Click to Download Ihyaussunna Application Form
 

 

മക്കള്‍ എന്ന ഭാരം

മക്കള്‍ ഒരു ഭാരമാണോ? ജീവിക്കുന്നതു തന്നെ മക്കള്‍ക്കുവേണ്ടിയാണെന്ന് വിശ്വസിക്കുന്ന,അവര്‍ക്കുവേണ്ടി എത്ര കഠിനമായ ദുരിതത്തെയും അഭിമുഖീകരിക്കാന്‍ തയ്യാറുള്ള മാതാപിതാക്കളുടെ ഒരു പൊതുസമൂഹത്തെ ഈ ചോദ്യം ചൊടിപ്പിക്കാതിരിക്കില്ല.

എന്നാല്‍, തങ്ങളുടെ നിര്‍ബാധമായ ജിവിതാഹ്ളാദങ്ങള്‍ക്ക് തടസ്സമാവുമെന്നതിനാല്‍ മക്കള്‍ തന്നെ വേണ്ടാ എന്നു കരുതുന്ന ഒരു വിഭാഗം പതുക്കെപ്പതുക്കെ നമുക്കു ചുറ്റും വളര്‍ന്നുവരുന്നുണ്ട്. അഭിഭാഷകര്‍, കോളെജ് ലക്ചറര്‍മാര്‍, എഞ്ചിനീയര്‍മാര്‍ തുടങ്ങി അഭിജാത വര്‍ഗത്തില്‍പ്പെട്ട അഭ്യസ്തവിദ്യരായ ദമ്പതികള്‍ ഇക്കൂട്ടരിലുള്ളതായി അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിയും.

എന്തുകൊണ്ടാണ് അവര്‍ കുട്ടികളെ ഒഴിവാക്കാന്‍ ശ്രമിക്കുന്നത്? കുടുംബാസൂത്രണ താല്‍പ്പര്യങ്ങളാണോ കാരണം? അല്ല. ‘നമ്മള്‍ രണ്ട് നമ്മള്‍ക്ക് രണ്ട്’ എന്നു തുടങ്ങുന്ന കുടുംബാസൂത്രണ മുദ്രാവാക്യങ്ങള്‍ക്ക്, കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകള്‍ക്കിടയില്‍, നല്ല പ്രതികരണമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്നത് സത്യമാണ്. സന്താനങ്ങളുടെ എണ്ണം രണ്ടിലോ മൂന്നിലോ പരിമിതപ്പെടുത്തുവാനാഗ്രഹിക്കുന്നവരാണ് ഇന്ന് പലരും. മാനവികമൂല്യങ്ങളെയും മതപരമായ വിധികളെയും ലംഘിക്കാതെ തന്നെ അവര്‍ അത് സാധിക്കുന്നുണ്ട്. ഉള്ള മക്കളെ രാജകുമാരന്മാരെപ്പോലെ വളര്‍ത്തുവാന്‍ അവര്‍ ശ്രമിക്കുന്നു. തങ്ങളുദ്ദേശിക്കുന്ന രീതിയില്‍, രൂപപ്പെടുത്താവുന്ന വിധം ഉള്ളംകയ്യിലിരിക്കുന്ന മെഴുകുരുളകളായി മക്കളെ കാണുന്നവരുമുണ്ട്. പൊതുവെ മക്കള്‍ക്കുവേണ്ടി മരിക്കുവാന്‍ പോലും തയ്യാറുള്ള മാതാപിതാക്കളുടെ തലമുറ അന്യം നിന്നിട്ടില്ല.

