Click to Download Ihyaussunna Application Form
 

 

ശവം തീനികള്‍

രദൂഷണം സഹോദരന്റെ മൃതശരീരത്തിലെ മാംസം ഭക്ഷിക്കുന്നതിനോടാണ് പരിശുദ്ധ ഖുര്‍ആനിലും നബിവചനങ്ങളിലും ഉപമിക്കപ്പെട്ടിരിക്കുന്നത്. അങ്ങനെ ഉപമിച്ചതില്‍ ചില രഹസ്യങ്ങള്‍ അന്തര്‍ലീനമായിക്കിടക്കുന്നുണ്ട്. (1) നരമാംസ ഭോജനം മതദൃഷ്ട്യാ നിഷിദ്ധമായത് അവന്റെ പരിശുദ്ധതയും ആദരണീയാവസ്ഥയും ഹനിക്കപ്പെടരുതെന്ന ഉദ്ദേശ്യത്തോടു കൂടിയാണ്. പ്രസ്തുത ഉദ്ദേശ്യത്തിനു വിരുദ്ധമായ സംഗതികള്‍ വിശിഷ്യാ പരദൂഷണം, മാംസഭോജനം പോലെ തന്നെയാണെന്നു മേല്‍ അടിസ്ഥാനത്തില്‍ ചിന്തിക്കുമ്പോള്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നതാണ്. (2) പോര്‍ക്കളത്തില്‍ വെച്ചു സമരം നടത്തിക്കൊണ്ടിരിക്കുന്ന മദ്ധ്യേ ശത്രുവിന്റെ ജീവനുള്ള ശരീരത്തില്‍ നിന്നു മാംസം കടിച്ചുതിന്നല്‍ മൃഗീയവും പൈശാചികവുമായ ഒരു ദുര്‍വൃത്തിയാണെങ്കില്‍ക്കൂടി ധീരതയുടെ ഒരു പ്രകടനമായി അത് കണക്കാക്കപ്പെടാന്‍ വഴിയുണ്ട്.

എന്നാല്‍ യുദ്ധക്കളത്തില്‍ മരിച്ചുവീണ ശത്രുവിന്റെ മാംസം കടിച്ചുതിന്നുന്നത് ഭീരുത്വം മാത്രമായിട്ടാണ് ഗണിക്കപ്പെടുക. ഇപ്രകാരം ഒരാളെ മുഖത്തുനോക്കി അധിക്ഷേപിക്കുന്നത് നീചവും നിഷിദ്ധവുമാണെങ്കില്‍കൂടി ധീരതയുടെ ഒരു നേരിയ ഛായ അതില്‍ ദൃശ്യമാകുന്നുണ്ട്. നേരെ മറിച്ചു അവന്റെ അഭാവത്തില്‍ അധിക്ഷേപം നടത്തിയാല്‍ അത് ഭീരുത്വമായിട്ട് മാത്രമേ ഗണിക്കാന്‍ നിവൃത്തിയുള്ളൂ.

(3) മനുഷ്യന് തന്റെ സഹോദരനോടുള്ള സ്നേഹാധിക്യത്താല്‍ അവന്റെ മൃതശരീരത്തിന്റെ നേരെയുള്ള ദര്‍ശനം തന്നെ അസഹ്യമായ മനോവേദനയും വികാരവുമുണ്ടാക്കിത്തീര്‍ക്കുന്നു. അങ്ങനെയുള്ള ശരീരത്തെ ആരെങ്കിലും നിഷ്കരുണമാം വിധം കടിച്ചു തിന്നാന്‍ തുനിയുകയാണെങ്കില്‍ അത് ഹൃദയകാഠിന്യത്തിന്റെയും കാട്ടാളത്വത്തിന്റെയും പ്രത്യക്ഷചിഹ്നമായി മാത്രമേ വിചാരിക്കാന്‍ നിര്‍വാഹമുള്ളൂ. (4) ജീവന്‍ രക്ഷിക്കാന്‍ മറ്റു മാര്‍ഗമൊന്നുമില്ലാതെ അങ്ങേയറ്റം വിഷമിക്കുമ്പോള്‍ ശവം മുതലായ നിഷിദ്ധ വസ്തുക്കള്‍ ഭക്ഷിക്കുന്നത് ഇസ്ലാം അനുവദിക്കുന്നു.

