Click to Download Ihyaussunna Application Form
 

 

കരാര്‍ പാലനം

തെങ്കിലും ഒരുകാര്യം നിര്‍വ്വഹിച്ചുകൊള്ളാമെന്ന് നാവുകൊണ്ട് ഉരുവിടാന്‍ യാതൊരു പ്രയാസവുമില്ല. എന്നാല്‍ അത് നിറവേറ്റുന്നതിലാണ് കാര്യം. ഒരാള്‍ വേണമെന്നാഗ്രഹിക്കുന്ന ചില കാര്യങ്ങളുടെ സാധ്യത്തിന് വേണ്ടി മറ്റുള്ളവരുമായി പല കരാറുകളിലും ഏര്‍പ്പെടാറുണ്ട്. ഉദ്ദിഷ്ടകാര്യം സാധിച്ചു കഴിഞ്ഞാല്‍ പിന്നെ പ്രസ്തുത കരാറ് പാലിക്കുന്ന വിഷയത്തില്‍ അവന് ചില ബുദ്ധിമുട്ടുകളൊക്കെ തോന്നിത്തുടങ്ങുമ്പോള്‍ അതിന്നൊന്നും പോകേണ്ടെന്ന് വെച്ചു അതില്‍ നിന്നും ഒഴിയുകയും എന്നിട്ട് തന്റെ മനസാക്ഷിക്കു എതിരായുള്ള ഈ പെരുമാറ്റത്തെ ന്യായീകരിക്കാന്‍ നോക്കുകയും അങ്ങനെ ഹൃദയത്തിലുള്ളതിനു വിപരീതമായ ഒരു നിലപാട് പുറമെ കാണിക്കാന്‍ പരിശ്രമിക്കുകയും തദ്വാരാ കാപട്യം അവരില്‍ വേരൂന്നുകയും ചെയ്യുന്നു.

പ്രസ്തുത സ്വഭാവം കപടവിശ്വാസികളുടെ ലക്ഷണമായി പരിശുദ്ധ ഖുര്‍ആനിലും നബിവചനങ്ങളിലും വിവരിക്കപ്പെട്ടിട്ടുണ്ട്. അല്ലാഹു പറയുന്നത് കാണുക: ‘അവന്‍ അവന്റെ അനുഗ്രഹത്തില്‍ നിന്നും ഞങ്ങള്‍ക്ക് നല്‍കുമെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ ദാനധര്‍മ്മങ്ങള്‍ നല്‍കുകയും സല്‍പ്രവൃത്തികള്‍ ചെയ്യുന്നവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുകയും ചെയ്യുമെന്ന് അല്ലാഹുവിനോട് കരാര്‍ ചെയ്തവരായി അവരില്‍ ചിലരുണ്ട്. എന്നാല്‍ അവന്റെ അനുഗ്രഹത്തില്‍ നിന്നും അവര്‍ക്ക് നല്‍കിയപ്പോള്‍ ലുബ്ധ് പിടിച്ചു അത് കൂട്ടിവെക്കുകയും വിമുഖരായി തിരിഞ്ഞു കളയുകയുമാണവര്‍ ചെയ്തത്. അങ്ങനെ അവര്‍ അല്ലാഹുവിനോട് ചെയ്തിരുന്ന വാഗ്ദത്തം പാലിക്കാത്തതിന്റെയും കളവ് പറഞ്ഞതിന്റെയും ഫലമായി അവനെ അവര്‍ നേരിട്ടു കാണുന്ന ദിവസം വരെയും അവരുടെ ഹൃദയങ്ങളില്‍ അവന്‍ അവര്‍ക്ക് കാപട്യത്തെ (അതിന്റെ) പരിണതഫലമാക്കിക്കൊടുത്തു (സൂറഃ തൌബ 75 – 77).

