Click to Download Ihyaussunna Application Form
 

 

പ്രവാചക ഫലിതങ്ങള്‍

രിക്കല്‍ നബി (സ്വ) അനസുബ്നു മാലികി (റ) നെ ഇരു ചെവിയാ എന്നു വിളിച്ചു(തുര്‍മുദി 1992, അബൂദാവൂദ് 502). എല്ലാവര്‍ക്കുമുണ്ടല്ലോ രണ്ടുചെവി എന്നിരിക്കേ അനസിനെ ‘ഇരുചെവിയാ’ എന്നു വിളിച്ചത് എന്തിന്? അതു തമാശയ്ക്കു വേണ്ടിത്തന്നെ. അതോടൊപ്പം ഒരു കാര്യവും അതിലുണ്ട്. അതീവ ശ്രദ്ധയും ജാഗ്രതയും ഉള്ളയാളാണ് അനസ് (റ) എന്ന പ്രശം സയാണത്(ബദ്ലുല്‍ മജ് ഹൂദ് 10/240). ഒരാള്‍ തിരുമേനിയുടെ അടുത്തുവന്ന് ഒരു വാഹനം ആവശ്യപ്പെട്ടു.”ഒരു പെണ്‍ ഒട്ടകക്കുട്ടിയെ നിനക്കു ഞാന്‍ വാഹനമായി നല്‍കാം.” എന്ന് അവിടുന്നു പറഞ്ഞു. (ഒട്ടകക്കുട്ടിയുടെ പുറത്തെങ്ങനെ കയറും എന്ന ആശങ്കയോടെ) അദ്ദേഹം ചോദിച്ചു:”അല്ലാഹുവിന്റെ തിരുദൂതരേ പെണ്ണൊട്ടകക്കുട്ടിയെ ഞാനെന്തു ചെയ്യും?!” അപ്പോള്‍ റസൂല്‍ പറഞ്ഞു: “പെണ്ണൊട്ടകങ്ങളല്ലാതെ ഒട്ടകങ്ങളെ പ്രസവിക്കുമോ?” (അബൂദാവൂദ് 4998, തുര്‍മുദി 1991). ഒട്ടകം ചെറുതായാലും വലുതായാലും പെണ്ണൊട്ടകത്തിന്റെ കുട്ടികള്‍ തന്നെ. ഒരു തമാശാരീതിയിലായിരുന്നു നബി ഇതു പറഞ്ഞത്. അതിലും കാര്യം അടങ്ങിയിട്ടുണ്ട്. അതു മറ്റൊന്നുമല്ല, ചിന്തിച്ചേ പ്രതികരിക്കാവൂ. ഉദ്ദേശ്യം വേണ്ടവിധം മനസ്സിലാകാതെ ഖണ്ഢിക്കരുത്. വേണ്ടവിധം ചിന്തിച്ചിരുന്നുവെങ്കില്‍ സ്വഹാബി ആശങ്കിക്കേണ്ടിയിരുന്നില്ല (മിശ്ഖാത്ത് 9/171).

അനസ് (റ) നു അബൂ ഉമൈര്‍ എന്ന ഒരു കൊച്ചു സഹോദരനുണ്ടായിരുന്നു. അവനു കളിക്കാനായി ഒരു കുരുവിയുണ്ടായിരുന്നു. കുരുവി ഒരു ദിവസം ചത്തു പോയി. അവന്‍ ദുഃഖിച്ചിരിപ്പായി. അപ്പോഴാണ് നബി (സ്വ) അനസ് (റ) ന്റെ വീട്ടില്‍ ചെല്ലുന്നത്. (അനസ് നബി (സ്വ)യുടെ വേലക്കാരനായതു കൊണ്ടും അനസ് (റ) ന്റെ മാതാവ് ഉമ്മുസുലൈം നബി (സ്വ) യുടെ മുലകുടി ബന്ധത്തിലെ മാതൃസഹോദരി ആയത് കൊണ്ടും തിരുമേനി ഇടക്കിടെ അവരുടെ വീട്ടില്‍ പോകാറുണ്ടായിരുന്നു.) ദുഃഖിച്ചിരിക്കുന്ന കുട്ടിയോട് അവിടുന്ന് ഒരു തമാശ പറഞ്ഞു : “അബൂ ഉമൈര്‍, കുരുവി എന്ത് ചെയ്തു?!” (ബുഖാരി 6203, മുസ്ലിം 2150).

