Click to Download Ihyaussunna Application Form
 

 

കളവുപറയല്‍

ളവു പറയല്‍ ഏറ്റവും നികൃഷ്ടമായൊരു മഹാപാപമാണ്. കളവ് പറയുന്നവന്‍ മതദൃഷ്ട്യാ ആക്ഷേപിക്കപ്പെടുന്നതിന് പുറമെ സമുദായം അവനെ അറപ്പോടും വെറുപ്പോടും കൂടി മാത്രമേ വീക്ഷിക്കുകയുള്ളൂ.അവന്റെ സഹായാഭ്യര്‍ഥനകള്‍ സ്വീകരിക്കപ്പെടുകയോ ആവലാതികള്‍ ശ്രദ്ധിക്കപ്പെടുകയോ ഇല്ല.

യാഥാര്‍ഥ്യങ്ങള്‍ മറച്ചുവെച്ചു മറ്റുള്ളവരെ വഴിപിഴപ്പിക്കുന്ന അടവ് സ്വീകരിക്കുന്നത് നിമിത്തം സ്വശരീരത്തെ മാത്രമല്ല സമുദായത്തെ ആകമാനം നാം ആപത്തിലകപ്പെടുത്തുകയാണ്.

സത്യവിശ്വാസത്തിന് കടകവിരുദ്ധമായ കപടവിശ്വാസത്തിന്റെ ഒരു പ്രധാന ലക്ഷണമാണത്. നബി (സ്വ) ഇങ്ങനെ അരുള്‍ ചെയ്യുന്നു: “മൂന്നു സംഗതികള്‍ ഒരാളില്‍ സമ്മേളിച്ചു കഴിഞ്ഞാല്‍ അവന്‍ പരിപൂര്‍ണ്ണ മുനാഫിഖ് (കപടവിശ്വാസി) ആയിക്കഴിഞ്ഞു. നിസ്കാരം, വ്രതം മുതലായ സല്‍ക്കര്‍മങ്ങളനുഷ്ഠിച്ചാലും മുസല്‍മാനാണെന്ന് സ്വയം ഉരുവിട്ടാലും (അവന്‍ മുനാഫിഖ് തന്നെയാണ്.) വ്യാജവര്‍ത്തമാനം, വിശ്വാസവഞ്ചന, വാഗ്ദത്ത ലംഘനം എന്നിവയാണ് പ്രസ്തുത സംഗതികള്‍” (ബുഖാരി).

അജ്ഞതാന്ധകാരത്തില്‍ നട്ടം തിരിഞ്ഞിരുന്ന പൌരാണിക അറബി മുശ്രിക്കുകള്‍ പോലും കളവ് പറയുന്നതിനെ അങ്ങേയറ്റം വെറുക്കുകയും അപമാനകരമായ ഒരടവായി അത് കണക്കാക്കുകയും ചെയ്തിരുന്നുവെന്നതിന് ചരിത്രം സാക്ഷിയാണ്.

റോമാ ചക്രവര്‍ത്തിയായിരുന്ന ഹിറ്ഖല്‍ (ഒലൃമരഹശി) അബൂസുഫ്യാനുബ്നു ഹര്‍ബ് (റ) വിനെ തന്റെ ദര്‍ബാറിലേക്ക് ക്ഷണിച്ചുവരുത്തുകയും നബി (സ്വ) യുടെ ചരിത്രത്തെ സംബന്ധിച്ച് ചില ചോദ്യങ്ങളുന്നയിക്കുകയും ചെയ്തു. അബൂസുഫ്യാന്‍ ശരിയാം വിധം ഉത്തരം നല്‍കി. ഇസ്ലാമിന്റെയും പ്രവാചകന്റെയും നേരെ അദ്ദേഹത്തിന് അന്ന് കഠിനമായ എതിര്‍പ്പുണ്ടായിട്ടും വാസ്തവവിരുദ്ധമായി ഒന്നും തന്നെ അദ്ദേഹം പറഞ്ഞില്ല.