ജനനിബിഢമായ സദസ്സുകളില്‍ വെച്ചു അന്തസ്സും അഭിമാനവും രക്ഷിക്കാനായി പൊതുസ്ഥാപനങ്ങള്‍ക്കും മറ്റും ഭീമമായ തുക സംഭാവനയായി വാഗ്ദത്തം ചെയ്യുകയും സംഖ്യ വസൂല്‍ ചെയ്യുവാനായി ആളുകള്‍ അവരെ സമീപിക്കുമ്പോള്‍ ഒഴിഞ്ഞുമാറുകയും ചെയ്യുന്ന പലരെയും നമുക്ക് കാണാന്‍ കഴിയും. സുന്ദരങ്ങളായ വിവിധ വാഗ്ദാനങ്ങളുമായി പൊതുജനങ്ങളെ സമീപിച്ചു വോട്ടുകള്‍ തട്ടിയെടുത്തു നിയമസഭകളിലെ കസേരകളില്‍ ഇരിപ്പിടം ഉറപ്പിച്ചതിനു ശേഷം നാട്ടിന്റെയോ സമുദായത്തിന്റെയോ നന്മക്കായി ഒരു വിരല്‍ പോലും അനക്കാത്ത മഹാന്മാരും ധാരാളമുണ്ട്. നിശ്ചിത അവധിക്ക് ചരക്കുകള്‍ തരാമെന്നു പറഞ്ഞു പണം കൈവശപ്പെടുത്തുകയും അവധി എത്തിയാല്‍ ചരക്കുകള്‍ കൊടുക്കാതെ തടിതപ്പിക്കളയുകയും ചെയ്യുന്ന വമ്പന്മാരും വിരളമല്ല. ഇത്തരക്കാരെല്ലാവരും തന്നെ മേല്‍ വിവരിച്ച പരിശുദ്ധ വചനവും താഴെ വാക്യങ്ങളും ശരിക്കും ശ്രദ്ധിക്കേണ്ടതാണ്.

“നിങ്ങള്‍ നിങ്ങളുടെ മുഖങ്ങള്‍ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിക്കലല്ല പുണ്യം. എന്നാല്‍ അല്ലാഹുവിലും അന്ത്യദിനത്തിലും മലകുകളിലും വേദഗ്രന്ഥങ്ങളിലും പ്രവാചകന്മാരിലും വിശ്വ സിക്കുകയും  അവനോടുള്ള പ്രിയത്തെ ആസ്പദമാക്കി ബന്ധുക്കള്‍ക്കും, അനാഥക്കുട്ടികള്‍ ക്കും ദരിദ്രന്മാര്‍ക്കും വഴിയാത്രക്കാര്‍ക്കും യാചകന്മാര്‍ക്കും അടിമകളുടെ വിമോചനത്തിനും ധനം നല്‍കുകയും നിസ്കാരത്തെ കൃത്യമായി അനുഷ്ഠിക്കുകയും നിര്‍ബന്ധ ദാനം ചെയ്യുകയും കരാര്‍ ചെയ്താല്‍ തങ്ങളുടെ കരാര്‍ നിറവേറ്റുകയും ഞെരുക്കത്തിലും ആപത്തിലും യുദ്ധാവസരത്തിലും സഹനം കാണിക്കുകയും ചെയ്യുന്നവര്‍ ആരാണോ അവരത്രെ സത്യവാദികള്‍. അവരത്രെ സൂക്ഷ്മതയുള്ളവര്‍” (സൂറഃ അല്‍ബഖറ 177).

“സത്യവിശ്വാസികള്‍ വിജയം പ്രാപിച്ചിരിക്കുന്നു. അവര്‍ നിസ്കാരത്തില്‍ വിനയമുള്ളവരാണ്. അവര്‍ സകാത് കൊടുക്കുന്നവരാണ്. അവര്‍ തങ്ങളുടെ ഗുഹ്യസ്ഥാനങ്ങളെ സൂക്ഷിക്കുന്നവരുമാണ്. തങ്ങളുടെ ഭാര്യമാരെയും അടിമസ്ത്രീകളെയും സംബന്ധിച്ചല്ലാതെ. അപ്പോള്‍ അവര്‍ ആക്ഷേപാര്‍ഹരല്ല. നിശ്ചയം, അതിലപ്പുറം മോഹിക്കുന്നവരത്രെ അക്രമികള്‍. അവര്‍ തങ്ങളുടെ അമാനത്തുകളെയും കരാറിനെയും പാലിക്കുന്നവരാണ്. തങ്ങളുടെ നിസ്കാരങ്ങള്‍ അവര്‍ ശരിക്ക് പാലിക്കുകയും ചെയ്യുന്നു. അവരത്രെ ഉന്നത സ്വര്‍ഗം പ്രാപിക്കാനവകാശപ്പെട്ടവര്‍. അവര്‍ അവിടെ നിത്യവാസികളാണ് ” (സൂറഃ മുഅ്മിനൂന്‍ 11).

