ശക്തന്‍

“ഗുസ്തിയില്‍ എതിരാളിയെ സദാ കീഴ്പ്പെടുത്തുന്നവനല്ല ശക്തന്‍. പ്രത്യുത, ദേഷ്യംവരുമ്പോള്‍ സ്വശരീരത്തെസ്വാധീനിക്കുന്നവന്‍ മാത്രമാണ് ശക്തന്‍” (ബുഖാരി 6114, മുസ്ലിം 2609).

മനുഷ്യന്റെ നിലനില്‍പ്പിനും വളര്‍ച്ചക്കും ആഹാരപാനീയങ്ങള്‍ ആവശ്യമാണ്. അതിനുള്ള അന്തഃപ്രേരണയാണ് വിശപ്പും ദാഹവും. അപ്രകാരംതന്നെ മനുഷ്യന്റെ സുരക്ഷക്കു പ്രതിരോധം ആവശ്യമാണ്. അതിനുള്ള അന്തഃപ്രേരണയാണ് കോപവികാരം. ഹൃദയമാണതിന്റെ കേന്ദ്രം. ഹൃദയരക്തം തിളച്ചുപൊങ്ങുമ്പോഴാണ് ഈ വികാരമുണ്ടാകുന്നത്. ഉപദ്രവങ്ങള്‍ സംഭവിക്കുന്നതിനുമുമ്പ് അവ തടുക്കുവാനും സംഭവിച്ചതിനുശേഷംപ്രതികാരം വീട്ടുവാനുമുള്ള തിടുക്കത്തില്‍ നിന്നാണ് ഈ വികാരം പ്രക്ഷുബ്ധമാകുന്നത്.

കോപവികാരത്തില്‍ ജനങ്ങള്‍ മൂന്നുതരക്കാരാണ്: ചിലരില്‍ അത് അമിതവും മറ്റുചിലരില്‍ മിതവും വേറെ ചിലരില്‍ അതിമിതവുമാണ്. അതിമിതക്കാര്‍ കോപവികാരത്തിന് അതിമാന്ദ്യം ഉള്ളവരാണ്. എന്തു കണ്ടാലും കൊണ്ടാലും അവരുടെ വികാരം വ്രണപ്പെടില്ല. അഭിമാനബോധമില്ലാത്ത മനുഷ്യമൃഗങ്ങളാണിവര്‍. ഇവരെക്കുറിച്ചാണ് ഇമാം ശാഫിഈ (റ) പറഞ്ഞത്: ‘ദേഷ്യം പിടിക്കേണ്ട സന്ദര്‍ഭം വന്നിട്ട് ദേഷ്യം പിടിക്കാത്തവന്‍ കഴുതയാണ്’ എന്ന്.

അമിതകോപവും ആപത്കരമാണ്. ബുദ്ധിയുടെയും മതത്തിന്റെയും നിയന്ത്രണത്തെ ഭേദിക്കുന്ന അവസ്ഥയിലേക്ക് കോപവികാരം എത്തുമ്പോഴാണ് അത് അമിതമാകുന്നത്. മിതകോപമാവട്ടെ, ബുദ്ധിയുടെയും മതത്തിന്റെയും നിയന്ത്രണങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും വിധേയമായാണ് പ്രവര്‍ത്തിക്കുന്നത്. അഭിമാനബോധം സജീവമാവേണ്ടിടത്ത് അത് സടകുടഞ്ഞെഴുന്നേല്‍ക്കുന്നു. സഹനവും ശാന്തതയും വേണ്ടിടത്ത് അത് കെട്ടടങ്ങുകയും ചെയ്യുന്നു. ഇത്തരക്കാര്‍ കോപിക്കും. പക്ഷേ,അമിതമാവില്ല. അതിരുവിടില്ല. ‘കാര്യങ്ങളിലുത്തമം അവയില്‍ മധ്യമങ്ങളത്രേ’ (ബൈഹഖി).

