Click to Download Ihyaussunna Application Form
 

 

സന്തുഷ്ട കുടുംബത്തിന്റെ അസന്തുഷ്ട കഥ

ഇത് രണ്ടുനൂറ്റാണ്ടു മുമ്പ് കണ്ണൂര്‍ ജില്ലയില്‍ നടന്ന ഒരു യഥാര്‍ഥ സംഭവമാണ്. സ്വന്തം വിശ്വാ സവും ഹിതവും അനുസരിച്ച് കുടുംബജീവിതം നയിക്കുവാന്‍ പര്യേയി എന്ന സാധാരണക്കാരനായ ഒരു മാപ്പിളയും ഉമ്മക്കയ്യ എന്ന ഭാര്യയും നടത്തിയ പോരാട്ടത്തിന്റെ കഥ. കൃത്യമായി പറഞ്ഞാല്‍ 1799 ഏപ്രില്‍ 30 ന് തലശ്ശേരിയിലെ ബ്രിട്ടീഷ് കോടതി മുമ്പാകെ കനിയിലെക്കണ്ടി പര്യേയി ഭാര്യ ഉമ്മക്കയ്യ സമര്‍പ്പിച്ച സങ്കടഹര്‍ജിയില്‍ ഇങ്ങനെ ബോധിപ്പിക്കുന്നു:

“…..എനക്ക മൂന്ന കുട്ടികള്‍ ഉണ്ട്. ആ കുട്ടികള്‍ മൂന്നും അവല ബാപ്പാന കാണാതെടം കൊണ്ട് കഞ്ഞിയും ചൊറും വെയിക്കാതെ സങ്കടം ആയിട്ട ഒരു എടച്ചല്‍ ഇല്ല. അവറോട് മൊഴി മൊങ്ങാന്‍ ഞാന്‍ പറഞ്ഞട്ടും പറയിച്ചിട്ടും ഇല്ല, അതുകൊണ്ട് സായ്പ് അവര്‍കളെ കൃപാ കടാക്ഷം ഉണ്ടായിട്ട എന്റെ മാപ്പിളയും ഞാനും ആയിട്ട മുന്‍മ്പില്‍ സന്തോഷം ആയിട്ട നടന്ന പോരും വണ്ണം ഇപ്പളും മാപ്പിളയും വീടറും ആയിട്ട നടപ്പാന്‍ കല്‍പ്പിച്ച നടത്തിത്തരുകയും വേണം” (തലശ്ശേരി രേഖകള്‍).

ഈ ഹരജിയുടെ സാരാംശം ഇതാണ്: ഞാനും ഭര്‍ത്താവും തമ്മില്‍ യാതൊരു അഭിപ്രായ വ്യത്യാസവും ഇല്ല. മാത്രമല്ല ഞങ്ങളുടെ മക്കള്‍ക്ക് പിതാവിനെ പിരിഞ്ഞിരിക്കാനാവാത്തവിധം സുദൃഢമായ ബന്ധമാണുളള്ളത്. സന്തുഷ്ടിയോടെയും ആരെയും ബുദ്ധിമുട്ടിക്കാതെയും കഴിഞ്ഞുപോരുന്ന ഞങ്ങളെ വേര്‍പിരിക്കാതെ, കുടുംബജീവിതം നയിക്കാന്‍ അനുവദിക്കണം. നിര്‍ബന്ധിതമായ വിവാഹമോചനത്തില്‍ നിന്നു ഞങ്ങളെ ഒഴിവാക്കണം.