അബൂസുഫ്യാന്‍ (റ) ഇസ്ലാം മതം ആശ്ളേഷിച്ചതിനു ശേഷം ഇങ്ങനെ പറയുകയുണ്ടായി: ‘വ്യാജോക്തിയാലുണ്ടായിത്തീരുന്ന ദുഷ്പേരിന് പാത്രമായിപ്പോകുന്നത് ഭയന്നിട്ട് മാത്രമായിരുന്നു ഞാന്‍ യാഥാര്‍ഥ്യം വളച്ചൊടിച്ചുകൊണ്ട് ഉത്തരം നല്‍കാതിരുന്നത്” (ബുഖാരി).

മദ്യപാനം, വ്യഭിചാരം, നരവധം, പരദ്രോഹം എന്നുവേണ്ട അസാന്മാര്‍ഗികവും മൃഗീയവുമായ അസംഖ്യം ദുര്‍വൃത്തികള്‍ അഭിമാനകരമായി കരുതിപ്പോന്നിരുന്ന അന്ധകാര യുഗത്തില്‍ ജീവിച്ചവര്‍ പോലും വ്യാജം പറയുന്നതിനെ എത്രകണ്ടു നീചമായ ഏര്‍പ്പാടായിക്കണക്കാക്കിയിരുന്നുവെന്ന് മേല്‍ സംഭവത്തില്‍ നിന്നു നല്ലപോലെ ഗ്രഹിക്കുവാന്‍ കഴിയുന്നതാണ്.

കളവും കള്ളസാക്ഷിയും പറയുന്നത് നിത്യത്തൊഴിലായി സ്വീകരിച്ച പലരെയും ഇന്ന് കാണാന്‍ കഴിയും. വിഗ്രഹാരാധകന്മാരായിരുന്ന അറബികളെക്കാളും ധാര്‍മ്മികമായി അധഃപതിച്ചുപോയെന്നല്ലാതെ അവരെ സംബന്ധിച്ചു മറ്റെന്തു പറയാനാണ്. വ്യാജവാര്‍ത്തകള്‍ കെട്ടിപ്പടച്ചുണ്ടാക്കി കൂട്ടുകാരെ രസിപ്പിക്കുന്നതും ഇത്തരം സദസ്സുകളില്‍ പങ്കെടുക്കുന്നതും അങ്ങനെയുള്ള ആളുകള്‍ക്ക് പ്രചോദനം നല്‍കുന്നതും വമ്പിച്ച തെറ്റാണ്. “ജനങ്ങളെ ചിരിപ്പിക്കാനായി കള്ളവാക്കുകള്‍ നിര്‍മ്മിച്ചുണ്ടാക്കി സംസാരിക്കുന്നവന് നാശം. അവന് നാശം. അവന് നാശം.” എന്നിങ്ങനെ മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു നബി (സ്വ) പറയുകയുണ്ടായി (തിര്‍മുദി).

സത്യം പറയുന്നതില്‍ നിഷ്കര്‍ഷ പാലിക്കുന്നത് കൊണ്ട് ഐഹികവും പാരത്രികവുമായ ധാരാളം നന്മകള്‍ കൈവരുവാന്‍ സാധിക്കുമെന്നതിന് വളരെയധികം തെളിവുകളുണ്ട്. മാതാവിന്റെ ആജ്ഞാനുസൃതം തസ്കര സംഘത്തലവന്റെ മുമ്പില്‍വെച്ചു സധൈര്യം സത്യം തുറന്നു പറഞ്ഞ മഹാനായ ശൈഖ് അബ്ദുല്‍ഖാദിര്‍ ജീലാനി (റ) ക്കുണ്ടായ നേട്ടങ്ങള്‍ ചരിത്രപ്രസിദ്ധമാണ്.

അബ്ദുല്ലാഹിബ്നു കഅ്ബ് (റ) തന്റെ പിതാവില്‍നിന്നും ഉദ്ധരിക്കുന്നതും ഇമാം ബുഖാരി    (റ), ഇമാം മുസ്ലിം (റ) മുതലായ മുഹദ്ദിസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതുമായ സുദീര്‍ഘമായ ഒരു ഹദീസിന്റെ സാരം സംക്ഷിപ്തരൂപത്തില്‍ ഇവിടെ വിവരിക്കാം.