പരിശുദ്ധ ഖുര്‍ആന്‍ പറയുന്നത് കാണുക: “ശവവും രക്തവും പന്നി മാംസവും അല്ലാഹു അല്ലാത്തവരുടെ നാമം ഉച്ചരിച്ചുകൊണ്ട് അറുക്കപ്പെട്ടതും മാത്രമാണ് അവന്‍ (അല്ലാഹു) വിരോധിച്ചിട്ടുള്ളത്. എന്നാല്‍ വല്ലവനും (ജീവന്‍ രക്ഷിക്കേണ്ടതിനു ആ നിഷിദ്ധ വസ്തുക്കള്‍ ഭക്ഷിക്കുവാന്‍) നിര്‍ബന്ധിതരായിത്തീര്‍ന്നാല്‍ അവ ഭക്ഷിക്കുന്നതിന് വിരോധമില്ല. എന്നാല്‍ അവന്‍ ആക്രമണത്തിന് പുറപ്പെട്ടവനോ ജീവനെ രക്ഷിക്കാനാവശ്യമായ പരിധി ലംഘിച്ചവനോ ആകരുത് (സൂറഃ അല്‍ബഖറ 173).

എന്നാല്‍ ഇങ്ങനെയുള്ള ഘട്ടത്തില്‍ മൃഗത്തിന്റെ ശവം ലഭിക്കുമെങ്കില്‍ മനുഷ്യന്റെ ശവം ഉപേക്ഷിക്കേണ്ടതാണ്. ഇങ്ങനെ ചില പ്രത്യേക ഘട്ടങ്ങളില്‍ ഗീബത്ത് പറയുന്നതും മതദൃഷ്ട്യാ അനുവദിക്കപ്പെട്ടിരിക്കുന്നു. അപ്പോഴും പരസ്യമായ ഗീബത്തില്‍ നിന്നൊഴിഞ്ഞ് ആംഗ്യം കൊണ്ടോ സൂചന കൊണ്ടോ കാര്യം നിര്‍വ്വഹിക്കാന്‍ സൌകര്യപ്പെടുന്ന പക്ഷം അങ്ങനെ ചെയ്യണം. മനുഷ്യന്‍ ഈ ലോകത്ത് പ്രവര്‍ത്തിക്കുന്ന പ്രവൃത്തികളും അതിന് പരലോകത്ത് വെച്ചു ലഭിക്കുന്ന പ്രതിഫലങ്ങളും തമ്മില്‍ വളരെയധികം സാമ്യതയുണ്ടാകുന്നതാണ്.

ഈ ലോകത്തുവെച്ച് അന്യരുടെ മാംസം ഭക്ഷിക്കുന്നവന്‍ (ഗീബത്ത് പറയുന്നവന്‍) നരകത്തില്‍ സ്വശരീരത്തിലെ മാംസം പിടിച്ചുപറിച്ചു തിന്നുന്നവനായിക്കണ്ടുവെന്ന് നബി (സ്വ) പറഞ്ഞതായി പ്രസ്താവിച്ചത് ഈ സംഗതി വിശദമാക്കിത്തരുന്നുണ്ട്. ഗീബത്ത് പറയുന്ന ആളുകള്‍ മറ്റുള്ളവരുടെ ന്യൂനതകള്‍ ജനമദ്ധ്യത്തില്‍ പ്രചരിപ്പിക്കുന്നതുപോലെ തന്നെ അവന്റെ പ്രവര്‍ത്തനത്തിന്റെ ദുര്‍ഗന്ധവും സര്‍വ്വത്ര വ്യാപിക്കുകയും തദ്വാരാ ജനങ്ങള്‍ അവനെ അറപ്പോടും വെറുപ്പോടും കൂടി വീക്ഷിക്കുകയും ചെയ്യുന്നു.

