Click to Download Ihyaussunna Application Form
 

 

രണ്ടാം ക്ളാസിലേക്ക്…

താങ്കളിപ്പോള്‍ ഏതു ക്ളാസിലാണ്? ‘ക്ളാസ്’ എന്ന് പറയുമ്പോള്‍ ആശയക്കുഴപ്പം വേണ്ട. നന്മയുടെ,വിശുദ്ധിയുടെ,ഭക്തിയുടെ, ആത്മീയതയുടെ ഏതു ക്ളാസിലിരിക്കുന്നു? ചിന്തിച്ചിട്ടുണ്ടോ? താങ്കള്‍ ഒന്നാം ക്ളാസുകാരനാണെന്ന് പറയാം.

ഏതൊരു വ്യക്തിയുടെയും വ്യക്തിത്വത്തിന്റെ വര്‍ത്തമാനകാല നിലവാരമാണ് ‘ഒന്നാംക്ളാസ്.’ വ്യത്യസ്ത നിലവാരങ്ങളിലുള്ള ഒന്നാം ക്ളാസുകാരാണെല്ലാവരും.  ചിലര്‍  അത്യുന്നത നിലവാരമുള്ളവരായിരിക്കും. മറ്റുചിലര്‍ തീരേ നിലവാരമില്ലാത്തവരും. വേറെചിലര്‍ ഇടത്തരം  നിലവാരത്തിലുള്ളവരുമായിരിക്കും.

ഒരാള്‍ എത്ര ഉന്നത വ്യക്തിത്വത്തിന്റെ ഉടമയാണെങ്കിലും വീണ്ടും അയാള്‍ക്ക് ഉയരാന്‍ കഴിയും. അല്‍പം കൂടെ മുന്നോട്ടു നീങ്ങുക. കുറച്ചുകൂടി നന്മയും മേന്മയും ആര്‍ജിക്കാന്‍ ശ്രമിക്കുക. ഈ ശ്രമം ഒരു പരീക്ഷയാണ്. അത് വിജയിച്ചാല്‍ ക്ളാസ്കയറ്റം ലഭിക്കും. അപ്പോള്‍ രണ്ടാം ക്ളാസുകാരനാവാം. താന്താങ്ങളുടെ നിലവാരത്തിനനുസരിച്ചുള്ള രണ്ടാം ക്ളാസിലേക്ക് എല്ലാവര്‍ക്കും കയറാം. നിലവിലുള്ള നിലവാരത്തില്‍ നിന്ന് പടിപടിയായി ഉയരാന്‍ ശ്രമിക്കണം. ഇപ്പോള്‍  വെള്ളിയാണെങ്കില്‍ അടുത്ത നിമിഷം/ ദിവസം സ്വര്‍ണമാകാന്‍ കഴിയണം. ഇപ്പോള്‍ സ്വര്‍ണമാണെങ്കില്‍ തങ്കമാണ് രണ്ടാംക്ളാസ്.

എപ്പോഴും മുന്നോട്ടുനീങ്ങാന്‍, കൂടുതല്‍ മാന്യനാവാന്‍, കുറേക്കൂടി ഭക്തനാവാന്‍, സ്രഷ്ടാവിന്റെ  സാമീപ്യവും അവനെക്കുറിച്ച അറിവും ആത്മീയാനുഭൂതിയും നേടിയെടുക്കാന്‍ ശ്രമിക്കുക.  അലസമായ ശ്രമമല്ല, ഗൌരവതരവും ശക്തവുമായ നീക്കങ്ങളാണുണ്ടാവേണ്ടത്. അക്ഷരാര്‍ഥത്തില്‍ അനന്തസാധ്യതയാണിത്. ഈ സാധ്യതകള്‍ ഉപയോഗപ്പെടുത്തുകയാണ് ശരിയായ മാനുഷിക ധര്‍മം.

ഖുര്‍ആന്‍ ബോധ്യപ്പെടുത്തുന്നു: “നിങ്ങളിലെ വിശ്വാസികളുടെയും, വിജ്ഞാനം പ്രദാനം ചെയ്യപ്പെട്ടവരുടെയും പദവികള്‍ അല്ലാഹു ഉയര്‍ത്തിക്കൊണ്ടിരിക്കുന്നു. അല്ലാഹു നിങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സൂക്ഷ്മജ്ഞനുമാണ്” (വി.ഖു. 58/11). വിശുദ്ധിയുടെ ഉന്നത തലങ്ങളിലേക്ക് നിരന്തരമുയരാന്‍ ഈ വചനത്തിലൂടെ വിശുദ്ധഖുര്‍ആന്‍ മനുഷ്യന് മാര്‍ഗ ദര്‍ശനവും    പ്രചോദനവും നല്‍കുന്നു.