അദ്ദേഹം (കഅ്ബ്) ഇങ്ങനെ പറയുന്നു: “ബദ്റും തബൂക്കും ഒഴിച്ചുള്ള മറ്റെല്ലാ യുദ്ധങ്ങളിലും നബി (സ്വ) യുടെ കൂടെ ഞാനും പങ്കെടുത്തിരുന്നു. അഖബയെന്ന സ്ഥലത്തുവെച്ചു നബി (സ്വ) യുമായി നടന്ന സത്യപ്രതിജ്ഞയില്‍ ഞാനും ഭാഗവാക്കായിരുന്നു. എന്റെ പക്കല്‍ ബദ്റിനെക്കാള്‍ കൂടുതല്‍ പ്രാധാന്യം അതിനാണുള്ളത്. തബൂക്കില്‍ പങ്കെടുക്കുന്നതിന് യാതൊരു പ്രതിബന്ധവും എനിക്കുണ്ടായിരുന്നില്ല. നേരെമറിച്ചു അന്നായിരുന്നു പൂര്‍വ്വോപരി ശാരീരികവും സാമ്പത്തികവുമായ കഴിവുണ്ടായിരുന്നത്. അസഹ്യമായ ഉഷ്ണം, ശത്രുക്കളുടെ സംഖ്യാധിക്യം, മരുഭൂമിയില്‍ കൂടിയുള്ള ദീര്‍ഘയാത്ര തുടങ്ങിയ വിവിധ കാരണങ്ങളാല്‍ പതിവിനെതിരായി ഉദ്ദിഷ്ട സ്ഥാനത്തെ സംബന്ധിച്ചു അവിടുന്ന് വ്യക്തമായ രൂപത്തില്‍ തന്നെ അറിയിച്ചിരുന്നു.

നബി (സ്വ) യും അനുചരന്മാരും യുദ്ധത്തിനാവശ്യമായ സന്നാഹങ്ങളെല്ലാം പൂര്‍ത്തിയാക്കി. ഉദാസീനതഹേതുവായി യാതൊരു സജ്ജീകരണവും ഞാന്‍ ചെയ്തില്ല. അബലരും അപ്രാപ്തരുമായ സ്ത്രീകള്‍, കുട്ടികള്‍, യാത്രക്ക് പ്രതിബന്ധമുള്ള രോഗികള്‍ ഇസ്ലാമിന്റെ നാശത്തിനായി തീവ്രയത്നം ചെയ്യുന്ന മുനാഫിഖുകള്‍ മുതലായവര്‍ മാത്രമേ നബിയുടെയും അനുയായികളുടെയും യാത്രാനന്തരം മദീനയില്‍ അവശേഷിച്ചുള്ളൂ. പ്രസ്തുത വിഭാഗക്കാരുടെ ഇടയില്‍ ഞാനും അകപ്പെട്ടുപോയതിനാല്‍ എനിക്ക് അതിയായ വ്യസനമുണ്ടായിരുന്നു.

തബൂക്കില്‍ എത്തിയപ്പോള്‍ കഅ്ബ് വന്നിട്ടില്ലേ എന്നു നബി (സ്വ) അന്വേഷണം നടത്തുകയുണ്ടായി. ഐഹികമായ സുഖസന്തോഷങ്ങളില്‍ വ്യാപൃതനായതു നിമിത്തം അദ്ദേഹം ഇവിടെ സന്നിഹിതനായിട്ടില്ലെന്ന് ഒരാള്‍ മറുപടി പറഞ്ഞു. ഇതുകേട്ട മാത്രയില്‍ മുആദുബിന്‍ ജബല്‍ (റ) ഇങ്ങനെ പറഞ്ഞു: നീ പറഞ്ഞത് ശരിയല്ല. ഒരുത്തമ മനുഷ്യനായിട്ടാണ് അദ്ദേഹത്തെ ഞാന്‍ മനസ്സിലാക്കുന്നത്. നബി (സ്വ) ഇതെല്ലാം കേട്ട് മൌനമവലംബിച്ചു.