ഇത്രയും പറഞ്ഞതുകൊണ്ട് സംഭവത്തിന്റെ യഥാര്‍ഥരൂപം പിടികിട്ടിയിട്ടുണ്ടാവില്ല. കുനിയിലെ ക്കണ്ടി പര്യേയിയും ഉമ്മക്കയ്യയും മൂന്നു മക്കളുമടങ്ങുന്ന സന്തുഷ്ടകുടുംബത്തിലേക്ക് വില്ലനായി കടന്നുവരുന്നത് പക്കി എന്ന ഒരു പോലീസുദ്യോഗസ്ഥനാണ്. ദഗോറ എന്ന് അന്നത്തെ ഉദ്യോഗപ്പേര്. ഉദ്യോഗസ്ഥന്മാര്‍ക്ക്, പ്രത്യേകിച്ചും പോലീസുദ്യോഗസ്ഥന്മാര്‍ക്ക് കൊല്ലിനും കൊ ലക്കും അധികാരമുണ്ടായിരുന്ന കാലം. അക്കാലത്ത് മലബാറിലെ മുസ്ലിം സ്ത്രീകള്‍ പൊ തുവെ ഭര്‍തൃഗൃഹത്തിലല്ല, സ്വന്തം വീട്ടില്‍ത്തന്നെയാണ് താമസിച്ചിരുന്നത്. നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നിടത്തോളം നല്ല മൊഞ്ചത്തിയായിരുന്നിരിക്കണം ഉമ്മക്കയ്യ. അതുകൊണ്ടാ ണല്ലൊ പക്കി എന്ന ദഗോറക്ക് അവളില്‍ കമ്പം തോന്നിയത്. കമ്പം എന്നുപറഞ്ഞാല്‍, ഒഴിയാ ബാധപോലെ പിടികൂടിയ കമ്പം!

ഉമ്മക്കയ്യയുടെ വീട്ടില്‍ രാപ്പാര്‍ക്കാന്‍ താന്‍ വരുന്നുണ്ടെന്ന് പോലീസേമാന്‍ ചൊല്ലിയയച്ചു. പക്കിയുടെ പ്രാന്ത് തിരിച്ചറിഞ്ഞ പര്യേയി ഭാര്യയെ തന്റെ വീട്ടിലേക്ക് കൊണ്ടുപോയി. അപ്പോള്‍ ഉമ്മക്കയ്യയുടെ ഉമ്മക്കു നേരെയായി പക്കിയുടെ രോഷം മുഴുവന്‍. അവരെ ഭീഷണിപ്പെടു ത്തിയിട്ടും തൃപ്തിയടയാതെ അയാള്‍ കള്ളക്കേസില്‍ കുടുക്കി. ഭാര്യയെ മൊഴിചൊല്ലിയാല്‍ കേസില്‍ നിന്നു ഒഴിവാക്കാമെന്നായി ഒടുവില്‍ പ്രലോഭനം. ഇന്ന് ഏതെങ്കിലുമൊരു പോലീസു ദ്യോഗസ്ഥന്‍ ഇങ്ങനെ ഒരധികാര പ്രകടനത്തിനു തയ്യാറാകുമോ ? നമുക്ക് വിശ്വസിക്കുവാന്‍ പ്രയാസം തോന്നും. എന്നാല്‍ അന്നു തിരുവായ്ക്കെതിര്‍വായില്ലാത്ത കാലമായിരുന്നുവല്ലൊ.

പക്ഷേ, പര്യേയി ഭീഷണിക്ക് വഴങ്ങിയില്ല. മൊഴി ചൊല്ലാനുള്ള ഒരഭിപ്രായവ്യത്യാസവും താനും ഭാര്യയും തമ്മില്‍ ഇല്ലാത്ത സ്ഥിതിക്ക്, വിവാഹമോചനത്തിനു നിര്‍ബന്ധിക്കുന്നത് അധാര്‍മിക മാണെന്നു അയാള്‍ വാദിച്ചു. ഭാര്യയാവട്ടെ, തന്റെ മൊഴി ആവശ്യപ്പെട്ടിട്ടില്ലെന്നും വെളിപ്പെ ടുത്തി.

