Click to Download Ihyaussunna Application Form
 

 

കപടസന്യാസികള്‍

ഒരാളുടെ ന്യൂനതകള്‍ ഗ്രഹിപ്പിക്കുന്ന രൂപത്തിലുള്ള വ്യക്തമോ സൂചനയോ ആയ വാക്കുകള്‍ പോലെ തന്നെ പ്രസ്തുത ഉദ്ദേശ്യം നിറവേറ്റുന്ന എഴുത്ത്, ആംഗ്യം അഭിനയം, ചലനം മുതലായവയും ഗീബത്തില്‍ ഉള്‍പ്പെടുന്നതാണ്. ആഇശഃ (റ) ഒരാളുടെ പ്രവൃത്തി അഭിനയിച്ചു കാണിച്ചപ്പോള്‍ നബി (സ്വ) കഠിനമായ വെറുപ്പ് പ്രകടിപ്പിക്കുകയുണ്ടായി (അബൂദാവൂദ്). ‘ഒരാള്‍ അങ്ങനെ ചെയ്തു.’ ‘ചിലര്‍ ഇങ്ങനെ പറഞ്ഞു’ എന്നിങ്ങനെയുള്ള അവ്യക്ത രൂപത്തിലുള്ള വാക്കുകള്‍ മുഖേന ഉദ്ദേശിക്കപ്പെട്ട ആളുകളെ ശ്രോതാക്കള്‍ക്ക് ഗ്രഹിക്കുവാന്‍ കഴിയുമെങ്കില്‍ അതും ഗീബത്ത് തന്നെയാണ്.

സജ്ജവേഷമണിയുകയും സ്വയം നല്ല പിള്ളകളാണെന്നഭിനയിക്കുകയും അങ്ങനെ മറ്റുള്ളവരെ ധരിപ്പിക്കുകയും ചെയ്യുന്ന ചില കപടസന്യാസികള്‍ ഗീബത്താണെന്ന് എളുപ്പത്തില്‍ ഗ്രഹിക്കാന്‍ കഴിയാത്ത ചില പദപ്രയോഗങ്ങളുടെ തിരശ്ശീലക്ക് പിന്നചന്റ നിന്നുകൊണ്ട് തങ്ങളുടെ ദുരുദ്ദേശ്യങ്ങള്‍ നിറവേറ്റുന്നത് ഏറ്റവും ദുഷിച്ച അടവാണെന്ന് ഇമാം ഗസ്സാലി (റ) പറയുന്നു.

സ്വശരീരത്തിന്റെ ന്യൂനതകള്‍ കണ്ടുപിടിക്കുകയും അവയെ ഉന്മൂലനം ചെയ്യാനായി അശ്രാന്ത പരിശ്രമം നടത്തുകയും ചെയ്യുക എന്നുള്ളതാണ് സജ്ജനങ്ങളുടെ സമ്പ്രദായം. അത്തരം ആളുകള്‍ക്ക് മറ്റുള്ളവരുടെ ന്യൂനതകള്‍ ശ്രദ്ധിക്കാന്‍ അവസരം ലഭിക്കയില്ല. എന്നാല്‍ അന്യരുടെ കണ്ണിലെ പൊടി കണ്ടുപിടിക്കുന്ന നീചമായ അടവിന്റെ ഉത്പത്തി തഖ്വാ (ഭയഭക്തി) യുടെ അഭാവത്തില്‍നിന്നു മാത്രമാണ്.