നബി (സ്വ) യും അനുചരന്മാരും യുദ്ധം കഴിഞ്ഞു മടക്കയാത്രയായെന്നറിഞ്ഞതോട് കൂടി അസഹ്യമായ മനോവേദനയും പരിഭ്രമവും എന്നെ അലട്ടാന്‍ തുടങ്ങി. അവിടുത്തെ കോപത്തില്‍ നിന്നു രക്ഷനേടാനുള്ള പോംവഴി എന്താണെന്നു സ്വയം ചിന്തിക്കുന്നതിലും ബുദ്ധിയുള്ളവരോട് ആലോചന നടത്തുന്നതിലുമായി എന്റെ ശ്രമം. അവിടുന്ന് നാടുമായി വളരെയധികം സമീപിച്ചു കഴിഞ്ഞുവെന്നറിഞ്ഞപ്പോള്‍ വ്യാജതന്ത്രങ്ങളുപയോഗിക്കാനുള്ള പരിപാടി വേണ്ടെന്നുവെക്കുകയും എന്തുതന്നെ സംഭവിച്ചാലും സത്യം മാത്രം പറയാന്‍ തീരുമാനിക്കുകയും ചെയ്തു. നബി (സ്വ) യാത്രയില്‍ നിന്നു തിരിച്ചുവരികയും പതിവനുസരിച്ച് പള്ളിയില്‍ കയറി രണ്ട് റക്അത്ത് നിസ്കരിച്ചു ജനങ്ങള്‍ക്ക് അഭിമുഖമായിരിക്കുകയും ചെയ്തു.

എണ്‍പതോളം മുനാഫിഖുകള്‍ യുദ്ധത്തില്‍ പങ്കെടുക്കാത്തതിന് ക്ഷമാപണം ചെയ്യുകയും കള്ളസത്യം മുഖേന തങ്ങളുടെ നിരപരാധിത്വം ധരിപ്പിക്കുകയും ചെയ്തതിന്റെ ഫലമായി അവരുടെ ബാഹ്യനില അവിടുന്ന് സ്വീകരിക്കുകയും ആ കാര്യം അല്ലാഹുവിങ്കലേല്‍പ്പിക്കുകയും ചെയ്തു.

ഞാന്‍ അവിടുത്തെ സദസ്സില്‍ ചെന്നു സലാം ചൊല്ലിയപ്പോള്‍ കോപാകുലനായ മട്ടില്‍ മന്ദഹസിച്ചു കൊണ്ട് അവിടുന്നിങ്ങനെ ചോദിച്ചു: ‘താങ്കള്‍ എന്തുകൊണ്ട് യുദ്ധത്തില്‍ പങ്കെടുത്തില്ല.’ ഞാന്‍ ഇങ്ങനെ മറുപടി പറഞ്ഞു: “അല്ലയോ പ്രവാചകരേ, ഞാന്‍ അതിസമര്‍ഥനും വാഗ്മിയും തന്ത്രശാലിയുമാണ്. എന്നാല്‍ അതൊന്നും അവിടുത്തെ തിരുസന്നിധിയില്‍ വിലപ്പോകയില്ലെന്നു എനിക്കറിയാം. താല്‍ക്കാലികമായ രക്ഷക്കുവേണ്ടി ഞാന്‍ വ്യാജം പറയുന്നതായാല്‍ എന്റെ യഥാര്‍ഥാവസ്ഥ അല്ലാഹു അവിടുത്തേക്കറിയിച്ചുതരികയും ഇഹത്തിലും പരത്തിലും ഞാന്‍ പരാജിതനായിത്തീരുകയും ചെയ്യും. സത്യം തുറന്നുപറഞ്ഞാല്‍ ക്ഷണനേരത്തേക്ക് ചില ക്ളേശങ്ങള്‍ അനുഭവിക്കേണ്ടിവരുമെങ്കിലും ഭാസുരമായ ഒരു ഭാവി ഞാന്‍ പ്രതീക്ഷിക്കുന്നു. യുദ്ധത്തില്‍ പങ്കെടുക്കുന്നതിനെ തടസ്സപ്പെടുത്തുന്ന വിധത്തിലുള്ള ഒരു പ്രതിബന്ധവും എനിക്കുണ്ടായിരുന്നില്ല. പൂര്‍വ്വോപരി സാമ്പത്തികവും ശാരീരികവുമായ എല്ലാ കഴിവുകളുണ്ടായിട്ടും യുദ്ധത്തില്‍ പങ്കെടുക്കാതിരുന്നത് എന്റെ പക്കല്‍ നിന്നു വന്ന തെറ്റാണെന്ന് ഞാന്‍ സമ്മതിക്കുന്നു.”

