Click to Download Ihyaussunna Application Form
 

 

നാവിന്റെ വിപത്തുകള്‍

നാവ് അല്ലാഹു നല്‍കിയ മഹത്തായ അനുഗ്രഹവും അവന്റെ അത്ഭുത സൃഷ്ടിയുമാണ്. കാഴ്ചയില്‍ ചെറിയ ഒരവയവമാണെങ്കിലും അതില്‍ നിന്നുത്ഭവിക്കുന്ന ഗുണങ്ങളും ദോഷങ്ങളും തുലോം വലുതാകുന്നു.

വര്‍ണ്ണങ്ങളും രൂപങ്ങളുമല്ലാതെ ദൃഷ്ടിക്ക് ഗോചരീഭവിക്കുകയില്ല. സ്ഥൂല വസ്തുക്കളല്ലാതെ സ്പര്‍ശനത്തിന് വിധേയമാകുകയില്ല. ശബ്ദങ്ങളല്ലാതെ ശ്രവണശക്തിക്ക് അനുഭവപ്പെടുകയില്ല. എന്നാല്‍ നാവിനു വിധേയമാകാത്ത ഒന്നുംതന്നെ ഇല്ല. സ്രഷ്ടാവും സൃഷ്ടിയും ദൃശ്യവും അതൃശ്യവും വിചാരവും പ്രവൃത്തിയും ആന്തരികമായതും ബാഹ്യമായതും ഊഹങ്ങളും സങ്ക ല്‍പ്പങ്ങളുമെല്ലാം നാവിന്റെ നിഷേധത്തിന്നോ സ്ഥിരീകരണത്തിനോ പാത്രമായിത്തീരുന്നുവെന്നുള്ളത് തന്നെ അതിന്റെ ഒരു വിശേഷതയാണ്.

ജ്ഞാനത്തിനു വിധേയമാകുന്ന എല്ലാ സംഗതികളെയും സത്യമോ അസത്യമോ ആയ രൂപത്തില്‍ നാവുകൊണ്ട് ചിത്രീകരിക്കാന്‍ സാധിക്കും. അതിന്റെ സഞ്ചാര മണ്ഡലം സുദീര്‍ഘവും അനന്തവുമത്രെ. മതത്തിന്റെ കടിഞ്ഞാണ്‍ കൊണ്ട് ബന്ധിക്കാതെ അതിനെ സ്വതന്ത്രവും അനിയന്ത്രിതവുമായി വിടുന്നതായാല്‍ അത് മനുഷ്യനെ അഗാധമായ ആപല്‍ഗര്‍ത്തത്തിലേക്കാപതിപ്പിക്കുന്നു. രണാങ്കണത്തില്‍ ശത്രുസംഘത്തോട് സുധീരം പോരാടി വിജയം വരിച്ച എത്രയോ രണശൂരന്മാര്‍ നാവാകുന്ന ഉഗ്രവിഷമുള്ള സര്‍പ്പത്തിന്റെ ദ്വംശനമേറ്റു മൃത്യുവിന്നിരയായിട്ടുണ്ടെന്നുള്ള പരമാര്‍ഥം നാം ഓര്‍മ്മിക്കേണ്ടതാണ്.

ഐഹികവും പാരത്രികവുമായി ഉപകരിക്കുന്ന സംഗതികളില്‍ മാത്രം അതിനെ വിനിയോഗിക്കുകയും അല്ലാത്തവയില്‍ നിന്നകറ്റി നിര്‍ത്തുകയും ചെയ്യുന്നവര്‍ക്കു മാത്രമേ അതിന്റെ ഭവിഷ്യത്തുകളില്‍നിന്നു വിമുക്തരാവാന്‍ കഴിയുകയുള്ളൂ. കുബേര-കുചേല, പണ്ഢിത പാമര ഭേദമന്യേ മിക്ക ആളുകളും ഈ വിഷയത്തില്‍ ദയനീയമായ അനാസ്ഥയാണ് കാണിക്കുന്നതെന്ന് സവ്യസനം പറയേണ്ടിയിരിക്കുന്നു. നിഷ്പ്രയാസം അനക്കാനും അടയ്ക്കാനും സാധിക്കുന്ന ഈ നാവില്‍നിന്നു വന്നുഭവിക്കുന്ന ഭയങ്കര നാശങ്ങളെക്കുറിച്ച് ചുരുക്കം പേര്‍ മാത്രമേ ഓര്‍ക്കുന്നുള്ളൂ.