മഹാനായ അബൂദര്‍റ് (റ) ഇങ്ങനെ നിവേദനം ചെയ്യുന്നു: “ഞാന്‍ ചോദിച്ചു. അല്ലാഹുവിന്റെ ദൂതരേ, ഇബ്റാഹിം നബിയുടെ ഏടുകളിലെ പ്രതിപാദ്യവിഷയം എന്തായിരുന്നു? അവിടുന്ന് അരുള്‍ ചെയ്തു. ചിന്താര്‍ഹവും അസാധാരണത്വം തുളുമ്പുന്നതുമായ ചില മഹല്‍വചനങ്ങളാണ് അവ. (അവയില്‍ ചിലത് ഞാനുദ്ധരിക്കാം) പ്രവഞ്ചസുഖങ്ങളിലും സാമ്പത്തികവും സൈനികവുമായ ശക്തികളിലും വഞ്ചിതനും (അല്ലാഹുവിന്റെ പക്കല്‍ നിന്നുള്ള) വിവിധ പരീക്ഷണങ്ങള്‍ക്ക് വിധേയനുമായ ഭരണാധികാരി, സമ്പത്തുകള്‍ കുന്നുകൂട്ടാനല്ല നിന്നെ ഞാന്‍ നിര്‍ത്തിയത്, മര്‍ദ്ദിത വിഭാഗത്തിന്റെ അവശതകള്‍ പരിഹരിക്കുക വഴി അവരില്‍ നിന്നുണ്ടാകുന്ന ശാപ പ്രാര്‍ഥനകള്‍ക്ക് വിരാമമിടാനാണ് ഞാന്‍ നിന്നെ നിര്‍ത്തിയത്. മര്‍ദ്ദിതന്‍ അവിശ്വാസിയാണെങ്കില്‍ കൂടി അവന്റെ പ്രാര്‍ഥന ഞാന്‍ തള്ളിക്കളയുന്നില്ല. അല്ലാഹുവുമായി സംഭാഷണം ചെയ്യാനായി ഒരു സമയം, സ്വശരീത്തെ വിചാരണ ചെയ്യാനായി ഒരു സമയം, അല്ലാഹുവിന്റെ സൃഷ്ടി രഹസ്യങ്ങളില്‍ ചിന്തിക്കാനായി ഒരു സമയം, ഭക്ഷണ പാനീയങ്ങള്‍ക്കായി ഒഴിഞ്ഞു നില്‍ക്കാനൊരു സമയം, എന്നിങ്ങനെ ജീവിതത്തെ വിഭജിക്കല്‍ ബുദ്ധിക്ക് തകരാറ് സംഭവിക്കാത്ത ഏതൊരാളുടെയും കടമയാണ്.

പരലോക യാത്രോപകരണ സജ്ജീകരണം, ജീവിതമാര്‍ഗങ്ങള്‍ ശരിപ്പെടുത്തല്‍, അനിഷിദ്ധമായ സൌഖ്യങ്ങള്‍ കരസ്ഥമാക്കല്‍ എന്നീ മൂന്നു സംഗതികള്‍ക്കായിട്ടല്ലാതെ വിവേകമുള്ള ആരും തന്നെ യാത്രചെയ്യരുത്. ബുദ്ധിയുള്ളവന്‍ താന്‍ ജീവിക്കുന്ന കാലഘട്ടങ്ങളെ സംബന്ധിച്ചു ശരിക്കും ബോധമുള്ളവനും സ്വന്തം രക്ഷാമാര്‍ഗങ്ങളില്‍ ശ്രദ്ധയുള്ളവനും നാവ് സൂക്ഷിക്കുന്നവനും ആയിരിക്കേണ്ടതാണ്. സംസാരം പ്രവര്‍ത്തികളില്‍ പെട്ടതാണെന്ന് മനസ്സിലാക്കിയ ആള്‍ അനാവശ്യവാക്കുകള്‍ ചുരുക്കുന്നതാണ്.

