപറയുന്നു…. കുട്ടീ.. നീ ഋതുമതിയായിരിക്കുന്നു.  സ്ത്രീയായിരിക്കുന്നു.  ഇനി നിനക്ക് അമ്മയാവാം. ജീവിതത്തിന്റെ ഗോള്‍മുഖമാണത്.  സ്ത്രീ ജന്മത്തിന്റെ സാഫല്യമാണത്. ഋതുമതി എന്ന പ്രയോഗം തന്നെ എത്ര സാര്‍ഥകമാണ്! ജീവിതത്തിന്റെ വസന്ത താരുണ്യത്തെയാണതു സൂചിപ്പിക്കുന്നത്. ഗര്‍ഭാശയത്തിലെ ലക്ഷോപലക്ഷം പാകമാകാത്ത അണ്ഡകോശങ്ങള്‍ കൌമാരത്തോടെ നശിക്കുന്നു. ബാക്കി കോശങ്ങളില്‍ നിന്നു മാസം തോറും പൂര്‍ണ്ണ വളര്‍ച്ചയെത്തി പുറത്തുവരുന്നത് ഒന്ന് മാത്രം… മുപ്പതു മുപ്പത്തഞ്ചു വര്‍ഷം കൊണ്ട് നാനൂറോ നാന്നൂറ്റമ്പതോ അണ്ഡങ്ങള്‍… മനുഷ്യവംശം അടയിരിക്കുന്നത് ഈ മുട്ടകളിലാണ്.  ഒരു നിശ്ചിതപ്രായമെത്തിയാല്‍ ഈ പ്രക്രിയ താനെ അവസാനിക്കുന്നു.  ആര്‍ത്തവത്തിനു വിരാമമാകുന്നു. അതോടെ അമ്മയാകാനുള്ള അവസരം അസാധുവാകുകയാണ്.

വിവാഹം കഴിഞ്ഞ് ഒരു വര്‍ഷമാവുമ്പോഴേക്കും ആളുകള്‍ ചോദിച്ചുതുടങ്ങും.  “എന്താ, വിശേഷമൊന്നുമില്ലേ…” ആവര്‍ത്തിക്കപ്പെടുന്ന ഈ ചോദ്യങ്ങളും അമ്മയാകാന്‍ ജന്മനാ ഉള്ള അദമ്യമായ ആഗ്രഹങ്ങളും എത്രനാള്‍ അമര്‍ത്തിവയ്ക്കും? മച്ചിയെന്നും മലടിയെന്നും വിളിച്ച് പരിഹസിക്കുന്ന സമൂഹം, വന്ധ്യത സ്ത്രീയുടെ മാത്രം കുറ്റമാണെന്ന് വിധിച്ച ഒരു കാലമുണ്ടാ യിരുന്നു.ഇന്നും പല കുടുംബങ്ങളിലും വന്ധ്യകളെ ഈര്‍ഷ്യതയോടെയാണ് നോക്കിക്കാ ണുന്നത്. കായ്ക്കാത്ത മരമായി, കറവയില്ലാപ്പശുവായി മാത്രം അവളെ കാണുന്നവര്‍. എന്നാല്‍, പുരുഷന്റെ വൈകല്യം കൊണ്ടും വന്ധ്യതയുണ്ടാകാമെന്നു ആധുനിക കാലത്താണ് തിരിച്ചറിവുണ്ടായത്. പല പുരുഷന്മാരും ഇത് മറച്ചുവെയ്ക്കാന്‍ ശ്രമിക്കുന്നു.

ആണത്തമില്ലാത്തവനായി താന്‍ സമൂഹത്തില്‍ മുദ്രകുത്തപ്പെടുമെന്ന അപകര്‍ഷബോധം അയാളില്‍ വളരുന്നു. അതുകൊണ്ട് കൂടിയാണ് അവര്‍ ആരാധനാലയങ്ങള്‍ക്ക് വഴിപാട് നേരുന്നത്. എത്ര പണം ചെലവഴിച്ചും വന്ധ്യതാചികിത്സ തേടി ക്ളിനിക്കുകളിലെത്തുന്നത്. കിടപ്പാടം പണയം വെച്ചും താലിമാല വിറ്റുമുണ്ടാക്കിയ പണം ഇതിനു വേണ്ടി ചെലവിടുമ്പോള്‍ ഒരു സ്വപ്നസാക്ഷാത്കാരത്തിനു വേണ്ടിയുള്ള ഉല്‍ക്കടമായ ആഗ്രഹം അവരില്‍ നിറയുന്നു.  കോടിക്കണക്കിനു രൂപയാണ് ഇതിനു വേണ്ടി രാജ്യത്താകെ ചെലവഴിക്കപ്പെടുന്നത്.