ഈ ക്ളാസ്കയറ്റത്തിന്റെ യോഗ്യത സത്യവിശ്വാസമാണ്. ഏക ഇലാഹിലുള്ള യഥാര്‍ഥ വിശ്വാസം. യോഗ്യത മാത്രമല്ല  ചാലകശക്തിയും സമ്മര്‍ദവും കൂടിയാണത്. ഒട്ടും മുന്നോട്ട് ചലിക്കാത്ത വ്യക്തിയുടെ വിശ്വാസം അപൂര്‍ണമോ രോഗബാധയുള്ളതോ ആയിരിക്കണം. സത്യവിശ്വാസത്തെ വിശുദ്ധഗ്രന്ഥം ഉപമിച്ചിരിക്കുന്നത് വളര്‍ന്നു പന്തലിക്കുന്ന മഹാവൃക്ഷത്തോടാണ്.

“വിശുദ്ധവാക്യത്തെ എപ്രകാരമാണ് അല്ലാഹു ഉപമിച്ചിരിക്കുന്നതെന്ന് നീ ചിന്തിക്കുന്നില്ലേ? മഹാവൃക്ഷത്തെ പോലെയാണത്. അതിന്റെ അടിവേരുകള്‍ രൂഢമൂലമാണ്. ശിഖരങ്ങള്‍ അത്യുന്നതിയിലുമാണ്. അത് നാഥന്റെ അനുവാദപ്രകാരം എക്കാലത്തും ഫലം നല്‍കുന്നു. ജനങ്ങള്‍ ഉദ്ബുദ്ധരാകുന്നതിനായി അല്ലാഹു ഉപമകള്‍ വിവരിക്കുന്നു” (വി.ഖു. 14/24).

ശരിയായ വിശ്വാസത്തിന്റെ ആരോഗ്യമുള്ള വിത്ത് ശുദ്ധമായ ആത്മാവില്‍ വിതക്കപ്പെട്ടാല്‍ അത് മുളയ്ക്കും,തളിരെടുക്കും, പൂത്തുലയും, വളര്‍ന്നുപന്തലിക്കും. ഉന്നതങ്ങളിലേക്ക് ഉയര്‍ന്നുകൊണ്ടിരിക്കും. എക്കാലവും ഫലം വിളയും.

“നല്ല ഭൂമി നാഥന്റെ അനുമതിയാല്‍ വിള നല്‍കന്നു. ചീത്ത ഭൂമി ശുഷ്കിച്ച വിളമാത്രമേ നല്‍ കുന്നുള്ളൂ. അപ്രകാരമാണ് കൃതജ്ഞരായ ജനങ്ങള്‍ക്കുവേണ്ടി നാം ദൃഷ്ടാന്തങ്ങള്‍ വിവരിക്കുന്നത്’ (വി.ഖു. 7/58).

വിശ്വാസി അതിരാവിലെ എഴുന്നേല്‍ക്കുന്നു. ശുദ്ധിവരുത്തി നിസ്കരിക്കുന്നു. തക്ബീറില്‍ തുടങ്ങി നിസ്കാരത്തിലെ വൈവിധ്യമാര്‍ന്ന, കര്‍മങ്ങളിലൂടെ കൂടുതല്‍ ഉയരുന്നു. അല്ലാഹുവോട് അടുക്കുന്നു. അതാണ് സുജൂദ്. ആദ്യത്തെ സുജൂദ് നിര്‍വഹിച്ചു കഴിഞ്ഞാല്‍ തന്റെ സമീപസ്ഥനായ സര്‍വനാഥനോട് അവര്‍ ചോദിക്കുന്നത്  ‘എന്നെ നീ ഉയര്‍ത്തണേ’ എന്നാണ്.