ഞാന്‍ ചോദിച്ചു: ‘അല്ലയോ ദൂതരേ, മൂസാനബി (അ) ന്റെ ഏടുകളിലെ വിഷയങ്ങള്‍ എന്തായിരുന്നു? അവിടുന്ന് പറഞ്ഞു: ‘അവ മുഴുവനും പഠനാര്‍ഹങ്ങളായ തത്വോപദേശങ്ങളാണ്. അവയില്‍ ചിലത് ഞാനുദ്ധരിക്കാം.’ മരിക്കുമെന്ന ദൃഢവിശ്വാസമുള്ളവന്‍ സന്തുഷ്ടനാകുന്നതില്‍ ആശ്ചര്യം. വിധിയില്‍ ദൃഢവിശ്വാസമുള്ളവന്‍ (പരിധിവിട്ടു) ജീവിതാവശ്യങ്ങള്‍ക്കായി അധ്വാനിക്കുന്നതില്‍ ആശ്ചര്യം! പ്രപഞ്ചത്തിന്റെ പരിവര്‍ത്തനങ്ങള്‍ ദര്‍ശിച്ചിട്ടും അതിന്റെ സുഖസന്തോഷങ്ങളില്‍ സമാധാനിച്ചിരിക്കുന്നവനെ സംബന്ധിച്ചു ആശ്ചര്യം. പരലോകത്തു വെച്ചുള്ള വിചാരണയില്‍ ദൃഢവിശ്വാസമുള്ളവന്‍ അതിനായി പ്രവര്‍ത്തിക്കാത്തതില്‍ ആശ്ചര്യം.  ഞാന്‍ പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലേ, അവിടന്നു എന്നെ ഉപദേശിച്ചാലും. നബി (സ്വ) പറഞ്ഞു: നീ അല്ലാഹുവിനെ സംബന്ധിച്ചു സൂക്ഷ്മത പാലിക്കുക, സര്‍വ്വ വിജയങ്ങളുടെയും നിദാനം അതാണ്.

ഞാന്‍ പറഞ്ഞു: അല്ലയോ പ്രവാചകരേ, കൂടുതല്‍ ഉപദേശിച്ചാലും. അവിടുന്ന് പറഞ്ഞു: നീ ഖുര്‍ആന്‍ പാരായണവും അല്ലാഹുവിനെ സംബന്ധിച്ചുള്ള സ്മരണയും വിടാതെ കൈക്കൊള്ളുക. അത് ഭൂമിയില്‍ പ്രകാശവും ഉപരിമണ്ഡലത്തില്‍ നിക്ഷേപവുമാണ്. ഞാന്‍ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, ഇനിയും ഉപദേശിച്ചു തന്നാലും. അവിടുന്ന് അരുളി: നീ ഹാസ്യാധിക്യം ഉപേക്ഷിക്കുക. അത് ഹൃദയം മരവിപ്പിച്ചുകളയുകയും മുഖപ്രഭ നീക്കിക്കളയുകയും ചെയ്യും.

ഞാന്‍ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, കൂടുതല്‍ ഉപദേശിച്ചാലും. അവിടുന്ന് പറഞ്ഞു: നീ സാധുക്കളെ സ്നേഹിക്കുകയും അവരുടെ കൂടെ ഇരിക്കുകയും ചെയ്യുക. ഞാന്‍ പഞ്ഞു: ‘അല്ലാഹുവിന്റെ ദൂതരെ വീണ്ടും ഉപദേശിച്ചാലും. അവിടന്നു പറഞ്ഞു: ഇഹലോക ജീവിതത്തില്‍ നിന്നെക്കാള്‍ താഴ്ന്ന പദവിയിലുള്ളവനെ നീ നോക്കുക. നിന്നെക്കാള്‍ ഉയര്‍ന്നവനെ നീ നോക്കരുത്. എന്നാല്‍ അല്ലാഹു നിനക്ക് ചെയ്ത അനുഗ്രഹങ്ങള്‍ നിസ്സാരങ്ങളായി ഗണിക്കാന്‍ ഇടവരികയില്ല.