‘സാഹിറ്ബ്നു ഹറാം’ എന്ന ഗ്രാമീണനായ സ്വഹാബി ഗ്രാമത്തില്‍ നിന്നു പല വസ്തുക്കളും പ്രവാചകര്‍ക്കു ഹദ്യയായി കൊണ്ടു വന്നു കൊടുക്കാറുണ്ട്. അദ്ദേഹം തിരിച്ചു പോകാന്‍ ഉദ്ദേശിച്ചാല്‍ അദ്ദേഹത്തിന് വേണ്ട യാത്രാ സന്നാഹങ്ങള്‍ പ്രവാചകന്‍ ഒരുക്കിക്കൊടുക്കുകയും ചെയ്യും. അവിടുന്ന് ഒരിക്കല്‍ പറയുകയുണ്ടായി. സാഹിര്‍ നമ്മുടെ ഗ്രാമീണനും നാം അവന്റെ പട്ടണവാസികളുമാണ്. (അദ്ദേഹം മുഖേന നമുക്ക് ഗ്രാമീണ വസ്തുക്കള്‍ കിട്ടുന്നു. നാം മുഖേന അദ്ദേഹത്തിന് നാഗരിക വസ്തുക്കളും ലഭിക്കുന്നു.) നബി (സ്വ) ക്ക് അദ്ദേഹത്തോട് വലിയ ഇഷ്ടമായിരുന്നു. അദ്ദേഹമാകട്ടെ കാഴ്ചയില്‍ ഒരു വിരൂപിയായിരുന്നു. അദ്ദേഹം തന്റെ ചരക്ക് വിറ്റുകൊണ്ടിരിക്കുമ്പോള്‍ ഒരു ദിനം നബി തിരുമേനി (സ്വ) വന്നു പിന്നില്‍ നിന്ന് അദ്ദേഹത്തെ ആലിംഗനം ചെയ്തു. ഇരു കൈകള്‍ കക്ഷങ്ങളിലൂടെ കടത്തി കൈകള്‍ കൊണ്ടു കണ്ണുകള്‍ പൊത്തിയായിരുന്നു ആലിംഗനം. അപ്പോള്‍ സാഹിര്‍ പറഞ്ഞു: “ആരാണിത്? എന്നെ വിടൂ.”വാല്‍കണ്ണു കൊണ്ട് അദ്ദേഹം തിരിഞ്ഞു നോക്കി. നബിയെ അദ്ദേഹം മനസ്സിലാക്കി. അപ്പോള്‍ പരമാവധി തന്റെ പുറം നബിയുടെ മാറിടത്തേക്ക് ചേര്‍ത്തുവക്കാന്‍ അദ്ദേഹം ശ്രമം നടത്തി. നബി (സ്വ) ചോദിക്കാന്‍ തുടങ്ങി: “ഈ അടിമയെ ആരാണു വിലയ്ക്കു വാങ്ങുക?” അപ്പോള്‍ സാഹിര്‍ പറഞ്ഞു :”അല്ലാഹുവിന്റെ പ്രവാചകരേ, എങ്കില്‍ അല്ലാഹുവാണ് സത്യം, താങ്കള്‍ എന്നെ വാങ്ങാനാളില്ലാത്ത വസ്തുവായി കണ്ടെത്തും.”നബി  (സ്വ) പറഞ്ഞു : പക്ഷേ, അല്ലാഹുവിങ്കല്‍ നീ വേണ്ടാത്ത വസ്തുവല്ല (അഹ്മദ് 12648, ശമാഇലുത്തുര്‍മുദി 239, ബൈഹഖി 10/248, ശര്‍ഹുസ്സുന്നഃ 3604).

സ്വഹാബിമാരുടെ തമാശയില്‍ ചിലപ്പോള്‍ നബി (സ്വ) പങ്കുകൊള്ളാറുണ്ട്.”ഔഫുബ്നു മാലി കുല്‍ അശ്ജഈ (റ) തബൂക്ക് യുദ്ധാവസരത്തില്‍ പ്രവാചകരെ സമീപിച്ചു. അവിടുന്ന് ഒരു കൊച്ചു തുകല്‍ കൂടാരത്തിലായിരുന്നു. അദ്ദേഹം സലാം പറഞ്ഞു. തിരുമേനി (സ്വ) സലാം മടക്കി. എന്നിട്ടു “അകത്തേക്കു വരൂ” എന്നു പറഞ്ഞു. (വളരെ ചെറിയ കൂടാരത്തിലേക്ക് ക്ഷണിച്ചപ്പോള്‍) ഔഫ് പറഞ്ഞു :”പ്രവാചകരേ, ഞാന്‍ മുഴുവനും കടക്കണമോ?” ഈ തമാശയ്ക്കു അവിടുന്നു തമാശകൊണ്ടു തന്നെ മറുപടി പറഞ്ഞു ;”നിനക്കു മുഴുവന്‍ കടക്കാം.”(അബൂദാവൂദ് 4990).

