Click to Download Ihyaussunna Application Form
 

 

ഐശ്വര്യവാന്‍

അല്ലാഹുവിന്റെ തിരുദൂതര്‍ (സ്വ) പ്രസ്താവിച്ചതായി അബൂഹുറൈറഃ (റ) ഉദ്ധരിക്കുന്നു: “സമ്പല്‍ സമൃദ്ധി മൂലം ഉണ്ടാകുന്നതല്ല ഐശ്വര്യം. പ്രത്യുത, മാനസികൈശ്വര്യമാണ് യഥാര്‍ഥ ഐശ്വര്യം.”(ബുഖാരി 81:15/6446, മുസ്ലിം 12:40/120/1051).

‘ആകാശഭൂമികളുടെ ആധിപത്യം അല്ലാഹുവിനു മാത്രമുള്ളതാണ്’ എന്ന് താങ്കള്‍ക്കറിയില്ലേ?’(2/107). ‘ആകാശഭൂമികളിലുള്ളതെല്ലാം  അല്ലാഹുവിന്റേതാകുന്നു’ (2/284). എന്നാല്‍ സകലവസ്തുക്കളും ശിഷ്ട സൃഷ്ടികളായ മനുഷ്യര്‍ക്കു വേണ്ടി അല്ലാഹു സംവിധാനിച്ചിരിക്കുന്നു. ‘ആകാശഭൂമികളിലുള്ള വസ്തുക്കളെ അല്ലാഹു നിങ്ങള്‍ക്കു കീഴ്പ്പെടുത്തിത്തന്നിരിക്കുന്നതും പ്രത്യക്ഷവും പരോക്ഷവുമായ അവന്റെ അനുഗ്രഹങ്ങള്‍ നിങ്ങള്‍ക്കവന്‍ സമ്പൂര്‍ണമാക്കിത്തന്നിരിക്കുന്നതും നിങ്ങള്‍ കണ്ടില്ലേ?’ (31/20).

മനുഷ്യന്റെ ജനന മരണങ്ങളും നിവാസവും ഭൂമിയിലാണ്. അതുകൊണ്ടുതന്നെ ഭൂമിയുടെ കാര്യവും ഭൌമികവസ്തുക്കളുടെ കാര്യവും ഖുര്‍ആന്‍ പ്രത്യേകം എടുത്തുപറയുന്നു. ‘ഭൂമി അല്ലാഹുവിന്റേതാകുന്നു’ (7/128). ‘അവനാണു ഭൂമിയിലുള്ള വസ്തുക്കളെല്ലാം നിങ്ങള്‍ക്കുവേണ്ടി സൃഷ്ടിച്ചവന്‍.’ (2/29). ‘നിങ്ങള്‍ക്കും നിങ്ങള്‍ ആഹാരം നല്‍കിക്കൊണ്ടിരിക്കുന്നവരല്ലാത്തവര്‍ക്കും നാം ഉപജീവനമാര്‍ഗം ഏര്‍പ്പെടുത്തിയിരിക്കുന്നു’ (15/20). ചുരുക്കത്തില്‍, സമ്പത്തെല്ലാം അല്ലാഹുവിന്റെ സമ്പത്ത്. ദാസന്മാരെല്ലാം അല്ലാഹുവിന്റെ ദാസന്മാര്‍. നാടുകളെല്ലാം അല്ലാഹുവിന്റെ നാടുകള്‍ (കിതാബുല്‍ അംവാല്‍ 229).

വെളിച്ചം, താപം, മഴ, പ്രാണവായു ആദിയായ ആകാശാനുഗ്രഹങ്ങള്‍ പൊതുവാണ്. അവ എല്ലാവര്‍ക്കും ആസ്വദിക്കാം. ആകാശാനുഗ്രഹങ്ങളില്‍ അധികവും ചിന്തക്കും പഠനത്തിനും ദര്‍ശനാസ്വാദനത്തിനുമുള്ളവയാണ്.  ഭൌമികാനുഗ്രഹങ്ങള്‍ പൊതുവെങ്കിലും മനുഷ്യ ജീവിതത്തിന് ആവശ്യമായ സകല വസ്തുക്കളിലും പരസ്പര സംഘര്‍ഷം ഇല്ലാതിരിക്കാന്‍, അവയുടെ ഉപയോഗത്തിനു ചില നിയമങ്ങളും ചട്ടങ്ങളും വ്യവസ്ഥകളും അല്ലാഹു ഏര്‍പ്പെടുത്തിയിരിക്കുന്നു. മനുഷ്യന് ആവശ്യമായ ആഹാരം, പാനീയം, വസ്ത്രം, പാര്‍പ്പിടം, ഇണ ആദിയായ ഉപഭോഗവസ്തുക്കളെല്ലാം ഈ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായി മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ.