മതനിഷിദ്ധങ്ങളും സാമൂഹിക വ്യവസ്ഥക്ക് ഭംഗംവരുത്തുന്നതുമായ ഏഷണി, പരദൂഷണം, വ്യാജം മുതലായവയില്‍നിന്നെല്ലാം ഒഴിഞ്ഞുനിന്നു അനുവദനീയങ്ങളും നിരുപദ്രവകരങ്ങളുമായ സംസാരത്തിലൂടെ മാത്രം നാം മുന്നോട്ടുപോയാല്‍ തന്നെയും മഹത്തായ പല നല്ല കാര്യങ്ങളും കൈവരുത്താനുതകുന്ന വിലയേറിയ സമയം ദുരുപയോഗപ്പെടുത്തിക്കളഞ്ഞുവെന്നുള്ള അപരാധത്തില്‍ നിന്നു നാം വിമുക്തരാവുന്നില്ല. അതിനായി വിനിയോഗിച്ച സമയം അല്ലാഹുവിന്റെ സൃഷ്ടിമാഹാത്മ്യങ്ങളിലും പ്രപഞ്ചരഹസ്യങ്ങളിലും സമുദായത്തിനുപകരിക്കുന്ന സംഗതികളിലും ചിന്തിക്കാന്‍ വിനിയോഗിക്കാമായിരുന്നു. തസ്ബീഹും ദിക്റും തഹ് ലീലും ഖുര്‍ആന്‍ പാരായണവും ചെയ്യാന്‍ ആ സമയം ഉതകുമായിരുന്നു.

അനാവശ്യ സംസാരങ്ങള്‍ കൊണ്ടുണ്ടായിത്തീരുന്ന വിനകളെന്തെല്ലാമാണ്? ചെറിയ ചില ഉദാഹരണങ്ങള്‍ മാത്രം ഇവിടെ ഉദ്ധരിക്കാം. നമ്മുടെ ഒരു സഹോദരന്‍ അല്ലാഹുവിന്റെ തൃപ് തിയെ മാത്രം ഉദ്ദേശിച്ചു രഹസ്യമായി നോമ്പനുഷ്ഠിക്കുന്നു. നിനക്ക് നോമ്പുണ്ടോ എന്ന് നാം അദ്ദേഹത്തോട് ചോദിച്ചാല്‍ ഉണ്ടെന്നു ഉത്തരം പറയുന്നപക്ഷം രഹസ്യമായ ആരാധനകളുടെ ലിസ്റ്റില്‍ നിന്ന് അത് പുറത്തുപോകുന്നു. ഇല്ലെന്നു പറഞ്ഞാല്‍ അവന്‍ കളവു പറഞ്ഞവനുമായി. മൌനം ദീക്ഷിച്ചാലോ അപമാനിച്ചുവെന്ന ആക്ഷേപത്തിനു പാത്രീഭൂതനുമായി. ഇതിനെല്ലാം ഇടയാക്കിയത് നമ്മുടെ അനാവശ്യമായ ചോദ്യമാണ്.

വഴിമധ്യേ നാം ഒരു സ്നേഹിതനെ കണ്ടുമുട്ടുമ്പോള്‍ നീ എവിടെ നിന്നു വരുന്നുവെന്നു ചോദിക്കല്‍ ഒരു സാധാരണ സമ്പ്രദായമാണ്. തന്റെ രഹസ്യം മറ്റുള്ളവര്‍ അറിയരുതെന്നു കരുതി അവന്‍ ഈ ചോദ്യം നിമിത്തം സംഗതി തുറന്നുപറയുന്നതിനോ അഥവാ കള്ളം പറയുന്നതിനോ രണ്ടുമല്ലെങ്കില്‍ മൌനാവലംബം വഴിയായി നമ്മുടെ അതൃപ്തി സമ്പാദിക്കുന്നതിനോ നിര്‍ബന്ധിതനായിത്തീരുന്നു. നമ്മുടെ അനാവശ്യമായ ചോദ്യമുണ്ടായിരുന്നില്ലെങ്കില്‍ ഇതിനൊ ന്നും വഴിയുണ്ടാകില്ലായിരുന്നു.