നുഐമാനുല്‍ അന്‍സ്വാരി (റ) ഒരു തമാശക്കാരനായിരുന്നു. അദ്ദേഹം മദീനയിലെ മാര്‍ക്കറ്റിലെത്തുന്ന അപൂര്‍വ വസ്തുക്കള്‍ വാങ്ങി നബി (സ്വ)ക്കു കാഴ്ചവെക്കും. വില കൊടുക്കാന്‍ കൈയില്‍ പണമില്ലാതെ വന്നാല്‍ അദ്ദേഹം ചരക്കുടമയെക്കൂട്ടി നബി (സ്വ) യെ സമീപിച്ചു അ വയുടെ വില കൊടുക്കാന്‍ പറയും. “നീ നമുക്ക് ‘ഹദ്യ’ തന്നതല്ലേ?” എന്ന് തിരുമേനി ചോദിച്ചാല്‍ നുഐമാന്റെ മറുപടി ഇങ്ങനെയാണുണ്ടാവുക:”പ്രവാചകരേ, അങ്ങ് അതു കഴിക്കണമെന്നു ഞാന്‍ ആഗ്രഹിച്ചു. എന്റെ കയ്യിലാകട്ടെ വില കൊടുക്കുവാനുള്ള സംഖ്യയില്ല.” അപ്പോള്‍ (ഈ ഫലിതത്തില്‍ പങ്കു ചേര്‍ന്നു) നബി (സ്വ) ചിരിക്കും. എന്നിട്ടു സംഖ്യ കൊടുക്കാനുത്തരവിടുകയും ചെയ്യും (ഇഹ്യാ 3/140).

നബി (സ്വ) യുടെ അധിക തമാശകളും ഭാര്യമാരോടും കുട്ടികളോടുമായിരുന്നു. രോഗികളെ സമാശ്വസിപ്പിക്കാന്‍ ചിലപ്പോള്‍ തമാശ പറഞ്ഞതായിക്കാണാം.ഒരു കണ്ണിനു അസുഖം ബാധിച്ച സുഹൈബ് (റ) ഈത്തപ്പഴം തിന്നുന്നതു തിരുമേനി (സ്വ) കണ്ടു. ‘കണ്ണു രോഗിയായിരിക്കേ ഈത്തപ്പഴം തിന്നുകയാണോ?’ അവിടുന്നു ചോദിച്ചു. ഞാന്‍ മറ്റേ ഭാഗം കൊണ്ടാണ് തിന്നുന്നത്, അല്ലാഹുവിന്റെ പ്രവാചകരേ, എന്നു സുഹൈബ് (തമാശക്കു തമാശതന്നെ) മറുപടി പറഞ്ഞപ്പോള്‍ തിരുമേനി പുഞ്ചിരിച്ചു (ഇബ്നു മാജ : ഹാകിം).