ഭൂമിയും ഭൂവസ്തുക്കളുമെല്ലാം മനുഷ്യര്‍ക്കെല്ലാമുള്ളതാണെങ്കിലും പ്രസ്തുത വ്യവസ്ഥപ്രകാരം അവ എ ല്ലാവര്‍ക്കും തുല്യമായല്ല നല്‍കപ്പെടുന്നത്. യഥാര്‍ഥമായ ഉടമാവകാശവും കൈവശാവകാശവും അല്ലാഹുവിന്റേതെങ്കിലും ഹ്രസ്വമായ ജീവിതകാലത്ത് നിയമാനുസൃതം അവയില്‍ ഉടമാവകാശം സ്ഥാപിക്കുവാനും കൈവശം വെക്കുവാനും അല്ലാഹു മനുഷ്യര്‍ക്ക് സൌകര്യം നല്‍കുന്നു. ഈ സൌകര്യം എല്ലാവര്‍ക്കും തുല്യമായല്ല നല്‍കുന്നത്. ചിലര്‍ക്ക് വിശാലമായും മറ്റ് ചിലര്‍ക്ക് വളരെ വിശാലമായും വേറെ ചിലര്‍ക്ക് സങ്കുചിതമായും ഇനിയും ചിലര്‍ക്ക് വളരെ സങ്കുചിതമായും നല്‍കപ്പെടുന്നു. എന്നാല്‍ ഈ ഐശ്വര്യവും ദാരിദ്യ്രവും കേവലം പരീക്ഷണം മാത്രമാണ്. ഐശ്വര്യത്തില്‍ കൃതജ്ഞതയും ദാരിദ്യ്രത്തില്‍ ക്ഷമയും പാലിക്കുന്നുണ്ടോ എന്ന് യജമാനന്‍ അടിമയെ പരിശോധിക്കുകയാണ്.

ഐശ്വര്യം അംഗീകാരത്തിന്റെയോ ആദരവിന്റെയോ ലക്ഷണമല്ല. ദാരിദ്യ്രം തിരസ്കരണത്തിന്റെയോ നിന്ദ്യ തയുടെയോ അടയാളവുമല്ല. അങ്ങനെ മനസ്സിലാക്കുന്നത് അവിവേകമാണ്. സദ്വൃത്തരായ ഇഷ്ടദാസന്മാരെ പലരെയും അല്ലാഹു ജീവിതക്ളേശംകൊണ്ട് പരീക്ഷിക്കുന്നു. ദുര്‍വൃത്തരായ ദുഷ്ട ദാസന്മാരില്‍  പലര്‍ക്കും അവന്‍ ക്ഷണികമായ ഭൌതികൈശ്വര്യം നല്‍കിയതായും കാണാം.

‘അല്ലാഹു തന്റെ ദാസനെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നതിന്റെ ലക്ഷണം തെറ്റുകള്‍ വര്‍ജിക്കാനും സത്കര്‍മങ്ങള്‍ ചെയ്യാനും അവന് സഹായം നല്‍കുകയെന്നതാണ്’(ഖുര്‍തുബി 20/45, ബൈളാവി 1/120). സമ്പത്തിന്റെ ഏറ്റക്കുറച്ചില്‍ സ്നേഹകോപങ്ങളുടെയോ ആദരാനാദരുവുകളുടെയോ മാനദണ്ഢമല്ല. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ‘എന്നാല്‍ മനുഷ്യനെ അവന്റെ രക്ഷിതാവ് പരീക്ഷിക്കുകയും അങ്ങനെ അവനെ ആദരിക്കുകയും അവന് സൌഖ്യം നല്‍കുകയും ചെയ്താല്‍, എന്റെ രക്ഷിതാവ് എന്നെ ആദരിച്ചിരിക്കുന്നു എന്ന് അവന്‍ പറയും. പ്രത്യുത അവനെ, അവന്‍ പരീക്ഷിക്കുകയും ഉപജീവനം സങ്കുചിതമാക്കുകയും ചെയ്താല്‍, എന്റെ രക്ഷിതാവ് എന്നെ നിന്ദ്യനാക്കിയിരിക്കുന്നുവെന്നും അവന്‍ പറയും’ (89/15-16).