ഇതുകേട്ടപ്പോള്‍ നബി (സ്വ) ഇങ്ങനെ പറഞ്ഞു: “നിങ്ങളെ സംബന്ധിച്ചു അല്ലാഹുവിന്റെ വ്യക്തമായ തീരുമാനം അറിഞ്ഞു കഴിഞ്ഞാല്‍ അതനുസരിച്ചു പ്രവര്‍ത്തിക്കാം. ഇപ്പോള്‍ നിങ്ങള്‍ സ്ഥലം വിട്ടുകൊള്ളുക.”

മറ്റു ചിലര്‍ ചെയ്തതുപോലെ കുതന്ത്രങ്ങള്‍ പ്രയോഗിച്ച് അവിടുത്തെ കോപത്തില്‍ നിന്നു രക്ഷപ്പെടാത്തതില്‍ എന്റെ കുടുംബക്കാരായ പലരും എന്നെ അധിക്ഷേപിക്കാന്‍ തുടങ്ങി. അവരുടെ പ്രേരണയുടെ ശക്തി നിമിത്തം ഞാന്‍ വീണ്ടും പോയി കളവു പറയട്ടെ എന്നു തോന്നിപ്പോയി. പിന്നെ ഞാന്‍ അവരോട് ഇങ്ങനെ ചോദിച്ചു: “എനിക്ക് വന്നുവശായതുപോലെയുള്ള ദുരവസ്ഥ മറ്റാര്‍ക്കെങ്കിലും സംഭവിച്ചിട്ടുണ്ടോ?” “ഹിലാലുബ്നു ഉമയ്യത്തിനും മുറാറ ബ്നു റബീഇനും ഇതേ അവസ്ഥ അനുഭവപ്പെട്ടിട്ടുണ്ടായിരുന്നു.” എന്നായിരുന്നു അവരുടെ മറുപടി. ബദര്‍ യുദ്ധത്തില്‍ പങ്കെടുത്ത പ്രസ്തുത രണ്ടു മഹാന്മാര്‍ അനുഭവിക്കുന്നതുപോലെയുള്ള ക്ളേശങ്ങള്‍ ഞാനും അനുഭവിക്കുന്നതില്‍ ആശ്ചര്യപ്പെടാനില്ലെന്നു കരുതി സമാധാനിച്ചു.

ഞങ്ങള്‍ മൂന്നുപേരോടും, ആരും തന്നെ സംസാരിച്ചു പോകരുതെന്നായിരുന്നു അവിടുത്തെ ആജ്ഞ. തന്നിമിത്തം ജനങ്ങള്‍ ഞങ്ങളോട് നിസ്സഹകരിക്കുകയും അപരിചിതരായ ജനങ്ങളുള്‍ക്കൊള്ളുന്ന ഒരു വിദേശത്ത് താമസിക്കുന്ന സ്ഥിതി ഞങ്ങള്‍ക്കനുഭവപ്പെടുകയും ചെയ്തു. ഈ നിസ്സഹകരണം തുടര്‍ച്ചയായി അമ്പത് ദിവസത്തോളം നീണ്ടുനില്‍ക്കുകയുണ്ടായി.

എന്റെ രണ്ട് സ്നേഹിതന്മാര്‍ അസഹ്യമായ വ്യസനത്തോടുകൂടി അശ്രുക്കള്‍ പൊഴിച്ചുകൊണ്ട് വീട്ടില്‍ ഒതുങ്ങിക്കൂടിയെങ്കിലും യുവത്വവും ശേഷിയുമുള്ള ഞാന്‍ ബജാറില്‍ക്കൂടി സഞ്ചരിക്കുകയും ജമാഅത്തിന് പള്ളിയില്‍ പോവുകയും  ചെയ്തിരുന്നു. എന്നാല്‍ ആരും തന്നെ ഒരക്ഷരം പോലും മിണ്ടുന്നില്ല. നിസ്കാരാനന്തരം നബിയുടെ അടുത്തുചെന്നു സലാം ചൊല്ലിയാല്‍ അവിടുന്ന് സലാം മടക്കിയോ എന്നു ഞാന്‍ സംശയിച്ചുപോകും.

