Click to Download Ihyaussunna Application Form
 

 

കൃത്രിമ സ്വൂഫികള്‍

പ്രാപഞ്ചികമായ സുഖസന്തോഷങ്ങളില്‍ നിന്നും ശാരീരികമായ ഇച്ഛകളെ പിന്‍പറ്റിയുള്ള ജീവിതത്തചന്റ നിന്നും അകന്നു നില്‍ക്കേണമെന്ന് മതദൃഷ്ട്യാ നിര്‍ബന്ധിക്കപ്പെട്ടിട്ടുണ്ടെങ്കിലും അതനുസരിച്ച് ജീവിക്കല്‍ അസാധ്യവും അസംഭവ്യവുമാണെന്നും ചിരകാല പരീക്ഷണങ്ങളുടെ ഫലമായി ഈ നിഗമനത്തിലാണ് തങ്ങളെത്തിച്ചേര്‍ന്നിട്ടുള്ളതെന്നും കൃത്രിമ സ്വൂഫികളില്‍ ഒരു വിഭാഗമാളുകള്‍ ജല്‍പ്പിക്കുന്നു.

എന്നാല്‍ ശരീരേച്ഛകളെയും പ്രപഞ്ച സ്നേഹത്തെയും പാടേ ത്യജിക്കണമെന്ന് ഇസ്ലാം നിര്‍ബന്ധിക്കുന്നുവെന്നാണ് ഈ വിഡ്ഢികള്‍ മനസ്സിലാക്കിയത്. വാസ്തവം അങ്ങനെയല്ല. മതാനുസരണവും യുക്തിപൂര്‍വ്വവുമായ മാര്‍ഗം കൈക്കൊള്ളുക വഴി അവയെ നിയന്ത്രിക്കണമെന്ന് മാത്രമാണ് ഇസ്ലാം നിര്‍ദ്ദേശിക്കുന്നത്.

മറ്റൊരു വിഭാഗം പറയുന്നത് ഇങ്ങനെയാണ്. ശാരീരികമായ ആരാധനകള്‍ കൊണ്ട് യാ തൊരു നേട്ടവുമുണ്ടാകുന്നില്ല. അല്ലാഹുവിന്റെ നോട്ടം അടിമയുടെ ഹൃദയത്തിലേക്കാണ്. ഞങ്ങള്‍ ബാഹ്യമായി ശരീരേച്ഛകളെ അനുഗമിക്കുന്നുണ്ടെങ്കിലും ഹൃദയം പരിശുദ്ധിയുടെ പരമകാഷ്ട പ്രാപിച്ചതും വിജ്ഞാന സാഗരത്തില്‍ ആറാടിക്കൊണ്ടിരിക്കുന്നതുമാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ശരീരേച്ഛകളനുസരിച്ചുള്ള ജീവിതം അല്ലാഹുവുമായുള്ള സാമീപ്യത്തിനു വിഘാതമായിത്തീരുന്നില്ല.

നോക്കൂ, ഈ വിഡ്ഢികളുടെ ചിന്ത പോയ പോക്ക്! അനുവദനീയവും എന്നാല്‍ ഉന്നത പദവിക്കനുയോജ്യമല്ലാത്തതുമായ ചില പാകപ്പിഴകള്‍ വന്നുപോയത് നിമിത്തം ചിരകാലം വ്യസനിച്ചു കണ്ണുനീര്‍ പൊഴിച്ചുകൊണ്ട് ജീവിച്ച മഹാന്മാരായ പ്രവാചക ശ്രേഷ്ഠരെക്കാള്‍ ഔന്നത്യം സമ്പാദിച്ചത് തങ്ങളാണെന്നല്ലേ ഇവര്‍ വിചാരിക്കുന്നത്. ഇന്നാലില്ലാഹി. മതപരമായ വിജ്ഞാനങ്ങള്‍ കരസ്ഥമാക്കാതെ സ്വൂഫിസത്തിലേക്ക് കാല്‍ വെച്ചതും ശരിയായ നിര്‍ദ്ദേശവും ശിക്ഷണവും നല്‍കുന്ന യഥാര്‍ഥ ശൈഖിന്റെ ശിഷ്യത്വം സ്വീകരിക്കാതെ മുന്നോട്ടുപോകാന്‍ ശ്രമിച്ചതുമാണ് ഇവര്‍ക്ക് പിണഞ്ഞ അബദ്ധം (ഇഹ്യ, വാല്യം 3, പേജ് 393).