ശക്തിയായൊരു ദുര്‍ഗന്ധം അനുഭവപ്പെവപ്പെട്ടപ്പോള്‍ അത് ഗീബത്ത് പറയുന്നവരുടെ ദുര്‍ഗന്ധമാണെന്ന് നബി (സ്വ) പറഞ്ഞതായി വിവരിച്ച ഹദീസ് ഈ സംഗതിയെയാണ് സൂചിപ്പിക്കുന്നത്. മഹാനായ ഇമാം ഗസ്സാലി (റ) ‘ഗീബത്തിന്റെ സാരവും നിര്‍വചനവും’ എന്ന ശീര്‍ഷകത്തില്‍ ഇങ്ങനെ എഴുതുന്നു: ഒരാളുടെ ശരീരം, വംശം, സ്വഭാവം, പ്രവൃത്തി, വാക്ക്, മതാനുഷ്ഠാനം, ഐഹിക ജീവിതം, എന്നുവേണ്ട വസ്ത്രം, ഭവനം, മൃഗം എന്നിങ്ങനെ അവനുമായി ബന്ധപ്പെടുന്ന ഏതെങ്കിലും വിഷയത്തില്‍ അവന്‍ അറിഞ്ഞാല്‍ വെറുക്കുന്ന വിധത്തിലുള്ള സംസാരത്തിനാണ് ഗീബത്തെന്ന് പറയുന്നത്.

കോങ്കണ്ണന്‍, കഷണ്ടിത്തലക്കാരന്‍, കുള്ളന്‍, പൊക്കമുള്ളവന്‍, കറുത്തവന്‍, മഞ്ഞ വര്‍ണമുള്ളവന്‍, എന്നിങ്ങനെയുള്ള വാക്കുകളെല്ലാം ശരീരസംബന്ധമായ ഗീബത്തില്‍ ഉള്‍പ്പെടുന്നു. ഒരാളുടെ പിതാവിനെ സംബന്ധിച്ച് ദുര്‍വൃത്തന്‍, നീചന്‍, ചെരിപ്പു കുത്തി, തൂപ്പുവേലക്കാരന്‍ എന്നിങ്ങനെ പറയല്‍ അവന്റെ (പുത്രന്റെ) വംശപരമായി ഗീബത്ത് പറയലാണ്.

ദുസ്വഭാവി, ലുബ്ധന്‍, അഹംഭാവി, ജനങ്ങളെ കാണിക്കാനായി പ്രവര്‍ത്തിക്കുന്നവന്‍, കഠിനമായി കോപിക്കുന്നവന്‍, ഭീരു, കൊള്ളരുതാത്തവന്‍, ദുര്‍ബലഹൃദയന്‍, ധിക്കാരി ഇങ്ങനെയുള്ള വാക്കുകള്‍ സ്വഭാവപരമായി ഗീബത്താണ്. മോഷണം നടത്തുന്നവന്‍, വ്യാജം പറയുന്നവന്‍, മദ്യപാനി, വഞ്ചകന്‍, അക്രമി, നിസ്കാരത്തില്‍ ശ്രദ്ധയില്ലാത്തവന്‍, സകാതില്‍ ഉദാസീനത കാണിക്കുന്നവന്‍, മാതാപിതാക്കളോട് അനുസരണയില്ലാത്തവന്‍, സകാത് അസ്ഥാനത്ത് ദുരുപയോഗപ്പെടുത്തുന്നവന്‍, സകാത് വിതരണം ചെയ്യാന്‍ അറിയാത്തവന്‍, നോമ്പിന്റെ പരിശുദ്ധത കാത്തുരക്ഷിക്കാത്തവന്‍, പരദൂഷണം പറയുന്നവന്‍, ജനങ്ങളുടെ മാനം ഹനിക്കുന്നവന്‍ എന്നിങ്ങനെയുള്ള വാക്കുകളാണ് മതനിഷ്ഠ സംബന്ധിച്ചുള്ള ഗീബത്തിന്റെ ഉദാഹരണം.