എന്നാല്‍ നമ്മുടെ എല്ലാ ആതുരാലയങ്ങളെയും പോലെ ഉര്‍വ്വരതാക്ളിനിക്കുകളിലും അശ്രദ്ധയും ചൂഷണവും മൂല്യരാഹിത്യവും കൊടികുത്തി വാഴുന്നുണ്ടെന്നാണ് അനിതാസംഭവം വ്യക്തമാക്കുന്നത്.  വിദേശ രാജ്യങ്ങളില്‍ ദാതാവിനെ പരിശോധിച്ച് ബീജമെടുത്ത് ഫ്രീസ് ചെയ്ത് സൂക്ഷിക്കുകയാണ് ചെയ്യുന്നതത്രെ. ആറ് മാസം കഴിഞ്ഞ് ദാതാവ് വീണ്ടും ബീജ ബാങ്കിലെത്തി പരിശോധനയില്‍ കുഴപ്പമൊന്നുമില്ലെന്ന് തെളിഞ്ഞാല്‍ മാത്രമേ ചികിത്സക്ക് ഉപയോഗിക്കൂ. എന്നാല്‍ നമ്മുടെ പല ബീജ ബാങ്കുകളിലും പുതിയ ബീജമാണ് ഉപയോഗിക്കുന്നത്. ഇത് എയ്ഡ്സ് പോലുള്ള മാരകരോഗങ്ങള്‍ക്കിടയാക്കുന്നു. അണ്ഡവും ബീജവും കൃത്യമായി ലേബല്‍ ചെയ്ത് സൂക്ഷിക്കുകയും അതീവശ്രദ്ധയോടെ കൈകാര്യം ചെയ്യുകയും വേണം. പല ക്ളിനിക്കുകളിലെയും അനാവശ്യമായ ചികിത്സയുടെ ഫലമായി ദമ്പതികള്‍ നിത്യവന്ധ്യതയിലേക്ക് തള്ളപ്പെടുകയാണ്. അനിതയുടെ കാര്യത്തില്‍ സംഭവിച്ചത് അതാണ്. അണുബാധയേറ്റ് ഇനിയൊരു അവസരത്തിനു സാധ്യത തീരെ കുറവായ ഓവറിയായിരുന്നു അവരുടേത്. ആവര്‍ത്തിക്കുന്ന ഹോര്‍മോണ്‍ ഇഞ്ചക്ഷനുകളും ഇക്സിയും പല ആരോഗ്യപ്രശ്നങ്ങളുമുണ്ടാക്കും.  അണ്ഡ വിസര്‍ജ്ജനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള മരുന്നുകള്‍, ഗര്‍ഭഛിദ്രത്തിനു കാരണമായേക്കും.