ഞാന്‍ പറഞ്ഞു: അല്ലാഹുവിന്റെ റശൂലേ, കൂടുതല്‍ ഉപദേശിച്ചാലും. നബി (സ്വ) പറഞ്ഞു: സത്യം എത്രതന്നെ കയ്പേറിയതായാലും നീ വെട്ടിത്തുറന്നു പറയുക.ഞാന്‍ പറഞ്ഞു: പ്രവാചകരേ, ഇനിയും ഉപദേശിച്ചാലും. അവിടുന്ന് പറഞ്ഞു. നിന്റെ ശരീരത്തില്‍ നീ അറിയുന്ന ന്യൂനതകള്‍ മറ്റുള്ളവരുടെ ന്യൂനതകളെടുത്തു പറയുന്നതില്‍ നിന്നും നിന്നെ തടഞ്ഞുനിര്‍ത്തട്ടെ. സ്വന്തം ന്യൂനതകളില്‍ അശ്രദ്ധനായിക്കൊണ്ട് മറ്റുള്ളവരുടെ ന്യൂനതകള്‍ കണ്ടുപിടിക്കുക എന്നതുതന്നെ മനുഷ്യന് ന്യൂനതയായിട്ട് മതി. പിന്നെ നബി (സ്വ) എന്റെ നെഞ്ചിന് അടിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു. കാര്യങ്ങളുടെ പര്യവസാനം ചിന്തിച്ചുകൊണ്ട് പ്രവര്‍ത്തിക്കും പോലെ ബുദ്ധി പ്രയോഗമില്ല. നിഷിദ്ധ സംഗതികളില്‍ നിന്ന് ഒഴിവായി നില്‍ക്കും പോലെ സൂക്ഷ്മതയില്ല. സല്‍സ്വഭാവം പോലെ ഉന്നത ഗുണവുമില്ല (ഇബ്നു ഹിബ്ബാന്‍, ഹാകിം ഹാഫിസുല്‍ മുന്‍ദിരിയുടെ അത്തര്‍ഗബ്വത്തര്‍ഹീബ്. വാല്യം 3, പേ. 188-189).

സ്വന്തം ന്യൂനതകള്‍ കണ്ടുപിടിച്ചു അവക്കു പരിഹാരം കാണാന്‍ നാലു മാര്‍ഗങ്ങളാണ് ഇമാം ഗസ്സാലി(റ) നിര്‍ദ്ദേശിക്കുന്നത്.

(1) ശരീരത്തില്‍ അന്തര്‍ലീനമായി സ്ഥിതിചെയ്യുന്ന ദുര്‍ഗുണങ്ങളെ സംബന്ധിച്ച് ശരിയായ പരിജ്ഞാനവും അത് മറ്റുള്ളവരെ ഗ്രഹിപ്പിക്കാനുള്ള കഴിവുമുള്ള മതഭക്തനും സന്മാര്‍ഗപ്രാപ്തനുമായ ഗുരുവിന്റെ ശിക്ഷണത്തില്‍ വളരുകയും അദ്ദേഹത്തിന്റെ മഹത്തായ നിര്‍ദ്ദേശങ്ങളനുസരിച്ച് ജീവിക്കുകയും ചെയ്യുക. ഇങ്ങനെയുള്ള ഗുരുവര്യന്മാര്‍ ഇക്കാലത്ത് വളരെ വിരളമാണ്.