ലുഖ്്മാനുല്‍ ഹകീം (റ) ഒരു ദിവസം ദാവൂദ് നബി (അ) യുടെ വീട്ടില്‍ ചെന്നപ്പോള്‍ അദ്ദേഹം ഒരു കവചം നെയ്യുകയായിരുന്നു. ലുഖ്്മാന്‍ (റ) മുമ്പൊരിക്കലും അത് കണ്ടിട്ടുണ്ടായിരുന്നില്ല. ഇതെന്താവശ്യത്തിനാണെന്ന് ചോദിക്കാന്‍ അദ്ദേഹമുദ്ദേശിച്ചെങ്കിലും തല്‍ക്കാലം ആ ചോദ്യം വേണ്ടെന്നുവെച്ചു. കവചത്തിന്റെ ജോലി കഴിഞ്ഞ ഉടനെ ദാവൂദ് നബി (അ) അത് ധരിക്കുകയും ഇത് യുദ്ധത്തിനുപയോഗിക്കുന്ന ഒരു ഉത്തമ സാധനമാണെന്ന് പറയുകയും ചെയ്തപ്പോള്‍ അതിന്റെ ആവശ്യകത ലുഖ്മാന്‍ (റ) ഗ്രഹിക്കുകയും ഇങ്ങനെ പറയുകയും ചെയ്തു. “മൌനം അതിപ്രധാനമായ ഒരു സംഗതിയാണ്. എന്നാല്‍ അതനുഷ്ഠിക്കുന്നവര്‍ വിരളമാണ്.’

ഇമാം ഗസ്സാലി (റ) സംസാരത്തെ നാലിനങ്ങളായി തരംതിരിച്ചിരിക്കുന്നു. (1) യാതൊരു ഗുണവുമില്ലാതെ ദോഷം മാത്രമുള്ളത്. (2) തീരേ ദോഷമില്ലാതെ ഗുണം മാത്രമുള്ളത്. (3) ഗുണവും ദോഷവും സമ്മിശ്രമായത് (4) ഗുണവും ദോഷവുമില്ലാത്തത്.

പ്രസ്തുത ഇനങ്ങളില്‍ നിന്നു ദോഷം മാത്രമുള്ളതും ഗുണത്തേക്കാളേറെ ദോഷമുള്ളതും ഉപേക്ഷിക്കാതെ നിവൃത്തിയില്ല. നാലാമത്തെ ഇനത്തില്‍ പ്രവേശിക്കുമ്പോള്‍ വിലയേറിയ നിമിഷങ്ങള്‍ ദുരുപയോഗപ്പെട്ടു പോകുന്നുണ്ടെന്നു നാമോര്‍ക്കണം.

നബി (സ്വ) ഇങ്ങനെ അരുള്‍ചെയ്യുന്നു: ‘സംസാരിച്ചു നന്മകള്‍ സമ്പാദിക്കുകയോ അഥവാ മൌനമവലംബിച്ചു നാശങ്ങളില്‍ നിന്നു വിമുക്തമാവുകയോ ചെയ്യുന്നവര്‍ അനുഗൃഹീതരാണ്” (ബൈഹഖി).

മഹാനായ അബ്ദുല്ലാഹിബ്നു സുഫ്യാന്‍ (റ) തന്റെ പിതാവില്‍നിന്നും ഇങ്ങനെ ഉദ്ധരിക്കുന്നു. അദ്ദേഹം (പിതാവ്) പറയുന്നു: “ഞാന്‍ നബി സ്വ) യോട് ഇങ്ങനെ അപേക്ഷിച്ചു. അല്ലയോ പ്രവാചകരേ, മറ്റാരോടും ചോദിക്കാനിടം നല്‍കാത്തവിധം ഇസ്ലാമിനെ സംബന്ധിച്ചു അവിടുന്ന് എന്നെ ഉപദേശിച്ചാലും. റസൂല്‍ (സ്വ) ഇങ്ങനെ അരുള്‍ ചെയ്തു: ‘ഞാന്‍ അല്ലാഹുവില്‍ വിശ്വസിച്ചു എന്ന് (ആത്മാര്‍ഥമായി) നീ പറയുകയും അനന്തരം അതിന്മേല്‍ ഉറച്ചിരിക്കുകയും ചെയ്യുക.’ ഞാന്‍ ചോദിച്ചു: ‘ഞാന്‍  സൂക്ഷിക്കേണ്ട വല്ലതുമുണ്ടോ?’ അപ്പോള്‍ അവിടുന്ന് നാവിനെ ചൂണ്ടിക്കാട്ടി. ‘ഇതിനെ സൂക്ഷിക്കണ’മെന്ന് അരുള്‍ ചെയ്തു” (തിര്‍മുദി, നസാഈ).”നാവും ഗുഹ്യസ്ഥാനവും (നിഷിദ്ധമായ സംഗതികളില്‍നിന്ന്) അകറ്റിനിര്‍ത്താമെന്ന് എന്നോടാരെങ്കിലും ഏല്‍ക്കുന്ന പക്ഷം അവന് സ്വര്‍ഗമുണ്ടെന്ന് ഞാനുമേല്‍ക്കാം” (ബുഖാരി).