ജീവിതവിഭവങ്ങള്‍ അവശ്യം, അത്യാവശ്യം, ആവശ്യം, അനാവശ്യം എന്നിങ്ങനെ പലയിനങ്ങളുണ്ട്. ആഹാരപാനീയങ്ങള്‍, വസ്ത്രം, പാര്‍പ്പിടം, ഇണകള്‍, അനിവാര്യമായ സമ്പത്ത്, സ്ഥാനം എന്നിവ അവശ്യമോ അത്യാവശ്യമോ ആയ കാര്യങ്ങളില്‍ പെടുന്നു. ഇവതന്നെ അളവും സമയവും അനുസരിച്ച് ചിലപ്പോള്‍ അനാവശ്യമായിത്തീരും. അനിവാര്യമായ ജീവിതവിഭവങ്ങള്‍ ലഭ്യമാക്കാന്‍ സമ്പത്തും സ്ഥാനവും ആവശ്യമാണ്. സ്ഥാനം എന്നതുകൊണ്ടുദ്ദേശിക്കുന്നത് ഒരാളെക്കുറിച്ച് അപരന്റെ മനസ്സിലെ സ്ഥാനമാണ്. തൊഴിലാളി തൊഴിലുടമയെയും വിദ്യാര്‍ഥി അധ്യാപകനെയും ഭാര്യ ഭര്‍ത്താവിനെയും ഉദ്യോഗസ്ഥന്‍ മേലുദ്യോഗസ്ഥനെയും അനുസരിക്കണമെങ്കില്‍ ഒന്നാമന്റെ മനസ്സില്‍ രണ്ടാമനെക്കുറിച്ചു ഒരു മതിപ്പുണ്ടായിരിക്കണം. ജീവിതമല്ല ജീവിതലക്ഷ്യമെന്നത് കൊണ്ടുതന്നെ ജീവിതവിഭവങ്ങളും ജീവിതലക്ഷ്യമല്ല. മാത്രമല്ല, ജീവിതം വളരെ വിലപ്പെട്ടതെങ്കിലും അതിന്റെ കാലയളവ് വളരെ പരിമിതമാണ്. പരിമിതമായ കാലയളവില്‍ത്തന്നെ വളരെ പരിമിതമായ വിഭവങ്ങളേ മനുഷ്യന് ആസ്വദിക്കാന്‍ കഴിയൂ. അതുകൊണ്ടു സമ്പത്ത് മനുഷ്യജീവിതത്തിന്റെ അനിവാര്യഘടകമെങ്കിലും ജീവിതലക്ഷ്യമാക്കി അതിനെ പുണരുവാനോ അതിന്റെ പോഷണത്തിനായി ജീവിതം ഉഴിഞ്ഞുവെക്കാനോ പാടില്ല. അത് ബുദ്ധിശൂന്യതയുടെ ലക്ഷണമാണ്.

ഭൌതിക സമ്പത്തും വിഭവങ്ങളും ജീവിതമാര്‍ഗം മാത്രമാണ്. ലക്ഷ്യം ശാശ്വതമായ പാരത്രിക സൌഖ്യമാണ്. അതിനു അല്ലാഹുവിന്റെ പൊരുത്തം കൈവരിക്കണം. അതിനുള്ള ഏകമാര്‍ഗം മനസ്സില്‍ അല്ലാഹുവെ പ്രതിഷ്ഠിക്കുകയാണ്. പണവും സമ്പത്തും അവിടെ വെക്കാന്‍ പാടില്ല. അവിടെ ഉടയവന്‍ തന്നെ നിറഞ്ഞുനില്‍ക്കണം. അപ്പോള്‍ മനം പ്രകാശിതമാകും. മനം പ്രകാശിതമായാല്‍ ജീവിതവും പ്രകാശിതമാകും.