മര്യാദ കെട്ടവന്‍, ആളുകള്‍ക്ക് വില കല്‍പ്പിക്കാത്തവന്‍, മറ്റുള്ളവരോട് യാതൊരു ബാധ്യതയും കാണാത്തവന്‍, മറ്റുള്ളവര്‍ക്കെല്ലാം തന്റെ നേരെ കടപ്പാടുണ്ടെന്ന് വിചാരിക്കുന്നവന്‍, ധാരാളമായി സംസാരിക്കുന്നവന്‍, അധികം ഉറങ്ങുന്നവന്‍, അസമയത്തുറങ്ങുന്നവന്‍, അസ്ഥാനത്തിരിക്കുന്നവന്‍, അധികം ഭക്ഷിക്കുന്നവന്‍ എന്നീ പ്രകാരമുള്ള വാക്കുകളെല്ലാം തന്നെ ഐഹിക ജീവിതപരമായുള്ള ഗീബത്തിന്റെ പരിധിയിലുള്‍പ്പെട്ടതാണ്. കുപ്പായക്കൈ നീളമുള്ളവന്‍, വസ്ത്രം അഴുക്ക് പുരണ്ടന്‍, തുണിത്തല നീണ്ടവന്‍ എന്നിങ്ങനെയുള്ളതെല്ലാം വസ്ത്രസംബന്ധമായ ഗീബത്തുകളാണ്.

മതനിഷ്ഠ സംബന്ധമായിപ്പറയുന്ന വാക്കുകള്‍ ഗീബത്തില്‍ ഉള്‍പ്പെടുകയില്ലെന്നും അത് അല്ലാഹു ആക്ഷേപിച്ചതിനെ ആക്ഷേപിച്ചു പറയലാണെന്നും ചില പണ്ഢിതന്മാര്‍ക്കഭിപ്രായമുണ്ട്. അതിനെ അവര്‍ ന്യായീകരിക്കുന്നത് ഇപ്രകാരമാണ്. ഒരു സ്ത്രീ വളരെയധികം വ്രതമനുഷ്ഠിക്കുകയും മറ്റു സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. പക്ഷേ, അവള്‍ അയല്‍വാസികളെ ഉപദ്രവിക്കുന്ന വിധത്തിലുള്ള വാക്കുകള്‍ പറയുന്നുണ്ട്. എന്നിങ്ങനെ ഒരാള്‍ നബി     (സ്വ) യോട് പറഞ്ഞു. അവള്‍ നരകത്തിലേക്കാണെന്ന് നബി (സ്വ) മറുപടി നല്‍കുകയും ചെയ്തു (ഹാകിം, ഇബ്നുഹിബ്ബാന്‍). മറ്റൊരു സ്ത്രീ ലുബ്ധയാണെന്ന് നബി (സ്വ) യുടെ മുമ്പാകെ ആക്ഷേപിക്കപ്പെട്ടപ്പോള്‍ ‘പിന്നെ അവളില്‍ എന്തു നന്മയാണുള്ളതെ’ന്ന് അവിടുന്ന് പറഞ്ഞു (അമാലീ ഇബ്നുശംഊന്‍, മകാരിമുല്‍ അഖ്ലാഖ് ലില്‍ ഖറാഇത്വി).

എന്നാല്‍ പ്രസ്തുത പണ്ഢിതന്മാരുടെ അഭിപ്രായം സ്വീകാര്യമല്ല. മേല്‍ ഹദീസുകളില്‍ വിവരിക്കപ്പെട്ട രണ്ടു സംഭവങ്ങളും ഒരു വ്യക്തിയെ അധിക്ഷേപിക്കുകയെന്നുള്ള ഉദ്ദേശ്യത്തോടെ പറഞ്ഞ ഗീബത്തില്‍ പെട്ടതല്ല. നേരെമറിച്ച് ഒരു പ്രത്യേക വ്യക്തിയെ സംബന്ധിച്ചുള്ള മതവിധി അന്വേഷിക്കുന്ന ഇനത്തില്‍പ്പെട്ടതാണ് (ഇഹ്യാ ഉലൂമിദ്ദീന്‍, വാള്യം 3, പേജ് 133-134).