സംസ്കരണ ലക്ഷ്യം വെച്ചും, ചിലപ്പോള്‍ നബി (സ്വ) ഫലിതം പറയാറുണ്ട്. ‘ഖവ്വാതുബ്നു ജുബൈര്‍ (റ) മക്കയിലേക്കുള്ള പാതയില്‍ ബനൂ കഅ്ബ് കുടുംബത്തില്‍ ഒരു പറ്റം സ്ത്രീകളുടെ കൂടെയിരിക്കുന്നതായി നബി (സ്വ) കാണാനിടയായി.”നിനക്കെന്താ സ്ത്രീകളുടെ കൂടെ?!” അവിടുന്നു ചോദിച്ചു. “എന്റെ വിരണ്ടോടുന്ന ഒട്ടകത്തെ കെട്ടാന്‍ ഒരു കയറു മെടയുകയാണിവര്‍.” എന്നായിരുന്നു ഖവ്വാത്തിന്റെ മറുപടി. നബി (സ്വ) തന്റെ ആവശ്യത്തിനു പോയി തിരിച്ചു വന്നപ്പോള്‍ വീണ്ടും ചോദിച്ചു :”ആ ഒട്ടകം ഇനിയും അനുസരണക്കേട്  ഉപേക്ഷിച്ചിട്ടില്ലേ?” അദ്ദേഹം ലജ്ജിച്ചു നിശബ്ദത പാലിച്ചു. ലജ്ജാഭാരം നിമിത്തം പ്രവാചകരെ കാണുമ്പോള്‍ അദ്ദേഹം പിന്നീട് ഓടി മറയുമായിരുന്നു. മദീനയില്‍ വന്ന ശേഷം ഒരു ദിവസം അദ്ദേഹം പള്ളിയില്‍ നിസ്കരിച്ചു കൊണ്ടിരിക്കേ നബി (സ്വ) വന്നു അദ്ദേഹത്തിന്റെ അടുത്തിരുന്നു. സ്വുഹൈബ് (റ) നിസ്കാരം നീട്ടിക്കൊണ്ടിരുന്നു.”നീട്ടിക്കൊണ്ടു പോകേണ്ട. ഞാന്‍ നിന്നെ കാത്തിരിക്കുകയാണ്.”തിരുമേനി പറഞ്ഞു. സ്വുഹൈബ് (റ) സലാം വീട്ടിയപ്പോള്‍ അവിടുന്നു പഴയ ചോദ്യം ഒന്നുകൂടി ആവര്‍ത്തിച്ചു: “ആ ഒട്ടകം അനുസരണക്കേട് ഇനിയും ഉപേക്ഷിച്ചിട്ടില്ലേ?!” ലജ്ജ, മറുപടി പറയാന്‍ അദ്ദേഹത്തെ അനുവദിച്ചില്ല. പിന്നീടുള്ള നാളുകളിലും സ്വുഹൈബ് (റ) തിരുമേനിയെ കാണുമ്പോള്‍ ഓടിമറയുക പതിവായിരുന്നു. ഒരു ദിവസം ഒരു കഴുതപ്പുറത്തു യാത്രചെയ്തു കൊണ്ടിരിക്കേ തിരുമേനി സ്വുഹൈബിനെ കാണാനിടയായി. പ്രസ്തുത ചോദ്യം അവിടുന്നു ഇത്തവണയും ഉന്നയിച്ചു. ഇപ്പോള്‍ സ്വുഹൈബ് ഭംഗിയായി പ്രതികരിച്ചു. “അങ്ങയെ സത്യവുമായി നിയോഗിച്ചയച്ച പടച്ച തമ്പുരാന്‍ തന്നെ സത്യം. ആ ഒട്ടകം ഞാന്‍ മുസ്ലിമായതു മുതല്‍ പിന്നീടൊരിക്കലും അനുസരണക്കേടു കാണിച്ചിട്ടില്ല.” മറുപടി കേട്ട, പ്രവാചകന്‍ അല്ലാഹുവെ പ്രകീര്‍ത്തിക്കുകയും സ്വുഹൈബിനു വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്തു. അതോടെ സ്വുഹൈബിന്റെ ജീവിതം പൂര്‍വോപരി മെച്ചപ്പെടുകയും കൂടുതല്‍ സദ്വൃത്തനായി തീരുകയും ചെയ്തു (ത്വബ്റാനി, ഇഹ്യാ 3/139).


RELATED ARTICLE

 • എന്തിനാണ് വിദ്യ?
 • വളര്‍ച്ചാക്രമം
 • രണ്ടാം ക്ളാസിലേക്ക്…
 • ശക്തന്‍
 • പ്രവാചക ഫലിതങ്ങള്‍
 • അനുവദനീയം; പക്ഷേ…
 • പ്രവാചകന്റെ ചിരികള്‍
 • മനുഷ്യ ജീവിതം: സാധ്യതയും പ്രയോഗവും
 • ചിരിയുടെ പരിധികള്‍
 • ഫലിതത്തിന്റെ സീമകള്‍
 • കോപത്തിനു പ്രതിവിധി
 • പ്രതിഭാശാലി
 • ധര്‍മത്തിന്റെ മര്‍മം
 • വ്യഭിചാരക്കുറ്റം ആരോപിക്കല്‍
 • വിദ്വേഷം സൃഷ്ടിക്കല്‍
 • ശവം തീനികള്‍
 • സത്യസന്ധത
 • പരദൂഷണം
 • നിരപരാധരുടെ പേരില്‍ കുറ്റം ചുമത്തല്‍
 • നാവിന്റെ വിപത്തുകള്‍
 • മഹാത്മാക്കളെ അധിക്ഷേപിക്കല്‍
 • കൃത്രിമ സ്വൂഫികള്‍
 • കരാര്‍ പാലനം
 • കപട വേഷധാരികള്‍
 • കപടസന്യാസികള്‍
 • കളവുപറയല്‍
 • ഇരുമുഖ നയം
 • ഗീബത്ത് അനുവദനീയം
 • അനീതിക്കരുനില്‍ക്കല്‍
 • ആത്മ വിശുദ്ധി