ഹിജ്റഃ ആറാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തില്‍ ജീവിച്ചിരുന്ന ഇമാം ഗസ്സാലി (റ) യുടെ കാലത്തുതന്നെ മാര്‍ഗദര്‍ശനം നല്‍കാന്‍ പര്യാപ്തനായ ഗുരു (ശൈഖ്) വിന് ദൌര്‍ലഭ്യം നേരിട്ടുവെങ്കില്‍ -ത്വരീഖത്തും, ബൈഅത്തും വില്‍പ്പനച്ചരക്കായി മാര്‍ക്കറ്റിലിറക്കുകയും ശൈഖ് സ്ഥാനം സ്വാര്‍ഥ താത്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ഒരായുധമായി കയ്യിലേന്തുകയും അനിസ്ലാമികങ്ങളും മതവിരുദ്ധങ്ങളുമായ സംഗതികള്‍ നിര്‍ലജ്ജം പ്രവര്‍ത്തിക്കുകയും പാമരന്മാരെ വഴിതെറ്റിക്കുകയും ചെയ്യുന്ന കൃത്രിമ ശൈഖുകള്‍ ധാരാളമായി രംഗത്തിറങ്ങി സ്വൈരവിഹാരം നടത്തുന്ന ഈ നൂറ്റാണ്ടിലെ നില പറയേണ്ടതില്ലല്ലോ. യഥാര്‍ഥ ത്വരീഖത്തും ഇജാസത്തും മറ്റും ആക്ഷേപിക്കുകയല്ല. പാമരന്മാരെ വഞ്ചിക്കാനായി വേഷം കെട്ടിയിറങ്ങിയ വ്യാജശൈഖുമാരെ നാം തിരിച്ചറിയണം. തര്‍ബിയത് (ശിഷ്യന്മാര്‍ക്ക് ശിക്ഷണം) നല്‍കുകയും നിസ്വാര്‍ഥമായി ഇസ്ലാമിനെ സേവിക്കുകയും മാതൃകാജീവിതം നയിക്കുകയും ചെയ്യുന്ന ശൈഖുമാര്‍ ഏതുകാത്തും അനുസരിക്കപ്പെടേണ്ടവരും അവരെ നാം പിന്‍പറ്റേണ്ടതും തന്നെയാണ്.

(2) മതനിഷ്ഠ, സത്യസന്ധത, വിവേചന ശക്തി എന്നീ മഹല്‍ ഗുണങ്ങളുടെ കേന്ദ്രമായ ഉത്തമസ്നേഹിതനെ അന്വേഷിച്ചു പിടിക്കുകയും തന്റെ ജീവിത സമ്പ്രദായങ്ങള്‍ സസൂക്ഷ്മം വീക്ഷിക്കാന്‍ അദ്ദേഹത്തെ ഉത്തരവാദപ്പെടുത്തുകയും അതനുസരിച്ച് അദ്ദേഹം അപ്പപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്ന ഉപദേശങ്ങള്‍ സ്വീകരിച്ചു ജീവിക്കുകയും ചെയ്യുക.

മഹാന്മാരായ മതനേതാക്കളില്‍ പലരും ഈ മാര്‍ഗം സ്വീകരിച്ചിരുന്നു. അമീറുല്‍ മുഅ്മിനീന്‍ ഉമറുല്‍ഫാറൂഖ് (റ) ഇങ്ങനെ പ്രാര്‍ഥിക്കാറുണ്ടായിരുന്നു. എന്റെ ന്യൂനതകള്‍ കണ്ടുപിടിച്ചു അറിയിച്ചുതരുന്ന ആളുകളെ അല്ലാഹു അനുഗ്രഹിക്കട്ടെ. ഹുദൈഫഃ (റ) യോട് ഉമര്‍ (റ) ഇങ്ങനെ പറയാറുണ്ട്. ‘ഹുദൈഫാ, താങ്കള്‍ക്ക് മുനാഫിഖുകളെ സംബന്ധിച്ചു അഗാധ പരിജ്ഞാനമുണ്ട്. എന്നാല്‍ മുനാഫിഖുകളുടെ സ്വഭാവങ്ങളില്‍ വല്ലതും എന്നില്‍ താങ്കള്‍ കാണുന്നുണ്ടോ? ഇല്ലെന്നായിരിക്കും ഹുദൈഫഃ (റ) വിന്റെ മറുപടി.