ഗീബത്ത് പറയല്‍ ഹറാമായതുപോലെ തന്നെ അത് ശ്രദ്ധിച്ചു കേള്‍ക്കലും ഹറാമാണ്. ഇബ്നുഉമര്‍ (റ) ഇങ്ങനെ പറയുന്നു: ഗീബത്ത് പറയുന്നതും അത് സശ്രദ്ധം ശ്രവിക്കുന്നതും നബി     (സ്വ) വിരോധിച്ചിരിക്കുന്നു (ത്വബ്റാനി). ഒരു സദസ്സില്‍വെച്ച്  ആരെങ്കിലും ഗീബത്ത് പറയുന്നതുകേട്ടാല്‍ ഉപദേശം വഴി അത് തടയല്‍ നിര്‍ബന്ധമാണ്. ഉപദേശം ഫലപ്പെടുന്നില്ലെങ്കില്‍ ബലപ്രയോഗം നടത്തണം. (പക്ഷേ, അത് അനാശാസ്യ സംഭവങ്ങള്‍ക്കിടവരുത്തുന്നത് സൂക്ഷിക്കേണ്ടതാണ്) അത് ഫലപ്പെടാത്ത പക്ഷം മനസ്സുകൊണ്ട് വെറുക്കുകയും ആ സദസ്സില്‍ നിന്ന് ഇറങ്ങിപ്പോക്ക് നടത്തുകയും വേണം.

നബി (സ്വ) പറയുന്നു: ‘ഒരു മുസ്ലിമിന് മാനഹാനി വരുത്തുന്നത് ആരെങ്കിലും തടഞ്ഞാല്‍ പുനരുത്ഥാനദിവസം അവന്റെ മുഖം (ശരീരം) നരകാഗ്നിയില്‍ നിന്ന് അല്ലാഹു തടയും’ (തിര്‍മുദി).

നബി (സ്വ) ഒരിക്കല്‍ നിസ്കാരത്തിനായി നിന്നു. മാലികുബ്നു ദുഖ്ശും എവിടെയെന്ന് അവിടെവെച്ച് ചിലര്‍ ചോദിച്ചു. ‘അവന്‍ അല്ലാഹുവിനെയും റസൂലിനെയും സ്നേഹിക്കാത്ത മുനാഫിഖാ’ണെന്ന് ഒരാള്‍ പറഞ്ഞു. ഇതുകേട്ടപ്പോള്‍ നബി (സ്വ) പറഞ്ഞു: നീ അങ്ങനെ പറയരുത്. അവന്‍ ആത്മാര്‍ഥമായി ‘കലിമതുതൌഹീദ്’ ഉച്ചരിച്ചത് നീ അറിഞ്ഞില്ലേ’ (ബഖാരി, മുസ്ലിം).

നബി (സ്വ) പറയുന്നു: ഒരു സത്യവിശ്വാസിയെ ഒരു കപടവിശ്വാസിയില്‍ നിന്ന് ആരെങ്കിലും രക്ഷിച്ചാല്‍ ഖിയാമത്ത് ദിവസം അവന്റെ മാംസം നരകാഗ്നിയില്‍ നിന്നു രക്ഷിക്കുന്ന ഒരു മലകിനെ അല്ലാഹു നിശ്ചയിക്കും. ഒരു മുസ്ലിമിനെ അവഹേളിക്കാനുദ്ദേശിച്ചു കൊണ്ട് അവന്റെ പേരില്‍ വല്ല കുറ്റാരോപണവും ചെയ്താല്‍ അവന്‍ പറഞ്ഞ വാക്കിന്റെ കുറ്റത്തചന്റ നിന്നും വിമുക്തനാകുന്നതുവരെ നരകത്തിന്റെ പാലത്തിന്മേല്‍ അല്ലാഹു അവനെ നിര്‍ത്തും (അബൂദാവൂദ്).