അമ്മയുടെ പുത്രസ്നേഹത്തെക്കുറിച്ചുള്ള ഇത്തരം കഥകള്‍ക്ക് കണക്കില്ല. അമ്മയുടെ പാദങ്ങളുടെ ചുവട്ടിലാണ് സ്വര്‍ഗമെന്ന് പ്രവാചകന്‍ പറഞ്ഞു. ‘പും’ എന്ന നരകത്തില്‍ നിന്നു പ്രാണനെ ത്രാണനം (രക്ഷിക്കുന്ന) ചെയ്യുന്നവനാണ് പുത്രനെന്ന് ഹൈന്ദവവേദങ്ങള്‍ പറഞ്ഞു. മക്കളും മാതാപിതാക്കളും  തമ്മിലുള്ള,  ഉണ്ടായിരിക്കേണ്ട വിശുദ്ധ ബന്ധങ്ങളെകുറിച്ച് എല്ലാ മതങ്ങളും സംസ്കാരങ്ങളും ഉദ്ഘോഷിക്കുന്നു. ഏത് തെറ്റിനും മാപ്പു നല്‍കുന്ന കോടതിയെന്ന് മാതൃഹൃദയത്തെ വിശേഷിപ്പിച്ചത് കഴിഞ്ഞ തലമുറയിലെ പ്രശസ്ത മലയാളസാഹിത്യകാരനാണ്.

പിറന്നുവീഴുന്ന നിമിഷം മുതല്‍ കൈ വളരുന്നോ, കാല്‍ വളരുന്നോ എന്നു പേര്‍ത്തും പേര്‍ത്തും സ്വന്തം കുഞ്ഞുങ്ങളെ പോറ്റിവളര്‍ത്തുമ്പോള്‍, അച്ഛനമ്മമാരുടെ മനസ്സില്‍ ലാഭനഷ്ടക്കണക്കുകളില്ല.അത്തരം സ്വാര്‍ഥ ചിന്തകള്‍ക്കപ്പുറത്ത് ഒരുതരം ആത്മീയമായ സായൂജ്യമാണ് അവരനുഭവിക്കുന്നത്. ഇതാണ് മറ്റെല്ലാ ജീവികളില്‍ നിന്നും മനുഷ്യരെ വിഭിന്നരാക്കുന്നത്. ആണും പെണ്ണുമായി, എല്ലാ ജീവികളിലും ഇണകളെ സൃഷ്ടിച്ചിരിക്കുന്നതിന് പിന്നില്‍ സൃഷ്ടാവിന്റെ ഒരു അജണ്ടയുണ്ട്. വംശവൃക്ഷത്തിന്റെ നിലനില്‍പ്പും വളര്‍ച്ചയുമാണത്. പ്രത്യുല്‍പ്പാദനമാണ് അതിന്നടിസ്ഥാനം.

മനുഷ്യര്‍  സാമൂഹ്യജീവിതമാരംഭിച്ചപ്പോള്‍,  എല്ലാ കാര്യങ്ങളിലുമെന്നതുപോലെ ഇണകളുടെ പ്രത്യുല്‍പ്പാദനത്തെ സംബന്ധിച്ചും നിയമങ്ങളുണ്ടായി. ആണും പെണ്ണും തോന്നിയപോലെ ഇണചേര്‍ന്ന്, ജീവിച്ചാല്‍ പോര. അവര്‍ക്ക് പരസ്പരം ചില ഉത്തരവാദിത്വങ്ങളുണ്ടായിരിക്കണം. അതുപോലെ സമൂഹത്തോടും ചില കര്‍ത്തവ്യങ്ങളുണ്ട്. വിവാഹം എന്ന വ്യവസ്ഥാപിതമായ സ്ഥാപനത്തിലൂടെ ആ ബന്ധം ഊട്ടിയുറപ്പിക്കപ്പെട്ടു. വിവാഹബന്ധത്തില്‍ ജനിക്കുന്ന മക്കളോടും മക്കള്‍ക്ക് മാതാപിതാക്കളോടും ചില ബാധ്യതകളുണ്ട്. ഈ അവകാശങ്ങളും ഉത്തരവാദിത്വങ്ങളുമാണ് കുടുംബ ജീവിതത്തെ ഉദാത്തമാക്കുന്നത്.