സുപ്രസിദ്ധ സ്വഹാബിവര്യനും സ്വര്‍ഗാവകാശികളില്‍പ്പെട്ടവരാണെന്ന് നബി (സ്വ) സന്തോഷവാര്‍ത്ത നല്‍കിയ പത്ത് സ്വഹാബികളില്‍ ഒരാളും അല്‍ഫാറൂഖ് (സത്യാസത്യങ്ങള്‍ തമ്മില്‍ വിവേചിക്കുന്നയാള്‍) എന്ന അപരനാമത്തില്‍ പുകഴ്ത്തപ്പെട്ട മഹാനും വിജ്ഞാനത്തിന്റെ ഉറവിടവുമായ ഉമര്‍ (റ) തന്റെ സ്വന്തം ശരീരത്തിലെ ന്യൂനതകളെ സംബന്ധിച്ച് അന്വേഷണം നടത്തുന്നുണ്ടെങ്കില്‍ അഹോരാത്രം പാപകര്‍മ്മങ്ങളില്‍ വ്യാപൃതരായി ജീവിതം തള്ളിവിടുന്ന നമ്മെപ്പോലുള്ളവര്‍ അതിന് എത്രമാത്രം ബാധ്യതപ്പെട്ടവരാണെന്ന് പറഞ്ഞറിയിക്കേണ്ടുന്ന ആവശ്യം തന്നെയില്ല.

എന്നാല്‍ ഉള്ള ന്യൂനതകള്‍ ചൂണ്ടിക്കാണിക്കുന്ന സ്നേഹിതന്മാര്‍ വളരെ ചുരുക്കമാണെന്ന് വേണം പറയാന്‍. സ്വാര്‍ഥ താത്പര്യ സംരക്ഷണത്തിനായി പറ്റിക്കൂടുന്ന സുഹൃത്തുക്കള്‍, ഉള്ള ന്യൂനതകള്‍ ഗോപ്യമായി വെക്കുകയും ഇല്ലാത്ത ഗുണങ്ങള്‍ ഉണ്ടാക്കിപ്പാടിപ്പുകഴ്ത്തുകയും അസൂയാലുക്കളായ സ്നേഹിതന്മാര്‍ ഉള്ള ഗുണങ്ങള്‍ പൂഴ്ത്തിവെച്ചു ഇല്ലാത്ത കുറ്റങ്ങള്‍ ആരോപിക്കുകയുമാണ് ചെയ്യുക.

മഹാനായ ദാവൂദുത്വാഈ (റ) ജനങ്ങളുമായി ഒറ്റപ്പെട്ടു ജീവിക്കുന്നതിനെ സംബന്ധിച്ചു ഒരാള്‍ ചോദിച്ചപ്പോള്‍ പറഞ്ഞ മറുപടി ഇങ്ങനെയാണ്. എന്റെ കുറ്റങ്ങള്‍ തുറന്നുപറയാത്ത ജനങ്ങളുമായുള്ള സമ്പര്‍ക്കത്തില്‍ നിന്നു എന്തുനേട്ടമാണ് എനിക്ക് ലഭിക്കാന്‍ പോകുന്നത്.

എന്നാല്‍ നമ്മുടെ ഇന്നത്തെ നിലയെന്ത്? നമ്മുടെ ഗുണം കാംക്ഷിച്ചു കൊണ്ട് ന്യൂനതകള്‍ ചൂണ്ടിക്കാണിച്ചു തരുന്ന ആളുകളോട് നാം അറപ്പും വെറുപ്പുമാണ് പ്രകടിപ്പിക്കുന്നത്. ഇത് നമ്മുടെ ഈമാനിന്റെ ദൌര്‍ബല്യം മാത്രമാണ്. നമ്മുടെ വിരിപ്പിനടിയില്‍ ഉഗ്രവിഷമുള്ള സര്‍പ്പമോ അല്ലെങ്കില്‍ തേളോ ഉണ്ടെന്ന് നമ്മെ ആരെങ്കിലും ഉണര്‍ത്തിയാല്‍ അവനെ നാം സ്നേഹിക്കുകയും അവനോട് കൃതജ്ഞത രേഖപ്പെടുത്തുകയും പ്രസ്തുത വിഷ ജീവികളെ കൊന്നുകളയാന്‍ ഉത്സാഹിക്കുകയും ചെയ്യുന്നു. അതുകൊണ്ടനുഭവിച്ചേക്കാവുന്ന വിഷമതകളാണെങ്കില്‍ താത്കാലികങ്ങള്‍ മാത്രമാണ്. നമ്മുടെ ആത്മാവിന് വിഷമേല്‍പ്പിക്കുന്നതും പാരത്രിക ജീവിതത്തില്‍ ശാശ്വതമായ യാതനകളനുഭവിക്കാന്‍ ഇടവരുത്തുന്നതുമായ ദുസ്വഭാവങ്ങളാകുന്ന വിഷജന്തുക്കളെ സംബന്ധിച്ചു നമ്മെ ഉണര്‍ത്തുന്ന സുഹൃത്തുക്കളോട് വെറുപ്പും വിദ്വേഷവും പ്രകടിപ്പിക്കുന്ന നമ്മുടെ അജ്ഞതയുടെ ആഴം ആര്‍ക്കാണ് അളന്നു കണക്കാക്കാന്‍ കഴിയുക.