കേരളത്തില്‍ ഫെര്‍ട്ടിലിറ്റി ക്ളിനിക്കുകളാരംഭിച്ചിട്ട് ഒരു പതിറ്റാണ്ടാവുന്നു. എന്നാല്‍ വിദേശരാജ്യങ്ങളിലെ പോലെ ലൈസന്‍സിംഗ് സമ്പ്രദായമോ മറ്റേതെങ്കിലും നിയന്ത്രണമോ ഒന്നുമിവിടെയില്ല. കടുത്ത ചൂഷണങ്ങളും അശ്രദ്ധയും നിയന്ത്രിക്കാന്‍ നിയമങ്ങളുണ്ടായേ തീരൂ. എല്ലാറ്റിലുമുപരി മൂല്യശോഷണം, എന്തും ചെയ്യാന്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ പ്രേരിപ്പിക്കുന്നു.  ആശുപത്രിക്കകത്ത് ഓപ്പറേഷന്‍ തിയേറ്ററില്‍ എന്ത് നടക്കുന്നുവെന്ന് രോഗിയോ ബന്ധുക്കളോ അറിയുന്നില്ല. എല്ലാ രോഗികളും ചികിത്സയെക്കുറിച്ചോ നിയമങ്ങളെക്കുറിച്ചോ അറിയുന്നവരാവണമെന്നില്ല. അധ്യാപികയായ അനിതയ്ക്കും അഭിഭാഷകനായ ജയദേവന്നും ഇത്തരമൊരനുഭവമാകാമെങ്കില്‍ സാധാരണക്കാരായ രോഗികളുടെ സ്ഥിതിയെന്തായിരിക്കും? ഡോക്ടറെ ദൈവത്തെ പോലെ വിശ്വസിക്കുന്ന രോഗിയെ വഞ്ചിക്കുവാന്‍ ഇവ ര്‍ക്ക് എങ്ങനെ കഴിയുന്നു?

സ്വന്തം അണ്ഡവും ബീജവും നല്‍കി, അഛനമ്മമാര്‍ കൃത്രിമ ബീജസങ്കലനത്തിനു തയ്യാറാകുന്നതിനു പിന്നില്‍ ചില വികാരങ്ങളുണ്ട്. മറ്റൊരാളുടെ അണ്ഡവും ബീജവും സ്വീകരിക്കുവാന്‍ വികാരങ്ങള്‍ സമ്മതിക്കുകയില്ല. ആ വികാരങ്ങളെ വ്രണപ്പെടുത്തുന്നത് കടുത്ത വഞ്ചനയാണ്.

“പത്തു മാസം ചുമന്നു നൊന്തു പ്രസവിക്കുന്നതിനു കണക്കു പറഞ്ഞ് കൂലി വാങ്ങുന്ന വാടക ഗര്‍ഭപാത്രങ്ങള്‍ സുലഭമാകുന്ന വരും നാളുകളില്‍ പിറക്കാന്‍ പോകുന്നതും പിറന്നു വീണവരുമായ കുലവും വംശവും നാമവും മുഖവുമില്ലാത്ത മനുഷ്യസൃഷ്ടികള്‍ക്കായുള്ള വാത്സല്യമായി എന്റെ പോരാട്ടം ഞാന്‍ സമര്‍പ്പിക്കുന്നു.” അനിത തന്റെ അനുഭവക്കുറിപ്പ് അവസാനിപ്പിക്കുന്നതിങ്ങനെയാണ്.  അതില്‍ വഞ്ചിതയായ ഒരു സ്ത്രീയുടെ സാക്ഷാത്കരിക്കപ്പെടാതെ പോയ മാതൃത്വത്തിന്റെ വേദനകള്‍ മുഴുവനുമുണ്ട്.


RELATED ARTICLE

  • മുസ്ലിം സ്ത്രീയുടെ സൌഭാഗ്യം
  • വിവാഹം നേരത്തെയായാല്‍
  • പ്രത്യുപകാരമല്ല ബന്ധസ്ഥാപനം
  • പെരുകുന്ന പിതൃത്വശങ്കകള്‍
  • വ്യഭിചാരത്തിന് അംഗീകാരം!
  • മലക്കല്ല ഞാന്‍, പെണ്ണെന്നോര്‍ക്കണം
  • മുത്വലാഖ്
  • കായ്ക്കാത്ത മരങ്ങള്‍
  • മക്കള്‍ എന്ന ഭാരം
  • സന്തുഷ്ട കുടുംബത്തിന്റെ അസന്തുഷ്ട കഥ
  • അജാതാത്മാക്കളുടെ നിലവിളികള്‍
  • ശാപമോക്ഷം ലഭിക്കാത്ത അഗ്നിപുത്രിമാര്‍
  • ഉമ്മ! എത്ര മനോഹര പദം!
  • ഇനി ഡിജിറ്റല്‍ ത്വലാഖുകളും
  • കുടുംബ ഭദ്രത
  • വിരഹിയുടെ വ്യാകുലതകള്‍
  • കുടുംബ ബന്ധങ്ങള്‍
  • കുടുംബം: ഘടനയും സ്വഭാവവും