നൂറ്റാണ്ടുകളായി അംഗീകരിക്കപ്പെട്ട ഈ മൂല്യങ്ങളെയാണ്, മക്കള്‍ തന്നെ വേണ്ടാ എന്നു ശഠിക്കുന്ന പു തിയ വാദക്കാര്‍ നിഷേധിക്കുന്നത്. മക്കളെ പോറ്റിവളര്‍ത്തുവാനുള്ള ഭാരിച്ച പണച്ചെലവുകള്‍, പങ്കപ്പാടുകള്‍, ഇതൊക്കെ എന്തിനു എന്ന് അവര്‍ ചോദിക്കുന്നു. ജീവിതം ആനന്ദിക്കുവാനുള്ളതാണ്, ഇണചേര്‍ന്നും ഭൌതികമായ സുഖസൌകര്യങ്ങള്‍ ആസ്വദിച്ചും ആഹ്ളാദിക്കുവാനുള്ളതാണ്. മക്കളെ പോറ്റാന്‍ ചെലവഴിക്കുന്ന പണംകൂടി സ്വന്തം ആഹ്ളാദങ്ങള്‍ക്കുവേണ്ടി ധൂര്‍ത്തടിക്കാം. പരമാനന്ദം!

തികച്ചും ഭൌതികമായ ഈ ആനന്ദലഹരിക്ക് പരിധിയില്ലെ? ഇണചേരലിന്റെ കേവലാനന്ദങ്ങള്‍ക്കപ്പുറം ജീവിതത്തിന് ചില അര്‍ഥങ്ങളില്ലെ? മൂല്യബോധങ്ങളില്ലെ? ഇത്തരം ചോദ്യങ്ങള്‍ക്കൊന്നും അവര്‍ക്ക് ഉത്തരമില്ല. അനിയന്ത്രിതമായ വ്യക്തിസ്വാതന്ത്യ്രമാണ് അവരാഗ്രഹിക്കുന്നത്. ഉത്തരവാദിത്വങ്ങളില്ലാത്ത  അവകാശബോധം.  അത് തൊഴിലാളി വര്‍ഗത്തെയും  സമൂഹത്തെയും  എത്രമാത്രം അധഃപതിപ്പിച്ചുവെന്ന് നമുക്കറിയാം. കുടുംബജീവിതത്തിലും ചില കര്‍ത്തവ്യബോധങ്ങളുണ്ടാവേണ്ടതുണ്ട്. അതിനെ നിഷേധിക്കുന്ന ഏതൊരു വാദത്തിനും നിലനില്‍പ്പില്ല.

ഒരു കുഞ്ഞിക്കാലിനുവേണ്ടി ആരാധനാലയങ്ങള്‍ തോറും വഴിപാടുകളും നേര്‍ച്ചകളുമായി അലയുന്ന  ദമ്പതികളെ നമുക്കിടയില്‍ കാണാം. ടെസ്റ്റ് ട്യൂബ് ശിശുക്കള്‍ക്കുവേണ്ടിയും വാടകക്ക് കിട്ടുന്ന ഗര്‍ഭപാത്രങ്ങള്‍ക്കു വേണ്ടിയും എത്രപണം ചെലവഴിക്കാനും സന്നദ്ധരായ സ്ത്രീപുരുഷന്മാരുമുണ്ടിന്ന് നമ്മുടെ സമൂഹത്തില്‍. അവര്‍ ക്കിടയില്‍ മക്കള്‍തന്നെ വേണ്ട എന്നു ശഠിക്കുന്നവര്‍ എന്തൊരു വൈരുദ്ധ്യമാണ് !