മധ്യാഹ്നത്തില്‍, സായാഹ്നത്തില്‍, രാത്രികളില്‍ എല്ലാം നിസ്കാരങ്ങള്‍ നിര്‍വഹിക്കുന്നു. അപ്പോഴെല്ലാം അവന്‍ ആവശ്യപ്പെടുന്നു. ‘എന്നെ നീ ഇനിയും ഉയര്‍ത്തേണമേ’. എപ്പോഴും ഉയരത്തിലേക്കാണ് മനുഷ്യന്റെ നോട്ടവും തേട്ടവുമെന്നു വ്യക്തം. സാധ്യമായ നന്മയും പുണ്യങ്ങളുമെല്ലാം സ്വാംശീകരിച്ച മഹാവ്യക്തിയും നിസ്കരിക്കണം. ഉത്തരോത്തരം ഉയരാന്‍ പ്രാര്‍ഥിക്കണം. ഇത്രയൊക്കെ ആയല്ലോ, അതുമതി. ഇനി ഉയരാനില്ല’ എന്ന് ചിന്തിക്കാന്‍ പഴുതില്ല. ഉയര്‍ച്ചയിലേക്കുള്ള  പ്രയാണത്തിന് അറുതിയോ ഇടവേളയോ ഇല്ല.

നിസ്കാരം തന്നെ ഈ ക്ളാസുകയറ്റത്തിനുള്ള മാര്‍ഗവും പരിശ്രമവുമാണ്. നിവര്‍ന്നു നിന്ന് നിസ്കാരമാരംഭിക്കുന്ന വിശ്വാസി ഭക്തിയുടെ ആധിക്യത്താല്‍ കുനിയുന്നു. അവിടെയും നില്‍ക്കാതെ കൂടുതല്‍ വിശുദ്ധതലങ്ങള്‍ കീഴടക്കി സുജൂദില്‍ വീഴുന്നു. അതിനുശേഷവും അവന്‍ പ്രാര്‍ഥിക്കുന്നത് ‘ഉയര്‍ത്തേണമേ’ എന്നാണ്. അല്ലാഹു അക്ബര്‍ കൊണ്ട് ഉയര്‍ച്ച തുടങ്ങുകയും  തുടരുകയും ചെയ്യുന്ന വിശ്വാസി അല്ലാഹുവിന്റെ മുന്നിലെത്തി കാണിക്ക സമര്‍പ്പിക്കുന്ന ആത്മാനുഭവമാണ് അത്തഹിയ്യാതുല്‍ മുബാറകാതു….(കാണിക്കകളെല്ലാം അല്ലാഹുവിന്…).

പ്രപഞ്ചത്തിന്റെയും മനുഷ്യന്റെയും ഉടമയും സര്‍വനാഥനുമായ അല്ലാഹുവിന്റെ സുന്ദരനാമങ്ങളില്‍ സുപ്രധാനമായതാണ് ‘റബ്ബ്’. പടിപടിയായി ഉയര്‍ത്തിക്കൊണ്ടുവരുന്നവന്‍ എന്നാണതിന്റെ താല്‍പര്യം. അല്ലാഹു തന്റെ സവിശേഷ സൃഷ്ടികളായ മനുഷ്യര്‍ക്ക് നല്‍കിയ സന്ദേശമാണല്ലോ വിശുദ്ധ ഖുര്‍ആന്‍. വിശുദ്ധ വചനങ്ങളില്‍ ‘റബ്ബ്’ നിരന്തരം ആവര്‍ത്തിക്കപ്പെടുന്നു. ആയിരത്തി ഇരുനൂറിലധികം തവണ ! വിശുദ്ധഖുര്‍ആനിലെ ആദ്യത്തെ അധ്യായത്തിലും (അല്‍ഫാത്തിഹഃ) അവസാനത്തെ അധ്യായത്തിലും ‘റബ്ബി’ന്റെ സജീവ സാന്നിധ്യം കാണാം.’റബ്ബി’ന് പൂര്‍ണമായും വിധേയരാവാന്‍ അഥവാ ‘റബ്ബാനി’കളാകാന്‍ വ്യക്തമായി കല്‍പ്പിക്കുകയും ചെയ്യുന്നു. “നിങ്ങള്‍ വിശുദ്ധഗ്രന്ഥം അധ്യാപനം ചെയ്തും അധ്യയനം ചെയ്തും റബ്ബാനികളായിത്തീരുവീന്‍” (വി.ഖു. 3/79).