പാത്രത്തില്‍ വെള്ളം നിറച്ചാല്‍ വായു ഒഴിഞ്ഞു പോകുന്നു. വെള്ളം പുറത്തേക്കൊഴിച്ചാല്‍ ഉടനെ അതില്‍ വായു നിറയുന്നു. രണ്ടും ഒരേ സമയം നിറയില്ല. അപ്രകാരം തന്നെയാണ് മനസ്സും. അവിടെ അല്ലാഹുവോടുള്ള സ്നേഹം നിറയുമ്പോള്‍ ദുനിയാവിനോടുള്ള സ്നേഹം പുറത്തുപോകുന്നു. ദുനിയാവിനോടുള്ള സ്നേഹം പ്രവേശിച്ചാല്‍ അല്ലാഹുവോടുള്ള സ്നേഹം പുറത്തുപോകുന്നു. അപ്പോള്‍ ഭൌതികജീവിതത്തോടുള്ള താല്‍പ്പര്യം കൂടുന്നു. അതോടെ പരലോകജീവിതത്തിന്റെ വിശാലതയും അനന്തതയും വിസ്മരിക്കുന്നു. ഭൌതികസമ്പത്തും സൌകര്യവും വര്‍ധിപ്പിക്കാനുള്ള ത്വര കൂടുന്നു. സകലചിന്തയും യത്നവും സമയവും അതിനായി ഉപയോഗിക്കുന്നു. മോഹങ്ങള്‍ക്കുമേല്‍ മോഹങ്ങള്‍ അലയടിക്കാന്‍ തുടങ്ങുന്നു. സമ്പത്തും സൌകര്യവും സ്ഥാനവും കൂടുന്തോറും മതിവരാതെ അതിന്റെ മണ്ഡലം വികസിപ്പിക്കാനുള്ള തീവ്രയത്നം അവന്റെ ഊണു മുടക്കുകയും ഉറക്കം കെടുത്തുകയും ചെയ്യുന്നു. അവയുടെ ബാഹുല്യം പ്രശ്നങ്ങളുടെ ബാഹുല്യം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. സ്ഥാവരജംഗമ സ്വത്തുക്കളുടെയും വ്യാപാര വ്യവസായ സ്ഥാപനങ്ങളുടെയും നീറുന്ന പ്രശ്നങ്ങളുടെ നീര്‍ച്ചുഴിയില്‍ അവന്റെ മനസ്സ് വട്ടം കറങ്ങുന്നു. അ സൂയാലുക്കളും ശത്രുക്കളും കൂടുന്നു. മിത്രങ്ങള്‍ ചൂഷണക്കാരാണെന്ന് അവന്‍ സംശയിക്കുന്നു. ചുരുക്കത്തില്‍ പുറത്തു ഐശ്വര്യം, അകത്ത് ദാരിദ്യ്രം.