നബി (സ്വ) യുടെ സമീപ സ്ഥലത്തുവെച്ച് ഞാന്‍ നിസ്കരിക്കുകയും അവിടുത്തെ നേരെ ഒളിഞ്ഞു നോക്കുകയും ചെയ്തു. അപ്പോള്‍ അവിടുന്ന് തിരിഞ്ഞുകളയും. എന്റെ ദൃഷ്ടി തിരിച്ചാല്‍ എന്നെ നോക്കുകയും ചെയ്യും. ഒരു ദിവസം ഒരു സ്നേഹിതനും പിതൃവ്യ പുത്രനുമായ അബു ഖതാദയുടെ അടുത്തു ചെന്നു ഞാന്‍ സലാം ചൊല്ലി. അദ്ദേഹം സലാം മടക്കുന്നില്ല. ഞാന്‍ അല്ലാഹുവിനെയും റസൂലിനെയും സ്നേഹിക്കുന്ന ആളാണെന്ന് നീ അറിയുകയില്ലെ എന്ന് അല്ലാഹുവില്‍ ആണയിട്ടു കൊണ്ട് അദ്ദേഹത്തോട് ഞാന്‍ ചോദിച്ചു. ആവര്‍ത്തിച്ചു രണ്ടുപ്രാവശ്യം ചോദിച്ചിട്ടും അദ്ദേഹം മിണ്ടുന്നില്ല.

മൂന്നാമത്തെ ചോദ്യത്തിന് ‘ആവോ, അല്ലാഹു അഅ്ലം’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇരുനേത്രങ്ങളില്‍ നിന്നും ബാഷ്പം ഒഴുക്കിക്കൊണ്ട് ഞാന്‍ തിരിച്ചുനടന്നു.

ധാന്യ വില്‍പ്പനാര്‍ഥം സിറിയയില്‍ നിന്നു മദീനയില്‍ വന്ന ഒരു കര്‍ഷകന്‍ എന്നെ സംബന്ധിച്ചു ബജാറിലുള്ള ചിലരോടന്വേഷിച്ചപ്പോള്‍ അവര്‍ എന്റെ നേരെ വിരല്‍ച്ചൂണ്ടിക്കാണിച്ചുകൊടുത്തു. ഗസ്സാന്‍ വംശജനായ ക്രിസ്തീയ രാജാവിന്റെ ഒരു കത്തുമായി അവന്‍ എന്നെ സമീപിച്ചു. കത്തു വാങ്ങി വായിച്ചുനോക്കുമ്പോള്‍ അതിന്റെ ഉള്ളടക്കം ഇങ്ങനെയായിരുന്നു:

“എന്തെന്നാല്‍ നിന്റെ നേതാവ് നബി (സ്വ) നിന്നോട് വഴക്കടിച്ചു നില്‍ക്കുകയാണെന്ന് ഞങ്ങളറിഞ്ഞു. അതില്‍ തീരേ കുണ്ഠിതപ്പെടേണ്ടതില്ല. ഇങ്ങോട്ട് വരിക. സര്‍വ്വവിധ സഹായങ്ങളും ചെയ്തുതരാന്‍ ഞങ്ങള്‍ സന്നദ്ധരാണ്.” ഈ കത്ത് അതിഭയങ്കരമായൊരു വിപത്തിന്റെ സൂചനയാണെന്ന് കരുതി അതിനെ ഞാന്‍ അഗ്നിക്കിരയാക്കി.  നാല്‍പ്പതാം ദിവസം ഭാര്യയുമായി സമീപിക്കരുതെന്നുള്ള അവിടുത്തെ നിരോധാജ്ഞയുമായി ഒരു ദൂതന്‍ എന്നെ സമീപിച്ചു. ഞാന്‍ വിവാഹമോചനം നടത്തണമോ എന്ന് അദ്ദേഹത്തോട് ചോദിച്ചു. വേണ്ടാ അവളുമായി സമീപിക്കരുതെന്ന് മാത്രമേയുള്ളൂവെന്ന് അദ്ദേഹം മറുപടി പറഞ്ഞു.