പാശ്ചാത്യരാജ്യങ്ങളില്‍ വേരു പിടിച്ചു വളര്‍ന്ന അനിയന്ത്രിതമായ വ്യക്തിസ്വാതന്ത്യ്ര വാദത്തിന്റെ അനേകരൂപങ്ങളില്‍ ഒന്നുമാത്രമാണ് മക്കളില്ലാത്ത കുടുംബം എന്ന സങ്കല്‍പ്പം.കുട്ടികളേ ഇല്ലാതിരിക്കാന്‍ നിഷ്കര്‍ഷിക്കുന്ന ദമ്പതികളെക്കുറിച്ച് പതിറ്റാണ്ടുകള്‍ക്കുമുമ്പേ ആല്‍വിന്‍ ടോഫ്ളര്‍ എന്ന സാമൂഹിക ചിന്തകന്‍ പ്രവചിച്ചിരുന്നു. ജനിതകശാസ്ത്രത്തില്‍ നടന്നുകൊണ്ടിരിക്കുന്ന പരീക്ഷണങ്ങള്‍ മാതൃത്വം, പി തൃത്വം എന്നിവ പോലും ചോദ്യം ചെയ്യുന്ന രീതിയിലാണ് പുരോഗമിക്കുന്നത്. ഗര്‍ഭധാരണവും ശിശു പരിപാലനവും തൊഴിലായി സ്വീകരിച്ച പ്രൊഫഷണല്‍ അച്ഛനമ്മമാര്‍, കോര്‍പ്പറേറ്റ് കുടുംബങ്ങള്‍, ഒരിടത്തുതന്നെ തളച്ചിടാതെ സഞ്ചരിച്ചുകൊണ്ടേയിരിക്കുന്ന തൂക്ക് കുടുംബങ്ങള്‍ ഇങ്ങനെ പലതരം കുടുംബരൂപങ്ങള്‍…. യൌവനകാലം ആനന്ദ ലഹരിയില്‍ തിമിര്‍ത്താടിയ ഇണകള്‍ വാര്‍ധക്യ കാലത്തില്‍ സമയം പോക്കുവാന്‍ വേണ്ടി മറ്റാരുടെയോ കുട്ടികളുടെ സംരക്ഷണം തൊഴിലാക്കുമെന്നാണ് ടോഫ്ളറുടെ മറ്റൊരു പ്രവചനം…. ഇതെല്ലാം യാഥാര്‍ഥ്യമായിക്കൊണ്ടിരിക്കുകയാണ്. സംശയിക്കേണ്ട. നമ്മളും പാശ്ചാത്യരെപ്പോലെ ഒരു തുറന്ന സമൂഹമായി മാറിക്കൊണ്ടിരിക്കുകയാണ്.


RELATED ARTICLE

  • മുസ്ലിം സ്ത്രീയുടെ സൌഭാഗ്യം
  • വിവാഹം നേരത്തെയായാല്‍
  • പ്രത്യുപകാരമല്ല ബന്ധസ്ഥാപനം
  • പെരുകുന്ന പിതൃത്വശങ്കകള്‍
  • വ്യഭിചാരത്തിന് അംഗീകാരം!
  • മലക്കല്ല ഞാന്‍, പെണ്ണെന്നോര്‍ക്കണം
  • മുത്വലാഖ്
  • കായ്ക്കാത്ത മരങ്ങള്‍
  • മക്കള്‍ എന്ന ഭാരം
  • സന്തുഷ്ട കുടുംബത്തിന്റെ അസന്തുഷ്ട കഥ
  • അജാതാത്മാക്കളുടെ നിലവിളികള്‍
  • ശാപമോക്ഷം ലഭിക്കാത്ത അഗ്നിപുത്രിമാര്‍
  • ഉമ്മ! എത്ര മനോഹര പദം!
  • ഇനി ഡിജിറ്റല്‍ ത്വലാഖുകളും
  • കുടുംബ ഭദ്രത
  • വിരഹിയുടെ വ്യാകുലതകള്‍
  • കുടുംബ ബന്ധങ്ങള്‍
  • കുടുംബം: ഘടനയും സ്വഭാവവും