എന്നാല്‍ ചില വ്യക്തികളെ നാം കാണുന്നു. അവര്‍ സ്വതന്ത്രരാണ്, സംതൃപ്തരാണ്. ശാന്തരാണ്. സമ്പത്തിന്റെ ഏറ്റക്കുറച്ചിലോ സ്ഥാനത്തിന്റെ ഉയര്‍ച്ച താഴ്ചകളോ സ്വാധീനത്തിന്റെ ഏറ്റക്കുറച്ചിലോ അവരില്‍ യാതൊരു മാറ്റവും സൃഷ്ടിക്കുന്നില്ല. വളരെ ഹ്രസ്വമാണ് ഭൌതികജീവിതമെന്നും ഈ ഹ്രസ്വജീവിതമാണ്  ശാശ്വതജീവിതത്തിന്റെ  ഭാഗധേയം നിര്‍ണയിക്കുന്നതെന്നും അവര്‍ കണ്ടു. പരലോകത്തിന്റെ വിശാലതയും പ്രാധാന്യവും ഇഹലോകത്തിന്റെ സങ്കുചിതത്വവും അപ്രാധാന്യവും അവര്‍ മനസ്സിലാക്കി. മനസ്സില്‍ നിന്ന് ദുനിയാവിനെ അവര്‍ പിടിച്ചിറക്കി. അവിടെ അല്ലാഹുവെ ഇരുത്തി. അല്ലാഹു നല്‍കുന്നതൊക്കെ, ആരു വിലക്കിയാലും തങ്ങള്‍ക്കു ലഭിക്കുമെന്നും അവന്‍ നല്‍കാന്‍ ഉദ്ദേശിക്കാത്തത്, സകലരും ശ്രമിച്ചാലും ലഭിക്കാന്‍ പോകുന്നില്ലെന്നും അവര്‍ക്ക് ബോധ്യമായി. ലഭിക്കുന്ന സൌകര്യങ്ങള്‍ തന്നെ ഏതു നിമിഷത്തിലും കൈയൊഴിച്ചു പിന്‍തലമുറക്കു വിട്ടുകൊണ്ട് സ്ഥലം വിടേണ്ടിവരുമെന്ന ചിന്ത, അവയെ സ്നേഹിക്കുന്ന വിഡ്ഢിത്തത്തില്‍ നിന്ന് അവരെ രക്ഷിച്ചു. എല്ലാറ്റിന്റെയും ഉടമസ്ഥനായ യജമാനന്‍ തങ്ങളുടെ ആവശ്യങ്ങള്‍ അറിഞ്ഞു നിറവേറ്റാന്‍ യോഗ്യനായ സര്‍വ്വജ്ഞനും സകല ശക്തനുമാണെന്ന ഉറച്ചവിശ്വാസം മനസ്സംതൃപ്തിയിലും ആത്മനിര്‍വൃതിയിലും ആറാടുന്നതിന് അവരെ സഹായിച്ചു. അവരുടെ കൂട്ടത്തില്‍ ദാവൂദ് നബി (അ), സുലൈമാന്‍ നബി (അ), ഉമറുല്‍ ഫാറൂഖ് (റ), ഉമറുബ്നു അബ്ദില്‍ അസീസ് (റ) തുടങ്ങിയ മഹാരാജാക്കന്മാരുണ്ട്. അയ്യൂബ് നബി (അ), അബൂദര്‍റ് (റ), ഇമാം ശാഫിഈ (റ) തുടങ്ങിയ പരമ ദരിദ്രരുമുണ്ട്. പുറത്തെ സമൃദ്ധി ഒന്നാം വിഭാഗത്തിന്റെ മനസ്സില്‍ ദാരിദ്യ്രം സൃഷ്ടിച്ചില്ല. പുറത്തെ ദാരിദ്യ്രം രണ്ടാം വിഭാഗത്തിന്റെ അകത്തെ ഐശ്വര്യത്തിനു ഭംഗം സൃഷ്ടിക്കുകയും ചെയ്തില്ല.