എന്റെ രണ്ട് സുഹൃത്തുക്കള്‍ക്കും ഇതേ പ്രകാരത്തിലുള്ള നിരോധാജ്ഞ അവിടുന്ന് നല്‍കിയിരുന്നു. നമ്മെ വലയം ചെയ്ത പ്രശ്നത്തിനൊരു പരിഹാരം ലഭിക്കുന്നതുവരെ നീ സ്വഗൃഹത്തില്‍ പോയി താമസിച്ചുകൊള്ളുകയെന്ന് ഞാന്‍ ഭാര്യയെ അറിയിക്കുകയും അതനുസരിച്ച് അവള്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. വൃദ്ധനും അബലനുമായ ഹിലാലിനെ ശുശ്രൂഷിക്കുന്നതില്‍ നിന്നു എന്നെ തടയരുതെന്ന് അദ്ദേഹത്തിന്റെ ഭാര്യ കേണപേക്ഷിച്ചതിന്റെ ഫലമായി ദാമ്പത്യപരമായ സുഖസന്തോഷങ്ങളനുഭവിക്കാതെ ശുശ്രൂഷ മാത്രം നടത്തുന്നതിന് ആ സ്ത്രീക്ക് അവിടുന്ന് അനുമതി നല്‍കി.

ഇങ്ങനെയുള്ള ഒരു അനുമതി ഞാനും വാങ്ങാനായി എന്റെ കുടുംബക്കാരില്‍ പലരും എന്നെ നിര്‍ബന്ധിച്ചെങ്കിലും എന്റെ ശാരീരികമായ പ്രത്യേക സാഹചര്യങ്ങളോര്‍ത്ത് ഞാനതിന് മുതിര്‍ന്നില്ല. പത്തുദിവസം എന്റെ ജീവിതം ഇതേ നിലയില്‍തന്നെ തുടര്‍ന്നു. നിസ്സഹകരണത്തിന്റെ അമ്പതാം ദിവസത്തിലെ പ്രഭാത നിസ്കാരാനന്തരം സല്‍അ് പര്‍വ്വതത്തിന്റെ കൊടുമുടിയില്‍ നിന്നു ആരോ ഉച്ചത്തില്‍ ‘കഅ്ബെ, നീ സന്തോഷിക്കുക’യെന്ന് വിളിച്ചു പറയുന്ന ശബ്ദം എന്റെ ശ്രവണപുടത്തില്‍ പതിഞ്ഞു.

സന്തോഷകരമായ ആ വാര്‍ത്ത കേട്ട മാത്രയില്‍ ഞാന്‍ സുജൂദില്‍ വീണുപോയി. ഞങ്ങളുടെ ‘തൌബ’ സ്വീകരിക്കപ്പെട്ട വാര്‍ത്ത അവിടുന്ന് അനുയായികളെ അറിയിച്ചിട്ടുണ്ടായിരുന്നു. ഞങ്ങളെ ആശീര്‍വദിക്കാനായി ജനങ്ങള്‍ തുരുതുരെ പുറപ്പെട്ടു. അതിനായി ഒരാള്‍ കുതിരപ്പുറത്തു പുറപ്പെട്ടെങ്കിലും വിളിച്ചുപറഞ്ഞ ശബ്ദമാണ് ആദ്യമായി കേട്ടത്. വിളിച്ചുപറഞ്ഞ ആള്‍ എന്റെ അടുത്തെത്തിയപ്പോള്‍ എന്റെ ശരീരത്തിലുണ്ടായിരുന്ന രണ്ടു വസ്ത്രങ്ങള്‍ ഞാന്‍ അദ്ദേഹത്തിനഴിച്ചു കൊടുക്കുകയും തല്‍ക്കാലത്തേക്ക് രണ്ടു വസ്ത്രങ്ങള്‍ വായ്പ വാങ്ങി ധരിക്കുകയും ചെയ്തു.

ഞാന്‍ ഉടനെ പള്ളിയിലേക്ക് തിരിച്ചു. നബി (സ്വ) യും അനുയായികളും അവിടെ ഇരിക്കുന്നുണ്ടായിരുന്നു. ത്വല്‍ഹതുബ്നു ഉബൈദുല്ല (റ) ദ്രുതഗതിയില്‍ വന്ന് എനിക്ക് ഹസ്തദാനം ചെയ്യുകയും ആശീര്‍വ്വാദം നല്‍കുകയും ചെയ്തു. പ്രസന്നവദനനായിക്കൊണ്ട് നബി (സ്വ) യും എന്നെ ആശീര്‍വദിച്ചു. അവിടുത്തെ സന്നിധിയില്‍ ഇരുന്നുകൊണ്ട് ഞാന്‍ ഇങ്ങനെ പറഞ്ഞു:

“എന്റെ പശ്ചാതാപം സ്വീകരിച്ചതിന്റെ നന്ദിയായി എന്റെ സര്‍വ്വധനവും അല്ലാഹുവിനും റസൂലിനും സംഭാവന നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നു.” അല്‍പ്പം സൂക്ഷിച്ചുവെച്ചു ബാക്കി ഭാഗം കൊടുക്കുന്നതാണ് ഉത്തമമെന്ന് നബി (സ്വ) അരുള്‍ ചെയ്യുകയും ഞാനത് സ്വീകരിക്കുകയും ചെയ്തു. പിന്നെ ഞാന്‍ ഇങ്ങനെ പറഞ്ഞു: “സത്യമാണ് എന്നെ രക്ഷിച്ചത്. എന്റെ ആയുഷ്കാലം മുഴുവനും സത്യമേ പറയുകയുള്ളൂവെന്ന് ഞാന്‍ ദൃഢപ്രതിജ്ഞ ചെയ്യുന്നു.”

കഅബ് (റ) ഇനിയും പറയുന്നു: “സത്യം പറഞ്ഞതുകൊണ്ട് എന്നെപ്പോലെയുള്ള നേട്ടം കൈ വന്ന മറ്റാരെയും ഞാന്‍ കണ്ടിട്ടില്ല. ഞാനിത് പറഞ്ഞതു മുതല്‍ മനഃപൂര്‍വ്വം ഒരൊറ്റകളവുപോലും പറഞ്ഞിട്ടില്ല.”

ഭാവിയിലും അല്ലാഹു എന്നെ അതില്‍ നിന്നു രക്ഷിക്കുമെന്നാണ് എന്റെ പ്രതീക്ഷ. കളവു പറഞ്ഞു തടിതപ്പിയ മുനാഫിഖുകളെ അധിക്ഷേപിച്ചും സത്യം പറഞ്ഞവരെ പുകഴ്ത്തിയും ഖുര്‍ആനിലെ ചില വചനങ്ങള്‍ അവതരിക്കുകയുണ്ടായി. ഞാനും വ്യാജം പറഞ്ഞിരുന്നുവെങ്കില്‍ കപടവിശ്വാസികളെപ്പോലെ നാശ ഗര്‍ത്തത്തിലാപതിച്ചുപോകുമായിരുന്നേനെ. ഇസ്ലാം മതാവലംബം കഴിച്ചാല്‍ നബി (സ്വ) യോട് സത്യം പറയാനുള്ള ഭാഗ്യം കൈവന്നതിനേക്കാള്‍ വമ്പിച്ചൊരനുഗ്രഹം അല്ലാഹു എനിക്ക് ചെയ്തിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നില്ല.


RELATED ARTICLE

 • എന്തിനാണ് വിദ്യ?
 • വളര്‍ച്ചാക്രമം
 • രണ്ടാം ക്ളാസിലേക്ക്…
 • ശക്തന്‍
 • പ്രവാചക ഫലിതങ്ങള്‍
 • അനുവദനീയം; പക്ഷേ…
 • പ്രവാചകന്റെ ചിരികള്‍
 • മനുഷ്യ ജീവിതം: സാധ്യതയും പ്രയോഗവും
 • ചിരിയുടെ പരിധികള്‍
 • ഫലിതത്തിന്റെ സീമകള്‍
 • കോപത്തിനു പ്രതിവിധി
 • പ്രതിഭാശാലി
 • ധര്‍മത്തിന്റെ മര്‍മം
 • വ്യഭിചാരക്കുറ്റം ആരോപിക്കല്‍
 • വിദ്വേഷം സൃഷ്ടിക്കല്‍
 • ശവം തീനികള്‍
 • സത്യസന്ധത
 • പരദൂഷണം
 • നിരപരാധരുടെ പേരില്‍ കുറ്റം ചുമത്തല്‍
 • നാവിന്റെ വിപത്തുകള്‍
 • മഹാത്മാക്കളെ അധിക്ഷേപിക്കല്‍
 • കൃത്രിമ സ്വൂഫികള്‍
 • കരാര്‍ പാലനം
 • കപട വേഷധാരികള്‍
 • കപടസന്യാസികള്‍
 • കളവുപറയല്‍
 • ഇരുമുഖ നയം
 • ഗീബത്ത് അനുവദനീയം
 • അനീതിക്കരുനില്‍ക്കല്‍
 • ആത്മ വിശുദ്ധി