കോപം വേണം. മിതമായ കോപം. വേണ്ടിടത്തു വേണ്ടമാത്രയില്‍ പ്രകടമാകുന്ന കോപം. അതിമിത കോപം വേണ്ട. അമിത കോപം തീരെ വേണ്ട. അതിമിതം മനുഷ്യനെ കഴുതയാക്കുമ്പോള്‍ അമിതം മനുഷ്യനെ പേപ്പട്ടിയാക്കുന്നു. അനീതിയോടും അക്രമത്തോടും അധര്‍മത്തോടും യാതൊരു പ്രതികരണവുമില്ലാത്ത നിഷ്ക്രിയരെ കാണാം. ഇവര്‍ അതിമിതക്കാരാണ്. സ്വന്തം അന്തഃപുരവാസികള്‍ ബലാത്സംഗം ചെയ്യപ്പെടുമ്പോള്‍ വികാരക്ഷോഭം ഉണ്ടാകാത്തവര്‍ പോലും അവരുടെ കൂട്ടത്തിലുണ്ട്. ഇത്തരക്കാര്‍ നിന്ദ്യതയുടെ അടിമകളും അവമതിയുടെ സന്തതികളുമാകുന്നു.

അമിതകോപം മനുഷ്യനെ അവിവേകിയും മത്തനും ഭ്രാന്തനും ക്രുദ്ധനുമാക്കിത്തീര്‍ക്കുന്നു. ദേഷ്യം അ തിരുവിടുമ്പോള്‍ മനുഷ്യന്റെ പ്രകൃതവും  പാടേ മാറുന്നുവെന്നതാണ് അതിനുകാരണം. മനസ്സ് നിയന്ത്രണം വിടുന്നതോടെ നാക്കും ശരീരവും നിയന്ത്രണാതീതമാകുന്നു. കണ്ണുകള്‍ ചുവന്നു തുടുത്തു വരുന്നു. അവയവങ്ങള്‍ വിറകൊള്ളുന്നു. നാസികാദ്വാരങ്ങള്‍ തുള്ളിക്കളിക്കുന്നു. നാവ് സമനില തെറ്റി ശകാരവും അശ്ളീലവും വര്‍ഷിക്കുന്നു. അവയവങ്ങള്‍ നിയന്ത്രണം വിട്ടു പ്രവര്‍ത്തിക്കുകയും എതിരാളികളുടെ മേല്‍ ചാടിവീണ് അവനെ അടിക്കുകയും ഇടിക്കുകയും കടിക്കുകയും ചിലപ്പോള്‍ വധിക്കുകയും ചെയ്യുന്നു. പ്രതികാരം വീട്ടാന്‍ സാധിക്കാതെ വരുമ്പോള്‍ സ്വയം ആക്രമണം നടത്തി വികാരം തീര്‍ക്കുന്നു. സ്വന്തം വസ്ത്രം പിച്ചിച്ചീന്തിയും സ്വന്തം മുഖത്തടിച്ചും തലയ്ക്ക് മുഷ്ടി ചുരുട്ടി ഇടിച്ചും അരിശം തീര്‍ക്കുന്നു. ചിലപ്പോള്‍ അരിശം തീര്‍ക്കാന്‍ മൃഗങ്ങളെയും അചേതന വസ്തുക്കളെയും  പ്രഹരിക്കുന്നു. മറ്റുള്ളവരോടുള്ള ദേഷ്യം തീര്‍ക്കാന്‍ സ്വന്തം ഭാര്യമാരെയും സന്താനങ്ങളെയും തല്ലിച്ചതക്കുന്നവര്‍ പോലുമുണ്ട്. ക്ഷോഭം മൂത്തു വീട്ടിലെ ഗ്ളാസും പാത്രങ്ങളും എറിഞ്ഞുടയ്ക്കുന്നവരും ഫര്‍ണീച്ചറുകള്‍ തല്ലിത്തകര്‍ക്കുന്നവരും വിരളമല്ല. ക്ഷോഭം കാടു കയറി ചിലപ്പോള്‍ മൃഗത്തെ ചീത്ത പറയുകയും അചേതന വസ്തുക്കളോട്  സംബോധന നടത്തുകയും ചെയ്യുന്ന പരിഹാസ്യ രംഗവും ഉണ്ടാകുമത്രേ.