യാതൊരു വിധത്തിലുള്ള അബോധാവസ്ഥയോ അസ്ഥിരതയോ ഇല്ലാതെ, ഐഹികമായ ഏര്‍പ്പാടുകളില്‍ അശ്രദ്ധയോ അനാസ്ഥയോ കാണിക്കാതെ എല്ലാം തന്നെ കൃത്യമായി നിര്‍വ്വഹിക്കുന്ന ചിലര്‍, മതപരമായ ആജ്ഞകള്‍ ലംഘിക്കുകയും നിഷിദ്ധമായ സംഗതികള്‍ പ്രവര്‍ത്തിക്കുകയും അതോടൊപ്പം തന്നെ തങ്ങള്‍ ശൈഖുമാരും വലിയ്യുമാരും മറ്റുമാണെന്ന് വാദിക്കുകയും ബുദ്ധിശൂന്യരും വിദ്യാവിഹീനരുമായ ചില ആളുകള്‍ അവരുടെ വാദം അംഗീകരിച്ചുകൊടുക്കുകയും അവരെ പിന്തുടരുകയും ചെയ്യുന്ന അനുഭവം പലപ്പോഴും ഉണ്ടാകാറുണ്ട്. എന്നാല്‍ ബോധാവസ്ഥയില്‍ ഇസ്ലാമിന്റെ വിധിവിലക്കുകള്‍ക്ക് വിധേയരായി ജീവിക്കാത്ത ആരെയും തന്നെ നാം മഹാന്മാരാണെന്ന് ധരിക്കാന്‍ നിര്‍വ്വാഹമില്ല.

സുപ്രസിദ്ധ പണ്ഢിതവര്യനായ ഇമാം റാസി (റ) പറയുന്നത് കാണുക: “നബി (സ്വ) വെട്ടിത്തെളിയിച്ചു തന്ന പരിശുദ്ധവും പരിപാവനവുമായ മാര്‍ഗം പിന്‍പറ്റി ജീവിക്കുകയെന്നതാണ് വ്യാജ ശൈഖിനെയും യഥാര്‍ഥ ശൈഖിനെയും തമ്മില്‍ വിവേചിച്ചറിയുവാനുള്ള മാനദണ്ഡം. തന്റെ ഹൃദയം പരിശുദ്ധവും നിഷ്കളങ്കവുമാണ്. ഔന്നത്യത്തിന്റെ പരമകാഷ്ട പ്രാപിച്ച തനിക്ക് മതത്തിന്റെ വിധിവിലക്കുകള്‍ ബാധകമല്ല. ശരീഅത്തിന്റെ ബന്ധനത്തില്‍ നിന്നു താന്‍ വിമുക്തനായിരിക്കുന്നു. എന്നിങ്ങനെയുള്ള വാദങ്ങളുന്നയിക്കുന്ന ആള്‍ മതഭ്രംശം സംഭവിച്ചവനും വി ശ്വാസത്തിനു ഭംഗം തട്ടിയവനുമാണ്. അത്തരക്കാരെ പിന്‍പറ്റുന്നത് സൂക്ഷിക്കണം. അവന്റെ ശ്വാസത്തിന്റെ വിഷം ഉഗ്രമാണ്. (ബഹ്ജത്തുസ്സനിയ്യ, ഹിദായത്തുല്‍ മുതലത്ത്വിഖ്, പേ. 133).

പ്രശസ്ത സൂഫിവര്യനും ശൈഖുമായ ഇബ്നു അത്വാഉല്ലാഹിസ്സികന്തരി (റ) തന്റെ ഹികം എന്ന മഹല്‍ ഗ്രന്ഥത്തില്‍ ഇങ്ങനെ എഴുതുന്നു: “നിര്‍ബന്ധ കാര്യങ്ങള്‍ സ്വീകരിക്കുന്നതില്‍ വൈമനസ്യം കാണിച്ചു കൊണ്ട് സുന്നത്തുകളില്‍ ഏര്‍പ്പെടുന്നത് ശരീരേച്ഛയെ പിന്‍പറ്റി ജീവിക്കുന്നതിന്റെ ലക്ഷണമാണ്.” മഹാനായ അബൂയസീദുല്‍ ബിസ്ത്വാമി(റ) പറയുന്നു; ‘മതത്തിന്റെ ആജ്ഞകളും വിലക്കുകളും സ്വീകരിക്കാത്ത ആള്‍ അന്തരീക്ഷത്തില്‍ ചമ്രപ്പടി ഇട്ടിരുന്നാലും അവന്‍ ഉന്നത വ്യക്തിയാണെന്ന് നീ ധരിക്കരുത്.”