ശാന്തിയുടെ സാമ്രാജ്യത്തിലെ മഹാരാജാക്കന്മാരാണിവര്‍. തഖ്വയാണ് അവരുടെ ചെങ്കോല്‍. യജമാനസ്നേഹമാണ് അവരുടെ കിരീടം. ഐഹികവിരക്തിയാണ് അവരുടെ സിംഹാസനം. ജീവിതലാളിത്യമാണ് അവരുടെ കൊട്ടാരം. അവരാണ് സമ്പന്നര്‍. അവരാണ് ധന്യര്‍. അവരാണ് ഐശ്വര്യവാന്മാര്‍. അപ്പോള്‍ മനസ്സിന്റെ ഐശ്വര്യമാണ് ഐശ്വര്യം. ധനത്തിന്റെ സമൃദ്ധിയല്ല. ധനം ദുര വര്‍ധിപ്പിക്കുകയേയുള്ളൂ. ദുര ദാരിദ്യ്രവും തിടുക്കവും വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഒന്നു കിട്ടുമ്പോള്‍ പത്തും പത്തു കിട്ടുമ്പോള്‍ നൂറും നൂറു കിട്ടുമ്പോള്‍ ആയിരവും പതിനായിരവും ലക്ഷവും കോടിയും കിട്ടണമെന്നാണ് ആഗ്രഹം. കോടീശ്വരന്മാരും തിടുക്കത്തിലാണ്. മതിവരാതെ അത്യാര്‍ഥിയോടെ രാപകല്‍ ഇടതടവില്ലാതെ കോടികളുടെ എണ്ണം കൂട്ടാന്‍ ശ്രമിക്കുന്നു. ഈ കോടികളാകട്ടെ അവനു സംതൃപ്തിയോ ശാന്തിയോ നോടി കൊടുക്കുന്നുമില്ല. പ്രവാചകരുടെ പ്രസ്താവന എത്രമേല്‍ അന്വര്‍ഥം?! ‘സമ്പത്തിന്റെ സമൃദ്ധികൊണ്ടുണ്ടാകുന്നതല്ല ഐശ്വര്യം. പ്രത്യുത മനസ്സിന്റെ ഐശ്വര്യമാണ്. ഐശ്വര്യം.’

പ്രസ്തുത ഹദീസിന്റെ വ്യാഖ്യാനത്തില്‍ ഇമാം നവവി (റ) പറയുന്നു: സ്തുത്യര്‍ഹമായ ഐശ്വര്യം മാനസിക ഐശ്വര്യമാണ്. അതായത് മനസ്സിലെ സമൃദ്ധിയും മോഹക്കുറവും. കാരണം, കൂടുതല്‍ അന്വേഷിക്കുന്നവന്‍ തന്റെ കൈയിലുള്ളതില്‍ മതിവരാത്തവനാണ്. അപ്പോള്‍ അവന് ഐശ്വര്യമില്ലതന്നെ. ഇതാണ് ഹദീസിന്റെ സാരം’ (ശര്‍ഹു മുസ്ലിം 4/152).

അബൂഹുറയ്റഃ (റ) ഉദ്ധരിക്കുന്ന പ്രസ്തുത ഹദീസിന്റെ ആശയം കുറച്ചുകൂടി വിശദമായി അബൂദര്‍റ് (റ) എന്ന ശിഷ്യനുമായി നബി (സ്വ) നടത്തിയ അഭിമുഖത്തില്‍നിന്നു മനസ്സിലാക്കാം. -ഓ അബൂദര്‍റ്, ധനസമൃദ്ധി ഐശ്വര്യമായി താങ്കള്‍ കാണുന്നുണ്ടോ? അതേ-ധനക്കുറവ് ദാരിദ്യ്രമായും? അതേ പ്രവാചകരേ. -ഐശ്വര്യം മനസ്സിന്റെ ഐശ്വര്യം മാത്രമാണ്. ദാരിദ്യ്രം മനസ്സിന്റെ ദാരിദ്യ്രവും (ഇബ്നു ഹിബ്ബാന്‍).