നബി (സ്വ) ഇങ്ങനെ അരുള്‍ ചെയ്യുന്നു. നാലു സംഗതികള്‍ ഒരാളില്‍ സമ്മേളിച്ചാല്‍ അവന്‍ പരിപൂര്‍ണ്ണ മുനാഫിഖായി. അതില്‍ നിന്ന് ഏതെങ്കിലുമൊന്നുണ്ടായാല്‍ അതുപേക്ഷിക്കുവോളം കപടവിശ്വാസിയുടെ ഒരു ലക്ഷണം അവനിലുണ്ടായി. വിശ്വാസവഞ്ചന ചെയ്യുക, വ്യാജം പറയുക, കരാര്‍ ലംഘനം നടത്തുക, ആരെങ്കിലുമായി ശണ്ഠയിലേര്‍പ്പെടുമ്പോള്‍ ധി ക്കാരവാക്കുകള്‍ പറയുക എന്നിവയാണ് പ്രസ്തുത നാലു സംഗതികള്‍ (ബുഖാരി).

ഋണബാധിതനായ ആള്‍ അതില്‍ നിന്ന് വിമുക്തനാകാന്‍ എങ്ങനെ കടപ്പെടുന്നുവോ അതേ പ്രകാരം തന്നെ വാഗ്ദത്തം ചെയ്താല്‍ അത് പാലിക്കാനും കടപ്പെടുന്നു. (ഇബ്നു അബീദുനിയാ). ഹസ്രത് ഇസ്മാഈല്‍ (അ) ന്റെ വാഗ്ദത്ത നിര്‍വഹണ പ്രതിപത്തിയെ പ്രശംസിച്ചുകൊണ്ട് പരിശുദ്ധ ഖുര്‍ആനില്‍ അല്ലാഹുപറയുന്നു: ‘ഓ നബിയേ, ഖുര്‍ആനില്‍, ഇസ്മാഈല്‍ (അ) ന്റെ ചരിത്രം വിവരിച്ചുകൊടുക്കുക. നിശ്ചയമായും അദ്ദേഹം വാഗ്ദത്തം ശരിക്കു പാലിക്കുന്ന ആളായിരുന്നു (സൂറഃ മര്‍യം 54).

നിങ്ങള്‍ മടങ്ങിവരുവോളം ഞാന്‍ ഇന്ന സ്ഥലത്ത് താങ്കളെ പ്രതീക്ഷിച്ചു നില്‍ക്കാമെന്ന് ഇസ്മാഈല്‍ (അ) ഒരാളോട് വാഗ്ദത്തം ചെയ്തു. അദ്ദേഹം ആ സംഗതി വിസ്മരിച്ചുപോയി. ഇരുപത്തിരണ്ട് ദിവസം കഴിഞ്ഞിട്ട് അദ്ദേഹത്തിന് ഓര്‍മ വരികയും ഉടനെ തന്നെ നിശ്ചിത സ്ഥലത്തേക്ക് മടങ്ങിവരികയും ചെയ്തു. നോക്കുമ്പോള്‍ ഇസ്മാഈല്‍ നബി (അ) തന്നെയും പ്രതീക്ഷിച്ചു അവിടെതന്നെ നില്‍ക്കുകയാണ് (ഇഹ്യാ, വാല്യം 3, പേജ് 129).

അബ്ദുല്ലാഹിബ്നു അബില്‍ അന്‍സാഅ്(റ) പറയുന്നു: ‘പ്രവാചകത്വം ലഭിക്കുന്നതിനു മുമ്പ് ഞാനും നബിയും തമ്മില്‍ നടന്ന ഒരിടപാടിനെ തുടര്‍ന്ന് അല്‍പ്പം സംഖ്യ ഞാന്‍ അടച്ചുതീര്‍ക്കാന്‍ അവശേഷിച്ചിരുന്നു. അത് ഇന്ന സ്ഥലത്ത് ഞാന്‍ ഹാജരാക്കിത്തരാം എന്നെയും പ്രതീക്ഷിച്ച് അവിടെ നിന്നാല്‍ മതിയെന്ന് ഞാന്‍ നബിയോട് പറഞ്ഞു. അങ്ങനെ ആകാമെന്ന് അവിടുന്ന് ഏല്‍ക്കുകയും ചെയ്തു. ഞാന്‍ സംഗതി മറന്നുപോയി. മൂന്നാം ദിവസം എനിക്ക്ഓര്‍മവരികയും നിശ്ചിത സ്ഥലത്തേക്ക് സംഖ്യയുമായി ഞാന്‍ ചെല്ലുകയും ചെയ്തു. നബി     (സ്വ) അവിടെ എന്നെയും പ്രതീക്ഷിച്ചിരിക്കയാണ്. അവിടുന്ന് കണ്ടപ്പോള്‍ ഇങ്ങനെ പറഞ്ഞു: ‘നീ എന്നെ വിഷമിപ്പിച്ചു. മൂന്നു ദിവസമായി നിന്നെ പ്രതീക്ഷിച്ചു ഞാനിവിടെ നില്‍ക്കുന്നു (അബൂദാവൂദ്).