വിധിവിലക്കുകള്‍ അനുസരിച്ചുകൊണ്ട് ജീവിക്കുകയും അല്ലാഹു നിശ്ചയിച്ച അതിര്‍ വരമ്പുകള്‍ കാത്തു സൂക്ഷിക്കുകയും ചെയ്യുന്നുണ്ടോ എന്നാണ് നോക്കേണ്ടത്. നിസ്കാരം മുതലായ ആരാധനകള്‍ കൃത്യമായി അനുഷ്ഠിക്കുകയും വ്യഭിചാരം മുതലായ നിഷിദ്ധ സംഗതികള്‍ വര്‍ ജ്ജിക്കുകയും നിയമാനുസരണം വുസു, ശുദ്ധി എന്നിങ്ങനെയുള്ള സംഗതികള്‍ നിര്‍വ്വഹിക്കുകയും ചെയ്യുന്ന ആളുകളെ മാത്രാണ് മഹാന്മാരെന്ന് കരുതാവൂ (ശറഹുത്തരീഖതുല്‍ മുഹമ്മദിയ്യ, ഹിദായ, പേജ് 147).

ശരീഅത്തിന്റെ അദബുകള്‍ പാലിക്കാത്ത ആളുകള്‍ എന്തുതന്നെ അസാധാരണ സംഭവം കാ ണിച്ചാലും അവന്‍ വലിയ്യാണെന്നു നീ ധരിച്ചുപോകരുത്. അവന്‍ വിലായത്തിനര്‍ഹനല്ല. അല്ലാഹുവിന്റെ രഹസ്യങ്ങള്‍ നിക്ഷേപിക്കാന്‍ അവന്റെ ഹൃദയം പറ്റുകയില്ല. എന്നാല്‍ അബോധാവസ്ഥയില്‍ വല്ലതും പ്രവര്‍ത്തിക്കുന്ന ആളുകളെ നീ ആക്ഷേപിക്കാതെ വിട്ടുകൊള്ളുക (അവനെ ശല്യപ്പെടുത്താനോ തുടരാനോ തുനിയരുത്) (ശറഹ് യൂസുഫി ലി ശ്ശയ്ഖില്‍ അക്ബര്‍ ഹിദായ, പേജ് 136).

ശൈഖുത്ത്വരീഖത് ഹസ്രത് ജുനൈദ് ബഗ്ദാദി (റ) പറയുന്നു: ‘മതപരമായ വിജ്ഞാനങ്ങള്‍ സമ്പാദിക്കുകയും നിഷിദ്ധ കാര്യങ്ങളുപേക്ഷിക്കുകയും ഐഹികമായ സുഖേച്ഛകളില്‍ നിന്നകന്നു നില്‍ക്കുകയും ചെയ്യാതെ ഒരാള്‍ ശൈഖാകയില്ല. സ്വശരീരത്തിലെ രോഗങ്ങള്‍ കണ്ടുപിടിച്ചു ചികിത്സകള്‍ നടത്താതെ മറ്റുള്ളവരെ ചികിത്സിക്കാന്‍ തുനിയുന്നത് ന്യായീകരിക്കത്തക്കതല്ല. മറിച്ച് പ്രവര്‍ത്തിക്കുന്നവര്‍ പിശാചിന്റെ അനുയായികളില്‍പ്പെട്ടവരാണ്. അവരെ സൂക്ഷിക്കണം. വാക്കുകളും പ്രവൃത്തികളും മറ്റു സ്ഥിതിഗതികളും പരിശുദ്ധ ഇസ്ലാമിന്റെ നിയമങ്ങളുമായി യോജിച്ചുകാണാത്ത ആളുകളെ നീ പിന്തുടരുത് (ശറഹുര്‍റാഇയ്യ, ഹിദായ, പേജ് 130).