ഒന്നിനുപിറകെ മറ്റൊന്നായി  ഉയരങ്ങള്‍ താണ്ടുന്ന മനുഷ്യന് ഇടക്ക് തന്റെ പരിമിതി ബോധ്യപ്പെടുന്നു. ഇഹലോകം തന്റെ ഉയര്‍ച്ചക്ക് അപര്യാപ്തമാണെന്ന വസ്തുത തിരിച്ചറിയുന്നു. കൂടുതല്‍ സ്വതന്ത്രവും വിശാലവുമായ ഒരു ലോകത്തേക്ക് നീങ്ങാന്‍ അവന്‍ വെമ്പല്‍ കൊള്ളുന്നു. ഇഹലോകമോ പരലോക ഉയര്‍ച്ചയോ വേണ്ടതു തിരഞ്ഞെടുക്കാന്‍ അല്ലാഹു നബി (സ്വ) ക്ക് സ്വാതന്ത്യ്രം നല്‍കി.അവിടുന്ന് പരലോക ഉയര്‍ച്ച തിരഞ്ഞെടുത്തു. നബി (സ്വ) യുടെ വഫാതുമായി ബന്ധപ്പെട്ട ഹദീസ് ഇത് വ്യക്തമാക്കുന്നുണ്ട്. ചുരുക്കത്തില്‍ മരണമില്ലാത്ത ലോകത്തെ ഉയര്‍ച്ച സ്വീകരിക്കാന്‍വേണ്ടി മരണത്തെ സ്വാഗതം ചെയ്യാനായിരുന്നു നബിതിരുമേനിയുടെ തീരുമാനം. പുതിയ തലത്തിലേക്ക് ജീവിതത്തെ മാറ്റിസ്ഥാപിക്കുന്ന പ്രക്രിയ മാത്രമാണ് വിശ്വാസിക്കു മരണം. ഏറ്റവും ഉയര്‍ന്ന കൂട്ടുകാരിലേക്ക് (അല്‍റഫീഖല്‍അഅ്ലാ) എന്ന് അവസാനമായി പറഞ്ഞുകൊണ്ടായിരുന്നല്ലോ അവിടുത്തെ ഭൌതിക ജീവിതത്തിന് തിരശ്ശീല വീണത് (ബുഖാരി, മുസ്ലിം). “നിശ്ചയം, പരലോകമാണ് യഥാര്‍ഥ ജീവിതം. അവര്‍ അറിയുന്നുവെങ്കില്‍” (വി.ഖു. 29/64) എന്ന ബോധനത്തിന്റെ ആശയം ഇവിടെ കൂടുതല്‍ സ്പഷ്ടമാകുന്നു.

സര്‍വശക്തനായ റബ്ബ് മനുഷ്യരെ പടിപടിയായി ഉയര്‍ത്തുന്നതിനു വിവിധ മാര്‍ഗങ്ങള്‍ സംവിധാനിച്ചിരിക്കുന്നു. ബുദ്ധി നല്‍കി മനുഷ്യനെ അനുഗ്രഹിച്ചു. അവന്റെ വിശുദ്ധ സന്ദേശങ്ങള്‍ പുണ്യപ്രവാചകര്‍ മുഖേന പ്രബോധനം ചെയ്തു. അമാനുഷികതയിലൂടെ അവയുടെയും അവരുടെയും ആധികാരികതയും ഔദ്യോഗികാംഗീകാരവും ബോധ്യപ്പെടുത്തി. ഉയര്‍ച്ചയുടെ മികവും വേഗതയും ഉറപ്പുവരുത്തുന്ന ആരാധനാമുറകള്‍ നിര്‍ദേശിച്ചു. മാതൃകാപുരുഷരെയും മഹാഗുരുക്കളെയും പ്രവര്‍ത്തനരംഗത്ത് സജ്ജരാക്കി. ഉയരാന്‍ സന്നദ്ധരായവരോട് ഉദാരവും സുതാര്യവുമായ സമീപനം സ്വീകരിച്ചു. ഒരു ചാണ്‍ അങ്ങോട്ട് അടുക്കാന്‍ ശ്രമിക്കുന്നവരോട് ഒരു മുഴം ഇങ്ങോട്ട് അടുക്കുന്ന ഇലാഹീ സമീപനം. ചോദിച്ചുവാങ്ങാന്‍ പ്രാര്‍ഥനയുടെ കവാടങ്ങള്‍ മലര്‍ക്കെ തുറന്നുവെച്ചു. ഉയര്‍ച്ചയുടെ ഓരോ ചുവടിനും മഹാപ്രതിഫലങ്ങള്‍ വാഗ്ദാനം ചെയ്തു.