മഹാനായ ഇബ്നുഉമര്‍ (റ) മരണാസന്നനായപ്പോള്‍ ഇങ്ങനെ പറഞ്ഞു: ‘ഖുറൈശികളില്‍പ്പെട്ട ഒരാള്‍ എന്റെ മകളെ സംബന്ധിച്ചു വിവാഹാപേക്ഷ നടത്തുകയും ഞാന്‍ അവന്റെ അപേക്ഷ സ്വീകരിക്കുകയും വിവാഹം നടത്തിത്തരാമെന്ന് വാഗ്ദത്തം നല്‍കുകയും ചെയ്തിരുന്നു. പ്രസ്തുത വാഗ്ദത്തം നിര്‍വ്വഹിക്കാതെ മുനാഫിഖായിരിക്കാന്‍ ഞാനിഷ്ടപ്പെടുന്നില്ല’ (ഇഹ്യ).

മഹാനായ ഇബ്നുല്‍ മുബാറക് (റ) അഗ്നി ആരാധകന്മാരില്‍പ്പെട്ട ഒരു ശത്രുവിനോട് യുദ്ധം ചെയ്തു കൊണ്ടിരിക്കയായിരുന്നു. അങ്ങനെ അവന്‍ നടത്താറുള്ള പ്രാര്‍ഥനയുടെ സമയമായി. പ്രാര്‍ഥന നടത്താനായി അല്‍പ നിമിഷം യുദ്ധം നിര്‍ത്തിവെക്കണമെന്ന് ഇബ്നുല്‍ മുബാറകിനോട് അവന്‍ ആവശ്യപ്പെടുകയും അങ്ങനെ ചെയ്യാമെന്ന് ഇബ്നുല്‍മുബാറക് സമ്മതിക്കയും ചെയ്തു. അവന്‍ പ്രാര്‍ഥന നടത്തിക്കൊണ്ടിരിക്കെ ഈ അവസരം ഇവനെ വധിച്ചുകളയാമെന്ന് അദ്ദേഹത്തിന് തോന്നുകയും അതിന് മുതിരുകയും ചെയ്തു. ഉടനെ തന്നെ അന്തരീക്ഷത്തില്‍ ഒരശരീരി ഇങ്ങനെ വിളിച്ചുപറയുന്നതായി അദ്ദേഹത്തിന് കേള്‍ക്കാന്‍ കഴിഞ്ഞു: ‘ഓ ഇബ്നു മുബാറക്, കരാര്‍ പാലിക്കുക. കരാര്‍ ഉത്തരവാദിത്വമുള്ളതാണെന്ന് പരിശുദ്ധ ഖുര്‍ആനിലെ ആജ്ഞ വിസ്മരിക്കരുതെ.’

ഇതുകേട്ട മാത്രയില്‍ഇബ്നുല്‍മുബാറക് തന്റെ ഉദ്യമത്തില്‍ നിന്നു പിന്മാറി. പ്രാര്‍ഥനാനന്തരം ശത്രു ഇങ്ങനെ ചോദിച്ചു. നിങ്ങള്‍ എന്നെ വധിക്കാനായി ശ്രമിക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി. എന്നാല്‍ അതില്‍ നിന്ന് എന്തിനു പിന്മാറി? ഇബ്നുല്‍ മുബാറക് സംഭവം വിവരിച്ചുകൊടുത്തു. ഇതുകേട്ടപ്പോള്‍ അവന്‍ ഇങ്ങനെ പറഞ്ഞു: ‘ഹാ, ശത്രുക്കളുടെ കാര്യത്തില്‍ കൂടി നീതി രഹിതമായി പെരുമാറരുതെന്ന് ആജ്ഞാപിക്കുകയും അങ്ങനെ ചെയ്യുന്നവര്‍ക്ക് വമ്പിച്ച താക്കീത് നല്‍കുകയും ചെയ്യുന്ന സര്‍വ്വനാഥനായ അല്ലാഹുവിന് സ്തോത്രം. ഇതാ ഞാന്‍ ഇസ്ലാമിന്റെ ഒരു യഥാര്‍ഥ അനുയായിയായി ജീവിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നു. അശ്ഹദു അന്‍ ലാഇലാഹ ഇല്ലല്ലാ (മുര്‍ശിദുത്ത്വുല്ലാബ്).