ഇമാം ഖുശൈരി (റ) തന്റെ രിസാല എന്ന ഗ്രന്ഥത്തില്‍ ഇങ്ങനെ എഴുതുന്നു: ‘സുപ്രസിദ്ധ സൂഫിവര്യനായ ശൈഖ് ഇബ്റാഹീമുബ്നു അ്വ്ഹം റ) ഒരു സല്‍ക്കാരത്തില്‍ പങ്കെടുത്തു. ആ സദസ്സില്‍ വെച്ചു ഒരാള്‍ അവിടെ ഹാജരില്ലാത്ത മറ്റൊരാളെ അധിക്ഷേപിച്ചു സംസാരിച്ചു. അപ്പോള്‍ ശൈഖ് (റ) ഇങ്ങനെ പറഞ്ഞു. ഗീബത്ത് പറയുന്ന ഈ സദസ്സില്‍ ഹാജരായത് എന്റെ പക്കല്‍ നിന്നു വന്ന തെറ്റായിപ്പോയി. ഇതും പറഞ്ഞുകൊണ്ട് ശൈഖ് സദസ്സില്‍ നിന്നിറങ്ങി നടന്നു.

ഒരു അറബി കവിതയുടെ സാരം ഇവിടെ ചേര്‍ക്കാം:  (1) ചീത്ത വാക്കു പറയുന്നതില്‍ നിന്ന് നിന്റെ നാവിനെ സൂക്ഷിക്കും പോലെ തന്നെ ചീത്ത സംസാരം കേള്‍ക്കുന്നതില്‍ന ിന്നു നിന്റെ ചെകിടിനെയും സൂക്ഷിക്കുക. (2) നീ ചീത്ത വാക്ക് കേള്‍ക്കുമ്പോള്‍ അത് പറയുന്ന ആളുടെ കുറ്റത്തില്‍ പങ്കുകാരനായിത്തീരുന്നു.


RELATED ARTICLE

 • എന്തിനാണ് വിദ്യ?
 • വളര്‍ച്ചാക്രമം
 • രണ്ടാം ക്ളാസിലേക്ക്…
 • ശക്തന്‍
 • പ്രവാചക ഫലിതങ്ങള്‍
 • അനുവദനീയം; പക്ഷേ…
 • പ്രവാചകന്റെ ചിരികള്‍
 • മനുഷ്യ ജീവിതം: സാധ്യതയും പ്രയോഗവും
 • ചിരിയുടെ പരിധികള്‍
 • ഫലിതത്തിന്റെ സീമകള്‍
 • കോപത്തിനു പ്രതിവിധി
 • പ്രതിഭാശാലി
 • ധര്‍മത്തിന്റെ മര്‍മം
 • വ്യഭിചാരക്കുറ്റം ആരോപിക്കല്‍
 • വിദ്വേഷം സൃഷ്ടിക്കല്‍
 • ശവം തീനികള്‍
 • സത്യസന്ധത
 • പരദൂഷണം
 • നിരപരാധരുടെ പേരില്‍ കുറ്റം ചുമത്തല്‍
 • നാവിന്റെ വിപത്തുകള്‍
 • മഹാത്മാക്കളെ അധിക്ഷേപിക്കല്‍
 • കൃത്രിമ സ്വൂഫികള്‍
 • കരാര്‍ പാലനം
 • കപട വേഷധാരികള്‍
 • കപടസന്യാസികള്‍
 • കളവുപറയല്‍
 • ഇരുമുഖ നയം
 • ഗീബത്ത് അനുവദനീയം
 • അനീതിക്കരുനില്‍ക്കല്‍
 • ആത്മ വിശുദ്ധി