പക്കിയും വാശിയിലായിരുന്നു ദഗോറപ്പണി പോയാലും വേണ്ടില്ല, ഉമ്മക്കയ്യയുടെ മൊഴി വാങ്ങുമെന്ന നിലപാടില്‍ അയാള്‍ ഉറച്ചു നിന്നു. ഇക്കാര്യത്തില്‍ അറയ്ക്കല്‍ ബീവിയുടെ ഭര്‍ത്താവിന്റെ സഹായവും തേടി. എന്നാല്‍, പര്യേയി പാവമാണെന്നും അയാളെ ഒരു കാരണ വശാലും ദ്രോഹിക്കരുതെന്നും ഉപദേശിക്കുകയാണ് അദ്ദേഹം ചെയ്തത്. അത് പക്കിക്ക് സ്വീകാര്യമായിരുന്നില്ലെന്ന് പറയേണ്ടതില്ലല്ലൊ. അയാള്‍ അടവുമാറ്റി. പര്യേയിയുടെ ദൂതനെന്ന നാട്യത്തില്‍ ഒരാളെ വിട്ട് ഉമ്മക്കയ്യയെ അവളുടെ വീട്ടിലേക്ക് വിളിപ്പിച്ചു. ‘അഞ്ചുപണവും തുണിയും അരിയും കെട്ടി മുക്രിയുടെ കയ്യില്‍ കൊടുത്ത്, ബലം പ്രയോഗിച്ച് മൊഴി വാ ങ്ങുവാനും ചുറ്റുപാടുമുള്ള മുസ്ലിം കുടുംബങ്ങളെ ഭീഷണിപ്പെടുത്തി പര്യേയിയെ ഒറ്റപ്പെടു ത്താനുമായി അയാളുടെ ശ്രമം. പ്രശ്നം വഷളായപ്പോള്‍, തലശ്ശേരികോടതി ഇടപെട്ടു.

ഭാര്യാഭര്‍ത്താക്കന്മാരുടെ സമ്മതമില്ലാതെയുള്ള വിവാഹമോചനം അനുവദനീയമാണോ എന്നറിയാന്‍ കണ്ണൂര്‍ ജുമാഅത്തു പള്ളി ഖാസിയുടെ ഉപദേശം തേടി, കോടതി. ദമ്പതികള്‍ തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലാതെ വന്നാല്‍ മറ്റുള്ളവര്‍ ഇടപെട്ട് അവരെ ഇണക്കുവാന്‍ ശ്രമിക്കണമെന്നും അത് പരാജയപ്പെട്ടാല്‍ മാത്രമേ മൊഴി അനുവദനീയമാകുന്നുള്ളൂവെന്നുമായിരുന്നു ഖാസി യുടെ വിശദീകരണം :

‘ഒരുത്തെ കെട്ടിയവളെ മറ്റൊരുത്താന്‍ കെട്ടുവാന്‍ ശ്രമിക്കുന്നത് ഇസ്ലാമാമാര്‍ക്കത്തില്‍ കുറ്റം അത്രെ.’

ഇത്ര അസന്നിഗ്ധമായ ഒരു മതവിധിയുണ്ടായിട്ടും പക്കി തന്റെ കുത്സിതശ്രമം ഉപേക്ഷിച്ചില്ല. കണ്ണൂര്‍ ഖാസിയുടെ ഫത്വ അവഗണിച്ച്, തലശ്ശേരി ഖാസിയെ അനുകൂലമാക്കിയെടുക്കാന്‍ അവിടത്തെ ദഗോറ കുഞ്ഞിപ്പക്കിയെ ഏല്‍പിച്ചു. വീണ്ടും കേസ് കോടതിയിലെത്തി. ഈ സന്ദ ര്‍ഭത്തിലാണ് പര്യേയിയും ഉമ്മക്കയും യാതൊരു സ്വരക്കേടുമില്ലാതെ സ്നേഹത്തോടും സന്തോഷത്തോടുംകൂടി ജീവിക്കുന്ന തങ്ങള്‍ ഒരു കാരണവശാലും വേര്‍പിരിയാനാഗ്രഹി ക്കുന്നില്ലെന്ന് കോടതിയെ ബോധിപ്പിച്ചത്. മൊഴിചൊല്ലാന്‍ നിര്‍ബന്ധിക്കപ്പെട്ടാല്‍ കടലിലൊ പുഴയിലോ ചാടി താന്‍ ആത്മാഹുതി ചെയ്യാന്‍ മടിക്കയില്ലെന്നും ഉമ്മക്കയ്യ വ്യക്തമാക്കി. പക്കി എന്ന ദഗോറയെ പരിസരങ്ങളിലൊന്നും കണ്ടുപോകരുതെന്ന താക്കീതോടെയാണ് കോടതി വിധിയെഴുതിയത്.