തീരെ കോപമുണ്ടാകാത്തവരും അമിത കോപക്കാരും തങ്ങളുടെ രോഗം കണ്ടെത്തി ചികിത്സിച്ചു മിതകോപികളായി മാറണം. ഒന്നാം വിഭാഗക്കാര്‍ ആത്മാഭിമാനം വീണ്ടെടുക്കുന്നതിനാവശ്യമായ പ്രതികരണശേഷി കൈവരിക്കണം. രണ്ടാം വിഭാഗക്കാര്‍ ആത്മനിയന്ത്രണവും സമനിലയും വീണ്ടെടുക്കുന്നതിനു പരിശീലനം നേടണം. പക്ഷേ, കാരണങ്ങള്‍ കണ്ടെത്തിയെങ്കിലേ പ്രതിവിധികള്‍ കണ്ടെത്താനും ചികിത്സ നടത്താനും സാധിക്കുകയുള്ളൂ. എന്തൊക്കെ കാരണങ്ങളാലാണു ദേഷ്യം ഉണ്ടാകുന്നതെന്നു പരിശോധിക്കാം.

മനുഷ്യന്‍ തന്റെ സൌഖ്യത്തിനും സൌഭാഗ്യത്തിനും അനുകൂലമായത് ഇഷ്ടപ്പെടുന്നു. പ്രതികൂലമായതു വെറുക്കുകയും ചെയ്യുന്നു. ഇഷ്ടകാര്യങ്ങള്‍ക്ക് ആരെങ്കിലും നഷ്ടമോ തടസ്സമോ സൃഷ്ടിക്കുമ്പോള്‍ ദേഷ്യം വരുന്നു. ഇഷ്ടകാര്യങ്ങള്‍ രണ്ടിനമുണ്ട്: ഒന്ന് ജീവിതത്തില്‍ അനിവാര്യമായവ രണ്ടാമത്തേത് അനിവാര്യമല്ലാത്തവയും. എന്നാല്‍, അനിവാര്യമല്ലാത്തവ പൊതുവായ സമ്പ്രദായങ്ങള്‍ കൊണ്ടോ അബദ്ധധാരണ കൊണ്ടോ ഇഷ്ടകരങ്ങളായിത്തീരുന്നവയുമാണ്. ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം, ആ രോഗ്യം, തൊഴിലുപകരണങ്ങള്‍, പഠനോപകരണങ്ങള്‍ ആദിയായ അവശ്യകാര്യങ്ങള്‍ ഒന്നാമിനത്തില്‍ പെടുന്നു. ധനസമൃദ്ധി, പരിചാരകര്‍, അലങ്കാര വസ്തുക്കള്‍, സ്ഥാനം, പ്രശസ്തി മുതലായവ രണ്ടാമിനത്തിലും പെടുന്നു.

ഒന്നാമിനത്തില്‍പ്പെട്ട ഒരു കാര്യത്തിന് നഷ്ടമോ തടസ്സമോ സംഭവിക്കുമ്പോള്‍ അത് ജീവിതത്തിനു ത ടസ്സം സൃഷ്ടിക്കുന്നുവെന്നതുകൊണ്ട്, ദേഷ്യം വരിക സ്വാഭാവികമാണ്. പക്ഷേ, പരിശീലനം കൊണ്ട് ഈ ദേഷ്യം നിയന്ത്രണവിധേയമാക്കാന്‍ കഴിയും. കോപം ഒതുക്കി സഹനം പാലിക്കാന്‍ കുറച്ചുകാലം ശ്രമിക്കണം. സഹനം ഒരു പ്രകൃതമായി മാറണം. അതുവരെ ഈ ശ്രമം തുടരണം. തീവ്രയത്നം കൊണ്ടേ ഈ സദ്ഗുണം നേടിയെടുക്കാന്‍ കഴിയൂ.

രണ്ടാമിനത്തില്‍പ്പെട്ട കാര്യങ്ങളുടെ നഷ്ടതടസ്സങ്ങളുടെ പേരിലുണ്ടാകുന്ന  കോപമാണ്  അധികമാളുകളിലും അധികസമയത്തുമുണ്ടാകുന്നത്. ഈ കോപം ഉന്മൂലനം ചെയ്യാനുള്ള എളുപ്പമാര്‍ഗം പ്രസ് തുത വസ്തുക്കളോടുള്ള സ്നേഹം നിര്‍മൂലനം ചെയ്യുകയാണ്. മനുഷ്യന്റെ നിയോഗലക്ഷ്യം പാരത്രികസൌഖ്യമാണ്. പരിമിതമായ ഭൌതിക ജീവിതത്തില്‍ പരിമിതമായ ആവശ്യങ്ങളേ അവനുള്ളൂ. ഇഹത്തി ന്റെ  ചെറുപ്പവും പരത്തിന്റെ വലിപ്പവും മനസ്സിലാക്കിയ പ്രതിഭാശാലികള്‍ക്കു, ഭൌതികമായ ഇഷ്ട വസ് തുക്കളുടെ ചക്രവാളം വളരെ ചെറുതായിരിക്കും. അതുകൊണ്ടു തന്നെ അവയുടെ  കഷ്ടനഷ്ടങ്ങളുമായി ബന്ധപ്പെട്ട കോപത്തിന്റെ വൃത്തവും അവര്‍ക്കു തുലോം ഹ്രസ്വമായിരിക്കും.