യഥാര്‍ഥ ഐശ്വര്യം ധനസമൃദ്ധിയല്ല. കാരണം അല്ലാഹു ധനസമൃദ്ധി നല്‍കിയ പലരും ലഭിച്ചതില്‍ സംതൃപ്തരാകാതെ അത് വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നു. തദ്ഫലമായി അത്യാഗ്രഹം മൂലം അവന്‍ നിര്‍ധന സമാനനാകുന്നു. ഇമാം ഖുര്‍ത്വുബി (റ) പറയുന്നു: ഉള്ളതില്‍ ഐശ്വര്യം പൂണ്ടു സംതൃപ്തമായാല്‍ അത് വ്യാമോഹമുക്തമാകുന്നു, അങ്ങനെ ഔന്നത്യം പൂണ്ട ആ മനസ്സ് വ്യാമോഹത്താല്‍ ദരിദ്രമനസ്കനായ സമ്പന്നനേക്കാള്‍ വിശുദ്ധിയും പ്രതാപവും പ്രശംസയും നേടുന്നു. കാരണം ദുരാശ സമ്പന്നനെ നീചകാര്യങ്ങളിലും ദുഷ് ചെയ്തികളിലും വീഴ്ത്തുന്നു. താണലക്ഷ്യവും പിശുക്കുമാണ് അതിനു കാരണം. അവനെ ആക്ഷേപിക്കുന്നവരും അവഗണിക്കുന്നവരും കൂടുതലായിരിക്കും. അങ്ങനെ അവന്‍ നിന്ദ്യരില്‍ നിന്ദ്യനും നീചരില്‍ നീചനുമായിത്തീരുന്നു. ചുരുക്കത്തില്‍ മാനസിക ഐശ്വര്യമുള്ളവന്‍, അല്ലാഹു പ്രദാനം ചെയ്തതില്‍, സംതൃപ്തനായിരിക്കും. അനാവശ്യമായി അവന്‍ ധനസമൃദ്ധി ആഗ്രഹിക്കില്ല. വാശിപിടിച്ച അന്വേഷണവും അവനില്‍ നിന്ന് ഉണ്ടാവില്ല. അപ്പോള്‍ അവന്‍ സദാസമ്പന്നനെ പോലെയിരിക്കും. മാനസിക ദാരിദ്യ്രമുള്ളവര്‍ ഇതിനുനേരെ വിപരീതമാണ്. ലഭിച്ചതില്‍ സംതൃപ്തനല്ലാത്തതുകൊണ്ട് സാധ്യമായ ഏതു മാര്‍ഗത്തിലൂടെയും സമ്പത്ത് വര്‍ധിപ്പിക്കാന്‍ അവന്‍ സദാ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ലക്ഷ്യം പിഴക്കുമ്പോള്‍ അവന്‍ ദുഃഖിതനായിത്തീരുകയും ചെയ്യുന്നു. അപ്പോള്‍ അവന്‍ നിര്‍ധനനെപ്പോലെയായിത്തീരുന്നു (ഫത്ഹുല്‍ ബാരി 11/272).


RELATED ARTICLE

  • മുഹര്‍റം
  • ലേഖനങ്ങള്‍
  • പ്രതിദിന ദിക്റുകള്‍
  • എല്ലാദിവസവും ചൊല്ലേണ്ട ദുആ
  • ആത്മീയ ചികിത്സ
  • രോഗ സന്ദര്‍ശനം
  • നബി(സ്വ) യുടെ ആഹാര ക്രമം
  • മരുന്നും മറുമരുന്നും
  • കൃത്രിമാവയവങ്ങള്‍
  • ഡയാലിസിസ്
  • വിവാഹം നേരത്തെയായാല്‍
  • വ്യഭിചാരത്തിന് അംഗീകാരം!
  • സന്തുഷ്ട കുടുംബത്തിന്റെ അസന്തുഷ്ട കഥ
  • കുടുംബ ഭദ്രത
  • കുടുംബ ബന്ധങ്ങള്‍
  • സ്നേഹന്ധവും പരിഗണനയും
  • സമൂഹം: ക്രമവും വ്യവസ്ഥയും
  • തൊട്ടതിനൊക്കെ സത്യം വയ്യ
  • സദ്യയും വിരുന്നും
  • സഭാ മര്യാദകള്‍
  • ഐശ്വര്യവാന്‍
  • ദരിദ്രന്‍
  • നല്ല പെരുമാറ്റം
  • കാരുണ്യം
  • അഭിവാദനം, പ്രത്യഭിവാദനം
  • അനീതിയുടെ ഇരുട്ട്
  • ഭരണരംഗം
  • വിശ്വാസിയും അയല്‍വാസിയും
  • വിശ്വാസവും സ്നേഹവും
  • ആതിഥ്യ ധര്‍മം
  • അനീതിയുടെ ഇരുട്ട്
  • സ്നേഹബന്ധവും പരിഗണനയും
  • ആള്‍ ദൈവങ്ങള്‍
  • ഇസ്‌ലാമും പരിസരശുചിത്വവും
  • ഇസ്‌ലാമും യുദ്ധങ്ങളും
  • ഇസ്‌ലാം സമ്പൂര്‍ണ്ണ മതം