ഉദ്യോഗസ്ഥന്മാര്‍ക്ക് എന്തിനും കഴിയുമായിരുന്ന കാലത്ത്, തങ്ങളുടെ ഹിതവും സ്നേഹവും കുടുംബഭദ്രതയും പരിരക്ഷിക്കുവാന്‍ മനക്കരുത്തോടെ പൊരുതി നിന്ന ആ മാപ്പിളദമ്പതിക ളുടെ ഇച്ഛാശക്തി, നമ്മുടെയെല്ലാം സ്നേഹാദരങ്ങളര്‍ഹിക്കുന്നില്ലേ?

തലശ്ശേരിരേഖകള്‍ പരിശോധിച്ച പത്രപ്രവര്‍ത്തകനും ഗവേഷകനുമായ അനില്‍കുമാര്‍ എ വി യാണ് ഈ പോരാട്ടത്തിന്റെ കഥ വ്യക്തമാക്കിയത്. സന്ദര്‍ഭത്തിനൊപ്പം ഉയര്‍ന്ന്, പ്രതികൂലാവ സ്ഥകളോട് പൊരുതി നില്‍ക്കാനുള്ള മാപ്പിളപ്പെണ്ണിന്റെ മനഃസ്ഥൈര്യം ശ്രദ്ധേയമാണ്. അതോടൊപ്പം തന്നെ, ഉദ്യോഗസ്ഥ സമ്മര്‍ദ്ദങ്ങള്‍ക്കും ശാഠ്യങ്ങള്‍ക്കും വഴങ്ങിക്കൊടുക്കാത്ത ന്യായാധിപന്മാരും മത പണ്ഢിതന്മാരും അക്കാലത്തും ഉണ്ടായിരുന്നുവെന്ന് കൂടി പര്യേയിക്കഥ സ്പ ഷ്ടമാക്കുന്നു.


RELATED ARTICLE

 • മുഹര്‍റം
 • ലേഖനങ്ങള്‍
 • പ്രതിദിന ദിക്റുകള്‍
 • എല്ലാദിവസവും ചൊല്ലേണ്ട ദുആ
 • ആത്മീയ ചികിത്സ
 • നബി(സ്വ) യുടെ ആഹാര ക്രമം
 • മരുന്നും മറുമരുന്നും
 • കൃത്രിമാവയവങ്ങള്‍
 • ഡയാലിസിസ്
 • മുസ്ലിം സ്ത്രീയുടെ സൌഭാഗ്യം
 • വിവാഹം നേരത്തെയായാല്‍
 • പ്രത്യുപകാരമല്ല ബന്ധസ്ഥാപനം
 • പെരുകുന്ന പിതൃത്വശങ്കകള്‍
 • വ്യഭിചാരത്തിന് അംഗീകാരം!
 • മലക്കല്ല ഞാന്‍, പെണ്ണെന്നോര്‍ക്കണം
 • മുത്വലാഖ്
 • കായ്ക്കാത്ത മരങ്ങള്‍
 • മക്കള്‍ എന്ന ഭാരം
 • സന്തുഷ്ട കുടുംബത്തിന്റെ അസന്തുഷ്ട കഥ
 • അജാതാത്മാക്കളുടെ നിലവിളികള്‍
 • ശാപമോക്ഷം ലഭിക്കാത്ത അഗ്നിപുത്രിമാര്‍
 • ഉമ്മ! എത്ര മനോഹര പദം!
 • ഇനി ഡിജിറ്റല്‍ ത്വലാഖുകളും
 • കുടുംബ ഭദ്രത
 • വിരഹിയുടെ വ്യാകുലതകള്‍
 • കുടുംബ ബന്ധങ്ങള്‍
 • കുടുംബം: ഘടനയും സ്വഭാവവും
 • സ്നേഹന്ധവും പരിഗണനയും
 • സമൂഹം: ക്രമവും വ്യവസ്ഥയും
 • തൊട്ടതിനൊക്കെ സത്യം വയ്യ
 • സദ്യയും വിരുന്നും
 • സഭാ മര്യാദകള്‍
 • ഐശ്വര്യവാന്‍
 • ദരിദ്രന്‍
 • ആള്‍ ദൈവങ്ങള്‍
 • ഇസ്‌ലാമും പരിസരശുചിത്വവും
 • ഇസ്‌ലാമും യുദ്ധങ്ങളും
 • ഇസ്‌ലാം സമ്പൂര്‍ണ്ണ മതം