പരലോകജീവിതത്തെ ചെറുതായും അപ്രധാനമായും കാണുന്നവരുടെ ദൃഷ്ടിയില്‍ ഐഹികജീവിതം വലുതും പ്രധാനവുമാകുന്നു. ഇവിടെ പരമാവധി സമ്പത്തും സ്വാധീനവും പ്രശസ്തിയും വര്‍ധിപ്പിക്കുന്നതില്‍ അവര്‍ വ്യാപൃതരാകുന്നു. തദ്ഫലമായി അവരുടെ ഇഷ്ടവസ്തുക്കളുടെയും ഇഷ്ടജനങ്ങളുടെയും എണ്ണം വര്‍ധിക്കുന്നു. അവക്ക് വല്ല ഭംഗവും വരുത്തുന്നവരോടൊക്കെ അനിഷ്ടവും കോ പവുമുണ്ടാകുന്നു. അതു പലവിധ വഴക്കിനും ഏറ്റുമുട്ടലുകള്‍ക്കും പ്രതികാരനടപടികള്‍ക്കും ഇടവരുത്തുന്നു. അങ്ങനെ, ജീവിതം യഥാര്‍ഥത്തില്‍ സംഘര്‍ഷപൂര്‍ണമാകുന്നു. നേട്ടമെന്നുകണ്ട ഭൌതികസമൃദ്ധി ഇഹത്തിലും പരത്തിലും കോട്ടമായി പരിണമിക്കുന്നു. ഭൌതികലോകത്തോടും ജീവിതത്തോടും വിഭവങ്ങളോടുമുള്ള സ്നേഹം കുറക്കുകയാണ് ഇതില്‍ നിന്നു രക്ഷപ്പെടാനുള്ള ഏകമാര്‍ഗം.


RELATED ARTICLE

 • എന്തിനാണ് വിദ്യ?
 • വളര്‍ച്ചാക്രമം
 • രണ്ടാം ക്ളാസിലേക്ക്…
 • ശക്തന്‍
 • പ്രവാചക ഫലിതങ്ങള്‍
 • അനുവദനീയം; പക്ഷേ…
 • പ്രവാചകന്റെ ചിരികള്‍
 • മനുഷ്യ ജീവിതം: സാധ്യതയും പ്രയോഗവും
 • ചിരിയുടെ പരിധികള്‍
 • ഫലിതത്തിന്റെ സീമകള്‍
 • കോപത്തിനു പ്രതിവിധി
 • പ്രതിഭാശാലി
 • ധര്‍മത്തിന്റെ മര്‍മം
 • വ്യഭിചാരക്കുറ്റം ആരോപിക്കല്‍
 • വിദ്വേഷം സൃഷ്ടിക്കല്‍
 • ശവം തീനികള്‍
 • സത്യസന്ധത
 • പരദൂഷണം
 • നിരപരാധരുടെ പേരില്‍ കുറ്റം ചുമത്തല്‍
 • നാവിന്റെ വിപത്തുകള്‍
 • മഹാത്മാക്കളെ അധിക്ഷേപിക്കല്‍
 • കൃത്രിമ സ്വൂഫികള്‍
 • കരാര്‍ പാലനം
 • കപട വേഷധാരികള്‍
 • കപടസന്യാസികള്‍
 • കളവുപറയല്‍
 • ഇരുമുഖ നയം
 • ഗീബത്ത് അനുവദനീയം
 • അനീതിക്കരുനില്‍ക്കല്‍
 • ആത്മ വിശുദ്ധി