എന്നാല്‍ ഒരാള്‍ മറ്റൊരാളോട് എന്തെങ്കിലും വാഗ്ദത്തം ചെയ്യുകയും പ്രതിബന്ധം ഹേതുവായി അത് നിറവേറ്റാന്‍ കഴിയാതെ വരികയും ചെയ്താല്‍ ആക്ഷേപാര്‍ഹനല്ല. മൈമൂനഃ (റ) പറയുന്നു; “നബി (സ്വ) ഒരു ദിവസം പ്രഭാതത്തില്‍ ദുഃഖിച്ചു മൌനമവലംബിച്ചിരിക്കുന്നതായി കണ്ടു. പിന്നെ അവിടുന്ന് ഇങ്ങനെ പറഞ്ഞു. കഴിഞ്ഞ രാത്രി ജിബ്രീല്‍ (അ) എന്നെ സമീപിക്കുമെന്നു വാഗ്ദത്തം ചെയ്തിരുന്നു. എന്നാല്‍ വന്നുകണ്ടില്ല. വല്ല പ്രതിബന്ധവും നേരിടാതെ ജിബ്രീല്‍ അങ്ങനെ ചെയ്യുകയില്ല. അനന്തരം വീട്ടിലെ കട്ടിലിനടിയില്‍ ഒരു നായക്കുട്ടി കിടക്കുന്നുണ്ടെന്നുള്ള സംഗതി നബിയുടെ ദൃഷ്ടിയില്‍പ്പെട്ടു. അതിനെ അവിടുന്ന് പുറത്താക്കുകയും അത് കിടന്നിരുന്ന സ്ഥലം കഴുകി വൃത്തിയാക്കുകയും ചെയ്തു. വൈകുന്നേരം ജിബ്രീല്‍ (അ) വന്നു. നബി (സ്വ) പറഞ്ഞു: കഴിഞ്ഞ രാത്രി വരാമെന്നു വാഗ്ദത്തം ചെയ്തിട്ടു അത് പാലിച്ചു കണ്ടില്ലല്ലോ. ജിബ്രീല്‍ (അ) മറുപടി പറഞ്ഞു: ‘പട്ടിയും ചിത്രവുമുള്ള സ്ഥലങ്ങളില്‍ ഞങ്ങള്‍ വരികയില്ല’ (മുസ്ലിം).

നബി (സ്വ) ഇങ്ങനെ അരുള്‍ ചെയ്യുന്നു: ‘നിറവേറ്റാമെന്നുള്ള ഉദ്ദേശ്യത്തോട് കൂടി വാഗ്ദത്തം ചെയ്യുകയും (പ്രതിബന്ധം ഹേതുവായി) നിറവേറ്റാതിരിക്കുകയും ചെയ്ത ആള്‍ കുറ്റക്കാരനല്ല (തിര്‍മുദി).


RELATED ARTICLE

 • എന്തിനാണ് വിദ്യ?
 • വളര്‍ച്ചാക്രമം
 • രണ്ടാം ക്ളാസിലേക്ക്…
 • ശക്തന്‍
 • പ്രവാചക ഫലിതങ്ങള്‍
 • അനുവദനീയം; പക്ഷേ…
 • പ്രവാചകന്റെ ചിരികള്‍
 • മനുഷ്യ ജീവിതം: സാധ്യതയും പ്രയോഗവും
 • ചിരിയുടെ പരിധികള്‍
 • ഫലിതത്തിന്റെ സീമകള്‍
 • കോപത്തിനു പ്രതിവിധി
 • പ്രതിഭാശാലി
 • ധര്‍മത്തിന്റെ മര്‍മം
 • വ്യഭിചാരക്കുറ്റം ആരോപിക്കല്‍
 • വിദ്വേഷം സൃഷ്ടിക്കല്‍
 • ശവം തീനികള്‍
 • സത്യസന്ധത
 • പരദൂഷണം
 • നിരപരാധരുടെ പേരില്‍ കുറ്റം ചുമത്തല്‍
 • നാവിന്റെ വിപത്തുകള്‍
 • മഹാത്മാക്കളെ അധിക്ഷേപിക്കല്‍
 • കൃത്രിമ സ്വൂഫികള്‍
 • കരാര്‍ പാലനം
 • കപട വേഷധാരികള്‍
 • കപടസന്യാസികള്‍
 • കളവുപറയല്‍
 • ഇരുമുഖ നയം
 • ഗീബത്ത് അനുവദനീയം
 • അനീതിക്കരുനില്‍ക്കല്‍
 • ആത്മ വിശുദ്ധി