മുആദ് (റ) വിനോട് നബി (സ്വ) ഇങ്ങനെ പറഞ്ഞു: “ഓ മുആദ്, നാവിന്റെ പ്രവര്‍ത്തന ദൂഷ്യം നിമിത്തമാണ് മിക്ക ആളുകളും നരകാഗ്നിക്ക് വിധേയരായിത്തീരുന്നത്” (ഇബ്നുമാജ, ഹാകിം).

“ഓരോ ദിവസവും പ്രഭാതമാകുമ്പോള്‍ എല്ലാ അവയവങ്ങളും നാവിനോടിങ്ങനെ കേണപേക്ഷിക്കുന്നു. ‘ഞങ്ങളുടെ കാര്യത്തില്‍ നീ സൂക്ഷ്മത പാലിക്കേണമേ. ഞങ്ങള്‍ നേരെയാകുന്നതും വളയുന്നതും നിന്നെ ആശ്രയിച്ചിട്ടാണ്” (തിര്‍മുദി).

മഹാന്മാരില്‍ ചിലരിങ്ങനെ പറയുന്നു: ‘സത്യവിശ്വാസിയുടെ നാവ് ഹൃദയത്തിന്റെ പിറകിലാണ്. അവന്‍ ആദ്യമായി ചിന്തിക്കുകയും രണ്ടാമതായി സംസാരിക്കുകയും ചെയ്യുന്നു. കപടവിശ്വാസികളുടെ നാവ് ഹൃദയത്തിന്റെ മുന്നിലാണ്. അവന്‍ ആദ്യം സംസാരിക്കുകയും പിന്നെ (അതിന്റെ ഭവിഷ്യത്തുകളെ സംബന്ധിച്ചു) ചിന്തിക്കുകയും ചെയ്യുന്നു. ത്വഊാസുല്‍ യമാനി (റ) പറയുന്നു: “എന്റെ നാവ് ഒരു ക്രൂരജന്തുവാണ്. ഞാനിതിനെ അഴിച്ചുവിട്ടാല്‍ എന്നെ അത് ഭക്ഷിക്കും.” സുലൈമാന്‍ നബി (അ) പറയുന്നു: “സംസാരം വെള്ളിയാണെങ്കില്‍ മൌനം സ്വര്‍ണ്ണമാണ്.”

ഇതില്‍നിന്നും നാവുകൊണ്ടുണ്ടായിത്തീരുന്ന ആപത്തുകള്‍ എത്രകണ്ട് ഗൌരവമേറിയതാണെന്നും അതിനെ അടക്കിനിര്‍ത്തി സൂക്ഷിക്കല്‍ എന്തുമാത്രം ആവശ്യമാണെന്നും ഗ്രഹിച്ചുവല്ലോ.


RELATED ARTICLE

  • എന്തിനാണ് വിദ്യ?
  • വളര്‍ച്ചാക്രമം
  • രണ്ടാം ക്ളാസിലേക്ക്…
  • ശക്തന്‍
  • പ്രവാചക ഫലിതങ്ങള്‍
  • അനുവദനീയം; പക്ഷേ…
  • പ്രവാചകന്റെ ചിരികള്‍
  • മനുഷ്യ ജീവിതം: സാധ്യതയും പ്രയോഗവും
  • ചിരിയുടെ പരിധികള്‍
  • ഫലിതത്തിന്റെ സീമകള്‍
  • കോപത്തിനു പ്രതിവിധി
  • പ്രതിഭാശാലി
  • ധര്‍മത്തിന്റെ മര്‍മം
  • വ്യഭിചാരക്കുറ്റം ആരോപിക്കല്‍
  • വിദ്വേഷം സൃഷ്ടിക്കല്‍
  • ശവം തീനികള്‍
  • സത്യസന്ധത
  • പരദൂഷണം
  • നിരപരാധരുടെ പേരില്‍ കുറ്റം ചുമത്തല്‍
  • നാവിന്റെ വിപത്തുകള്‍
  • മഹാത്മാക്കളെ അധിക്ഷേപിക്കല്‍
  • കൃത്രിമ സ്വൂഫികള്‍
  • കരാര്‍ പാലനം
  • കപട വേഷധാരികള്‍
  • കപടസന്യാസികള്‍
  • കളവുപറയല്‍
  • ഇരുമുഖ നയം
  • ഗീബത്ത് അനുവദനീയം
  • അനീതിക്കരുനില്‍ക്കല്‍
  • ആത്മ വിശുദ്ധി