(3) ശത്രുക്കളുടെ സംസാരം സശ്രദ്ധം ശ്രവിക്കുകയും തന്നെ സംബന്ധിച്ച് അവര്‍ ആക്ഷേപിക്കുന്ന ദുസ്വഭാവങ്ങള്‍ തന്നിലുണ്ടെങ്കില്‍ അവയില്‍ നിന്നു അകന്നു നില്‍ക്കുകയും ചെയ്യുക. മുഖത്തുനോക്കി മുക്തകണ്ഠം പ്രശംസിക്കുന്ന സ്വാര്‍ഥമോഹികളായ മിത്രങ്ങളെക്കാള്‍ ഉപകരിക്കുന്ന ന്യൂനതകള്‍ തുറന്നു പറയുന്ന ശത്രുക്കളാണ്. ശത്രുക്കള്‍ പറയുന്നതെല്ലാം വ്യാജമോ അസൂയയില്‍ നിന്നുടലെടുക്കുന്നതോ ആയി കരുതി പുറം തള്ളിക്കളയുന്ന സമ്പ്രദായം ബുദ്ധിയുള്ളവര്‍ക്കനുയോജ്യമല്ല.

(4) ജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുകയും അവരില്‍ കാണുന്ന നീചമായ സ്വഭാവങ്ങള്‍ ത ന്നിലുണ്ടോ എന്ന് പരിശോധിക്കുകയും ഉണ്ടെങ്കില്‍ അവയെ പരിഹരിക്കുകയും ചെയ്യുക.


RELATED ARTICLE

  • എന്തിനാണ് വിദ്യ?
  • വളര്‍ച്ചാക്രമം
  • രണ്ടാം ക്ളാസിലേക്ക്…
  • ശക്തന്‍
  • പ്രവാചക ഫലിതങ്ങള്‍
  • അനുവദനീയം; പക്ഷേ…
  • പ്രവാചകന്റെ ചിരികള്‍
  • മനുഷ്യ ജീവിതം: സാധ്യതയും പ്രയോഗവും
  • ചിരിയുടെ പരിധികള്‍
  • ഫലിതത്തിന്റെ സീമകള്‍
  • കോപത്തിനു പ്രതിവിധി
  • പ്രതിഭാശാലി
  • ധര്‍മത്തിന്റെ മര്‍മം
  • വ്യഭിചാരക്കുറ്റം ആരോപിക്കല്‍
  • വിദ്വേഷം സൃഷ്ടിക്കല്‍
  • ശവം തീനികള്‍
  • സത്യസന്ധത
  • പരദൂഷണം
  • നിരപരാധരുടെ പേരില്‍ കുറ്റം ചുമത്തല്‍
  • നാവിന്റെ വിപത്തുകള്‍
  • മഹാത്മാക്കളെ അധിക്ഷേപിക്കല്‍
  • കൃത്രിമ സ്വൂഫികള്‍
  • കരാര്‍ പാലനം
  • കപട വേഷധാരികള്‍
  • കപടസന്യാസികള്‍
  • കളവുപറയല്‍
  • ഇരുമുഖ നയം
  • ഗീബത്ത് അനുവദനീയം
  • അനീതിക്കരുനില്‍ക്കല്‍
  • ആത്മ വിശുദ്ധി