ഈ വിധം ഉത്തരോത്തരം ഉയരാന്‍ അനവധി അനുകൂലമായ സാഹചര്യങ്ങള്‍ ഉണ്ടായിട്ടും തന്റെ നിലവിലുള്ള അവസ്ഥയില്‍ അലസമായി കഴിഞ്ഞുകൂടുന്നത് മഹാപാതകമാണ്.”ഒരു വ്യക്തിയുടെ രണ്ട് ദിവസങ്ങള്‍ സമാനമാണെങ്കില്‍ അവന്‍ നഷ്ടം സംഭവിച്ചവനാണ്. ഒന്നാമത്തെ ദിവസത്തേക്കാള്‍ രണ്ടാമത്തെ ദിവസം ചീത്തയായാല്‍ ശപിക്കപ്പെട്ടവനുമാണ്.” (ഹദീസ്) ഇന്നലത്തേതിനേക്കാള്‍ എന്തെങ്കിലും നന്മ ഇന്നത്തെ ജീവിതത്തില്‍ തുന്നിച്ചേര്‍ത്തുവോ, എന്തെങ്കിലും തിന്മ തിരസ്കരിച്ചുവോ? നാം ചിന്തിക്കേണ്ട ഗൌരവമേറിയ പ്രശ്നമാണിത്. ഉയരങ്ങള്‍ കീഴടക്കാനുള്ള അടിസ്ഥാനയോഗ്യത സത്യവിശ്വാസമാണെന്ന് കണ്ടല്ലോ. അതില്ലാതിരിക്കുമ്പോള്‍ വിപരീതഫലമുണ്ടാകുന്നു. അഥവാ തരംതാഴുന്നു. ഖുര്‍ആന്‍ സവിസ്തരം വ്യക്തമാക്കുന്നതുകാണുക:

“അത്തിയും ഒലീവും സീനാപര്‍വതവും ഈ നിര്‍ഭയനാടും സത്യം! നിശ്ചയമായും അതീവ സുന്ദര ആകാരത്തിലാണ് നാം മനുഷ്യരെ സൃഷ്ടിച്ചിരിക്കുന്നത്. പിന്നീട് നാം അവരെ അധമരില്‍ അധമരാക്കിത്തീര്‍ക്കുന്നു. ‘വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യുന്നവരൊഴിച്ച്. അവര്‍ക്ക് അറ്റമില്ലാത്ത പ്രതിഫലമുണ്ട്” (വി.ഖു. 95/1-6).

ചിന്തിക്കുക. നമുക്കെന്നും ഇങ്ങനെ ഒന്നാം ക്ളാസില്‍ തന്നെ ചടഞ്ഞിരുന്നാല്‍ മതിയോ? മനുഷ്യത്വത്തെ അപമാനിക്കുന്ന ഈ അലസത തിരുത്താന്‍ സമയമായില്ലേ? ഉയര്‍ച്ചയുടെ സോപാനങ്ങള്‍ നമ്മെ കാത്തുകിടക്കുന്നു. നമ്മുടെ ഭാഗത്തുനിന്നുള്ള അനുകൂല പ്രതികരണവും കാത്ത്, ഉണരുക. ഉയരാന്‍ സന്നദ്ധനായ മനുഷ്യനുള്ള ഏറ്റവും മികച്ച  സന്ദേശമാണ് വിശുദ്ധ ഖുര്‍ആന്‍.


RELATED ARTICLE

  • എന്തിനാണ് വിദ്യ?
  • വളര്‍ച്ചാക്രമം
  • രണ്ടാം ക്ളാസിലേക്ക്…
  • ശക്തന്‍
  • പ്രവാചക ഫലിതങ്ങള്‍
  • അനുവദനീയം; പക്ഷേ…
  • പ്രവാചകന്റെ ചിരികള്‍
  • മനുഷ്യ ജീവിതം: സാധ്യതയും പ്രയോഗവും
  • ചിരിയുടെ പരിധികള്‍
  • ഫലിതത്തിന്റെ സീമകള്‍
  • കോപത്തിനു പ്രതിവിധി
  • പ്രതിഭാശാലി
  • ധര്‍മത്തിന്റെ മര്‍മം
  • വ്യഭിചാരക്കുറ്റം ആരോപിക്കല്‍
  • വിദ്വേഷം സൃഷ്ടിക്കല്‍
  • ശവം തീനികള്‍
  • സത്യസന്ധത
  • പരദൂഷണം
  • നിരപരാധരുടെ പേരില്‍ കുറ്റം ചുമത്തല്‍
  • നാവിന്റെ വിപത്തുകള്‍
  • മഹാത്മാക്കളെ അധിക്ഷേപിക്കല്‍
  • കൃത്രിമ സ്വൂഫികള്‍
  • കരാര്‍ പാലനം
  • കപട വേഷധാരികള്‍
  • കപടസന്യാസികള്‍
  • കളവുപറയല്‍
  • ഇരുമുഖ നയം
  • ഗീബത്ത് അനുവദനീയം
  • അനീതിക്കരുനില്‍ക്കല്‍
  • ആത്മ വിശുദ്ധി