പൊതുജനങ്ങളുടെ പക്കല്‍, വലിയ്യും ശൈഖുമായി കരുതപ്പെടുകയും അവരുടെ ഇടയില്‍ വളരെയധികം പ്രസിദ്ധി നേടുകയും ചെയ്ത ഒരാളെ മഹാനായ അബൂയസീദുല്‍ ബിസ്ത്വാമി  (റ) സന്ദര്‍ശിക്കുകയുണ്ടായി. അദ്ദഹം ഖിബ്ലയെ അഭിമുഖമാക്കി തുപ്പുന്നതാണ് അബൂയസീദിന്റെ (റ) ദൃഷ്ടിയില്‍പ്പെട്ടത്. ഇതുകണ്ട മാത്രയില്‍ സലാം ചൊല്ലുക കൂടി ചെയ്യാതെ അദ്ദേഹവും അനുയായികളും സ്ഥലം വിട്ടുകളഞ്ഞു. നബി (സ്വ) യുടെ ആജ്ഞകളില്‍ ഒന്നായ ഖി ബ്ലയെ ബഹുമാനിക്കുകയെന്ന സംഗതിയില്‍ അശ്രദ്ധ കാണിക്കുന്ന ഇദ്ദേഹം വലിയ്യാണെന്ന് താന്‍ കരുതുന്നില്ല എന്നാണ് ഇതിന് അബൂയസീദ് (റ) കാരണം പറഞ്ഞത്. വീണ്ടും അദ്ദേഹം തുടരുന്നു: ‘ഖിബ്ലയെ അല്ലാഹു ബഹുമാനിക്കുകയും അതിനെ അഭിമുഖമാക്കി നില്‍ക്കുന്നത് നിസ്കാരത്തിലെ ഒരു നിര്‍ബന്ധ സംഗതിയാക്കുകയും അതിന്റെ നേരെ തിരിഞ്ഞു മലമൂത്ര വിസര്‍ജ്ജനം നടത്തുന്നതോ മറ്റു വിധത്തില്‍ അനാദരവ് കാണിക്കുന്നതോ അവന്‍ നിഷിദ്ധമാക്കുകയും ചെയ്തിരിക്കെ, അല്ലാഹു ബഹുമാനിച്ച വസ്തുക്കളെ നിന്ദിക്കുന്നവന്‍ എങ്ങനെ വലിയ്യായിത്തീരും’ (ഹിദായ, പേജ് 132).

ശൈഖുല്‍ അക്ബര്‍ മുഹ്യിദ്ദീനു ബ്നു അറബി (റ) തന്റെ ഫുതൂഹാത്ത് എന്ന ഗ്രന്ഥത്തില്‍ ഇങ്ങനെ എഴുതുന്നു: ‘ആലിം (പണ്ഢിതന്‍), ആബിദ് (ആരാധനയില്‍ വ്യാപൃതനായ ആള്‍), വിജ്ഞാനം സമ്പാദിച്ച സ്വൂഫിവര്യന്‍ എന്നിങ്ങനെ മൂന്നു തരക്കാരായി ഉന്നത മനുഷ്യരെ വിഭജിക്കാം.


RELATED ARTICLE

 • എന്തിനാണ് വിദ്യ?
 • വളര്‍ച്ചാക്രമം
 • രണ്ടാം ക്ളാസിലേക്ക്…
 • ശക്തന്‍
 • പ്രവാചക ഫലിതങ്ങള്‍
 • അനുവദനീയം; പക്ഷേ…
 • പ്രവാചകന്റെ ചിരികള്‍
 • മനുഷ്യ ജീവിതം: സാധ്യതയും പ്രയോഗവും
 • ചിരിയുടെ പരിധികള്‍
 • ഫലിതത്തിന്റെ സീമകള്‍
 • കോപത്തിനു പ്രതിവിധി
 • പ്രതിഭാശാലി
 • ധര്‍മത്തിന്റെ മര്‍മം
 • വ്യഭിചാരക്കുറ്റം ആരോപിക്കല്‍
 • വിദ്വേഷം സൃഷ്ടിക്കല്‍
 • ശവം തീനികള്‍
 • സത്യസന്ധത
 • പരദൂഷണം
 • നിരപരാധരുടെ പേരില്‍ കുറ്റം ചുമത്തല്‍
 • നാവിന്റെ വിപത്തുകള്‍
 • മഹാത്മാക്കളെ അധിക്ഷേപിക്കല്‍
 • കൃത്രിമ സ്വൂഫികള്‍
 • കരാര്‍ പാലനം
 • കപട വേഷധാരികള്‍
 • കപടസന്യാസികള്‍
 • കളവുപറയല്‍
 • ഇരുമുഖ നയം
 • ഗീബത്ത് അനുവദനീയം
 • അനീതിക്കരുനില്‍ക്കല്‍
 • ആത്മ വിശുദ്ധി